ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ : ദുരാരോപണങ്ങളും മറുപടിയും

മത, ഭൗതിക നവോത്ഥാന പ്രവർത്തനങ്ങളിലും വിശ്വാസ സംസ്‌കരണത്തിന് പാതയൊരുക്കുന്നതിലും മുന്നിൽ നിന്ന പ്രമുഖ പണ്ഡിതന്മാരിൽ പ്രധാനിയാണ് ശൈഖുൽ ഇസ്‌ലാം അഹ്‌മദ് ഇബ്‌നു അബ്ദുൽ ഹലീം ഇബ്‌നു തൈമിയ്യ رحمه الله. ഹിജ്‌റ 661ൽ ജനിക്കുകയും ഹിജ്‌റ 728ൽ മരണപ്പെടുകയും ചെയ്ത അദ്ദേഹം സമൂഹത്തിൽ പടർന്നുപിടിച്ച അന്ധ വിശ്വാസങ്ങൾക്കെതിരെ പടപൊരുതിയും പിഴച്ച കക്ഷികളെ പ്രാമാണികമായി നേരിട്ടും അഹ്‌ലുസ്സുന്നഃ വൽജമാഅഃയുടെ പടവാളായി മാറി. നേർമാർഗത്തിൽനിന്നും വ്യതിചലിച്ച ഖവാരിജുകൾ, ക്വദ്‌രിയ്യാക്കൾ, ശിയാക്കൾ, സ്വൂഫികൾ, മുഅ്തസിലികൾ, അശ്അരികൾ, മാതുരീദികൾ, ജഹ്‌മികൾ, മുർജിഅകൾ പോലുള്ള കക്ഷികൾക്ക് നൽകിയ മറുപടികൾ അദ്ദേഹത്തിന്റെ അറിവിന്റെ ആഴവും പരപ്പും മനസ്സിലാക്കിത്തരുന്നതാണ്.

വിശ്വാസം, കർമശാസ്ത്രം, ഹദീസ്, തഫ്‌സീർ, മതവിരോധികൾക്കുള്ള മറുപടി തുടങ്ങിയ മേഖലകളിൽ ഇമാം നടത്തിയ പഠനങ്ങളും രചനകളും ലോകത്തെല്ലായിടത്തും വ്യാപിച്ചതിനാൽ അദ്ദേഹത്തിന് ശേഷം വന്ന പണ്ഡിതന്മാരും പഠിതാക്കളും സത്യസന്ധരായ പ്രബോധന സംഘങ്ങളും ഈ സമയം വരെയും ആ വൈജ്ഞാനിക സംഭാവനകളെ ഏറ്റവും കൂടുതലായി ആശ്രയിച്ച് വരുന്നു. പണ്ഡിതലോകം ശൈഖിന് നൽകിയ ആദരവും സ്ഥാനവും ബോധ്യമാകുന്ന ചില വാക്കുകൾ ശ്രദ്ധിക്കുക:

ഇബ്‌നു റജബ് അൽഹമ്പലി رحمه الله പറയുന്നു: പണ്ഡിതന്മാരും സജ്ജനങ്ങളും പടയാളികളും രാജകുമാരന്മാരും വ്യാപാരികളും പൊതുജനങ്ങളും ഇബ്‌നു തൈമിയ്യയെ സ്‌നേഹിച്ചു. കാരണം, തന്റെ നാവും അറിവുംകൊണ്ട് അവർക്ക് രാവും പകലും ഉപകാരപ്പെടാനാണ് അദ്ദേഹം നിലകൊണ്ടത്.’

ഇബ്‌നു ഹജറുൽ അസ്‌ക്വലാനി رحمه الله പറയുന്നു: ശൈഖ് തക്വിയുദ്ദീന്റെ ഇമാമത്തിന്റെ പ്രശസ്തി സൂര്യനെക്കാൾ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഇസ്‌ലാമിന്റെ ശൈഖ് എന്ന് വിളിച്ചത് ഇന്നും അതിന്റെ തനിമയിൽ നിലനിൽക്കുന്നു. ഇന്നലത്തെപ്പോലെ നാളെയും അത് തുടരും. അതിന്റെ മൂല്യത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടോ, വർണനകൾ ഒഴിവാക്കിയോ അല്ലാതെ ഇത് നിഷേധിക്കാനാവില്ല.

ജലാലുദ്ദീൻ സുയൂത്വി رحمه الله പറയുന്നു: ഇബ്‌നു തൈമിയ്യ; ശൈഖ്, ഇമാം, പണ്ഡിതൻ, ഹാഫിദ്വ്, നിരൂപകൻ, അഗാധജ്ഞാനി, മുജ്തഹിദ്, ഉജ്വല വ്യാഖ്യാതാവ്, ഇസ്‌ലാമിന്റെ ശൈഖ്, വിരക്തിയുടെ അടയാളം, കാലഘട്ടത്തിന്റെ അപൂർവത എന്നീ വിശേഷണങ്ങളെല്ലാം ഉള്ളവരാണ്.

ശൈഖ് മതത്തിന് ചെയ്ത സേവനങ്ങളെയും ചെറുപ്പത്തിൽ തന്നെ ഓരോ വിഷയങ്ങളിലും അദ്ദേഹം അവഗാഹം നേടിയതിനെ കുറിച്ചും വിശദമായിപ്പറഞ്ഞ ഗ്രന്ഥങ്ങൾ ധാരാളമുണ്ട്.

അഹ്‌ലുസ്സുന്നഃ വൽജമാഅഃയിൽനിന്ന് അകന്ന് ശിയാ-സ്വൂഫീ ധാരകളിൽ ആകൃഷ്ടരായവർ ഇമാമിന്റെ ആദർശ മുന്നേറ്റത്തിനും പ്രമാണളോടു ചേർന്നുനിൽക്കുന്ന നിലപാടുകൾക്കും സംസ്‌കരണ പ്രവർത്തനങ്ങൾക്കും നേരെ വിമർശനത്തിന്റെ കൂരമ്പുകൾ പ്രയോഗിച്ചിട്ടുണ്ട്. അദ്ദേഹം കാഫിറാണെന്നു വരെ മുദ്രകുത്തിയിട്ടുണ്ട്. ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് ഭരണാധികാരികൾ തണൽവിരിച്ചതിനാൽ അന്യായമായി അദ്ദേഹം ജയിലിലടക്കപ്പെട്ടു. അക്കാലത്തെ പണ്ഡിതന്മാരെ മൗനികളാക്കാൻ കാരണക്കാരായ താർത്താരികൾക്കെതിരെ പോരാട്ടം നയിച്ചും വൈജ്ഞാനിക മുന്നേറ്റം നടത്തിയും ഇമാം തന്റെ ലക്ഷ്യം കണ്ടു. യഅ്ക്വൂബ് അൽബക്‌രി, തക്വ്‌യുദ്ദീൻ സുബുകി, താജുദ്ദീൻ സുബുകി, അഹ്‌മദ് സൈനീ ദഹ്‌ലാൻ, ഇബ്‌നു ഹജർ ഹൈതമി, കുല്ലാബി, നബ്ഹാനി എന്നിവർ ശൈഖിനെ എതിർത്തവരിൽ ചിലരാണ്. അദ്ദേഹത്തിന്റെ കാലഘട്ടക്കാരും പിന്നീട് വന്ന പണ്ഡിതന്മാരും ഇമാം തന്നെയും ഇവരുടെ ആക്ഷേപങ്ങൾക്ക് കനത്ത ഭാഷയിൽ മറുപടി നൽകിയിട്ടുണ്ട്.

ശിയായിസത്തെ താലോലിക്കുന്ന, അജ്ഞത മുഖമുദ്രയായി കൊണ്ടുനടക്കുന്ന കേരളത്തിലെ ബിദ്അത്തിന്റെ കക്ഷികൾ പഴയ, ജീർണിച്ച ആരോപണങ്ങളെ ചികഞ്ഞ് പുറത്തെടുക്കുന്ന തിരക്കിലാണിപ്പോൾ. 2023 ജനുവരി ലക്കം സുന്നിവോയ്‌സിൽ ഒരു വ്യക്തി എഴുതിവിട്ട ആരോപണങ്ങളെ നമുക്കൊന്ന് പരിശോധിക്കാം:

ഹിജ്‌റ 728ൽ അന്തരിച്ച അഹ്‌മദ് ഇബ്‌നു തൈമിയ്യയാണ് യഥാർഥ തൗഹീദിനെ കളങ്കപ്പെടുത്തുന്ന ഒട്ടേറെ നൂതന ആശയങ്ങളുമായി പിന്നീടു കടന്നുവന്ന വ്യക്തി (പേജ് 9)

ഇബ്‌നു തൈമിയ്യ رحمه الله തൗഹീദിനെ കേടുവരുത്തി, പുതിയ ആശയങ്ങൾ പ്രചരിപ്പിച്ചു എന്നാണ് ആരോപണം. അദ്ദേഹത്തിന്റെ ജീവിതത്തെ സത്യസന്ധമായി വായിച്ചവർക്ക് ഇത് ഉൾക്കൊള്ളാനാവില്ല. ശിർക്കിന്റെ വ്യത്യസ്ത മുഖങ്ങളെ തകർക്കാൻ ഇമാം നടത്തിയ പ്രയത്‌നങ്ങളെ തൗഹീദിനെ നശിപ്പിക്കലായി മനസ്സിലാക്കാൻ ശിർക്കിന്റെ വക്താക്കൾക്കേ സാധിക്കുകയുള്ളൂ. ഇമാം എഴുതിയ ഗ്രന്ഥങ്ങളിലധികവും തൗഹീദിന് പ്രഥമ പരിഗണന നൽകുന്നവയാണ്. ‘അൽ ഉബൂദിയ്യ,’ ‘മജ്മൂഉൽ ഫതാവാ,’ ‘അൽഫർക്വു ബൈന ഔലിയാഇല്ലാഹി വ ഔലിയാഇശ്ശൈത്വാൻ,’ ‘അന്നുബൂവ്വാത്ത്’ എന്നിവ അവയിൽ പ്രധാനമാണ്. ‘മിൻഹാജു സ്സുന്നതുന്നബവിയ്യ’ എന്ന ഗ്രന്ഥത്തിൽ തൗഹീദിനെ സംബന്ധിച്ച് ഇമാം എഴൂതിയ ഏതാനും വരികൾ മാത്രം കാണുക: തൗഹീദിന്റെ യാഥാർഥ്യമെന്നത് നാം അല്ലാഹുവിനെ ഏകനാക്കി ആരാധിക്കലും പ്രാർഥന, ഭയം, സൂക്ഷ്മത, ഭരമേൽപിക്കൽ, കീഴ്‌പെടൽ ഇതെല്ലാം അല്ലാഹുവിനല്ലാതെ സൃഷ്ടികളിൽ ഒരാൾക്കും നൽകാതിരിക്കലും മലക്കുകളെയും പ്രവാചകന്മാരെയും നാം രക്ഷാധികാരികളായി സ്വീകരിക്കാതിരിക്കലുമാണ്. പിന്നെ എങ്ങനെയാണ് നേതാക്കളെയും പണ്ഡിതന്മാരെയും അധികാരികളെയും മറ്റുള്ളവരേയും നാം സംരക്ഷകരായി കാണുക?

എത്ര കൃത്യമായാണ് ഇതിൽ തൗഹീദിന്റെ പ്രാധാന്യം എടുത്തുപറയുന്നത്! ഇതിലെവിടെയാണ് തൗഹീദിനെ കളങ്കപ്പെടുത്തുന്ന പരാമർശമുള്ളത്? ഇതെല്ലാം നൂതനാശയമാണെങ്കിൽ പ്രമാണങ്ങൾക്കും പ്രമാണങ്ങളെ വിശദീകരിച്ച നബി ﷺ ക്കും ഉത്തമ തലമുറയിൽപെട്ടവർക്കും എന്ത് വിശേഷണമാണ് ഇക്കൂട്ടര്‍ നൽകുക?

പുതിയ പ്രസ്ഥാനങ്ങൾക്കെല്ലാം ആദ്യ നൂറ്റാണ്ടുകളിലെ പിഴച്ച കക്ഷികളുമായി ആശയസാമ്യത കാണുമെങ്കിലും ഇന്നുള്ള വികലാശയങ്ങളെ ഈ രൂപത്തിൽ പടച്ചുണ്ടാക്കിയതിനു പ്രധാന പ്രചോദനം ഇബ്‌നു തൈമിയ്യയായിരുന്നു. (പേജ് 9)

അഹ്‌ലുസ്സുന്നഃ വൽജമാഅഃയിൽനിന്ന് വ്യതിചലിച്ചവരുടെ മുഖം നോക്കാതെ, അവരുടെ വികലമായ ആശയങ്ങളുടെ അടിവേരറുത്ത ഇമാമിനെയാണിവർ പഴിക്കുന്നത്. നീതിബോധത്തോടെയും അവകാശ ധ്വംസനം നടത്താതെയും തെളിവുകൾ ചൂണ്ടിക്കാട്ടിയുമാണ് ഇമാം വഴിവിട്ട ചിന്താധാരകളെ നേരിട്ടത്. പിഴച്ച വിശ്വാസങ്ങൾക്ക് അനുകൂലമാകുന്ന ഒരു വാക്കുപോലും ഇമാം പറഞ്ഞിട്ടില്ല. ‘ഇക്വ‌്തിദാഉസ്സ്വിറാത്തിൽ മുസ്ത്വക്വീം,’ ‘മസാഇലുൽ ജാഹിലിയ്യ’ എന്നിവയും ക്വദ്‌രിയ്യാക്കൾ, ശിയാക്കൾ, മുഅ്തസിലിയാക്കൾ എന്നിവർക്ക് മറുപടിയായി എഴുതിയ ‘മിൻഹാജുസ്സുന്നതുന്നബവിയ്യ,’ ‘ദർഉ തആറുളിൽ അക്വ്‌ലി വന്നക്വ‌്ലി’ എന്നിവയും ഇവർ വായിച്ചിരുന്നെങ്കിൽ ഈ ദുരാരോപണം എഴുതിവിടില്ലായിരുന്നു. ഇവരുടെ പ്രധാന നേതാക്കളായ ഹല്ലാജും ഇബ്‌നു അറബിയും കൊണ്ടുവന്ന പിഴച്ച സ്വൂഫീചിന്തകളെ തന്റെ മജ്മൂഉൽ ഫതാവയിലൂടെ ഇമാം പ്രത്യേകം എതിർത്തത് ഇക്കൂട്ടരെ വല്ലാതെ ചൊടിപ്പിക്കുന്നതിന്റെ ഫലമാണിതെല്ലാം.

ക്വുർആനിന്റെയും സുന്നത്തിന്റെയും വ്യാഖ്യാനം ശരിയായ രൂപത്തിൽ പാരമ്പര്യമായി ലഭിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്തിരുന്ന മുസ്‌ലിംകളെ മുശ്‌രിക്കാക്കാനും തന്റെ പരിഷ്‌കാരങ്ങളും നവീനാശയങ്ങളും ജനങ്ങൾക്കു പകർന്നു കൊടുക്കാനുമായി ഇബ്‌നു തൈമിയ്യ പ്രമാണങ്ങളിൽ എമ്പാടും ദുർവ്യാഖ്യാനങ്ങൾ നടത്തി. (പേജ് 9)

നാളിതുവരെ ശിയാക്കളെ പിൻപറ്റി  പുരോഹിതന്മാർ ചെയ്തുവരുന്ന പ്രമാണ ദുർവ്യാഖ്യാനവും വ്യക്തികളെ കാഫിറാക്കലും ഒരു മഹാപണ്ഡിതന്റെ മേൽ  വെച്ച് കെട്ടുകയാണിണിവിടെ. പ്രമാണങ്ങളിലുള്ള കാര്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുകയും അടിസ്ഥാന പ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിച്ചവരെ പരസ്യമായി വിചാരണ നടത്തുകയും ചെയ്ത ശൈഖിനെ ഈ രീതിയിൽ അവതരിപ്പിക്കാൻ മതത്തോട് പ്രതിബദ്ധതയുള്ളവർക്ക് ഒരിക്കലും കഴിയില്ല.

വ്യക്തികളെ എടുത്തുപറഞ്ഞ് കാഫിറാക്കുക എന്നത് ഇബ്‌നു തൈമിയ്യرحمه الله യുടെ സ്വഭാവമോ രീതിയോ ആയിരുന്നില്ല. അദ്ദേഹം പറയുന്നു: കാഫിറാക്കുക എന്നത് മതവിധിയാണ്. അറിവിന്റെയും നബിചര്യയുടെയും ആളുകൾക്ക് എതിരായുള്ളവർ അവരെ കാഫിറാക്കിയാലും അതുപോലുള്ളതുകൊണ്ട് ഒരാളെ ശിക്ഷിക്കാൻ പാടില്ലെന്നതിനാൽ അവർ ആരെയും കാഫിറാക്കുകയില്ല. ഒരാൾ നിന്നെ കളവാക്കി, അല്ലെങ്കിൽ നിന്റെ ഭാര്യയെ വ്യഭിചരിച്ചു; അല്ലാഹു ഇത് നിഷിദ്ധമാക്കിയതിനാൽ നീ തിരിച്ച് അങ്ങനെ ചെയ്യാൻ പാടില്ല. കാഫിറാക്കുക എന്നത് അല്ലാഹുവിന്റെ അവകാശത്തിൽപെട്ടതാണ്. അല്ലാഹുവിനെയും നബി ﷺ യെയും നിഷേധിച്ചവനാരോ അവനാണ് അതിൽപെടുക. (അർറദ്ദു അലൽ ബക്‌രി).

അജ്ഞരായ ധാരാളം പേർ തെളിവും ന്യായവുമില്ലാതെ വ്യക്തികളെ കാഫിറാക്കുന്നതിന്റെ അപകടം ഇമാം തന്റെ മജ്മൂഉൽ ഫതാവയിൽ വിശദീകരിച്ചത് കാണാവുന്നതാണ്.

തൗഹീദിനെ വിഭജിച്ചുകൊണ്ടാണ് അദ്ദേഹം പ്രവർത്തനമാരംഭിക്കുന്നത്. തൗഹീദും ശിർക്കും റുബൂബിയ്യത്ത്, ഉലൂഹിയ്യത്ത് എന്നിങ്ങനെ രണ്ടു വിധമുണ്ടെന്ന് അദ്ദേഹം വാദിച്ചു. റബ്ബ് അല്ലാഹുവാണെന്നതിൽ പൂർവകാല മുശ്‌രിക്കുകളും സുന്നികളും ഒരേ വിശ്വാസക്കാരാണ്. ഇത് തൗഹീദ് റുബൂബിയ്യത്ത്. എന്നാൽ ആരാധനയുടെ വിഷയത്തിൽ അല്ലാഹുവിനോട് കൂടെ മറ്റു വസ്തുക്കളെ മക്കക്കാർ ശിർക്കുവെച്ചിരുന്നു. ഇത് ഉലൂഹിയ്യത്തിലുള്ള ശിർക്കാണ്. മരിച്ചുപോയ മഹാത്മാക്കളോട് സഹായം ചോദിക്കുന്ന പരകോടി മുസ്‌ലിംകളും ഇങ്ങനെ ഉലൂഹിയ്യത്തിൽ ശിർക്ക് വെക്കുന്നവരായതിനാൽ അവരും മുശ്‌രിക്കുകളാണെന്നാണ് ഈ വാദത്തിന്റെ സംക്ഷിപ്തം. (ഇഖ്ത്തിളാഹു സ്വിറാത്തുൽ മുസ്തഖീം, പേജ് 473). (പേജ് 9)

അല്ലാഹു രക്ഷിതാവാണ്, ആരാധ്യനാണ്, അവന് ഉത്കൃഷ്ട നാമങ്ങളും മഹത്തായ വിശേഷണങ്ങളുമുണ്ട്. ഇത് തൗഹീദിന്റെ മൂന്ന് ഇനങ്ങളാണ്. ഇത് ഇവര്‍ക്ക് പുതുമയായി തോന്നുന്നത് ഒരുപക്ഷേ, ഓരോ തലമുറയിലെയും പണ്ഡിതന്മാർ പ്രമാണങ്ങളുടെ വെളിച്ചത്തിൽ തൗഹീദിനെ ഈ രൂപത്തിൽ വിശദീകരിച്ചത് വേണ്ടത്ര വായിച്ച് പഠിക്കാത്തതുകൊണ്ടായിരിക്കാം. അല്ലെങ്കിൽ തങ്ങളുടെ പിഴച്ചവാദങ്ങളെ സംരക്ഷിക്കാനുള്ള പാഴ്ശ്രമമായിരിക്കാം. വിശുദ്ധ ക്വുർആനും നബി വചനങ്ങളും ഏറെ ഊന്നൽ നൽകിയ തൗഹീദിനെ വാക്കിൽ മാത്രം ഒതുക്കി ശിർക്കിന്റെ വഴിയിലൂടെ ചലിക്കുന്നവർ തൗഹീദിന്റെ വക്താക്കളെ ആക്ഷേപിക്കുന്നത് കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്.

ശൈഖിനെതിരെ ഉന്നയിച്ചിരിക്കുന്നത് ‘തൗഹീദിനെ വിഭജിച്ചു’ എന്ന ആരോപണമാണല്ലോ. അങ്ങനെയെങ്കിൽ അദ്ദേഹത്തെപ്പറ്റി മാത്രം ഉന്നയിക്കേണ്ടതാണോ ഈ ആരോപണം? നമുക്കൊന്ന് പരിശോധിക്കാം.

ഹിജ്‌റ 150ൽ മരണപ്പെട്ട ഇമാം അബൂഹനീഫ رحمه الله യുടെ ഫിക്വ‌്ഹുൽ അക്ബർ, 182ൽ മരണപ്പെട്ട ഇമാം അബൂയൂസുഫ് رحمه الله ഹിജ്‌റ 310ൽ മരണപ്പെട്ട ഇമാം ത്വബ്‌രി رحمه الله എന്നിവരുടെ തഫ്‌സീർ, 321ൽ മരണപ്പെട്ട ഇമാം ത്വഹാവി رحمه الله യുടെ അക്വീദതുത്ത്വഹാവിയ്യ, 354 ൽ മരണപ്പെട്ട ഇമാം ഇബ്‌നു ഹിബ്ബാൻ رحمه الله യുടെ റൗദതിൽ ഉക്വലാഅ് വ നുസ്അതുൽ ഫുദലാഅ്, 386 ൽ മരണപ്പെട്ട ഇമാം ഇബ്‌നു അബീ സൈദുൽ ഖൈറുവാനി رحمه الله യുടെ മുക്വദ്ദിമതുൽ രിസാല, 387ൽ മരണപ്പെട്ട ഇമാം ഇബ്‌നു ബത്ത്വ رحمه الله യുടെ അൽഇബാന, 520ൽ മരണപ്പെട്ട ഇമാം അബൂബക്കർ അത്ത്വർതൂശി رحمه الله യുടെ സിറാജുൽ മുലൂക്, 535 ൽ മരണപ്പെട്ട ഇമാം അബുൽ ക്വാസിം അൽഅസ്ബഹാനി رحمه الله യുടെ അൽഹുജ്ജഃ, 671ൽ മരണപ്പെട്ട ഇമാം ഖുർതുബി رحمه الله യുടെ തഫ്‌സീർ… ഇങ്ങനെ തൗഹീദിന്റെ ഇനങ്ങളും അവയെ സംബന്ധിച്ചുള്ള ചർച്ചകളും തെളിവുകളുടെ വെളിച്ചത്തിൽ നടത്തിയ ഗ്രന്ഥങ്ങൾ ഏറെയുണ്ട്. അതിലെല്ലാം റുബൂബിയ്യത്ത്, ഉലൂഹിയ്യത്ത്, അസ്മാഉ വസ്സ്വിഫാത്ത് എന്നീ പ്രയോഗങ്ങൾ തന്നെയാണ് നടത്തിയീട്ടുള്ളത്. ഇവരുടെ പിൻഗാമികളായി കടന്നുവന്ന മഹാപണ്ഡിതരായ ഇബ്‌നു തൈമിയ്യ, ഇബ്‌നുൽ ക്വയ്യിം, ഇബ്‌നു കസീർ, ശൗക്കാനി, മഖ്‌രീസി, ഇബ്‌നു അബിൽഇസ്സ്, ഇബ്‌നു അബ്ദിൽ വഹാബ്, മുല്ലാ അലിയ്യുൽ ക്വാരി, ഇമാം ശൻക്വീത്വി رحمهم الله തുടങ്ങിയവർ ഈ ചർച്ചകൾ അവരുടെ ഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി കാണാം.

ലേഖകന്റെ കണ്ണിൽ ഈ ഇമാമുമാരെല്ലാം പുത്തൻവാദികളാണോ? ഇവരുന്നയിച്ച തെളിവുകളോട് ഇവരുടെ സമീപനമെന്ത്? ഇബ്‌നു തൈമിയ്യ رحمه الله യോട് വെച്ചുപുലർത്തുന്ന വെറുപ്പ് ഈ പണ്ഡിതന്മാരോടെല്ലാം ഇവർക്കുണ്ടോ?

പണ്ഡിതന്മാർ തൗഹീദിന്റെ ഇനങ്ങൾക്ക് തെളിവായി സൂചിപ്പിച്ച ക്വുർആൻ വചനങ്ങളിൽ ഒന്ന് കാണുക. അല്ലാഹു പറയുന്നു:

وَمَا خَلَقْتُ ٱلْجِنَّ وَٱلْإِنسَ إِلَّا لِيَعْبُدُونِ ‎﴿٥٦﴾‏ مَآ أُرِيدُ مِنْهُم مِّن رِّزْقٍ وَمَآ أُرِيدُ أَن يُطْعِمُونِ ‎﴿٥٧﴾‏ إِنَّ ٱللَّهَ هُوَ ٱلرَّزَّاقُ ذُو ٱلْقُوَّةِ ٱلْمَتِينُ ‎﴿٥٨﴾‏

ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല. ഞാൻ അവരിൽനിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവർ എനിക്ക് ഭക്ഷണം നൽകണമെന്നും ഞാൻ ആഗ്രഹിക്കുന്നില്ല. തീർച്ചയായും അല്ലാഹുതന്നെയാണ് ഉപജീവനം നൽകുന്നവനും ശക്തനും പ്രബലനും. (ഖുര്‍ആൻ:51/56-58)

‘ഇക്വ‌്തിദാഹു സ്വിറാത്തിൽ മുസ്തക്വീം’ എന്ന തന്റെ മഹത്തായ ഗ്രന്ഥത്തിന്റെ അവസാന ഭാഗത്ത് അറബികളിൽപെട്ട മുശ്‌രിക്കുകൾ അല്ലാഹുവിൽ പങ്കുചേർക്കുന്നതിനും അവരെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതിനും സഹായം തേടുന്നതിനും ദുർമൂർത്തികളെ സ്വീകരിച്ചിരുന്ന കാര്യം ഇമാം വിവരിച്ചിട്ടുണ്ട്. ആ ശിർക്കിനോട് സാമ്യപ്പെടുന്ന പ്രവർത്തനങ്ങൾ ഇക്കാലത്ത് ക്വബ്‌റുകൾ, പ്രവാചകന്മാർ, സ്വാലിഹുകൾ എന്നിവരുടെ പേരിൽ നടത്തപ്പെടുന്നു എന്ന് അദ്ദേഹം പറഞ്ഞതാണ് പുരോഹിതന്മാരെ വിറളിപിടിപ്പിക്കാനുള്ള മറ്റൊരു കാരണം. ശിർക്ക് വ്യാപിക്കുന്നതിന്റെ കാരണങ്ങൾ തെളിവ് നിരത്തി എടുത്ത് കാണിച്ചതല്ലാതെ ആർക്കെങ്കിലും ‘മുശ്‌രിക്ക് പട്ടം’ ചാർത്തുന്ന പണി ഇമാം ചെയ്തിട്ടില്ല. ശൈഖിന്റെ ഈ ഗ്രന്ഥത്തെ പുരോഹിതന്മാർ എതിർക്കേണ്ടിയിരുന്നത് അത് തെറ്റാണെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ഹാജറാക്കിക്കൊണ്ടാകണമായിരുന്നു. ലോകം നിയന്ത്രിക്കുന്നത് സി.എം മടവൂരാണെന്നും മഴപെയ്യിക്കുന്നതും അരുവികൾ ഒഴുക്കുന്നതും മുഹ്‌യിദ്ദീൻ ശൈഖാണെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ കാവൽ നൽകുന്നത് ബദ്‌രീങ്ങളാണെന്നും ആലംബഹീനർക്ക് അഭയകേന്ദ്രം അജ്മീർ ദർഗയാണെന്നും രോഗശമനം നൽകുന്നത് ബീമാപള്ളി-പുത്തൻപളളി ജാറങ്ങളാണെന്നും വിശ്വസിക്കുന്ന വിഭാഗക്കാർ തങ്ങൾ തൗഹീദിൽനിന്ന് അകന്നതിന്റെ ആഴവും പരപ്പും എത്രയുണ്ടെന്ന് ആത്മാർഥമായൊന്ന് നോക്കുന്നത് നല്ലതാണ്.

ഈ വൻപാപത്തെ പ്രാമാണികമായി ചോദ്യം ചെയ്യുന്നവരെ പിഴച്ചവരായി മുദ്രകുത്തുന്നവർ ഈ ക്വുർആൻ സൂക്തമൊന്ന് കാണുക:

قُلْ أَنَدْعُوا۟ مِن دُونِ ٱللَّهِ مَا لَا يَنفَعُنَا وَلَا يَضُرُّنَا وَنُرَدُّ عَلَىٰٓ أَعْقَابِنَا بَعْدَ إِذْ هَدَىٰنَا ٱللَّهُ كَٱلَّذِى ٱسْتَهْوَتْهُ ٱلشَّيَٰطِينُ فِى ٱلْأَرْضِ حَيْرَانَ لَهُۥٓ أَصْحَٰبٌ يَدْعُونَهُۥٓ إِلَى ٱلْهُدَى ٱئْتِنَا ۗ قُلْ إِنَّ هُدَى ٱللَّهِ هُوَ ٱلْهُدَىٰ ۖ وَأُمِرْنَا لِنُسْلِمَ لِرَبِّ ٱلْعَٰلَمِينَ

അല്ലാഹുവിന് പുറമെ ഞങ്ങൾക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിവില്ലാത്തതിനെ ഞങ്ങൾ വിളിച്ച് പ്രാർഥിക്കുകയോ? അല്ലാഹു ഞങ്ങളെ നേർവഴിയിലാക്കിയതിനു ശേഷം ഞങ്ങൾ പുറകോട്ട് മടക്കപ്പെടുകയോ? (എന്നിട്ട്) പിശാചുക്കൾ തട്ടിത്തിരിച്ചു കൊണ്ടുപോയിട്ട് ഭൂമിയിൽ അന്ധാളിച്ച് കഴിയുന്ന ഒരുത്തനെപ്പോലെ (ഞങ്ങളാവുകയോ?). ‘ഞങ്ങളുടെ അടുത്തേക്ക് വരൂ’ എന്നു പറഞ്ഞുകൊണ്ട് അവനെ നേർവഴിയിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്ന ചില കൂട്ടുകാരുണ്ട് അവന്ന്. പറയുക: തീർച്ചയായും അല്ലാഹുവിന്റെ മാർഗദർശനമാണ് യഥാർഥ മാർഗദർശനം. ലോകരക്ഷിതാവിന് കീഴ്‌പെടുവാനാണ് ഞങ്ങൾ കൽപിക്കപ്പെട്ടിരിക്കുന്നത്. (ഖുര്‍ആൻ:6/71)

ഇബ്‌നു തൈമിയ്യ رحمه الله ക്ക് മുമ്പും ശേഷവും ഇത്തരം പ്രവർത്തനങ്ങളെ ശക്തമായി എതിർത്തവരെ കാണാം. ഇമാം റാസി رحمه الله  പറയുന്നു: നിശ്ചയം വിഗ്രഹാരാധകർ (മക്കാ മുശ്‌രിക്കുകൾ) അവരുടെ വിഗ്രഹങ്ങളെയും പ്രതിഷ്ഠകളെയും സ്ഥാപിച്ചിരുന്നത് അമ്പിയാക്കന്മാരുടെയും മഹാന്മാരുടെയും രൂപത്തിലായിരുന്നു. ഇത്തരം പ്രതിഷ്ഠകൾക്കുള്ള ആരാധനകൊണ്ട് അവർ വ്യാപൃതരാകുമ്പോൾ അവയുടെ പ്രതിപുരുഷന്മാരായ അമ്പിയാക്കളും മഹാന്മാരും ആരാധിക്കുന്നവരുടെ (ആഗ്രഹസഫലീകരണത്തിന്) അല്ലാഹുവിന്റെ അടുത്ത് ശുപാർശ ചെയ്യും എന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്. ഇക്കാലത്ത് അതിന് തുല്യമായ സംഗതിയാണ് മഹാന്മാരുടെ ക്വബ്‌റുകളെ ആദരിക്കുന്ന പ്രവർത്തനങ്ങൾകൊണ്ട് വ്യാപൃതരാവൽ; ക്വബ്‌റിലുള്ള മഹാന്മാർ അല്ലാഹുവിന്റെയടുക്കൽ തങ്ങൾക്കു വേണ്ടി ശുപാർശ ചെയ്യും എന്ന വിശ്വാസത്തിന്റെ പേരിൽ സൃഷ്ടികളിൽ ധാരാളം ആളുകൾ മഹാന്മാരുടെ ക്വബ്‌റുകളെ മഹത്ത്വപ്പെടുത്തുന്നതിൽ വ്യാപൃതരാകുന്നതും. (തഫ്‌സീറുൽ കബീർ)

ഇമാം നവവി رحمه الله  തന്റെ ‘അൽഈദാഇ’ലും ‘ശറഹുൽ മുഹദ്ദബി’ലും പറഞ്ഞത് കാണുക: “നബി ﷺ യുടെ ക്വബ്ർ ത്വവാഫ് ചെയ്യാൻ പാടില്ല. വയറും മുതുകും അതിന്റെ ചുമരിൽ ചേർക്കാനും പാടില്ല. ഇക്കാര്യം ഹലീമി എന്നവരും മറ്റും പറഞ്ഞിട്ടുണ്ട്. (ക്വബ്‌റിനെ) കൈകൊണ്ട് തടവലും മുത്തലും കറാഹത്താകുന്നു. ജീവിതകാലത്ത് ഹാജറായാൽ എങ്ങനെ സമീപിക്കുമോ അതുപോലെ അകന്നു നിൽക്കണം. ഇതാണ് പണ്ഡിതന്മാർ പറഞ്ഞതും ഏകോപിച്ചതും. പൊതുജനം ഇതിന്നെതിരിൽ പ്രവർത്തിക്കുന്നതു കണ്ട് വഞ്ചിതരായിപ്പോകരുത്. വിവരംകെട്ടവരും സാധാരണക്കാരുമായ ആളുകൾ പുതുതായി ഉണ്ടാക്കിയ കാര്യങ്ങൾ നോക്കുകതന്നെ വേണ്ട. പിൻപറ്റലും കർമവും വിവരമുള്ളവർ പറഞ്ഞതനുസരിച്ചാണ് വേണ്ടത്. സൻമാർഗം നീ പിന്തുടരുക. ആ വഴിയിൽ പ്രവേശിക്കുന്നവർ കുറവാകുന്നു എന്നത് നിനക്ക് പ്രയാസമാവരുത്. വഴികേടിന്റെ മാർഗം നീ സൂക്ഷിക്കണം. ആ വഴിയിൽ കടക്കുന്നവരുടെ ആൾപെരുപ്പം കണ്ട് നീ വഞ്ചിതനാവരുത് എന്ന് ഫുളയ്‌ലുബ്‌നു ഇയാദ് പറഞ്ഞത് വളരെ മനോഹരമാണ്. (അൽഈദാഹ്, പേജ് 919)

വിഷലിപ്തവും ഇസ്‌ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധവുമായ മേൽ വാദങ്ങൾക്കു പുറമെ ലോക പണ്ഡിതരുടെ ഉറച്ച തീരുമാനങ്ങൾക്കു വിരുദ്ധമായ നിരവധി ആശയങ്ങളുടെ പിതാവാണിദ്ദേഹം. ഹി. 661 ൽ ജനിച്ച ഇദ്ദേഹം ലോക മുസ്‌ലിംകളുടെ ഇജ്മാഇന് എതിരായ നിരവധി ഫത്‌വകൾ നൽകുകയും ചെയ്ത കാരണത്താൽ സമൂഹത്തിൽ ഒറ്റപ്പെടുകയും സമകാലിക പണ്ഡിതന്മാർ അദ്ദേഹത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി ഗ്രന്ഥങ്ങളെഴുതുകയും ചെയ്തിട്ടുണ്ട്’ (പേജ് 9).

പഴി പറഞ്ഞ് കാര്യം നേടുക എന്ന പുരോഹിതൻമാരുടെ സ്ഥിരം പണിയാണ് ഇവിടെയും ആവർത്തിച്ചത്. തെളിവുകളെ മുൻനിർത്തി ഇബ്‌നു തൈമിയ്യ رحمه الله തന്റെ ഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തിയ വിഷയങ്ങളെയും ചർച്ചകളെയുമാണ് ‘വിഷലിപ്തം,’ ‘പൊള്ളത്തരങ്ങൾ’ ലേഖകൻ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രമാണങ്ങളിൽ അവഗാഹവും പണ്ഡിതലോകത്ത് ഉന്നതസ്ഥാനവുമുള്ള വ്യക്തിത്വത്തെ ഇങ്ങനെ അവഹേളിക്കുന്നത് അദ്ദേഹം പ്രമാണബദ്ധമായി മതം പഠിപ്പിച്ചു എന്ന കാരണത്താൽ മാത്രമാണ്. വ്യർഥവാദങ്ങൾക്ക് രൂപഭാവം നൽകപ്പെട്ട ഗ്രന്ഥങ്ങൾ മാത്രം ചുമന്ന് നടക്കുന്നവർക്ക് അകക്കാമ്പുള്ള ഗ്രന്ഥങ്ങളോട് വെറുപ്പുതോന്നുക സ്വാഭാവികം.

ഇബ്‌നു തൈമിയ്യ رحمه الله യുടെ അറിവിനും കഴിവിനും ആദരവും അംഗീകാരവും കൊടുത്ത എൺപതിലധികം പണ്ഡിതന്മാർ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘ശൈഖുൽ ഇസ്‌ലാം’ എന്നാണ്. അദ്ധേഹത്തിനെതിരെയുള്ള വിമര്‍ശനം വസ്തുതാപരമല്ലെന്നതിന് അദ്ദേഹത്തിന് കിട്ടിയ അംഗീകാരങ്ങൾ തന്നെ മതിയായ മറുപടികളാണ്.

ഹിജ്‌റ 773ൽ മരണപ്പെട്ട സുബ്കി رحمه الله പറഞ്ഞു: ‘അല്ലാഹുവാണെ സത്യം! വിവരമില്ലാത്തവനോ, തന്നിഷ്ടക്കാരനോ അല്ലാത്തവരാരും ഇബ്‌നു തൈമിയ്യയോട് ദേഷ്യം വച്ചുപുലർത്തുകയില്ല.’’

‘വിവരമില്ലാത്തവൻ താനെന്താണ് പറയുന്നതെന്നറിയാത്തവനാണ്. തന്നിഷ്ടക്കാരനാകട്ടെ, സത്യം മനസ്സിലായതിനു ശേഷം തന്റെ ഇഷ്ടം അത് സ്വീകരിക്കുന്നതിൽനിന്ന് അയാളെ തടയുകയും ചെയ്യും’ (അർറദ്ദുൽവാഫിർ/ഇബ്‌നു മൻസൂർ).

ഹിജ്‌റ 852ൽ മരണപ്പെട്ട ഇബ്‌നുഹജർ അസ്‌ക്വലാനി رحمه الله പറയുന്നു: ‘അദ്ദേഹം സുനനു അബീ ദാവൂദ് വായിക്കുകയും അത് സ്വന്തം കൈപ്പടയിൽ പകർത്തുകയും ചെയ്തു. അജ്‌സാഉകൾ (നിശ്ചിത ഭാഗം ഹദീസുകൾ അടങ്ങിയ ഗ്രന്ഥങ്ങളുടെ സനദുകൾ) കരഗതമാക്കി. ഹദീസുകൾ ഉദ്ധരിച്ച ആളുകളെക്കുറിച്ചും ഹദീസുകളുടെ ന്യുനതകളെക്കുറിച്ചും ഗവേഷണ പഠനങ്ങൾ നടത്തി. കർമശാസ്ത്രത്തിൽ അവഗാഹംനേടി. (പല വിഷയങ്ങളിലും) നിപുണത നേടി. പലരിൽനിന്നും വ്യതിരിക്തത നേടി. (പലരെക്കാളും) മുൻകടന്നു. (ഗ്രന്ഥങ്ങൾ) രചിച്ചു. ദർസ് നടത്തി. (ആളുകളുടെ മതപരമായ സംശയങ്ങൾക്ക് മറുപടിയായി) ഫത്‌വകൾ നൽകി. സമകാലീനരായ ആളുകളെക്കാൾ മുൻകടന്നു. പെട്ടെന്ന് പ്രമാണങ്ങൾ മനസ്സിൽ കൊണ്ടുവരുന്നതിലും ഹൃദയ ശക്തിയിലും ഉദ്ധരണികളിലെയും ബൗദ്ധിക വിജ്ഞാന ശാസ്ത്രത്തിലെയും വിശാലതയിലും മുൻഗാമികളുടെയും പിൻഗാമകളുടെയും വീക്ഷണങ്ങൾ ദീർഘമായി എടുത്തുദ്ധരിക്കുന്നതിലും ഒരു അത്ഭുതമായി അദ്ദേഹം മാറി’(അദ്ദുററുൽ കാമിൻ).

ഹിജ്‌റ 711ൽ മരണപ്പെട്ട ഇമാദുദ്ദീൻ അൽവാസിത്വി رحمه الله പറയുന്നു: ‘അല്ലാഹുവാണേ സത്യം! വീണ്ടും, അല്ലാഹുവാണേ സത്യം! ആകാശത്തിനു താഴെ നിങ്ങളുടെ ശൈഖ് ഇബ്‌നു തൈമിയ്യയെ പോലെ അറിവും പ്രവർത്തനവും നല്ല അവസ്ഥയും സൽസ്വഭാവവും പ്രവാചകനെ പിൻപറ്റലും ഔദാര്യവും വിവേകവും അല്ലാഹുവിനോടുള്ള ബാധ്യതകൾ ലംഘിക്കപ്പെടുമ്പോൾ അവ നടപ്പിലാക്കുന്നതുമായ മറ്റൊരു വ്യക്തിയെ കാണാൻ സാധിക്കുകയില്ല. ജനങ്ങളുടെ കൂട്ടത്തിൽ കരാർ പൂർത്തീകരിക്കുന്നതിൽ ഏറ്റവും സത്യസന്ധനും, ഏറ്റവും ശരിയായ അറിവും തീരുമാനവുമുള്ളവനും, ജനങ്ങളിൽ ഏറ്റവും കൂടുതൽ ധർമത്തെ സഹായിക്കുകയും അതിനോട് പ്രതിബദ്ധത പുലർത്തുകയും, ഏറ്റവും നല്ല രൂപത്തിൽ ഔദാര്യം കാണിക്കുകയും, മുഹമ്മദ് നബി ﷺ യുടെ സുന്നത്തിനെ പൂർണമായ രൂപത്തിൽ പിൻപറ്റുകയും ചെയ്യുന്ന വ്യക്തിയാകുന്നു അദ്ദേഹം. നമ്മുടെ ഈ കാലഘട്ടത്തിൽ പ്രവാചകന്റെ ചര്യകളും വാക്കുകളും പ്രവർത്തനങ്ങളും ഈ വ്യക്തിയിലൂടെയല്ലാതെ തെളിഞ്ഞുകാണുന്നില്ല എന്നത് ശരിയായ ഹൃദയമുള്ളവന് മനസ്സിലാക്കാൻ സാധിക്കും. തീർച്ചയായും ഇതാകുന്നു യഥാർഥ അനുധാവനം’ (അൽഉകൂദുദ്ദരിയ്യ).

അടിസ്ഥാന വിഷയങ്ങളിൽ അഹ്‌ലുസ്സുന്ന വൽജമാഅയുടെ പണ്ഡിതന്മാരുടെ എകോപനത്തിന് ഇമാം എതിരായിട്ടില്ലെന്നതിന് ഇതിലധികം തെളിവുകളുടെ ആവശ്യമില്ല.

ഹാഫിള് ഇബ്‌നു ഹജർ അസ്ഖലാനി (റ) ഉദ്ധരിക്കുന്നു: സ്വഹാബീ പ്രമുഖരായ അബൂബക്കർ സിദ്ദീഖ്(റ), ഉമർ(റ), ഉസ്മാൻ(റ), അലി(റ) എന്നിവരെയൊക്കെ ഇബ്‌നു തൈമിയ്യ ആക്ഷേപിക്കുകയും വിമർശിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവിന് കാല്, മുഖം തുടങ്ങിയ ശരീഭാഗങ്ങളുണ്ടെന്ന് വാദിച്ച ഇദ്ദേഹം മുജസ്സിമാ (അല്ലാഹുവിന് അവയവങ്ങളുണ്ടെന്ന് പറയുന്ന നവീനവാദി)ണെന്ന് സമകാലിക പണ്ഡിതർ സമർഥിച്ചിരിക്കുന്നു’ (പേജ് 9)

ഇബ്‌നു തൈമിയ്യ رحمه الله യെ എതിർത്തവരും അദ്ദേഹത്തോട് ഇടഞ്ഞുനിന്നവരും നുണ, കളവ് കെട്ടിച്ചക്കൽ, കക്ഷിത്വം എന്നിവ കാരണമായി ഇമാമിനെതിരെ പറഞ്ഞ വിമർശനങ്ങളെ ഇബ്‌നു ഹജർ അസ്ഖലാനി رحمه الله തന്റെ അദ്ദുററുൽ കാമിന എന്ന ഗ്രന്ഥത്തിൽ എടുത്തുദ്ധരിച്ചതിനെയാണ് സുന്നി വോയ്സ് ലേഖകൻ ഇവിടെ ദുരുപയോഗം ചെയ്തത്. പൊള്ളത്തരം പ്രചരിപ്പിക്കുന്നവർക്ക് ഇതൊരു നേരം പോക്കാണെങ്കിലും വിശ്വാസി സമൂഹത്തിനിത് വലിയ മുറിവുതന്നെയാണ്. ഇബ്‌നു ഹജർ رحمه الله അംഗീകരിക്കാത്ത കാര്യം അദ്ദേഹത്തിന്റെ പേരിൽ പ്രചരിപ്പിക്കുന്നത് കടുത്ത അന്യായമല്ലേ? അദ്ദേഹം ചരിത്ര യാത്രികനായ മുഹമ്മദുബ്‌നു അഹ്‌മദുബ്‌നു അമീനുബ്‌നു മുആദിൽനിന്ന് ഉദ്ധരിച്ചതിനെ ഇമാമിന്റെ പേരിലേക്ക് ചേർത്തിപ്പറഞ്ഞ് കബളിപ്പിക്കൽ നടത്തുകയാണ് ലേഖകൻ ചെയ്തിരിക്കുന്നത്. മിൻഹാജുസ്സുന്ന, മജ്മൂഉൽ ഫതാവ, ലാമിയ്യ, ഹുക്വൂക്വു ആലിബൈത്ത് ബൈനസ്സുന്ന വൽബിദ്അ തുടങ്ങി ഇബ്‌നു തൈമിയ്യക്ക് സ്വഹാബികളിലുള്ള വിശ്വാസവും അവരോടുള്ള സ്‌നേഹവും ബോധ്യപ്പെടുത്തുന്ന കനപ്പെട്ട ഗ്രന്ഥങ്ങളിൽനിന്ന് അവരെ എതിർക്കുന്ന ഒരു മുറി എടുത്തുകാണിക്കാൻ ലേഖകന് കഴിഞ്ഞോ?

സ്വഹാബികളെ സംബന്ധിച്ച് ഇമാമിന്റെ നിലപാടിലെ വ്യക്തത കാണുക: പൂർവികരും പ്രവാചകന്മാർക്ക് ശേഷം ഈ സമൂഹത്തിൽ ഏറ്റവും ഉത്തമരുമായവരെ ആരാണോ പിൻപറ്റുന്നത് അവൻ അവരിൽ ഉൾപ്പെടും. നബി ﷺ പറഞ്ഞു: ‘ഞാൻ നിയോഗിക്കപ്പെട്ട തലമുറയാണ് ഉത്തമ തലമുറ. പിന്നെ അവരെ പിൻപറ്റിയവർ. ശേഷം അവരെ തുടർന്നവർ.’ അതുകൊണ്ടുതന്നെ തഫ്‌സീർ, ദീനിന്റെ അടിസ്ഥാന നിയമങ്ങൾ, മതപരമായ മറ്റു അറിവുകൾ, ഭൗതിക വിരക്തി, ആരാധന, സ്വഭാവശുദ്ധീകരണം, ജിഹാദ് എന്നീ മതവിഷയങ്ങളിൽ അവരുടെ വാക്കുകളും പ്രവർത്തനങ്ങളും അറിഞ്ഞിരിക്കൽ പിൽകാലക്കാരുടെ വാക്കുകളെയും പ്രവർത്തനങ്ങളെയും അറിയുന്നതിനെക്കാൾ ശ്രേഷ്ഠവും പ്രയോജനപ്രദവുമായതാണ്. കാരണം ക്വുർആനും സുന്നത്തും അറിയിക്കുന്നതുപോലെ ആദ്യകാലക്കാരാണ് ശേഷക്കാരെക്കാൾ ശ്രേഷ്ഠർ. അതുകൊണ്ടുതന്നെ അവരെ പിൻപറ്റലും, ദീനിലും അറിവിലും അവർ ഏകോപിച്ചതും അഭിപ്രായഭിന്നത ഉണ്ടായതുമായ കാര്യങ്ങളെ മനസ്സിലാക്കൽ പിന്നീടുണ്ടായ ഏകോപനത്തെയും ഭിന്നതത്തയെയും അറിയുന്നതിനെക്കാൾ നല്ലതാണ്. (മജ്മൂഉൽഫതാവാ).

അല്ലാഹുവിന്റെ വിശേഷണങ്ങളുടെ വിഷയത്തിൽ മുജസ്സിമത്തിന്റെ വാദം ഇമാം പഠിപ്പിച്ചു എന്നതാണ് മറ്റൊരു ആരോപണം. പ്രമാണങ്ങൾ പഠിപ്പിച്ച വിശേഷണങ്ങളെല്ലാം അവന്റെ മഹത്ത്വത്തിന് യോജിക്കും വിധമാണെന്ന വിശ്വാസമാണ് അഹ്‌ലുസ്സുന്ന വൽജമാഅയുടെത്. അല്ലാഹുവിന് രൂപഭാവം നൽകി, വിശേഷണങ്ങൾക്ക് വിരോധിക്കപ്പെട്ട വ്യാഖ്യാനങ്ങൾ നൽകിയവരാണ് മുജസ്സിമിയാക്കൾ. എന്നാൽ ഈ വിഷയത്തിൽ ശൈഖുൽ ഇസ്‌ലാമിന്റെ വിശ്വാസവും നിലപാടും വായിച്ച് പഠിക്കാത്തതിന്റെ കുറവാണ് മുസ്‌ലിയാർ ഇവിടെയും കാണിച്ചത്. ജവാബുസ്സ്വഹീഹ്, അർരിസാലത്തു തദമുരിയ്യ, ദർഉത്തഹാറുളിൽ അഖ്‌ലി വന്നഖ്‌ലി, മിൻഹാജുസ്സുന്ന, ജാമിഉൽ മസാഇൽ, അഖീദത്തുൽ വാസ്വിത്വിയ്യ, മജ്മൂഉൽ ഫതാവ എന്നിങ്ങനെ ഈ വിഷയം ചർച്ച ചെയ്യുന്ന ഇമാമിന്റെ ഗ്രന്ഥങ്ങളിൽനിന്ന് ഈ ആരോപണം തെളിയിക്കുന്ന എന്തെങ്കിലും ചൂണ്ടിക്കാണിക്കാൻ മുസ്‌ലിയാർക്ക് സാധിച്ചിട്ടില്ല.

ഇബ്‌നു തൈമിയ്യ رحمه الله യുടെ ശത്രുക്കൾക്ക് അദ്ദേഹത്തിന്റെ പ്രാമാണിക നിലപാടുകളെ മറികടക്കാൻ കഴിയാതായപ്പോൾ പറഞ്ഞുപരത്തിയ വ്യാജ ആരോപണങ്ങളാണിതെല്ലാം. ഇമാമിന് അല്ലാഹുവിന്റെ വിശേഷണങ്ങളുടെ വിഷയത്തിലുള്ള നിലപാട് നമുക്ക് വായിക്കാം: ‘അല്ലാഹുവിലും അവന്റെ മലക്കുകളിലും പ്രവാചകന്മാരിലും വേദഗ്രന്ഥങ്ങളിലും അന്ത്യനാളിലും ഗുണവും ദോഷവും അവനിൽ നിന്നാണ് എന്നുമുള്ള വിശ്വാസമാണ് അന്ത്യനാൾവരെയുള്ള വിജയിച്ച കക്ഷിക്ക് അഥവാ അഹ്‌ലുസ്സുന്നത്തി വൽജമാഅക്കുള്ളത്. അല്ലാഹുവിനുള്ളതായി അവൻ പറഞ്ഞതും നബി ﷺ പഠിപ്പിച്ചതുമായ വിശേഷണങ്ങളെ ഉപമിക്കലും ഉദാഹരിക്കലും, നിഷേധവും വ്യാഖ്യാനവുമില്ലാതെ വിശ്വസിക്കലും അല്ലാഹുവിലുള്ള വിശ്വാസത്തിൽപെട്ടതാണ്. നിശ്ചയം അല്ലാഹു: അവന് തുല്യമായി യാതൊന്നുമില്ല. അവൻ എല്ലാം കാണുന്നവനും എല്ലാം കേൾക്കുന്നവനുമാകുന്നു എന്നുതന്നെ വിശ്വസിക്കണം. അതിനെ നിഷേധിക്കാനോ, സ്ഥാനം തെറ്റിച്ച് പ്രയോഗിക്കാനോ, കൃത്രിമം കാണിക്കാനോ സൃഷ്ടികളുടെ വിശേഷണങ്ങളോട് ഉപമിക്കാനോ, ഉദാഹരിക്കാനോ പാടില്ല. അവൻ പരിശുദ്ധനാണ്. അവന് പേരൊത്തവരോ സമമായവരോ തുല്യരോ ഇല്ല. അവന്റെ സൃഷ്ടികളോട് അവനെ തുലനം ചെയ്യാനും പാടില്ല’ (മജ്മൂഉൽ ഫതാവാ).

പുരോഹിതന്മാർ ഏറ്റവും കൂടുതലായി ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്ന വിഷയമാണ് അല്ലാഹുവിന്റെ സ്വിഫത്തുകൾ. പ്രമാണങ്ങൾ എടുത്തു പറഞ്ഞ അല്ലാഹുവിന്റെ കൈ, കണ്ണ്, ഇറക്കം, അവൻ ഉപരിലോകത്താണ്… ഇതെല്ലാം കേൾക്കുന്നതുതന്നെ ഇവർക്ക് വെറുപ്പാണ്.

ഈ കാര്യങ്ങളിൽ ഇവർക്ക് വേണ്ടിടത്തെല്ലാം ഇതേ അർഥം നൽകി ഇരട്ടമുഖം സ്വീകരിക്കാനും ഇക്കൂട്ടർക്ക് മടിയില്ല.

‘മുഹമ്മദ് നബി(സ), ഇബ്‌റാഹീം(അ) അടക്കമുള്ളവരുടെ ക്വബ്റുകൾസിയാറത്ത് ചെയ്യാനായി യാത്ര പോകൽ ഹറാം, ആ യാത്രയിൽ നിസ്‌കാരം ഖസ്‌റാക്കൽ കുറ്റകരം, നരകം നശിച്ചു പോകും, ലോകം അനാദിയാണ്, നബി(സ)യുടെ ശരീരം ജീർണിച്ചു നശിച്ചിട്ടുണ്ട്, മൂന്നു ത്വലാഖ് ചൊല്ലിയാൽ ഒന്നേ പോകൂ, പ്രവാചകന്മാർ പാപസുരക്ഷിതരല്ല, നിസ്‌കാരം ബോധപൂർവം ഉപേക്ഷിച്ചാൽ ഖളാഅ് വീട്ടേണ്ടതില്ല, ആർത്തവകാരിക്ക് ത്വവാഫ് നടത്താം തുടങ്ങി നിരവധി അബദ്ധ ദർശനങ്ങൾ ഇബ്‌നു തൈമിയ്യ വെച്ചുപുലർത്തിയിരുന്നു’ (പേജ് 9,10).

ഇബ്‌നു തൈമിയ്യ رحمه الله യെ പുത്തൻവാദിയായി മുദ്രകുത്തിയ സുബുകി അടക്കമുള്ളവർ അദ്ദേഹത്തിനെതിരെ ഉന്നയിച്ച പഴകിപ്പുളിച്ച ‘കുറ്റപത്ര’ത്തിൽപെട്ടതാണിതെല്ലാം. അഹ്‌ലുസ്സുന്നയിൽ നിന്ന് അകന്ന സുബുകിയുടെ അനുയായികൾക്ക് അദ്ദേഹത്തിന്റെ കൃതികളിൽ തന്നെയാണല്ലോ അഭയം! പ്രാമാണികരും വിശ്വാസയോഗ്യരുമായ പണ്ഡിതന്മാർ ഈ നിലക്ക് ഇമാമിനെ കുറ്റപ്പെടുത്തിയതായി എവിടെയെങ്കിലുമുണ്ടോ?അർഹിക്കുന്ന അവഗണനയാണ് പണ്ഡിതന്മാർ ഇതിന് നൽകിയിട്ടുള്ളത്. ഉസ്മാൻ رَضِيَ اللَّهُ عَنْهُ വിനെ ഖിലാഫത്തിൽനിന്നിറക്കാൻ അബ്ദുല്ലാഹിബ്‌നു ഉബയ്യ്ബ്‌നു സലൂൽ എന്ന കപടൻ പ്രചരിപ്പിച്ച ആക്ഷേപങ്ങൾക്ക് സമമാണിത്.

ഇമാമിന്റെ മേൽ സുന്നിവോയ്സ് ലേഖകൻ ആരോപിച്ചതെല്ലാം കളവിനാൽ സ്ഥാപിക്കപ്പെട്ടവയാണ്. അല്ലാഹുവിന്റെ കോപത്തിനും അതൃപ്തിക്കും കാരണമാകുന്ന പൈശാചിക പ്രവർത്തനങ്ങൾ ഒട്ടും നിലനിൽക്കുകയില്ല. അല്ലാഹു പറയുന്നു:

إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ زَيَّنَّا لَهُمْ أَعْمَٰلَهُمْ فَهُمْ يَعْمَهُونَ ‎﴿٤﴾‏ أُو۟لَٰٓئِكَ ٱلَّذِينَ لَهُمْ سُوٓءُ ٱلْعَذَابِ وَهُمْ فِى ٱلْـَٔاخِرَةِ هُمُ ٱلْأَخْسَرُونَ ‎﴿٥﴾

പരലോകത്തിൽ വിശ്വസിക്കാത്തതാരോ അവർക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അങ്ങനെ അവർ വിഹരിച്ചു. അവരത്രെ കഠിനശിക്ഷയുള്ളവർ. പരലോകത്താകട്ടെ അവർതന്നെയായിരിക്കും ഏറ്റവും നഷ്ടം നേരിടുന്നവർ. (ഖുര്‍ആൻ:27/4-5)

കടപ്പാട് : മൂസ സ്വലാഹി കാര

 

kanzululoom.com