മുഹമ്മദ് നബി ﷺ യെ സ്നേഹിക്കൽ

മനുഷ്യരുടെ കൂട്ടത്തില്‍ നാം ഏറ്റവും കൂടുതല്‍ സ്‌നേഹിക്കേണ്ടത് മുഹമ്മദ് നബിﷺയെ ആണ്. അല്ലാഹുവിനോടുള്ള ഇഷ്ടം കഴിഞ്ഞാല്‍ പിന്നീട് ഏറ്റവും കൂടുതല്‍ ഇഷ്ടമുണ്ടാകേണ്ടത് മുഹമ്മദ് നബിﷺയെയാകുന്നു. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രവാചക സ്നേഹം നി൪ബന്ധമായ ഒരു കാര്യമാണെന്ന൪ത്ഥം.

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَلَدِهِ وَوَالِدِهِ وَالنَّاسِ أَجْمَعِينَ

അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  ഒരാള്‍ക്ക്, സ്വന്തം പിതാവിനെക്കാളും സന്താനത്തെക്കാളും മുഴുവന്‍ മനുഷ്യരെക്കാളും ഏറ്റവും പ്രിയപ്പെട്ടവന്‍ ഞാനാകുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല. (മുസ്‌ലിം:44)

ഒരു സത്യവിശ്വാസിക്ക് സ്വന്തം മാതാപിതാക്കളേക്കാളും സന്താനത്തെക്കാളും മുഴുവന്‍ മനുഷ്യരെക്കാളും ഏറ്റവും പ്രിയപ്പെട്ടവന്‍ മുഹമ്മദ് നബി ﷺ ആയിരിക്കണം. അല്ല, സ്വന്തത്തേക്കാളും പ്രിയം നബി ﷺ ആയിരിക്കണം.

ٱﻟﻨَّﺒِﻰُّ ﺃَﻭْﻟَﻰٰ ﺑِﭑﻟْﻤُﺆْﻣِﻨِﻴﻦَ ﻣِﻦْ ﺃَﻧﻔُﺴِﻬِﻢْ ۖ

പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു…… (ഖു൪ആന്‍ :33/6)

ഏതൊരു വ്യക്തിയോടും ഏറ്റവും അടുപ്പമുള്ളത് സ്വന്തം ശരീരമാണ്. എന്നാൽ പ്രവാചകൻ സ്വന്തത്തെക്കാൾ അവനോട് കൂടുതൽ അടുത്തവനാണ്. കാരണം അദ്ദേഹം അവരോട് ആത്മാർഥതയും അനുകമ്പയും ദയയും കാണിച്ചു. അത് അവരോട് എല്ലാവരിലും ഏറ്റവും കരുണയുള്ളവനും ദയയുള്ളവനും അദ്ദേഹമാണ് എന്നും വ്യക്തമാക്കുന്നു. അതിനാൽ മറ്റാരോടും കടപ്പെട്ടിരിക്കുന്നതിനെക്കാൾ കൂടുതൽ അവർ ദൂതനോട് കടപ്പെട്ടിരിക്കുന്നു. അതായത് മറ്റാരുടെ തീരുമാനത്തെക്കാളും അവർ മുൻഗണന നൽകേണ്ടത് പ്രവാചകന്റെ വിധിക്കാണ്. അവർ സ്വന്തത്തെ സ്‌നേഹിക്കുന്നതിനെക്കാൾ അദ്ദേഹത്തെ സ്‌നേഹിക്കണം. നിസ്സാരമായ ഒരു നന്മയാകട്ടെ തിന്മയാകട്ടെ അത് അവരിലേക്കെത്താൻ അദ്ദേഹം ഒരു കാരണമാണ്. അതുകൊണ്ട് ആരായിരുന്നാലും ഒരു പ്രവാചകന്റെ വാക്കുകൾക്ക് എതിരുനിൽക്കാവതല്ല. അവരുടെ സ്വന്തം സന്താനങ്ങളും ശരീരങ്ങളും അദ്ദേഹത്തിന് അവർ പ്രായച്ഛിത്തമായി നൽകണം. സർവ സൃഷ്ടികളെക്കാളും അദ്ദേഹത്തെ സ്‌നേഹിക്കണം. അദ്ദേഹം സംസാരിക്കുന്നതുവരെ അവർ സംസാരിക്കരുത്. അദ്ദേഹത്തെ മുൻകടന്നു പോകരുത്. (തഫ്സീറുസ്സഅ്ദി)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ مَا مِنْ مُؤْمِنٍ إِلاَّ وَأَنَا أَوْلَى النَّاسِ بِهِ فِي الدُّنْيَا وَالآخِرَةِ، اقْرَءُوا إِنْ شِئْتُمْ ‏{‏النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنْفُسِهِمْ‏}

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇഹത്തിലും പരത്തിലും ഒരു സത്യവിശ്വാസിയുമായി ഏറ്റവും ബന്ധപ്പെട്ടത് ഞാനാണ്. നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഈ ആയത്തു പാരായണം ചെയ്യുക. “സത്യവിശ്വാസികളുമായി അവരുടെ ശരീരത്തെക്കാൾ ബന്ധപ്പെട്ടത് നബിയാണ്” (അഹ്സാബ്:6) (ബുഖാരി:4781)

عَنْ عَبْدَ اللَّهِ بْنَ هِشَامٍ، قَالَ كُنَّا مَعَ النَّبِيِّ صلى الله عليه وسلم وَهْوَ آخِذٌ بِيَدِ عُمَرَ بْنِ الْخَطَّابِ فَقَالَ لَهُ عُمَرُ يَا رَسُولَ اللَّهِ لأَنْتَ أَحَبُّ إِلَىَّ مِنْ كُلِّ شَىْءٍ إِلاَّ مِنْ نَفْسِي‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ لاَ وَالَّذِي نَفْسِي بِيَدِهِ حَتَّى أَكُونَ أَحَبَّ إِلَيْكَ مِنْ نَفْسِكَ ‏”‏‏.‏ فَقَالَ لَهُ عُمَرُ فَإِنَّهُ الآنَ وَاللَّهِ لأَنْتَ أَحَبُّ إِلَىَّ مِنْ نَفْسِي‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ الآنَ يَا عُمَرُ ‏”‏‏.‏

അബ്ദില്ലാഹിബ്നു ഹിശാം رَضِيَ اللَّهُ عَنْهُ പറയുന്നു : ഞങ്ങൾ നബിﷺയോടൊപ്പമായിരുന്നു. അവിടുന്ന് തന്റെ കൈ ഉമര്‍ رَضِيَ اللَّهُ عَنْهُ വിന്റെ ശരീരത്തിൽ വെച്ചു. അപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘എന്റെ (സ്വന്തം) ദേഹം ഒഴിച്ച് മറ്റെല്ലാവരെക്കാളും എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ആള്‍ അങ്ങുന്നാകുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ഇല്ല, എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം, നിന്റെ ശരീരത്തെക്കാള്‍ നീ എന്നെ സ്‌നേഹിക്കണം. അപ്പോള്‍ ഉമര്‍ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ലാഹുവാണെ സത്യം, അങ്ങാണ് എനിക്ക് എന്നെക്കാള്‍ പ്രിയപ്പെട്ടവന്‍. അപ്പോള്‍ നബിﷺ പറഞ്ഞു: ഉമര്‍, ഇപ്പോഴാണ് താങ്കളുടെ വിശ്വാസം ശരിയായത്.’ (ബുഖാരി:6632)

അല്ലാഹുവിനെ സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിന്‍റെ അനിവാര്യ ഫലമാണല്ലോ റസൂലിനെ സ്‌നേഹിക്കലും അനുസരിക്കലും. അഥവാ അതു രണ്ടും അര്‍ത്ഥത്തില്‍ ഒന്നുതന്നെ. മനുഷ്യന്‍റെ ഐഹികവും പാരത്രികവുമായ നന്മകള്‍ക്കുള്ള ഏകനിദാനവും അതുതന്നെ. എന്നിരിക്കെ, അതിനെക്കാള്‍ ഉപരിയായി മറ്റൊരു കാര്യവും ഒരു യഥാര്‍ത്ഥ സത്യവിശ്വാസിക്ക്‌ ഉണ്ടായിരിക്കുവാന്‍ പാടില്ലല്ലോ. ‘ഇപ്പോഴാണ്‌ ഉമറേ തന്റെ വിശ്വാസം പരിപൂര്‍ണമായത്‌’ എന്ന തിരുവചനം ഈ വസ്‌തുതയാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. (അമാനി തഫ്സീര്‍ :9/24)

قُلْ إِن كَانَ ءَابَآؤُكُمْ وَأَبْنَآؤُكُمْ وَإِخْوَٰنُكُمْ وَأَزْوَٰجُكُمْ وَعَشِيرَتُكُمْ وَأَمْوَٰلٌ ٱقْتَرَفْتُمُوهَا وَتِجَٰرَةٌ تَخْشَوْنَ كَسَادَهَا وَمَسَٰكِنُ تَرْضَوْنَهَآ أَحَبَّ إِلَيْكُم مِّنَ ٱللَّهِ وَرَسُولِهِۦ وَجِهَادٍ فِى سَبِيلِهِۦ فَتَرَبَّصُوا۟ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِۦ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَٰسِقِينَ

(നബിയേ,) പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്‍റെ റസൂലിനെക്കാളും അവന്‍റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്‍റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല. (ഖുർആൻ:9/24)

عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ ثَلاَثٌ مَنْ كُنَّ فِيهِ وَجَدَ حَلاَوَةَ الإِيمَانِ أَنْ يَكُونَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَأَنْ يُحِبَّ الْمَرْءَ لاَ يُحِبُّهُ إِلاَّ لِلَّهِ، وَأَنْ يَكْرَهَ أَنْ يَعُودَ فِي الْكُفْرِ كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ.‏

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാളില്‍ മൂന്ന്‌ ഗുണവിശേഷങ്ങള്‍ ഉണ്ടെങ്കില്‍ അയാള്‍ ഈമാനിന്റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു. ഒന്ന്) മറ്റാരോടുമുള്ളതിനേക്കാള്‍ ഹുബ്ബ് (ഇഷ്ടം) അല്ലാഹുവിനോടും അവന്റെ റസൂലിനോടും ഉണ്ടായിരിക്കുക, രണ്ട്) മനുഷ്യനെ അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട്‌ മാത്രം സ്നേഹിക്കുക, മൂന്ന്) ദൈവനിഷേധത്തിലേക്ക്‌ മടങ്ങുന്നതിനെ നരകത്തിലേക്ക്‌ തള്ളപ്പെടുന്നതിനെയെന്ന പോലെ വെറുക്കുക. (ബുഖാരി:16)

ഓരോരുത്തരും തന്റെ സ്വന്തം ശരീരത്തേക്കാളും തനിക്ക് പ്രിയപ്പെട്ടതിനേക്കാളും മുഹമ്മദ് നബിﷺയെ സ്നേഹിക്കണം. അതായത് സ്വന്തം താല്‍പ്പര്യങ്ങളേക്കാള്‍ നബിﷺയുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം, സ്വന്തത്തെക്കുറിച്ച ഉത്കണ്ഠയേക്കാള്‍ അവിടുത്തെകുറിച്ച് ഉത്കണ്ഠ ഉണ്ടായിരിക്കണം, അടിയന്തിര ഘട്ടങ്ങളില്‍ സ്വന്തം ജീവന്‍ തന്നെ നല്‍കാന്‍ തയ്യാറാവണം. കൂടാതെ, നബി ﷺ കാണിച്ചു തന്ന ആദര്‍ശം ജീവിതത്തില്‍ നടപ്പിലാക്കാനും അത് പ്രചരിപ്പിക്കാനും പരിശ്രമിക്കണം. അവിടുത്തെ കല്‍പനകള്‍ക്കോ നടപടി ക്രമങ്ങള്‍ക്കോ യോജിക്കാത്തതൊന്നും സ്വീകരിക്കാനും പാടില്ല.

അല്ലാഹുവുന്റേയും അവന്റെ റസൂൽﷺയുടെയും കല്‍പ്പകളെ അക്ഷരാ൪ത്ഥത്തില്‍ പാലിച്ചവരായിരുന്നു സ്വഹാബികള്‍. അവരുടെ ഹൃദയങ്ങളില്‍ നബിﷺയേക്കാള്‍ ബഹുമാനവും ഇഷ്ടവും ആദരവും നിറഞ്ഞ മറ്റൊരു വ്യക്തിയും ഉണ്ടായിരുന്നില്ല. അബൂസുഫ്യാൻ ഇസ്ലാം സ്വീകരിക്കുന്നതിനുമുമ്പ് നബി ﷺ യെയും അവിടുത്തെ അനുചരന്മാരെയും കുറിച്ച് ഇപ്രകാരം പറയുന്നത് കാണാം:

والله ما رأيت من قوم قط أشد حبا لصاحبهم من أصحاب محمد له

അല്ലാഹുവാണെ സത്യം മുഹമ്മദിന്റെ അനുചരന്മാർ അദ്ദേഹത്തെ സ്നേഹിക്കുന്നതുപോലെ അങ്ങേയറ്റത്തെ സ്നേഹം മറ്റൊരു സമുദായവും അവരുടെ നേതാവിനെ സ്നേഹിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. (ബൈഹഖി)

حدثنا أبو سعيد، حدثنا المثني، قال: سمعت أنسا يقول: ‘قل ليلة تأتي علي إلا وأنا أرى فيها خليلي صلى الله عليه وسلم’ وأنس يقول ذلك وتدمع عيناه.

അനസ് رَضِيَ اللَّهُ عَنْهُ പറയുന്നു: മിക്ക ദിവസവും ഞാൻ എന്റെ ഒറ്റ കൂട്ടുകാരനായ നബി ﷺ യെ സ്വപ്നം കാണാറുണ്ട്. ഇത് പറയുമ്പോൾ അനസ് رَضِيَ اللَّهُ عَنْهُ വിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. (അഹ്മദ്)

സൗബാൻ رضى الله عنه നബി ﷺ യുടെ അടുക്കൽ വന്നു പറഞ്ഞു:

يَا رَسُولَ اللَّهِ وَاللَّهِ إِنَّكَ لأَحَبُّ إِلَيَّ مِنْ نَفْسِي، وَإِنَّكَ لأَحَبُّ إِلَيَّ مِنْ أَهْلِي، وَأَحَبُّ إِلَيَّ مِنْ وَلَدِي، وَإِنِّي لأَكُونُ فِي الْبَيْتِ، فَأَذْكُرُكَ فَمَا أَصْبِرُ حَتَّى آتِيَكَ، فَأَنْظُرَ إِلَيْكَ، وَإِذَا ذَكَرْتُ مَوْتِي ومَوْتَكَ عَرَفْتُ أَنَّكَ إِذَا دَخَلْتَ الْجَنَّةَ رُفِعْتَ مَعَ النَّبِيِّينَ، وَإِنِّي إِذَا دَخَلْتُ الْجَنَّةَ خَشِيتُ أَنْ لاَ أَرَاكَ…..

അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവാണെ സത്യം എന്നെക്കാൾ ഞാൻ സ്നേഹിക്കുന്നത് താങ്കളെയാണ്, എന്റെ കുടുംബത്തേക്കാൾ ഞാൻ സ്നേഹിക്കുന്നത് താങ്കളെയാണ്, എന്റെ മക്കളേക്കാൾ ഞാൻ സ്നേഹിക്കുന്നത് താങ്കളെയാണ്, ഞാൻ വീട്ടിലായിരിക്കുമ്പോൾ താങ്കളെ ഓർത്താൽ ക്ഷമിച്ചിരിക്കാൻ എനിക്ക് കഴിയില്ല, ഉടനെ ഞാൻ നിങ്ങളുടെ അടുത്ത് വന്ന് നിങ്ങളെ നോക്കും. എന്റെയും താങ്കളുടെയും മരണത്തെ കുറിച്ച് ഓർത്താൽ, താങ്കൾ മരിച്ചു കഴിഞ്ഞാൽ, നബിമാരുടെ കൂടെ ഉയർന്ന പദവിയിലായിരിക്കും എന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാൻ സ്വർഗത്തിൽ പ്രവേശിച്ചാൽതന്നെയും താങ്കളെ കാണാൻ കഴിയില്ലേയെന്ന് ഞാൻ ഭയപ്പെടുന്നു ……. (ത്വബ്റാനി)

ഉഹ്ദിന്റെ ദിവസം അബൂത്വല്‍ഹ رضى الله عنه നബിﷺയോട് പറഞ്ഞു:

يَا نَبِيَّ اللَّهِ بِأَبِي أَنْتَ وَأُمِّي، لاَ تُشْرِفْ يُصِيبُكَ سَهْمٌ مِنْ سِهَامِ الْقَوْمِ، نَحْرِي دُونَ نَحْرِكَ‏.‏

അല്ലാഹുവിന്റെ റസൂലേ! താങ്കളുടെ സുരക്ഷക്കായി എന്റെ മാതാപിതാക്കളെ ഞാൻ പകരം നൽകാം. റസൂലേ, നിങ്ങൾ മുകളിൽ വന്ന് എത്തി നോൽക്കരുത്. അങ്ങനെ ചെയ്താൽ അങ്ങേക്ക് ശത്രുക്കളുടെ അമ്പേൽക്കും. താങ്കളുട നെഞ്ചിന് മുമ്പിൽ പരിചയെന്നോണം എന്റെ നെഞ്ചുണ്ട്. (ബുഖാരി:3811)

ഉഹ്ദ് യുദ്ധത്തിന്റെ പോര്‍ക്കളത്തില്‍ നബി ﷺ യെ ഏറെ സംരക്ഷിച്ച സ്വഹാബിയായിരുന്നു ത്വല്‍ഹ رضى الله عنه.

عَنْ قَيْسٍ، قَالَ رَأَيْتُ يَدَ طَلْحَةَ شَلاَّءَ وَقَى بِهَا رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَوْمَ أُحُدٍ ‏.‏

ഖൈസ് رضى الله عنه പറയുന്നു: ഉഹ്ദ് ദിനത്തിലെ (യുദ്ധത്തിൽ) അല്ലാഹുവിന്റെ റസൂലിനെ സംരക്ഷിച്ച് പരിക്കേറ്റത് (കാരണം) ത്വൽഹയുടെ കൈ മരവിച്ചിരിക്കുന്നതായി ഞാൻ കണ്ടു. (ഇബ്നുമാജ:128)

قال الإمام ابن القيم رحمه الله :كان الصحابة رضي الله عنهم يقون رسول الله ﷺ في الحرب بنفوسهم حتى يصرعوا حوله

ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു: നബി ﷺ യുടെ സ്വഹാബികൾ യുദ്ധങ്ങളിൽ നബി ﷺ യെ സ്വന്തം ശരീരങ്ങൾ പരിചയാക്കിക്കൊണ്ട് സംരക്ഷിച്ച് നബി ﷺ ക്ക് ചുറ്റും മരിച്ചു വീഴാറുണ്ടായിരുന്നു. (روضة المحبين)

അംറിബ്നു ആസ് رضى الله عنه ഇസ്ലാം സ്വീകരിച്ചതിന് ശേഷം പറഞ്ഞു: ഇസ്ലാമിലേക്ക് വരുന്നതിന് മുമ്പ് അദ്ദേഹത്തേക്കാള്‍ എനിക്ക് വെറുപ്പുണ്ടായിരുന്ന ഒരു വ്യക്തിയുമുണ്ടായിരുന്നില്ല. ഞാന്‍ മുസ്ലിമായപ്പോള്‍ തിരുമേനിയേക്കാള്‍ ഇഷ്ടമുള്ള മറ്റൊരു വ്യക്തിയുമുണ്ടായിരുന്നില്ല.

ശത്രുക്കള്‍ വധശിക്ഷക്ക് വിധേയനാക്കിയ സ്വഹാബിയോട് വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പായി, ‘നിന്നെ മോചിപ്പിക്കുകയും പകരം മുഹമ്മദിനെ വധിക്കുകയും ചെയ്യുന്നത് നീ ഇഷ്ടുപ്പെടുമോ’ എന്ന് ചോദിച്ചപ്പോള്‍ ‘അല്ലാഹുവിന്റെ റസൂലിന്റെ കാലില്‍ ഒരു മുള്ളു തറക്കുന്നത് പോലും എനിക്ക് സഹിക്കാനാവില്ല’ എന്ന മറുപടിയാണുണ്ടായത്.

യുദ്ധവേളകളില്‍ നബിﷺയുടെ നേരെവരുന്ന അമ്പുകളേയും വാളിനേയും സ്വശരീരം കൊണ്ട് തടഞ്ഞു ശഹീദാകുവാന്‍ സ്വഹാബികള്‍ക്ക് യാതൊരു മടിയുമുണ്ടായില്ല. ഉഹ്ദ് യുദ്ധത്തില്‍ ശഹീദായ അനസ് رضى الله عنه  വിന്റെ ശരീരത്തില്‍ 80 ലേറെ വെട്ടും മുറിവുമുണ്ടായിരുന്നു. അതെ, അവ൪ സ്വന്തത്തേക്കാളും നബിﷺയെ സ്നേഹിച്ചു.

ഹുദൈബിയ സന്ധിയുടെ സന്ദര്‍ഭത്തില്‍ ഖുറൈശികളുടെ പ്രതിനിധിയായി നബിﷺയെ സന്ദര്‍ശിച്ച ഉര്‍വത്ബ്‌നു മസ്ഊദ് തിരിച്ചുചെന്ന് ഖുറൈശികളോട് പറഞ്ഞത് ഇങ്ങനെയാണ് : ‘ഖുറൈശികളെ, ഞാന്‍ കിസ്‌റയെയും ഖൈസറിനെയും നജ്ജാശിയെയും അവരുടെ കൊട്ടാരങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, മുഹമ്മദിന്റെ അനുയായികള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നത് പോലെ മറ്റാരും ആരെയും സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.’

നബിﷺയുടെ വാക്കുകളെ മറ്റുള്ളവരുടെ വാക്കുകളേക്കാള്‍ പ്രാധാന്യപൂ൪വ്വം പരിഗണിക്കുകയും ജീവിതത്തില്‍ പക൪ത്തുകയും നബിചര്യയെ മഹത്വപ്പെടുത്തുകയും ചെയ്യണം. നബിﷺയോടുള്ള നമ്മുടെ സ്‌നേഹം പൂര്‍ണ്ണമാകുന്നത് നബിﷺയുടെ സ്വഭാവവും സംസ്‌കാരവും ചര്യയും നാം പരിപൂ൪ണ്ണമായി സ്വീകരിക്കുമ്പോഴാണ്. അപ്പോള്‍ മാത്രമേ ഒരാള്‍ക്ക് യഥാ൪ത്ഥ വിശ്വാസിയാകാന്‍ കഴിയുകയുള്ളൂ.

وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟

…. നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക …… (ഖു൪ആന്‍:59/7)

{وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا} وَهَذَا شَامِلٌ لِأُصُولِ الدِّينِ وَفُرُوعِهِ، ظَاهِرِهِ وَبَاطِنِهِ، وَأَنَّ مَا جَاءَ بِهِ الرَّسُولُ يَتَعَيَّنُ عَلَى الْعِبَادِ الْأَخْذُ بِهِ وَاتِّبَاعُهُ، وَلَا تَحِلُّ مُخَالَفَتُهُ، وَأَنَّ نَصَّ الرَّسُولِ عَلَى حُكْمِ الشَّيْءِ كَنَصِّ اللَّهِ تَعَالَى، لَا رُخْصَةَ لِأَحَدٍ وَلَا عُذْرَ لَهُ فِي تَرْكِهِ، وَلَا يَجُوزُ تَقْدِيمُ قَوْلِ أَحَدٍ عَلَى قَوْلِهِ،

{നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുക}മതത്തിന്റെ അടിസ്ഥാന നിയമങ്ങളും ശാഖകളും പ്രത്യക്ഷമായതും പരോക്ഷമായതുമെല്ലാം ഈ വചനം ഉള്‍ക്കൊള്ളുന്നുണ്ട്. റസൂല്‍ കൊണ്ടുവന്നത് സ്വീകരിക്കിലും പിന്‍പറ്റലും ദാസന്മാരുടെമേല്‍ നിശ്ചയിക്കപ്പെട്ടതാണ്. അതിന് എതിരു പ്രവര്‍ത്തിക്കല്‍ പാടില്ലാത്തതാണ്. ഒരു കാര്യത്തില്‍ റസൂലിന്റെ വിധി അല്ലാഹുവിന്റെ വിധിപോലെ തന്നെയാണ്. അത് ഉപേക്ഷിക്കാന്‍ ഒരാള്‍ക്കും ഒരു ന്യായമോ ഇളവോ ഇല്ല. റസൂലിന്റെ വാക്കിനെക്കാള്‍ ഒരാളുടെ വാക്കിനും മുന്‍ഗണന നല്‍കാവതല്ല. (തഫ്സീറുസ്സഅ്ദി)

ﻓَﻼَ ﻭَﺭَﺑِّﻚَ ﻻَ ﻳُﺆْﻣِﻨُﻮﻥَ ﺣَﺘَّﻰٰ ﻳُﺤَﻜِّﻤُﻮﻙَ ﻓِﻴﻤَﺎ ﺷَﺠَﺮَ ﺑَﻴْﻨَﻬُﻢْ ﺛُﻢَّ ﻻَ ﻳَﺠِﺪُﻭا۟ ﻓِﻰٓ ﺃَﻧﻔُﺴِﻬِﻢْ ﺣَﺮَﺟًﺎ ﻣِّﻤَّﺎ ﻗَﻀَﻴْﺖَ ﻭَﻳُﺴَﻠِّﻤُﻮا۟ ﺗَﺴْﻠِﻴﻤًﺎ

ഇല്ല, നിന്റെ രക്ഷിതാവിനെതന്നെയാണെ സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പ്പിച്ചതിനെകുറിച്ച് (അല്ലെങ്കില്‍ നീ പറഞ്ഞിട്ടുള്ളതിനെകുറിച്ച്) പിന്നീട് അവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല. (ഖു൪ആന്‍ : 4/65)

നബി ﷺ വഫാത്തായിട്ട് 1400 ല്‍ അധികം വ൪ഷം കഴിഞ്ഞു. നമുക്ക് നബി ﷺ യെ കാണാനോ നബി ﷺയോടൊത്ത് ജീവിക്കാനോ സാധിച്ചിട്ടില്ല. നബി ﷺയുടെ  തിരുസുന്നത്തിനെ സ്‌നേഹിക്കാനും അത് നമ്മുടെ ജീവിതത്തില്‍ പകര്‍ത്താനും നാം ശ്രദ്ധിക്കണം. നബി ﷺ യുടെ വിയോഗ ശേഷം അവിടുത്തെ സുന്നത്തുകൾ ജീവിതത്തിൽ പകർത്തുന്നതിൽ സ്വഹാബത്ത് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നതായി കാണാം.

عَنْ أَبِي الدَّرْدَاءِ، قَالَ أَوْصَانِي حَبِيبِي صلى الله عليه وسلم بِثَلاَثٍ لَنْ أَدَعَهُنَّ مَا عِشْتُ بِصِيَامِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ وَصَلاَةِ الضُّحَى وَبِأَنْ لاَ أَنَامَ حَتَّى أُوتِرَ

അബുദ്ദര്‍ദ്ദാഅ് رَضِيَ اللَّهُ عَنْهُ  പറയുന്നു: എന്റെ ഹബീബായ റസൂല്‍ ﷺ മൂന്ന് കാര്യങ്ങള്‍ കൊണ്ട് എന്നെ വസ്വിയത്ത് ചെയ്യുകയുണ്ടായി. ജീവിച്ചിരുന്ന കാലമത്രയും ഞാനത് ഉപേക്ഷിച്ചിട്ടില്ല. എല്ലാ മാസവും മൂന്ന് ദിവസം വ്രതമനുഷ്ഠിക്കുക, ളുഹാ നമസ്‌കാരം നി൪വ്വഹിക്കുക, ഉറങ്ങുന്നതിനു മുമ്പ് വിത്റ് നമസ്‌കരിക്കുക എന്നിവയാണത്. (മുസ്ലിം:722)

عَنْ عَلِيِّ بْنِ أَبِي طَالِبٍ، أَنَّ فَاطِمَةَ ـ عَلَيْهَا السَّلاَمُ ـ أَتَتِ النَّبِيَّ صلى الله عليه وسلم تَسْأَلُهُ خَادِمًا فَقَالَ ‏ “‏ أَلاَ أُخْبِرُكِ مَا هُوَ خَيْرٌ لَكِ مِنْهُ، تُسَبِّحِينَ اللَّهَ عِنْدَ مَنَامِكِ ثَلاَثًا وَثَلاَثِينَ، وَتَحْمَدِينَ اللَّهَ ثَلاَثًا وَثَلاَثِينَ، وَتُكَبِّرِينَ اللَّهَ أَرْبَعًا وَثَلاَثِينَ ‏”‏‏.‏ ـ ثُمَّ قَالَ سُفْيَانُ إِحْدَاهُنَّ أَرْبَعٌ وَثَلاَثُونَ ـ فَمَا تَرَكْتُهَا بَعْدُ، قِيلَ وَلاَ لَيْلَةَ صِفِّينَ قَالَ وَلاَ لَيْلَةَ صِفِّينَ‏.‏

അലിയ്യ് ബ്നു അബൂത്വാലിബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:ഫാത്തിമ عَلَيْهَا السَّلاَمُ ഒരു വേലക്കാരനെ ആവശ്യപ്പെട്ടുകൊണ്ട് നബിﷺയുടെ അടുക്കൽ വന്നു. ന‌ബി ﷺ പ‌റ‌ഞ്ഞു: “ഹേ, ഫാ‌ത്തി‌മാ! നി‌ന‌ക്ക്‌ വേ‌ല‌ക്കാ‌രെ‌ക്കാ‌ളും ഉ‌ത്ത‌മ‌മാ‌യ (ഖൈർ ല‌ഭി‌ക്കു‌ന്ന) ഒ‌രു കാ‌ര്യം ഞാൻ പഠി‌പ്പി‌ച്ചു‌ത‌രാം, നീ ദി‌വ‌സ‌വും കി‌ട‌പ്പ‌റ‌യി‌ലേ‌ക്ക്‌ പോ‌കു‌മ്പോൾ 33 പ്രാവശ്യം سُبْحانَ الله (സുബ്ഹാനല്ലാഹ്) എന്നും 33 പ്രാവശ്യം الحمدُ لله (അല്‍ഹംദു ലില്ലാഹ്) എന്നും 34 പ്രാവശ്യം اللهُ أكْبرُ (അല്ലാഹു അക്ബ൪) എന്നും ചൊല്ലുക.” അലി رَضِيَ اللَّهُ عَنْهُ പറഞ്ഞു: അതിനുശേഷം ഞാൻ അത് ഉപേക്ഷിച്ചിട്ടില്ല. അദ്ദേഹം ചോദിക്കപ്പെട്ടു: (താങ്കൾ ഏറെ പ്രയാസപ്പെട്ട യുദ്ധമായ) സിഫ്ഫീനിന്റെ രാത്രിയിൽ പോലും? അലി رَضِيَ اللَّهُ عَنْهُ പറഞ്ഞു: സിഫ്ഫീനിന്റെ രാത്രിയിൽ പോലും ഒഴിവാക്കിയിട്ടില്ല. (ബുഖാരി: 5362)

പ്രവാചകന്റെ ചരിത്രവും ഗുണങ്ങളും എടുത്തുപറയുന്നതും അവിടുത്തെ പുകഴ്ത്തി പറയുന്നതും പ്രവാചക സ്നേഹത്തില്‍ പെട്ടതാണ്. പറയുന്ന കാര്യങ്ങളും സത്യസന്ധവും ഇസ്ലാമിക ആദ൪ശത്തിനകത്ത് നില്‍ക്കുന്നതായിരിക്കണം. കാരണം അതിരു വിടുന്നത് നബി ﷺ താക്കീത് ചെയ്തിട്ടുണ്ട്.

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لاَ تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ، فَإِنَّمَا أَنَا عَبْدُهُ، فَقُولُوا عَبْدُ اللَّهِ وَرَسُولُهُ

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ക്രൈസ്തവ൪ മറിയമിന്റെ മകനെ പുകഴ്ത്തിയതുപോലെ നിങ്ങള്‍ എന്നെ പുകഴ്ത്തരുത്. തീ൪ച്ചയായും ഞാന്‍ (അല്ലാഹുവിന്റെ) അടിമയാണ്. നിങ്ങള്‍ പറയുക: അല്ലാഹുവിന്റെ റസൂലും അവന്റെ അടിമയുമെന്ന്. (ബുഖാരി:3445)

നബി ﷺ പഠിപ്പിച്ചിച്ചുള്ള സന്ദേശങ്ങള്‍ നാം പൂ൪ണ്ണമായും ജീവിതത്തില്‍ പക൪ത്തുന്നതോടൊപ്പം അവിടുന്ന് വിരോധിച്ചിട്ടുള്ള കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതും പ്രവാചക സ്നേഹത്തില്‍ പെട്ടതാണ്. അത് മറ്റുള്ളവ൪ക്ക് എത്തിച്ച് കൊടുക്കാന്‍ പരിശ്രമിക്കുന്നതും പ്രവാചകനോടുള്ള സ്നേഹത്തിന്റെ ഭാഗമാണ്.

അതേപോലെ നബി ﷺയുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍ നബിസ്നേഹത്തില്‍ പെട്ടതാണ്. അല്ലാഹു മലക്കുകളുടെ അടുക്കല്‍ വെച്ച് നബിﷺയെ പ്രശംസിച്ചുകൊണ്ടിരിക്കുന്നു. ആ പ്രശംസകള്‍ വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രാ൪ത്ഥിക്കുകയാണ് സ്വലാത്ത് ചൊല്ലുന്നതിലൂടെ സത്യവിശ്വാസികള്‍ ചെയ്യുന്നത്. അതെ, നബി ﷺയെ സ്നേഹിക്കുന്നവ൪ക്ക് മാത്രമേ നബിﷺയുടെ മേല്‍ സ്വലാത്ത് ചൊല്ലാന്‍ കഴിയുകയുള്ളൂ.

ﺇِﻥَّ ٱﻟﻠَّﻪَ ﻭَﻣَﻠَٰٓﺌِﻜَﺘَﻪُۥ ﻳُﺼَﻠُّﻮﻥَ ﻋَﻠَﻰ ٱﻟﻨَّﺒِﻰِّ ۚ ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﺻَﻠُّﻮا۟ ﻋَﻠَﻴْﻪِ ﻭَﺳَﻠِّﻤُﻮا۟ ﺗَﺴْﻠِﻴﻤًﺎ

തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക. (ഖു൪ആന്‍: 33/56)

{തീർച്ചയായും അല്ലാഹുവും മലക്കുകളും പ്രവാചകന്റെ മേൽ കാരുണ്യം കാണിക്കുന്നു} പ്രവാചകനോടുള്ള സ്‌നേഹത്താൽ. ഉന്നതലോകത്തുവെച്ച് – അല്ലാഹു മലക്കുകൾക്കിടയിൽവെച്ച് – അദ്ദേഹത്തെ പുകഴ്ത്തുന്നു. അല്ലാഹുവിന്റെ അടുത്തവരായ മലക്കുകളും അദ്ദേഹത്തെ പുകഴ്ത്തുന്നു. അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുകയും താഴ്മ കാണിക്കുകയും ചെയ്യുന്നു. {സത്യവിശ്വാസികളേ, നിങ്ങളും നിങ്ങൾ അദ്ദേഹത്തിന്റെ മേൽ കാരുണ്യവും ശാന്തിയുമുണ്ടാകാൻ പ്രാർഥിക്കുക} സത്യവിശ്വാസികളേ, നിങ്ങളും മലക്കുകളെ പിൻപറ്റിക്കൊണ്ട് അദ്ദേഹത്തിന്റെ മേൽ അനുഗ്രഹങ്ങൾക്കായി പ്രാർഥിക്കുക. നിങ്ങളോട് ചെയ്ത ചില കടമകൾക്കുള്ള പ്രതിഫലമായി, വിശ്വാസത്തിന്റെ പൂർത്തീകരണമായി, ആദരവും ബഹുമാനവും സ്‌നേഹവുമായി; നന്മ വർധിക്കാനും പാപങ്ങൾ പൊറുത്ത് കിട്ടാനും. (തഫ്സീറുസ്സഅ്ദി)

 

 

www.kanzululoom.com

 

അല്ലാഹുവിനോടും റസൂൽ ﷺ യോടും ഇഷ്ഖ് എന്ന് പറയുന്നവരോട്

Leave a Reply

Your email address will not be published. Required fields are marked *