മറ്റൊരാൾക്ക് വേണ്ടി ഹജ്ജ് ചെയ്യൽ

ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ മറ്റൊരാൾക്ക് വേണ്ടി നമുക്ക് ഹജ്ജ് ചെയ്യാവുന്നതാണ്.

عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم سَمِعَ رَجُلاً يَقُولُ لَبَّيْكَ عَنْ شُبْرُمَةَ ‏.‏ قَالَ ‏”‏ مَنْ شُبْرُمَةَ ‏”‏ ‏.‏ قَالَ أَخٌ لِي أَوْ قَرِيبٌ لِي ‏.‏ قَالَ ‏”‏ حَجَجْتَ عَنْ نَفْسِكَ ‏”‏ ‏.‏ قَالَ لاَ ‏.‏ قَالَ ‏”‏ حُجَّ عَنْ نَفْسِكَ ثُمَّ حُجَّ عَنْ شُبْرُمَةَ ‏”‏ ‏.‏

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: “ലബ്ബൈക്ക അൻ ശുബ്റുമ” (ശുബ്റുമക്ക് വേണ്ടി)  ഒരു മനുഷ്യൻ പറയുന്നത് നബിﷺ കേട്ടു: നബിﷺ ചോദിച്ചു: ആരാണ് ശുബ്റുമ? അയാൾ മറുപടി പറഞ്ഞു: എന്റെ ഒരു സഹോദരനാണ് അല്ലെങ്കിൽ ബന്ധുവാണ്. നബിﷺ ചോദിച്ചു: നിങ്ങൾ സ്വന്തത്തിന് വേണ്ടി ഹജ്ജ് ചെയ്തിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: ഇല്ല, നബിﷺ പറഞ്ഞു: നിങ്ങളുടെ സ്വന്തത്തിന് വേണ്ടി ഹജ്ജ് ചെയ്യുക, എന്നിട്ട് ശുബ്റുമയ്ക്ക് വേണ്ടി ഹജ്ജ് ചെയ്യുക. (അബൂദാവൂദ്:1811)

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّ امْرَأَةً، مِنْ جُهَيْنَةَ جَاءَتْ إِلَى النَّبِيِّ صلى الله عليه وسلم فَقَالَتْ إِنَّ أُمِّي نَذَرَتْ أَنْ تَحُجَّ، فَلَمْ تَحُجَّ حَتَّى مَاتَتْ أَفَأَحُجُّ عَنْهَا قَالَ ‏ “‏ نَعَمْ‏.‏ حُجِّي عَنْهَا، أَرَأَيْتِ لَوْ كَانَ عَلَى أُمِّكِ دَيْنٌ أَكُنْتِ قَاضِيَةً اقْضُوا اللَّهَ، فَاللَّهُ أَحَقُّ بِالْوَفَاءِ ‏”‏‏.‏

ഇബ്നു അബ്ബാസ്  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  ജുഹൈന ഗോത്രത്തിലെ ഒരു സ്ത്രീ നബിയോട് ചോദിച്ചു. എന്റെ മാതാവ് ഹജ്ജിന് നേ൪ച്ചയാക്കിയിരുന്നു. അങ്ങനെ അത് നി൪വ്വഹിക്കാന്‍ കഴിയാതെ അവ൪ മരിച്ച് പോയി. അതുകൊണ്ട് അവ൪ക്ക് പകരമായി ഞാന്‍ ഹജ്ജ് ചെയ്യട്ടെയോ? നബിﷺ പറഞ്ഞു: അതെ, അവ൪ക്ക് പകരമായി നീ ഹജ്ജ് ചെയ്യുക. നിന്റെ മാതാവ് കൊടുത്ത് വീട്ടേണ്ട കടമുണ്ടായിരുന്നെങ്കില്‍ നീ അത് വീട്ടുമായിരുന്നില്ലേ? അല്ലാഹുവിന്റെ ബാധ്യത നി൪വ്വഹിക്കൂ. അവന്റെ ബാധ്യതയാണ് നി൪വ്വഹിക്കാന്‍ കൂടുതല്‍ അ൪ഹമായിട്ടുള്ളത്. (ബുഖാരി 1852)

عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ الْفَضْلُ رَدِيفَ رَسُولِ اللَّهِ صلى الله عليه وسلم فَجَاءَتِ امْرَأَةٌ مِنْ خَثْعَمَ، فَجَعَلَ الْفَضْلُ يَنْظُرُ إِلَيْهَا وَتَنْظُرُ إِلَيْهِ، وَجَعَلَ النَّبِيُّ صلى الله عليه وسلم يَصْرِفُ وَجْهَ الْفَضْلِ إِلَى الشِّقِّ الآخَرِ فَقَالَتْ يَا رَسُولَ اللَّهِ إِنَّ فَرِيضَةَ اللَّهِ عَلَى عِبَادِهِ فِي الْحَجِّ أَدْرَكَتْ أَبِي شَيْخًا كَبِيرًا، لاَ يَثْبُتُ عَلَى الرَّاحِلَةِ، أَفَأَحُجُّ عَنْهُ قَالَ ‏ “‏ نَعَمْ ‏”‏‏.‏ وَذَلِكَ فِي حَجَّةِ الْوَدَاعِ‏.‏

അബ്‌ദുല്ലാഹിബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  ഫള്ൽ അല്ലാഹുവിന്റെ റസൂലിൻ്റെ വാഹനത്തിൽ പിറകിലിരിക്കുകയായിരുന്നു. അപ്പോൾ ഖഥ്അം ഗോത്രത്തിലെ ഒരു സ്ത്രീ അവിടെ വന്നു. ഫള്ൽ അവളെ നോക്കാൻ തുടങ്ങി; അവൾ അദ്ദേഹത്തെയും. അപ്പോൾ നബിﷺ ഫദ്‌ലിൻ്റെ മുഖം മറുവശത്തേക്ക് തിരിച്ചുപിടിച്ചു. അപ്പോൾ ആ സ്ത്രീ ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ, അല്ലാഹു അവൻ്റെ അടിമകൾക്ക് നിർബ്ബന്ധമാക്കിയ ഹജ്ജ് കർമ്മബാദ്ധ്യത പടുവൃദ്ധനായ എൻ്റെ പിതാവിന് എത്തിക്കഴിഞ്ഞിരിക്കുന്നു. അദ്ദേഹമാവട്ടെ വാഹനപ്പുറത്ത് ഉറച്ചിരിക്കാൻ കഴിയാത്ത വയോവൃദ്ധനുമായിരിക്കുന്നു. അതിനാൽ അദ്ദേഹത്തിനായി ഞാൻ ഹജ്ജ് ചെയ്യട്ടെയോ? അവിടുന്നു പറഞ്ഞു: ‘അതെ’. ഹജ്ജത്തുൽവദാഇലായിരുന്നു ഈ സംഭവം. (ബുഖാരി:1513)

ഒരാൾക്ക് മറ്റൊരാൾക്ക് വേണ്ടി ഹജ്ജ് ചെയ്യാൻ പറ്റുമോ? പറ്റുമെങ്കിൽ എന്തൊക്കെയാണ് അതിന്റെ നിബന്ധനകൾ?

ശൈഖ് അസീസ് ഫർഹാൻ അൽ അനസി حَفِظَهُ اللَّهُ പറയുന്നു: മറ്റൊരാൾക്ക് വേണ്ടി ഹജ്ജ് ചെയ്യാൻ ഒരാൾക്ക് അനുവാദമുണ്ട്. എന്നാൽ അത് നിരുപാധികമല്ല. മറിച്ച് അതിന് ചില നിബന്ധനകളുണ്ട്. ഒന്നാമത്തെ നിബന്ധന: മറ്റൊരാൾക്ക് വേണ്ടി ഹജ്ജ് ചെയ്യുന്നവൻ, ആദ്യം സ്വന്തത്തിന് വേണ്ടി ഹജ്ജ് ചെയ്തവനായിരിക്കണം. സ്വന്തത്തിന് വേണ്ടി ഹജ്ജ് ചെയ്തതിന് ശേഷമാണ് മറ്റുള്ളവർക്ക് വേണ്ടി ഹജ്ജ് ചെയ്യേണ്ടത്. കാരണം, “ലബ്ബൈക്ക അൻ ശുബ്റുമ” (ശുബ്റുമക്ക് വേണ്ടി) എന്ന് തൽബിയത്ത് ചൊല്ലി കഅ്ബയെ ത്വവാഫ് ചെയ്ത് ഹജ്ജ് ചെയ്യുന്ന വ്യക്തിയോട് നബിﷺ ചോദിച്ചു: “ആരാണ് ശുബ്റുമ?” അദ്ദേഹം പറഞ്ഞു: “എന്റെ ഒരു സഹോദരനാണ്.” അപ്പോൾ, നബിﷺ അദ്ദേഹത്തോട് ചോദിച്ചു: “നിങ്ങൾ നിങ്ങൾക്ക് വേണ്ടി മുമ്പ് ഹജ്ജ് ചെയ്തിട്ടുണ്ടോ?” അദ്ദേഹം പറഞ്ഞു: “ഇല്ല.” ‘ആദ്യം നിങ്ങൾ നിങ്ങൾക്ക് വേണ്ടി സ്വയം ഹജ്ജ് ചെയ്യുക, എന്നിട്ട് ശുബ്റുമക്ക് വേണ്ടി ഹജ്ജ് ചെയ്ത് കൊള്ളുക’ എന്നായിരുന്നു അപ്പോൾ നബിﷺയുടെ മറുപടി. (അബൂദാവൂദ്: 1811)

രണ്ടാമത്തെ നിബന്ധന: ആർക്ക് വേണ്ടിയാണോ ഹജ്ജ് ചെയ്യപ്പെടുന്നത്, അവർ മരിച്ചവരോ അല്ലെങ്കിൽ ശരീരം കൊണ്ട് ഹജ്ജ് ചെയ്യാൻ ആരോഗ്യവും കഴിവും ഇല്ലാത്തവരോ ആയിരിക്കണം. ഒരാൾ ഹജ്ജ് ചെയ്യാതെ മരിച്ചിട്ടുണ്ടെങ്കിൽ, ജീവിച്ചിരിക്കുന്ന ഒരാൾക്ക് അയാൾക്ക് വേണ്ടി ഹജ്ജ് ചെയ്യാവുന്നതാണ്. അതുപോലെത്തന്നെ, ശരീരം കൊണ്ട് ഹജ്ജ് ചെയ്യാനുള്ള ആരോഗ്യം ഇല്ലാത്തവർക്ക് വേണ്ടിയും മറ്റൊരാൾക്ക് ഹജ്ജ് ചെയ്യാം. അഥവാ, വാഹനപ്പുറത്ത് ഇരിക്കാൻ കഴിയാതാവുകയും രോഗം കൊണ്ട് അങ്ങേയറ്റത്തെ ബലഹീനത അനുഭവിക്കുകയും ഒക്കെ ചെയ്യുന്നവർക്ക് വേണ്ടി മറ്റുള്ളവർക്ക് ഹജ്ജ് ചെയ്യാവുന്നതാണ്. (https://youtu.be/wlYrZ7Cp4XQ)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *