ഹുദൈബിയ സന്ധി

നബി ﷺ യും സ്വഹാബിമാരും മക്കയിൽ നിന്നും മദീനയിലേക്ക് ഹിജ്റ ചെയ്തെത്തി അഞ്ച് വർഷം കഴിഞ്ഞു. അങ്ങനെയിരിക്കെ, നബി ﷺ യും സ്വഹാബിമാരും മുടി മുണ്ഡനം ചെയ്തവരും മുറിച്ചവരുമായി നിര്‍ഭയരായിക്കൊണ്ട് മക്കയില്‍  പ്രവേശിക്കുന്നതായി നബി ﷺ സ്വപ്നം കണ്ടു. നബി ﷺ യുടെ സ്വപ്നം യഥാര്‍ത്ഥമായിരിക്കുമല്ലോ. അങ്ങനെ, മക്കായിലേക്ക് ഉംറ കർമ്മം നിർവ്വഹിക്കുന്നതിനായി നബി ﷺ പുറപ്പെട്ടു. 1400 ല്‍പരം സഹാബികളും ഒന്നിച്ചുണ്ടായിരുന്നു. മക്കയിലേക്ക് പ്രവേശിക്കുമ്പോള്‍ ശത്രുക്കളില്‍ നിന്നു വല്ല തടസ്സവും നേരിട്ടുവെങ്കിലോ എന്നു കരുതി, മദീനയിലുള്ള വിശ്വാസികളോെടല്ലാം മക്കയിലേക്കുള്ള യാത്രക്ക് സജ്ജരാകാന്‍ നബി ﷺ കല്‍പിച്ചിരുന്നു. ഗ്രാമങ്ങളില്‍ വസിക്കുന്ന അറബി ഗോത്രങ്ങളെവരെ ഈ യാത്രക്ക് നബി ﷺ ക്ഷണിച്ചു. എന്നാല്‍ ഗ്രാമീണരായ പല അറബികളും ഖുറൈശികളെ ഭയന്ന് പിന്നോക്കം നില്‍ക്കുകയാണ് ചെയ്തത്. മദീനe ഹിജ്‌റക്ക് ശേഷമുണ്ടായ ആദ്യത്തെ മക്കാ യാത്രയായിരുന്നു അത്. ഹിജ്‌റ ആറാം വര്‍ഷം ദുല്‍ക്വഅ്ദ മാസത്തിന്റെ തുടക്കത്തിലായിരുന്നു ഈ യാത്ര.

മദീനയില്‍നിന്ന് പുറപ്പെട്ട മുസ്‌ലിംകള്‍ മക്കയില്‍ എത്തുന്നതിന് മുമ്പായുള്ള ദുല്‍ഹുലയ്ഫ എന്ന സ്ഥലത്തുവെച്ച് ഇഹ്‌റാമില്‍ പ്രവേശിച്ചു. മദീനയില്‍നിന്ന് ഹജ്ജ്-ഉംറ കര്‍മങ്ങള്‍ക്കായി പോകുന്നവര്‍ ഇഹ്‌റാമില്‍ പ്രവേശിക്കുവാനായി നബി ﷺ നിശ്ചയിച്ച മീക്വാത്താണ് ദുല്‍ഹുലയ്ഫ. ഇന്ന് അത് ‘ബിഅ്‌റു അലി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. എഴുപതോളം ബലി ഒട്ടകങ്ങള്‍ നബി ﷺ യുടെ കൂടെ ഉണ്ടായിരുന്നു. ഖുറൈശികളെക്കുറിച്ച് തനിക്ക് വിവരം നൽകാൻ ഖുസാഅയിൽ നിന്നുള്ള ഒരു ചാരനെ നിയോഗിക്കുകയും ചെയ്തു. അസ്ഫാന്റെ അടുത്ത് എത്താറായപ്പോൾ നബി ﷺ നിയോഗിച്ച ചാരൻ വന്ന് പറഞ്ഞു: ‘ഞാൻ വരുന്ന സന്ദർഭത്തിൽ കഅബ്ബ്‌നു ലുഅയ്യ്, അഹാബീഹി (ചില അറബ് ഗോത്രങ്ങൾ)നെ താങ്കൾക്കെതിരെ സംഘടിപ്പിച്ചിട്ടുണ്ട്. താങ്കൾക്കെതിരെ ഒരു സംഘം സംഘടിച്ചുകഴിഞ്ഞു. കഅ്ബയിൽനിന്ന് താങ്കളെ തടയുവാനും താങ്കളോട് യുദ്ധം ചെയ്യുവാനും വേണ്ടി.’ നബി ﷺ തന്റെ സ്വഹാബിമാരോട് കൂടിയാലോചന നടത്തി. ‘ഖുറൈശികളെ സഹായിച്ച ഇവരോട് നാം യുദ്ധം ചെയ്യുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ?’ അബൂബക്ർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘അല്ലാഹുവിനും അവന്റെ റസൂലിനും അറിയാം. തീർച്ചയായും നാം വന്നത് ഉംറ നിർവഹിക്കാനാണ്. ഒരാളോടും യുദ്ധം ചെയ്യാനല്ല. എന്നാൽ കഅ്ബയിലേക്ക് നാം പോകുന്നതിനെ തടസ്സപ്പെടുത്തിയാൽ അവരോട് നാം യുദ്ധം ചെയ്യും.’ അപ്പോൾ നബി ﷺ പറഞ്ഞു: ‘എന്നാൽ പോകൂ.’ അങ്ങനെ അവർ പോയി.

അങ്ങനെ അവർ വഴിയിലായിരിക്കെ, നബി ﷺ പറഞ്ഞു: ‘ഖാലിദുബ്‌നുൽവലീദ് ഖുറൈശികളുടെ ഒരു കുതിരപ്പടയിൽ ഗുമൈമിൽ എത്തിയിട്ടുണ്ട്. അതിനാൽ വലത്തോട്ട് പോകൂ.’ സൈന്യത്തിന്റെ പൊടിപടലങ്ങൾകൊണ്ട് മാത്രമാണ് ഖാലിദുബ്‌നുൽവലീദ് رَضِيَ اللَّهُ عَنْهُ അവരെക്കുറിച്ച് മനസ്സിലാക്കിയത്. അപ്പോൾ ഖുറൈശികൾക്ക് മുന്നറിയിപ്പ് നൽകാൻ അദ്ദേഹം പോയി. നബി ﷺ ഇറങ്ങിയതായ സൻയയിൽ എത്തുന്നതുവരെ നബി ﷺ യാത്ര ചെയ്തു. അവിടെ നബി ﷺ യുടെ വാഹനം മുട്ടുകുത്തി. അപ്പോൾ ജനങ്ങൾ പറഞ്ഞു: ‘പോകട്ടെ, പോകട്ടെ.’ പക്ഷേ, അത് മുന്നോട്ട് പോയില്ല. അപ്പോൾ അവർ പറഞ്ഞു: ‘ക്വസ്‌വാഅ് നടക്കാതെയായി.’ അപ്പോൾ നബി ﷺ പറഞ്ഞു: ‘ക്വസ്‌വാഅ് നടക്കാതെയാവില്ല. അത് അതിന്റെ സ്വഭാവമല്ല. ആനയെ തടഞ്ഞവൻ അതിനെ തടഞ്ഞുവെച്ചിരിക്കുകയാണ്.’ പിന്നീട് നബി ﷺ പറഞ്ഞു: ‘അല്ലാഹു പരിശുദ്ധിപ്പെടുത്തിയവരെ ആദരിക്കുന്ന എന്തൊന്ന് നിങ്ങൾ എന്നോട് ചോദിച്ചാലും അത് ഞാൻ നിങ്ങൾക്ക് തന്നിരിക്കും.’ അതിനുശേഷം ക്വസ്‌വാഇനെ ഒന്നുകൂടി തെളിച്ചു. അപ്പോൾ അത് ചാടി. എന്നിട്ട് അൽപം നീങ്ങി. അങ്ങനെ അത് ഹുദൈബിയയുടെ അങ്ങേയറ്റത്തുള്ള അൽപം വെള്ളമുള്ള ഒരു വെള്ളക്കെട്ടിന്നരികിൽ ഇറങ്ങി. ജനങ്ങൾ അതിൽനിന്ന് വെള്ളം കുടിക്കാൻ തുടങ്ങി. അതിലെ വെള്ളം കുറയാൻ അധികം താമസിച്ചില്ല. അങ്ങനെ അവർ നബി ﷺയോട് ദാഹത്തെക്കുറിച്ച് പറഞ്ഞു. അപ്പോൾ നബി ﷺ തന്റെ ആവനാഴിയിൽനിന്ന് ഒരമ്പെടുത്തു. അതിനെ അതിൽ വെക്കാൻ പറഞ്ഞു.  അങ്ങനെ അവരെല്ലാവരും ദാഹം തീർത്ത് കുടിക്കുന്നതുവരെ വെള്ളം കുതിച്ചൊഴുകി.’ അത് ഒരു മുഅ്ജിസത്തായിരുന്നു, അഥവാ നബി ﷺ യിലൂടെ അല്ലാഹു വെളിവാക്കിയ അവന്റെ ദൃഷ്ടാന്തമായിരുന്നു.

കഅ്ബ പൊളിക്കാന്‍ വന്ന അബ്‌റഹത്തിനെയും അവന്റെ സൈന്യത്തെയും അല്ലാഹു നശിപ്പിച്ചത് പ്രസിദ്ധമായ സംഭവമാണല്ലോ. അബ്‌റഹത്ത് കൊണ്ടുവന്ന ആനകള്‍ കഅ്ബക്ക് നേരെ തിരിയുമ്പോള്‍ നിലത്തേക്ക് ആണ്ടുപോവുകയാണ് ഉണ്ടായത്. എന്നാല്‍ ഇന്ന് കഅ്ബയെ സംരക്ഷിക്കാനായി, അതിന് അര്‍ഹിക്കുന്ന സ്ഥാനവും പദവിയും നല്‍കുന്നതിന് വേണ്ടിയാണ് നബി ﷺ യും സ്വഹാബിമാരും അവിടേക്ക് പുറപ്പെടുന്നത്. അന്ന് ആനയെ പിടിച്ചുവെച്ചവന്‍ ഇപ്പോള്‍ നമ്മുടെ ഒട്ടകത്തെയും പിടിച്ചുവെക്കുകയാണെന്നും, അതല്ലാതെ അതിന് ക്ഷീണം ബാധിച്ചതല്ലെന്നും അവിടുന്ന് സ്വഹാബത്തിനെ പഠിപ്പിക്കുകയാണ്. എന്തിനാണ് നബി ﷺ യുടെ ഒട്ടകത്തെ അല്ലാഹു പിടിച്ചു വെക്കുന്നത്? അതെ, ശേഷം വലിയ ഒരു വിജയം മുസ്‌ലിംകള്‍ക്ക് വരാനിരിക്കുന്നു. അതിന് മുന്നോടിയായി അല്ലാഹു നിശ്ചയിച്ച കാര്യങ്ങള്‍ സംഭവിപ്പിക്കുകയാണ്.

നബി ﷺ യും സ്വഹാബത്തും അവിടെ തമ്പടിച്ചതിൽ ഖുറൈശികൾ ഭയന്നു. തന്റെ ഒരു അനുചരനെ അവരിലേക്കയക്കാൻ നബി ﷺ ആഗ്രഹിച്ചു. അതിനായി ഉമറുബ്‌നുൽഖത്വാബ് رَضِيَ اللَّهُ عَنْهُ  വിനെ വിളിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഞാൻ ഉപദ്രവിക്കപ്പെട്ടാൽ എനിക്കു വേണ്ടി പ്രതികരിക്കാൻ ബനൂകഅ്ബിൽപെട്ട ഒരാളും അവിടെയില്ല.’ അപ്പോൾ നബി ﷺ ഉസ്മാനുബ്‌നു അഫ്ഫാൻ رَضِيَ اللَّهُ عَنْهُ  അയച്ചു. അദ്ദേഹത്തിന്റെ ബന്ധുക്കൾ അവിടെയുണ്ട്. അദ്ദേഹം അതിനു യോഗ്യനാണ്. അങ്ങനെ ഉസ്മാൻ رَضِيَ اللَّهُ عَنْهُ  വിനെ വിളിക്കുകയും ക്വുറൈശികളിലേക്ക് നിയോഗിക്കുകയും ചെയ്തു. നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: ‘നമ്മൾ യുദ്ധത്തിന് വന്നതല്ലെന്ന് അവരെ അറിയിക്കണം. നാം വന്നത് ഉംറ ചെയ്യാൻ ഉദ്ദേശിച്ച് മാത്രമാണ്. അതോടൊപ്പം അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യും.’ മക്കയിലുള്ള സത്യവിശ്വാസികളായ സ്ത്രീ-പുരുഷന്മാരെക്കണ്ട് വിജയത്തെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കാനും സത്യവിശ്വാസം മറച്ചുവെക്കേണ്ടതില്ലാത്തവിധം തന്റെ മതം മക്കത്ത് പരസ്യമാക്കാൻ കഴിയുമെന്നും അവരെ അറിയിക്കാനും നിർദേശിച്ചു.

അങ്ങനെ ഉസ്മാൻ رَضِيَ اللَّهُ عَنْهُ  പോയി. ബൽദഹിൽ ഖുറൈശികളുടെ സമീപത്തുകൂടി കടന്നുപോയി, അപ്പോൾ അവർ ചോദിച്ചു: ‘താങ്കൾ എങ്ങോട്ടാണ്?’ അദ്ദേഹം പറഞ്ഞു: ‘നിങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാൻവേണ്ടി അല്ലാഹുവിന്റെ റസൂൽ ﷺ നിയോഗിച്ചതാണ് എന്നെ.’ ഞങ്ങൾ യുദ്ധത്തിന് വന്നതല്ലെന്ന് അദ്ദേഹം അവരെ അറിയിക്കുകയും ചെയ്തു. അവർ പറഞ്ഞു: ‘താങ്കൾ പറഞ്ഞതെല്ലാം ഞങ്ങൾ കേട്ടു. താങ്കൾ താങ്കളുടെ ആവശ്യം നിർവഹിച്ചുകൊള്ളുക.’ അബാനുബ്‌നു സഈദ് വരികയും അദ്ദേഹത്തെ സ്വീകരിക്കുകയും അദ്ദേഹത്തിന്റെ കുതിരയുടെ ജീൻ ശരിയാക്കി അദ്ദേഹത്തെ തന്റെ കുതിരപ്പുറത്ത് കയറ്റുകയും ചെയ്തു. അങ്ങനെ അദ്ദേഹം ഉസ്മാൻ رَضِيَ اللَّهُ عَنْهُ  വിന് അഭയം നൽകി. മക്കയിൽ എത്തുവോളം അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു. ഉസ്മാൻ رَضِيَ اللَّهُ عَنْهُ  മടങ്ങിയെത്തുന്നതിനുമുമ്പെ മുസ്‌ലിംകൾ പറഞ്ഞു: ‘ഉസ്മാൻ  നമുക്കുമുമ്പ് കഅ്ബയിലെത്തി, ത്വവാഫ് ചെയ്തു.’ അപ്പോൾ നബി ﷺ പറഞ്ഞു: ‘നാം തടസ്സപ്പെട്ടുനിൽക്കെ അദ്ദേഹം ത്വവാഫ് ചെയ്യുമെന്ന് ഞാൻ വിചാരിക്കുന്നില്ല.’ അപ്പോൾ അവർ പറഞ്ഞു: ‘അദ്ദേഹം സുരക്ഷിതനായിരിക്കെ, അദ്ദേഹത്തിന് ത്വവാഫ് ചെയ്യാൻ എന്താണ് തടസ്സം?’ അപ്പോൾ നബി ﷺ പറഞ്ഞു: ‘നാം അദ്ദേഹത്തോടൊപ്പം ത്വവാഫ് ചെയ്യുന്നതുവരെ അദ്ദേഹം ത്വവാഫ് ചെയ്യില്ലെന്നാണ് ഞാൻ വിചാരിക്കുന്നത്.’

സന്ധിയുടെ കാര്യത്തിൽ മുശ്‌രിക്കുകളും മുസ്‌ലിംകളും തമ്മിൽ അസ്വസ്ഥതകളുണ്ടായി. രണ്ട് വിഭാഗങ്ങളിൽ ഒരാൾ മറ്റെ വിഭാഗത്തിലെ ഒരാളെ അമ്പെറിഞ്ഞു. അത് ഏറ്റുമുട്ടലായിത്തീ ർന്നു. കല്ലുകൊണ്ടും അമ്പുകൊണ്ടും അവർ പരസ്പരം എറിയാൻ തുടങ്ങി. അങ്ങനെ ഉസ്മാൻ رَضِيَ اللَّهُ عَنْهُ  കൊല്ലപ്പെട്ടുവെന്ന് നബി ﷺ ക്ക് വിവരം കിട്ടി.  അങ്ങനെ മുസ്‌ലിംകളെല്ലാം രോഷാകുലരായി. അപ്പോൾ നബി ﷺ അവരെ പ്രതിജ്ഞയ്ക്ക്(ബൈഅത്) വേണ്ടി ക്ഷണിച്ചു. ഒരിക്കലും പിന്തിരിഞ്ഞുപോവുകയില്ലെന്നും മരണംവരെ പോരാടുമെന്നും ആ മരത്തിന്റെ ചുവട്ടിൽവെച്ച് അവർ പ്രതിജ്ഞ ചെയ്തു. അപ്പോൾ നബി ﷺ തന്റെ സ്വന്തം കൈ പിടിച്ചു പറഞ്ഞു: ‘ഇത് ഉസ്മാനുവേണ്ടിയാണ്.’ അതോടെ ഉഥ്മാന്‍ رَضِيَ اللَّهُ عَنْهُ  ബൈഅതിൽ പങ്കെടുത്ത സ്വഹാബിമാരില്‍ അംഗമായി. വൃക്ഷത്തിന്റെ ചുവട്ടില്‍ വെച്ചായതു കൊണ്ടു ഇതിന് بيعة الشجرة (വൃക്ഷത്തിങ്കല്‍ വെച്ചുണ്ടായ പ്രതിജ്ഞ) എന്നും, ഇതിലൂടെ അല്ലാഹുവിന്റെ പ്രത്യേകമായ തൃപ്തി (രിദ്‌വാന്‍) അവര്‍ക്ക് ലഭിച്ചതിനാൽ بيعة الرضروان (അല്ലാഹുവിന്റെ തൃപ്തി ലഭിച്ച പ്രതിജ്ഞ എന്നും) പറയപ്പെടുന്നു.

അവിടെ നബി ﷺ യോട് സ്വഹാബിമാര്‍ എടുത്ത ആ ബയ്അത്ത് അല്ലാഹുവിനോട് ചെയ്ത ബയ്അത്തിനെ പോലെയാണ്.

إِنَّ ٱلَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ ٱللَّهَ يَدُ ٱللَّهِ فَوْقَ أَيْدِيهِمْ ۚ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفْسِهِۦ ۖ وَمَنْ أَوْفَىٰ بِمَا عَٰهَدَ عَلَيْهُ ٱللَّهَ فَسَيُؤْتِيهِ أَجْرًا عَظِيمًا

തീര്‍ച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്. അതിനാല്‍ ആരെങ്കിലും (അത്) ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിന്റെ ദോഷഫലം അവന് തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയില്‍ ഏര്‍പെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍ അവന്ന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്. (ഖുർആൻ :48/10)

ഈ ബയ്അത്തിനെ തന്നെ പ്രശംസിച്ചു കൊണ്ട് ഇതേ അധ്യായത്തില്‍ തന്നെ മറ്റൊരിടത്ത് ഇപ്രകാരം കാണാം:

لَّقَدْ رَضِىَ ٱللَّهُ عَنِ ٱلْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ ٱلشَّجَرَةِ فَعَلِمَ مَا فِى قُلُوبِهِمْ فَأَنزَلَ ٱلسَّكِينَةَ عَلَيْهِمْ وَأَثَٰبَهُمْ فَتْحًا قَرِيبًا ‎﴿١٨﴾‏ وَمَغَانِمَ كَثِيرَةً يَأْخُذُونَهَا ۗ وَكَانَ ٱللَّهُ عَزِيزًا حَكِيمًا ‎﴿١٩﴾

ആ മരത്തിന്റെ ചുവട്ടില്‍വച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു. അവര്‍ക്ക് പിടിച്ചെടുക്കുവാന്‍ ധാരാളം സമരാര്‍ജിത സ്വത്തുകളും (അവന്‍ നല്‍കി). അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. (ഖുർആൻ :48/18-19)

ഈ ബൈഅത്തിൽ പങ്കാളികളായവരുടെ ശ്രേഷ്ടത അറിയിക്കുന്ന ഹദീസുകൾ കാണുക:

‏ أَنْتُمُ الْيَوْمَ خَيْرُ أَهْلِ الأَرْضِ

ഭൂവാസികളില്‍ ഇന്ന് ഏറ്റവും ഉത്തമരാണ് നിങ്ങള്‍. (മുസ്‌ലിം:1856)

لاَ يَدْخُلُ النَّارَ إِنْ شَاءَ اللَّهُ مِنْ أَصْحَابِ الشَّجَرَةِ أَحَدٌ ‏.‏ الَّذِينَ بَايَعُوا تَحْتَهَا

അല്ലാഹു ഉദ്ദേശിച്ചാല്‍ ഈ വൃക്ഷത്തിന്റെ ആളുകളില്‍ പെട്ട ഒരാളും – ചുവട്ടില്‍ നിന്ന് ബയ്അത്ത് ചെയ്തവരായ – നരകത്തില്‍ പ്രവേശിക്കുന്നതല്ല.(മുസ്‌ലിം:2496)

താമസിയാതെ ഉഥ്മാന്‍ رَضِيَ اللَّهُ عَنْهُ  അവിടേക്ക് കടന്നുവന്നു. ഉഥ്മാന്‍ رَضِيَ اللَّهُ عَنْهُ  വധിക്കപ്പെട്ടിരിക്കുന്നു എന്ന നേരത്തെ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിക്കപ്പെട്ട വാര്‍ത്ത കളവാണെന്ന് അദ്ദേഹത്തിന്റെ വരവോടെ ബോധ്യമാകുകയും ചെയ്തു.

ബദീലുബ്‌നുവർക്വാഉൽഖുസാഇയ്യ് ഏതാനും ഖുസാഅക്കാരോടൊപ്പം വന്നു. തിഹാമക്കാരിൽ അവരായിരുന്നുനബി ﷺ യുടെ ഉപദേശത്തിന്റെയും രഹസ്യത്തിന്റെയും ആളുകൾ. അദ്ദേഹം പറഞ്ഞു: ‘കഅ്ബുബ്‌നു ലുഅയ്യും അമീറുബ്‌നു ൽലുഅയ്യും ഹുദൈബിയ തടാകത്തിന്നരികി ൽ തമ്പടിച്ചിട്ടുണ്ട്. ഞാൻ വരുമ്പോൾ, അവരോടൊപ്പം കുട്ടിയുള്ള ഒട്ടകമുണ്ട്. അവർ താങ്കളോട് യുദ്ധം ചെയ്യുന്നവരും കഅ്ബയിൽനിന്ന് തടയുന്നവരുമാണ്.’ നബി ﷺ പറഞ്ഞു: ‘ഞങ്ങൾ ഒരാളോടും യുദ്ധത്തിന് വന്നതല്ല. ഞങ്ങൾ ഉംറക്ക് മാത്രം വന്നതാണ്. തീർച്ചയായും ഖുറൈശികൾക്കും യുദ്ധം ബുദ്ധിമുട്ടും പ്രയാസവുമാണ്. അവർ ഉദ്ദേശിക്കുകയാണെങ്കിൽ ഞാൻ അവരെ സഹായിക്കും. എനിക്കും ജനങ്ങൾക്കുമിടയിൽ അവർ ഒഴിവാകും. ഇനി ജനങ്ങൾ പ്രവേശിച്ചിടത്ത് പ്രവേശിക്കാനാണ് അവരുദ്ദേശിക്കുന്നതെങ്കിൽ അവരങ്ങനെ ചെയ്യട്ടെ. ഇനി അവർ വിസമ്മതിക്കുകയാണെങ്കിൽ യുദ്ധം മാത്രം. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ സത്യം, ഈ കാര്യത്തിന് ഞാൻ അവരോട് യുദ്ധം ചെയ്യുകതന്നെ ചെയ്യും; മരണം വരെ, അല്ലെങ്കിൽ അല്ലാഹു അവന്റെ കൽപന നടപ്പിലാക്കുന്നതുവരെ.’ ബദീഅ് പറഞ്ഞു: ‘താങ്കൾ പറഞ്ഞത് ഞാൻ അവർക്കെത്തിക്കാം.’ അങ്ങനെ അയാൾ ഖുറൈശികളുടെ അടുത്തേക്ക് പോയി. എന്നിട്ട് പറഞ്ഞു: ‘ഈ മനുഷ്യന്റെ അടുക്കൽനിന്നുള്ള ചില വിവരങ്ങളുമായാണ് ഞാൻ നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നത്. അദ്ദേഹം ഒരു കാര്യം പറയുന്നത് ഞാൻ കേട്ടു. നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഞാനത് അവതരിപ്പിക്കാം.’ അപ്പോൾ ചില അവിവേകികൾ പറഞ്ഞു: ‘അയാളെക്കുറിച്ചൊന്നും നീ ഞങ്ങളോട് സംസാരിക്കേണ്ട ആവശ്യമില്ല.’ എന്നാൽ അവരിൽ ബുദ്ധിമാന്മാർ പറഞ്ഞു: ‘കൊണ്ടുവരൂ, കേൾക്കട്ടെ അവൻ പറയുന്നത്.’ അദ്ദേഹം പറഞ്ഞു: ‘അയാൾ ഇപ്രകാരമെല്ലാം പറയുന്നതായി ഞാൻ കേട്ടു.’ അപ്പോൾ ഉർവതുബ്‌നു മസ്ഊദ് അസ്സഖഫി പറഞ്ഞു: ‘നല്ലൊരു പദ്ധതിയാണ് അദ്ദേഹം നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളത് സ്വീകരിക്കു. അദ്ദേഹത്തിന്റെ അടുത്ത് പോകാൻ എന്നെ അനുവദിക്കൂ.’ അപ്പോൾ അവർ പറഞ്ഞു: ‘താങ്കൾ പോവുക.’

അങ്ങനെ അദ്ദേഹം നബി ﷺ യുടെ അടുക്കൽ ചെന്നു സംസാരിക്കാൻ തുടങ്ങി. ബദീലിനോട് മുമ്പ് പറഞ്ഞതുപോലെത്തന്നെ നബി ﷺ അദ്ദേഹത്തോടും പറഞ്ഞു. ആ സന്ദർഭത്തിൽ ഉർവ അദ്ദേഹത്തോട് പറഞ്ഞു: ‘ഓ മുഹമ്മദ്, ഞാൻ നിന്റെ ജനതയെ നാമാവശേഷമാക്കുന്നതിനെക്കുറിച്ച് നിന്റെ അഭിപ്രായമെന്താണ്? ആ അറബികളിൽനിന്ന് ആരെങ്കിലും മുമ്പ് തന്റെ കുടുംബത്തെ നശിപ്പിച്ചത് നീ കേട്ടിട്ടുണ്ടോ? നീ മറിച്ചാവുകയാണെങ്കിൽ, അല്ലാഹുവാണെ, ഞാൻ ചില മുഖങ്ങൾ കാണുന്നു; ചില ജനങ്ങളിലെ ചില അധമന്മാരെയും, വിരണ്ടോടുന്നവരും നിന്നെ ഉപേക്ഷിക്കുന്നവരുമായ.’ അപ്പോൾ അബൂബക്ർ رَضِيَ اللَّهُ عَنْهُ  പ്രതികരിച്ചു: ‘ലാത്തയുടെ മുല നീ മുത്തിക്കുടിക്കുക. ഞങ്ങൾ അദ്ദേഹത്തെ ഉപേക്ഷിക്കുകയും ഓടിപ്പോവുകയും ചെയ്യുകയോ?’ അവൻ ചോദിച്ചു: ‘അതാരാണ്?’ അവർ പറഞ്ഞു: ‘അബൂബക്ർ.’ അവൻ പറഞ്ഞു: ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം, നിനക്ക് എന്റെയടുക്കൽ ചില സ്വാധീനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഞാൻ നിനക്ക് മറുപടി തരുമായിരുന്നു.’ അവൻ നബി ﷺ യോട് സംസാരിച്ചുകൊണ്ടേയിരുന്നു. സംസാരിക്കുമ്പോഴെല്ലാം നബി ﷺ യുടെ താടിക്ക് അവൻ പിടിക്കുന്നുണ്ടായിരുന്നു. നബി ﷺ യുടെ തലയുടെ അടുത്തായി മുഗീറത്തുബ്‌നു ശുഅ്ബ ഒരു വാളുമായി നിൽപ്പുണ്ടായിരുന്നു. തലയിൽ ഇരുമ്പുതൊപ്പിയുമുണ്ട്. ഉർവ നബി ﷺ യുടെ താടിയിലേക്കെത്തുമ്പോഴെല്ലാം അയാളുടെ കൈക്ക് മുഗീറ വാളുകൊണ്ട് അടിച്ചുകൊണ്ടിരുന്നു. അദ്ദേഹം പറയുകയും ചെയ്തു: ‘അല്ലാഹുവിന്റെ ദൂതന്റെ താടിയിൽനിന്നും നിന്റെ കൈ മാറ്റുക.’ അപ്പോൾ ഉർവ തലയുയർത്തി ചോദിച്ചു: ‘ആരാണ്?’ അദ്ദേഹം പറഞ്ഞു: ‘മുഗീറത്തുബ്‌നു ശുഅ്ബ.’ അപ്പോൾ അവൻ പറഞ്ഞു: ‘ഒറ്റിക്കൊടുക്കുന്നവനേ! നിന്റെ ഒറ്റിക്കൊടുക്കലിൽ ഞാനിപ്പോഴും പ്രയാസപ്പെടുന്നില്ലേ?’ ജാഹിലിയ്യകാലത്ത് മുഗീറ ഒരു സംഘത്തോടൊപ്പം യാത്രപോവുകയും അവരെക്കൊന്ന് അവരുടെ സ്വത്ത് കൈക്കലാക്കുകയും ചെയ്തിരുന്നു. പിന്നീടദ്ദേഹം മുസ്‌ലിമായി. അപ്പോൾ നബി ﷺ പറഞ്ഞു: ‘എന്നാൽ ഇസ്‌ലാം; അതിനെ ഞാൻ സ്വീകരിച്ചു. എന്നാൽ സമ്പത്ത്; അതിൽനിന്ന് എനിക്കൊന്നും ആവശ്യമില്ല.’

പിന്നീട് ഉർവ നബി ﷺ യുടെ സ്വഹാബിമാരെ നിരീക്ഷിക്കാൻ തുടങ്ങി. അല്ലാഹുവാണെ, നബി ﷺ ഒന്നു തുപ്പിയാൽ അത് അവരിൽ ഒരാളുടെ കയ്യിലല്ലാതെ വീഴില്ല. അതയാൾ അയാളുടെ മുഖത്തും തൊലിയിലും പുരട്ടും. അദ്ദേഹം അവരോട് വല്ലതും കൽപിച്ചാൽ അതവർ വേഗം നിർവഹിക്കും. നബി ﷺ വുദൂഅ് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ വുദൂഇന്റെ വെള്ളത്തിന്നവർ പോരടിക്കും. അദ്ദേഹം സംസാരിക്കുകയാണെങ്കിൽ അവരുടെ ശബ്ദം അവർ താഴ്ത്തും. ബഹുമാനത്താൽ അദ്ദേഹത്തിലേക്ക് നേർക്കുനേർ നോക്കാറില്ല. ഇതെല്ലാം കണ്ടുകൊണ്ട് ഉർവ തന്റെ ജനതയിലേക്ക് തിരിച്ചുപോയി. എന്നിട്ട് അയാൾ പറഞ്ഞു: ‘ഓ, ജനതയേ. അല്ലാഹുവാണെ, ഞാൻ പല രാജാക്കന്മാരുടെ അടുക്കലും നിവേദകനായി പോയിട്ടുണ്ട്; കിസ്‌റായുടെയും കൈസറിന്റെയും നജ്ജാശിയുടെയും അടുക്കൽവരെ. മുഹമ്മദിന്റെ അനുചരർ മുഹമ്മദിനെ ആദരിക്കുന്നതുപോലെ ഒരു രാജാവും ആദരിക്കപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. അവരിൽ ഒരാളുടെ കയ്യിൽ അദ്ദേഹത്തിന്റെ തുപ്പൽവീണാൽ അതയാൾ മുഖത്തും ദേഹത്തും പുരട്ടും. അവരോടദ്ദേഹം വല്ലതും കൽപിച്ചാൽ അതവർ വേഗത്തിൽ നടപ്പിലാക്കും. വുദൂഅ് ചെയ്യുമ്പോൾ ആ വെള്ളത്തിന്നവർ മത്സരിക്കും. അദ്ദേഹം സംസാരിക്കുമ്പോൾ അവർ അദ്ദേഹത്തിന്റെയടുക്കൽ ശബ്ദം താഴ്ത്തും. ബഹുമാനത്താൽ അവർ അദ്ദേഹത്തിലേക്ക് നേർക്കുനേരെ നോക്കാറില്ല. നല്ലൊരു പദ്ധതിയാണ് അദ്ദേഹം നിങ്ങൾക്ക് സമർപ്പിച്ചത്. അത് നിങ്ങൾ സ്വീകരിക്കുക.’

അപ്പോൾ ബനൂകിനാനയിൽപെട്ട ഒരാൾ പറഞ്ഞു: ‘എന്നെ അനുവദിക്കൂ, ഞാൻ അവന്റെ അടുക്കലൊന്ന് പോകട്ടെ.’ അപ്പോൾ അവർ പറഞ്ഞു: ‘നീ ചെല്ലൂ.’ അയാൾ നബി ﷺ യുടെ അടുക്കലെത്തിയപ്പോൾ നബി ﷺ പറഞ്ഞു: ‘ഇതാ ഒരാൾ. അയാൾ ബലിയൊട്ടകങ്ങളെ ആദരിക്കുന്ന ജനതയിൽപെട്ടവനാണ്. അവയെ അവന് കാണിക്കൂ.’ അവർ അവയെ കാണിച്ചു. തൽബിയത് ചൊല്ലി അയാളെ സ്വീകരിച്ചു. അത് കണ്ടപ്പോൾ അയാൾ പറഞ്ഞു: ‘സുബ്ഹാനല്ലാഹ്. ഇവരെ കഅ്ബയിൽനിന്ന് തടഞ്ഞുകൂടാ.’ ഉടൻ അയാൾ തന്റെ ആളുകളിലേക്ക് മടങ്ങി. എന്നിട്ട് പറഞ്ഞു: ‘ഞൻ ബലിയൊട്ടകങ്ങളെ കണ്ടു. അവയെ മാലയിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. അവരെ കഅ്ബയിൽനിന്ന് തടയണമെന്ന് എനിക്കഭിപ്രായമില്ല.’

അപ്പോൾ മക്‌റബ്ബ്‌നു ഹഫ്‌സ വന്ന് പറഞ്ഞു: ‘എന്നെ അനുവദിക്കൂ, ഞാനൊന്ന് പോയി നോക്കാം.’ അപ്പോൾ അവർ പറഞ്ഞു: ‘നീ പോയി നോക്ക്.’ അയാൾ അവരുടെ അടുത്തെത്തിയപ്പോൾ നബി ﷺ പറഞ്ഞു: ‘ഇത് മക്‌റസ്ബ്‌നു ഹഫ്‌സ. അവനൊരു അധർമകാരിയാണ്.’ അങ്ങനെ അവൻ നബി ﷺ യോട് സംസാരിക്കാൻ തുടങ്ങി. സംസാരിച്ചുകൊണ്ടിരിക്കെ, സുഹൈലുബ്‌നു അംറ് വന്നു. സ്വഹീഹുല്‍ ബുഖാരിയില്‍ ഇപ്രകാരം കാണാം:

فَجَاءَ سُهَيْلُ بْنُ عَمْرٍو فَقَالَ هَاتِ، اكْتُبْ بَيْنَنَا وَبَيْنَكُمْ كِتَابًا، فَدَعَا النَّبِيُّ صلى الله عليه وسلم الْكَاتِبَ، فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ‏”‏‏.‏ قَالَ سُهَيْلٌ أَمَّا الرَّحْمَنُ فَوَاللَّهِ مَا أَدْرِي مَا هُوَ وَلَكِنِ اكْتُبْ بِاسْمِكَ اللَّهُمَّ‏.‏ كَمَا كُنْتَ تَكْتُبُ‏.‏ فَقَالَ الْمُسْلِمُونَ وَاللَّهِ لاَ نَكْتُبُهَا إِلاَّ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ اكْتُبْ بِاسْمِكَ اللَّهُمَّ ‏”‏‏.‏

അങ്ങനെ സുഹൈലുബ്‌നു അംറ് കടന്നുവന്നു. അയാൾ പറഞ്ഞു: ‘വരൂ. നിനക്കും ഞങ്ങൾക്കുമിടയിൽ ഒരു രേഖയുണ്ടാക്കാം.’ അങ്ങനെ നബി ﷺ എഴുത്തുകാരനെ വിളിച്ചു. എന്നിട്ട് നബി ﷺ പറഞ്ഞു.  بسم الله الرحمن الرحيم (ബിസ്മില്ലാഹിർറഹ്‌മാനിർറഹീം) എന്നെഴുതിയപ്പോൾ സുഹൈൽ പറഞ്ഞു: ‘റഹ്‌മാനോ?(പരമകാരുണികനോ?) അല്ലാഹുവാണെ, അതെന്താണെന്ന് ഞങ്ങൾക്കറിയില്ല.  باسمك اللهم (ബിസ്മികല്ലാഹുമ്മ – അല്ലാഹുവിന്റെ നാമത്തിൽ) എന്നെഴുതാം; നീ എഴുതാറുള്ളതുപോലെ.’ അപ്പോൾ മുസ്‌ലിംകൾ പറഞ്ഞു: ‘പരമകാരുണികനും കരുണാനിധിയുമായവന്റെ നാമത്തി ൽ’ എന്നല്ലാതെ ഞങ്ങൾ എഴുതില്ല.’ അപ്പോൾ നബി ﷺ പറഞ്ഞു: ‘ബിസ്മികല്ലാഹുമ്മ (അല്ലാഹുവേ, നിന്റെ നാമത്തിൽ) എന്നെഴുതിക്കോളൂ.’

ثُمَّ قَالَ ‏”‏ هَذَا مَا قَاضَى عَلَيْهِ مُحَمَّدٌ رَسُولُ اللَّهِ ‏”‏‏.‏ فَقَالَ سُهَيْلٌ وَاللَّهِ لَوْ كُنَّا نَعْلَمُ أَنَّكَ رَسُولُ اللَّهِ مَا صَدَدْنَاكَ عَنِ الْبَيْتِ وَلاَ قَاتَلْنَاكَ، وَلَكِنِ اكْتُبْ مُحَمَّدُ بْنُ عَبْدِ اللَّهِ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ وَاللَّهِ إِنِّي لَرَسُولُ اللَّهِ وَإِنْ كَذَّبْتُمُونِي‏.‏ اكْتُبْ مُحَمَّدُ بْنُ عَبْدِ اللَّهِ ‏”‏‏.‏

പിന്നീട് അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലായ മുഹമ്മദ് തീരുമാനിച്ചതാകുന്നു ഇത് (എന്നും എഴുതുക).’ അപ്പോള്‍ സുഹയ്ല്‍ പറഞ്ഞു: ‘അല്ലാഹുവെണ സത്യം, താങ്കള്‍ അല്ലാഹുവിന്റെ റസൂലാണ് എന്ന് ഞങ്ങള്‍ക്ക് അറിയുമായിരുന്നുവെങ്കില്‍ കഅ്ബയെ തൊട്ട് താങ്കളെ ഞങ്ങള്‍ തടയുകയോ താങ്കളോട് ഞങ്ങള്‍ യുദ്ധം ചെയ്യുകയോ ചെയ്യുമായിരുന്നില്ല. എന്നാല്‍, മുഹമ്മദ് ഇബ്‌നു അബ്ദുല്ലാഹ് എന്ന് എഴുതിക്കൊള്ളുക.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, നിങ്ങള്‍ എന്നെ കളവാക്കുകയാണെങ്കിലും തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിന്റെ റസൂല്‍ തന്നെയാണ്. (അതിനാല്‍) മുഹമ്മദ് ഇബ്‌നു അബ്ദുല്ലാഹ് എന്ന് എഴുതിക്കൊള്ളുക.’

قَالَ الزُّهْرِيُّ وَذَلِكَ لِقَوْلِهِ ‏”‏ لاَ يَسْأَلُونِي خُطَّةً يُعَظِّمُونَ فِيهَا حُرُمَاتِ اللَّهِ إِلاَّ أَعْطَيْتُهُمْ إِيَّاهَا ‏”‏‏.

സുഹ്‌രി പറഞ്ഞു: ‘അല്ലാഹു പവിത്രമാക്കിയവയെ ബഹുമാനിക്കുന്ന കാര്യങ്ങള്‍ അവര്‍ എന്നോട് ചോദിച്ചിട്ടില്ല, ഞാന്‍ അവര്‍ക്ക് അത് നല്‍കിയിട്ടല്ലാതെ എന്ന അവിടുത്തെ വാക്കാണ് അത്.’

فَقَالَ لَهُ النَّبِيُّ صلى الله عليه وسلم ‏”‏ عَلَى أَنْ تُخَلُّوا بَيْنَنَا وَبَيْنَ الْبَيْتِ فَنَطُوفَ بِهِ ‏”‏‏.‏ فَقَالَ سُهَيْلٌ وَاللَّهِ لاَ تَتَحَدَّثُ الْعَرَبُ أَنَّا أُخِذْنَا ضُغْطَةً وَلَكِنْ ذَلِكَ مِنَ الْعَامِ الْمُقْبِلِ فَكَتَبَ‏.‏

അപ്പോള്‍ നബി ﷺ അലി رَضِيَ اللَّهُ عَنْهُ യോട് (എഴുതാന്‍) പറഞ്ഞു: ‘ഞങ്ങള്‍ക്കും കഅ്ബക്കും ഇടയില്‍ (ഉള്ള പ്രയാസങ്ങള്‍) ഇല്ലാതാകുകയും ഞങ്ങള്‍ക്ക് അതിനെ ത്വവാഫ് ചെയ്യുകയും വേണം.’ അപ്പോള്‍ സുഹയ്ല്‍ പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, ഞങ്ങള്‍ സമ്മര്‍ദത്തിലായി എന്ന് അറബികള്‍ സംസാരിക്കാതിരിക്കില്ല. പക്ഷേ, അത് അടുത്ത വര്‍ഷം ആകാം.’ അപ്പോള്‍ (അത്) അദ്ദേഹം എഴുതി.

فَقَالَ سُهَيْلٌ وَعَلَى أَنَّهُ لاَ يَأْتِيكَ مِنَّا رَجُلٌ، وَإِنْ كَانَ عَلَى دِينِكَ، إِلاَّ رَدَدْتَهُ إِلَيْنَا‏.‏ قَالَ الْمُسْلِمُونَ سُبْحَانَ اللَّهِ كَيْفَ يُرَدُّ إِلَى الْمُشْرِكِينَ وَقَدْ جَاءَ مُسْلِمًا فَبَيْنَمَا هُمْ كَذَلِكَ إِذْ دَخَلَ أَبُو جَنْدَلِ بْنُ سُهَيْلِ بْنِ عَمْرٍو يَرْسُفُ فِي قُيُودِهِ، وَقَدْ خَرَجَ مِنْ أَسْفَلِ مَكَّةَ، حَتَّى رَمَى بِنَفْسِهِ بَيْنَ أَظْهُرِ الْمُسْلِمِينَ‏.‏ فَقَالَ سُهَيْلٌ هَذَا يَا مُحَمَّدُ أَوَّلُ مَا أُقَاضِيكَ عَلَيْهِ أَنْ تَرُدَّهُ إِلَىَّ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ إِنَّا لَمْ نَقْضِ الْكِتَابَ بَعْدُ ‏”‏‏.‏ قَالَ فَوَاللَّهِ إِذًا لَمْ أُصَالِحْكَ عَلَى شَىْءٍ أَبَدًا‏.‏ قَالَ النَّبِيُّ صلى الله عليه وسلم ‏”‏ فَأَجِزْهُ لِي ‏”‏‏.‏ قَالَ مَا أَنَا بِمُجِيزِهِ لَكَ‏.‏ قَالَ ‏”‏ بَلَى، فَافْعَلْ ‏”‏‏.‏ قَالَ مَا أَنَا بِفَاعِلٍ‏.‏ قَالَ مِكْرَزٌ بَلْ قَدْ أَجَزْنَاهُ لَكَ‏.‏ قَالَ أَبُو جَنْدَلٍ أَىْ مَعْشَرَ الْمُسْلِمِينَ، أُرَدُّ إِلَى الْمُشْرِكِينَ وَقَدْ جِئْتُ مُسْلِمًا أَلاَ تَرَوْنَ مَا قَدْ لَقِيتُ وَكَانَ قَدْ عُذِّبَ عَذَابًا شَدِيدًا فِي اللَّهِ‏.‏

എന്നിട്ട് സുഹയ്ല്‍ പറഞ്ഞു: ‘താങ്കളുടെ മതത്തിലായി ഞങ്ങളില്‍നിന്ന് ഒരാള്‍ താങ്കളുടെ അടുത്ത് വന്നാല്‍ ഞങ്ങളിലേക്കുതന്നെ മടക്കി അയക്കണം (എന്നതിലും കരാര്‍ എഴുതണം).’ മുസ്‌ലിംകള്‍ പറഞ്ഞു: ‘അല്ലാഹു എത്ര പരിശുദ്ധന്‍, ഒരാള്‍ മുസ്‌ലിമായി വന്നിട്ട് (അയാളെ) മുശ്‌രിക്കുകളിലേക്ക് എങ്ങനെ മടക്കും?’ അങ്ങനെയിരിക്കെ അബൂജന്ദല്‍ ഇബ്‌നു സുഹയ്ല്‍ ഇബ്‌നു അംറ് ആമങ്ങളില്‍ ബന്ധിക്കപ്പെട്ടവനായി അവിടേക്ക് കടന്നുവന്നു. മക്കയുടെ ഏറ്റവും താഴ്ന്ന പ്രദേശത്തുനിന്നാണ് മുസ്‌ലിംകള്‍ക്കിടയിലേക്ക് അദ്ദേഹം വന്ന് വീണിരിക്കുന്നത്. അപ്പോള്‍ സുഹയ്ല്‍ പറഞ്ഞു: ‘മുഹമ്മദേ, ഇതാ; ആദ്യത്തെ ഈ കരാര്‍ അവന്റെ മേലാണ്. അവനെ എന്നിലേക്ക് മടക്കിത്തരണം.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും, നാം കരാര്‍ എഴുതി തീര്‍ന്നിട്ടില്ലല്ലോ. അതിന് ശേഷം (ഉണ്ടാകുന്ന കാര്യങ്ങളിലേ കരാര്‍ നടപ്പിലാക്കാവൂ).’ അപ്പോള്‍ സുഹയ്ല്‍ പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, എങ്കില്‍ ഇനി നിന്നോട് ഒരു സന്ധിക്കും ഞാനില്ല.’ നബി ﷺ പറഞ്ഞു: ‘എന്നാല്‍ അദ്ദേഹത്തിന്റെ (അബൂജന്ദലിന്റെ) കാര്യത്തില്‍ മാത്രം നീ എനിക്ക് ഒരു ഇളവ് തരണം.’ (സുഹയ്ല്‍) പറഞ്ഞു: ‘അവന്റെ കാര്യത്തില്‍ ഞാന്‍ നിനക്ക് ഇളവുതരില്ല.’ നബി ﷺ പറഞ്ഞു: ‘അതെ, എന്നാല്‍ നീ (അപ്രകാരം) ചെയ്യുക.’ സുഹയ്ല്‍ പറഞ്ഞു: ‘ഞാന്‍ അത് ചെയ്യുന്നവനല്ല.’ മിക്‌റസ് പറഞ്ഞു: ‘ഞങ്ങള്‍ അതിന് അനുവാദം നല്‍കിയിരിക്കുന്നു.’ അേപ്പാള്‍ അബൂജന്ദല്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘ഓ, മുസ്‌ലിം സമൂഹമേ…ഞാന്‍ മുസ്‌ലിമായി വന്നിട്ടും മുശ്‌രിക്കുകളിലേക്ക് ഞാന്‍ മടക്കപ്പെടുകയാണ്. ഞാന്‍ അനുഭവിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ ശക്തമായി ശിക്ഷിക്കപ്പെട്ടിരിക്കുന്നു.’

قَالَ فَقَالَ عُمَرُ بْنُ الْخَطَّابِ فَأَتَيْتُ نَبِيَّ اللَّهِ صلى الله عليه وسلم فَقُلْتُ أَلَسْتَ نَبِيَّ اللَّهِ حَقًّا قَالَ ‏”‏ بَلَى ‏”‏‏.‏ قُلْتُ أَلَسْنَا عَلَى الْحَقِّ وَعَدُوُّنَا عَلَى الْبَاطِلِ قَالَ ‏”‏ بَلَى ‏”‏‏.‏ قُلْتُ فَلِمَ نُعْطِي الدَّنِيَّةَ فِي دِينِنَا إِذًا قَالَ ‏”‏ إِنِّي رَسُولُ اللَّهِ، وَلَسْتُ أَعْصِيهِ وَهْوَ نَاصِرِي ‏”‏‏.‏ قُلْتُ أَوَلَيْسَ كُنْتَ تُحَدِّثُنَا أَنَّا سَنَأْتِي الْبَيْتَ فَنَطُوفُ بِهِ قَالَ ‏”‏ بَلَى، فَأَخْبَرْتُكَ أَنَّا نَأْتِيهِ الْعَامَ ‏”‏‏.‏ قَالَ قُلْتُ لاَ‏.‏ قَالَ ‏”‏ فَإِنَّكَ آتِيهِ وَمُطَّوِّفٌ بِهِ ‏”‏‏.‏ قَالَ فَأَتَيْتُ أَبَا بَكْرٍ فَقُلْتُ يَا أَبَا بَكْرٍ، أَلَيْسَ هَذَا نَبِيَّ اللَّهِ حَقًّا قَالَ بَلَى‏.‏ قُلْتُ أَلَسْنَا عَلَى الْحَقِّ وَعَدُوُّنَا عَلَى الْبَاطِلِ قَالَ بَلَى‏.‏ قُلْتُ فَلِمَ نُعْطِي الدَّنِيَّةَ فِي دِينِنَا إِذًا قَالَ أَيُّهَا الرَّجُلُ، إِنَّهُ لَرَسُولُ اللَّهِ صلى الله عليه وسلم وَلَيْسَ يَعْصِي رَبَّهُ وَهْوَ نَاصِرُهُ، فَاسْتَمْسِكْ بِغَرْزِهِ، فَوَاللَّهِ إِنَّهُ عَلَى الْحَقِّ‏.‏ قُلْتُ أَلَيْسَ كَانَ يُحَدِّثُنَا أَنَّا سَنَأْتِي الْبَيْتَ وَنَطُوفُ بِهِ قَالَ بَلَى، أَفَأَخْبَرَكَ أَنَّكَ تَأْتِيهِ الْعَامَ قُلْتُ لاَ‏.‏ قَالَ فَإِنَّكَ آتِيهِ وَمُطَّوِّفٌ بِهِ‏.‏ قَالَ الزُّهْرِيِّ قَالَ عُمَرُ فَعَمِلْتُ لِذَلِكَ أَعْمَالاً‏.‏

 ‘അപ്പോള്‍ ഉമര്‍ ഇബ്‌നുല്‍ ഖത്ത്വാബ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘അപ്പോള്‍ ഞാന്‍ നബി ﷺ യുടെ അടുത്ത് ചെന്നു. എന്നിട്ട് ഞാന്‍ ചോദിച്ചു: ‘സത്യമായും അങ്ങ് അല്ലാഹുവിന്റെ പ്രവാചകന്‍ തന്നെയല്ലയോ?’ അവിടുന്ന് പറഞ്ഞു: ‘അതെ.’ ഞാന്‍ ചോദിച്ചു: ‘ഞങ്ങള്‍ സത്യത്തിലും നമ്മുടെ ശത്രുക്കള്‍ അസത്യത്തിലുമല്ലേ?’ അവിടുന്ന് പറഞ്ഞു: ‘അതെ.’ അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘എങ്കില്‍ എന്തിനാണ് നമ്മുടെ ദീനിന്റെ കാര്യത്തില്‍ നാം താഴ്ന്നുകൊടുക്കുന്നത്?’ നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിന്റെ റസൂലാണ്. ഞാന്‍ അവനോട് അനുസരണക്കേട് കാണിക്കുന്നവനല്ല. അവന്‍ എന്റെ സഹായിയാകുന്നു.’ ഞാന്‍ ചോദിച്ചു: ‘നാം കഅ്ബഃയില്‍ ചെല്ലുമെന്നും അതിനെ ത്വവാഫ് ചെയ്യുമെന്നും അങ്ങ് ഞങ്ങളോട് പറഞ്ഞിരുന്നല്ലോ?’ നബി ﷺ പറഞ്ഞു: ‘അതെ, ഈ വര്‍ഷം നാം അതിന്റെ അടുത്ത് ചെല്ലുന്നതാണ് എന്ന് ഞാന്‍ താങ്കളോട് പറഞ്ഞിട്ടുണ്ടോ?’ ഉമര്‍ رَضِيَ اللَّهُ عَنْهُ പറയുന്നു: ‘ഞാന്‍ പറഞ്ഞു; ഇല്ല.’ നബി ﷺ പറഞ്ഞു: ‘എന്നാല്‍ തീര്‍ച്ചയായും താങ്കള്‍ അതിന്റെ അടുത്ത് ചെല്ലുകയും അതിനെ ത്വവാഫ് ചെയ്യുകയും ചെയ്യുന്നതാണ്.’ ഉമര്‍ رَضِيَ اللَّهُ عَنْهُ പറയുന്നു: ‘ഞാന്‍ അബൂബക്‌ർ رَضِيَ اللَّهُ عَنْهُ വിന്റെ അടുത്ത് ചെന്നു. എന്നിട്ട് ചോദിച്ചു: അബൂബക്‌റേ, സത്യമായും ഇത് അല്ലാഹുവിന്റെ പ്രവാചകന്‍ തന്നെയല്ലെയോ?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ ഞാന്‍ ചോദിച്ചു: ‘നാം സത്യത്തിലും നമ്മുടെ ശത്രുക്കള്‍ അസത്യത്തിലുമല്ലെയോ?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ ‘എങ്കില്‍ എന്തിന് നാം നമ്മുടെ മതത്തിന്റെ കാര്യത്തില്‍ ശത്രുവിന് ഇങ്ങനെ വിട്ടുവീഴ്ച നല്‍കണം?’ അദ്ദേഹം പറഞ്ഞു: ‘ഏയ്, മനുഷ്യാ! തീര്‍ച്ചയായും അവിടുന്ന് അല്ലാഹുവിന്റെ റസൂല്‍ തന്നെയാണ്. അവിടുന്ന് റബ്ബിനോട് അനുസരണക്കേട് കാണിക്കുന്നവനല്ല. അവന്‍ അവിടുത്തെ സഹായിയാകുന്നു. അതിനാല്‍ താങ്കള്‍ അവിടുന്ന് കാണിച്ചുതരുന്നതിനെ മുറുകെ പിടിച്ചുകൊള്ളുക. അല്ലാഹുവാണെ സത്യം, തീര്‍ച്ചയായും അവിടുന്ന് സത്യത്തിലാണ്.’ ഞാന്‍ ചോദിച്ചു: ‘നാം കഅ്ബാലയത്തില്‍ ചെന്ന് ത്വവാഫ് ചെയ്യും എന്നല്ലേ അവിടുന്ന് നമ്മളോട് പറഞ്ഞിരുന്നത്?’ അദ്ദേഹം പറഞ്ഞു: ‘അതെ. എന്നാല്‍ ഈ വര്‍ഷം താങ്കള്‍ അവിടെ ചെല്ലുമെന്ന് പറഞ്ഞിരുന്നോ?’ ഞാന്‍ പറഞ്ഞു: ‘ഇല്ല.’ അദ്ദേഹം പറഞ്ഞു: ‘തീര്‍ച്ചയായും താങ്കള്‍ അവിടെ ചെല്ലുകയും അതിനെ ത്വവാഫ് ചെയ്യുകയും ചെയ്യുന്നതാണ്.’ സുഹ്‌രി പറയുന്നു: ‘ഉമര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അങ്ങനെ അതുപ്രകാരം ഞാന്‍ പ്രവര്‍ത്തിച്ചു.

قَالَ فَلَمَّا فَرَغَ مِنْ قَضِيَّةِ الْكِتَابِ قَالَ رَسُولُ اللَّهِ صلى الله عليه وسلم لأَصْحَابِهِ ‏”‏ قُومُوا فَانْحَرُوا، ثُمَّ احْلِقُوا ‏”‏‏.‏ قَالَ فَوَاللَّهِ مَا قَامَ مِنْهُمْ رَجُلٌ حَتَّى قَالَ ذَلِكَ ثَلاَثَ مَرَّاتٍ، فَلَمَّا لَمْ يَقُمْ مِنْهُمْ أَحَدٌ دَخَلَ عَلَى أُمِّ سَلَمَةَ، فَذَكَرَ لَهَا مَا لَقِيَ مِنَ النَّاسِ‏.‏ فَقَالَتْ أُمُّ سَلَمَةَ يَا نَبِيَّ اللَّهِ، أَتُحِبُّ ذَلِكَ اخْرُجْ ثُمَّ لاَ تُكَلِّمْ أَحَدًا مِنْهُمْ كَلِمَةً حَتَّى تَنْحَرَ بُدْنَكَ، وَتَدْعُوَ حَالِقَكَ فَيَحْلِقَكَ‏.‏ فَخَرَجَ فَلَمْ يُكَلِّمْ أَحَدًا مِنْهُمْ، حَتَّى فَعَلَ ذَلِكَ نَحَرَ بُدْنَهُ، وَدَعَا حَالِقَهُ فَحَلَقَهُ‏.‏ فَلَمَّا رَأَوْا ذَلِكَ، قَامُوا فَنَحَرُوا، وَجَعَلَ بَعْضُهُمْ يَحْلِقُ بَعْضًا، حَتَّى كَادَ بَعْضُهُمْ يَقْتُلُ بَعْضًا غَمًّا،

ഉമര്‍  رَضِيَ اللَّهُ عَنْهُ പറയുന്നു: ‘രേഖ തയ്യാറായിക്കഴിഞ്ഞപ്പോള്‍ അല്ലാഹുവിന്റെ റസൂല ﷺ തന്റെ സ്വഹാബിമാരോട് പറഞ്ഞു: ‘എല്ലാവരും എഴുന്നേല്‍ക്കുവിന്‍. എന്നിട്ട് ബലിയറുക്കുകയും തല മുണ്ഡനം നടത്തുകയും ചെയ്യുവിന്‍.’ ഉമര്‍ رَضِيَ اللَّهُ عَنْهُ പറയുന്നു: ‘അല്ലാഹുവാെണ സത്യം, മൂന്ന് തവണ അവിടുന്ന് അത് ആവര്‍ത്തിച്ചു പറയുന്നതുവരെ അവരില്‍ ഒരാളും എഴുന്നേറ്റില്ല. അവരില്‍ ഒരാളും എഴുന്നേല്‍ക്കാത്തത് കണ്ടപ്പോള്‍ അവിടുന്ന് ഉമ്മു സലമയുടെ അടുത്ത് പ്രവേശിച്ചു. എന്നിട്ട് ജനങ്ങളില്‍നിന്ന് കണ്ട കാര്യങ്ങള്‍ അവരോട് അവിടുന്ന് പറഞ്ഞു. അപ്പോള്‍ ഉമ്മു സലമ (റ) പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങ് അത് ഇഷ്ടപ്പെടുന്നുണ്ടോ? അങ്ങ് പുറപ്പെടുക. പിന്നീട് അവരില്‍ ഒരാളോടും ഒരു വാക്ക് പോലും സംസാരിക്കാതെ അങ്ങയുടെ ബലിമൃഗത്തെ അറുക്കുന്നത് വരെ (പുറപ്പെട്ടു കൊള്ളുക). അങ്ങയുടെ ക്ഷുരകനെയും വിളിക്കുക. എന്നിട്ട് അദ്ദേഹം അങ്ങയെ മുണ്ഡനം ചെയ്യട്ടെ. അങ്ങനെ അവരില്‍ ഒരാളോടും സംസാരിക്കാതെ അവിടുന്ന പുറപ്പെടുകയും തന്റെ ബലിമൃഗത്തെ അറവ് നടത്തുകയും ചെയ്തു. അവിടുന്ന് തന്റെ ക്ഷുരകനെ വിളിച്ചു. അങ്ങനെ അദ്ദേഹം അവിടുത്തെ തല മുണ്ഡനം നടത്തി. അത് കണ്ടപ്പോള്‍ അവരും എഴുന്നേറ്റു. എന്നിട്ട് അവര്‍ അറവ് നടത്തി. പരസ്പരം തല മുണ്ഡനം നടത്തുകയും ചെയ്തു…” (ബുഖാരി:2731)

ഖുറൈശികളുടെ നിര്‍ബന്ധപ്രകാരം, നബി  അങ്ങേഅറ്റത്തെ വിട്ടുവീഴ്ച ചെയ്തുകൊണ്ട് അവരുമായി ചെയ്ത സന്ധിവ്യവസ്ഥയായിരുന്നല്ലോ അത്. ഇത്രയും വിട്ടുവീഴ്ചകള്‍ക്കു നബി ﷺ അനുവദിച്ചത് സഹാബികള്‍ക്കു പൊതുവില്‍ ഇഷ്ടമായിരുന്നില്ല. ഹുദയ്ബിയ സന്ധിയുടെ ബാഹ്യവശം നോക്കുന്നവര്‍ക്ക് മുസ്‌ലിംകള്‍ ശത്രുക്കളുടെ മുമ്പില്‍ എല്ലാം അടിയറ വെച്ച് ഭീരുക്കളായി മാറിയ അവസ്ഥയാണ് തോന്നുക. എന്നാല്‍ അല്ലാഹുവിന്റെ പ്രത്യേകമായ കാവലുള്ള നബി ﷺ ആണല്ലോ ആ കരാറുകള്‍ എഴുതാന്‍ നിര്‍ദേശിച്ചത്. അതിനാല്‍തന്നെ ഹുദയ്ബിയ സന്ധിയുടെ പര്യവസാനം മറ്റൊരു നിലയ്ക്കായിരുന്നു. അഥവാ, ഈ കരാറുകളിലൂടെ മുസ്‌ലിം ലോകത്തിന് വലിയ വിജയമാണ് അല്ലാഹു സമ്മാനിച്ചത്.

ഹുദയ്ബിയയില്‍നിന്നുള്ള മടക്കയാത്രയില്‍ അല്ലാഹു നബി ﷺ ക്ക് വിശുദ്ധ ഖുർആനിൽ ഒരു സൂറത്ത്തന്നെ ഇറക്കിക്കൊടുത്തു. അതാണ് സൂറത്തുല്‍ ഫത്ഹ്.

عَنْ أَسْلَمَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: لَقَدْ أُنْزِلَتْ عَلَىَّ اللَّيْلَةَ سُورَةٌ لَهِيَ أَحَبُّ إِلَىَّ مِمَّا طَلَعَتْ عَلَيْهِ الشَّمْسُ، ثُمَّ قَرَأَ ‏{‏إِنَّا فَتَحْنَا لَكَ فَتْحًا مُبِينًا‏}‏‏.‏‏”‏

അസ്ലം رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  നബി ﷺ പറഞ്ഞു:നിശ്ചയം, ഈ രാത്രി എനിക്ക് ഒരു സൂറത്ത് അവതരിക്കപ്പെട്ടു.അതാകട്ടെ എനിക്ക് സൂര്യനുദിച്ച ഈ ദുന്‍യാവിലെ അനുഗ്രഹങ്ങളേക്കാള്‍ ഏറ്റവും ഇഷ്ടകരമാണ്. ശേഷം നബി ﷺ സൂറത്തുല്‍ ഫത്ഹ് പാരായണം ചെയ്തു. (ബുഖാരി:4177).

ഈ സൂറത്തിന്റെ തുടക്കത്തിൽതന്നെ ഹുദയ്ബിയ സന്ധി പരാജയമല്ല, വിജയമായിരുന്നുവെന്ന് സൂചിപ്പിക്കുന്നു:

إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا ‎﴿١﴾‏ لِّيَغْفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُۥ عَلَيْكَ وَيَهْدِيَكَ صِرَٰطًا مُّسْتَقِيمًا ‎﴿٢﴾‏ وَيَنصُرَكَ ٱللَّهُ نَصْرًا عَزِيزًا ‎﴿٣﴾

തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു. നിന്റെ പാപത്തില്‍നിന്ന്മുമ്പ് കഴിഞ്ഞുപോയതും പിന്നീട് ഉണ്ടാകുന്നതും അല്ലാഹു നിനക്ക് പൊറുത്തുതരുന്നതിനു വേണ്ടിയും അവന്റെ അനുഗ്രഹം നിനക്ക് നിറവേറ്റിത്തരുന്നതിനു വേണ്ടിയും നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിന് വേണ്ടിയുമാകുന്നു അത്. അന്തസ്സാര്‍ന്ന ഒരു സഹായം അല്ലാഹു നിനക്ക് നല്‍കാന്‍ വേണ്ടിയും. (ഖുർആൻ:48/1-3)

ശത്രുക്കളുടെ മുമ്പില്‍ പരാജിതരായി എല്ലാം നാം അടിയറവെച്ച് പോയോ, നാം ഭീരുക്കളായോ, നാം സത്യത്തിന്റെ കക്ഷികളും അവര്‍ അസത്യത്തിന്റെ കക്ഷികളും ആയിട്ട് പോലും മക്കയിലേക്ക് പ്രവേശിക്കുവാന്‍ പോലും പറ്റാതെ പരാജിതരായോ തുടങ്ങിയ ചിന്തകളാൽ അസ്വസ്ഥമായവർക്ക് ആശ്വാസമായി ഈ വചനങ്ങൾ. നബി ﷺ ക്ക് അല്ലാഹു പൊറുത്തുനല്‍കുന്നതിന് വേണ്ടിയും, അല്ലാഹുവിന്റെ അനുഗ്രഹം അവിടുത്തേക്ക് പരിപൂര്‍ണമാക്കുന്നതിനും, ചൊവ്വായ മാര്‍ഗത്തില്‍ അവിടുത്തെ നയിക്കുന്നതിന് വേണ്ടിയും, അന്തസ്സുറ്റ ഒരു സഹായം അല്ലാഹു അവിടുത്തേക്ക് നല്‍കുന്നതിന് വേണ്ടിയുമാകുന്നു അല്ലാഹു ഈ വിജയം നല്‍കിയത്. അപ്പോൾ  സ്വഹാബിമാര്‍ നബി ﷺ യോട് ചോദിച്ചു: ‘ഞങ്ങളുടെ കാര്യത്തില്‍ അല്ലാഹു എന്താണ് പറഞ്ഞിരിക്കുന്നത്?’ അപ്പോള്‍ ‘സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയും അവരുടെ തെറ്റുകള്‍ അല്ലാഹു മായ്ക്കുന്നതിന് വേണ്ടിയും ആകുന്നു’ എന്ന ഭാഗം അല്ലാഹു ഇറക്കി.

هُوَ ٱلَّذِىٓ أَنزَلَ ٱلسَّكِينَةَ فِى قُلُوبِ ٱلْمُؤْمِنِينَ لِيَزْدَادُوٓا۟ إِيمَٰنًا مَّعَ إِيمَٰنِهِمْ ۗ وَلِلَّهِ جُنُودُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًا ‎﴿٤﴾‏ لِّيُدْخِلَ ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا وَيُكَفِّرَ عَنْهُمْ سَيِّـَٔاتِهِمْ ۚ وَكَانَ ذَٰلِكَ عِندَ ٱللَّهِ فَوْزًا عَظِيمًا ‎﴿٥﴾

അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കിക്കൊടുത്തത്. അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി. അല്ലാഹുവിനുള്ളതാകുന്നു. ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമായിരിക്കുന്നു. സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിത്യവാസികളെന്ന നിലയില്‍ പ്രവേശിപ്പിക്കാന്‍ വേണ്ടിയത്രെ അത്. അവരില്‍നിന്ന് അവരുടെ തിന്മകള്‍ മായ്ച്ചുകളയുവാന്‍ വേണ്ടിയും. അല്ലാഹുവിന്റെ അടുക്കല്‍ അത് ഒരു മഹാഭാഗ്യമാകുന്നു. (ഖുർആൻ:48/4-5)

عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ‏{‏إِنَّا فَتَحْنَا لَكَ فَتْحًا مُبِينًا‏}‏ قَالَ الْحُدَيْبِيَةُ‏.‏ قَالَ أَصْحَابُهُ هَنِيئًا مَرِيئًا فَمَا لَنَا فَأَنْزَلَ اللَّهُ ‏{‏لِيُدْخِلَ الْمُؤْمِنِينَ وَالْمُؤْمِنَاتِ جَنَّاتٍ‏}‏

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  {താങ്കൾക്ക് നാം പ്രത്യക്ഷമായ ഒരു വിജയം തന്നിരിക്കുന്നു} (അത്) ഹുദയ്ബിയ ആകുന്നു. നബി ﷺ യുടെ സ്വഹാബിമാര്‍ (നബി ﷺ യോട്) ചോദിച്ചു: ‘സന്തോഷം, സന്തോഷം, ഞങ്ങള്‍ക്ക് എന്താണ് ഉള്ളത്?’ അപ്പോള്‍ അല്ലാഹു (ഈ ഖുര്‍ആന്‍ സൂക്തം) ഇറക്കി: {താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തില്‍ സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും പ്രവേശിപ്പിക്കുന്നതിന് വേണ്ടി} (അല്‍ഫത്ഹ് -5) (ബുഖാരി:4172)

സത്യവിശ്വാസികളുടെ മനസ്സുകളില്‍ അല്ലാഹു സമാധാനവും ശാന്തിയും ഇട്ടുകൊടുത്തു. അതുമുഖേന അവരുടെ വിശ്വാസം വര്‍ധിക്കുകയും ചെയ്തു. എല്ലാറ്റിനും പുറമെ, അല്ലാഹു അവരെ സ്വര്‍ഗ പ്രവേശനത്തിന് അര്‍ഹരാക്കുകയും അവരുടെ പാപങ്ങള്‍ മാപ്പാക്കുകയും ചെയ്തു. ഹുദയ്ബിയ സന്ധി മുഖേന നബി ﷺ ക്ക് അല്ലാഹു നല്‍കിയ നാല് അനുഗ്രഹങ്ങളെ പറ്റി സൂറതുല്‍ ഫത്ഹിലെ 2, 3 സൂക്തങ്ങളിലും വിശ്വാസികള്‍ക്ക് അല്ലാഹു നല്‍കിയ നാല് അനുഗ്രഹങ്ങളെ സംബന്ധിച്ച് 4, 5 സൂക്തങ്ങളിലും വിവരിക്കുകയുണ്ടായി. ശേഷം ആറാം വചനത്തില്‍ വേറൊരു വിഭാഗത്തിന് അല്ലാഹു നല്‍കിയ നാല് കാര്യങ്ങളും വിവരിക്കുന്നുണ്ട്. അത് കാണുക:

وَيُعَذِّبَ ٱلْمُنَٰفِقِينَ وَٱلْمُنَٰفِقَٰتِ وَٱلْمُشْرِكِينَ وَٱلْمُشْرِكَٰتِ ٱلظَّآنِّينَ بِٱللَّهِ ظَنَّ ٱلسَّوْءِ ۚ عَلَيْهِمْ دَآئِرَةُ ٱلسَّوْءِ ۖ وَغَضِبَ ٱللَّهُ عَلَيْهِمْ وَلَعَنَهُمْ وَأَعَدَّ لَهُمْ جَهَنَّمَ ۖ وَسَآءَتْ مَصِيرًا

അല്ലാഹുവെപ്പറ്റി തെറ്റായ ധാരണ വെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളെയും കപടവിശ്വാസിനികളെയും ബഹുദൈവവിശ്വാസികളെയും ബഹുദൈവവിശ്വാസിനികളെയും ശിക്ഷിക്കുവാന്‍ വേണ്ടിയുമാണത്. അവരുടെ മേല്‍ തിന്മയുടെ വലയമുണ്ട്. അല്ലാഹു അവരുടെ നേരെ കോപിക്കുകയും അവരെ ശപിക്കുകയും അവര്‍ക്കു വേണ്ടി നരകം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം എത്രമോശം. (ഖുർആൻ:48/6)

നബി ﷺ യും അനുചരന്മാരും ഉംറ നിര്‍വഹിക്കുവാന്‍ മക്കയിലേക്ക് പോകാന്‍ തയ്യാറായപ്പോള്‍ ചിലയാളുകള്‍ അതില്‍നിന്നും മാറിനിന്നു. വിശ്വാസികളുടെ നീക്കത്തെ പരിഹസിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്ത് പിന്മാറിയ ഇക്കൂട്ടര്‍ കപടവിശ്വാസികളായിരുന്നു. മക്കയിലേക്ക് മുഹമ്മദിനെയും കൂട്ടരെയും പ്രവേശിപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിച്ചില്ലെന്നും അവരെ നിന്ദ്യരാക്കി മദീനയിലേക്കുതന്നെ തിരിച്ചയച്ചു എന്നും പ്രചരിപ്പിച്ചിരുന്ന മുശ്‌രിക്കുകളും ഉണ്ടായിരുന്നു. ഇപ്രകാരം ദുഷ്‌പ്രരണങ്ങള്‍ നടത്തിയ കപടന്മാര്‍ക്കും മുശ്‌രിക്കുകള്‍ക്കും അല്ലാഹു ശിക്ഷയൊരുക്കി. ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും അടിവേരറുത്തതായിരുന്നു ഹുദയ്ബിയ സന്ധി. അവര്‍ക്ക് അല്ലാഹുവിങ്കല്‍നിന്നുള്ള കോപവും ശാപവും ലഭിച്ചു; കൂടാതെ കത്തിയാളുന്ന നരകവും.

പത്തു കൊല്ലം ഇനി പരസ്പരം യുദ്ധം പാടില്ല എന്നതായിരുന്നു അതിലെ രണ്ടാമത്തെ കരാര്‍. എല്ലാവരും നിര്‍ഭയരായി കഴിയണം. ആരും ആരെയും ആക്രമിക്കുവാന്‍ പാടില്ല. മോഷണമില്ല, വഞ്ചനയില്ല. എല്ലാവരും അവരുടെ മതം പ്രബോധനം നടത്തട്ടെ. ആരും ആരെയും ബുദ്ധിമുട്ടിക്കരുത്. കച്ചവടത്തിന് അങ്ങോട്ടും ഇങ്ങോട്ടും വരവും പോക്കുമെല്ലാം ആകാം. മാത്രമല്ല, നബി ﷺ യുടെ സംഘത്തിലുള്ളവര്‍ക്ക് ക്വുറയ്ശികളിലും ക്വുറയ്ശികളില്‍ ഉള്ളവര്‍ക്ക് നബി ﷺ യുടെ സംഘത്തിലും ചേരാം. അതിന്റെ അടിസ്ഥാനത്തില്‍ പല അറബി ഗോത്രങ്ങളും നബി ﷺ യുടെ സംഘവുമായി സഖ്യത്തിലായി. വേറെ ചില ഗോത്രങ്ങള്‍ ഖുറൈയ്ശികളുടെ കൂടെയും സഖ്യങ്ങളായി ചേര്‍ന്നു. ഈ വര്‍ഷം ഇവിടെനിന്ന് മടങ്ങി പ്പോകുകയും അടുത്ത വര്‍ഷം വന്ന് ഉംറ നിര്‍വഹിക്കുകയും ചെയ്യാം. അന്ന് മൂന്ന് ദിവസം മക്കയില്‍ തങ്ങുകയും ചെയ്യാം. അത് കഴിഞ്ഞ് തിരിച്ചുപോകുകയും വേണം. ഉംറക്ക് വരുമ്പോള്‍ കൈയില്‍ ഉറയിലുള്ള വാളല്ലാതെ മറ്റു യുദ്ധോപകരണങ്ങള്‍ ഒന്നും ഉണ്ടാകരുത് എന്നും നിര്‍ദേശിച്ചിരുന്നു. എല്ലാം നബി ﷺ സമ്മതിച്ചു. പത്തൊമ്പത് ദിവസമോ അല്ലെങ്കില്‍ ഇരുപത് ദിവസമോ അവിടെ തങ്ങിയതിന് ശേഷം നബി ﷺ യും സ്വഹാബിമാരും മദീനയിലേക്ക് മടങ്ങി.

ഹുദയ്ബിയ സന്ധി മുഖേന വലിയ വിജയം തന്നെയാണ് മുസ്‌ലിംകള്‍ക്ക് ലഭിച്ചത് എന്നത് ചരിത്രം വെളിപ്പെടുത്തിയിട്ടുള്ള ഒരു യാഥാര്‍ഥ്യം തന്നെയാണ്. മുസ്‌ലിംകളുടെ അസ്തിത്വം ക്വുറയ്ശികള്‍ അംഗീകരിച്ച ആദ്യത്തെ കരാറായിരുന്നു ഇത്. മുസ്‌ലിംകളെ ഇതുവരെ അവര്‍ പരിഗണിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ഈ കരാര്‍മുഖേന മുസ്‌ലിംകളുടെ അസ്തിത്വം അംഗീരിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരായി. ഈ കരാറിന് ശേഷം 10 കൊല്ലത്തോളം സമാധാനാന്തരീക്ഷം നിലനിന്നു. ഇരുകൂട്ടരും സമാധാനത്തില്‍ കഴിഞ്ഞ കാലത്ത് ഇസ്ലാമിന്റെ പ്രബോധനം അയല്‍പ്രദേശങ്ങളിലേക്കു വ്യാപിപിക്കുവാനും, കിസ്രാ, ഖൈസര്‍ തുടങ്ങിയ പല നാടുവാഴികളെയും ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടു എഴുത്തുകുത്തുകള്‍ നടത്തുവാനും നബി ﷺ ക്ക് അവസരം കിട്ടി. അയല്‍നാടുകളിലേക്ക് അടുക്കാന്‍ പോലും ഹുദയ്ബിയ സന്ധിക്ക് മുമ്പ് സാധിച്ചിരുന്നില്ല. സിറിയയിലേക്കും റോമിലേക്കും പോകുമ്പോള്‍ ശത്രുക്കള്‍ തടയുമായിരുന്നു. ഏത് രാജ്യത്തിലേക്കും പോകുവാന്‍ മുസ്‌ലിംകള്‍ക്ക് യാതൊരു വഴിയും ഇല്ലായിരുന്നു. ഈ കരാര്‍ മുഖേന ആ തടസ്സങ്ങള്‍ മുഴുവനും നീങ്ങി.

ഇസ്‌ലാമക പ്രബോധനം നാള്‍ക്കുനാള്‍ മക്കയിലും മദീനയിലും പരിസര പ്രദേശങ്ങളിലും വ്യാപിക്കാന്‍ തുടങ്ങി. ശത്രുക്കള്‍ക്ക് ശാന്തമായ അന്തരീക്ഷത്തില്‍ ഇസ്‌ലാമിനെപ്പറ്റി പഠിക്കുവാനുള്ള സാഹചര്യം തരപ്പെട്ടു. ഈ കാലയളവിലാണ് ഇസ്‌ലാമിന് എതിരില്‍ ശക്തിയായി നിലകൊണ്ടിരുന്ന ഖാലിദ് ഇബ്‌നുല്‍ വലീദ്, അംറ് ഇബ്‌നുല്‍ ആസ്വ്, ഉഥ്മാന്‍ ഇബ്‌നു ത്വല്‍ഹ رَضِيَ اللَّهُ عَنْهُم മുതലായവര്‍ ഇസ്‌ലാം സ്വീകരിച്ചത്. മാത്രവുമല്ല, ഹുദയ്ബിയ സന്ധിയില്‍ ശത്രുപക്ഷത്തുനിന്ന് കരാര്‍ എഴുതിയ സുഹയ് ല്‍ പോലും ഇസ്‌ലാം സ്വീകരിച്ചു. ഹുദയ്ബിയ സന്ധിയുടെ കാലത്ത് നബി ﷺ യുടെ കൂടെ 1400 പേരാണ് ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ടതെങ്കില്‍ രണ്ട് വര്‍ഷം കഴിഞ്ഞ് മക്കാവിജയ സമയത്ത് നബി ﷺ യുടെ കൂടെ ഉംറ നിര്‍വഹിക്കാന്‍ പുറപ്പെടുമ്പോള്‍ അവരുടെ എണ്ണം പതിനായിരമായി. അഥവാ, രണ്ട് കൊല്ലം കൊണ്ട് അത്രയും വലിയ മാറ്റം ഇസ്‌ലാം കൈവരിച്ചു.

കരാര്‍ പ്രകാരം പിറ്റേവര്‍ഷം (ഹിജ്‌റ ഏഴില്‍) ദുല്‍ക്വഅ്ദ മാസത്തില്‍ രണ്ടായിരം പേരേയും കൂട്ടി നബി ﷺ മക്കയിലേക്ക് പുറപ്പെട്ടു. ആരെയും പേടിക്കാനില്ലാത്തതിനാല്‍ സ്ത്രീകളും കുട്ടികളുമെല്ലാം ആ സംഘത്തില്‍ ഉണ്ടായിരുന്നു. നബി ﷺ അനുചരന്മാരെയും കൂട്ടി മക്കയിലേക്ക് പ്രവേശിച്ചു. ശത്രുക്കള്‍ക്ക് അവരെ തടയാന്‍ യാതൊരു മാര്‍ഗവുമില്ലല്ലോ. വിശ്വാസികളുടെ വരവ് കാണുന്നതിലുള്ള മനഃപ്രയാസം കാരണത്താല്‍ ഖുറൈശീ നേതാക്കള്‍ പരിസരത്തുള്ള മലമുകളില്‍ കയറുകയാണ് ചെയ്തത് എന്ന് ചരിത്രത്തില്‍ കാണാം. എന്നാല്‍ അതേസമയത്ത് മറ്റുള്ളവര്‍ വളരെ കൗതുകത്തോടെ നബി ﷺ യുടെയും അനുചരന്മാരുടെയും വരവിനെ നോക്കിക്കാണുകയായിരുന്നു.

വിശ്വാസികള്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ തുടങ്ങി. ത്വവാഫിന്റെ സമയത്ത് ആദ്യ മൂന്ന് ചുറ്റല്‍ കുറച്ച് ശക്തിയില്‍ നടക്കാന്‍ നബി ﷺ സ്വഹാബിമാരോട് നിര്‍ദേശിച്ചു. പുരുഷന്മാരോട് വലതുകൈ പുറത്ത് കാണും വിധത്തില്‍ ഇഹ്‌റാം വസ്ത്രം ധരിക്കാനായിരുന്നു അവിടുന്ന് പറഞ്ഞിരുന്നത്. വിശ്വാസികളുടെ ശക്തിയും ആരോഗ്യവും വീര്യവും ക്ഷയിച്ചിട്ടില്ലെന്ന് മക്കക്കാര്‍ അറിയാനായിരുന്നു അത്. മദീനയില്‍ എത്തിയ അവരില്‍ പലരും പനിയും ജലദോഷവും ബാധിച്ച് അവശരായിട്ടുണ്ട് എന്ന് മക്കയില്‍ വിശ്വാസികളെ കുറിച്ച് പ്രചരിപ്പിച്ചതെല്ലാം ഇതോടെ തകരുകയും ചെയ്തു. കരാര്‍ പ്രകാരം ഉംറ നിര്‍വഹിച്ചതിന് ശേഷം മൂന്ന് ദിവസം മക്കയില്‍ താമസിച്ചു.

മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും നേതാക്കള്‍ മലമുകളില്‍ നിന്നും ഇറങ്ങി. എന്നിട്ട് അലി رَضِيَ اللَّهُ عَنْهُ യെ കണ്ട് പറഞ്ഞു: ‘‘താങ്കളുടെ കൂട്ടുകാരനോട് പറയുക; പുറപ്പെട്ടേക്കുക. അവധി കഴിഞ്ഞിരിക്കുന്നു.” അങ്ങനെ നബി ﷺ അവിടെനിന്നും മടങ്ങി. നബി ﷺ കരാര്‍ പാലിച്ചു. നിര്‍ഭയരായും സന്തോഷവാന്മാരായും ഉംറ നിര്‍വഹിച്ച് എല്ലാവരും മടങ്ങി. ഖുര്‍ആന്‍ പറയുന്നത് കാണുക:

لَّقَدْ صَدَقَ ٱللَّهُ رَسُولَهُ ٱلرُّءْيَا بِٱلْحَقِّ ۖ لَتَدْخُلُنَّ ٱلْمَسْجِدَ ٱلْحَرَامَ إِن شَآءَ ٱللَّهُ ءَامِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ ۖ فَعَلِمَ مَا لَمْ تَعْلَمُوا۟ فَجَعَلَ مِن دُونِ ذَٰلِكَ فَتْحًا قَرِيبًا ‎﴿٢٧﴾‏ هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ ۚ وَكَفَىٰ بِٱللَّهِ شَهِيدًا ‎﴿٢٨﴾‏

അല്ലാഹു അവന്റെ ദൂതന് സ്വപ്‌നം സത്യപ്രകാരം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനചിത്തരായിക്കൊണ്ട് തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയിക്കൊണ്ട് നിങ്ങള്‍ ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാലയത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ് എന്ന സ്വപ്‌നം. എന്നാല്‍ നിങ്ങളറിയാത്തത് അവന്‍ അറിഞ്ഞിട്ടുണ്ട്. അതിനാല്‍ അതിന്ന് പുറമെ സമീപസ്ഥമായ ഒരു വിജയം അവന്‍ ഉണ്ടാക്കിത്തന്നു. സന്മാര്‍ഗവും സത്യമതവുമായി തന്റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു; അതിനെ എല്ലാ മതത്തിനും മീതെ തെളിയിച്ചുകാണിക്കാന്‍ വേണ്ടി. സാക്ഷിയായിട്ട് അല്ലാഹു തന്നെ മതി. (ഖുർആൻ:48/27-28)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *