വ്യതിയാനങ്ങളെ സൂക്ഷിക്കുക

ജീവിതത്തിന്റെ നിഖിലമേഖലകളിലും എങ്ങനെ സഞ്ചരിക്കണമെന്ന കൃത്യവും വ്യക്തവുമായ ദൈവികമാർഗനിർദേശങ്ങളാണ് മതത്തിന്റെ കാതൽ. അത് അല്ലാഹുവിന്റെ വലിയൊരു അനുഗ്രഹം തന്നെയാണ്. മറ്റു പലരും സ്വന്തം ഇഷ്ടങ്ങളെയോ അല്ലെങ്കിൽ ന്യൂനതകൾ എമ്പാടുമുള്ള മറ്റുള്ളവരുടെ മാർഗനിർദേശങ്ങളെയോ ആണ് പിൻപറ്റുന്നതെങ്കിൽ സത്യവിശ്വാസി സർവലോക സ്രഷ്ടാവും നിയന്താവും സംരക്ഷകനുമായ അല്ലാഹുവിന്റെ മാർഗനിർദേശങ്ങളെയാണ് പിൻപറ്റുന്നത് എന്ന കാര്യം ഇസ്‌ലാമിനെയും വിശ്വാസിയെയും വ്യതിരിക്തമാക്കുന്നതാണ്.

ഒന്നാമത്തെ മനുഷ്യൻ മുതലുള്ള സർവരോടും അല്ലാഹു നിർദേശിച്ചതും പ്രസ്തുത മാർഗം പിൻപറ്റുവാനും അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കുവാനുമാണ്. പ്രസ്തുത ദൈവികനിർദേശങ്ങളിൽ നിന്നുള്ള വ്യതിചലനങ്ങൾ സൂക്ഷിക്കുവാനും ക്വുർആനും സുന്നത്തും പലരൂപത്തിൽ ആഹ്വാനം ചെയ്തിട്ടുമുണ്ട്. അത്തരം വ്യതിചലനങ്ങളിലൂടെ സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങളെയും അപകടങ്ങളെയും സംബന്ധിച്ചും ക്വുർആൻ മനുഷ്യരാശിയെ ഓർമപ്പെടുത്തിയിട്ടുമുണ്ട്.അല്ലാഹു പറയുന്നു:

وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةً ضَنكًا وَنَحْشُرُهُۥ يَوْمَ ٱلْقِيَٰمَةِ أَعْمَىٰ ‎﴿١٢٤﴾‏ قَالَ رَبِّ لِمَ حَشَرْتَنِىٓ أَعْمَىٰ وَقَدْ كُنتُ بَصِيرًا ‎﴿١٢٥﴾‏قَالَ كَذَٰلِكَ أَتَتْكَ ءَايَٰتُنَا فَنَسِيتَهَا ۖ وَكَذَٰلِكَ ٱلْيَوْمَ تُنسَىٰ ‎﴿١٢٦﴾‏ وَكَذَٰلِكَ نَجْزِى مَنْ أَسْرَفَ وَلَمْ يُؤْمِنۢ بِـَٔايَٰتِ رَبِّهِۦ ۚ وَلَعَذَابُ ٱلْـَٔاخِرَةِ أَشَدُّ وَأَبْقَىٰٓ ‎﴿١٢٧﴾

എന്റെ ഉൽബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്നപക്ഷം തീർച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവനെ നാം അന്ധനായനിലയിൽ എഴുന്നേൽപിച്ച് കൊണ്ടുവരുന്നതുമാണ്. അവൻ പറയും: ‘എന്റെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയിൽ എഴുന്നേൽപിച്ച് കൊണ്ടുവന്നത്? ഞാൻ കാഴ്ചയുള്ളവനായിരുന്നല്ലോ!’ അല്ലാഹു പറയും: ‘അങ്ങനെ തന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങൾ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അതുപോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു. അതിരുകവിയുകയും തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കാതിരിക്കുകയും ചെയ്തവർക്ക് അപ്രകാരമാണ് നാം പ്രതിഫലം നൽകുന്നത്. പരലോകത്തെ ശിക്ഷ കൂടുതൽ കഠിനമായതും നിലനിൽക്കുന്നതും തന്നെയാകുന്നു. (ഖു൪ആന്‍:20/124-127)

ഈ ലോകത്തെ നഷ്ടത്തെ കുറിച്ചു മാത്രമല്ല, മരണാനന്തരം പരലോക ജീവിതത്തിലെ നഷ്ടത്തെയും പരാജയത്തെയും കുറിച്ചു കൂടിയാണ് മേൽവചനങ്ങൾ മുന്നറിയിപ്പു നൽകുന്നത്.

ഭൂമിയിൽ കാണുന്ന പല ദുരന്തങ്ങളെയും അപകടങ്ങളെയും വിലയിരുത്തുമ്പോൾ അവയുടെ പിന്നിലെ അതിരുവിട്ട മനുഷ്യന്റെ കയ്യേറ്റങ്ങൾ നമുക്ക് കാണാവുന്നതാണ്. ഹിരോഷിമയിലും നാഗസാക്കിയിലും കണ്ടതും ‘എയ്ഡ്‌സ്’ പോലുള്ള മാരകരോഗങ്ങളുടെ പിന്നിൽ കാണുന്നതും മനുഷ്യരുടെ അന്യായമായ ഇടപെടലുകൾ തന്നെയാണ്.

ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ

മനുഷ്യരുടെ കൈകൾ പ്രവർത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവർ പ്രവർത്തിച്ചതിൽ ചിലതിന്റെ ഫലം അവർക്ക് ആസ്വദിപ്പിക്കുവാൻ വേണ്ടിയത്രെ അത്. അവർ ഒരുവേള മടങ്ങിയേക്കാം. (ഖു൪ആന്‍:30/41)

വ്യതിയാനങ്ങളിൽനിന്ന് രക്ഷതേടൽ

ഇസ്‌ലാമിന്റെ നേരായ പാതയിൽനിന്ന് ആളുകൾ വ്യതിചലിക്കുമെന്നത് സത്യമാണ്. മുഹമ്മദ് നബി ﷺ അത് ഉണർത്തുകയും ചെയ്തിട്ടുണ്ട്. മുമ്പുള്ള സമുദായങ്ങളിലും ഇത്തരം വ്യതിചലനങ്ങൾ ഉണ്ടായത് ഓർമിപ്പിച്ചുകൊണ്ടുതന്നെ നബിﷺ സമുദായത്തെ അതിന്റെ ദോഷവശങ്ങളെക്കുറിച്ച് പലപ്പോഴായി താക്കീത് ചെയ്തിട്ടുണ്ട്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: افترقت اليهود على إحدى وسبعين فرقة، وافترقت النصارى على اثنتين وسبعين فرقة، وستفترق هذه الأمة على ثلاث وسبعين فرقة

നബി ﷺ പറഞ്ഞു: ജൂതന്മാർ 71 കക്ഷികളായി വേർപിരിഞ്ഞു. ക്രിസ്ത്യാനികൾ 72 വിഭാഗങ്ങളായും ഭിന്നിച്ചു. ഈ സമുദായമാകട്ടെ 73 വിഭാഗങ്ങളായി ഭിന്നിക്കുന്നതാണ്. (അബൂദാവൂദ്, തിർമിദി, ഇബ്‌നുമാജ, ഹാകിം).

ഭിന്നത അഭിലഷണീയമല്ലെന്നും ഐക്യത്തോടെ നന്മയുടെ വഴിയിൽ ഉറച്ചുനിൽക്കുകയാണ് വേണ്ടതെന്നും ക്വുർആനും ഹദീസുകളും ആവർത്തിച്ചുണർത്തിയിട്ടുള്ളതാണ്. എങ്കിലും അല്ലാഹുവിന്റെ ‘ക്വദാഇ’ന്റെ (വിധിയുടെ) ഭാഗമായി ഭിന്നതകൾ സംഭവിക്കുമെന്നത് സത്യമാണെന്നകാര്യം നാം മറക്കരുത്. സാധ്യമാകുന്നത്ര ഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും ഒഴിവാക്കി ഒത്തൊരുമിച്ച് നിൽക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. മതം പഠിപ്പിച്ചതും കാലഘട്ടം ആവശ്യപ്പെടുന്നതും അതുതന്നെയാണ്.

وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ وَلَا تَنَٰزَعُوا۟ فَتَفْشَلُوا۟ وَتَذْهَبَ رِيحُكُمْ ۖ وَٱصْبِرُوٓا۟ ۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ

അല്ലാഹുവെയും അവ‌‌െൻറ ദൂതനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത്‌. എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം (നശിച്ചു) പോകുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു. (ഖു൪ആന്‍:8/46)

وَلَا تَكُونُوا۟ كَٱلَّذِينَ تَفَرَّقُوا۟ وَٱخْتَلَفُوا۟ مِنۢ بَعْدِ مَا جَآءَهُمُ ٱلْبَيِّنَٰتُ ۚ وَأُو۟لَٰٓئِكَ لَهُمْ عَذَابٌ عَظِيمٌ

വ്യക്തമായ തെളിവുകൾ വന്നുകിട്ടിയതിന് ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്. അവർക്കാണ് കനത്ത ശിക്ഷയുള്ളത്. (ഖു൪ആന്‍:3/105)

ഈ മാർഗഭ്രംശങ്ങളുടെ അടിസ്ഥാനകാരണങ്ങളും അതിൽനിന്ന് രക്ഷപ്പെടാനുള്ള വഴികളും നബിﷺ നമുക്ക് അറിയിച്ചുതന്നിട്ടുണ്ട്. മുമ്പ് ഉദ്ധരിച്ച ‘എന്റെ സമുദായം 73 കക്ഷികളായി പിരിയും’ എന്ന ഹദീസിന്റെ ബാക്കിഭാഗംതന്നെ അക്കാര്യം ഉണർത്തുന്നുണ്ട്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:كلها في النار إلا واحدة، قيل: من هي يا رسول الله؟ قال: من كان على مثل ما أنا عليه وأصحابي.

നബിﷺ പറഞ്ഞു: (പ്രസ്തുത 73ൽ) ഒന്നൊഴികെ ബാക്കിയെല്ലാം നരകത്തിന്റെ പാതയിലാണ്.’ അപ്പോൾ ചോദിക്കപ്പെട്ടു: ‘പ്രവാചകരേ, ആരാണ് ആ രക്ഷപ്പെടുന്ന വിഭാഗം?’ നബിﷺ പറഞ്ഞു: ‘ഞാനും എന്റെ സ്വഹാബത്തും നിലകൊണ്ട മാർഗത്തിൽ നിലകൊള്ളുന്നവർ.’

‘ഭിന്നിച്ചു വേർപിരിഞ്ഞ എല്ലാ കക്ഷികളും എന്റെ സമുദായത്തിന്റെ ഭാഗമായതുകൊണ്ട് അതിൽ ഏതിൽ ആയിരുന്നാലും കുഴപ്പമില്ല’ എന്നല്ല നബിﷺ പറഞ്ഞുതന്നത്. മറിച്ച്, എഴുപത്തിമൂന്നിൽ 72ലും ഉൾപ്പെടാതെ സൂക്ഷിക്കുവാനും, രക്ഷയുടെ വിഭാഗത്തിന്റെ അടയാളങ്ങൾ വ്യക്തമാക്കി, അതിന്റെ കൂടെ നിൽക്കാനുമാണ്.

നബിﷺ പഠിപ്പിച്ചതും സ്വഹാബത്ത് അനുവർത്തിച്ചതുമായ മാർഗം പിൻപറ്റി വ്യതിയാനത്തിന്റെ അപകടങ്ങളിൽനിന്ന് സുരക്ഷ ഉറപ്പാക്കണം എന്നാണ് പ്രസ്തുത ഹദീസ് നമ്മെ പഠിപ്പിക്കുന്നത്. വിശുദ്ധ ക്വുർആനിന്റെ സൂക്തങ്ങളും ഈ ആശയം നമ്മെ പഠിപ്പിക്കുന്നുണ്ട്.

وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُ ٱلْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصْلِهِۦ جَهَنَّمَ ۖ وَسَآءَتْ مَصِيرًا

തനിക്ക് സൻമാർഗം വ്യക്തമായിക്കഴിഞ്ഞശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിർത്ത് നിൽക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്നപക്ഷം അവൻ തിരിഞ്ഞവഴിക്കുതന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം! (ഖു൪ആന്‍:4/115)

وَٱلسَّٰبِقُونَ ٱلْأَوَّلُونَ مِنَ ٱلْمُهَٰجِرِينَ وَٱلْأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحْسَٰنٍ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ وَأَعَدَّ لَهُمْ جَنَّٰتٍ تَجْرِى تَحْتَهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ

മുഹാജിറുകളിൽ നിന്നും അൻസ്വാറുകളിൽ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടർന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗത്തോപ്പുകൾ അവർക്ക് അവൻ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതിൽ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം (ഖു൪ആന്‍:9/100)

ഏതു വിഷയങ്ങളിലാണെങ്കിലും സച്ചരിതരായ മുൻഗാമികളുടെ ആശയാദർശങ്ങൾ ഏതെന്ന് പഠിച്ചറിഞ്ഞ് പിൻപറ്റാൻ നമുക്ക് സാധിക്കുമ്പോൾ മാത്രമാണ് നാം നേരിന്റെ വഴിയിലാണെന്ന് ഉറപ്പിക്കാൻ സാധിക്കുക. കാരണം അവരെയാണ് അല്ലാഹു തൃപ്തിപ്പെട്ടതും പ്രവാചകന്റെ അനുചരന്മാരായി നിയോഗിച്ചതും. അവരാണ് ഇസ്‌ലാമിനെ നേരിട്ട് മനസ്സിലാക്കി, സംശയങ്ങൾ ദൂരീകരിച്ച്, പ്രവാചക ഗുരുമുഖത്തുനിന്നും ദീൻ പകർന്നെടുത്തവരും അത് പ്രയോഗവത്കരിച്ച് കാണിച്ചവരും. അങ്ങനെയുള്ള അവർ വഴികേടിലും പിൽകാലക്കാർ നേർമാർഗത്തിലും ആവുക എന്നത് ഒരിക്കലും ഉണ്ടാവുകയില്ല.

നേർമാർഗത്തിൽനിന്ന് വ്യതിചലിക്കാനുള്ള ഒരു പ്രധാന കാരണം ദീനിന്റെ ശരിയായ ആശയങ്ങൾ കൃത്യവും കണിശവുമായി പഠിക്കാനും പിൻപറ്റുവാനുമുള്ള വിമുഖതയും മറ്റ് വിഭാഗങ്ങളുടെ രീതികളെ അനുകരിക്കുന്നതുമാണ്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ ‏”‏‏.‏ قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى قَالَ ‏”‏ فَمَنْ ‏”‏‏.

അബൂസഈദിൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം:  നബിﷺ പറഞ്ഞു: ‘തീർച്ചയായും നിങ്ങൾ നിങ്ങൾക്കു മുമ്പുള്ളവരുടെ മാർഗങ്ങളെ ചാണിന് ചാണായും മുഴത്തിന് മുഴമായും പിൻപറ്റുകതന്നെ ചെയ്യും. എത്രത്തോളമെന്നാൽ, അവരെങ്ങാനും ഒരു ഉടുമ്പിന്റെ മാളത്തിൽ പ്രവേശിക്കുകയാണെങ്കിൽ നിങ്ങളും അതിൽ കടക്കും.’ സ്വഹാബത്ത് ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ജൂത-ക്രൈസ്തവരെയാണോ ഉദ്ദേശിച്ചത്?’ നബിﷺ പറഞ്ഞു: ‘അല്ലാതെ പിന്നെ ആരെയാണ്?’ (ബുഖാരി, മുസ്‌ലിം).

ഈ ആശയത്തിൽ വേറെയും ഹദീസുകൾ കാണാവുന്നതാണ്. അല്ലാഹുവിൽനിന്നുള്ള ‘വഹ്‌യി’ന്റെ അടിസ്ഥാനത്തിൽ നബിﷺ പഠിപ്പിച്ചതും സ്വഹാബത്ത് പ്രയോഗവത്കരിച്ച് കാണിച്ചതുമായ ശരിയായ മാർഗനിർദേശങ്ങളെ കയ്യൊഴിയുകയും വേദവാക്യങ്ങളെയും പ്രവാചകാധ്യാപനങ്ങളെയും സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കുകയും ദുർവ്യാഖ്യാനിക്കുകയും ചെയ്ത ആളുകളുടെ മാർഗങ്ങളെ പിൻപറ്റുന്നതിന്റെ അപകടങ്ങളും അതിലെ വിരോധാഭാസങ്ങളുമാണ് നബിﷺ ഉണർത്തുന്നത്.

നേരിന്റെ വഴി പിൻപറ്റുന്നതിൽ വിരോധവും അലർജിയും കാണിക്കുന്നവർ ദേഹേച്ഛയുടെ വഴികൾ എത്ര ദുസ്സഹവും സാഹസികവുമാണെങ്കിലും അത് പിൻപറ്റാൻ മത്സരിക്കും എന്ന യാഥാർഥ്യവും മേൽ ഹദീസ് നമ്മെ ഓർമിപ്പിക്കുന്നുണ്ട്. സമൂഹത്തിൽ പടർന്നുപന്തലിച്ചിട്ടുള്ള പല ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വേഷഭൂഷാദികളിലും വിശ്വാസങ്ങളിൽ വരെയും അത്തരം അനുകരണങ്ങളും കടന്നുകയറ്റങ്ങളും കാണാവുന്നതാണ്

ഒഴുക്കിനൊത്തു നീന്തുന്ന പ്രവണതയാണ് ഉള്ളതെങ്കിൽ അത്തരക്കാർ ഈ കുത്തൊഴുക്കിൽ പെട്ടെന്ന് പെട്ടുപോകും. ദേഹേച്ഛകളുടെ സ്വാധീന വലയങ്ങളിൽനിന്ന് രക്ഷപ്പെടാൻ പറ്റാത്തവരും ഈ വ്യതിയാന പാതയിലെ സഹയാത്രികരായിരിക്കും. വിമർശനങ്ങളും ആക്ഷേപങ്ങളും ഭയന്ന് ‘ഇസ്തിരി ചുളിയേണ്ട’ എന്ന് കരുതുന്നവർക്കും നേരിന്റെ വഴിയിൽ സഞ്ചരിക്കാനുള്ള തൗഫീക്വ് വിദൂരമായിരിക്കും. അതിനാൽ കാര്യങ്ങൾ കൃത്യമായി പഠിച്ചറിഞ്ഞ് പിൻപറ്റാനുള്ള ആർജവവും പ്രാർഥനയും പരിശ്രമവുമാണ് നമുക്ക് വേണ്ടത്.

നേരിന്റെ വഴിയിൽ ഉറച്ചുനിൽക്കാൻ

ദീനി‌െൻറ നേരായ പാതയിൽനിന്ന് സമുദായത്തിലെ ഭൂരിഭാഗവും വ്യതിചലിക്കും എന്ന് നബിﷺ ഉണർത്തിയിട്ടുണ്ടെങ്കിലും സന്മാർഗം വ്യക്തമാകാതെ സമുദായം വഴികേടിൽ ഉഴറുമെന്ന് കരുതേണ്ടതില്ല. പ്രത്യുത സത്യപാതയിൽ ഉറച്ചുനിൽക്കുന്ന ഒരു വിഭാഗം എക്കാലത്തും ഉണ്ടാകുമെന്ന് നബിﷺ സന്തോഷവാർത്ത അറിയിച്ചിട്ടുണ്ട്. അവരുടെ അടയാളങ്ങളും സവിശേഷതകളും പറഞ്ഞുതന്നിട്ടുമുണ്ട്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: ل لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي قَائِمَةً بِأَمْرِ اللَّهِ لاَ يَضُرُّهُمْ مَنْ خَذَلَهُمْ أَوْ خَالَفَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ وَهُمْ ظَاهِرُونَ عَلَى النَّاسِ.

നബിﷺ പറയുന്നു: ‘അല്ലാഹുവി‌െൻറ കൽപന (അന്ത്യസമയം) ആസന്നമാകുന്നതുവരെയും എ‌െൻറ ഉമ്മത്തിലെ ഒരു വിഭാഗം അല്ലാഹുവി‌െൻറ കൽപനകൾക്കനുസരിച്ച് സത്യപാതയിൽ നിലനിൽക്കുന്നവരായിട്ടുണ്ടാകും. അവരെ ആരെല്ലാം കൈയ്യൊഴിച്ചാലും ആരെല്ലാം അവർക്കെതിരായാലും അതൊന്നും അവർക്ക് യാതൊരു ദോഷവും വരുത്തുകയില്ല. അവർ ജനങ്ങൾക്കിടയിൽ തലയുയർത്തിനിൽക്കും’ (മുസ്‌ലിം).

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ رحمه الله പറയുന്നു: ‘ഈ ഹദീസ് അനേകം പരമ്പരകളിലൂടെ സ്ഥിരപ്പെട്ടുവന്ന മുതവാതിറായ ഹദീസാണ്. സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹു മുസ്‌ലിമിലും മറ്റു ഹദീസ് ഗ്രന്ഥങ്ങളിലും വിവിധ വഴികളിലൂടെ ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ദീനി‌െൻറ അടിസ്ഥാന വിഷയങ്ങളിൽവരെയും സമുദായത്തിൽ അഭിപ്രായവ്യത്യാസങ്ങൾ കടന്നുവരുമെന്ന് ഈ ഹദീസ് സ്ഥിരീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നേരായപാതയിൽ നിലനിൽക്കുന്ന വിഭാഗത്തെ സംബന്ധിച്ച് നബി ﷺ വിശേഷിപ്പിച്ചു പറഞ്ഞത് ‘അന്ത്യനാൾവരെയും റബ്ബി‌െൻറ സഹായം ലഭിക്കുന്ന രക്ഷയുടെ കക്ഷി’ (അൽഫിർക്വതുന്നാജിയ അൽമൻസ്വൂറ ഇലാ ക്വിയാമിസ്സാഅ) എന്നാണ്. തീർച്ചയായും അവർ അല്ലാഹു വി‌െൻറയും റസൂലി‌െൻറയും കൽപനക്കനുസരിച്ച് നിലകൊള്ളുന്നവരായിരിക്കും.’ (ശർഹു ഹദീസിൽ ഇഫ്തിറാക്വ് 1/31)

അതിനാൽ സത്യപാതയിലൂടെ സഞ്ചരിക്കാനാഗ്രഹിക്കുന്നവർ നിരാശപ്പെടേണ്ടതില്ല. നേർമാർഗം പകൽവെളിച്ചം പോലെ വ്യക്തമായി ലോകാവസാനം വരെ ഈ ലോകത്ത് നിലനിൽക്കും.

عن العرباض بن سارية رضي الله عنه قال‏:‏ وَعَظَنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ مَوْعِظَةً ذَرَفَتْ مِنْهَا الْعُيُونُ وَوَجِلَتْ مِنْهَا الْقُلُوبُ فَقُلْنَا يَا رَسُولَ اللَّهِ إِنَّ هَذِهِ لَمَوْعِظَةُ مُوَدِّعٍ فَمَاذَا تَعْهَدُ إِلَيْنَا قَالَ ‏ “‏ قَدْ تَرَكْتُكُمْ عَلَى الْبَيْضَاءِ لَيْلُهَا كَنَهَارِهَا لاَ يَزِيغُ عَنْهَا بَعْدِي إِلاَّ هَالِكٌ

സ്വഹാബിയായ ഇർബാദ്ബ്‌നു സാരിയ رضي الله عنه പറയുന്നു: ‘ഒരിക്കൽ നബിﷺ ഞങ്ങൾക്ക് ഉപദേശം നൽകി. അതു കേട്ട് ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയും ഹൃദയങ്ങൾ പിടയുകയും ചെയ്തു. അപ്പോൾ ഞങ്ങൾ പറഞ്ഞു: ‘അല്ലാഹുവി‌െൻറ റസൂലേ, ഇതൊരു യാത്രപറയലിന്റെ ഉപദേശം പോലുണ്ടല്ലോ; അതിനാൽ അങ്ങേക്ക് ഞങ്ങളോട് എന്താണ് പ്രത്യേകമായി കൽപിക്കാനുള്ളത്?’ അപ്പോൾ നബിﷺ പറഞ്ഞു: ‘ഞാൻ നിങ്ങളെ വ്യക്തതയുടെ തെളിഞ്ഞമാർഗത്തിലാണ് വിട്ടേച്ചു പോകുന്നത്. അതി‌െൻറ രാവുപോലും പകലിന് സമാനമാണ്. സ്വയം നശിച്ചവരല്ലാതെ അതിൽനിന്ന് വ്യതിചലിച്ചുപോവുകയില്ല.’ (അബൂദാവൂദ്, തിർമുദി, ഇബ്‌നുമാജ, അഹ്‌മദ്)

നമ്മൾ നേരി‌െൻറ പക്ഷത്ത് നിലയുറപ്പിക്കുവാനും അതിൽനിന്നും അൽപം പോലും വ്യതിചലിക്കാതിരി ക്കുവാനും പ്രത്യേകമായി ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടതുണ്ട്. അതിനാൽ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം മനസ്സിരുത്തുക.

(1) പ്രാർഥന: പലതരത്തിലുള്ള അഭിപ്രായങ്ങളും വാചകക്കസർത്തുകളും ദീനി‌െൻറ വിഷയത്തിൽ പലപ്പോഴായി പലരും ഉയർത്തിക്കൊണ്ടുവരും. അപ്പോഴെല്ലാം സത്യമാർഗത്തിൽ അടിയുറച്ചു നിൽക്കാൻ അല്ലാഹുവി‌െൻറ അപാരമായ അനുഗ്രഹം (തൗഫീക്വ്) അനിവാര്യമാണ്. അതിനാൽ അതിനുവേണ്ടി പടച്ചവനോട് നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കുക. കാരണം, മറ്റേത് പരീക്ഷണങ്ങളെക്കാളും പ്രയാസകരമാണ് ദീനി‌െൻറ കാര്യങ്ങളിലുള്ള പരീക്ഷണങ്ങൾ. സച്ചരിതരായ മുൻഗാമികളുടെ പ്രാർഥനകളിൽ ഇക്കാര്യം പ്രത്യേകമായി നമുക്ക് കാണാൻ കഴിയുന്നതാണ്.

നബിﷺ തഹജ്ജുദ് നമസ്‌കാരവേളയിൽ ചൊല്ലിയിരുന്ന പ്രാരംഭ പ്രാർഥ ഇത്തരുണത്തിൽ ശ്രദ്ധേയമാണ്.

عَنْ أَبِي سَلَمَةَ ، قَالَ سَأَلْتُ عَائِشَةَ رضى الله عنها بِأَىِّ شَيْءٍ كَانَ النَّبِيُّ صلى الله عليه وسلم يَفْتَتِحُ صَلاَتَهُ إِذَا قَامَ مِنَ اللَّيْلِ قَالَتْ كَانَ إِذَا قَامَ مِنَ اللَّيْلِ افْتَتَحَ صَلاَتَهُ فَقَالَ ‏ :‏ اللَّهُمَّ رَبَّ جِبْرِيلَ وَمِيكَائِيلَ وَإِسْرَافِيلَ فَاطِرَ السَّمَوَاتِ وَالأَرْضِ وَعَالِمَ الْغَيْبِ وَالشَّهَادَةِ أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ اهْدِنِي لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ إِنَّكَ تَهْدِي مَنْ تَشَاءُ إِلَى صِرَاطٍ مُسْتَقِيمٍ ‏.‏

അബൂസലമ رضي الله عنها പറയുന്നു: ‘ഞാൻ പ്രവാചക പത്‌നി ആഇശ رضي الله عنها യോട് ചോദിച്ചു: ‘നബിﷺ രാത്രി നമസ്‌കാരത്തിനായി നിന്നാൽ എന്തു ചൊല്ലിക്കൊണ്ടാണ് നമസ്‌കാരം ആരംഭിച്ചിരുന്നത്?’ അവർ പറഞ്ഞു: ‘നബിﷺ രാത്രി നമസ്‌കാരത്തിനായി നിന്നാൽ ഇപ്രകാരം പറഞ്ഞുകൊണ്ട് നമസ്‌കാരമാരംഭിക്കും: ‘ജിബ്രീരീലിന്റെയും മീകാഈലി‌ന്റെയും ഇസ്‌റാഫീലിന്റെയും നാഥനായ അല്ലാഹുവേ, ആകാശഭൂമികളെ സൃഷ്ടിച്ചവനേ, ദൃശ്യവും അദൃശ്യവും അറിയുന്നവനേ, നീയാണ് നിന്റെ അടിമകൾ അഭിപ്രായവ്യത്യാസത്തിലായ കാര്യങ്ങളിൽ അവർക്കിടയിൽ തീർപ്പുകൽപിക്കുന്നവൻ, ഭിന്നതയിലായിട്ടുള്ള കാര്യങ്ങളിൽ നിന്റെ അനുമതി പ്രകാരം നീ എന്നെ നേർമാർഗത്തിലൂടെ നയിക്കേണമേ, തീർച്ചയായും നീ ഉദ്ദേശിക്കുന്നവരെ നീ നേർമാർഗത്തിലൂടെ നയിക്കുന്നു’ (മുസ്‌ലിം)

മതപരമായ പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ട പല വിശ്വാസ- ആചാര – അനുഷ്ഠാനങ്ങളെയും പലരും വിമർശിക്കുകയും പരിഹസിക്കുകയും പുച്ഛിക്കുകയുമൊക്കെ ചെയ്യുമ്പോഴും ദീൻ പഠിപ്പിച്ച സത്യ ആദർശത്തെ തന്മയത്വത്തോടെ ഉൾക്കൊള്ളുവാനും സ്വീകരിക്കുവാനും വിശ്വാസികൾക്ക് സാധിക്കുന്നത് റബ്ബി‌ന്റെ ഈ പ്രത്യേകമായ തൗഫീക്വുകൊണ്ട് തന്നെയാണ്.അല്ലാഹു പറയുന്നു:

وَلَوْ شَاءَ اللَّهُ لَجَمَعَهُمْ عَلَى الْهُدَىٰ ۚ فَلَا تَكُونَنَّ مِنَ الْجَاهِلِينَ

…അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവരെയൊക്കെ അവൻ സൻമാർഗത്തിൽ ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യുമായിരുന്നു. അതിനാൽ നീ ഒരിക്കലും അവിവേകികളിൽ പെട്ടുപോകരുത്. (ഖു൪ആന്‍:6/35)

أَفَمَن شَرَحَ ٱللَّهُ صَدْرَهُۥ لِلْإِسْلَٰمِ فَهُوَ عَلَىٰ نُورٍ مِّن رَّبِّهِۦ ۚ فَوَيْلٌ لِّلْقَٰسِيَةِ قُلُوبُهُم مِّن ذِكْرِ ٱللَّهِ ۚ أُو۟لَٰٓئِكَ فِى ضَلَٰلٍ مُّبِينٍ ‎﴿٢٢﴾‏ ٱللَّهُ نَزَّلَ أَحْسَنَ ٱلْحَدِيثِ كِتَٰبًا مُّتَشَٰبِهًا مَّثَانِىَ تَقْشَعِرُّ مِنْهُ جُلُودُ ٱلَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَىٰ ذِكْرِ ٱللَّهِ ۚ ذَٰلِكَ هُدَى ٱللَّهِ يَهْدِى بِهِۦ مَن يَشَآءُ ۚ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ ‎﴿٢٣﴾

അപ്പോൾ ഏതൊരാളുടെ ഹൃദയത്തിന് ഇസ്‌ലാം സ്വീകരിക്കാൻ അല്ലാഹു വിശാലത നൽകുകയും അങ്ങനെ അവൻ ത‌െൻറ രക്ഷിതാവിങ്കൽ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവൻ ഹൃദയം കടുത്തുപോയവനെപ്പേലെയാണോ?). എന്നാൽ അല്ലാഹുവി‌െൻറ സ്മരണയിൽനിന്ന് അകന്ന് ഹൃദയങ്ങൾ കടുത്തുപോയവർക്കാകുന്നു നാശം. അത്തരക്കാർ വ്യക്തമായ ദുർമാർഗത്തിലത്രെ. അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വർത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങൾക്ക് പരസ്പരം സാമ്യമുള്ളതും ആവർത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചർമങ്ങൾ അതുനിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചർമങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവി‌െൻറ മാർഗദർശനം. അതുമുഖേന താൻ ഉദ്ദേശിക്കുന്നവരെ അവൻ നേർവഴിയിലാക്കുന്നു. വല്ലവനെയും അവൻ പിഴവിലാക്കുന്നപക്ഷം അവനു വഴികാട്ടാൻ ആരുംതന്നെയില്ല. (ഖു൪ആന്‍:39/22-23)

(2) പഠനം: കേവലം പ്രാർഥനകൊണ്ട് മാത്രമായില്ല. മറിച്ച് , അതിനനുസരിച്ചുള്ള പ്രവർത്തനം കൂടി ഉണ്ടാകുമ്പോഴാണ് പ്രാർഥനയുടെ സദ്ഫലങ്ങൾ സ്വായത്തമാക്കാൻ നമുക്ക് സാധിക്കുക. അതിനാൽ ഓരോ വിഷയത്തിലും മതത്തി‌െൻറ കൃത്യമായ അധ്യാപനം എന്താണെന്ന് പഠിച്ചറിയുവാനുള്ള പരിശ്രമങ്ങളും അനിവാര്യമാണ്. അല്ലാഹു പറയുന്നു:

وَٱلَّذِينَ جَٰهَدُوا۟ فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ ٱللَّهَ لَمَعَ ٱلْمُحْسِنِينَ ‎

നമ്മുടെ മാർഗത്തിൽ സമരത്തിൽ ഏർപ്പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുകതന്നെ ചെയ്യുന്നതാണ്. തീർച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു. (ഖു൪ആന്‍:28/69)

അത്തരക്കാരെ പ്രശംസിച്ചു പറയുന്ന നിരവധി ആയത്തുകളും ഹദീസുകളും കാണാവുന്നതാണ്. അല്ലാഹു പറയുന്നു:

أَمَّنْ هُوَ قَٰنِتٌ ءَانَآءَ ٱلَّيْلِ سَاجِدًا وَقَآئِمًا يَحْذَرُ ٱلْـَٔاخِرَةَ وَيَرْجُوا۟ رَحْمَةَ رَبِّهِۦ ۗ قُلْ هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَٰبِ

അതല്ല, പരലോകത്തെ പറ്റി ജാഗ്രത പുലർത്തുകയും ത‌െൻറ രക്ഷിതാവി‌െൻറ കാരുണ്യം ആശിക്കുകയും ചെയ്തുകൊണ്ട് സാഷ്ടാംഗം ചെയ്തും നിന്നു പ്രാർഥിച്ചും രാത്രി സമയങ്ങളിൽ കീഴ്‌വണക്കം ചെയ്യുന്നവനോ (അതല്ല സത്യനിഷേധിയോ ഉത്തമൻ?). പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാൻമാർ മാത്രമെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ. (ഖു൪ആന്‍:39/9)

അവരാണ് യഥാർഥ ബുദ്ധിമാന്മാർ എന്നും ക്വുർആൻ ഓർമിപ്പിക്കുന്നു:

ٱلَّذِينَ يَسْتَمِعُونَ ٱلْقَوْلَ فَيَتَّبِعُونَ أَحْسَنَهُۥٓ ۚ أُو۟لَٰٓئِكَ ٱلَّذِينَ هَدَىٰهُمُ ٱللَّهُ ۖ وَأُو۟لَٰٓئِكَ هُمْ أُو۟لُوا۟ ٱلْأَلْبَٰبِ

അതായത് വാക്ക് ശ്രദ്ധിച്ചു കേൾക്കുകയും അതിൽ ഏറ്റവും നല്ലത് പിൻപറ്റുകയും ചെയ്യുന്നവർക്ക്. അക്കൂട്ടർക്കാകുന്നു അല്ലാഹു മാർഗദർശനം നൽകിയിട്ടുള്ളത്. അവർതന്നെയാകുന്നു ബുദ്ധിമാൻമാർ. (ഖു൪ആന്‍:39/18)

മതത്തി‌െൻറ ശരിയായ അധ്യാപനങ്ങൾ പഠിച്ചറിയാനുള്ള ഏതൊരു പരിശ്രമവും മഹത്തരവും വമ്പിച്ച പ്രതിഫലം നേടാൻ ഉതകുന്നതുമാണെന്ന് പല പ്രവാചക വചനങ്ങളും അറിയിക്കുന്നുണ്ട്. ഒരാൾ അറിവ് തേടി ഒരു വഴിയിൽ പ്രവേശിച്ചാൽ അതുനിമിത്തം അയാൾക്ക് സ്വർഗത്തിലേക്കുള്ള പാത എളുപ്പമാക്കി കൊടുക്കുമെന്നും അല്ലാഹുവി‌െൻറ മലക്കുകൾ അടക്കം മത്സ്യങ്ങളും ഉറുമ്പുകളുംവരെ അത്തരക്കാർക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കുമെന്നും അറിയിക്കുന്ന ഹദീസുകൾ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.

(3) സച്ചരിതരുടെ മാർഗം സ്വീകരിക്കൽ: പഠിച്ചറിയുന്ന കാര്യങ്ങളുടെ സത്യതയും കൃത്യതയും ഉറപ്പുവരുത്താനുള്ള ഒരു ഉരക്കല്ലാണ് പ്രസ്തുത വിഷയങ്ങളിലൊക്കെ നബിﷺയും അവിടുത്തെ അനുചരന്മാരും ഉത്തമതലമുറകൾ എന്ന് നബിﷺ വിശേഷിപ്പിച്ച സച്ചരിതരായ മുൻഗാമികളും സ്വീകരിച്ച നിലപാടുകളും അധ്യാപനങ്ങളും അറിയൽ. അവരുടെ മാർഗം പിൻപറ്റുവാനാണ് ക്വുർആനും സുന്നത്തും നമ്മ ളോട് ആഹ്വാനം ചെയ്യുന്നത്. അവരെയാണ് അല്ലാഹു തൃപ്തിപ്പെട്ടത്. പിൽക്കാലക്കാരിൽ പലതരത്തിലുള്ള ദുഃസ്വാധീനങ്ങളും പിഴവുകളും കടന്നുവരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അല്ലാഹു പറയുന്നു:

فَإِنْ ءَامَنُوا۟ بِمِثْلِ مَآ ءَامَنتُم بِهِۦ فَقَدِ ٱهْتَدَوا۟ ۖ وَّإِن تَوَلَّوْا۟ فَإِنَّمَا هُمْ فِى شِقَاقٍ ۖ فَسَيَكْفِيكَهُمُ ٱللَّهُ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ ‎

നിങ്ങൾ ഈ വിശ്വസിച്ചതുപോലെ അവരും വിശ്വസിച്ചിരുന്നാൽ അവർ നേർമാർഗത്തിലായിക്കഴിഞ്ഞു. അവർ പിന്തിരിഞ്ഞുകളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരിൽനിന്ന് നിന്നെ സംരക്ഷിക്കാൻ അല്ലാഹു മതി. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ. (ഖു൪ആന്‍:2/137)

وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُ ٱلْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصْلِهِۦ جَهَنَّمَ ۖ وَسَآءَتْ مَصِيرًا

തനിക്ക് സൻമാർഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിർത്ത് നിൽക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്നപക്ഷം അവൻ തിരിഞ്ഞ വഴിക്കുതന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം! (ഖു൪ആന്‍:4/115)

(4) സത്യം സ്വീകരിക്കാനുള്ള കരുത്ത് : സത്യസന്ധമായ അന്വേഷണത്തിനും പഠനത്തിനുമൊടുവിൽ ബോധ്യപ്പെട്ട സത്യം സ്വീകരിക്കുവാനും നേരി‌െൻറ വഴിയിൽ ഉറച്ചുനിൽക്കുവാനുമുള്ള കരുത്തും ആർജവവും അത്യാവശ്യമാണ്. നാട്ടുകാരുടെയും വീട്ടുകാരുടെയും കൂട്ടുകാരുടെയും താൽപര്യങ്ങളും ഇഷ്ടങ്ങളുമൊന്നും അതിനു മുന്നിൽ തടസ്സമായിക്കൂടാ. ഭൂരിപക്ഷത്തി‌െൻറ പിന്തുണയോ കൈയ്യടിയോ ഭൗതികലാഭങ്ങളോ സ്ഥാനമാനങ്ങളോ ഒന്നും സത്യം സ്വീകരിക്കുന്നിടത്ത് പ്രതിബന്ധങ്ങൾ തീർക്കാതിരിക്കാനുള്ള ജാഗ്രതയും പ്രതിബന്ധങ്ങളെ നേരിടുവാനുള്ള കരുത്തും സന്മാർഗത്തിലൂടെ മുന്നേറാൻ വളരെ അനിവാര്യമാണ്.

സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും പലർക്കും അത് സ്വീകരിക്കാൻ തടസ്സമായത് മേൽപറഞ്ഞ പല സംഗതികളുമായിരുന്നു എന്നത് ചരിത്രം നമ്മോട് വിളിച്ചുപറയുന്ന യാഥാർഥ്യങ്ങളാണ്. നബിﷺയുടെ പിതൃസഹോദരനായ അബൂത്വാലിബ് അടക്കം നബികുടുംബത്തിലെ പ്രമാണിമാരായ പലർക്കും ഇസ്‌ലാം സത്യമതമാണെന്നും മുഹമ്മദ്ﷺ അല്ലാഹുവി‌െൻറ സത്യദൂതനാണെന്നും ബോധ്യമായിട്ടും അത് അംഗീകരിക്കാൻ കഴിയാതെപോയത് അതുകൊണ്ടാണ്.

വേദക്കാരായ ആളുകളുടെയും സമാനമായ അവസ്ഥ അല്ലാഹു എടുത്തു പറഞ്ഞിട്ടുണ്ട്. അസൂയയും ‘ഈഗോ’ യുമൊക്കെയായിരുന്നു സത്യമാർഗം പിൻപറ്റാൻ അവർക്ക് തടസ്സമായത്.അല്ലാഹു പറയുന്നു:

ٱلَّذِينَ ءَاتَيْنَٰهُمُ ٱلْكِتَٰبَ يَعْرِفُونَهُۥ كَمَا يَعْرِفُونَ أَبْنَآءَهُمْ ۖ وَإِنَّ فَرِيقًا مِّنْهُمْ لَيَكْتُمُونَ ٱلْحَقَّ وَهُمْ يَعْلَمُونَ

നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്‌. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ട് തന്നെ സത്യം മറച്ചുവെക്കുകയാകുന്നു. (ഖു൪ആന്‍:2/146)

ٱلَّذِينَ ءَاتَيْنَٰهُمُ ٱلْكِتَٰبَ يَعْرِفُونَهُۥ كَمَا يَعْرِفُونَ أَبْنَآءَهُمُ ۘ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فَهُمْ لَا يُؤْمِنُونَ

നാം വേദഗ്രന്ഥം നൽകിയിട്ടുള്ളവർ സ്വന്തം മക്കളെ അറിയുന്നതുപോലെ അത് അറിയുന്നുണ്ട്. സ്വദേഹങ്ങളെ നഷ്ടത്തിലാക്കിയവരത്രെ അവർ. അതിനാൽ അവർ വിശ്വസിക്കുകയില്ല. (ഖു൪ആന്‍:6/20)

(5) നന്മ കൽപിക്കലും തിന്മ വിരോധിക്കലും: മുസ്‌ലിം ഉമ്മത്തി‌െൻറ ഒരു സാമൂഹ്യ ബാധ്യതയായി അല്ലാഹു ഏൽപിച്ചതാണ് ഇക്കാര്യം. അല്ലാഹു പറയുന്നു:

وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ ۚ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍. (ഖു൪ആന്‍:3/104)

كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ ۗ وَلَوْ ءَامَنَ أَهْلُ ٱلْكِتَٰبِ لَكَانَ خَيْرًا لَّهُم ۚ مِّنْهُمُ ٱلْمُؤْمِنُونَ وَأَكْثَرُهُمُ ٱلْفَٰسِقُونَ

മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തില്‍ വിശ്വാസമുള്ളവരുണ്ട്‌. എന്നാല്‍ അവരില്‍ അധികപേരും ധിക്കാരികളാകുന്നു. (ഖു൪ആന്‍:3/110)

അത് സത്യസന്ധവും ആത്മാർഥവുമായി നിർവഹിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ നേരായ പാതയിൽ ഉറച്ചുനിൽക്കാനുള്ള തൗഫീക്വ് ഉണ്ടാവും. നമ്മെ തിന്മകളിൽനിന്ന് തടഞ്ഞുനിർത്തുന്ന ഒരു മതിൽക്കെട്ടായി അത് വർത്തിക്കുമെന്നതിൽ സംശയമില്ല. മനുഷ്യരാസകലം നഷ്ടത്തിലാണ് എന്ന് പറഞ്ഞതിനുശേഷം ക്വുർആൻ അതിൽനിന്ന് ഒഴിവാക്കി പറഞ്ഞവരുടെ പ്രധാന ഗുണം അവർ സത്യംകൊണ്ട് പരസ്പരം ഉപദേശിക്കുന്നവരാണ് എന്നതാണ്.

وَٱلْعَصْرِ ‎﴿١﴾‏ إِنَّ ٱلْإِنسَٰنَ لَفِى خُسْرٍ ‎﴿٢﴾‏ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ ‎﴿٣﴾

കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. (ഖു൪ആന്‍:103/1-3)

(6) ഒറ്റപ്പെട്ടുപോകാതെ സംഘത്തോടൊപ്പം നിലകൊള്ളുക: നന്മയോടൊപ്പം ചേർന്നുനിൽക്കൽ നമുക്ക് കരുത്തും നന്മകൾക്ക് പരസ്പരം ഊർജം പകരുന്നതുമാണ്. നന്മകളുടെ കൂട്ടായ്മയിൽനിന്ന് വേറിട്ട് ഒറ്റപ്പെട്ടുള്ള സഞ്ചാരമാണ് നമ്മുടേതെങ്കിൽ പല അപകടങ്ങളെയും നാം ഭയപ്പെടേണ്ടതുണ്ട്. നബിﷺ ഉണർത്തിയതുപോലെ;

فَعَلَيْكَ بِالْجَمَاعَةِ فَإِنَّمَا يَأْكُلُ الذِّئْبُ الْقَاصِيَةَ

‘നിങ്ങൾ സംഘമായി നിൽക്കുക; ഒറ്റപ്പെട്ടുപോകുന്ന ആട്ടിൻകുട്ടികളെയാണ് ചെന്നായ തിന്നുക’ (അബൂദാവൂദ്).

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَكُونُوا۟ مَعَ ٱلصَّٰدِقِينَ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക. (ഖുർആൻ:9/119)

(7) തവക്കുലും നിർഭയത്വവും: താൻ തിരിച്ചറിഞ്ഞ സത്യം സ്വീകരിച്ച് നേരി‌െൻറ പക്ഷത്ത് ഉറച്ചുനിൽക്കുകയാണെങ്കിൽ പലതും നഷ്ടപ്പെടുമല്ലോ എന്ന് ആശങ്കപ്പെടുന്നവരുണ്ടാകും. അപ്രകാരം തന്നെ പലത രം ഭീഷണികളും പ്രലോഭനങ്ങളും മറ്റുള്ളവരിൽനിന്ന് ഉണ്ടാകുന്നത് സത്യപാതയിൽനിന്നും പിന്തിരിപ്പിക്കാൻ തക്ക വിധം നേരിടേണ്ടിവന്നേക്കാം. അപ്പോഴെല്ലാം പടച്ചറബ്ബ് നിശ്ചയിച്ചതല്ലാത്ത ഒന്നും സംഭവിക്കുകയില്ലെന്ന ഉറച്ച വിശ്വാസത്തോടെ എല്ലാം അവനിൽ ഭരമേൽപിച്ച് പ്രതിസന്ധികളെ അതിജയിക്കാൻ സാധിക്കേണ്ടതുണ്ട്. നബിമാരും സച്ചരിതരായ മുൻഗാമികളും അങ്ങനെയാണ് ഇത്തരം പ്രതിസന്ധികളെ തരണം ചെയ്തത്.

മൂസാ നബി(അ)യിൽ വിശ്വസിച്ച ജാലവിദ്യക്കാരോട് ഫിർഔനി‌െൻറ ഭീഷണിയും ഭയപ്പെടുത്തലുമൊക്കെ ഉണ്ടായ സന്ദർഭത്തിൽ അവർ പ്രഖ്യാപിച്ച ധീരമായ നിലപാട് നമുക്ക് മാതൃകയാണ്. അല്ലാഹു പറയുന്നു:

فَأُلْقِىَ ٱلسَّحَرَةُ سُجَّدًا قَالُوٓا۟ ءَامَنَّا بِرَبِّ هَٰرُونَ وَمُوسَىٰ ‎﴿٧٠﴾‏ قَالَ ءَامَنتُمْ لَهُۥ قَبْلَ أَنْ ءَاذَنَ لَكُمْ ۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِى عَلَّمَكُمُ ٱلسِّحْرَ ۖ فَلَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَٰفٍ وَلَأُصَلِّبَنَّكُمْ فِى جُذُوعِ ٱلنَّخْلِ وَلَتَعْلَمُنَّ أَيُّنَآ أَشَدُّ عَذَابًا وَأَبْقَىٰ ‎﴿٧١﴾‏ قَالُوا۟ لَن نُّؤْثِرَكَ عَلَىٰ مَا جَآءَنَا مِنَ ٱلْبَيِّنَٰتِ وَٱلَّذِى فَطَرَنَا ۖ فَٱقْضِ مَآ أَنتَ قَاضٍ ۖ إِنَّمَا تَقْضِى هَٰذِهِ ٱلْحَيَوٰةَ ٱلدُّنْيَآ ‎﴿٧٢﴾‏

ഉടനെ ആ ജാലവിദ്യക്കാർ പ്രണമിച്ചുകൊണ്ട് താഴെ വീണു. അവർ പറഞ്ഞു: ‘ഞങ്ങൾ ഹാറൂ‌െൻറയും മൂസായുടെയും രക്ഷിതാവിൽ വിശ്വസിച്ചിരിക്കുന്നു.’ അവൻ (ഫിർഔൻ) പറഞ്ഞു: ‘ഞാൻ നിങ്ങൾക്ക് സമ്മതം തരുന്നതിനു മുമ്പ് നിങ്ങൾ അവനെ വിശ്വസിച്ചുകഴിഞ്ഞെന്നോ? തീർച്ചയായും നിങ്ങൾക്ക് ജാലവിദ്യ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവ് തന്നെയാണവൻ. ആകയാൽ തീർച്ചയായും ഞാൻ നിങ്ങളുടെ കൈകളും കാലുകളും എതിർവശങ്ങളിൽനിന്നായി മുറിച്ചുകളയുകയും ഈന്തപ്പനത്തടികളിൽ നിങ്ങളെ ക്രൂശിക്കുകയും ചെയ്യുന്നതാണ്. ഞങ്ങളിൽ ആരാണ് ഏറ്റവും കഠിനമായതും നീണ്ടുനിൽക്കുന്നതുമായ ശിക്ഷ നൽകുന്നവൻ എന്ന് തീർച്ചയായും നിങ്ങൾക്ക് മനസ്സിലാകുകയും ചെയ്യും.’ അവർ പറഞ്ഞു: ‘ഞങ്ങൾക്ക് വന്നുകിട്ടിയ പ്രത്യക്ഷമായ തെളിവുകളെക്കാളും ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും നിനക്ക് ഞങ്ങൾ മുൻഗണന നൽകുകയില്ലതന്നെ. അതിനാൽ നീ വിധിക്കുന്നതെന്തോ അത് വിധിച്ചുകൊള്ളുക. ഈ ഐഹികജീവിതത്തിൽ മാത്രമെ നീ വിധിക്കുകയുള്ളൂ. (ഖുർആൻ:20/70-72)

സത്യപാതയിൽ ഉറച്ചുനിൽക്കാൻ സർവശക്തൻ നമ്മെ അനുഗ്രഹിക്കട്ടെ.

 

ശമീർ മദീനി

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *