അല്ലാഹു പറയുന്നു:
يُؤْتِى ٱلْحِكْمَةَ مَن يَشَآءُ ۚ وَمَن يُؤْتَ ٱلْحِكْمَةَ فَقَدْ أُوتِىَ خَيْرًا كَثِيرًا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَٰبِ
താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു (യഥാര്‍ത്ഥ) ജ്ഞാനം നല്കുന്നു. ഏതൊരുവന്ന് (യഥാര്‍ത്ഥ) ജ്ഞാനം നല്‍കപ്പെടുന്നുവോ അവന്ന് (അതു വഴി) അത്യധികമായ നേട്ടമാണ് നല്കപ്പെടുന്നത്. എന്നാല്‍ ബുദ്ധിശാലികള്‍ മാത്രമേ ശ്രദ്ധിച്ച് മനസ്സിലാക്കുകയുള്ളൂ. (ഖു൪ആന്‍: 2/269)
حِكْمَة (ഹിക്മത്ത്) എന്ന വാക്കിന് ‘വിജ്ഞാനം, തത്വജ്ഞാനം, യുക്തിതത്വം,’എന്നൊക്കെയാണ് അര്‍ത്ഥം കല്പിക്കപ്പെടാറുള്ളത്. കാര്യം അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ ഗ്രഹിക്കുവാനും അത് പ്രവര്‍ത്തനത്തില്‍ കൊണ്ടുവരാനും ഉതകുന്ന അറിവാണ് മൊത്തത്തില്‍ അതുകൊണ്ട് വിവക്ഷ. ഇവിടെ ‘ഹിക്മത്ത്’ കൊണ്ട്ഉദ്ദേശ്യം പലമഹാന്മാരും പല വാക്കുകളിലും വിവരിച്ചു കാണാം. ബുദ്ധി, ശക്തി, ജ്ഞാനം, അല്ലാഹുവിനെക്കുറിച്ചുള്ള ഭയപ്പാട്, ക്വുര്‍ആനിക വിജ്ഞാനം, നബിചര്യ, കാര്യഗ്രഹണശക്തി, വാക്കും പ്രവൃത്തിയും യഥാര്‍ത്ഥത്തോട് യോജിച്ചതായിരിക്കുക എന്നൊക്കെയാണവയുടെ ചുരുക്കം. വാസ്തവത്തില്‍ ഇതെല്ലാം മേല്പറഞ്ഞ അര്‍ത്ഥത്തില്‍ ചെന്നുകലാശിക്കുന്നു. ഭൗതിക താല്പര്യക്കാരായ ചിലരുടെ വാക്കുകള്‍ ധ്വനിപ്പിക്കുന്നതു പോലെ, തന്ത്രപരമായ സാമര്‍ത്ഥ്യമോ, തത്വശാസ്ത്ര വിജ്ഞാനങ്ങളോ അല്ല അതുകൊണ്ട് വിവക്ഷയെന്ന് തീര്‍ത്തു പറയാം. താഴെ പ്രസ്താവിക്കുന്നതില്‍ നിന്ന് അത് കൂടുതല്‍ വ്യക്തമാകുന്നതാണ്.
ഇമാം മാലിക് رحمه الله പറഞ്ഞതായി ഇബ്നുകഥീര്‍ رحمه الله ഉദ്ധരിക്കുന്നു:
وإنه ليقع في قلبي أن الحكمة هو الفقه في دين الله ، وأمر يدخله الله في القلوب من رحمته وفضله ، ومما يبين ذلك ، أنك تجد الرجل عاقلا في أمر الدنيا ذا نظر فيها ، وتجد آخر ضعيفا في أمر دنياه ، عالما بأمر دينه ، بصيرا به ، يؤتيه الله إياه ويحرمه هذا ، فالحكمة : الفقه في دين الله .
‘ഹിക്മത്ത് എന്നാല്‍, മതത്തെ സംബന്ധിച്ച വിജ്ഞാനവും, അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിമിത്തം ഹൃദയങ്ങളില്‍ ഉളവാകുന്ന ബോധവുമാകുന്നുവെന്നത്രെ എനിക്ക് തോന്നുന്നത്. ഒരു മനുഷ്യന് ഐഹിക വിഷയത്തില്‍ ചിന്തിക്കുമ്പോള്‍, നീ അവനെ ബുദ്ധിമാനായി കാണുന്നു. വേറെ ഒരുവനെ ഐഹിക കാര്യങ്ങളില്‍ ദുര്‍ബ്ബലനായും, മത കാര്യങ്ങളില്‍ അറിവും ഉള്‍ക്കാഴ്ചയും ഉള്ളവനായും കാണുന്നു. ഇത് ഇയാള്‍ക്ക് അല്ലാഹു നല്കുന്നതാകുന്നു. മറ്റേയാള്‍ക്ക് അത് ലഭിക്കാതെ പോയിരിക്കുകയാണ്. അപ്പോള്‍, ‘ഹിക്മത്ത്’ എന്നാല്‍ അല്ലാഹുവിന്റെ മതത്തിലുള്ള വിജ്ഞാനമായിരിക്കും.
‘ബുഖാരിയും, മുസ്ലിമും (رحمهما الله) ഉദ്ധരിച്ച ഒരു ഹദീഥില്‍ നബി ﷺ പറയുന്നു:
مَنْ يُرِدِ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ وَإِنَّمَا أَنَا قَاسِمٌ وَيُعْطِي اللَّهُ
അല്ലാഹുനന്മ ഉദ്ദേശിക്കുന്നവന് അവന് മതത്തില്‍ വിജ്ഞാനമുണ്ടാക്കിക്കൊടുക്കുന്നു. ഞാന്‍(വിജ്ഞാനം) ഭാഗിച്ചുകൊടുക്കുന്ന ഒരാള്‍ മാത്രമാകുന്നു, അല്ലാഹുവാണ് (യഥാര്‍ത്ഥത്തില്‍) കൊടുക്കുന്നത്. (ബു; മു.)
‘കേവലം കുറെ അറിവുകളോ, വിദ്യയോ കരസ്ഥമാക്കിയതു കൊണ്ടുമാത്രം ‘ഹിക്മത്ത്’ ലഭ്യമാകുന്നതല്ല; അല്ലാഹുവിന്റെ അനുഗ്രഹത്തിനും പ്രതിഫലത്തിനും പാത്രമാകത്ത ക്കവണ്ണം അവ ഉപയോഗപ്പെടുത്തുവാനുള്ള ഭാഗ്യം കൂടി ഉണ്ടാകുമ്പോഴേ അത് ലഭ്യമാകുന്നുള്ളൂ. ‘അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന് ഹിക്മത്ത് നല്കുന്നു’ എന്നും ‘ഹിക്മത്ത് ആര്‍ക്ക് നല്‍കപ്പെടുന്നുവോ അവന് ധാരാളം നന്മ നല്കപ്പെട്ടുകഴിഞ്ഞു’ എന്നുമുള്ള അല്ലാഹുവിന്റെ തിരുവാക്യങ്ങളില്‍ നിന്ന് തന്നെ ഈകാര്യം മനസ്സിലാക്കാവുന്നതാണ്. 4/54; 2/251; 38/20 മുതലായ സ്ഥലങ്ങളില്‍ അല്ലാഹു ഈ വാക്ക് ഉപയോഗിച്ചിട്ടുള്ള സന്ദര്‍ഭങ്ങളില്‍നിന്നും മേലുദ്ധരിച്ച ഹദീഥില്‍ നിന്നും, ഇമാംമാലിക് رحمه الله യുടെ പ്രസ്താവനയില്‍ നിന്നും കൂടുതല്‍ വ്യക്തമാകുന്നതാകുന്നു. ഇബ്നുകഥീര്‍ رحمه الله ചൂണ്ടിക്കാട്ടിയതുപോലെ, ഹിക്മത്തിന്റെ ഏറ്റവും ഉന്നതമായ പദവിയാണ് പ്രവാചകത്വം. പ്രവാചകന്മാരുടെ അനുയായികള്‍ക്കും അവരുടെ ഭാഗ്യമനുസരിച്ച് ഹിക്മത്ത് നല്കപ്പെടുന്നു. ‘അല്ലാഹുവിനെക്കുറിച്ചുള്ള ഭയപ്പാടാണ് ഹിക്മത്തിന്റെ തല (അഥവാ പ്രധാന ഭാഗം)’ എന്ന് ഒരു ഹദീഥില്‍ വന്നിരിക്കുന്നു. പ്രസിദ്ധമായ മറ്റൊരു ഹദീഥില്‍ നബി ﷺ പറയുന്നു:
لاَ حَسَدَ إِلاَّ فِي اثْنَتَيْنِ، رَجُلٌ آتَاهُ اللَّهُ مَالاً فَسَلَّطَهُ عَلَى هَلَكَتِهِ فِي الْحَقِّ، وَآخَرُ آتَاهُ اللَّهُ حِكْمَةً فَهْوَ يَقْضِي بِهَا وَيُعَلِّمُهَا
‘രണ്ട് കാര്യങ്ങളിലല്ലാതെ അസൂയ പാടില്ല. അതായത്, അല്ലാഹുധനം നല്‍കിയിട്ട് വേണ്ടപ്പെട്ട വിഷയത്തില്‍ അതിനെ മുഴുവന്‍ വിനിയോഗിക്കുന്ന മനുഷ്യനും, അല്ലാഹു ഹിക്മത്ത് നല്‍കിയിട്ട് അത് പ്രകാരം വിധി നടത്തുകയും, അത് (മറ്റുള്ളവര്‍ക്ക്) പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്ന മനുഷ്യനും,’ (ബു; മു.)
അസൂയകൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് അവര്‍ക്ക് ലഭിച്ചതില്‍ വെറുപ്പും അനിഷ്ടവും തോന്നുകയെന്നല്ല, അവരെപ്പോലെ തനിക്കും വേണമെന്ന ആഗ്രഹമാകുന്നു. ഹദീഥിന്റെ ചിലരിവായത്തുകളില് നിന്നുതന്നെ അത് മനസ്സിലാകുന്നതുമാണ്.
وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ (സല്‍ബുദ്ധിയുള്ളവരല്ലാതെ ഉറ്റാലോചിക്കുകയില്ല) എന്ന് പറഞ്ഞു കൊണ്ടാണ് ഈ വചനം അല്ലാഹു അവസാനിപ്പിക്കുന്നത്. വളരെ ശ്രദ്ധേയമായൊരുവാക്യമാണിത്. ഹിക്മത്ത് ലഭിച്ചവരേ കാര്യങ്ങള്‍ വേണ്ടതുപോലെ ചിന്തിച്ചറിയുകയും അത് യഥാവിധി പ്രവര്‍ത്തനത്തില്‍ വരുത്തുകയും ചെയ്കയുള്ളൂ. അങ്ങനെയുള്ളവരാണ് യഥാര്‍ത്ഥ ബുദ്ധിമാന്മാര് എന്നാണിത് കാണിക്കുന്നത്.
അമാനി തഫ്സീര്‍
www.kanzululoom.com