നമ്മുടെ സമ്പാദ്യം ഹലാലായതാണോ?

അല്ലാഹു മനുഷ്യന് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളില്‍ സുപ്രധാനമായ ഒന്നാണ് സമ്പത്ത്. എല്ലാം മനുഷ്യരും  അല്ലാഹുവിന്റെ ഈ അനുഗ്രഹം തേടിപ്പിടിക്കുന്ന കാര്യത്തില്‍ ശ്രദ്ധാലുക്കളാണ്. അത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണെന്നാണ് വിശുദ്ധ ഖു൪ആന്‍ സൂചിപ്പിച്ചിട്ടുള്ളത്.

وَمِنْ ءَايَٰتِهِۦ مَنَامُكُم بِٱلَّيْلِ وَٱلنَّهَارِ وَٱبْتِغَآؤُكُم مِّن فَضْلِهِۦٓ ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَسْمَعُونَ

രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും, അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കേട്ടുമനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖു൪ആന്‍:30/23)

ജീവിതം സന്തോഷകരമാകാന്‍ ആവശ്യത്തിന് സമ്പത്ത് വേണം. സമ്പാദിക്കാനുള്ള ആഗ്രഹം മനുഷ്യന്റെ ജന്മവാസനകളില്‍ പെട്ടതാണ്. ഇസ്‌ലാമില്‍ ഒരാള്‍ക്ക് എത്രയും സമ്പാദിക്കാം. ഇത്രയേ സമ്പാദിക്കാവൂ എന്നൊന്നും ഇസ്ലാം നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ഏതൊരു കാര്യത്തിലുമെന്നപോലെ ഇവിടെയും ഇസ്ലാം ചില വിധിവിലക്കുകള്‍ നിശ്ചയിച്ചിട്ടുണ്ട്.

ഇസ്ലാം ആരാധനാ കാര്യങ്ങളെ ക്രമീകരിച്ചതുപോലെ ഇടപാടുകളെയും ക്രമീകരിച്ചു വ്യവസ്ഥപ്പെടുത്തി. ആരാധനാ കാര്യങ്ങളിലേതുപോലെ ഇടപാടുകളിലും ഹറാമും ഹലാലും സാധ്യമായതും സാധ്യമല്ലാത്തതും വ്യക്തമാക്കിയിട്ടുണ്ട്. ഇബാദത്തുകളില്‍ കല്‍പ്പനകളും വിരോധങ്ങളും വാഗ്ദാനങ്ങളും താക്കീതുകളും ഭീഷണികളുമുള്ളതുപോലെ ഇടപാടുകളിലുമുണ്ട്.

 وَأَحَلَّ ٱللَّهُ ٱلْبَيْعَ وَحَرَّمَ ٱلرِّبَوٰا۟ ۚ

അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:2/275)

ഇസ്ലാം  എല്ലാവരുടെ മേലും ഹലാലായ സമ്പാദ്യം നി൪ബന്ധമാക്കുകയും ഹറാമായ മാ൪ഗത്തിലുള്ള സമ്പാദ്യം  നിഷിദ്ധമാക്കുകയും ചെയ്തു.

يَٰٓأَيُّهَا ٱلنَّاسُ كُلُوا۟ مِمَّا فِى ٱلْأَرْضِ حَلَٰلًا طَيِّبًا وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ

മനുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന് അനുവദനീയവും, വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു.  (ഖു൪ആന്‍:2/168)

ഏറ്റവും നല്ല വസ്തുക്കളില്‍ നിന്നാണ് ഭക്ഷിക്കേണ്ടതെന്ന് പ്രവാചകന്‍മാരോടും സത്യവിശ്വാസികളോളും അല്ലാഹു പ്രത്യേകം നി൪ദ്ദേശിച്ചിട്ടുള്ളതായി കാണാം.

يَٰٓأَيُّهَا ٱلرُّسُلُ كُلُوا۟ مِنَ ٱلطَّيِّبَٰتِ وَٱعْمَلُوا۟ صَٰلِحًا ۖ إِنِّى بِمَا تَعْمَلُونَ عَلِيمٌ

ഹേ, ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.(ഖു൪ആന്‍: 23/51)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُلُوا۟ مِن طَيِّبَٰتِ مَا رَزَقْنَٰكُمْ وَٱشْكُرُوا۟ لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക, അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍. (ഖു൪ആന്‍: 2/172)

ബാല്യം മുതല്‍ മരണം വരെ അടങ്ങാത്ത ആഗ്രഹങ്ങള്‍ക്ക് ഉടമയാണ് മനുഷ്യന്‍. മനുഷ്യന്റെ ഈ അടങ്ങാത്ത ആഗ്രഹങ്ങള്‍ക്ക് ഉദാഹരണമായി നബി ﷺ  പറഞ്ഞത് കാണുക:

عَنْ أَنَسِ بْنِ مَالِكٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ :  لَوْ أَنَّ لاِبْنِ آدَمَ وَادِيًا مِنْ ذَهَبٍ أَحَبَّ أَنْ يَكُونَ لَهُ وَادِيَانِ، وَلَنْ يَمْلأَ فَاهُ إِلاَّ التُّرَابُ، وَيَتُوبُ اللَّهُ عَلَى مَنْ تَابَ

അബൂബർസയില്‍(റ) നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: മനുഷ്യന് സ്വര്‍ണത്തിന്റെ ഒരു താഴ്‌വര ലഭിച്ചാല്‍, രണ്ട് താഴ്‌വരകള്‍ ഉണ്ടാകാന്‍ അവന്‍ ആഗ്രഹിക്കും. മണ്ണല്ലാതെ അവന്റെ വായ നിറക്കുകയില്ല. പശ്ചാതപിക്കുന്നവന്റെ പശ്ചാതാപം അല്ലാഹു സ്വീകരിക്കും.  (ബുഖാരി:6439)

ഈ തിരുവചനം മനുഷ്യന്റെ അനന്തമായ ആഗ്രഹങ്ങളെക്കുറിച്ച് വിശദീകരണം അവശ്യമില്ലാത്ത വിധം മനസ്സിലാക്കിത്തരുന്നു. മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് വിരാമമിടുന്നത് മണ്ണ് മാത്രമായിരിക്കും. അഥവാ മരണത്തോടെ മാത്രമെ മനുഷ്യന്റെ അത്യാഗ്രഹം അവസാനിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ധനസമ്പാദനത്തിന് കുറുക്ക് വഴികള്‍ സ്വീകരിക്കുന്നവരാണ് പലരും.  അങ്ങനെ അവ൪ ഹറമായ ധനസമ്പാദന മാ൪ഗം സ്വീകരിക്കുന്നു.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ يَأْتِي عَلَى النَّاسِ زَمَانٌ، لاَ يُبَالِي الْمَرْءُ مَا أَخَذَ مِنْهُ أَمِنَ الْحَلاَلِ أَمْ مِنَ الْحَرَامِ ‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഹലാലില്‍ നിന്നാണോ ഹറാമില്‍ നിന്നാണോ താന്‍ എടുത്തത് എന്ന് നോക്കാതെ മനുഷ്യന്‍ ധനം വാരിക്കൂട്ടുന്ന കാലം വരാനിരിക്കുന്നു. (ബുഖാരി:2059)

എന്നാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സത്യവിശ്വാസിക്ക് അങ്ങനെയൊരു മാ൪ഗം സ്വീകരിക്കാന്‍ കഴിയുകയില്ല. കാരണം തന്റെ സമ്പത്ത് എവിടെ നിന്നാണ് സമ്പാദിച്ചതെന്ന് പരലോകത്ത് ഓരോ മനുഷ്യനും അല്ലാഹുവിന്റെ മുമ്പില്‍ മറുപടി പറയേണ്ടതുണ്ട്.

 عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ[أربع]: عُمْرِهِ فِيمَا أَفْنَاهُ وَعَنْ عِلْمِهِ فِيمَا فَعَلَ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ وَعَنْ جِسْمِهِ فِيمَا أَبْلاَهُ ‏‏

അബൂബർസയില്‍(റ) നിന്ന് നിവേദനം:നബി(ﷺ)  പറഞ്ഞു: നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ (പരലോകത്ത്) ഒരടിമയുടെയും ഇരുപാദങ്ങൾ നീങ്ങുക സാധ്യമല്ല.
1. തന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചതെന്ന്.
2. തന്റെ അറിവ് കൊണ്ട് എന്താണ്‌ പ്രവർത്തിച്ചതെന്ന്.
3.തന്റെ സമ്പത്ത് എവിടെ നിന്നാണ് സമ്പാദിച്ചതെന്ന്, എന്തിലാണ് ചെലവഴിച്ചതെന്ന്.
4.തന്റെ ശരീരം എന്തിലാണ് ഉപയോഗപ്പെടുത്തിയതെന്ന്. (തിർമുദി: 2417)

ഒരു സത്യവിശ്വാസി ഹലാലായ മാ൪ഗത്തിലല്ലാതെ ധനസമ്പാദനത്തിന് പരിശ്രമിക്കാന്‍ പാടില്ലാത്തതാണ്.  ധനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ വിശുദ്ധ ഖു൪ആന്‍ ഖബ്‌റിനെ കുറിച്ചും അന്ത്യദിനത്തെ കുറിച്ചും ഓ൪മ്മിച്ചത് കാണുക:

وَإِنَّهُۥ لِحُبِّ ٱلْخَيْرِ لَشَدِيدٌ –  أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِى ٱلْقُبُورِ

തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു. എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുമെന്ന്  (ഖു൪ആന്‍: 100/51)

وَتُحِبُّونَ ٱلْمَالَ حُبًّا جَمًّا – كَلَّآ إِذَا دُكَّتِ ٱلْأَرْضُ دَكًّا دَكًّا – وَجَآءَ رَبُّكَ وَٱلْمَلَكُ صَفًّا صَفًّا

ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്നേഹിക്കുകയും ചെയ്യുന്നു. അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും, നിന്‍റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും ചെയ്താല്‍. (ഖു൪ആന്‍: 89/20-22)

عن عبد الله بن مسعود رضي الله عنه قال: قال رسول الله صلى الله عليه وسلم: استحيوا مِن الله حقَّ الحياء. قال: قلنا: يا رسول الله إنَّا لنستحيي، والحمد للَّه. قال: ليس ذاك، ولكنَّ الاستحياء مِن الله حقَّ الحياء: أن تحفظ الرَّأس وما وعى، وتحفظ البطن وما حوى، وتتذكَّر الموت والبِلَى، ومَن أراد الآخرة، ترك زينة الدُّنيا، فمَن فعل ذلك، فقد استحيا مِن الله حقَّ الحياء

അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”അല്ലാഹുവിന് മുമ്പില്‍ ഏത് വിധം നിങ്ങള്‍ ലജ്ജ കാണിക്കേണ്ടതുണ്ടോ ആവിധം നിങ്ങള്‍ ലജ്ജ കാണിക്കുവിന്‍.” ഞങ്ങള്‍ ചോദിച്ചു: ”പ്രവാചകരേ, അല്ലാഹുവിന് സ്തുതി. ഞങ്ങള്‍ ലജ്ജയുള്ളവരാണല്ലോ!” നബി ﷺ പറഞ്ഞു: ”ഞാന്‍ അതല്ല ഉദ്ദേശിക്കുന്നത്. നിങ്ങള്‍ അല്ലാഹുവിന് മുമ്പില്‍ യഥാവിധം ലജ്ജകാണിക്കുന്നതിനെ കുറിച്ചാണ്. നിങ്ങളുടെ ശിരസ്സും അത് ഉള്‍ക്കൊള്ളുന്നതും, നിങ്ങളുടെ ഉദരവും അത് ഉള്‍ക്കൊള്ളുന്നതും നിങ്ങള്‍ കാത്തുസൂക്ഷിക്കണം. മരണത്തെയും നാശത്തെയും ഓര്‍ത്തുകൊണ്ടിരിക്കണം. പാരത്രികം ആഗ്രഹിക്കുന്നവന്‍ ഐഹികാഡംബരങ്ങള്‍ ഉപേക്ഷിക്കും. ഇങ്ങനെ ചെയ്യുന്നവരാണ് അല്ലാഹുവിന് മുമ്പില്‍ യഥാവിധം ലജ്ജ കാണിക്കുന്നവര്‍” (ഹാകിം: 1/24, ബൈഹക്വി: 7726).

ഈ ഹദീസില്‍ ‘ഉദരവും അത് ഉള്‍ക്കൊള്ളുന്നവയും’ എന്ന് പറഞ്ഞിട്ടുള്ളതിന്റെ ഉദ്ദേശ്യം ഒരാളുടെ സമ്പാദ്യവും ഭക്ഷണവും ഹലാലായിത്തീരണമെന്നതാണ്.

ഹറാമായ സമ്പാദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍

1.ബ൪കത്ത് നഷ്ടമാകും

അല്ലാഹു നിഷിദ്ധമാക്കിയതില്‍ യാതൊരു ബ൪ക്കത്തും ഉണ്ടായിരിക്കുന്നതല്ല. ഉദാഹരണത്തിന് പലിശയുടെ കാര്യം എടുക്കാം. ഭൌതികമായി നോക്കുമ്പോള്‍ പലിശ ലഭിക്കുന്നതിലൂടെ സമ്പത്ത് വ൪ദ്ധിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അതില്‍ ബ൪കത്ത് ഇല്ലാത്തതിനാല്‍ അത് വളരുകയില്ല.

ﻳَﻤْﺤَﻖُ ٱﻟﻠَّﻪُ ٱﻟﺮِّﺑَﻮٰا۟ ﻭَﻳُﺮْﺑِﻰ ٱﻟﺼَّﺪَﻗَٰﺖِ ۗ ﻭَٱﻟﻠَّﻪُ ﻻَ ﻳُﺤِﺐُّ ﻛُﻞَّ ﻛَﻔَّﺎﺭٍ ﺃَﺛِﻴﻢٍ

അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.(ഖു൪ആന്‍:2/276)

ﻭَﻣَﺎٓ ءَاﺗَﻴْﺘُﻢ ﻣِّﻦ ﺭِّﺑًﺎ ﻟِّﻴَﺮْﺑُﻮَا۟ ﻓِﻰٓ ﺃَﻣْﻮَٰﻝِ ٱﻟﻨَّﺎﺱِ ﻓَﻼَ ﻳَﺮْﺑُﻮا۟ ﻋِﻨﺪَ ٱﻟﻠَّﻪِ ۖ ﻭَﻣَﺎٓ ءَاﺗَﻴْﺘُﻢ ﻣِّﻦ ﺯَﻛَﻮٰﺓٍ ﺗُﺮِﻳﺪُﻭﻥَ ﻭَﺟْﻪَ ٱﻟﻠَّﻪِ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻤُﻀْﻌِﻔُﻮﻥَ

ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക് കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍ അത് വളരുകയില്ല. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍.(ഖു൪ആന്‍:30/39)

عَنِ ابْنِ مَسْعُودٍ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ ‏: ‏ مَا أَحَدٌ أَكْثَرَ مِنَ الرِّبَا إِلاَّ كَانَ عَاقِبَةُ أَمْرِهِ إِلَى قِلَّةٍ‏

ഇബ്നുമസ്ഊദില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു : ആരാണോ പലിശയെ പെരിപ്പിച്ചത് അവന്റെ പര്യവസാനം ഇല്ലായ്മയിലേക്ക് മടക്കുന്നതാണ്. (ഇബ്നുമാജ:12/ 2365)

2.നിഷിദ്ധമായ സമ്പാദ്യം കൊണ്ടുള്ള ക൪മ്മങ്ങള്‍ അല്ലാഹു സ്വീകരിക്കുന്നതല്ല
3.പ്രാ൪ത്ഥനക്ക് ഉത്തരം ലഭിക്കുകയില്ല

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَيُّهَا النَّاسُ إِنَّ اللَّهَ طَيِّبٌ لاَ يَقْبَلُ إِلاَّ طَيِّبًا وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ فَقَالَ ‏{‏ يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ‏}‏ وَقَالَ ‏{‏ يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ‏}‏ ‏”‏ ‏.‏ ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبِّ يَا رَبِّ وَمَطْعَمُهُ حَرَامٌ وَمَشْرَبُهُ حَرَامٌ وَمَلْبَسُهُ حَرَامٌ وَغُذِيَ بِالْحَرَامِ فَأَنَّى يُسْتَجَابُ لِذَلِكَ ‏”‏ ‏.‏

അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം; നബി (സ) പറഞ്ഞു: ജനങ്ങളേ, അല്ലാഹു നല്ലവനാണ്. നല്ലതല്ലാതെ അവന്‍ സ്വീകരിക്കുകയില്ല. പ്രവാചകനോട് എന്താണോ  കല്‍പ്പിച്ചത് അത് തന്നെയാണ് സത്യവിശ്വാസികളോടും അല്ലാഹു കല്‍പ്പിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു:ഹേ, ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.(ഖു൪ആന്‍: 23/51) അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക, അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍. (ഖു൪ആന്‍: 2/172)

ശേഷം പ്രവാചകന്‍ ഒരാളെ പരാമ൪ശിക്കുകയുണ്ടായി. ജട കുത്തിയ മുടിയും  പൊടി പുരണ്ട ശരീരവുമായി അയാള്‍ ദീ൪ഘമായി യാത്ര ചെയ്തിട്ടുണ്ട്. തന്റെ ഇരു കൈകളും ആകാശത്തേക്കുയ൪ത്തി അയാള്‍ എന്റെ റബ്ബേ, എന്റെ റബ്ബേ എന്ന് പ്രാ൪ത്ഥിക്കുന്നുണ്ട്.  അയാളുടെ ഭക്ഷണം നിഷിദ്ധമായതില്‍ നിന്നാണ്. അയാളുടെ പാനീയവും നിഷിദ്ധമായതില്‍ നിന്നാണ്. അയാളുടെ വസ്ത്രവും നിഷിദ്ധമായതില്‍ നിന്നാണ്. നിഷിദ്ധത്തില്‍ ഊട്ടപ്പെട്ടിരിക്കുന്ന ഒരു മനുഷ്യനാണ് അയാള്‍. ഇത്തരമൊരു മനുഷ്യന് എങ്ങനെ ഉത്തരം നല്‍കപ്പെടാനാണ്?’ (മുസ്‌ലിം : 1015)

സഅദ്‌ ബ്‌നു അബീവക്വാസിനോട്‌(റ)  അല്ലാഹുവിന്റെ റസൂല്‍ (സ്വ) പറഞ്ഞു:

ا سعد أطب مطعمك تكن مستجاب الدعوة

ഓ, സഅദ്‌, താങ്കള്‍ ഭക്ഷണം നന്നാക്കുക, താങ്കള്‍ ദുആക്ക്‌ ഉത്തരം നല്‍കപ്പെടുന്നവനാകും. (ത്വബറാനി)

4. ഹൃദയം മലിനമാകും

وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ‏.‏ أَلاَ وَهِيَ الْقَلْبُ

നബി(സ്വ)പറഞ്ഞു: അറിയുക,  ശരീരത്തിൽ ഒരു മാംസ പിണ്ഡമുണ്ട്. അത് നന്നായാല്‍  ശരീരം മുഴുവനും നന്നായി. അത് ചീത്തയാകുന്ന പക്ഷം ശരീരം മുഴുവനും ചീത്തയായി. അറിയു, അത് ഹൃദയമാണ്.(ബുഖാരി:52)

ഇമാം ഇബ്നു ഹജ൪ (റഹി) പറഞ്ഞു: ഈ ഹദീസില്‍ ഹൃദയത്തിന്റെ പദവിയെ മഹത്വപ്പെടുത്തലും ഹൃദയം നന്നാക്കണമെന്ന പ്രോല്‍സാഹനവുമാണുള്ളത്. നല്ല സമ്പാദ്യങ്ങള്‍ക്ക് ഹൃദയത്തില്‍ സ്വാധീനമുണ്ട് എന്നതിലേക്ക് സൂചനയും ഈ ഹദീസിലുണ്ട്. (ഫത്ഹുല്‍ ബാരി : 1/128)

قيل للامام احمد بن حنبل: يا ابا عبدالله! بم تلين القلوب؟ فقال: بأكل الحلال.

ഇമാം അഹ്മദ് ബിൻ ഹമ്പലിനോട് ചോദിക്കപ്പെട്ടു: ഹേ അബൂ അബ്ദില്ല, എന്തിനെ കൊണ്ടാണ് ഹൃദയം മൃദുലമാവുക ? അദ്ദേഹം പറഞ്ഞു: ഹലാലായത് ഭക്ഷിക്കുന്നതു കൊണ്ട്. (حلية الأولياء ٩/١٨٢)

5.നരകത്തില്‍ പ്രവേശിക്കും

عَنْ جابر بن عبد الله رضي الله عنهما عَنِ النَّبِيِّ صلى الله عليه وسلم قَالَ  لَا يَدْخُلُ الْجَنَّةَ لَحْمٌ نَبَتَ مِنْ سُحْتٍ ، النَّارُ أَوْلَى بِهِ

ജാബി൪ ബിന്‍ അബ്ദില്ലയില്‍(റ) നിന്ന് നിവേദനം. : അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: ഹറാമായ സമ്പത്തിലുടെ വളരുന്നമാംസം ഒരിക്കലും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.ഹറാമായ സമ്പത്തിലൂടെ വളരുന്ന ശരീരത്തിന് ഏറ്റവും അർഹമായത് നരകാഗ്നിയാണ്.(അഹ്‌മദ്‌:14032 -:സില്‍സിലത്തു സ്വഹീഹ:2609)

عَنْ أَبِي بَكْرٍ  رَضِيَ اللَّهُ عَنْهُ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ:    لا يَدْخُلُ الْجَنَّةَ جَسَدٌ غُذِّيَ بِالْحَرَامِ

അബൂബക്കറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു : ഹറാമിനാല്‍ പോഷണം നല്‍കപ്പെട്ട യാതൊരു ശരീരവും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. (ബൈഹഖി – അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ഹറാമായ സമ്പാദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ വിവരിച്ച് തന്ന നബി(സ്വ) ഇക്കാര്യത്തില്‍ എത്രമാത്രം ജാഗ്രത പുല൪ത്തിയെന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.

അംറിബ്നു ശുഐബ്(റ) തന്റെ പിതാവില്‍ നിന്നും നിവേദനം ചെയ്യുന്നു: നിശ്ചയം പ്രവാചകന്‍ (സ്വ) ഒരു രാത്രി ഉറക്കമില്ലാതെ അസ്വസ്ഥനായി, പ്രവാചക പത്‌നി ചോദിച്ചു: നിങ്ങള്‍ക്ക്‌ രാത്രി ഉറക്കം നഷ്ടപ്പെട്ടുവോ? അവിടുന്നു പറഞ്ഞു:

إني وجدت تحت جنبي تمرة فأكلتها وكان عندنا تمر من تمر الصدقة فخشيت أن تكون منه

എന്റെ പാര്‍ശ്വഭാഗത്തിന്റെ ചുവട്ടില്‍ നിന്ന്‌ എനിക്കൊരു കാരക്ക ലഭിച്ചിരുന്നു. അപ്പോള്‍ ഞാന്‍ അത്‌ എടുത്തു തിന്നു. നമ്മുടെ അടുത്താകട്ടെ സ്വദഖയുടെ വകുപ്പുകളില്‍പ്പെട്ട കാരക്കകളും ഉണ്ടായിരുന്നു. ഞാന്‍ കഴിച്ച കാരക്ക അതില്‍പ്പെട്ടതാണോ എന്നു ഞാന്‍ ഭയക്കുന്നു. (അഹ്‌മദ്‌)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنِّي لأَنْقَلِبُ إِلَى أَهْلِي، فَأَجِدُ التَّمْرَةَ سَاقِطَةً عَلَى فِرَاشِي فَأَرْفَعُهَا لآكُلَهَا، ثُمَّ أَخْشَى أَنْ تَكُونَ صَدَقَةً فَأُلْفِيَهَا ‏‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) അരുളി: ഞാന്‍ സ്വകുടുംബത്തില്‍ തിരിച്ചു ചെല്ലുമ്പോള്‍ ഒരു ഈത്തപ്പഴം എന്‍റെ വിരിപ്പില്‍ കിടക്കുന്നത് ചിലപ്പോള്‍ കാണും. അതു തിന്നാന്‍ വേണ്ടി ഞാന്‍ എടുക്കും. അപ്പോള്‍ അത് സക്കാത്ത് വകയില്‍പ്പെട്ടതാണോ എന്ന് ഭയന്നിട്ട് ഞാനത് വര്‍ജ്ജിക്കും. (ബുഖാരി:2432)

ഈ വിഷയത്തില്‍ സലഫുകള്‍ വളരെ  ജാഗ്രത പുല൪ത്തിയിരുന്നതായി കാണാം.

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ كَانَ لأَبِي بَكْرٍ غُلاَمٌ يُخْرِجُ لَهُ الْخَرَاجَ، وَكَانَ أَبُو بَكْرٍ يَأْكُلُ مِنْ خَرَاجِهِ، فَجَاءَ يَوْمًا بِشَىْءٍ فَأَكَلَ مِنْهُ أَبُو بَكْرٍ فَقَالَ لَهُ الْغُلاَمُ تَدْرِي مَا هَذَا فَقَالَ أَبُو بَكْرٍ وَمَا هُوَ قَالَ كُنْتُ تَكَهَّنْتُ لإِنْسَانٍ فِي الْجَاهِلِيَّةِ وَمَا أُحْسِنُ الْكِهَانَةَ، إِلاَّ أَنِّي خَدَعْتُهُ، فَلَقِيَنِي فَأَعْطَانِي بِذَلِكَ، فَهَذَا الَّذِي أَكَلْتَ مِنْهُ‏.‏ فَأَدْخَلَ أَبُو بَكْرٍ يَدَهُ فَقَاءَ كُلَّ شَىْءٍ فِي بَطْنِهِ‏.‏

ആയിശ رضي الله عنها യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: അങ്ങനെ ഒരു ദിവസം ഭൃത്യൻ ഭക്ഷണവുമായി വന്നു. അബൂബക്കര്‍ رَضِيَ اللَّهُ عَنْهُ അതിൽ നിന്ന് ഭക്ഷിച്ചു. എന്നിട്ട് ഭൃത്യൻ അബൂബക്കറിനോട് ചോദിച്ചു: ഇത് എവിടെ നിന്നാണ് കിട്ടിയതെന്ന് അറിയാമോ? അബൂബക്കര്‍ പറഞ്ഞു: എവിടെ നിന്നാണ്? ജോലിക്കാരന്‍ മറുപടി പറഞ്ഞു: ഞാന്‍ ജാഹിലിയ്യാ കാലത്ത്‌ ജോല്‍സ്യവേലയില്‍ നല്ല പിടിപാടില്ലാതിരുന്നിട്ടും ഒരാള്‍ക്കുവേണ്ടി ജോത്സ്യം ചെയ്‌തു. ഞാന്‍ അയാളെ പറ്റിക്കുകയാണ്‌ ചെയ്‌തത്‌. അയാള്‍ എന്നെക്കണ്ടു. അയാള്‍ എനിക്കതിന്‌ കൂലി നല്‍കി. ഈ ഭക്ഷണം അതുകൊണ്ടുള്ളതാണ്‌. അതോടെ അബൂബക്കർ رضي الله عنه തന്റെ വിരലുകള്‍ വായിലേക്ക്‌ തിരുകി വയറ്റിലുള്ളതെല്ലാം ഛര്‍ദ്ദിച്ചു. (ബുഖാരി :3842)

സഅദ്‌ ബ്‌നു അബീവക്വാസ്(റ)  പറഞ്ഞു:

ما رفعت إلى فمي لقمة إلا وأنا عالم من أين مجيئها ومن أين خرجت

യാതൊരു ഭക്ഷണ ഉരുളയും ഞാന്‍ എന്റെ വായിലേക്ക് ഉയ൪ത്തിയിട്ടില്ല, എവിടെ നിന്നാണ് അതിന്റെ വരവെന്നും എവിടെ നിന്നാണ് അത് പുറപ്പെട്ടതെന്നും ഞാന്‍ അറിയാതെ. (ജാമിഉല്‍ ഉലൂമി വല്‍ ഹികം)

വഹബ് ബ്നു മുനബ്ബിഹ്(റ)  പറഞ്ഞു:

من سره أن يستجيب الله دعوته فليطب طعمته

തന്റെ ദുആക്ക് അല്ലാഹു ഉത്തരം നല്‍കണമെന്നതില്‍ വല്ലവനും സന്താഷിക്കുന്നുവെങ്കില്‍ അവന്‍ തന്റെ അന്നം നന്നാക്കട്ടെ. (ജാമിഉല്‍ ഉലൂമി വല്‍ ഹികം)

ഇബ്നു ഖുദാമ അൽമക്ദസി رَحِمَهُ اللَّهُ പറഞ്ഞു: സലഫുകളില്‍പെട്ട സ്ത്രീകള്‍ പുരുഷന്‍ തന്‍റെ വീട്ടില്‍നിന്ന് പുറപ്പെടുംമ്പോള്‍ അവനോട് പറയുമായിരുന്നു: ”ഹറാം സംമ്പാദിക്കുന്നതിനെ നീ സൂക്ഷിക്കുക.തീര്‍ച്ചയായും ഞങ്ങള്‍ വിശപ്പിന്‍റെമേല്‍ ക്ഷമിക്കും.(എന്നാല്‍) നരകത്തിന്‍റെമേല്‍ ഞങ്ങള്‍ക്ക് ക്ഷമിക്കാന്‍ സാധിക്കുകയില്ല.” (മുഖ്ത്തസ്വറു മിന്‍ഹാജുല്‍ ക്വാസിദീന്‍)

സത്യവിശ്വാസികളെ, നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ധനം സമ്പാദിക്കുമ്പോള്‍ അത് ഹലാലയ മാ൪ഗത്തില്‍ മാത്രമുള്ളതാണെന്ന് നാം ഉറപ്പ് വരുത്തിയിട്ടുണ്ടോ?  ഹറാമിന്റെ ഒരു അംശമെങ്കിലും നമ്മുടെ സമ്പത്തില്‍ കടന്നു കൂടിയിട്ടുണ്ടോ? എങ്കില്‍ അത് ദുനിയാവിലും ആഖിറത്തിലും നഷ്ടമായിരിക്കും.

ധനസമ്പാദനത്തിന് വേണ്ടി മനുഷ്യ൪ പല മേഖലകളില്‍ പ്രവ൪ത്തിക്കുന്നു. ഉദ്യോഗസ്ഥനായാലും കച്ചവടക്കാരനായാലും മുതലാളിയായാലും തൊഴിലാളിയായാലും മറ്റേത് മേഖലയില്‍ പ്രവ൪ത്തിക്കുന്നവനായാലും ഹലാല്‍ മാത്രം സമ്പാദിക്കുകയും അതില്‍ നിന്ന് മാത്രം ഭക്ഷിക്കുകയും ചെയ്യുന്നവരായിരിക്കണം സത്യവിശ്വാസികള്‍.

സമ്പത്തില്‍ കൈക്കൂലിയുടെ യാതൊരു അംശവുമില്ലെന്ന്  ഉറപ്പ് വരുത്താന്‍ മുസ്ലിംകളായ ഉദ്യോഗസ്ഥ൪ക്ക് കഴിയണം. പാരിതോഷികങ്ങളും സമ്മാനങ്ങളും സ്വീകരിക്കാതെ മാറിനില്‍ക്കാന്‍ ഒരു സത്യവിശ്വാസി ശ്രദ്ധിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ നബി(സ്വ) പറഞ്ഞിട്ടുള്ളത് കാണുക:

هدايا العمال غلول

ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ഗിഫ്റ്റുകള്‍ ചതിമുതലുകളാകുന്നു  (മുസ്നദു അഹ്മദ്)

لعن الله الراشي والمرتشي في الحكم

അനുകൂല വിധി സമ്പാദിക്കുവാന്‍ കൈക്കൂലി കൊടുക്കുന്നവനെയും വാങ്ങുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു. (അഹ്മദ് : 2/387 – സ്വഹീഹുല്‍ ജാമിഅ് :5069)

സമ്പത്തില്‍ ഹറാമായ യാതൊരു അംശവുമില്ലെന്ന്  ഉറപ്പ് വരുത്താന്‍ മുസ്ലിംകളായ കച്ചവടക്കാ൪ക്ക് കഴിയണം.  ഒരു സത്യവിശ്വാസിയുടെ സമ്പത്തില്‍ അമിതലാഭത്തിന്റെയും കള്ളക്കച്ചവടത്തിന്റെയും മുതല്‍ ഉണ്ടാകാവതല്ല. കച്ചവടക്കാരുടെ കാര്യത്തില്‍ നബി(സ്വ) പറഞ്ഞിട്ടുള്ളത് കാണുക:

الْمُسْلِمُ أَخُو الْمُسْلِمِ وَلاَ يَحِلُّ لِمُسْلِمٍ بَاعَ مِنْ أَخِيهِ بَيْعًا فِيهِ عَيْبٌ إِلاَّ بَيَّنَهُ لَهُ

മുസ്ലിം മുസ്ലിമിന്റെ സഹോദരനാണ്. താന്‍ കച്ചവടം നടത്തുന്ന ചരക്കില്‍ വല്ല ന്യൂനതയും ഉണ്ടായിട്ട് അത് വെളിപ്പെടുത്താതെ കച്ചവടം നടത്താന്‍ ഒരു മുസ്ലിമിന് പാടുള്ളതല്ല. (ഇബ്നുമാജ: 12/ 2331)

فَإِنْ صَدَقَا وَبَيَّنَا بُورِكَ لَهُمَا فِي بَيْعِهِمَا، وَإِنْ كَتَمَا وَكَذَبَا مُحِقَتْ بَرَكَةُ بَيْعِهِمَا

‏അവരിരുവരും യാഥാർത്ഥ്യം തുറന്നു പറയുകയും ന്യൂനത വ്യക്തമാക്കുകയും ചെയ്താൽ അവരുടെ ഇടപാടിൽ അനുഗ്രഹം ലഭിക്കും. ഇനി മറച്ചുവെക്കുകയും നുണ പറയുകയും ചെയ്താലോ അവരുടെ കച്ചവടത്തിലെ അനുഗ്രഹം ഇല്ലാതാകും. (ബുഖാരി: 2079)

അല്ലാഹു പറയുന്നു:

وَيْلٌ لِّلْمُطَفِّفِينَ – ٱلَّذِينَ إِذَا ٱكْتَالُوا۟ عَلَى ٱلنَّاسِ يَسْتَوْفُونَ – وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ – أَلَا يَظُنُّ أُو۟لَٰٓئِكَ أَنَّهُم مَّبْعُوثُونَ – لِيَوْمٍ عَظِيمٍ – يَوْمَ يَقُومُ ٱلنَّاسُ لِرَبِّ ٱلْعَٰلَمِينَ

അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും. ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്‌. അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്‌? ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്‌. അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം. (ഖു൪ആന്‍:83/1-6)

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ نَهَى النَّبِيُّ صلى الله عليه وسلم عَنِ النَّجْشِ

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു:  ചരക്കിന് വില കൂടുതല്‍ വാങ്ങുന്നതിനെ (കൊള്ളലാഭത്തെ) നബി(സ്വ) വിരോധിച്ചിരിക്കുന്നു. (ബുഖാരി:2142)

ജനങ്ങളെ വഞ്ചിച്ച് കൊള്ളലാഭം എടുത്തിരുന്ന കച്ചവടക്കാരായ മദ്‌യന്‍കാരോട് ശുഐബ്(അ) നല്‍കിയ ഉപദേശം കാണുക:

بَقِيَّتُ ٱللَّهِ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ ۚ وَمَآ أَنَا۠ عَلَيْكُم بِحَفِيظٍ

അല്ലാഹു ബാക്കിയാക്കിത്തരുന്നതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്‌; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. ഞാന്‍ നിങ്ങളുടെ മേല്‍ കാവല്‍ക്കാരനൊന്നുമല്ല. (ഖു൪ആന്‍:11/86)

‘അല്ലാഹു ബാക്കിയാക്കിത്തരുന്നതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്’ എന്നതിന്റെ ഉദ്ദേശ്യം പണ്ഡിതന്മാര്‍ വിവരിക്കുന്നത് ഇപ്രകാരമാണ് : ‘നിഷിദ്ധമായ മാര്‍ഗത്തിലൂടെ ലഭിച്ച കൂടുതല്‍ ലാഭത്തെക്കാള്‍ നിങ്ങള്‍ക്ക് നല്ലത്, നിങ്ങള്‍ക്ക് ലഭിക്കുന്ന (കുറഞ്ഞ) ലാഭമാണ്; അത് എത്ര കുറച്ചായിരുന്നാലും.’ അല്ലാഹു പറയുന്നു:

قُل لَّا يَسْتَوِى ٱلْخَبِيثُ وَٱلطَّيِّبُ وَلَوْ أَعْجَبَكَ كَثْرَةُ ٱلْخَبِيثِ ۚ فَٱتَّقُوا۟ ٱللَّهَ يَٰٓأُو۟لِى ٱلْأَلْبَٰبِ لَعَلَّكُمْ تُفْلِحُونَ

(നബിയേ,) പറയുക: ദുഷിച്ചതും നല്ലതും സമമാകുകയില്ല. ദുഷിച്ചതിന്‍റെ വര്‍ദ്ധനവ് നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി. അതിനാല്‍ ബുദ്ധിമാന്‍മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ഖു൪ആന്‍:5/100)

ഏത് മേഖലയില്‍ തൊഴിലെടുക്കുന്നവനായാലും ചതിയിലൂടെയും വഞ്ചനയിലൂടെയും യാതൊന്നും ഒരു സത്യവിശ്വാസി തന്റെ സമ്പാദ്യത്തില്‍ ചേ൪ക്കരുത്.

وَمَن يَغْلُلْ يَأْتِ بِمَا غَلَّ يَوْمَ ٱلْقِيَٰمَةِ ۚ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ

വല്ലവനും വഞ്ചിച്ചെടുത്താല്‍ താന്‍ വഞ്ചിച്ചെടുത്ത സാധനവുമായി ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ വരുന്നതാണ്‌. അനന്തരം ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുവെച്ചതിന്‍റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടും. അവരോട് ഒരു അനീതിയും കാണിക്കപ്പെടുന്നതല്ല.  (ഖു൪ആന്‍:3/161)

ഏത് മേഖലയില്‍ പ്രവ൪ത്തിക്കുന്നവരായാലും ഒരു സത്യവിശ്വാസിയുടെ സമ്പത്ത് ശുദ്ധമായിരിക്കണമെന്ന് പറഞ്ഞുവല്ലോ. ഹലാലായ മാ൪ഗത്തില്‍ മാത്രം സമ്പാദിക്കുന്നവരുടെ സമ്പത്തില്‍ മറ്റ് രീതിയില്‍ ഹറാമായ രീതിയില്‍ സമ്പത്ത് കടന്നുകൂടും. അതില്‍ ഏറ്റവും പ്രധാനമാണ് പലിശ. വിനാശകരമായ ഏഴ് വന്‍പാപങ്ങളില്‍ ഒന്നായിട്ടാണ് ഇസ്ലാം പലിശയെ എണ്ണിയിട്ടുള്ളത്. പലിശ വന്‍പാപങ്ങളില്‍ പെട്ടതായതുകൊണ്ടുതന്നെ ഇസ്ലാം അതിനെ വിരോധിച്ചു.

മുസ്ലിം സമൂഹത്തിലെ പലരും പറയുന്നത്, ഞങ്ങള്‍ പണം പലിശക്ക് കൊടുക്കുന്നില്ലെല്ലോയെന്നാണ്. എന്നാല്‍ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതുവഴി ലഭിക്കുന്ന പലിശ തന്റെ സമ്പത്തിനോട് ചേ൪ത്ത് ഉപയോഗിക്കുന്നു.  അതേപോലെ പലിശയില്‍ അതിഷ്ഠിതമായ പല സംരംഭങ്ങളിലും ചേ൪ന്ന് അതില്‍ നിന്നുംള്ള വരുമാനം സ്വീകരിക്കുന്നു. അതെല്ലാം നിഷിദ്ധമാണ്.

عَنْ عَوْنِ بْنِ أَبِي جُحَيْفَةَ، قَالَ رَأَيْتُ أَبِي فَقَالَ إِنَّ النَّبِيَّ صلى الله عليه وسلم نَهَى عَنْ ثَمَنِ الدَّمِ، وَثَمَنِ الْكَلْبِ، وَآكِلِ الرِّبَا وَمُوكِلِهِ، وَالْوَاشِمَةِ وَالْمُسْتَوْشِمَةِ‏.ഔന്

ബിന്‍ അബീജുഹൈഫയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) നായയുടെയും രക്തത്തിന്റെയും വില വിരോധിച്ചിരിക്കുന്നു.  പലിശ തിന്നുന്നതും പലിശ തീറ്റിക്കുന്നതും പച്ച കുത്തുന്നതും കുത്തിക്കുന്നതും അവിടുന്ന് വിരോധിച്ചിരിക്കുന്നു. (ബുഖാരി:5945)

عَنْ عَبْدِ اللَّهِ، قَالَ لَعَنَ رَسُولُ اللَّهِ صلى الله عليه وسلم آكِلَ الرِّبَا وَمُؤْكِلَهُ

അബ്ദുല്ലയില്‍(റ) നിന്ന് നിവേദനം : പലിശ തിന്നുന്നവനെയും തീറ്റിപ്പിക്കുന്നവനെയും നബി(സ്വ) ശപിച്ചിരിക്കുന്നു.(മുസ്‌ലിം: 1597)

വ്യഭിചാരത്തേക്കാള്‍ വലിയ പാപമായിട്ടാണ് അല്ല, പലതവണ വ്യഭിചരിക്കുന്നതിനേക്കാള്‍ വലിയ പാപമാണ് പലിശയെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

عَنْ عبداللَّهِ بْنِ حَنْظَلَةَ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: دِرْهَمُ رِبًا يَأْكُلُهُ الرَّجُلُ وَهُوَ يَعْلَمُ أَشَدُّ مِنْ سِتٍّ وَثَلَاثِينَ زَنْيَةً

അബ്ദുല്ലാഹ് ഇബ്നു ഹന്‍ദലയില്‍ (റ) നിന്നും നിവേദനം : അദ്ദേഹം പറയുന്നു: നബി (സ്വ) പറഞ്ഞു: അറിഞ്ഞു കൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന പലിശയുടെ ഒരു ദിര്‍ഹം പോലും, മുപ്പത്തി ആറ് വ്യഭിചാരങ്ങളെക്കാള്‍ കഠിനമായ പാപമാണ്. (അഹ്മദ് :21957 – സ്വഹീഹ് അല്‍ബാനി)

عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : الربا سبعون بابا أدناها كالذي يقع على أمه

അബൂഹുറൈറയില്‍ (റ)  നിന്നും നിവേദനം : നബി (സ്വ) പറഞ്ഞു:പലിശക്ക് എഴുപതില്‍ പരം ഇനങ്ങളുണ്ട്. അതില്‍ ഏറ്റവും ചെറിയ ഇനം ഒരാള്‍ തന്റെ മാതാവുമായി ശയിക്കുക എന്നതു പോലെയാണ്. (ബൈഹഖി – സ്വഹീഹ് അല്‍ബാനി)

വിശുദ്ധ ഖു൪ആനിലൂടെ അല്ലാഹു യുദ്ധം പ്രഖ്യാപിച്ച ഒരേ ഒരു വിഭാഗം പലിശ അനുഭവിക്കുന്നവരാണെന്നുള്ളത് ഈ തിന്‍മയുടെ ഗൌരവം വിളിച്ചറിയിക്കുന്നു.

فَإِن لَّمْ تَفْعَلُوا۟ فَأْذَنُوا۟ بِحَرْبٍ مِّنَ ٱللَّهِ وَرَسُولِهِۦ ۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَٰلِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ

നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ (പലിശയില്‍ നിന്ന് വിട്ടു നില്‍ക്കുന്നില്ലെങ്കില്‍) അല്ലാഹുവിന്റേയും റസൂലിന്റേയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്‌. നിങ്ങള്‍ അക്രമം ചെയ്യരുത്‌. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്‌. (ഖു൪ആന്‍:2/279)

ഇമാം മാലിക് (റ) പറയുന്നു : ‘ അല്ലാഹുവിന്റെ ഗ്രന്ഥം ഞാന്‍ പരിശോധിച്ചു, കുഫ്ര്‍ കഴിഞ്ഞാല്‍ പിന്നെ പലിശയേക്കാള്‍ വലിയ മറ്റൊരു പാപമുള്ളതായി എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല’ കാരണം മറ്റൊരു പാപത്തിനും അല്ലാഹുവും അവന്റെ പ്രവാചകനും അത് ചെയ്യുന്നവനോട് യുദ്ധം പ്രഖ്യാപിച്ചതായി കാണുന്നില്ല, എന്നാല്‍ പലിശയുമായി ഇടപെടുന്നവരോട് അല്ലാഹുവും അവന്റെ പ്രവാചകനും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.

ഹലാലായ മാ൪ഗത്തില്‍ മാത്രം സമ്പാദിക്കുന്നവരുടെ സമ്പത്തില്‍ മറ്റ് രീതിയില്‍ ഹറാമായ മുതല്‍ കടന്നുകൂടുമെന്ന് പറഞ്ഞുവല്ലോ. അതില്‍പെട്ട മറ്റൊന്നാണ് സക്കാത്ത് കൊടുത്ത് വീട്ടാത്തതിനാല്‍  സക്കാത്തിന്റെ മുതല്‍ സ്വന്തം സമ്പത്തിനോട് ചേരുന്നത്. അതുകൊണ്ടുതന്നെ സക്കാത്ത് കൃത്യമായി കൊടുത്തു വീട്ടുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ ജാഗ്രത പാലിക്കണം.

ഇബാദത്തുകളില്‍ കല്‍പ്പനകളും വിരോധങ്ങളും ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുന്നവരില്‍ പലരും ഇടപാടുകളില്‍ കല്‍പ്പനകളും വിരോധങ്ങളും ശ്രദ്ധിക്കുന്നില്ലെന്നുള്ളതൊരു വസ്തുതയാണ്. പള്ളിയില്‍ പോയി നമസ്കരിക്കുകയും കൈക്കൂലി വാങ്ങുകയും ചെയ്യുന്നവരുണ്ട്. അഞ്ച് നേരം കൃത്യമായി നമസ്കരിക്കുകയും പലിശ വാങ്ങുകയും ചെയ്യുന്നവരുണ്ട്. സക്കാത്ത് കൊടുക്കാന്‍ അ൪ഹനായിട്ടും അത് കൃത്യമായി കൊടുത്തു വീട്ടാത്ത ധാരാളം പേ൪ ഈ സമുദായത്തിലുണ്ട്.

സത്യവിശ്വാസികളെ, ഹലാലായ മാ൪ഗത്തിലൂടെ മാത്രമേ സമ്പാദിക്കുകയുളളൂവെന്നും ഹലാലില്‍ നിന്ന് മാത്രമേ ഭക്ഷിക്കുകയുളളൂവെന്നും ഉറച്ച് തീരുമാനമെടുക്കാന്‍ നമുക്ക് കഴിയണം. അതിലാണ് വിജയമെന്ന് മനസ്സിലാക്കാന്‍ നമുക്ക് കഴിയണം. അതോടൊപ്പം അല്ലാഹുവിന്റെ സഹായമുണ്ടാകുമെന്നും നാം തിരിച്ചറിയുക.

إنك لن تدع شيئاً لله عز وجل إلا بدلك الله به ما هو خير لك منه

നബി(സ്വ) പറഞ്ഞു: നീ അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ചുകൊണ്ട്‌ (നിഷിദ്ധമായ) ഒരു കാര്യം ഉപേക്ഷിച്ചാല്‍, അതിനേക്കാള്‍ നല്ലത് അവന്‍ നിനക്ക് പകരം നല്‍കാതിരിക്കില്ല’  (മുസ്നദ് അഹ്മദ്: 21996 –  അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنِ ابْنِ الْمُبَارَكِ رَحِمَهُ اللَّهُ، أَنَّهُ قَالَ: تَرْكُ فلس مِنْ حَرَامٍ أَفْضَلُ مِنْ مائة ألف فَلْسٍ أَتَصَدَّقُ بِهَا.

അബ്ദുല്ലാഹിബ്നു മുബാറക് رَحِمَهُ اللَّهُ പറയുന്നു: ഹറാമായ മാർഗത്തിൽ ലഭിക്കുന്ന ഒരു രൂപ വേണ്ടന്ന് വെക്കുന്നത് ഒരു ലക്ഷം രൂപ സ്വദഖ ചെയ്യുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ്._ (റൂഹുൽ ബയാൻ:2/171)

ﻗﺎﻝ حاتم الأصم رحمه الله:ﻋﻠﻤﺖ ﺃﻥ ﺭﺯﻗﻲ ﻻ ﻳﺄﻛﻠﻪ ﻏﻴﺮﻱ، ﻓﺎﻃﻤﺄﻧﺖ ﺑﻪ ﻧﻔﺴﻲ

ഹാതിമുൽ അസമ്മ്رحمه الله പറഞ്ഞു:എനിക്ക് നിശ്ചയിക്കപ്പെട്ട ഉപജീവനം മറ്റാരും ഭക്ഷിക്കില്ലെന്ന് ഞാനറിഞ്ഞു. അങ്ങനെ എന്റെ മനസ്സ് ശാന്തമായി.(സിയറു അ അ`ലാമിന്നുബലാ: 11/485)

ഒരു വ്യക്തി ഇമാം സുഫ്യാൻ അസ്സൗരീയോട് നിസ്കാരത്തിന് ആദ്യത്തെ സ്വഫ് ലഭിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചോദിച്ചു. ഇമാം അദ്ദേഹത്തിന് മറുപടി നൽകിയതിങ്ങനെ:’നീ കഴിക്കുന്ന ഭക്ഷണത്തിന്റെ നുറുക്കാണെങ്കിലും അതെവിടെ നിന്നാണ് ലഭിച്ചതെന്ന് നീ ശ്രദ്ധിക്കുക. എന്നിട്ട് ഏറ്റവും പുറകിലെ സ്വഫ്ഫിൽ നിന്നാണെങ്കിലും നിസ്കരിച്ചു കൊള്ളുക’. [شعب الإيمان: ٥/٦١]

عَنْ أَبِي أُمَامَةَ الْبَاهِلِيِّ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: إنَّ رُوحَ القُدُسِ نَفَثَ فِي روعِي أنَّ نَفْساً لَنْ تَمُوتَ حَتَّى تَسْتَكْمِلَ أَجَلَهَا، وَتَسْتَوْعِبَ رِزْقَهَا، فَاتَّقُوا اللهَ، وَأَجْمِلُوا فِي الطَّلَبِ، وَلاَ يَحْمِلَنَّ أَحَدَكُمُ اسْتِبْطَاءُ الرِّزْقِ أَنْ يَطْلُبَهُ بِمَعْصِيَةٍ، فَإِنَّ اللهَ تَعَالَى لاَ يُنَالُ مَا عِنْدَهُ إلاَّ بِطَاعَتِهِ

അബൂഉമാമ അൽ ബാഹിലിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: റൂഹുൽ ഖുദുസ് (ജിബ്രീൽ) എന്റ ഹൃദയത്തിൽ ഇട്ടുതന്നിരിക്കുന്നു. ഒരു ആത്മാവും തനിക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള ഉപജീവനം തേടിപ്പിടിക്കാതെ മരിക്കുകയില്ല. അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, ഉപജീവനം അന്വേഷിക്കുന്നത് മാന്യമായ രൂപത്തിലാക്കുക. നിങ്ങളിൽ ആരും അനുസരണക്കേടുകളിലൂടെ അവന്റെ ഉപജീവനം തേടാൻ നിർബന്ധിതരാകരുത്. തീർച്ചയായും അല്ലാഹുവിന്റെ അടുക്കലുള്ളത് അവനെ അനുസരിക്കുന്നതിലൂടെ അല്ലാതെ നേടാനാവില്ല. (صحيح الجامع ٢٠٨٥ )

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *