ദുൽഹിജ്ജ 8
മക്കയിലെ ഹാജിമാർ ദുൽഹിജ്ജ 8 ന് രാവിലെ എവിടെയാണോ താമസിക്കുന്നത് അവിടെനിന്ന് ‘അല്ലാഹുമ്മ ലബ്ബൈക ഹജ്ജൻ’ എന്നോ ‘ലബ്ബൈകല്ലാഹുമ്മ ഹജ്ജൻ’ എന്നോ പറഞ്ഞ് ഹജ്ജിന് ഇഹ്‌റാം ചെയ്യുക.
പുരുഷന്മാരുടെ ഇഹ്‌റാം വസ്ത്രം, ഉടുക്കാൻ ഒരു തുണിയും പുതക്കാൻ മറ്റൊരു തുണിയുമാണ്. തല മറയ്ക്കാൻ പാടില്ല. എന്നാൽ സ്ത്രീകൾക്ക് അവരുടെ ഏത് വസ്ത്രവും ഇഹ്‌റാമായി ധരിക്കാം. ഇസ്‌ലാമിക വസ്ത്രധാരണമായിരിക്കണം. മുഖവും മുൻകൈയും മറയ്ക്കാൻ പാടില്ല. ഇരുവരും ഇഹ്‌റാമിന്റെ മറ്റു നിഷിദ്ധങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുക.
തൽബിയ്യത്ത്
ഇഹ്‌റാമിനുശേഷം തൽബിയ്യത്ത് ചൊല്ലിക്കൊണ്ട് മിനയിലേക്ക് ഉച്ചയോടുകൂടി പ്രവേശിക്കുക.
തൽബിയ്യത്തിന്റെ രൂപം
لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ، وَالنِّعْمَةَ، لَكَ وَالْمُلْكَ، لاَ شَرِيكَ لَكَ
അല്ലാഹുവേ, നിന്റെ വിളിക്ക് ഉത്തരം നൽകി ഞാൻ ഇതാ വന്നിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരുമില്ല. നിന്റെ വിളിക്ക് ഞാനിതാ ഉത്തരം നൽകി വന്നിരിക്കുന്നു. തീർച്ചയായും സ്തുതിയും അനുഗ്രഹവും രാജാധികാരവും നിനക്കുതന്നെ. നിനക്ക് യാതൊരു പങ്കുകാരുമില്ല.
മിന
മിനയിൽ എത്തിക്കഴിഞ്ഞാൽ ദ്വുഹ്‌റിന്റെ സമയത്ത് രണ്ടു റക്അത്ത് ജമാഅത്തായി നമസ്‌കരിക്കുക. അസ്വ്‌റിന്റെ സമയത്ത് അസ്വ്‌റും രണ്ട് റക്അത്ത് ജമാഅത്തായി നമസ്‌കരിക്കുക.
(മിനയിൽ ഹാജിമാർ നമസ്‌കാരം ഓരോ വക്തിന്റെയും സമയത്ത് ക്വസ്ർ ആക്കി; ജംഅ് ആക്കാതെ നിർവഹിക്കുകയാണ് വേണ്ടത്).
നാലു റക്അത്തുള്ള ദ്വുഹ്ർ, അസ്വ‌്‌ർ, ഇശാഅ് എന്നീ നമസ്‌കാരങ്ങൾ രണ്ടു റക്അത്തായി ചുരുക്കി അതാതിന്റെ സമയത്ത് നിർവഹിക്കുക. മക്കയിൽ സ്ഥിരതാമസക്കാരായ ഹാജിമാരും മിനയിൽ ഇങ്ങനെയാണ് നമസ്‌കരിക്കേണ്ടത്.
(ദുൽഹിജ്ജ 10, 11, 12, 13 ദിവസങ്ങളിലും ഹാജിമാർ മിനയിൽ ഉള്ളപ്പോൾ ഇങ്ങനെയാണ് നമസ്‌കരിക്കേണ്ടത്)
ദുൽഹിജ്ജ 8 ന് ഹാജിമാർ മിനയിൽ രാപാർക്കണം. സമയം പരമാവധി ഉപയോഗപ്പെടുത്തണം. തൽബിയ്യത്ത്, ദിക്ർ, ക്വുർആൻ പാരായണം, പ്രാർഥന തുടങ്ങിയ ആരാധനകളിൽ മുഴുകുക.
ദുൽഹിജ്ജ 8 ന് മിനയിൽ ഒരുപാട് സമയം ഉള്ളതുപോലെ അനുഭവപ്പെടുന്നതുകാരണം നമസ്\കാരം ചുരുക്കാതെ നിർവഹിക്കൽ, അനാവശ്യസംസാരങ്ങളിൽ മുഴുകൽ, ഉറങ്ങി സമയം കളയൽ എന്നിവ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ദുൽഹിജ്ജ 9
ദുൽഹിജ്ജ 9, അറഫ ദിനം
സുബ്ഹി നമസ്‌കാരം ജമാഅത്തായി നിർവഹിച്ച ശേഷം അറഫയിലേക്ക് പുറപ്പെടുക. അത്യാവശ്യ സാധനങ്ങൾ, അല്പം ഭക്ഷണം, കിടക്കാൻ ഒരു വിരിപ്പ്, മരുന്നുകൾ എന്നിവ കൂടെ കരുതുക.
സൗദി ഗവൺമെന്റ് നിശ്ചയിക്കുന്ന ഒരു പണ്ഡിതൻ അറഫയിൽ ദ്വുഹ്‌റിന്റെ സമയത്ത് അറഫ ഖുത്വുബ നടത്തും. ശേഷം ദ്വുഹ്‌റും അസ്വ്‌റും ജംഉം ക്വസ്‌റും ആയി നമസ്‌കരിക്കും. അവരുടെ കൂടെ ജമാഅത്തായി നമുക്കും നമസ്‌കരിക്കാം. അതിനു സാധിച്ചില്ലെങ്കിൽ ദ്വുഹ്‌റും അസ്വ്‌റും ജംഉം ക്വസ്‌റും ആയി നമസ്‌കരിക്കുക. ശേഷം മഗ്‌രിബുവരെ അറഫയിൽ പ്രാർഥനയിൽ മുഴുകുക.
അറഫയിലെ പ്രാർഥന
لا إلَه إلَّا اللهُ وحدَه لا شَريكَ له، له المُلكُ وله الحمدُ وهو على كلِّ شيءٍ قديرٌ
അല്ലാഹുവല്ലാതെ യഥാർഥത്തിൽ ആരാധനക്കർഹനായി ആരുമില്ല. അവൻ ഏകനാണ്. അവന് യാതൊരു പങ്കുകാരനുമില്ല. അവന്നാണ് ആധിപത്യം. അവന്നാണ് സർവസ്തുതിയും. അവൻ എല്ലാറ്റിനും കഴിവുള്ളവനാകുന്നു.
മുസ്ദലിഫ
സൂര്യാസ്തമയത്തിനു ശേഷം അറഫയിൽനിന്ന് മുസ്ദലിഫയിലേക്ക് പുറപ്പെടുക. മുസ്ദലിഫയിൽ എത്തിയാൽ അവിടെവെച്ച് മഗ്‌രിബ് 3 റക്അത്തും ഇശാഅ് 2 റക്അത്തും ജംഉം ക്വസ്‌റുമായി നമസ്‌കരിച്ച് അവിടെ കിടന്നുറങ്ങുക. മുസ്ദലിഫയിൽ കിടന്നുറങ്ങുക എന്നത് ഇബാദത്താണ്.
ദുൽഹിജ്ജ 10
ദുൽഹിജ്ജ പത്തിന് നേരത്തെ എഴുന്നേറ്റ് തഹജ്ജുദും സ്വുബ്ഹിയുടെ സുന്നത്തും ശേഷം സ്വുബ്ഹിയും മുസ്ദലിഫയിൽവെച്ച് നമസ്‌കരിച്ച് അവിടെയുള്ള മശ്ഹറുൽ ഹറാം എന്ന പേരിൽ അറിയപ്പെടുന്ന പള്ളിയെ മുന്നിലാക്കി കഅ്ബയിലേക്കു തിരിഞ്ഞ് സൂര്യോദയംവരെ കൈകളുയർത്തി പ്രാർഥിക്കുക. സൂര്യോദയത്തിനുശേഷം മിനയിലേക്ക് പുറപ്പെടുകയും ടെന്റിൽ എത്തിയാൽ സാധനങ്ങളെല്ലാം അവിടെ വെച്ച് അമീറുമാർ നിർദേശിക്കുന്ന സമയത്ത് മക്കയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ജംറത്തുൽ അക്വബ (ജംറത്തുൽകുബ്‌റാ) എന്ന് അറിയപ്പെടുന്ന ജംറയിൽ കടലമണിയോളം വലിപ്പമുള്ള ഏഴു കല്ലുകൾ ഒന്നിനു പുറകെ ഒന്നായി തക്ബീർ (അല്ലാഹു അക്ബർ) ചൊല്ലിക്കൊണ്ട് എറിയുക.
ഹജ്ജിന്റെ ബലികർമം
ശേഷം ഹജ്ജിന്റെ അറവു നടത്തുക. ഗവണ്മെന്റിന്റെ കീഴിൽ ബലിക്കുള്ള പണം അടച്ച ആളുകൾക്ക് വേണ്ടി അതിനു ചുമതലയുള്ള ഗവണ്മെന്റ് പ്രതിനിധികൾ കൃത്യമായി അത് നിർവഹിക്കും. ബലി സ്വന്തമായി അറുക്കാൻ ആഗ്രഹിക്കുന്നവർക്ക് മിനയിൽ അതിനുള്ള വിശാലമായ സൗകര്യവുമുണ്ട്. തന്റെ ബലിയിൽനിന്ന് അല്പം മാംസം വേവിച്ച് കഴിക്കൽ സുന്നത്തിൽ പെട്ടതാണ്. അത് സാഹചര്യങ്ങളും സൗകര്യങ്ങളുമുള്ള ആളുകൾ ചെയ്താൽ മതി.
മുടി കളയൽ
ബലി നിർവഹിച്ചുകഴിഞ്ഞാൽ പുരുഷന്മാർ മുടി മുഴുവനും കളയുക (വടിക്കുക). സ്ത്രീകൾ അവരുടെ മുടിയെല്ലാം കൂട്ടിപ്പിടിച്ച് ഒരു വിരൽക്കൊടിയോളം നീളത്തിൽ വെട്ടുകയാണ് വേണ്ടത്. മുടി കളയാനുള്ള വിശാലമായ സൗകര്യം മിനയിലും മക്കയിലുമുണ്ട്.
ഈ മൂന്ന് കാര്യങ്ങൾ, അഥവാ ജംറതുൽ അക്വബയിലെ കല്ലേറും ബലിയറുക്കലും മുടി കളയലും ചെയ്തുകഴിഞ്ഞാൽ ഒന്നാമത്തെ തഹല്ലുൽ ആയി. ഭാര്യാഭർതൃബന്ധം ഒഴിച്ച് ഇഹ്റാമിലെ മറ്റു നിഷിദ്ധങ്ങളെല്ലാം അവർക്ക് അനുവദനീയമായി. ഇഹ്‌റാമിന്റെ വസ്ത്രം ഒഴിവാക്കി സാധാരണ വസ്ത്രം ധരിക്കാവുന്നതാണ്. ഇത് മുതൽ തൽബിയ്യത്ത് അവസാനിപ്പിക്കുക. മറ്റു ദിക്‌റുകൾ, പ്രാർഥനകൾ എന്നിവ തുടരുക.
ത്വവാഫുൽ ഇഫാദ
തുടർന്ന് ത്വവാഫുൽ ഇഫാദയും സഅ്‌യും ചെയ്യാനായി മക്കയിലേക്ക് പുറപ്പെടുക. ഉംറയിൽ ത്വവാഫ് ചെയ്തതുപോലെ ഹജ്ജിന്റെ ത്വവാഫ് ചെയ്യുക. ത്വവാഫ് എന്നാൽ വുദൂഅ് ചെയ്ത് കഅ്ബയെ ഏഴുതവണ ചുറ്റലും മക്വാമു ഇബ്‌റാഹീമിന്റെ പിന്നിലുള്ള രണ്ടു റക്അത്ത് നമസ്‌കാരവുമാണ്. എന്നാൽ ഹജ്ജിന്റെ ത്വവാഫിൽ ഇദ്തിബാഉം (വലത് കൈയുടെ ഭാഗം പുറത്ത് കാണിക്കൽ), റംലും (വേഗത്തിലുള്ള നടത്തം) സുന്നത്തില്ല എന്ന് നാം പ്രത്യേകം മനസ്സിലാക്കണം. ശേഷം വയറുനിറയെ സംസം വെള്ളം കുടിക്കുക. അത് പ്രത്യേകം സുന്നത്താണ്.
സഅ്‌യ്
തുടർന്ന് സഫാമർവക്കിടയിൽ സഅ്‌യ് നടത്തുക. ഉംറയുടെ സഅ്‌യ് ചെയ്തതുപോലെയാണ് ചെയ്യേണ്ടത്. ശേഷം മിനയിലേക്ക് മടങ്ങി അവിടെ രാപാർക്കണം. (നിർബന്ധമായും മിനയിലേക്ക് എത്തണം).
ദുൽഹിജ്ജ പത്തിലെ നാലു കർമങ്ങൾ ഒറ്റനോട്ടത്തിൽ
1) ജംറതുൽ അക്വബയിലെ കല്ലേറ്.
2) ബലിയറുക്കൽ.
3) മുടികളയൽ.
4) ത്വവാഫുൽ ഇഫാദയും സഅ്‌യും.
ഇവ മുന്തിപ്പിച്ചും പിന്തിപ്പിച്ചും ഹാജിമാരുടെ സൗകര്യത്തിനനുസരിച്ച് ചെയ്യാവുന്നതാണ്. ത്വവാഫിനും സഅ്‌യിനും ശക്തമായ തിക്കും തിരക്കുമാണെങ്കിൽ അവ ദുൽഹിജ്ജ 13 വരെ പിന്തിപ്പിക്കാവുന്നതാണ്. സൗകര്യപ്പെട്ടില്ലെങ്കിൽ അതിനുശേഷവും ചെയ്യാവുന്നതാണ്.
ദുൽഹിജ്ജ 11, 12, 13
അയ്യാമുത്തശ്‌രീക്വ് എന്ന പേരിൽ അറിയപ്പെടുന്ന ദുൽഹിജ്ജ 11, 12, 13 എന്നീ ദിവസങ്ങളിൽ ഉച്ച തിരിഞ്ഞതിനുശേഷം അമീർ നിർദേശിക്കുന്ന സമയത്ത് മൂന്ന് ജംറകളിലും പോയി കല്ലെറിയുക. (ഓരോ ദിവസവും 21 കല്ലുകൾ കയ്യിൽ കരുതുതുക).
ജംറതുസ്സ്വുഗ്‌റ
മിനയോട് അടുത്തുനിൽക്കുന്ന ജംറതുസ്സ്വുഗ്‌റയിൽ പോയി ജംറയെയും കഅ്ബയെയും മുന്നിലാക്കി അല്ലാഹു അക്ബർ എന്നു ചൊല്ലിക്കൊണ്ട് 7 കല്ലുകൾ ഒന്നിനുപുറകെ ഒന്നായി എറിയുക. ശേഷം ജംറയുടെ വലതുവശത്ത് അല്പം മുന്നോട്ടു മാറിനിന്ന് കൈകൾ ഉയർത്തി പ്രാർഥിക്കുക.
ജംറതുൽ വുസ്ത്വ
ജംറതുൽ വുസ്ത്വയിൽ അല്ലാഹു അക്ബർ എന്നു ചൊല്ലിക്കൊണ്ട് 7 കല്ലുകൾ ഒന്നിനുപുറകെ ഒന്നായി എറിയുക. കല്ലെറിഞ്ഞു കഴിഞ്ഞാൽ ജംറയുടെ ഇടത്തോട്ട് അല്പം മുന്നോട്ടു മാറിനിന്ന് കൈകളുയർത്തി പ്രാർഥിക്കുക.
ജംറതുൽ അക്വബ
പിന്നീട് ജംറതുൽ അക്വബയിൽ (മക്കയോട് അടുത്ത് നിൽക്കുന്ന ജംറ) മക്കയെ ഇടതുവശത്തും മിനയെ വലതുവശത്തും ആക്കി 7 കല്ലുകൾ എറിയുക. ഇതിനുശേഷം പ്രാർഥനയില്ല. കല്ലെറിഞ്ഞു കഴിഞ്ഞാൽ മിനയിലേക്ക് (ടെന്റിലേക്ക്) മടങ്ങുക. ഈ 3 ദിവസങ്ങളിലും (ദുൽഹിജ്ജ 11, 12, 13) ജംറയിൽ, മുകളിൽ പറഞ്ഞ രൂപത്തിൽ കല്ലെറിയുകയും മിനയിൽ രാപാർക്കുകയും ചെയ്യുക. ദുൽഹിജ്ജ 10ലെ ഏതെങ്കിലും കർമം ചെയ്യാൻ ബാക്കിയുണ്ടെങ്കിൽ ഈ ദിവസങ്ങളിൽ അവ ചെയ്യാവുന്നതാണ്.
തിരക്കുള്ളവർക്കും നാട്ടിലേക്ക് പെട്ടെന്ന് മടങ്ങേണ്ടവർക്കും ദുൽഹിജ്ജ 12ന് മിനയിൽനിന്ന് ഏറു കഴിഞ്ഞ് മഗ്‌രിബിനു മുമ്പ് പുറത്തുകടന്ന് മക്കയിൽ പോയി ത്വവാഫുൽ വിദാഉം (വിടവാങ്ങൽ ത്വവാഫ്) കഴിഞ്ഞ് യാത്രതിരിക്കാവുന്നതാണ്. അവർ ദുൽഹിജ്ജ 13ലെ ഏറ് നിർവഹിക്കേണ്ടതില്ല. തിരക്കില്ലാത്ത ആളുകൾ 13 ലെ ഏറു കഴിഞ്ഞ് മക്കയിലെ റൂമുകളിലേക്ക് മടങ്ങുക.
ത്വവാഫുൽ വിദാഅ
നാട്ടിലേക്ക് എന്നാണോ മടങ്ങുന്നത് അന്ന് ത്വവാഫുൽ വിദാഉം (വിടവാങ്ങൽ ത്വവാഫ്) കഴിഞ്ഞ് യാത്ര തിരിക്കാവുന്നതാണ്.
ഹജ്ജിന്റെ സമയത്തുള്ള ആർത്തവവും നിഫാസും
ആർത്തവമോ നിഫാസോ ഉള്ള സ്ത്രീകൾക്ക് ഹജ്ജിലെ ത്വവാഫും നമസ്‌കാരവും ഒഴിച്ച് മറ്റു കർമങ്ങളെല്ലാം ഹാജിമാരുടെ കൂടെ ചെയ്യാവുന്നതാണ്. എന്നാണോ കുളിച്ചു ശുദ്ധിയാകുന്നത് അന്ന് ത്വവാഫ് ചെയ്യുക.
അത്യാവശ്യഘട്ടങ്ങളിൽ ത്വവാഫുൽ ഇഫാദയും ത്വവാഫുൽ വിദാഅയും ഒന്നിച്ച് ചെയ്യാവുന്നതാണ്. ഇതോടുകൂടി ഹജ്ജിന്റെ രൂപം പൂർണമായി.
ഇഹ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌ക്കത്ത്
kanzululoom.com