ഹഖ്‌, ജാഹ്‌, ബറകത്ത്‌ കൊണ്ടുള്ള പ്രാർത്ഥനയുടെ ഇസ്ലാമിക വിധി

മരിച്ചു പോയ മഹാൻമാരുട ഹഖ്‌, ജാഹ്‌, ബർകത്ത്‌ കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാൻ സഹായകരമാണെന്ന് ചിലർ പ്രചരിപ്പിക്കുന്നത് കാണാം. ഇതിന്റെ ഇസ്ലാമിക വിധിയെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.

പ്രവാചകൻമാരുടെയോ സ്വാലിഹുകളുടെയോ ഹഖ്, ജാഹ്, ബര്‍കത്ത് കൊണ്ട് ഇടതേട്ട പ്രാർത്ഥന ഇസ്‌ലാം പഠിപ്പിച്ചതല്ല.

ഹഖ് എന്നാൽ  ‘അവകാശം’ എന്നാണർത്ഥം. ഓരോ അടിമകളുടെ കാര്യത്തിലും അല്ലാഹു ഏറ്റെടുത്തിട്ടുള്ള ‘ഹഖ്’ ഉണ്ട്. ഓരോരുത്തരും ചെയ്ത നല്ല കര്‍മ്മങ്ങള്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കുമെന്നും അവയൊന്നും വൃഥാ പാഴാക്കിക്കളയുകയില്ലെന്നുമുള്ളത് അല്ലാഹു ഏറ്റെടുത്തിട്ടുള്ള ഹഖാണ്.

فَٱسْتَجَابَ لَهُمْ رَبُّهُمْ أَنِّى لَآ أُضِيعُ عَمَلَ عَٰمِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ ۖ بَعْضُكُم مِّنۢ بَعْضٍ ۖ

അപ്പോള്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് ഉത്തരം നല്‍കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന് ഉല്‍ഭവിച്ചവരാകുന്നു. (ഖുർആൻ:3/195)

ഇതല്ലാതെ മറ്റൊരാൾക്ക് ഉപകാരം കിട്ടുന്ന തരത്തിലുള്ള ഹഖിനെ കുറിച്ച് ഇസ്ലാം പഠിപ്പിച്ചിട്ടില്ല. ഒരാളുടെ ‘ഹഖ്’ കൊണ്ട് പ്രാർത്ഥിക്കുന്നുവെന്ന് പറയുമ്പോൾ ആ വ്യക്തിക്ക് അല്ലാഹുവിന്റെയടുക്കൽ ഈ തരത്തിൽ എന്തൊക്കെയോ അവകാശങ്ങളുണ്ടെന്നാണ് വരുന്നത്. അതുകൊണ്ടുതന്നെ ‘ഹഖ്’ കൊണ്ടുള്ള ഇടതേട്ടം പാടില്ലാത്തതാണ്.

قال أبو حنيفة رحمه الله :  يكره أن يقول الداعي : أسألك بحق فلان أو بحق أنبيائك ورسلك وبحق البيت الحرام والمشعر الحرام

ഇമാം അബു ഹനീഫ رحمه الله പറയുന്നു:ഇന്ന വ്യക്തിയുടെ ഹക്ക് കൊണ്ടോ, നബിമാരുടെയും റസൂലുകളുടെയും ഹക്ക് കൊണ്ട് ഞാൻ ഞാൻ ചോദിക്കുന്നു എന്നോ,  ബൈത്തുൽ ഹറാമിന്റെയൊ, മഷ്അറുൽ ഹറാമിന്റെയൊ ഹക്ക് കൊണ്ട് ഞാൻ ചോദിക്കുന്നു എന്നോ ഒരാൾ പ്രാർത്ഥിക്കുന്നത് വെറുക്കപെട്ടിരിക്കുന്നു. (ശറഹുൽ അക്കീദതഹാവിയ്യ:234 )

قال الإمام الكاساني رحمه الله : ويكره للرجل أن يقول في دعائه أسألك بحق أنبيائك ورسلك وبحق فلان لأنه لا حق لأحد على الله سبحانه وتعالى جل شأنه

ഇമാം കാസാനി رحمه الله പറയുന്നു: ഒരാൾ തന്റെ പ്രർത്ഥനയിൽ ‘നിന്റെ അമ്പിയാക്കളുടെയും റസൂലുകളുടെയും ഹഖിനെ മുൻ നിർത്തി ഞാൻ നിന്നോട് ചോദിക്കുന്നു, ഇന്ന വ്യക്തിയുടെ ഹഖിനെ മുൻ നിർത്തി ഞാൻ ചോദിക്കുന്നു’ എന്നിങ്ങനെ പറയൽ കറാഹത്താണ്. കാരണം അല്ലാഹുവിന്റെ മേൽ ആർക്കും യാതൊരു ഹഖും ഇല്ല. (ബദാഇഉ സ്സ്വനാഇഅ്)

ആദം عليه السلام സ്വർഗത്തിൽ വെച്ച് വിലക്കപ്പെട്ട വൃക്ഷത്തിൽ നിന്നും ഭക്ഷിച്ചപ്പോൾ അല്ലാഹുവിനോട് പാപമോചനം തേടിയതിനെ കുറിച്ച് വിശുദ്ധ ഖുർആനും തിരുസ്സുന്നത്തും വിവരിച്ചിട്ടുണ്ട്. ഇവിടെ മുഹമ്മദ് നബി ﷺ യുടെ ‘ഹഖ്’ കൊണ്ടു ഞാന്‍ നിന്നോട് ചോദിക്കുന്നുവെന്ന് ചില റിപ്പോർട്ടുകളിൽ വന്നിട്ടുള്ളത് ദുർബലമാണ്. മാത്രമല്ല, ഇത് വിശുദ്ധ ഖുർആനിന് എതിരാണ്. പശ്ചാത്തപിച്ചു മടങ്ങേണ്ടുന്ന വിധവും അതിനുള്ള വാക്കുകളും അല്ലാഹുവിങ്കല്‍ നിന്നുതന്നെയാണ് അദ്ദേഹത്തിന് ലഭിച്ചത്. അങ്ങനെ, ആ വാക്കുകള്‍ മുഖേന അദ്ദേഹം പാപമോചനം തേടുകയും അല്ലാഹു അത് സ്വീകരിച്ചു പൊറുത്തു കൊടുക്കുകയും ചെയ്തുവെന്നാണ് ഖു൪ആന്‍ പറയുന്നത്.

ﻓَﺘَﻠَﻘَّﻰٰ ﺁﺩَﻡُ ﻣِﻦْ ﺭَﺑِّﻪِ ﻛَﻠِﻤَﺎﺕٍ ﻓَﺘَﺎﺏَ ﻋَﻠَﻴْﻪِ ۚ ﺇِﻧَّﻪُ ﻫُﻮَ ﺍﻟﺘَّﻮَّﺍﺏُ ﺍﻟﺮَّﺣِﻴﻢُ

അപ്പോള്‍ ആദം തന്റെ റബ്ബിൽ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍) മുഖേന പശ്ചാത്തപിച്ചുപ്പോള്‍ അല്ലാഹു ആദമിന് പാപമോചനം നല്‍കി. തീ൪യായും അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും ദയാപരനുമത്രെ (ഖു൪ആന്‍ :2/37)

ആദം عليه السلام തന്റെ റബ്ബിൽ നിന്ന് ചില വചനങ്ങള്‍ മുഖാന്തിരം അല്ലാഹുവിനോട് പശ്ചാത്തപിച്ചുവെന്നാണ് ഈ ആയത്തില്‍ പറയുന്നത്. ആ വചനങ്ങൾ എന്തായിരുന്നുവെന്ന് ഖു൪ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ﻗَﺎﻟَﺎ ﺭَﺑَّﻨَﺎ ﻇَﻠَﻤْﻨَﺎ ﺃَﻧْﻔُﺴَﻨَﺎ ﻭَﺇِﻥْ ﻟَﻢْ ﺗَﻐْﻔِﺮْ ﻟَﻨَﺎ ﻭَﺗَﺮْﺣَﻤْﻨَﺎ ﻟَﻨَﻜُﻮﻧَﻦَّ ﻣِﻦَ ﺍﻟْﺨَﺎﺳِﺮِﻳﻦَ

അവ൪ രണ്ടുപേരും പറഞ്ഞു: ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തു തരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും’. (ഖു൪ആന്‍ :7/23)

മുഹമ്മദ്‌ നബി ﷺ യെ ഇടയാളനാക്കി പ്രാ൪ത്ഥിച്ചതുകൊണ്ടാണ്‌  ആദം عليه السلام യുടെയും ഹവ്വാ عليه السلام യുടെയും പശ്ചാത്താപം സ്വീകരിക്കപ്പെട്ടതെന്നും മറ്റുമുള്ളത് അടിസ്ഥാന രഹിതമായ കാര്യമാണെന്ന് വ്യക്തം.

ജാഹ് എന്നാൽ ‘സ്ഥാനം’ എന്നാണർത്ഥം. ഒരാളുടെ ‘ജാഹ്’ കൊണ്ട് പ്രാർത്ഥിക്കുന്നുവെന്ന് പറയുമ്പോൾ ആ വ്യക്തിക്ക് അല്ലാഹുവിന്റെ അടുത്ത് എന്തൊക്കെയോ സ്ഥാനങ്ങളുണ്ടെന്നാണ് വരുന്നത്. അല്ലാഹുവിന്റെ അടുക്കൽ പ്രവാചകൻമാർക്കും സ്വാലിഹുകൾക്കുമൊക്കെ സ്ഥാനമുണ്ടെന്നത് ശരിയാണ്. എന്നാൽ അയാളുടെ ‘സ്ഥാനം’ കൊണ്ട് മറ്റൊരാൾക്ക് ഉപകാരം കിട്ടുമെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടില്ല.

ബറകത്ത് എന്നാൽ ‘നൻമയിലെ വർദ്ധനവ്’ എന്നാണർത്ഥം. ചില സ്ഥലങ്ങള്‍ക്ക് അല്ലാഹു ‘ബറകത്ത്’ നല്‍കിയിട്ടുണ്ട്. മക്കയും മദീനയും, മസ്ജിദുല്‍ അഖ്സയും പരിസരവുമാണത്.  ചില സമയങ്ങള്‍ക്കും  അല്ലാഹു ബറകത്ത് നല്‍കിയിട്ടുണ്ട്.  ചില ഭക്ഷണങ്ങള്‍ക്ക് അല്ലാഹു ബറകത്ത് നല്‍കിയിട്ടുണ്ട്.

ചില വ്യക്തികള്‍ക്ക് അല്ലാഹു ബറകത്ത് നല്‍കിയിട്ടുണ്ട്. ഈസാ നബി عليه السلام പറയുന്നതായി വിശുദ്ധ ഖു൪ആന്‍ ഉദ്ദരിക്കുന്നത് കാണുക.

قَالَ إِنِّى عَبْدُ ٱللَّهِ ءَاتَىٰنِىَ ٱلْكِتَٰبَ وَجَعَلَنِى نَبِيًّا ‎﴿٣٠﴾‏ وَجَعَلَنِى مُبَارَكًا أَيْنَ مَا كُنتُ وَأَوْصَٰنِى بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمْتُ حَيًّا ‎﴿٣١﴾‏

ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ ബറകത്തുള്ളവനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു.(ഖു൪ആന്‍ :19/30-31)

എന്നാൽ ഒരാളുടെയോ ഒരു സ്ഥലത്തിന്റെയോ ഒക്കെ ‘ബറകത്ത്’ കൊണ്ട് മറ്റൊരാൾക്ക് ഉപകാരം കിട്ടുമെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടില്ല.

മുഹമ്മദ് നബി ﷺ യുടെ അല്ലെങ്കിൽ ഇന്ന വലിയിന്റെ ഹഖ്  കൊണ്ട്, ജാഹ് കൊണ്ട്, ബറകത്ത് കൊണ്ട്, ചോദിക്കുന്നവരുടെ ഹഖ് കൊണ്ട്, വിശ്വാസികളുടെ ഹഖ് കൊണ്ട് അല്ലാഹുവിനോട് ചോദിക്കുക ഇതെല്ലാം മതം അനുവദിക്കാത്ത തവസ്സുലാണ്. മഹാന്മാരുടെ ഹഖ്, ജാഹ്, ബർകത്തുകൾ കൊണ്ടുള്ള തവസ്സുലിന് വിശുദ്ധ ഖു൪ആനിന്റേയോ സ്വഹീഹായ ഹദീസുകളുടെയോ പിന്‍ബലമില്ലാത്തതാണ്. ആ മഹാൻമാർപോലും അല്ലാഹുവിലേക്ക് ആവശ്യക്കാരാണെന്നതാണ് സത്യം.

أُو۟لَٰٓئِكَ ٱلَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ ٱلْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُۥ وَيَخَافُونَ عَذَابَهُۥٓ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا

അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു. (ഖു൪ആന്‍:17/57)

ഇത് പറയുമ്പോൾ ഇസ്ലാമിൽ ‘തവസ്സുല്‍’ ഇല്ല എന്ന് ആരും തെറ്റിദ്ധരിക്കരുത്. ഇസ്ലാം അനുവദിച്ച തവസ്സുലുണ്ട്, ഇസ്ലാം വിരോധിച്ച തവസ്സുലുമുണ്ട്. മഹാന്മാരുടെ ഹഖ്, ജാഹ്, ബർകത്തുകൾ കൊണ്ടുള്ള തവസ്സുൽ ഇസ്ലാം വിരോധിച്ച തവസ്സുലിൽ പെട്ടതാണ്.

ഇസ്ലാം അനുവദിച്ച തവസ്സുലിനെ കുറിച്ച് പഠിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

https://kanzululoom.com/thavassul/

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *