വിശുദ്ധ ഖുര്‍ആൻ ഒന്നിച്ച് പരാമര്‍ശിച്ച മൂന്ന് അനുഗ്രഹങ്ങളാണ് കേള്‍വിയും കാഴ്ചകളും ചിന്താശക്തിയും.
وَٱللَّهُ أَخْرَجَكُم مِّنۢ بُطُونِ أُمَّهَٰتِكُمْ لَا تَعْلَمُونَ شَيْـًٔا وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۙ لَعَلَّكُمْ تَشْكُرُونَ
നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞ് കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ട് വന്നു. നിങ്ങള്‍ക്കു അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി. (ഖുർആൻ: 16/78)
وَهُوَ ٱلَّذِىٓ أَنشَأَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًا مَّا تَشْكُرُونَ
അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിതന്നിട്ടുള്ളവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളു. (ഖുർആൻ: 23/78)
ഹൃദയംകൊണ്ടു ചിന്തിച്ചറിയുവാനോ, കണ്ടും കേട്ടും കാര്യങ്ങള്‍ ഗ്രഹിക്കുവാനോ കഴിയാത്ത അവസ്ഥയിലാണു മനുഷ്യര്‍ ഈ ലോകത്തു ജനിക്കുന്നത്. പിന്നീടു കാര്യങ്ങള്‍ കണ്ടറിയുവാനും കേട്ടുമനസ്സിലാക്കുവാനും ചിന്തിച്ചറിയുവാനുമുള്ള കഴിവു അല്ലാഹു നല്‍കുന്നു. ഇതിനു സദാ നന്ദി കാണിക്കുവാനും കടപ്പെട്ടവനാണു മനുഷ്യന്‍. എന്നിട്ടും ആ കടമ അവന്‍ നിര്‍വ്വഹിക്കുന്നില്ലെന്നു മാത്രമല്ല, അവനല്ലാത്ത വസ്തുക്കളോടു കൂറും ഭക്തിയും കാണിച്ചുകൊണ്ടിരിക്കുകവഴി അവനോടു നന്ദികേടു കാണിക്കുകയാണവന്‍ ചെയ്യുന്നതു എന്നു സാരം. (അമാനി തഫ്സീര്‍: ഖുർആൻ: 16/78 ന്റെ വിശദീകരണം)
قُلْ أَرَءَيْتُمْ إِنْ أَخَذَ ٱللَّهُ سَمْعَكُمْ وَأَبْصَٰرَكُمْ وَخَتَمَ عَلَىٰ قُلُوبِكُم مَّنْ إِلَٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِهِ ۗ ٱنظُرْ كَيْفَ نُصَرِّفُ ٱلْـَٔايَٰتِ ثُمَّ هُمْ يَصْدِفُونَ
(നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയോ? അല്ലാഹു നിങ്ങളുടെ കേള്‍വിയും കാഴ്ചകളും പിടിച്ചെടുക്കുകയും, നിങ്ങളുടെ ഹൃദയങ്ങളിന്‍മേല്‍ അവന്‍ മുദ്രവെക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവല്ലാതെ ഏതൊരു ദൈവമാണ് നിങ്ങള്‍ക്കത് കൊണ്ടുവന്ന് തരാനുള്ളത്? നോക്കൂ: ഏതെല്ലാം വിധത്തില്‍ നാം തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നു. എന്നിട്ടും അവര്‍ പിന്തിരിഞ്ഞ് കളയുന്നു. (ഖുർആൻ: 6/46)
ഭൂമിയില്‍ എല്ലാവിധത്തിലുമുള്ള വിജ്ഞാനം കരസ്ഥമാക്കാനും ഐഹികമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും മനുഷ്യൻ ഉപയോഗിക്കുന്ന ഈ അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ്.
وَلَا تَقْفُ مَا لَيْسَ لَكَ بِهِۦ عِلْمٌ ۚ إِنَّ ٱلسَّمْعَ وَٱلْبَصَرَ وَٱلْفُؤَادَ كُلُّ أُو۟لَٰٓئِكَ كَانَ عَنْهُ مَسْـُٔولًا
നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്. (ഖുർആൻ: 17/36)
കാതുകൊണ്ടു കേട്ടും, കണ്ണുകൊണ്ടു കണ്ടും, ഹൃദയം കൊണ്ടു ചിന്തിച്ചും ഇങ്ങിനെ മൂന്നു വിധത്തിലാണല്ലോ കാര്യങ്ങളെപ്പറ്റി ശരിയായ അറിവു സമ്പാദിക്കുക. അതതിനെ ഉപയോഗിക്കേണ്ട പ്രകാരം ഉപയോഗിച്ചുവോ ഇല്ലേ, എന്തില്ലെല്ലാമാണു ഉപയോഗിച്ചതു എന്നിത്യാദി സംഗതികളെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണെന്ന് അല്ലാഹു താകീതു ചെയ്യുന്നു. (അമാനി തഫ്സീര്‍)
وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِّنَ ٱلْجِنِّ وَٱلْإِنسِ ۖ لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ ءَاذَانٌ لَّا يَسْمَعُونَ بِهَآ ۚ أُو۟لَٰٓئِكَ كَٱلْأَنْعَٰمِ بَلْ هُمْ أَضَلُّ ۚ أُو۟لَٰٓئِكَ هُمُ ٱلْغَٰفِلُونَ
ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍. (ഖുർആൻ:7/179)
ചിന്തിച്ചു മനസ്സിലാക്കുവാനുള്ള ഹൃദയവും, കണ്ടു മനസ്സിലാക്കുവാനുള്ള കണ്ണും, കേട്ടു മനസ്സിലാക്കുവാനുള്ള കാതും ഇവയാണല്ലോ കാര്യങ്ങള്‍ വിവേചിച്ചറിയുവാനും സത്യാസത്യങ്ങള്‍ മനസ്സിലാക്കുവാനുമുള്ള മാര്‍ഗ്ഗങ്ങള്‍. അവയെല്ലാം ഉണ്ടായിരുന്നിട്ടും അവ ഉപയോഗപ്പെടുത്താതെ – അല്ലെങ്കിൽ ദുരുപയോഗപ്പെടുത്തിക്കൊണ്ടു – സത്യ യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കുകയും അതനുസരിച്ചു ചരിക്കുകയും ചെയ്യാതിരിക്കുന്നവര്‍ നരകത്തിലേക്കു വിറകായി സൃഷ്ടിക്കപ്പെട്ടവരാകുന്നു. അഥവാ അവരുടെ പര്യവസാനം നരകശിക്ഷയായിരിക്കും. അവര്‍ നാല്‍ക്കാലി മൃഗങ്ങളെക്കാള്‍ മോശപ്പെട്ടവരാണു എന്നു അല്ലാഹു അറിയിക്കുന്നു. ഇവര്‍ നരകത്തിനു അവകാശപ്പെട്ടവരായിരിക്കുവാനുള്ള കാരണം ഇതില്‍ നിന്നു വ്യക്തമാണ്. നാല്‍ക്കാലികളെ സംബന്ധിച്ചിടത്തോളം ബാഹ്യത്തില്‍ അവര്‍ക്കു പ്രസ്തുത ഗ്രഹണേന്ദ്രിയങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും വിവേചിച്ചറിയുവാനുള്ള ബുദ്ധിശക്തി നല്‍കപ്പെട്ടിട്ടില്ല. അവ സന്മാര്‍ഗ്ഗത്തില്‍ ചരിക്കണമെന്നോ ദുര്‍മ്മാര്‍ഗ്ഗത്തില്‍ ചരിക്കരുതെന്നോ ശാസിക്കപ്പെട്ടിട്ടുമില്ല. ആ സ്ഥിതിക്കു ഇങ്ങിനെയുള്ള അശ്രദ്ധരായ ആളുകള്‍ നാല്‍ക്കാലികളെക്കാള്‍ മോശപ്പെട്ടവരാണെന്നു വ്യക്തം തന്നെ. ആദ് സമുദായത്തിന്റെ അക്രമങ്ങളെയും, അവര്‍ക്കു നല്‍കപ്പെട്ട ശിക്ഷയെയും കുറിച്ചു പറഞ്ഞശേഷം, അവര്‍ക്കു ആ ഗതി വന്നു ചേരുവാനുള്ള കാരണം പറഞ്ഞ കൂട്ടത്തില്‍ അല്ലാഹു പറയുന്നു:
وَلَقَدْ مَكَّنَّٰهُمْ فِيمَآ إِن مَّكَّنَّٰكُمْ فِيهِ وَجَعَلْنَا لَهُمْ سَمْعًا وَأَبْصَٰرًا وَأَفْـِٔدَةً فَمَآ أَغْنَىٰ عَنْهُمْ سَمْعُهُمْ وَلَآ أَبْصَٰرُهُمْ وَلَآ أَفْـِٔدَتُهُم مِّن شَىْءٍ إِذْ كَانُوا۟ يَجْحَدُونَ بِـَٔايَٰتِ ٱللَّهِ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ
നിങ്ങള്‍ക്ക് നാം സ്വാധീനം നല്‍കിയിട്ടില്ലാത്ത മേഖലകളില്‍ അവര്‍ക്കു നാം സ്വാധീനം നല്‍കുകയുണ്ടായി. കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും അവര്‍ക്കു നല്‍കുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കൊണ്ടിരുന്നതിനാല്‍ അവരുടെ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും അവര്‍ക്ക് യാതൊരു പ്രയോജനവും ചെയ്തില്ല. എന്തൊന്നിനെ അവര്‍ പരിഹസിച്ചിരുന്നുവോ അത് അവരില്‍ വന്നുഭവിക്കുകയും ചെയ്തു. (ഖുർആൻ: 46/26) (അമാനി തഫ്സീര്‍)
kanzululoom.com