സ്‌നേഹം, ഭയം, പ്രതീക്ഷ

അല്ലാഹുവിനോടുള്ള ഭക്തി പൂർണമാകുന്നത് സ്‌നേഹം, ഭയം, പ്രതീക്ഷ എന്നിവ ഒന്നിച്ചു ചേരുമ്പോളാണ്.

قَالَ الإمام ابن القيم رحمه الله: القَلبُ في سَيرِهِ إلى الله عَزَّ وجَلَّ بِمَنْزِلة الطَّائر؛ فَالمَحَبّة رَأْسُهُ والخَوفُ والرَّجَاءُ جَنَاحَاه،

ഇമാം ഇബ്‌നുൽ ക്വയ്യിം  رحمه الله പറഞ്ഞു: അല്ലാഹുവിലേക്ക് യാത്ര ചെയ്യുന്ന ഹൃദയം ഒരു പക്ഷിയെപ്പോലെയാണ്. അല്ലാഹുവിനോടുള്ള സ്‌നേഹം അതിന്റെ തലയും, ഭയവും പ്രതീക്ഷയും അതിന്റെ ഓരോ ചിറകുകളുമാണ്. (മദാരിജുസ്സാലികീൻ)

ഈ മൂന്നെണ്ണത്തിൽ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടാൽ, ആ പക്ഷിക്ക് പിന്നീട് മുന്നോട്ട് യാത്ര ചെയ്യാൻ കഴിയുകയില്ല. അല്ലാഹുവിനെ ഭയപ്പെടുകയും അല്ലാഹുവിനെ സ്‌നേഹിക്കുകയും അവനിൽ പ്രതീക്ഷ വെക്കുകയും ചെയ്യൽ മുസ്‌ലിമിന് നിർബന്ധമാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ حَقَّ تُقَاتِهِۦ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്‌. (ഖു൪ആന്‍:3/102)

قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ

(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍:3/31)

ഇങ്ങനെ അല്ലാഹു തന്നെ സ്‌നേഹിക്കാനും ഭയപ്പെടാനും തന്നിൽ പ്രതീക്ഷ വെക്കാനും കൽപിക്കുന്നതായി ക്വുർആനിൽ ഒരുപാട് സ്ഥലങ്ങളിൽ കാണാം.

അല്ലാഹുവിനെ ഏറ്റവും സ്‌നേഹിക്കുകയും ഭയപ്പെടുകയും ചെയ്ത പ്രവാചകന്റെയും സലഫുസ്സ്വാലിഹുകളുടെയും മാതൃക നമുക്ക് മുന്നിലുണ്ട്. അതുകൊണ്ട് സ്‌നേഹവും ഭയവും ഒരാളോട് ഒരേസമയം ഒന്നിച്ചുണ്ടാകുമോ എന്ന കാര്യത്തിൽ വിശ്വാസികൾക്ക് സംശയമുണ്ടാവില്ല.

സൽകർമങ്ങൾ ചെയ്യുന്നവനെ കൂടുതൽ സൽകർമങ്ങൾ ചെയ്യാനും പാപം ചെയ്തവനെ പാപത്തിൽനിന്ന് പിന്തിരിപ്പിക്കാനും അല്ലാഹുവിലേക്ക് മടങ്ങാനും ഭയവും പ്രതീക്ഷയും സഹായിക്കുന്നു.

ശൈഖ് ഇബ്‌നു ബാസ് رحمه الله പറഞ്ഞു: മുസ്‌ലിമിന് വേണ്ടത് കാരുണ്യത്തിൽ നിരാശരാവാതിരിക്കുകയും അതേസമയം ശിക്ഷയെപ്പറ്റി സുരക്ഷിതത്വം അനുഭവപ്പെടാതിരിക്കുകയും ചെയ്യുന്ന സമീപനമാണ്. (ഫതവാ നൂർ അലദ്ദർബ്)

عَنْ أَنَسٍ، ‏:‏ أَنَّ النَّبِيَّ ـ صلى الله عليه وسلم ـ دَخَلَ عَلَى شَابٍّ وَهُوَ فِي الْمَوْتِ فَقَالَ ‏:‏ ‏”‏ كَيْفَ تَجِدُكَ ‏”‏ ‏.‏ قَالَ ‏:‏ أَرْجُو اللَّهَ يَا رَسُولَ اللَّهِ وَأَخَافُ ذُنُوبِي ‏.‏ فَقَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏:‏ ‏”‏ لاَ يَجْتَمِعَانِ فِي قَلْبِ عَبْدٍ فِي مِثْلِ هَذَا الْمَوْطِنِ إِلاَّ أَعْطَاهُ اللَّهُ مَا يَرْجُو وَآمَنَهُ مِمَّا يَخَافُ ‏”‏ ‏.‏

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  നബിﷺ മരണാസന്നനായ ഒരു യുവാവിന്റെ അടുത്തു ചെന്ന് പറഞ്ഞു: ‘നിനക്ക് എന്തുതോന്നുന്നു?’ അദ്ദേഹം പറഞ്ഞു: ‘എനിക്ക് അല്ലാഹുവിൽ പ്രതീക്ഷയുണ്ട്, അല്ലാഹുവിന്റെ ദൂതരേ. പക്ഷേ, എന്റെ പാപങ്ങളെ ഞാൻ ഭയപ്പെടുന്നു.’ അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: ‘ഇതുപോലുള്ള ഒരു സാഹചര്യത്തിൽ ഒരു വ്യക്തിയുടെ ഹൃദയത്തിൽ ഈ രണ്ട് കാര്യങ്ങളും (പ്രതീക്ഷയും ഭയവും) ഒന്നിച്ച് നിലനിൽക്കില്ല, എന്നാൽ അല്ലാഹു അവന് പ്രതീക്ഷിക്കുന്നത് നൽകുകയും അതിൽനിന്ന് അവനെ അവൻ ഭയപ്പെടുന്നതിൽനിന്ന് സംരക്ഷിക്കുകയും ചെയ്തിട്ടല്ലാതെ. (ഇബ്‌നുമാജ:4261)

അല്ലാഹുവിനോടുള്ള സ്‌നേഹവും ഭയവും പ്രതീക്ഷയുമൊന്നും മറ്റാരോടും വെച്ചുപുലർത്തിക്കൂടാ. അല്ലാഹു പറയുന്നു:

وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ ٱللَّهِ ۖ وَٱلَّذِينَ ءَامَنُوٓا۟ أَشَدُّ حُبًّا لِّلَّهِ ۗ وَلَوْ يَرَى ٱلَّذِينَ ظَلَمُوٓا۟ إِذْ يَرَوْنَ ٱلْعَذَابَ أَنَّ ٱلْقُوَّةَ لِلَّهِ جَمِيعًا وَأَنَّ ٱللَّهَ شَدِيدُ ٱلْعَذَابِ

അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമൻമാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്‌നേഹിക്കുന്നതുപോലെ ഈ ആളുകൾ അവരെയും സ്‌നേഹിക്കുന്നു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവോട് അതിശക്തമായ സ്‌നേഹമുള്ളവരത്രെ. ഈ അക്രമികൾ പരലോകശിക്ഷ കൺമുമ്പിൽ കാണുന്ന സമയത്ത് ശക്തി മുഴുവൻ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവർ കണ്ടറിഞ്ഞിരുന്നുവെങ്കിൽ (അതവർക്ക് എത്ര ഗുണകരമാകുമായിരുന്നു!’(ഖു൪ആന്‍ :2/165)

അല്ലാഹുവിനോടുള്ള നമ്മുടെ ഭയവും പ്രതീക്ഷയും തികച്ചും അഭൗതികമായിട്ടുള്ളതാണ്, കാര്യകാരണ ബന്ധങ്ങൾക്കതീതമാണ്. ഇഹപരത്തിലുള്ള ഏതൊരു നന്മയും അല്ലാഹുവിൽനിന്ന് പ്രതീക്ഷിക്കുക, അവന്റെ കടുത്ത പരീക്ഷണങ്ങളെയും ശിക്ഷയെയും ഭയപ്പെടുക എന്നത് ഒരു വിശ്വാസിയുടെ ജീവിതത്തിൽ അനിവാര്യമാണ്. ഇത് മറ്റാരോടെങ്കിലും മനസ്സിൽ തോന്നിയാൽ അത് അല്ലാഹുവിൽ പങ്കുചേർക്കലാണ്. ആരോടാണോ അത്തരത്തിൽ കാര്യകാരണ ബന്ധങ്ങൾക്കതീതമായ ഭയമോ പ്രതീക്ഷയോ തോന്നിയത്, അത് അവരോടുള്ള ഭക്തിയും കീഴടങ്ങലും ആരാധനയുമാണ്.

അല്ലാഹുവല്ലാത്തവരുടെ പേരിൽ കള്ളസത്യം ചെയ്യാൻ ഭയപ്പെടുന്ന, എന്നാൽ അല്ലാഹുവിന്റെ പേരിൽ കള്ളസത്യം പറയുന്നതിൽ യാതൊരു പേടിയുമില്ലാത്ത ചിലരുണ്ട്. ചിലർ നമസ്‌കാരത്തിൽ അല്ലാഹുവിന് മുന്നിൽ കാണിക്കാത്ത താഴ്‌മ ക്വബ്‌റിന് മുന്നിൽ കാണിക്കുന്നു. ഇതിന്റെയൊന്നും അപകടം അവർ തിരിച്ചറിയുന്നില്ല.

എന്നാൽ ഭൗതികമായ ഭയം ആക്ഷേപാർഹമല്ല. കാരണം അത് കാര്യകാരണ ബന്ധങ്ങൾക്കുള്ളിലുള്ളതാണ്.

ശൈഖ് ഇബ്‌നു ഉസൈമീൻ رحمه الله പറഞ്ഞു: ഭൗതികമായ കാര്യങ്ങളിൽ പേടിക്കുന്നതിൽ തെറ്റില്ല. അല്ലാഹു മൂസാ നബി عليه السلام യെ കുറിച്ച് ക്വുർആനിൽ പറഞ്ഞതായി കാണാം: {അങ്ങനെ ഭയപ്പാടോടും കരുതലോടും കൂടി അദ്ദേഹം (മൂസാ) അവിടെനിന്ന് പുറപ്പെട്ടു. അദ്ദേഹം പറഞ്ഞു: ‘എന്റെ രക്ഷിതാവേ, അക്രമികളായ ജനതയിൽ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ’ (28:21)}

 

മുഹമ്മദ് സിയാദ്, വാരണാക്കര

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *