ഹജ്ജ് : മൂന്ന് കര്‍മ്മ രൂപങ്ങൾ

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

ഹജജ് മൂന്ന് രൂപത്തിൽ ചെയ്യാവുന്നതാണ്. അതിൽ ഏത് രൂപത്തിൽ ചെയ്‌താലും അവൻറെ ഹജജ് സ്വീകാര്യമായിരിക്കും. അതിന്റെ രൂപങ്ങൾ താഴെ വിവരിക്കും പ്രകാരമാണ്.

(1) തമത്തുഅ് : ഉംറക്ക് വേണ്ടി ഇഹ്റാമിൽ പ്രവേശിക്കുകയും ഉംറ നിർവഹിച്ച ശേഷം ഇഹ്റാമിൽ നിന്ന് ഒഴിവാകുകയും ശേഷം ഹജ്ജിന്റെ സമയം വരുമ്പോൾ വീണ്ടും ഹജ്ജിനു വേണ്ടി ഇഹ്റാമിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന രീതിയാണിത്.

ഹജജിൻറെ മാസങ്ങളായ ശവ്വാൽ, ദുൽഖഅദ, ദുൽഹജജിലെ ആദ്യത്തെ പത്ത് എന്നിവയിൽ മീഖാത്തിൽ വെച്ച് ‘ലബ്ബൈക്കല്ലാഹുമ്മ ഉംറത്തന്‍’ എന്ന് പറഞ്ഞ് കൊണ്ട് ഉംറക്ക് മാത്രമായി ഇഹ്റാമിൽ പ്രവേശിക്കുക. എന്നിട്ട് ഉംറയുടെ കർമ്മങ്ങളായ ത്വവാഫും, സഅ്‌യും ചെയ്ത്, മൂടി വടിക്കുകയോ, വെട്ടുകയോ ചെയ്ത‌്‌ ഉംറയിൽ നിന്നും തഹല്ലുലാവുക. അതോടുകൂടി ഇഹ്റാമിൽ നിഷിദ്ധമായിരുന്ന എല്ലാ കാര്യങ്ങളും അവന് അനുവദനീയമാവുന്നതാണ്.

പിന്നീട് ദുൽഹിജജ എട്ടിന് അവൻ എവിടെയാണോ താമസിക്കുന്നത് അവിടെ നിന്നും “ലബൈക ഹജജൻ” എന്ന് പറഞ്ഞ് കൊണ്ട് ഹജജിന് ഇഹ്റാം ചെയ്യുക. മുതമത്തിഅ് ആയി ഹജജ് ചെയ്യുന്നവൻ നിർബ്ബന്‌ധമായും ബലിയറുക്കേണ്ടതുണ്ട്. അത് ആടിനെയോ ഏഴ് പേർ വീതം ചേർന്ന് ഒട്ടകത്തെയോ പശുവിനേയോ അറുക്കാവുന്നതാണ്. ഇതിന് സാധ്യമല്ലായെങ്കിൽ ഹജജിൻെറ ദിവസങ്ങളിൽ മൂന്ന് നോമ്പും, തന്റെ കുടുംബത്തിലേക്ക് മടങ്ങിയാൽ ഏഴ് നോമ്പും അനുഷ്‌ടിക്കേണ്ടതാണ്.

فَإِذَآ أَمِنتُمْ فَمَن تَمَتَّعَ بِٱلْعُمْرَةِ إِلَى ٱلْحَجِّ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْىِ ۚ فَمَن لَّمْ يَجِدْ فَصِيَامُ ثَلَٰثَةِ أَيَّامٍ فِى ٱلْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ ۗ تِلْكَ عَشَرَةٌ كَامِلَةٌ ۗ ذَٰلِكَ لِمَن لَّمْ يَكُنْ أَهْلُهُۥ حَاضِرِى ٱلْمَسْجِدِ ٱلْحَرَامِ ۚ

ഇനി നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണെങ്കിലോ, അപ്പോള്‍ ഒരാള്‍ ഉംറഃ നിര്‍വഹിച്ചിട്ട് ഹജ്ജ് വരെ സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ഹജ്ജിനിടയില്‍ ബലികഴിക്കേണ്ടതാണ്‌.) ഇനി ആര്‍ക്കെങ്കിലും അത് കിട്ടാത്ത പക്ഷം ഹജ്ജിനിടയില്‍ മൂന്നു ദിവസവും, നിങ്ങള്‍ (നാട്ടില്‍) തിരിച്ചെത്തിയിട്ട് ഏഴു ദിവസവും ചേര്‍ത്ത് ആകെ പത്ത് ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്‌. കുടുംബസമേതം മസ്ജിദുല്‍ ഹറാമില്‍ താമസിക്കുന്നവര്‍ക്കല്ലാത്തവര്‍ക്കാകുന്നു ഈ വിധി.  (ഖുര്‍ആൻ:2/196)

تَمَتُّعْ (സുഖമെടുക്കല്‍) ചെയ്യുന്നവര്‍ അവര്‍ക്ക് ഇടക്കുവെച്ച് ലഭിക്കുന്ന ആനു കൂല്യങ്ങള്‍ക്ക് പകരം സൗകര്യപ്രദമായ ഒരു ബലി (هَدْي) നടത്തണമെന്ന് പറഞ്ഞുവല്ലോ. അതിന് സാധിക്കാത്ത പക്ഷം, അവര്‍ പത്ത് നോമ്പ് നോല്‍ക്കുകയാണ് വേണ്ടത്. ഇതില്‍ മൂന്നെണ്ണം ഹജ്ജിന്‍റെ ദിവസങ്ങളില്‍- ദുല്‍ഹിജ്ജഃ പത്തിന് മുമ്പായി തീര്‍ക്കണം. ബാക്കി ഏഴും നാട്ടില്‍ മടങ്ങിയെത്തിയ ശേഷവും പൂര്‍ത്തിയാക്കണം. എന്നാല്‍ ‘തമത്തുഇ’ന്‍റെ ആനുകൂല്യം ഹറം നിവാസികള്‍ക്കില്ല. അതിനാല്‍ അനുബന്ധ പ്രായശ്ചിത്തവും അവര്‍ക്ക് ബാധകമല്ല. (അമാനി തഫ്സീര്‍)

ശരിയായ പണ്ഡ‌ിതാഭിപ്രായ പ്രകാരം ബലിമൃഗം കൂടെകൊണ്ട് വരാത്തവർക്ക് ‘തമത്തുഅ്’ ആയ ഹജജാണ് ഏറ്റവും ഉത്തമം. കാരണം നബി ﷺ സഫാ മർവ്വാക്കിടയിലുള്ള സഅ്‌യിന് ശേഷം തൻറെ അനുചരന്മാരോട് പറയുകയുണ്ടായി:

لَوْ أَنِّي اسْتَقْبَلْتُ مِنْ أَمْرِي مَا اسْتَدْبَرْتُ لَمْ أَسُقِ الْهَدْىَ وَجَعَلْتُهَا عُمْرَةً فَمَنْ كَانَ مِنْكُمْ لَيْسَ مَعَهُ هَدْىٌ فَلْيَحِلَّ وَلْيَجْعَلْهَا عُمْرَةً

എനിക്ക് വൈകിത്തോന്നിയ കാര്യം മുമ്പുതന്നെ തോന്നുകയും ഞാൻ ബലിമൃഗങ്ങളെ കൂടെ കൊണ്ടുവരികയും ചെയ്തിട്ടില്ലായിരുന്നുവെങ്കിൽ ഞാൻ ഇപ്പോഴത്തെ ത്വവാഫും സഅ്‌യും ഉംറക്കുള്ളതാക്കി മാറ്റുമായിരുന്നു. അതിനാൽ ബലിമൃഗം കൊണ്ടുവരാത്തവരെല്ലാം ഇപ്പോൾ ഉംറയിലേക്ക് മാറുകയും ഇഹ്‌റാമിൽനിന്നു വിരമിക്കുകയും ചെയ്യട്ടെ. (ബുഖാരി, മുസ്‌ലിം)

ഹജജ് ചെയ്യുവാൻ വേണ്ടി യാത്ര പുറപ്പെട്ടപ്പോൾ അവർ ഹജ്ജും ഉംറയും ഒന്നിച്ച് ഉദ്ദേശിച്ചിട്ടുള്ളത് കൊണ്ടാണ് നബി ﷺ അങ്ങിനെ പറഞ്ഞത്.

(2) ഖിറാൻ:  ഹജ്ജിനും ഉംറക്കും ഒന്നിച്ച് ഇഹ്റാം ചെയ്യുന്നതിന്നാണ് ഖിറാൻ എന്നു പറയുന്നത്. ഇത്തരം ആളുകൾ ഉംറ കഴിഞ്ഞാൽ മുടി എടുക്കുകയോ ഇഹ്റാമിന്റെ വസ്ത്രമഴിച്ചു വെക്കുകയോ ഇല്ല.

ഹജജിൻെറ മാസങ്ങളിൽ മീഖാത്തിൽ വെച്ച് ഹജജിനും ഉംറക്കും ഒരുമിച്ച്, “ലബൈക ഉംറതൻ വ ഹജജൻ” എന്ന് നിയ്യത്ത് ചെയ്‌ത്‌ കൊണ്ട് ഇഹ്റാമിൽ പ്രവേശിക്കുക. എന്നിട്ട് മക്കയിൽ പ്രവേശിച്ചാൽ ഉംറയുടെ ത്വവാഫ് ചെയ്യുക. തുടർന്ന് ഉംറക്കും, ഹജജിനും കൂടി ഒരു സഅ്‌യ് നടത്തുക. (ഇനി ഈ സഅ്‌യ് അവൻ ഉദ്ദേശിക്കുകയാണെങ്കിൽ ഹജജിൻെറ ത്വവാഫുൽ ഇഫാള കഴിഞ്ഞതിന് ശേഷവും ചെയ്യാവുന്നതാണ്). എന്നിട്ട് മുടി വടിക്കുകയോ, വെട്ടുകയോ ചെയ്യാതെ ഇഹ്റാമിൽ തന്നെ നിൽക്കുക. തുടർന്ന് ദുൽഹിജജ എട്ടിന് അവൻ മിനയിലേക്ക് പുറപ്പെടുകയും ഹജജിൻറെ ബാക്കി കർമ്മങ്ങൾ പൂർത്തിയാക്കുകയും ചെയ്യുക. ഇങ്ങനെ ഖാരിനായി ഹജജ് ചെയ്യുന്നവന്നും മൂതമത്തിഅ്നെ പോലെ ബലിയറുക്കൽ നിർബ്ബന്‌ധമാണ്. ഇതിന് സാധ്യമല്ലായെങ്കിൽ ഹജജിൻെറ ദിവസങ്ങളിൽ മൂന്ന് നോമ്പും, തന്റെ കുടുംബത്തിലേക്ക് മടങ്ങിയാൽ ഏഴ് നോമ്പും അനുഷ്‌ടിക്കേണ്ടതാണ്.

(3) ഇഫ്റാദ് : ഹജ്ജിന് മാത്രം ഇഹ്റാം ചെയ്യുന്നതിനാണ് ഇഫ്റാദ് എന്നു പറയുന്നത്.

ഹജജിൻറെ കാലത്ത് മീഖാത്തിൽ വെച്ച് “ലബൈക ഹജജൻ” എന്ന് പറഞ്ഞ് കൊണ്ട് ഹജജിന് മാത്രമായി ഇഹ്റാമിൽ പ്രവേശിക്കുക. എന്നിട്ട് ഖാരിനായി ഹജജ് ചെയ്യുന്നവനെ പോലെ ചെയ്യുക. ഖാരിനായവന് ബലിയറുക്കൽ നിർബ്ബന്ധമാണ്. എന്നാൽ മൂഫ്റദായി ഹജജ് ചെയ്യുന്നവന് ബലിയറുക്കൽ നിർബ്ബന്ധമില്ല.

മേൽ പ്രസ്താവിക്കപ്പെട്ട രീതികളിൽ ഏതെങ്കിലും ഒന്ന് തെരെഞ്ഞെടുത്ത് നിർവ്വഹിക്കാവുന്നതാണ്. എന്നാൽ ബലിമൃഗം കൊണ്ട് വരാത്തവർക്ക് തമത്തുഅ് ആയ ഹജജാണ് ഏറ്റവും ഉത്തമം.

ഇതിൽ ഏറ്റവും ശ്രേഷ്ഠമായ  ഇനം തമത്തുഅ് ആണ്. കാരണം നബി ﷺ തന്റെ സ്വഹാബികളോട് അതിനായി കൽപ്പിക്കുകയും അതിനവരെ പ്രേരിപ്പിക്കുകയും, ഹജ്ജിന്റെ നിയ്യത്തിനെ ഉംറയുടെ നിയ്യത്താക്കി മാറ്റാൻ അദ്ദേഹം അവരോട് കൽപ്പിക്കുകയും ചെയ്തു.

തെളിവുകൾ

عَنْ عَائِشَةَ، – رضى الله عنها – قَالَتْ خَرَجْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم فَقَالَ ‏ : مَنْ أَرَادَ مِنْكُمْ أَنْ يُهِلَّ بِحَجٍّ وَعُمْرَةٍ فَلْيَفْعَلْ وَمَنْ أَرَادَ أَنْ يُهِلَّ بِحَجٍّ فَلْيُهِلَّ وَمَنْ أَرَادَ أَنْ يُهِلَّ بِعُمْرَةٍ فَلْيُهِلَّ.

ആയിശ رضى الله عنها യിൽ നിന്ന് നിവേദനം: അവർ പറയുന്നു: ഞങ്ങൾ നബി ﷺ യോടൊപ്പം പുറപ്പെട്ടു. അവിടുന്ന് പറഞ്ഞു: നിങ്ങളിൽ ഹജ്ജും ഉംറയും ഒന്നിച്ച് ഉദ്ദേശിക്കുന്നവര്‍ (അപ്രകാരം നിയ്യത്ത് ചെയ്ത്) ചെയ്യട്ടെ, നിങ്ങളിൽ ഹജ്ജ്  മാത്രം ഉദ്ദേശിക്കുന്നവര്‍ (നിയ്യത്ത്) അപ്രകാരം പറയട്ടെ. നിങ്ങളിൽ ഉംറ  മാത്രം ഉദ്ദേശിക്കുന്നവര്‍ (നിയ്യത്ത്) അപ്രകാരം പറയട്ടെ. (മുസ്ലിം: 1211)

ഇവിടെ ഒന്നാമത് പറഞ്ഞത് ഖിറാനെ കുറിച്ചും, രണ്ടാമത്തേത് ഇഫ്റാദിനെ കുറിച്ചും, മൂന്നാമത്തേത്  തമത്തുഅ്നെ കുറിച്ചുമാണ്.

عَنْ عَائِشَةَ ـ رضى الله عنها ـ أَنَّهَا قَالَتْ خَرَجْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم عَامَ حَجَّةِ الْوَدَاعِ، فَمِنَّا مَنْ أَهَلَّ بِعُمْرَةٍ، وَمِنَّا مَنْ أَهَلَّ بِحَجَّةٍ وَعُمْرَةٍ، وَمِنَّا مَنْ أَهَلَّ بِالْحَجِّ وَأَهَلَّ رَسُولُ اللَّهِ صلى الله عليه وسلم بِالْحَجِّ، فَأَمَّا مَنْ أَهَلَّ بِالْحَجِّ أَوْ جَمَعَ الْحَجَّ وَالْعُمْرَةَ لَمْ يَحِلُّوا حَتَّى كَانَ يَوْمُ النَّحْرِ‏.‏

ആയിശ رضى الله عنها യിൽ നിന്ന് നിവേദനം: അവർ പറയുന്നു: ഹജ്ജത്തുൽ വദാഅ് വർഷത്തിൽ അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ  കൂടെ ഞങ്ങൾ പുറപ്പെട്ടു. ഞങ്ങളുടെ കൂട്ടത്തിൽ ഉംറക്ക് ഇഹ്റാം ചെയ്‌തവരുണ്ട്. ഹജ്ജിനും ഉംറക്കും ഒന്നിച്ച് ഇഹ്റാം ചെയ്തവരും ഹജ്ജിനു മാത്രം ഇഹ്റാം ചെയ്തവരുമുണ്ട്. അല്ലാഹുവിന്റെ റസൂല്‍ ﷺ ഹജ്ജിന് മാത്രമായി ഇഹ്റാമിൽ പ്രവേശിച്ചു. എന്നാൽ ഹജ്ജിനുമാത്രം ഇഹ്റാമിൽ പ്രവേശിച്ചവരും, ഹജ്ജിനും ഉംറക്കും ഒന്നിച്ച് ഇഹ്റാം ചെയ്‌തവരും ബലിദിനത്തിൽ (ബലിയറുക്കുന്നതുവരെ) ഇഹ്റാമിൽ നിന്ന് വിരമിച്ചില്ല. (ബുഖാരി:1562)

ഇവിടെ ഒന്നാമത് പറഞ്ഞത് തമത്തുഅ്നെ കുറിച്ചും, രണ്ടാമത്തേത് ഖിറാനെ കുറിച്ചും, മൂന്നാമത്തേത്  ഇഫ്റാദിനെ കുറിച്ചുമാണ്.

ഇഫ്റാദ്, ഖിറാൻ, തമത്തുഅ് എന്നീ വാക്കുകൾ തന്നെയും ഹദീസിൽ വന്നിട്ടുണ്ട്.

عَنْ أُمِّ الْمُؤْمِنِينَ، عَائِشَةَ – رضى الله عنها – قَالَتْ مِنَّا مَنْ أَهَلَّ بِالْحَجِّ مُفْرِدًا وَمِنَّا مَنْ قَرَنَ وَمِنَّا مَنْ تَمَتَّعَ ‏.‏

ഉമ്മുൻ മുഅ്മിനീൻ ആയിശ رضى الله عنها യിൽ നിന്ന് നിവേദനം: അവർ പറയുന്നു:ഹജ്ജ് ഇഫ്റാദായി ചെയ്യാൻ നിയ്യത്താക്കിയവര്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. ഖിറാൻ ആയി ചെയ്യാൻ നിയ്യത്താക്കിയവര്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. തമത്തുഅ് ആയി ചെയ്യാൻ നിയ്യത്താക്കിയവര്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. (മുസ്ലിം:1211)

عَنْ حَفْصَةَ ـ رضى الله عنهم ـ زَوْجِ النَّبِيِّ صلى الله عليه وسلم أَنَّهَا قَالَتْ يَا رَسُولَ اللَّهِ، مَا شَأْنُ النَّاسِ حَلُّوا بِعُمْرَةٍ وَلَمْ تَحْلِلْ أَنْتَ مِنْ عُمْرَتِكَ قَالَ ‏ “‏ إِنِّي لَبَّدْتُ رَأْسِي، وَقَلَّدْتُ هَدْيِي فَلاَ أَحِلُّ حَتَّى أَنْحَرَ ‏”‏‏.‏

പ്രവാചക പത്നി ഹഫ്‌സ رضى الله عنها യിൽ നിന്ന് നിവേദനം: അവർ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ആളുകൾ ഉംറ നിർവ്വഹിച്ച് തഹല്ലുലാകുന്നതിന്റെ കാര്യമെന്താണ്; താങ്കളാണെങ്കിൽ ഉംറ നിർവ്വഹിച്ച് തഹല്ലുലായിട്ടുമില്ല. നബി ﷺ പറഞ്ഞു: ഞാൻ എന്റെ മുടി മെഴുകു പുരട്ടി ഒതുക്കി വെച്ചിട്ടുണ്ട്, ബലിയൊട്ടകത്തിനെ അടയാളം വെച്ച് കൊണ്ടുവന്നിട്ടുമുണ്ട്. അതിനാൽ ബലിയറുക്കുന്നതുവരെ ഞാൻ തഹല്ലുലാവുകയില്ല. (ബുഖാരി:1566)

عَنْ عَائِشَةَ ـ رضى الله عنها ـ خَرَجْنَا مَعَ النَّبِيِّ صلى الله عليه وسلم وَلاَ نُرَى إِلاَّ أَنَّهُ الْحَجُّ، فَلَمَّا قَدِمْنَا تَطَوَّفْنَا بِالْبَيْتِ، فَأَمَرَ النَّبِيُّ صلى الله عليه وسلم مَنْ لَمْ يَكُنْ سَاقَ الْهَدْىَ أَنْ يَحِلَّ، فَحَلَّ مَنْ لَمْ يَكُنْ سَاقَ الْهَدْىَ، وَنِسَاؤُهُ لَمْ يَسُقْنَ فَأَحْلَلْنَ،

ആയിശ رضى الله عنها യിൽ നിന്ന് നിവേദനം:  ഹജ്ജ് തന്നെ ലക്ഷ്യം വെച്ച് നബി ﷺ യുടെ കൂടെ ഞങ്ങൾ പുറപ്പെട്ടു. ഞങ്ങൾ മക്കയിൽ വന്ന് കഅ്ബ ത്വവാഫ് ചെയ്‌തു. നബി ﷺ പറഞ്ഞു: ബലിമൃഗം കൊണ്ടുവരാത്തവർ ഇഹ്റാമിൽനിന്ന് വിരമിച്ചു കൊള്ളട്ടെ. അപ്പോൾ ബലിമൃഗത്തെ കൊണ്ടു വരാത്തവർ ഉംറ ചെയ്‌ത്‌ ഇഹ്റാമിൽനിന്ന് വിരമിച്ചു. നബി ﷺ യുടെ പത്നിമാർ ബലിമൃഗത്തെ കൊണ്ടുവന്നിരുന്നില്ല; അതിനാൽ അവരും വിരമിച്ചു. (ബുഖാരി:1561)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، رضى الله عنهما  أَنَّهُ حَجَّ مَعَ النَّبِيِّ صلى الله عليه وسلم يَوْمَ سَاقَ الْبُدْنَ مَعَهُ، وَقَدْ أَهَلُّوا بِالْحَجِّ مُفْرَدًا، فَقَالَ لَهُمْ ‏”‏ أَحِلُّوا مِنْ إِحْرَامِكُمْ بِطَوَافِ الْبَيْتِ وَبَيْنَ الصَّفَا وَالْمَرْوَةِ، وَقَصِّرُوا ثُمَّ أَقِيمُوا حَلاَلاً، حَتَّى إِذَا كَانَ يَوْمُ التَّرْوِيَةِ فَأَهِلُّوا بِالْحَجِّ، وَاجْعَلُوا الَّتِي قَدِمْتُمْ بِهَا مُتْعَةً ‏”‏‏.‏ فَقَالُوا كَيْفَ نَجْعَلُهَا مُتْعَةً وَقَدْ سَمَّيْنَا الْحَجَّ فَقَالَ ‏”‏ افْعَلُوا مَا أَمَرْتُكُمْ، فَلَوْلاَ أَنِّي سُقْتُ الْهَدْىَ لَفَعَلْتُ مِثْلَ الَّذِي أَمَرْتُكُمْ، وَلَكِنْ لاَ يَحِلُّ مِنِّي حَرَامٌ حَتَّى يَبْلُغَ الْهَدْىُ مَحِلَّهُ ‏”‏‏.‏ فَفَعَلُوا‏.‏

ജാബിര്‍ ബ്നു അബ്‌ദില്ല رضى الله عنه വിൽ നിന്ന് നിവേദനം: ബലി ഒട്ടകങ്ങളെ കൂടെ കൊണ്ടുവന്ന നാളുകളിൽ നബി ﷺ യുടെ കൂടെ അദ്ദേഹം ഹജ്ജ് നിർവ്വഹിച്ചു. സ്വഹാബികൾ ഹജ്ജിന് മാത്രമായി ഇഹ്റാമിൽ പ്രവേശിച്ചവരായിരുന്നു. നബി ﷺ അവരോട് പറഞ്ഞു: കഅ്ബയെ ത്വവാഫ് ചെയ്യലും സഫാ-മർവകൾക്കിടയിൽ നടത്തവും കഴിഞ്ഞാൽ നിങ്ങൾ ഇഹ്റാമിൽ നിന്ന് വിരമിക്കുക. നിങ്ങൾ മുടിവെട്ടുക. ശേഷം ദുൽഹിജ്ജ എട്ട് വരെ ഇഹ്റാമിൽ നിന്ന് മുക്തരായി ജീവിച്ചുകൊള്ളുക. അങ്ങിനെ തർവിയത്ത് ദിനമായാൽ ഹജ്ജിന് ഇഹ്‌റാം കെട്ടുക. നിങ്ങൾ ആദ്യം കെട്ടിയ ഇഹ്‌റാം തമത്തുഅ് ആക്കുക. അപ്പോൾ അവർ ചോദിച്ചു: ഹജ്ജിന് എന്ന പേരിൽ ഞങ്ങൾ ഇഹ്റാം കെട്ടിയിരിക്കെ എങ്ങിനെ ഞങ്ങളതിനെ തമത്തുഅ് ആക്കും. അപ്പോൾ നബി ﷺ പറഞ്ഞു: ഞാൻ നിങ്ങളോട് നിർദ്ദേശിച്ചത് പ്രകാരം നിങ്ങൾ ചെയ്യുവിൻ. ഞാൻ ബലിമൃഗത്തെ കൊണ്ടു വന്നിട്ടില്ലായിരുന്നുവെങ്കിൽ, നിങ്ങളോട് ഞാൻ ഉപദേശിച്ചത് ഞാനും ചെയ്യുമായിരുന്നു. ബലിമൃഗത്തെ അതിന്റെ സ്ഥാനത്ത് എത്തിച്ച് (അറുക്കുന്നതുവരെ) (ഇഹ്റാംമൂലം) നിഷിദ്ധമായ ഒന്നും എനിക്ക് അനുവദനീയമാവുകയില്ല. സ്വഹാബികൾ അത് പ്രകാരം ചെയ്‌തു. (ബുഖാരി:1568)

 

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.