മരണമോ വിവാഹമോചനമോ മൂലം ഭര്‍ത്താവുമായി പിരിയേണ്ടി വരുമ്പോള്‍ പുനര്‍വിവാഹം നടത്താതെ ഒരു സ്ത്രീ ചില നിബന്ധനകള്‍ പാലിച്ച് കാത്തിരിക്കേണ്ട നിശ്ചിത കാലമാണ് عِدة (ഇദ്ദ) അഥവാ ദീക്ഷാകാലം എന്ന് പറയുന്നത്. ഇദ്ദ ആചരിക്കുന്നത് വാജിബ് (നി൪ബന്ധം) ആണെന്നാണ് പണ്ഢിതന്‍മാരില്‍ ഭൂരിപക്ഷാഭിപ്രായം.
ഇദ്ദയുടെ ലക്ഷ്യങ്ങള്‍ പലതാണ്. തന്റെ സ്നേഹനിധിയായ ഇണ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന മനുഷ്യസഹചമായ ദുഃഖം ഏറ്റവും മാന്യമായി ആചരിക്കാനുള്ള അവസരം ഒരുക്കുകയാണ് ഇദ്ദയിലൂടെ. അവളുടെ ഭർത്താവിന്റെ വിയോഗത്തിലുള്ള ദുഃഖം കുറയുവാനും മാനസികമായി സാധാരണനില കൈവരിക്കുവാനുമുള്ള ഒരു സമയമാണ്. ജീവിത കാലത്തുതന്നെ ഭർത്താവുമായി വേർപിരിഞ്ഞാലും നിശ്ചിത കാലയളവ് കഴിയാതെ മറ്റൊരു പുരുഷനുമായി വിവാഹ ബന്ധം പാടില്ല എന്ന സ്ത്രീയോടുള്ള കൽപ്പനയിൽ വലിയ യുക്തിയുണ്ട്. പിറക്കുന്ന കുഞ്ഞിന്റെ പിതൃത്വം സ്ഥിരീകരിക്കുക, വിവാഹ മോചനത്തിന്റെ ദുഖത്തിൽ നിന്ന് അവൾക്ക് മോചനം നൽകുക, മറ്റൊരു ഭർത്താവിനെ സ്വീകരിക്കുവാനുള്ള മാനസിക പക്വത ഉണ്ടാക്കിയെടുക്കുക, ഭാര്യാ ഭർത്താക്കൻമാർക്ക് വീണ്ടും ഒരുമിച്ച് ജീവിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുക തുടങ്ങിയവയെല്ലാം ഇദ്ദയുടെ ലക്ഷ്യങ്ങളാണ്.
തന്നെ സൃഷ്ടിച്ചവനായ അല്ലാഹു എന്ത് കൽപിച്ചുവോ അത് ചോദ്യം ചെയ്യാതെ അനുസരിക്കുക എന്നത് ഒരു മുസ്‌ലിമിന്റെ നിർബന്ധ ബാധ്യതയാണ്. ‘മുസ്‌ലിം’ എന്ന പദത്തിന്റെ അർഥംതന്നെ അല്ലാഹുവിന് സർവസ്വവും സമർപ്പിച്ചവർ, കീഴ്‌പെട്ടവൻ എന്നൊക്കെയാണ്. സ്വന്തം കേവല യുക്തിക്ക് ഉൾക്കൊണ്ടാലും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ദൈവിക കൽപനകൾ അതേപടി അനുസരിച്ചേ തീരൂ.
ഭ൪ത്താവിന്റെ മരണം മൂലമോ വിവാഹമോചനം മൂലമോ ഭ൪തൃവേ൪പാട് അനഭവിക്കുന്ന സ്ത്രീകള്‍ ഇദ്ദയുടെ കാര്യത്തില്‍ രണ്ട് തരക്കാ൪ ആയിരിക്കും.
1.ഒരിക്കലും ഇദ്ദ ആചരിക്കേണ്ടാത്തവ൪
2.നി൪ബന്ധമായും ഇദ്ദ ആചരിക്കേണ്ടവ൪
ഭാര്യാ ഭ൪തൃ വീടുകൂടല്‍ നടക്കാത്ത സ്ത്രീ വിവാഹമോചിതയായാല്‍ അവള്‍ ഇദ്ദ ആചരിക്കേണ്ടതില്ല.
يا أَيُّهَا الَّذينَ آمَنوا إِذا نَكَحتُمُ المُؤمِناتِ ثُمَّ طَلَّقتُموهُنَّ مِن قَبلِ أَن تَمَسّوهُنَّ فَما لَكُم عَلَيهِنَّ مِن عِدَّةٍ تَعتَدّونَها ۖ
സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട് നിങ്ങളവരെ സ്പര്‍ശിക്കുന്നതിന് മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണികണക്കാക്കുന്ന ഇദ്ദ ആചരിക്കേണ്ട ബാധ്യത അവര്‍ക്ക് നിങ്ങളോടില്ല……(ഖു൪ആന്‍ : 33/49)
ഇവരല്ലാത്ത മറ്റ് മുഴുവന്‍ സ്ത്രീകളും ഇദ്ദ ആചരിക്കേണ്ടവരാണ്. എന്നാല്‍ അവരില്‍ ഓരോരുത്തരുടേയും ഇദ്ദ അവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യാസമുള്ളതായിരിക്കും. അത് ഓരോന്നും പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.
ഭ൪ത്താവ് മരണപ്പെട്ട കാരണത്താല്‍ ഇദ്ദ ആചരിക്കുന്നവ൪
ഭ൪ത്താവ് മരണപ്പെട്ട സ്ത്രീകളുടെ ഇദ്ദ മൂന്ന് രൂപത്തില്‍ ആയിരിക്കും.
1.ഗ൪ഭിണിയായവള്‍
ഭര്‍ത്താവ് മരണപ്പെടുമ്പോള്‍ ഒരു സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുന്നത് വരെയാണ് അവളുടെ ഇദ്ദ കാലയളവ്. ഭര്‍ത്താവ് മരണപ്പെട്ട അടുത്ത സമയത്ത് തന്നെ അവള്‍ പ്രസവിച്ചാലും അവളുടെ ഇദ്ദ പ്രസവത്തോടെ അവസാനിക്കുന്നതാണ്.
ۚ ﻭَﺃُﻭ۟ﻟَٰﺖُ ٱﻷَْﺣْﻤَﺎﻝِ ﺃَﺟَﻠُﻬُﻦَّ ﺃَﻥ ﻳَﻀَﻌْﻦَ ﺣَﻤْﻠَﻬُﻦَّ ۚ
…..ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി(ഇദ്ദ) അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. …….(ഖു൪ആന്‍ : 65/4)
أَنَّ سُبَيْعَةَ بِنْتَ الْحَارِثِ أَخْبَرَتْهُ أَنَّهَا كَانَتْ تَحْتَ سَعْدِ ابْنِ خَوْلَةَ، وَهْوَ مِنْ بَنِي عَامِرِ بْنِ لُؤَىٍّ، وَكَانَ مِمَّنْ شَهِدَ بَدْرًا، فَتُوُفِّيَ عَنْهَا فِي حَجَّةِ الْوَدَاعِ وَهْىَ حَامِلٌ، فَلَمْ تَنْشَبْ أَنْ وَضَعَتْ حَمْلَهَا بَعْدَ وَفَاتِهِ، فَلَمَّا تَعَلَّتْ مِنْ نِفَاسِهَا تَجَمَّلَتْ لِلْخُطَّابِ، فَدَخَلَ عَلَيْهَا أَبُو السَّنَابِلِ بْنُ بَعْكَكٍ ـ رَجُلٌ مِنْ بَنِي عَبْدِ الدَّارِ ـ فَقَالَ لَهَا مَا لِي أَرَاكِ تَجَمَّلْتِ لِلْخُطَّابِ تُرَجِّينَ النِّكَاحَ فَإِنَّكِ وَاللَّهِ مَا أَنْتِ بِنَاكِحٍ حَتَّى تَمُرَّ عَلَيْكِ أَرْبَعَةُ أَشْهُرٍ وَعَشْرٌ. قَالَتْ سُبَيْعَةُ فَلَمَّا قَالَ لِي ذَلِكَ جَمَعْتُ عَلَىَّ ثِيَابِي حِينَ أَمْسَيْتُ، وَأَتَيْتُ رَسُولَ اللَّهِ صلى الله عليه وسلم فَسَأَلْتُهُ عَنْ ذَلِكَ، فَأَفْتَانِي بِأَنِّي قَدْ حَلَلْتُ حِينَ وَضَعْتُ حَمْلِي، وَأَمَرَنِي بِالتَّزَوُّجِ إِنْ بَدَا لِي.
സുബൈഅ ബിന്‍ത് അല്‍ഹാരിഥിന്റെ (റ) ഭ൪ത്താവായിരുന്നു സഅദ് ഇബ്നു ഖൗല(റ). ബദ്൪ യുദ്ധത്തില്‍ പങ്കെടുത്ത അദ്ദേഹം ഹജ്ജത്തുല്‍ വദാഇല്‍ മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഗ൪ഭിണി ആയിരുന്നു. സഅദ്(റ) മരണപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവ൪ പ്രസവിച്ചു. അങ്ങനെ അവ൪ ശുദ്ധിയായപ്പോള്‍ പുനര്‍ വിവാഹത്തിന് തയ്യാറായി. നാലു മാസവും പത്ത് ദിവസവും ഇദ്ദ അനുഷ്ഠിക്കാത്ത കാരണത്താല്‍ ബനുദ്ദാര്‍ ഗോത്രത്തില്‍പെട്ട ബഅകകിന്റെ മകന്‍ അബൂസനാബില്‍ സുബൈഅ(റ)യെ കുറ്റപ്പെടുത്തി സംസാരിച്ചു. തദവസരിത്തില്‍ സുബൈഅ(റ) നബി(സ്വ) യുടെ അടുക്കല്‍ ചെല്ലുകയും പ്രസ്തുത വിഷയത്തിലുള്ള മതവിധി തേടുകയും ചെയ്തു. അപ്പോള്‍ നബി(സ്വ) അവ൪ക്ക് ഇപ്രകാരം മറുപടി കൊടുത്തതായി അവ൪ പറഞ്ഞു: ‘നിശ്ചയം ഞാന്‍ പ്രസവിച്ചതോടെ എന്റെ ഇദ്ദ അവസാനിച്ചു. എന്നോട് നബി(സ്വ) വിവാഹം ചെയ്യാന്‍ കല്‍പിക്കുകയും ചെയ്തു.’ (ബുഖാരി:3991)
2.ശാരീരിക ബന്ധത്തില്‍ ഏ൪പ്പെട്ടില്ലാത്തവള്‍
വിവാഹ ശേഷം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് തന്നെ ഭര്‍ത്താവ് മരണപ്പെട്ടവര്‍ നാലുമാസവും പത്ത് ദിവസവുമാണ് ഇദ്ദ അനുഷ്ഠിക്കേണ്ടത്.
عَنِ ابْنِ مَسْعُودٍ، أَنَّهُ سُئِلَ عَنْ رَجُلٍ، تَزَوَّجَ امْرَأَةً وَلَمْ يَفْرِضْ لَهَا صَدَاقًا وَلَمْ يَدْخُلْ بِهَا حَتَّى مَاتَ . فَقَالَ ابْنُ مَسْعُودٍ لَهَا مِثْلُ صَدَاقِ نِسَائِهَا لاَ وَكْسَ وَلاَ شَطَطَ وَعَلَيْهَا الْعِدَّةُ وَلَهَا الْمِيرَاثُ . فَقَامَ مَعْقِلُ بْنُ سِنَانٍ الأَشْجَعِيُّ فَقَالَ قَضَى رَسُولُ اللَّهِ صلى الله عليه وسلم فِي بِرْوَعَ بِنْتِ وَاشِقٍ امْرَأَةٍ مِنَّا مِثْلَ الَّذِي قَضَيْتَ . فَفَرِحَ بِهَا ابْنُ مَسْعُودٍ
ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും അവള്‍ക്ക് മഹ൪ നിശ്ചയിക്കുകയോ അവളുമായി ബന്ധപ്പെടുകയോ ചെയ്യുന്നതിന് മുമ്പായി മരണമടയുകയും ചെയ്ത ഒരാളെ കുറിച്ച് അബ്ദുല്ലാഹ് ഇബ്നു മസ്ഊദിനോട്(റ) ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അവള്‍ക്ക് അവളെപോലുള്ള സ്ത്രീകള്‍ക്കുള്ള മഹ്൪ ഉണ്ട്. കൂടുതലോ കുറവോ ഇല്ല. അവള്‍ക്ക് ഇദ്ദയും അനന്തരാവകാശവും ഉണ്ട്. അപ്പോള്‍ മക്അല്‍ ഇബ്നു സിനാന്‍ അല്‍അശ്ജഇ (റ) എഴുന്നേറ്റുകൊണ്ട് പറഞ്ഞു: ഞങ്ങളുടെ കൂട്ടത്തിലുള്ള ബി൪വഉ ബിന്‍ത് വാശിഖ് എന്ന സ്ത്രീക്ക് , താങ്കള്‍ വിധിച്ചതുപോലെ നബി(സ്വ) വിധിച്ചിരുന്നു.അപ്പോള്‍ ഇബ്നു മസ്ഊദ്(റ)സന്തോഷിച്ചു. (തി൪മിദി)
3.ശാരീരിക ബന്ധത്തില്‍ ഏ൪പ്പെട്ടിട്ടുള്ളവ൪
ഭ൪ത്താവുമായി ശാരീരിക ബന്ധത്തില്‍ ഏ൪പ്പെട്ടിട്ടുള്ള സ്ത്രീകള്‍ നാലുമാസവും പത്ത് ദിവസവുമാണ് ഇദ്ദ അനുഷ്ഠിക്കേണ്ടത്.
ﻭَٱﻟَّﺬِﻳﻦَ ﻳُﺘَﻮَﻓَّﻮْﻥَ ﻣِﻨﻜُﻢْ ﻭَﻳَﺬَﺭُﻭﻥَ ﺃَﺯْﻭَٰﺟًﺎ ﻳَﺘَﺮَﺑَّﺼْﻦَ ﺑِﺄَﻧﻔُﺴِﻬِﻦَّ ﺃَﺭْﺑَﻌَﺔَ ﺃَﺷْﻬُﺮٍ ﻭَﻋَﺸْﺮًا ۖ ﻓَﺈِﺫَا ﺑَﻠَﻐْﻦَ ﺃَﺟَﻠَﻬُﻦَّ ﻓَﻼَ ﺟُﻨَﺎﺡَ ﻋَﻠَﻴْﻜُﻢْ ﻓِﻴﻤَﺎ ﻓَﻌَﻠْﻦَ ﻓِﻰٓ ﺃَﻧﻔُﺴِﻬِﻦَّ ﺑِﭑﻟْﻤَﻌْﺮُﻭﻑِ ۗ ﻭَٱﻟﻠَّﻪُ ﺑِﻤَﺎ ﺗَﻌْﻤَﻠُﻮﻥَ ﺧَﺒِﻴﺮٌ
നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട് മരണപ്പെടുകയാണെങ്കില്‍ അവര്‍ (ഭാര്യമാര്‍) തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്. എന്നിട്ട് അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തിലവര്‍ മര്യാദയനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്. (ഖുര്‍ആന്‍: 2/234).
عَنْ أُمِّ حَبِيبَةَ زَوْجِ النَّبِيِّ صلى الله عليه وسلم قَالَتْ قَالَ النَّبِيُّ صلى الله عليه وسلم : لاَ يَحِلُّ لاِمْرَأَةٍ تُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ تُحِدُّ عَلَى مَيِّتٍ فَوْقَ ثَلاَثٍ، إِلاَّ عَلَى زَوْجٍ أَرْبَعَةَ أَشْهُرٍ وَعَشْرًا
പ്രവാചകപത്നി ഉമ്മുഹബീബ(റ) പറയുന്നു: നബി(സ്വ) പറയുന്നതായി ഞാൻ കേട്ടു: ‘അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്ന ഒരു സ്‌ത്രീക്കും ഒരു മയ്യിത്തിന്റെ പേരിൽ മൂന്നു ദിവസത്തിൽ കൂടുതൽ ദു:ഖിച്ചിരിക്കൽ പാടുള്ളതല്ല, ഭർത്താവ് മരിച്ചാൽ ഒഴികെ. അപ്പോൾ (ഭർത്താവിന് വേണ്ടി) നാലു മാസവും പത്ത് ദിവസവും ദു:ഖമാചരിക്കണം’. (ബുഖാരി: 1281)
എന്തെങ്കിലും പിണക്കത്തിന്റെ പേരില്‍ ഭ൪ത്താവുമായി പിണങ്ങി മാറിനില്‍ക്കുന്ന സ്ത്രീകള്‍, ഭ൪ത്താവ് മരിക്കുന്ന അവസരത്തില്‍ വിവാഹ മോചനം നടന്നിട്ടില്ലെങ്കില്‍ അവരും നാല് മാസവും പത്ത് ദിവസവും ഇദ്ദ അനുഷ്ഠിക്കേണ്ടാണ്.
ഭർത്താവ് മരിച്ച സമയം മുതൽ തന്നെ ഇദ്ദയുടെ സമയം ആരംഭിക്കും. മറമാടിയതിന് ശേഷമാണ് ഇദ്ദയിരിക്കേണ്ടത് എന്ന് ചില സ്ത്രീകൾ മനസ്സിലാക്കിയിട്ടുണ്ട്. അത് തെറ്റാണ്.
വിവാഹമോചനത്തെ തുട൪ന്ന് ഇദ്ദ ആചരിക്കുന്നവ൪
വിവാഹമോചനത്തെ തുട൪ന്ന് ഇദ്ദ ആചരിക്കുന്ന വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകളുടെ ഇദ്ദയും വ്യത്യസ്ത രൂപത്തില്‍ ആയിരിക്കും.
1.ഗ൪ഭിണിയായവള്‍
വിവാഹമോചിത ഗ൪ഭിണിയാണെങ്കില്‍ അവള്‍ പ്രസവിക്കുന്നതുവരെയാണ് അവളുടെ ഇദ്ദ. പ്രസവം ഉടനെതന്നെ സംഭവിച്ചാലും , കുറേ മാസങ്ങള്‍ക്ക് ശേഷമായിരുന്നാലും , ഗ൪ഭിണിയുടെ ഇദ്ദ അതോടെ അവസാനിക്കും.
ۚ ﻭَﺃُﻭ۟ﻟَٰﺖُ ٱﻷَْﺣْﻤَﺎﻝِ ﺃَﺟَﻠُﻬُﻦَّ ﺃَﻥ ﻳَﻀَﻌْﻦَ ﺣَﻤْﻠَﻬُﻦَّ ۚ
…..ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി(ഇദ്ദ) അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. …….(ഖു൪ആന്‍ : 65/4)
2.ശാരീരിക ബന്ധത്തില്‍ ഏ൪പ്പെട്ടിട്ടുള്ളവ൪ (ആര്‍ത്തവമുണ്ടാകാറുള്ളവ൪)
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീ ശാരീരിക ബന്ധത്തില്‍ ഏ൪പ്പെട്ടിട്ടുള്ളവരും ആര്‍ത്തവം നിലക്കാത്തവരുമാണെങ്കില്‍ മൂന്ന് ശുദ്ധികാലഘട്ടം ഇദ്ദ ആചരിക്കേണ്ടതുണ്ട്.
…….ﻭَٱﻟْﻤُﻄَﻠَّﻘَٰﺖُ ﻳَﺘَﺮَﺑَّﺼْﻦَ ﺑِﺄَﻧﻔُﺴِﻬِﻦَّ ﺛَﻠَٰﺜَﺔَ ﻗُﺮُﻭٓءٍ ۚ
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍ മൂന്ന് മാസമുറകള്‍ (കഴിയും വരെ) കാത്തിരിക്കേണ്ടതാണ്……..(ഖു൪ആന്‍ :2/228)
ത്വലാഖ് ചെയ്യപ്പെട്ട സ്ത്രീകള്‍ മൂന്ന് ‘ക്വുറൂഉ’ കാലം (മൂന്ന് മാസമുറകള്‍) കാത്തിരിക്കണമെന്നാണ് അല്ലാഹു അറിയിച്ചിട്ടുള്ളത്. വിവാഹമോചനം നടക്കുമ്പോഴുള്ള ശുദ്ധിയും, ഒന്നാമത്തേയും രണ്ടാമത്തേയും ആര്‍ത്തവത്തിന് ശേഷം ഉണ്ടാകുന്ന ശുദ്ധികളും കൂടി ആകെ മൂന്ന് ക്വുറൂഉകള്‍. മൂന്നാമത്തെ ആര്‍ത്തവം തുടങ്ങുന്നതോടെ അവളുടെ ഇദ്ദ അവസാനിക്കുന്നു.
3. ശാരീരിക ബന്ധത്തില്‍ ഏ൪പ്പെട്ടിട്ടുള്ളവ൪ (ആ൪ത്തവം നിലക്കുകയും ആ൪ത്തവം ഇല്ലാത്തവരുമായവ൪)
വാ൪ദ്ധക്യം കാരണത്താല്‍ ആ൪ത്തവം നിലക്കുകയും പ്രായപൂ൪ത്തിയാകാത്തതിനാല്‍ ആ൪ത്തവം ഇല്ലാതിരിക്കുകയും ആയവരുടെ ഇദ്ദ മൂന്ന് മാസമാണ്. മൂന്ന് മാസം കൊണ്ടുള്ള ഉദ്ദേശ്യം മൂന്ന് ചന്ദ്രമാസമാണ്.
ﻭَٱﻟَّٰٓـِٔﻰ ﻳَﺌِﺴْﻦَ ﻣِﻦَ ٱﻟْﻤَﺤِﻴﺾِ ﻣِﻦ ﻧِّﺴَﺎٓﺋِﻜُﻢْ ﺇِﻥِ ٱﺭْﺗَﺒْﺘُﻢْ ﻓَﻌِﺪَّﺗُﻬُﻦَّ ﺛَﻠَٰﺜَﺔُ ﺃَﺷْﻬُﺮٍ ﻭَٱﻟَّٰٓـِٔﻰ ﻟَﻢْ ﻳَﺤِﻀْﻦَ ۚ ﻭَﺃُﻭ۟ﻟَٰﺖُ ٱﻷَْﺣْﻤَﺎﻝِ ﺃَﺟَﻠُﻬُﻦَّ ﺃَﻥ ﻳَﻀَﻌْﻦَ ﺣَﻤْﻠَﻬُﻦَّ ۚ ﻭَﻣَﻦ ﻳَﺘَّﻖِ ٱﻟﻠَّﻪَ ﻳَﺠْﻌَﻞ ﻟَّﻪُۥ ﻣِﻦْ ﺃَﻣْﺮِﻩِۦ ﻳُﺴْﺮًا
നിങ്ങളുടെ സ്ത്രീകളില്‍ നിന്നും ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദയുടെ കാര്യത്തില്‍ സംശയത്തിലാണെങ്കില്‍ അത് മൂന്ന് മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും (ഇദ്ദ) അങ്ങനെ തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി(ഇദ്ദ) അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. വല്ലവനും അല്ലാഹുവിനെ സൂക്ഷിക്കുന്ന പക്ഷം അവന് അവന്റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്.(ഖു൪ആന്‍ : 65/4)
ഒന്നാമത്തെയോ രണ്ടാമത്തെയോ ത്വലാഖിനെ തുട൪ന്ന് ഇദ്ദ ആചരിച്ചു കൊണ്ടിരിക്കെ അവളുടെ ഭ൪ത്താവ് മരണപ്പെട്ടാല്‍ അവള്‍ അന്നുമുതല്‍ ഭ൪ത്താവ് മരിച്ച സ്ത്രീയുടെ ഇദ്ദ ആചരിക്കണം.
{لا تَدْرِي لَعَلَّ اللَّهَ يُحْدِثُ بَعْدَ ذَلِكَ أَمْرًا} أَيْ: شَرَعَ اللَّهُ الْعِدَّةَ، وَحَدَّدَ الطَّلَاقَ بِهَا، لِحِكْمَةٍ عَظِيمَةٍ: فَمِنْهَا: أَنَّهُ لَعَلَّ اللَّهَ يُحْدِثُ فِي قَلْبِ الْمُطَلِّقِ الرَّحْمَةَ وَالْمَوَدَّةَ، فَيُرَاجِعُ مَنْ طَلَّقَهَا، وَيَسْتَأْنِفُ عِشْرَتَهَا، فَيَتَمَكَّنُ مِنْ ذَلِكَ مُدَّةَ الْعِدَّةِ، أَوْ لَعَلَّهُ يُطْلِّقُهَا لِسَبَبٍ مِنْهَا، فَيَزُولُ ذَلِكَ السَّبَبُ فِي مُدَّةِ الْعِدَّةِ، فَيُرَاجِعُهَا لِانْتِفَاءِ سَبَبِ الطَّلَاقِ. وَمِنَ الْحِكَمِ: أَنَّهَا مُدَّةُ التَّرَبُّصِ، يُعْلَمُ بَرَاءَةُ رَحِمِهَا مَنْ زَوْجِهَا.
{അതിന് ശേഷം അല്ലാഹു പുതുതായി വല്ല കാര്യവും കൊണ്ട് വന്നേക്കുമോ എന്ന നിനക്കറിയില്ല} അതായത് :അല്ലാഹു ഇദ്ദ നിശ്ചയിച്ചു, വിവാഹമോചനത്തില്‍ അതൊരു പരിധിയാക്കുകയും ചെയ്തു. അതില്‍ മഹത്തായ യുക്തിയുണ്ട്. അതിലൊന്ന് : വിവാഹമോചിതന്റെ മനസ്സില്‍ ഒരുപക്ഷേ, കാരുണ്യവും സ്‌നേഹവും ഉണ്ടായേക്കാം. അങ്ങനെ അവന്‍ അവളെ മടക്കിയെടുക്കുകയും സഹവാസം നല്ല നിലയില്‍ പുനരാരംഭിക്കുകയും ചെയ്‌തേക്കാം. അതിന് സൗകര്യപ്പെടുന്ന ഒരു കാലാവധിയാണ് ഈ സമയം. വിവാഹമോചനത്തിന് ചില കാരണങ്ങളുണ്ടായേക്കാം. ഈ സമയത്ത് ആ കാരണങ്ങള്‍ ഇല്ലാതെയാവുകയും അവളെ മടക്കിയെടുക്കുകയും ചെയ്‌തേക്കാം. മറ്റൊന്ന് ഈ കാത്തിരിപ്പിന്റെ സമയത്ത് തന്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ അവളുടെ കുഞ്ഞില്ല എന്ന് ഉറപ്പുവരുത്താനും കഴിയും. (തഫ്സീറുസ്സഅ്ദി – സൂറ:ത്വലാഖ്)
4.ഖുല്‍അ് ചെയ്യപ്പെട്ടവ൪
ഒരു സ്ത്രീ ന്യായമായ കാരണങ്ങളാല്‍ തന്റെ ഭ൪ത്താവിനെ വെറുക്കുകയും അയാളോടൊപ്പം ജീവിക്കാന്‍ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ അവള്‍ക്ക് അവനില്‍നിന്ന് മോചനം സിദ്ധിക്കണമെന്ന് തോന്നുന്നപക്ഷം, സ്ത്രീക്ക് അയാളോട് വിവാഹമോചനത്തിന് ആവശ്യപ്പെടാവുന്നതാണ്. ഇപ്രകാരം സ്ത്രീയുടെ ഭാഗത്തുനിന്നാണ് വേര്‍പിരിയാനുള്ള തീരുമാനമെങ്കില്‍ അതിന്റെ സാങ്കേതിക നാമം خلع (ഖുല്‍അ്) എന്നാണ്.
ഖുല്‍ഉ ചെയ്യുപ്പെട്ട സ്ത്രീയും ഇദ്ദ ഇരിക്കേണ്ടതുണ്ട്. ഖുല്‍ഉ ചെയ്യുപ്പെട്ട സ്ത്രീ ഭ൪ത്താവിന്റെ വീട്ടിലല്ല അവളുടെ വീട്ടിലാണ് ഇദ്ദ ഇരിക്കേണ്ടത്. അവരുടെ ഇദ്ദാകാലത്തെകുറിച്ച് പണ്ഢിതന്‍മാ൪ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഖുല്‍ഇനെ ത്വലാഖായിട്ടാണോ ഫസ്ഖായിട്ടാണോ പരിഗണിക്കപ്പടുക എന്നതില്‍ പണ്ഢിതന്‍മാ൪ക്കിടയില്‍ വീക്ഷണ വ്യത്യാസമുള്ളതിനാലാണ് ഖുല്‍ഉ ചെയ്യുപ്പെട്ട സ്ത്രീകളുടെ ഇദ്ദാകാലത്തെകുറിച്ചും അഭിപ്രായ വ്യത്യാസമുള്ളത്. ഖുല്‍ഇനെ ത്വലാഖായിട്ട് പരിഗണിക്കുന്നവരുടെ അഭിപ്രായ പ്രകാരം അവ൪ മൂന്ന് ക്വുറൂഉ ഇദ്ദയിലിരിക്കണം.എന്നാല്‍ ഖുല്‍ഇനെ ഫസ്ഖായിട്ട് പരിഗണിക്കുന്നവരുടെ അഭിപ്രായ പ്രകാരം അവ൪ ഒരു ക്വുറൂഉ വരെയാണ് ഇദ്ദയിലിരിക്കേണ്ടത്. ഏറ്റവും ശരിയായ അഭിപ്രായമായി തോന്നുന്നത് ഖുല്‍ഉ ഫസ്ഖായി പരിഗണിച്ച് അവ൪ ഒരു ക്വുറൂഉ ഇദ്ദയിലിരിക്കണമെന്നാണ്. അല്ലാഹുവാണ് എല്ലാം അറിയുന്നവന്‍.
عَنِ ابْنِ عَبَّاسٍ، أَنَّ امْرَأَةَ، ثَابِتِ بْنِ قَيْسٍ اخْتَلَعَتْ مِنْهُ فَجَعَلَ النَّبِيُّ صلى الله عليه وسلم عِدَّتَهَا حَيْضَةً .
ഇബ്നു അബ്ബാസിൽ(റ) നിന്ന് നിവേദനം: സാബിത്തിബ്നു ഖൈസിന്റെ (റ) ഭാര്യ അദ്ദേഹത്തില്‍ നിന്ന് ഖുല്‍ഉ പ്രകാരം വിവാഹമോചിതയായി. അപ്പോള്‍ നബി(സ്വ) അവരുടെ ഇദ്ദ ഒരു ആ൪ത്തവ സമയമാക്കി. (അബൂദാവൂദ്:2229)
عن ابن عمر أن الربيع اختلعت من زوجها فأتى عمها عثمان فقال: تعتد بحيضة، وكان ابن عمر يقول: تعتد ثلاث حيض حتى قال هذا عثمان فكان يفتي به ويقول: خيرنا وأعلمنا.
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നിശ്ചയം റുബയ്യിഉ ബിന്‍ത് മുഅവ്വിദ് (റ) അവരുടെ ഭ൪ത്താവില്‍ നിന്നും ഖുല്‍ഇലൂടെ വിവാഹമോചനം തേടി. അങ്ങനെ പിതൃസഹോദരനായ ഉസ്മാന്‍ ഇബ്നു അഫ്ഫാന്റെ(റ) അടുക്കല്‍ വന്നു. അപ്പോള്‍ ഒരു ആ൪ത്തവകാലം ഇദ്ദയിലിരിക്കുവാന്‍ അദ്ദേഹം അവരോട് പറഞ്ഞു.ഉസ്മാന്‍ (റ) അത് പറയുന്നതുവരെ മൂന്ന് ആ൪ത്തവ സമയം വരെ അവ൪ ഇദ്ദയിലിരിക്കണമെന്നാണ് ഇബ്നു ഉമ൪(റ) പറഞ്ഞിരുന്നത്.അപ്പോള്‍ അദ്ദേഹം അപ്രകാരം മതവിധി കൊടുക്കുകയും. ഉസ്മാന്‍ (റ) ഞങ്ങളിലെ ഉത്തമനും ഞങ്ങളിലെ ഏറ്റവും വിവരമുള്ളവനാണെന്ന് പറയുകയും ചെയ്തു. (മുസ്വന്നഫ് ഇബ്നു അബീ ശൈബ)
എവിടെയാണ് ഇദ്ദ ഇരിക്കേണ്ടത്
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീ അവളുടെ ഭ൪ത്താവിന്റെ വീട്ടിലാണ് ഇദ്ദ അനുഷിഠിക്കേണ്ടതാണ്.
……ﺃَﺳْﻜِﻨُﻮﻫُﻦَّ ﻣِﻦْ ﺣَﻴْﺚُ ﺳَﻜَﻨﺘُﻢ ﻣِّﻦ ﻭُﺟْﺪِﻛُﻢْ
നിങ്ങളുടെ കഴിവില്‍ പെട്ട, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിങ്ങള്‍ അവരെ താമസിപ്പിക്കണം……….(ഖു൪ആന്‍ : 65/6)
ഭ൪ത്താവ് മരിച്ച സ്ത്രീകളും ഇദ്ദ അനുഷ്ഠിഷ്ഠിക്കേണ്ടത് അവരുടെ ഭര്‍തൃഗൃഹങ്ങളില്‍ തന്നെയാണ്.
അബൂ സഈദുല്‍ ഖുദ്’രിയ്യ്(റ) വിന്റെ സഹോദരി ഫുറൈഅ ബിന്‍ത് മാലികിന്റെ(റ) ഭര്‍ത്താവ് നബിയുടെ(സ്വ) കാലത്ത് കൊല്ലപ്പെടുകയുണ്ടായി. തന്റെ സഹോദരന്മാരുടെ വീട്ടില്‍ ഇദ്ദ അനുഷ്ഠിക്കാനുള്ള അനുവാദം നബിയോട്(സ്വ) മഹതി ചോദിച്ചു. ആദ്യം നബി(സ്വ) അനുവാദം നല്‍കി. മഹതി തിരിച്ചുപോകുമ്പോള്‍ നബി(സ്വ) അവരെ വിളിക്കുകയും ഇദ്ദയുടെ കാലം അവസാനിക്കുന്നതുവരെ തന്റെ (ഭര്‍ത്താവിന്റെ) വീട്ടില്‍ തന്നെ താമസിക്കുവാന്‍ ആവശ്യപ്പെട്ടു. അതുപ്രകാരം നാലുമാസവും പത്ത് ദിവസവും മഹതി അവരുടെ ഭര്‍ത്താവിന്റ വീട്ടില്‍ തന്നെ ഇദ്ദയനുഷ്ഠിക്കുകയുണ്ടായി.(അബൂദാവൂദ്, തി൪മിദി)
മതപരവും ശാരീരികവുമായ നിര്‍ഭയത്വം നഷ്ടപ്പെടുന്നതുവരെ ഭര്‍തൃഗൃഹം ഉപേക്ഷിച്ച് മറ്റു ഭവനങ്ങളില്‍ ഇദ്ദ അനുഷ്ഠിക്കുന്നത് ഇസ്‌ലാമികമായി തെറ്റാകുന്നു.
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീയുടെ ഇദ്ദ ത്വലാഖ് ചൊല്ലപ്പെട്ട സമയം മുതലും വിധവയുടെ ഇദ്ദ ഭര്‍ത്താവിന്റെ മരണം സംഭവിക്കുന്ന സമയം മുതലും ആരംഭിക്കുന്നു.
50 വയസ്സുള്ള, വൃദ്ധയായ ഒരു സ്ത്രീയുടെ ഭർത്താവ് മരിച്ചു. ഇനിയൊരു പുനർവിവാഹം ആഗ്രഹിക്കുന്നില്ലെങ്കിൽ, അവർ ഇദ്ദയിരിക്കേണ്ടതുണ്ടോ?
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിള്വഹുല്ലാഹ്) പറയുന്നു: ഭർത്താവ് മരിച്ചവൾ ഇദ്ദയിരിക്കുക എന്നത് നിരുപാധികം നിർബന്ധമാണ്. അതിന് പ്രായം കൂടിയവർ എന്നോ കുറഞ്ഞവരെന്നോ, ആർത്തവമുള്ളവർ എന്നോ ആർത്തവം നിലച്ചവരെന്നോ ഉള്ള വ്യത്യാസമില്ല. കാരണം, “നിങ്ങളില്‍ നിന്ന് യാതൊരുകൂട്ടര്‍ മരിക്കുകയും, ഭാര്യമാരെ വിട്ടേച്ചു പോകുകയും ചെയ്യുന്നുവോ, (അവരുടെ ശേഷം) അവര്‍ [ആ ഭാര്യമാര്‍] അവരുടെ ദേഹങ്ങളുമായി നാലു മാസവും പത്ത് ദിവസവും കാത്തിരിക്കണം” എന്നാണ് അല്ലാഹു പറഞ്ഞത്. (ഖുര്‍ആൻ:2/34). ഭർത്താവ് മരിച്ചവരെല്ലാം ഇദ്ദയിരിക്കണമെന്നാണ് ഈ ആയത്തിൽ അല്ലാഹു പറഞ്ഞിരിക്കുന്നത്. അതിൽനിന്ന് പ്രായം കൂടിയവരെയോ പ്രായം കുറഞ്ഞവരെയോ മധ്യവയസ്കരെയോ ഒന്നും അല്ലാഹു ഒഴിവാക്കിയിട്ടില്ല. (https://youtu.be/QkbXrjlh8go)
ഇദ്ദയില്‍ ശ്രദ്ധരിക്കേണ്ട കാര്യങ്ങള്‍
1.വീട്ടില്‍നിന്ന് ആവശ്യമില്ലാതെ പുറത്തിറങ്ങാതിരിക്കുക.
….. ﻻَ ﺗُﺨْﺮِﺟُﻮﻫُﻦَّ ﻣِﻦۢ ﺑُﻴُﻮﺗِﻬِﻦَّ ﻭَﻻَ ﻳَﺨْﺮُﺟْﻦَ ﺇِﻻَّٓ ﺃَﻥ ﻳَﺄْﺗِﻴﻦَ ﺑِﻔَٰﺤِﺸَﺔٍ ﻣُّﺒَﻴِّﻨَﺔٍ ۚ …….
….അവരുടെ വീടുകളില്‍ നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ (സ്വയം) പുറത്തു പോകുകയും ചെയ്യരുത്. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ(അവരെ നിങ്ങള്‍ പുറത്താക്കരുത്)…….(ഖു൪ആന്‍:65/1)
ഇദ്ദാകാലയളവില്‍ അവള്‍ വീട്ടില്‍നിന്ന് അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തുപോകരുത്. രോഗസന്ദര്‍ശനം, മരണവീട് സന്ദര്‍ശനം, കല്യാണ ചടങ്ങുകള്‍ എന്നിവവക്കൊന്നും പുറത്തുപോകാന്‍ പാടില്ല. ആരാധനാകര്‍മങ്ങള്‍ നില്‍വ്വഹിക്കുവാനായി ഇദ്ദാകാലയളവില്‍ പള്ളികളിലേക്കും മറ്റും പോകലും അനുചിതമാണ്. പ്രസ്തുത കാലയളവില്‍ ഹജ്ജ്, ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കാനായി പുറപ്പെടലും നിഷിദ്ധമാണ്.
എന്നാല്‍, ചികിത്സപോലുള്ള അത്യാവശ്യ ഘട്ടങ്ങളില്‍ വീട്ടില്‍ നിന്നും പുറത്ത് പോകുന്നത് വിലക്കപ്പെട്ട കാര്യമല്ല. തനിക്ക് ഏറ്റവും വെണ്ടപ്പെട്ട ഒരാള്‍ മരിച്ചാല്‍ കാണുന്നതിനായി പുറത്തുപോകാവുന്നതാണ്. ചുരുക്കത്തില്‍ ഇദ്ദാകാലയളവില്‍ അവള്‍ വീട്ടില്‍തന്നെ കഴിച്ചുകൂട്ടണെമെന്നും വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്ത് പോകാവുന്നതാണെന്നും സാരം. പുറത്ത് പോകുന്ന അവസരത്തില്‍ താന്‍ ഇദ്ദ ഇരിക്കുന്ന ആളാണെന്ന ചിന്ത ഉണ്ടായിരിക്കേണ്ടതും അത്യാവശ്യകാര്യം വേഗം നി൪വ്വഹിച്ച് എത്രയും വേഗം തിരികെ എത്തേണ്ടതുമാണ്.
അതേപോലെ ഇദ്ദ ഇരിക്കുന്ന സ്ത്രീ അടച്ചിട്ട മുറിയില്‍ ഇരിക്കണമെന്നോ ആരുമായും സംസാരിക്കരുതെന്നോ ഒരു കാര്യത്തിനും പുറത്തിറങ്ങരുതെന്നോ എന്നൊന്നും ഇല്ല. അവള്‍ക്ക് മുറ്റത്തിറങ്ങുന്നതിനും അടുക്കളയിലെ ജോലികള്‍ നി൪വ്വഹിക്കുന്നതിനും തടസ്സമൊന്നുമില്ല.
2. അലങ്കാര വസ്ത്രങ്ങള്‍ ധരിക്കരുത്.
3. ആഭരണങ്ങള്‍ ധരിക്കരുത്
4.അണിഞ്ഞൊരുങ്ങരുത്
5. സുഗന്ധം പൂശരുത്
6.സുറുമ ഇടരുത്.
ഉമ്മുസലമയില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: ‘ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ (ഇദ്ദയുടെ കാലയളവില്‍) മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള (ഭംഗിയുള്ള) വസ്ത്രങ്ങള്‍ അണിയുകയോ ആഭരണങ്ങള്‍ ധരിക്കുകയോ മൈലാഞ്ചി ഉപയോഗിക്കുകയോ സുറുമ ഉപയോഗിക്കുകയോ (കണ്ണെഴുതുക) ചെയ്യരുത്.’ (അബൂദാവൂദ്).
قَالَتْ زَيْنَبُ وَسَمِعْتُ أُمَّ سَلَمَةَ، تَقُولُ جَاءَتِ امْرَأَةٌ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَتْ يَا رَسُولَ اللَّهِ إِنَّ ابْنَتِي تُوُفِّيَ عَنْهَا زَوْجُهَا وَقَدِ اشْتَكَتْ عَيْنَهَا أَفَتَكْحُلُهَا فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” لاَ ”. مَرَّتَيْنِ أَوْ ثَلاَثًا كُلَّ ذَلِكَ يَقُولُ لاَ، ثُمَّ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” إِنَّمَا هِيَ أَرْبَعَةُ أَشْهُرٍ وَعَشْرٌ، وَقَدْ كَانَتْ إِحْدَاكُنَّ فِي الْجَاهِلِيَّةِ تَرْمِي بِالْبَعَرَةِ عَلَى رَأْسِ الْحَوْلِ ”.
ഉമ്മുസലമയില്‍(റ) നിന്നും നിവേദനം: ‘ഒരു സ്ത്രീ നബിയുടെ(സ്വ) അടുത്തേക്ക് വന്നു. എന്നിട്ട് അവ൪ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എന്റെ മകളുടെ ഭര്‍ത്താവ് മണപ്പെട്ടിരിക്കുന്നു. അവള്‍ക്കാണെങ്കില്‍ കണ്ണിന് രോഗം ബാധിച്ചിരിക്കുന്നു. അതിനാല്‍ അവള്‍ക്ക് സുറുമയിട്ടുകൂടേ? അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘ഇല്ല’ സ്ത്രീ രണ്ടോ മൂന്നോ പ്രാവശ്യം ചോദിച്ചപ്പോഴും അതു തന്നെയായിരുന്നു മറുപടി. തുടര്‍ന്ന് പ്രവാചകന്‍ പറഞ്ഞു: അതു നാലു മാസവും പത്തു ദിവസവുമാണ്. ജാഹിലിയ്യാ കാലത്ത് നിങ്ങള്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടിവന്നിരുന്നില്ലേ.’ (ബുഖാരി: 5336)
ഇദ്ദ ഇരിക്കുന്ന സ്ത്രീ വെളുത്ത വസ്ത്രം തന്നെ ധരിക്കണമെന്നൊന്നുമില്ല. അലങ്കാര വസ്ത്രങ്ങള്‍ വസ്ത്രമാകരുതെന്നേയുള്ളൂ. അതേപോലെ അണിഞ്ഞൊരുങ്ങരുതെന്നു പറയുമ്പോള്‍ കുളിക്കരുതെന്നോ വൃത്തിയോടെ നടക്കരുതെന്നോ അ൪ത്ഥമില്ല.
ഇദ്ദയിലിരിക്കുന്ന സ്ത്രീ ഇദ്ദാ കാലയളവിൽ വെള്ള വസ്ത്രം മാത്രം ധരിക്കുന്ന പതിവ് ഞങ്ങൾക്കിടയിലുണ്ടെന്നും അതിന് വല്ല അടിസ്ഥാനവുമുണ്ടോ, അങ്ങനെ ധരിക്കുന്നതിൽ വല്ല തെറ്റുമുണ്ടോയെന്നുമുള്ള ചോദ്യത്തിന് ശൈഖ് ഇബ്നുബാസ് (റഹി) പറഞ്ഞ മറുപടി കാണുക:
هذه العادة باطلة، ولا يجوز التمسك بها، الرسول ﷺ قال: لا تلبس ثوبًا مصبوغًا إلا ثوب عصب، وإلا ثوب ليس فيه جمال، تلبس الأسود والأخضر والأحمر والأبيض الذي ليس فيه تشبه بالرجال إذا كان ليس فيه زينة ولا تشبه بالرجال. أما تخصيص الأبيض أو الأسود؛ هذا لا دليل عليه بل يكون بدعة التخصيص، ولكن يجوز لها أن تلبس كل ثوب ليس بجميل، ليس صبغه جميلًا من أخضر وأسود وأحمر وأبيض وغير ذلك، أما الجميل فلا يجوز لها لبسه؛ لأنه قد يحصل به فتنة، كما أنها لا تختضب بالحناء، ولا تلبس الحلي، ولا تمس الطيب مدة الإحداد أربعة أشهر وعشر إن كانت غير حامل، أما إن كانت حاملة فمدتها وضع الحمل؛ لقوله ﷺ: لا تلبس ثوبًا مصبوغًا إلا ثوب عصب، ولا تكتحل ولا تمس طيبًا عليه الصلاة والسلام ونهى عن لبس الحلي أيضًا. نعم.
അത് നിലനിർത്തേണ്ട ഒരാചാരമല്ല; മറിച്ച് ഒഴിവാക്കേണ്ടതാണ്. ഇദ്ദയിലിരിക്കുന്ന ഒരു സ്ത്രീക്ക് അലങ്കാരമില്ലാത്തതും പുരുഷന്മാരോട് സാദൃശ്യമില്ലാത്തതുമായ ഏത് വസ്ത്രവും ധരിക്കാവുന്നതാണ്. അത് കറുപ്പോ ചുവപ്പോ പച്ചയോ വെള്ളയോ ഒക്കെയാവാം. എന്നാൽ, ഇദ്ദയിലിരിക്കുന്നവൾ വെള്ളയോ കറുപ്പോ പ്രത്യേകമായി ധരിക്കുന്നതിന് തെളിവൊന്നുമില്ല. മാത്രമല്ല, അവക്ക് പ്രത്യേകത നൽകിയാൽ, ആ പ്രത്യേകത നൽകൽ ബിദ്അത്താകും. അതിനാൽ, അലങ്കാരമില്ലാത്ത ഏത് വസ്ത്രവും ഇദ്ദയിലിരിക്കുന്നവൾക്ക് ധരിക്കാം. അത് ഏത് നിറവുമാകാം. അലങ്കാരവും ഭംഗിയുമുള്ള വസ്ത്രങ്ങൾ അവൾക്ക് അനുവദനീയമല്ല. അതുപോലെത്തന്നെ, ഇദ്ദാകാലഘട്ടമായ 4 മാസത്തിലും 10 ദിവസത്തിലും അവൾ മൈലാഞ്ചിയോ ആഭരണങ്ങളോ സുഗന്ധമോ ഉപയോഗിക്കരുത്. ഇനി ഗർഭിണിയാണെങ്കിൽ, അവളുടെ ഇദ്ദ അവൾ പ്രസവിക്കുന്നത് വരെയാണ്. ഇദ്ദയിലിരിക്കുന്നവൾ അലങ്കാരത്തിന്റെ വസ്ത്രങ്ങൾ ധരിക്കരുതെന്നും സുറുമയിടരുതെന്നും സുഗന്ധം പുരട്ടരുതെന്നും നബിﷺ പറഞ്ഞിട്ടുണ്ട്. അവൾ ആഭരണം ധരിക്കുന്നതും അവിടുന്ന് വിരോധിച്ചിട്ടുണ്ട്.
6. വിവാഹം കഴിക്കരുത്
7.വിവാഹാലോചന നടത്തരുത്
ഇദ്ദ ഇരിക്കുന്ന സ്ത്രീകള്‍ ഇദ്ദാ കാലത്ത് വിവാഹം കഴിക്കുകയോ വിവാഹാലോചന നടത്തുകയോ ചെയ്യരുത്.
ﻭَﻻَ ﺟُﻨَﺎﺡَ ﻋَﻠَﻴْﻜُﻢْ ﻓِﻴﻤَﺎ ﻋَﺮَّﺿْﺘُﻢ ﺑِﻪِۦ ﻣِﻦْ ﺧِﻄْﺒَﺔِ ٱﻟﻨِّﺴَﺎٓءِ ﺃَﻭْ ﺃَﻛْﻨَﻨﺘُﻢْ ﻓِﻰٓ ﺃَﻧﻔُﺴِﻜُﻢْ ۚ ﻋَﻠِﻢَ ٱﻟﻠَّﻪُ ﺃَﻧَّﻜُﻢْ ﺳَﺘَﺬْﻛُﺮُﻭﻧَﻬُﻦَّ ﻭَﻟَٰﻜِﻦ ﻻَّ ﺗُﻮَاﻋِﺪُﻭﻫُﻦَّ ﺳِﺮًّا ﺇِﻻَّٓ ﺃَﻥ ﺗَﻘُﻮﻟُﻮا۟ ﻗَﻮْﻻً ﻣَّﻌْﺮُﻭﻓًﺎ ۚ ﻭَﻻَ ﺗَﻌْﺰِﻣُﻮا۟ ﻋُﻘْﺪَﺓَ ٱﻟﻨِّﻜَﺎﺡِ ﺣَﺘَّﻰٰ ﻳَﺒْﻠُﻎَ ٱﻟْﻜِﺘَٰﺐُ ﺃَﺟَﻠَﻪُۥ ۚ ﻭَٱﻋْﻠَﻤُﻮٓا۟ ﺃَﻥَّ ٱﻟﻠَّﻪَ ﻳَﻌْﻠَﻢُ ﻣَﺎ ﻓِﻰٓ ﺃَﻧﻔُﺴِﻜُﻢْ ﻓَﭑﺣْﺬَﺭُﻭﻩُ ۚ ﻭَٱﻋْﻠَﻤُﻮٓا۟ ﺃَﻥَّ ٱﻟﻠَّﻪَ ﻏَﻔُﻮﺭٌ ﺣَﻠِﻴﻢٌ
(ഇദ്ദഃയുടെ ഘട്ടത്തില്‍) ആ സ്ത്രീകളുമായുള്ള വിവാഹാലോചന നിങ്ങള്‍ വ്യംഗ്യമായി സൂചിപ്പിക്കുകയോ, മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. അവരെ നിങ്ങള്‍ ഓര്‍ത്തേക്കുമെന്ന് അല്ലാഹുവിന്നറിയാം. പക്ഷെ നിങ്ങള്‍ അവരോട് മര്യാദയുള്ള വല്ല വാക്കും പറയുക എന്നല്ലാതെ രഹസ്യമായി അവരോട് യാതൊരു നിശ്ചയവും ചെയ്തു പോകരുത്. നിയമപ്രകാരമുള്ള അവധി (ഇദ്ദഃ) പൂര്‍ത്തിയാകുന്നത് വരെ (വിവാഹമുക്തകളുമായി) വിവാഹബന്ധം സ്ഥാപിക്കാന്‍ നിങ്ങള്‍ തീരുമാനമെടുക്കരുത്. നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും, അവനെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാണെന്നും നിങ്ങള്‍ മനസ്സിലാക്കുക.(ഖു൪ആന്‍:2/235)
മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: كِتَابُ (നിയമം)കൊണ്ട് ഇവിടെ വിവക്ഷ ഇദ്ദഃയാകുന്നു. ഭര്‍ത്താക്കളുടെ മരണത്തെതുടര്‍ന്ന് ഇദ്ദഃയിലിരിക്കുന്ന സ്ത്രീകളുടെ നിശ്ചിതകാലം അവസാനിക്കും മുമ്പായിഅവരോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയോ, വിവാഹത്തെക്കുറിച്ച് രഹസ്യമായി വല്ലവാഗ്ദാനങ്ങളും നടത്തുകയോ, ഇദ്ദഃ കഴിഞ്ഞാല്‍ വിവാഹം കഴിക്കാമെന്ന് നിശ്ചയംചെയ്യുകയോ പാടില്ലെന്ന് അല്ലാഹു ഈ വചനം മുഖേന കല്‍പ്പിക്കുന്നു. എന്നാല്‍, സംഗതി തുറന്നു പറയാതെ, വല്ല സൂചനാവാക്കും പറയുകയോ, ഇദ്ദഃ കഴിഞ്ഞാല്‍വിവാഹം കഴിക്കാമെന്ന് മനസ്സില്‍വെച്ചു കൊണ്ടിരിക്കുകയോ ചെയ്യുന്നതിന് വിരോധമില്ലെന്നും പ്രസ്താവിക്കുന്നു. ഈ വിഷയത്തില്‍, മടക്കി എടുക്കുവാന്‍ സാദ്ധ്യമല്ലാത്തനിലക്കുള്ള വിവാഹമോചനത്തെത്തുടര്‍ന്ന് ഇദ്ദഃ ആചരിക്കുന്നവരും, ഭര്‍ത്താവിന്റെ മരണശേഷം ഇദ്ദഃയിലായിരിക്കുന്നവരും ഒരുപോലെയാകുന്നു. എന്നാല്‍ മടക്കി എടുക്കുവാന്‍ സാദ്ധ്യതയുള്ള വിവാഹമോചനത്തിന്റെ ഇദ്ദഃയിലിരിക്കുന്ന സ്ത്രീകളോട് മേല്‍പറഞ്ഞ പ്രകാരമുള്ള സൂചന പോലും പാടില്ല. കാരണം അവളെ മടക്കി എടുക്കുവാന്‍ ഭര്‍ത്താവിന് എപ്പോഴും അവകാശമുള്ളതുകൊണ്ട് ആ അവകാശത്തിന് നേരെയുള്ളഒരു കയ്യേറ്റമായിരിക്കും അത്. (അമാനി തഫ്സീ൪ : ഖു൪ആന്‍:2/235 ന്റെ വിശദീകരണം)
kanzululoom.com