ഹിദായത്ത്, ഹുദാ (الهداية ,الهدى) എന്നീ പദങ്ങൾ കേൾക്കുകയോ പറയുകയോ ചെയ്യാത്ത മുസ്ലിംകളുണ്ടാകില്ല. നമ്മുടെ നാവിന്‍ തുമ്പില്‍ മലയാള പദം പോലെ കടന്നുവരുന്ന അറബി പദങ്ങളാണ് ഇവ. സൗമ്യമായി അറിയിക്കുക, മാര്‍ഗദര്‍ശനം നല്‍കുക, വഴികാട്ടുക, വഴിയില്‍ചേര്‍ക്കുക, നിര്‍ദ്ദേശം നല്‍കുക എന്നൊക്കെയാണ് ഈ രണ്ടിനും നിഘണ്ടുക്കളില്‍ അര്‍ത്ഥം നല്‍കപ്പെട്ടിരിക്കുന്നത്.
ഹിദായത്ത് എന്ന പദം വ്യത്യസ്തങ്ങളായ അർത്ഥത്തിൽ വിശുദ്ധ ഖുർആൻ പരാമർശിക്കുന്നതായി കാണാം.
(ഒന്ന്) ജീവിതാവശ്യങ്ങള്‍ നിറവേറ്റത്തക്കവണ്ണം വിശേഷബുദ്ധി, ബാഹ്യേന്ദ്രിയങ്ങള്‍, ആന്തരേന്ദ്രിയങ്ങള്‍ മുതലായവ നല്‍കി അനുഗ്രഹിക്കുക വഴി ലഭിക്കുന്നത്
قَالَ رَبُّنَا ٱلَّذِىٓ أَعْطَىٰ كُلَّ شَىْءٍ خَلْقَهُۥ ثُمَّ هَدَىٰ
അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്. (ഖുർആൻ:20/50)
മനുഷ്യരടക്കമുള്ള സര്‍വ ജീവജാലങ്ങള്‍ക്കും അല്ലാഹു നല്‍കുന്ന ഹിദായത്താണ് ഇവിടെ വിവക്ഷിക്കുന്നത്. ഓരോ ജീവിക്കും അതിന്റെ ആഹാരം തുടങ്ങിയുള്ള ജീവിതാവശ്യങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ അല്ലാഹു മാര്‍ഗദര്‍ശനം നൽകുന്നു. തേനീച്ചക്ക് അതിന്റെ ആഹാരം തേടിപ്പിടിക്കാന്‍ അല്ലാഹു നല്‍കുന്ന മാര്‍ഗദര്‍ശനത്തെ സംബന്ധിച്ച് വിശുദ്ധ ക്വുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു:
وَأَوْحَىٰ رَبُّكَ إِلَى ٱلنَّحْلِ أَنِ ٱتَّخِذِى مِنَ ٱلْجِبَالِ بُيُوتًا وَمِنَ ٱلشَّجَرِ وَمِمَّا يَعْرِشُونَ
നിന്‍റെ നാഥന്‍ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക.(ഖുർആൻ:1/68)
സുലൈമാന്‍ നബി عليه السلام യും സൈന്യവും ഉറുമ്പിന്റെ താഴ്‌വരയില്‍ എത്താറായപ്പോള്‍ ഒരു ഉറുമ്പ് തന്റെ സഹജീവികളെ ഉപദേശിച്ചതും ഇതേ മാര്‍ഗദര്‍ശനത്തിന്റെ ഫലമായിരുന്നു.
حَتَّىٰٓ إِذَآ أَتَوْا۟ عَلَىٰ وَادِ ٱلنَّمْلِ قَالَتْ نَمْلَةٌ يَٰٓأَيُّهَا ٱلنَّمْلُ ٱدْخُلُوا۟ مَسَٰكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَٰنُ وَجُنُودُهُۥ وَهُمْ لَا يَشْعُرُونَ
അങ്ങനെ അവര്‍ ഉറുമ്പിന്‍ താഴ്‌വരയിലൂടെ ചെന്നപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്‍റെ സൈന്യങ്ങളും അവര്‍ ഓര്‍ക്കാത്ത വിധത്തില്‍ നിങ്ങളെ ചവിട്ടിതേച്ചു കളയാതിരിക്കട്ടെ. (ഖു൪ആന്‍:27/18)
പറവജാതികള്‍ പറക്കുന്നതും ഇഴജന്തുക്കള്‍ ഇഴയുന്നതുമെല്ലാം നാഥന്‍ നല്‍കിയ ഈ മാര്‍ഗദര്‍ശനത്തിന്റെ ഫലമായിട്ടാണ്. സര്‍വ ചരാചരങ്ങളും അവയുടെ പ്രകൃതിക്കനുയോജ്യമായ ഇര തേടിപ്പിടിക്കുന്നത് അല്ലാഹുവിന്റെ ഈ അനുഗ്രഹത്താല്‍ മാത്രമാകുന്നു. അല്ലായിരുന്നുവെങ്കില്‍ തേനുള്ളിടത്ത് തേനീച്ചക്കോ പഞ്ചസാരയുള്ളേടത്ത് ഉറുമ്പിനോ രക്തമുള്ളേടത്ത് മൂട്ടക്കോ ചെന്നെത്താന്‍ സാധ്യമാകുമായിരുന്നില്ല.
(രണ്ട്) സത്യാസത്യങ്ങളും, നന്മതിന്മകളും തിരിച്ചറിയുവാനുള്ള തെളിവുകളും ദൃഷ്ടാന്തങ്ങളും നല്‍കുക വഴി ലഭിക്കുന്നത്.
أَلَمْ نَجْعَل لَّهُۥ عَيْنَيْنِ ﴿٨﴾ وَلِسَانًا وَشَفَتَيْنِ ﴿٩﴾ وَهَدَيْنَٰهُ ٱلنَّجْدَيْنِ ﴿١٠﴾
അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ? ഒരു നാവും രണ്ടു ചുണ്ടുകളും തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു.(ഖുർആൻ:90/8-10)
ഈ ഹിദായത്ത് മനുഷ്യവര്‍ഗത്തിനാകമാനം പൊതുവെയുള്ളതാണ്. ആ ഹിദായത്ത് മറ്റു ജീവികള്‍ക്കൊന്നും നല്‍കപ്പെട്ടിട്ടില്ല. അതത്രെ അവന്റെ വിവേചന ബുദ്ധി, അഥവാ നല്ലതിനെയും ചീത്തയെയും വേര്‍തിരിച്ചറിയാനുള്ള കഴിവ്. ഈ ഹിദായത്തിനെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനില്‍ പലേടങ്ങളിലും പ്രസ്താവിച്ചതായി കാണാം.
وَنَفْسٍ وَمَا سَوَّىٰهَا ﴿٧﴾ فَأَلْهَمَهَا فُجُورَهَا وَتَقْوَىٰهَا ﴿٨﴾
മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം. എന്നിട്ട് അതിന്ന് അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:91/7-8)
إِنَّا هَدَيْنَٰهُ ٱلسَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا
തീര്‍ച്ചയായും നാം അവന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു. (ഖുർആൻ:76/3)
ഇതേ മാര്‍ഗദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് മരണാനന്തര ജീവിതത്തില്‍ മനുഷ്യന് ശിക്ഷയോ രക്ഷയോ ലഭിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ മനുഷ്യന്റെ ഈ വിവേചനബുദ്ധി, അല്ലെങ്കില്‍ മനസ്സാക്ഷി അല്ലാഹു അവനില്‍ നിക്ഷേപിച്ചിട്ടുള്ള ഒരു അമാനത്താകുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക:
إِنَّا عَرَضْنَا ٱلْأَمَانَةَ عَلَى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱلْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا ٱلْإِنسَٰنُ ۖ إِنَّهُۥ كَانَ ظَلُومًا جَهُولًا ﴿٧٢﴾ لِّيُعَذِّبَ ٱللَّهُ ٱلْمُنَٰفِقِينَ وَٱلْمُنَٰفِقَٰتِ وَٱلْمُشْرِكِينَ وَٱلْمُشْرِكَٰتِ وَيَتُوبَ ٱللَّهُ عَلَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمَۢا ﴿٧٣﴾
തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൌത്യം (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു. കപടവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളേയും, ബഹുദൈവവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അല്ലാഹു ശിക്ഷിക്കുവാനും, സത്യവിശ്വാസികളായ പുരുഷന്‍മാരുടെയും, സ്ത്രീകളുടെയും പശ്ചാത്താപം അല്ലാഹു സ്വീകരിക്കുവാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖുർആൻ:33/72-73)
(മൂന്ന്) പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും മുഖേന ലഭിക്കുന്നത്
മാര്‍ഗദര്‍ശനം നല്‍കുക അഥവാ വഴികാട്ടുക എന്ന അര്‍ത്ഥത്തിൽ വിശുദ്ധ ഖുര്‍ആൻ ‘ഹിദായത്ത്’ ഉപയോഗിച്ചതിനുള്ള ഉദാഹരണം കാണുക :
وَأَمَّا ثَمُودُ فَهَدَيْنَٰهُمْ فَٱسْتَحَبُّوا۟ ٱلْعَمَىٰ عَلَى ٱلْهُدَىٰ
എന്നാല്‍ ഥമൂദ് ഗോത്രമോ, അവര്‍ക്ക് നാം നേര്‍വഴി കാണിച്ചുകൊടുത്തു. അപ്പോള്‍ സന്‍മാര്‍ഗത്തേക്കാളുപരി അന്ധതയെ അവര്‍ പ്രിയങ്കരമായി കരുതുകയാണ് ചെയ്തത്. (ഖുർആൻ:41/17)
അല്ലാഹു അവരെ സന്മാര്‍ഗത്തിലാക്കിക്കഴിഞ്ഞശേഷം അവരത് ഉപേക്ഷിച്ചുവെന്നല്ല. പ്രവാചകന്‍ മുഖേനയും മറ്റും സന്മാര്‍ഗം ഉപദേശിച്ച് കൊടുത്തിട്ടും അതുവകവെക്കാതെ അന്ധതയില്‍ അഥവാ ദുര്‍മാര്‍ഗത്തില്‍ മുഴുകുകയാണ് അവര്‍ ചെയ്തതെന്നുമാണ് ഉദ്ദേശ്യം.
وَجَعَلْنَٰهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا
അവരെ നാം നമ്മുടെ കല്‍പനപ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു.(ഖുർആൻ:21/73)
عَٰلِمُ ٱلْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِۦٓ أَحَدًا ﴿٢٦﴾ إِلَّا مَنِ ٱرْتَضَىٰ مِن رَّسُولٍ
അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. ….(ഖു൪ആന്‍:72/26-27)
സൂറഃ അന്‍ആമില്‍ പല പ്രവാചകന്മാരുടെയും പേര്‍ പറഞ്ഞതിനുശേഷം അല്ലാഹു പറയുന്നു:
وَمِنْ ءَابَآئِهِمْ وَذُرِّيَّٰتِهِمْ وَإِخْوَٰنِهِمْ ۖ وَٱجْتَبَيْنَٰهُمْ وَهَدَيْنَٰهُمْ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ﴿٨٧﴾ ذَٰلِكَ هُدَى ٱللَّهِ يَهْدِى بِهِۦ مَن يَشَآءُ مِنْ عِبَادِهِۦ ۚ
അവരുടെ പിതാക്കളില്‍ നിന്നും സന്തതികളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും (ചിലര്‍ക്ക് നാം ശ്രേഷ്ഠത നല്‍കിയിരിക്കുന്നു.) അവരെ നാം വിശിഷ്ടരായി തെരഞ്ഞെടുക്കുകയും, നേര്‍മാര്‍ഗത്തിലേക്ക് അവരെ നയിക്കുകയും ചെയ്തിരിക്കുന്നു. (87) അതാണ് അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അത് മുഖേന തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്നു. (ഖു൪ആന്‍:6/87-88)
സൂറത്തു മര്‍യമിൽ ഇബ്‌റാഹീം, മുസാ തുടങ്ങിയ പല പ്രവാചകന്മാരെ സംബന്ധിച്ചും പ്രസ്താവിച്ചതിനു ശേഷം അല്ലാഹു പറയുന്നു:
أُو۟لَٰٓئِكَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّۦنَ مِن ذُرِّيَّةِ ءَادَمَ وَمِمَّنْ حَمَلْنَا مَعَ نُوحٍ وَمِن ذُرِّيَّةِ إِبْرَٰهِيمَ وَإِسْرَٰٓءِيلَ وَمِمَّنْ هَدَيْنَا وَٱجْتَبَيْنَآ ۚ
അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ള പ്രവാചകന്‍മാരത്രെ അവര്‍. ആദമിന്റെ സന്തതികളില്‍ പെട്ടവരും, നൂഹിനോടൊപ്പെം നാം കപ്പലില്‍ കയറ്റിയവരില്‍പെട്ടവരും ഇബ്രാഹീമിന്റെയും ഇസ്രായീലിന്റെയും സന്തതികളില്‍ പെട്ടവരും, നാം നേര്‍വഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരുമത്രെ അവര്‍. (ഖു൪ആന്‍:19/58)
മുഹമ്മദ് നബിയെ കുറിച്ച് അല്ലാഹു പറയുന്നു:
وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ رُوحًا مِّنْ أَمْرِنَا ۚ مَا كُنتَ تَدْرِى مَا ٱلْكِتَٰبُ وَلَا ٱلْإِيمَٰنُ وَلَٰكِن جَعَلْنَٰهُ نُورًا نَّهْدِى بِهِۦ مَن نَّشَآءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِىٓ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷെ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്‍മാരില്‍ നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം വഴി കാണിക്കുന്നു. തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‍കുന്നത്. (ഖുർആൻ:42/52)
(നാല്) സന്മാര്‍ഗ ചാരികളായ ആളുകള്‍ക്ക് അല്ലാഹുവില്‍നിന്നും ലഭിക്കുന്ന പ്രത്യേക സഹായമാകുന്ന ‘തൗഫീഖ്’ മൂലം ലഭിക്കുന്നത്
وَٱلَّذِينَ ٱهْتَدَوْا۟ زَادَهُمْ هُدًى وَءَاتَىٰهُمْ تَقْوَىٰهُمْ
സന്‍മാര്‍ഗം സ്വീകരിച്ചവരാകട്ടെ അല്ലാഹു അവര്‍ക്ക് കൂടുതല്‍ മാര്‍ഗദര്‍ശനം നല്‍കുകയും, അവര്‍ക്ക് വേണ്ടതായ സൂക്ഷ്മത അവര്‍ക്ക് നല്‍കുകയും ചെയ്യുന്നതാണ്. (ഖുർആൻ:47/17)
وَٱلَّذِينَ جَٰهَدُوا۟ فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ
നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തñന്നെ ചെയ്യുന്നതാണ്. (ഖുർആൻ:29/69)
إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ
തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു. (ഖുആൻ:28/56)
എല്ലാവര്‍ക്കും നേര്‍മാഗ്ഗം കാണിച്ചുകൊടുക്കലാണ് നബി ﷺ യുടെ കൃത്യം. നേര്‍മാര്‍ഗത്തിലാക്കല്‍ നബി ﷺ യുടെ കൃത്യമല്ല. അത് അല്ലാഹുവിന്റെ പ്രവൃത്തിയാണ് എന്ന് സാരം.
(അഞ്ച്) പരലോകത്ത് വെച്ച് സ്വര്‍ഗീയ ജീവിതം തുടങ്ങിയ മഹാ ഭാഗ്യങ്ങള്‍ നല്‍കുന്നത് മുഖേനയുള്ളത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷികളായി മരണപ്പെട്ടവരെ പറ്റി അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:
سَيَهْدِيهِمْ وَيُصْلِحُ بَالَهُمْ ﴿٥﴾ وَيُدْخِلُهُمُ ٱلْجَنَّةَ عَرَّفَهَا لَهُمْ ﴿٦﴾
അവന്‍ അവരെ ലക്ഷ്യത്തിലേക്ക് നയിക്കുകയും അവരുടെ അവസ്ഥ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്. സ്വര്‍ഗത്തില്‍ അവരെ അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അവര്‍ക്ക് അതിനെ അവന്‍ മുമ്പേ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. (ഖുർആൻ:47/5-6)
അവിശ്വാസികള്‍ക്കും, ദുര്‍മാര്‍ഗികള്‍ക്കും ഹിദായത്ത് ലഭിക്കുകയില്ലെന്നത് അല്ലാഹു പ്രസ്താവിക്കാറുള്ളത് ഇവയില്‍ നാലാമത്തേതും അഞ്ചാമത്തേതുമായ ഹിദായത്തുകളെ ഉദ്ദേശിച്ചാകുന്നു.നബി ﷺ യോ മറ്റോ ഹിദായത്ത് നല്‍കുന്നതല്ല എന്ന് പറയുമ്പോള്‍ അതില്‍ ഒന്നാമത്തെയും, നാലാമത്തെയും, അഞ്ചാമത്തെയും ഹിദായത്തുകള്‍ ഉള്‍പ്പെടുന്നു. ഈ മൂന്നും അല്ലാഹുവില്‍ നിന്ന് മാത്രം സിദ്ധിക്കുന്നവയാകുന്നു. ഒന്നാമത്തെയും, രണ്ടാമത്തെയും, മൂന്നാമത്തെയും ഹിദായത്തുകള്‍ സത്യവിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും നല്‍കപ്പെടുന്നവയാണ്. ഇവിടെ ‘ഹിദായത്ത്’ കൊണ്ടുള്ള ഉദ്ദേശ്യം മേല്‍ വിവരിച്ച എല്ലാ ഇനങ്ങളും ആയിരിക്കാമെങ്കിലും നാലും അഞ്ചും ഇനങ്ങളാണ് പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത്.
ഭാഷാപരമായി നോക്കുമ്പോള്‍ ഹുദായും ഹിദായത്തും’ (الهدى والهداية) ഒരുപോലെയാണെങ്കിലും, രണ്ടും തമ്മില്‍ അല്പം വ്യത്യാസമുണ്ട്. അല്ലാഹുവില്‍ നിന്ന് മാത്രം ലഭിക്കുന്ന ഹിദായത്തിനെ ഉദ്ദേശിച്ചാണ് ഖുര്‍ആനില്‍ ‘ഹുദാ’ എന്ന് പറയാറുള്ളത്.
قُلْ إِنَّ ٱلْهُدَىٰ هُدَى ٱللَّهِ
(നബിയേ) പറയുക: (ശരിയായ) മാര്‍ഗദര്‍ശനം അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമത്രെ. (ഖുർആൻ:3/73)
قُلْ إِنَّ هُدَى ٱللَّهِ هُوَ ٱلْهُدَىٰ ۗ
പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. (ഖുർആൻ:2/120)
kanzululoom.com