1. ഹദീഥുകള്‍ വഹ്‌യ് (ദിവ്യബാധനം) തന്നെ
നബി ﷺ പറഞ്ഞ ഹദീഥുകള്‍ വ്യക്തമായ വഹ്‌യ് (ദിവ്യബാധനം) തന്നെയാണ്. അല്ലാഹു പറയുന്നു:
وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ﴿٣﴾ إِنْ هُوَ إِلَّا وَحْىٌ يُوحَىٰ ﴿٤﴾
അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് വഹ്‌യായി (ദിവ്യസന്ദേശമായി) നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. (ഖു൪ആന്‍:53/3-4)
{ وما ينطق عن الهوى} أي ما يقول قولاً عن هوى وغرض { إن هو إلا وحي يوحى} أي إنما يقول ما أمر به، يبلغه إلى الناس كاملاً موفوراً،
ഇബ്‌നു കഥീര്‍ رحمه الله പറഞ്ഞു: അതായത് അദ്ദേഹം തന്നിഷ്ടപ്രകാരമോ, തോന്നിയതു പോലെയോ പറയുന്നില്ല. നിശ്ചയം അദ്ദേഹത്തോട് കല്‍പിക്കപ്പെട്ടത് ഒന്നും കൂട്ടി ചേര്‍ക്കാതെ, കുറച്ചു കളയാതെ പരിപൂര്‍ണമായിത്തന്നെ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു. (ഇബ്‌നു കഥീര്‍ 4/1787).
قال السعدي: {وَمَا يَنْطِقُ عَنِ الْهَوَى} أي: ليس نطقه صادراً عن هوى نفسه، {إِنْ هُوَ إِلا وَحْيٌ يُوحَى} أي: لا يتبع إلا ما أوحى الله إليه من الهدى والتقوى، في نفسه وفي غيره
അബ്ദുറഹ്മാനുബ്‌നു നാസിറുസ്സഅദി رحمه الله പറഞ്ഞു:അതായത് അദ്ദേഹം തന്നിഷ്ട പ്രകാരം സംസാരിച്ചതല്ല. അല്ലാഹു വഹ്‌യിലൂടെ നല്‍കിയതായ സൂക്ഷ്മതയും സന്‍മാര്‍ഗവുമല്ലാതെ അദ്ദേഹം പിന്‍പറ്റിയിരുന്നില്ല. അവിടുത്തെ വാക്ക് തന്നിഷ്ടപ്രകാരമല്ല മറിച്ച്, വഹ്‌യായി നല്‍കിയതില്‍ നിന്നാണ്. (തഫ്‌സീറുസ്സഅ്ദി: 2/874,875)
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ كُنْتُ أَكْتُبُ كُلَّ شَىْءٍ أَسْمَعُهُ مِنْ رَسُولِ اللَّهِ صلى الله عليه وسلم أُرِيدُ حِفْظَهُ فَنَهَتْنِي قُرَيْشٌ وَقَالُوا أَتَكْتُبُ كُلَّ شَىْءٍ تَسْمَعُهُ وَرَسُولُ اللَّهِ صلى الله عليه وسلم بَشَرٌ يَتَكَلَّمُ فِي الْغَضَبِ وَالرِّضَا فَأَمْسَكْتُ عَنِ الْكِتَابِ فَذَكَرْتُ ذَلِكَ لِرَسُولِ اللَّهِ صلى الله عليه وسلم فَأَوْمَأَ بِأُصْبُعِهِ إِلَى فِيهِ فَقَالَ “ اكْتُبْ فَوَالَّذِي نَفْسِي بِيَدِهِ مَا يَخْرُجُ مِنْهُ إِلاَّ حَقٌّ ” .
അബ്ദുല്ലാഹ് ഇബ്നു അംറ് رضي الله عنه പറയുന്നു: ‘ഞാന്‍ നബി ﷺ യില്‍ നിന്ന് കേള്‍ക്കുന്നതെല്ലാം മനഃപാഠമാക്കണമെന്ന ഉദ്ദേശ്യത്തോടെ എഴുതി വെക്കാറുണ്ടായിരുന്നു. ചില ആളുകള്‍ എന്നെ വിരോധിച്ചു. അവര്‍ പറഞ്ഞു: ‘താന്‍ നബി ﷺ യില്‍ നിന്നു കേള്‍ക്കുന്നതെല്ലാം എഴുതുന്നു. റസൂലാകട്ടെ, ഒരു മനുഷ്യനാണ്, ദ്വേഷ്യമുള്ള അവസരത്തിലും സംസാരിക്കുമല്ലോ? (അതുകൊണ്ട് ചിലപ്പോള്‍ സംസാരത്തില്‍ വല്ല നീക്കുപോക്കും ഉണ്ടായേക്കാമല്ലോ.) അങ്ങനെ ഞാന്‍ അതു നിറുത്തിവെച്ചു. ഞാനിതു നബി ﷺ യോട് പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: എഴുതിക്കൊള്ളുക. എന്റെ ദേഹം യതൊരുവന്റെ കയ് വശമാണോ അവന്‍ തന്നെ സത്യം! എന്നില്‍ നിന്നു യഥാര്‍ത്ഥമല്ലാതെ പുറത്തു വരികയില്ല. (അബൂദാവൂദ്:3646)
وَأَنزَلَ ٱللَّهُ عَلَيْكَ ٱلْكِتَٰبَ وَٱلْحِكْمَةَ
അല്ലാഹു നിനക്ക് വേദഗ്രന്ഥവും ഹിക്മത്തും (വിജ്ഞാനവും) ഇറക്കിത്തന്നിരിക്കുന്നു. (ഖുർആൻ:4/113)
സത്യവിശ്വാസികളോടായി യോടായി അല്ലാഹു പറയുന്നു:
وَٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ وَمَآ أَنزَلَ عَلَيْكُم مِّنَ ٱلْكِتَٰبِ وَٱلْحِكْمَةِ يَعِظُكُم بِهِۦ
അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുക. നിങ്ങള്‍ക്ക് സാരോപദേശം നല്‍കിക്കൊണ്ട് അവനവതരിപ്പിച്ച വേദവും വിജ്ഞാനവും ഓര്‍മിക്കുക. (ഖുർആൻ:2/231)
عَنِ الْمِقْدَامِ بْنِ مَعْدِيكَرِبَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ : أَلاَ إِنِّي أُوتِيتُ الْكِتَابَ وَمِثْلَهُ مَعَهُ
മിഖ്ദാമി ബ്നു മഅ്ദീകരിബ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അറിയുക; നിശ്ചയം, എനിക്ക് കിതാബും (ഖുര്‍ആന്‍) അതിന്റെ കൂടെ അത് പോലുള്ളതും നല്‍കപ്പെട്ടിരിക്കുന്നു (അബൂദാവൂദ് : 4604 – സ്വഹീഹ് അല്‍ബാനി)
മുഹമ്മദ് അമാനി മൗലവി رحمه الله എഴുതുന്നു: എന്നാല്‍ ഖുര്‍ആന്‍ മാത്രമാണ് -അല്ലെങ്കില്‍ വേദഗ്രന്ഥങ്ങള്‍ മാത്രമാണ്- ജിബ്‌രീല്‍ (അ) മുഖാന്തരം അവതരിച്ചിട്ടുള്ളതെന്നും, വേദഗ്രന്ഥത്തിനു പുറമെയുള്ള വിജ്ഞാനങ്ങളൊന്നും മലക്കു മുഖാന്തരം ലഭിച്ച വഹ്‌യുകളല്ലെന്നും മറ്റും ചില വക്രതാല്‍പര്യക്കാര്‍ ജല്‍പിക്കാറുണ്ട്. ഇതു വാസ്തവ വിരുദ്ധവും, താല്‍പര്യപൂര്‍വ്വം കെട്ടിച്ചമയ്ക്കപ്പെട്ട കള്ളവാദവുമാകുന്നു. വേദഗ്രന്ഥം എത്തിച്ചുകൊടുക്കുകയെന്ന ആവശ്യാര്‍ത്ഥമല്ലാതെ തന്നെ നബിമാരുടെ അടുക്കല്‍ മലക്ക് വരാറുണ്ടെന്ന് ഖുര്‍ആനില്‍ നിന്നും ഹദീഥില്‍ നിന്നും ശരിക്കും ഗ്രാഹ്യമാണ്. സ്വകാര്യമായി വിവരമറിയിക്കുക എന്നാണ് ഭാഷയില്‍ ‘വഹ്‌യി ‘ന്‍റെ അര്‍ത്ഥം. അല്ലാഹുവില്‍നിന്ന് നബിമാര്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ക്കാണ് സാധാരണ ‘വഹ്‌യ്’ എന്നു പറയുന്നത്. വഹ്‌യിന്‍റെ ഇനങ്ങള്‍ പലതുണ്ട്. (അമാനി തഫ്സീ൪ – ആമുഖത്തിൽ നിന്നും)
2. നബി ﷺ തന്റെ സമുദായത്തെ ഹദീഥുകള്‍ പഠിപ്പിച്ചിരിക്കുന്നു.
നബി ﷺ യുടെ ദൗത്യോദ്ദേശ്യം വിവരിക്കുന്ന മദ്ധ്യേ അല്ലാഹു പറയുന്നു”
هُوَ ٱلَّذِى بَعَثَ فِى ٱلْأُمِّيِّـۧنَ رَسُولًا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَٰبَ وَٱلْحِكْمَةَ
അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് കിതാബും (വേദഗ്രന്ഥവും) ഹിക്മതും (ജ്ഞാനവും) പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. (ഖുർആൻ:62/2)
لَقَدْ مَنَّ ٱللَّهُ عَلَى ٱلْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ يَتْلُوا۟ عَلَيْهِمْ ءَايَٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَٰلٍ مُّبِينٍ
തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്കു കിതാബും (വേദഗ്രന്ഥവും) ഹിക്മതും (ജ്ഞാനവും) പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു. (ഖു൪ആന്‍:3/164)
( ويعلمهم الكتاب والحكمة ) يعني : القرآن والسنة
ഇബ്‌നു കഥീര്‍ رحمه الله പറഞ്ഞു: ഇവിടെ കിതാബ്, ഹിക്മത്ത് എന്നത് ഖുര്‍ആനും, സുന്നത്തുമാണ്. (ഇബ്‌നു കഥീര്‍ : 1/384).
{ يعلمهم الكتاب } إما جنس الكتاب الذي هو القرآن { والحكمة } هي: السنة، التي هي شقيقة القرآن،
അബ്ദുര്‍റഹ്മാനുബ്‌നു നാസിറുസ്സഅദി رحمه الله പറഞ്ഞു: ‘കിതാബ്’ എന്നാല്‍ ഖുര്‍ആനും ‘ഹിക്മത്’ എന്നാല്‍ ഖുര്‍ആനിന്റെ കൂടപ്പിറപ്പായ സുന്നത്തുമാണ്. (തഫ്‌സീറുസ്സഅദി 1/359)
2. നബി ﷺ യുടെ ഹദീഥ് സ്വീകരിക്കാന്‍ വിശുദ്ധ ഖുര്‍ആനില്‍ കല്‍പനയുണ്ട്.
وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ
…. നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക …… (ഖു൪ആന്‍:59/7)
ഈ വചനത്തില്‍ പറഞ്ഞ, ‘റസൂല്‍ ﷺ. ക്ക് നല്‍കപ്പെട്ട കാര്യം ഖുര്‍ആന്‍ മാത്രമല്ല; അതോടൊപ്പം അതിന്റെ വിശദീകരണമായ ഹദീഥുകളും ഉള്‍പ്പെടും.
{وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا} وَهَذَا شَامِلٌ لِأُصُولِ الدِّينِ وَفُرُوعِهِ، ظَاهِرِهِ وَبَاطِنِهِ، وَأَنَّ مَا جَاءَ بِهِ الرَّسُولُ يَتَعَيَّنُ عَلَى الْعِبَادِ الْأَخْذُ بِهِ وَاتِّبَاعُهُ، وَلَا تَحِلُّ مُخَالَفَتُهُ، وَأَنَّ نَصَّ الرَّسُولِ عَلَى حُكْمِ الشَّيْءِ كَنَصِّ اللَّهِ تَعَالَى، لَا رُخْصَةَ لِأَحَدٍ وَلَا عُذْرَ لَهُ فِي تَرْكِهِ، وَلَا يَجُوزُ تَقْدِيمُ قَوْلِ أَحَدٍ عَلَى قَوْلِهِ،
{നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുക}തത്തിന്റെ അടിസ്ഥാന നിയമങ്ങളും ശാഖകളും പ്രത്യക്ഷമായതും പരോക്ഷമായതുമെല്ലാം ഈ വചനം ഉള്‍ക്കൊള്ളുന്നുണ്ട്. റസൂല്‍ കൊണ്ടുവന്നത് സ്വീകരിക്കിലും പിന്‍പറ്റലും ദാസന്മാരുടെമേല്‍ നിശ്ചയിക്കപ്പെട്ടതാണ്. അതിന് എതിരു പ്രവര്‍ത്തിക്കല്‍ പാടില്ലാത്തതാണ്. ഒരു കാര്യത്തില്‍ റസൂലിന്റെ വിധി അല്ലാഹുവിന്റെ വിധിപോലെ തന്നെയാണ്. അത് ഉപേക്ഷിക്കാന്‍ ഒരാള്‍ക്കും ഒരു ന്യായമോ ഇളവോ ഇല്ല. റസൂലിന്റെ വാക്കിനെക്കാള്‍ ഒരാളുടെ വാക്കിനും മുന്‍ഗണന നല്‍കാവതല്ല. (തഫ്സീറുസ്സഅ്ദി)
അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ച് ഉണര്‍ത്തുന്നുണ്ട്. ചില വചനങ്ങൾ കാണുക:
قُلْ أَطِيعُوا۟ ٱللَّهَ وَٱلرَّسُولَ ۖ فَإِن تَوَلَّوْا۟ فَإِنَّ ٱللَّهَ لَا يُحِبُّ ٱلْكَٰفِرِينَ
പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുന്നതല്ല; തീര്‍ച്ച. (ഖു൪ആന്‍:3/32)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَرَسُولَهُۥ وَلَا تَوَلَّوْا۟ عَنْهُ وَأَنتُمْ تَسْمَعُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്‍റെ റസൂലിനെയും അനുസരിക്കുക. (സത്യസന്ദേശം) കേട്ടുകൊണ്ടിരിക്കെ നിങ്ങള്‍ അദ്ദേഹത്തെ വിട്ട് തിരിഞ്ഞുകളയരുത്. (ഖു൪ആന്‍:8/20)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَلَا تُبْطِلُوٓا۟ أَعْمَٰلَكُمْ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങളുടെ കര്‍മ്മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കിക്കളയാതിരിക്കുകയും ചെയ്യുക. (ഖു൪ആന്‍:47/33)
مَّن يُطِعِ ٱلرَّسُولَ فَقَدْ أَطَاعَ ٱللَّهَ ۖ
(അല്ലാഹുവിന്റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവിനെ അനുസരിച്ചു.(ഖു൪ആന്‍: 4/80)
وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ ٱللَّهِ ۚا
അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. (ഖു൪ആന്‍: 4/64)
4. അല്ലാഹുവിനെയും റസൂൽ ﷺ യേയും അനുസരിക്കുക എന്നാല്‍ ഖുര്‍ആനും സുന്നത്തും അനുസരിക്കുക എന്നാണ്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْ ۖ فَإِن تَنَٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. (ഖു൪ആന്‍:4/59)
( أطيعوا الله ) أي : اتبعوا كتابه ( وأطيعوا الرسول ) أي : خذوا بسنته ( وأولي الأمر منكم ) أي : فيما أمروكم به من طاعة الله لا في معصية الله ، فإنه لا طاعة لمخلوق في معصية الله ، كما تقدم في الحديث الصحيح : ” إنما الطاعة في المعروف “
ഇബ്‌നു കഥീര്‍ رحمه الله പറഞ്ഞു: ”അല്ലാഹുവിനെ അനുസരിക്കണം” അഥവാ അവന്റെ കിതാബിനെ പിന്‍പറ്റണം. ”റസൂലിനെ അനുസരിക്കണം” അഥവാ അവിടുത്തെ സുന്നത്തിനെ അനുധാവനം ചെയ്യണം. ”കൈകാര്യകര്‍ത്താക്കളെയും..” അതായത് അല്ലാഹുവിന്റെ കല്‍പനകളെ ധിക്കരിച്ച് കൊണ്ടല്ലാതെ അനുസരിച്ച് കൊണ്ടാണ് നിങ്ങളോട് വല്ലതും കല്‍പിക്കുന്നതെങ്കില്‍ അതും നിങ്ങള്‍ അനുസരിക്കണം. അല്ലാഹുവിനെ ധിക്കരിച്ച് കൊണ്ട് ആരെയും അനുസരിക്കാന്‍ പാടില്ല. ഒരു ഹദീഥില്‍ വന്ന പ്രകാരം-നന്മയില്‍ മാത്രമാണ് അനുസരണമുള്ളത് (അഹ്മദ്). (ഇബ്‌നു കഥീര്‍)
لأن كتاب الله وسنة رسوله عليهما بناء الدين، ولا يستقيم الإيمان إلا بهما. فالرد إليهما شرط في الإيمان فدل ذلك على أن من لم يرد إليهما مسائل النزاع فليس بمؤمن حقيقة، بل مؤمن بالطاغوت
അബ്ദുര്‍റഹ്മാനുബ്‌നു നാസിറുസ്സഅദി رحمه الله പറഞ്ഞു: നിശ്ചയം മതം നിലനില്‍ക്കുന്നത് അല്ലാഹുവിന്റെ കിതാബിന്‍മേലും, റസൂലിന്റെ സുന്നത്തിന്‍മേലുമാണ്. ഇത് രണ്ടമില്ലാതെ വിശ്വാസം ശരിയാവുകയില്ല. ഇവ രണ്ടിലേക്കുമുള്ള മടക്കം വിശ്വാസത്തിന്റെ ഭാഗമാണ്. മതകാര്യങ്ങളിലെ പ്രശ്‌നങ്ങള്‍ ഇവ രണ്ടിലേക്കും മടക്കാത്തവന്‍ യഥാര്‍ഥ വിശ്വാസമുള്‍ക്കൊണ്ടവനല്ല. മറിച്ച് ദുര്‍മൂര്‍ത്തികളില്‍ വിശ്വസിക്കുന്നവനാണ്. (തഫ്‌സീറുസ്സസഅ്ദി 1/431).
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ، إِلاَّ مَنْ أَبَى ”. قَالُوا يَا رَسُولَ اللَّهِ وَمَنْ يَأْبَى قَالَ ” مَنْ أَطَاعَنِي دَخَلَ الْجَنَّةَ، وَمَنْ عَصَانِي فَقَدْ أَبَى ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിലെ എല്ലാവരും സ്വര്‍ഗത്തില്‍ പ്രവേശിക്കും. വിസമ്മതം കാണിച്ചവര്‍ ഒഴികെ. അപ്പോള്‍ അവര്‍ (സ്വഹാബികള്‍) ചോദിച്ചു: ആരാണ് വിസമ്മതം കാണിച്ചവര്‍? നബി ﷺ പറഞ്ഞു: ആര് എന്നെ അനുസരിച്ചുവോ (എന്റെ കല്‍പ്പനകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയോ) അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ആര് എന്നോട് അനുസരണക്കേട് കാണിച്ചുവോ അവര്‍ എന്നെ വിസമ്മതിച്ചു. (ബുഖാരി: 7820)
5. നബി ﷺ യുടെ ഹദീഥുകള്‍ പരിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണമാണ്.
വിശുദ്ധ ഖുര്‍ആന്‍ വിവരണം നബി ﷺ യുടെ പ്രധാനപ്പെട്ട ഒരു ദൗത്യമത്രെ. അല്ലാഹു പറയുന്നു:
بِٱلْبَيِّنَٰتِ وَٱلزُّبُرِ ۗ وَأَنزَلْنَآ إِلَيْكَ ٱلذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ
വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു). നിനക്ക് നാം ഉദ്‌ബോധനം അവതരിപ്പിച്ചു തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും. (ഖു൪ആന്‍:16/44)
وَمَآ أَنزَلْنَا عَلَيْكَ ٱلْكِتَٰبَ إِلَّا لِتُبَيِّنَ لَهُمُ ٱلَّذِى ٱخْتَلَفُوا۟ فِيهِ ۙ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ
അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ച് പോയിരിക്കുന്നുവാ, അതവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുവാന്‍ വേണ്ടിയും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നത്. (ഖു൪ആന്‍:16/644)
മേൽ സൂക്തങ്ങളില്‍ പറഞ്ഞ ‘ബയാന്‍’ (വിവരണം) നബി ﷺ യുടെ വിശദീകരണമായ ഹദീഥാണ്.
നമസ്‌കാരം, നോമ്പ്, ഹജ്ജ്, സകാത്ത് തുടങ്ങി വിവിധ ആരാധനകള്‍ നിര്‍വഹിക്കാനുള്ള നിര്‍ദേശങ്ങള്‍ മാത്രമാണ് ക്വുര്‍ആന്‍ നല്‍കുന്നത്. എന്നാല്‍, അതിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ഹദീഥുകളിലാണ്. ”നിങ്ങള്‍ റുകൂഅ് ചെയ്യുക” എന്നു മാത്രമാണ് ക്വുര്‍ആന്‍ കല്‍പിക്കുന്നത്. ‘റകഅ’ എന്ന വാക്കിന് വളഞ്ഞുനില്‍ക്കുക എന്നാണ് ഭാഷാപരമായ അര്‍ഥം. എന്നാല്‍, കൈകള്‍ രണ്ടും മുട്ടിലൂന്നി, തലയും പിരടിയും ക്രമീകരിച്ചുകൊണ്ടുള്ള റുകൂഇന്റെ രൂപം, അത് ക്വുര്‍ആന്‍ അല്ലാത്ത മറ്റു വഹ്‌യുകള്‍ മുഖേനയാണ് വിശദീകരിക്കപ്പെട്ടത്. ഇതുപോലെ ഓരോ ആരാധനയുടെയും രൂപം, രീതി, പ്രാര്‍ഥനകള്‍ തുടങ്ങിയവ ഹദീഥുകളിലൂടെയാണ് പഠിപ്പിക്കപ്പെടുന്നത്. അപ്പോള്‍, ക്വുര്‍ആന്‍ ചുരുക്കി മാത്രം വിവരിച്ച കാര്യങ്ങള്‍ വിശദമാക്കാന്‍ ഹദീഥുകള്‍ അനിവാര്യമാണ് എന്നു വ്യക്തം.
അതേപോലെ മോഷണം നടത്തിവരുടെ കൈ മുറിക്കണം എന്നാണ് ക്വുര്‍ആന്‍ നിര്‍ദേശിക്കുന്നത്. ഏതു കൈ മുറിക്കണം? എങ്ങനെ മുറിക്കണം? ഇതെല്ലാം വിവരിക്കുന്നത് നബി ﷺ യുടെ ഹദീഥുകളിലാണ്.
നബി ﷺ വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചതിന് ചില ഉദാഹരണങ്ങൾ കാണുക:
ٱلَّذِينَ ءَامَنُوا۟ وَلَمْ يَلْبِسُوٓا۟ إِيمَٰنَهُم بِظُلْمٍ أُو۟لَٰٓئِكَ لَهُمُ ٱلْأَمْنُ وَهُم مُّهْتَدُونَ
വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അക്രമം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖു൪ആന്‍:6/82)
ഈ ആയത്തില്‍ പറഞ്ഞ ‘ദ്വുല്‍മി’ന് ‘അന്യായം’ അല്ലെങ്കില്‍ ‘അക്രമം’ എന്നാണര്‍ഥം. എന്നാല്‍ ഇതുകൊണ്ടുദ്ദേശിക്കുന്നത് ശിര്‍ക്കാണ് എന്ന് നബി ﷺ വിശദീകരിക്കുന്നത് കാണുക:
عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ لَمَّا نَزَلَتِ {الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ} شَقَّ ذَلِكَ عَلَى الْمُسْلِمِينَ، فَقَالُوا يَا رَسُولَ اللَّهِ، أَيُّنَا لاَ يَظْلِمُ نَفْسَهُ قَالَ ” لَيْسَ ذَلِكَ، إِنَّمَا هُوَ الشِّرْكُ، أَلَمْ تَسْمَعُوا مَا قَالَ لُقْمَانُ لاِبْنِهِ وَهْوَ يَعِظُهُ {يَا بُنَىَّ لاَ تُشْرِكْ بِاللَّهِ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ }”.
അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അക്രമം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ …… എന്ന ആയത്ത് അവതരിച്ചപ്പോള്‍ മുസ്ലിംകള്‍ അതില്‍ സംശയത്തിലായി. സ്വഹാബികള്‍ നബി ﷺ യോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളുടെ കൂട്ടത്തില്‍ അക്രമം ചെയ്യാത്തവരായി ആരാണുള്ളത്?’ അപ്പോള്‍ നബി ﷺ മറുപടി കൊടുത്തു: ‘നിങ്ങള്‍ വിചാരിക്കുന്ന അക്രമമല്ല അത്. അത് ശി൪ക്കിനെ ഉദ്ദേശിച്ചാകുന്നു. ലുക്വ്മാന്റെ(അ) വാക്ക് നിങ്ങള്‍ കേട്ടിട്ടില്ലേ? ‘എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കരുത്. തീര്‍ച്ചയായും ശിര്‍ക്ക് വമ്പിച്ച അക്രമമാകുന്നു.” (ബുഖാരി:3429)
وَإِذْ قُلْنَا ٱدْخُلُوا۟ هَٰذِهِ ٱلْقَرْيَةَ فَكُلُوا۟ مِنْهَا حَيْثُ شِئْتُمْ رَغَدًا وَٱدْخُلُوا۟ ٱلْبَابَ سُجَّدًا وَقُولُوا۟ حِطَّةٌ نَّغْفِرْ لَكُمْ خَطَٰيَٰكُمْ ۚ وَسَنَزِيدُ ٱلْمُحْسِنِينَ
നിങ്ങള്‍ ഈ പട്ടണത്തില്‍ പ്രവേശിക്കുവിന്‍. അവിടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്തുനിന്ന് യഥേഷ്ടം ഭക്ഷിച്ചുകൊള്ളുവിന്‍. തലകുനിച്ചുകൊണ്ട് വാതില്‍ കടക്കുകയും പശ്ചാത്താപ വചനം പറയുകയും ചെയ്യുവിന്‍. നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്തുതരികയും, സല്‍പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് എന്ന് നാം പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക). (ഖുർആൻ:2/58)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : قِيلَ لِبَنِي إِسْرَائِيلَ {ادْخُلُوا الْبَابَ سُجَّدًا وَقُولُوا حِطَّةٌ} فَدَخَلُوا يَزْحَفُونَ عَلَى أَسْتَاهِهِمْ، فَبَدَّلُوا وَقَالُوا حِطَّةٌ، حَبَّةٌ فِي شَعَرَةٍ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇസ്രാഈല്യരോട് ‘നിങ്ങള്‍ കവാടത്തിലൂടെ സുജൂദ് ചെയ്തുകൊണ്ട് പ്രവേശിക്കുക. നിങ്ങള്‍ ‘ഹിത്ത്വതുന്‍’ (പശ്ചാതാപ വചനം) എന്ന് പറയുക. നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്തു തരും’ (അല്‍ബക്വറ:58) എന്ന് പറയപ്പെട്ടപ്പോള്‍ അവര്‍ ചന്തിയില്‍ ഇഴഞ്ഞു പ്രവേശിക്കുകയും ‘ഹിത്ത്വതുന്‍’ എന്നതിന് പകരം ‘ഹബ്ബതുന്‍ ഫീ ശഅ്‌റ’ (ഗോതമ്പുമണി) എന്ന് പറയുകയും ചെയ്തു. (ബുഖാരി:65/4479)
أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٦٢﴾ ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ ﴿٦٣﴾ لَهُمُ ٱلْبُشْرَىٰ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۚ لَا تَبْدِيلَ لِكَلِمَٰتِ ٱللَّهِ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ ﴿٦٤﴾
അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. അവര്‍ക്കാണ് ഐഹികജീവിതത്തില്‍ സന്തോഷവാര്‍ത്തയുള്ളത്, പരലോകത്തും (സന്തോഷവാര്‍ത്തയുള്ളത്). അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. അതു (സന്തോഷവാര്‍ത്ത) തന്നെയാണ് മഹത്തായ ഭാഗ്യം. (ഖു൪ആന്‍: 10/62-64)
‘ഐഹിക ജീവിതത്തിലും പരലോകത്തിലും അവര്‍ക്കാണ് സന്തോഷവാര്‍ത്തയുള്ളത്’ എന്നതിനെ കുറിച്ച് നബി ﷺ യോട് ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘അത് മുസ്‌ലിം കാണുന്ന നല്ല സ്വപ്‌നങ്ങളാണ് ‘ എന്ന് വിവരിച്ചു കൊടുത്തു.
عَنْ عَطَاءِ بْنِ يَسَارٍ، عَنْ رَجُلٍ، مِنْ أَهْلِ مِصْرَ قَالَ سَأَلْتُ أَبَا الدَّرْدَاءِ عَنْ هَذِهِ الآيَةِ : ( لَهُمُ الْبُشْرَى، فِي الْحَيَاةِ الدُّنْيَا ) قَالَ مَا سَأَلَنِي عَنْهَا أَحَدٌ مُنْذُ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم عَنْهَا فَقَالَ “ مَا سَأَلَنِي عَنْهَا أَحَدٌ غَيْرُكَ مُنْذُ أُنْزِلَتْ فَهِيَ الرُّؤْيَا الصَّالِحَةُ يَرَاهَا الْمُسْلِمُ أَوْ تُرَى لَهُ ” .
അത്വാഅ് ബ്നു യാ൪ رَضِيَ اللَّهُ عَنْهُ മിസ്റില്‍ നിന്നുള്ള ഒരാളില്‍ നിന്ന് ഉദ്ദരിക്കുന്നു. لَهُمُ الْبُشْرَى، فِي الْحَيَاةِ الدُّنْيَ എന്ന ആയത്തിനെ കുറിച്ച് ഞാന്‍ അബുദ്ദ൪ദ്ദാഅ് رَضِيَ اللَّهُ عَنْهُ വിനോട് ചോദിച്ചു: അബുദ്ദ൪ദ്ദാഅ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഇതിനെ കുറിച്ച് ആരും എന്നോട് ഇതുവരെ ചോദിച്ചിട്ടില്ല. (ഇതിനെ കുറിച്ച്) ഞാന്‍ നബി ﷺ യോട് ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: അത് അവതരിച്ചതിന് ശേഷം നീ അല്ലാതെ മാറ്റാരും ഇതിനെ കുറിച്ച് ആരും എന്നോട് ഇതുവരെ ചോദിച്ചിട്ടില്ല, അത് ഒരു മുസ്ലിം കാണുന്ന നല്ല സ്വപ്നമാണ് . (തി൪മിദി:47/ 3389)
സൂറഃ അല്‍ബക്വറയില്‍ നോമ്പെടുക്കന്നവരോട് അല്ലാഹു പറഞ്ഞു:
وَكُلُوا۟ وَٱشْرَبُوا۟ حَتَّىٰ يَتَبَيَّنَ لَكُمُ ٱلْخَيْطُ ٱلْأَبْيَضُ مِنَ ٱلْخَيْطِ ٱلْأَسْوَدِ مِنَ ٱلْفَجْرِ ۖ
നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. (ഖു൪ആന്‍:2/187)
‘നിങ്ങള്‍ കറുത്ത നൂലില്‍ നിന്ന് വെളുത്ത നൂല്‍ വ്യക്തമാകുന്നത് വരെ ഭക്ഷിക്കുക, കുടിക്കുക.’ ഇവിടെ പറഞ്ഞ കറുത്ത നൂലും വെളുത്ത നൂലും അദിയ്യുബ്‌നു ഹാതിം എന്ന സ്വഹാബിക്ക് മനസ്സിലായില്ല. അദ്ദേഹം രാത്രി കിടക്കുമ്പോള്‍ തന്റെ ശരീരത്തില്‍ കറുത്ത നൂലും വെളുത്ത നൂലും കെട്ടുമായിരുന്നു. റസൂല്‍ ﷺ ‘അതിന്റെ ആവശ്യമില്ല. പകലിന്റെ വെളുപ്പും രാത്രിയുടെ ഇരുട്ടുമാണ് അതിന്റെ ഉദ്ദേശ്യമെന്ന്’ വിശദീകരിച്ച് കൊടുത്തു.
അതെ, ആയത്താകുന്ന ഈ ദിവ്യബോധനം ഇറക്കിയ രക്ഷിതാവ് അതേ ആയത്തിലെ ഒരു വാക്കിന്റെ അര്‍ഥം വിവരിക്കാന്‍ പുണ്യ പ്രവാചകന് മറ്റൊരു വഹ്‌യ് കൂടി നല്‍കി എന്നര്‍ഥം.
ഇമാം ശാഫിഈ رحمه الله പറഞ്ഞു: നബി ﷺ വിധിച്ചതായ മുഴുവന്‍ കാര്യങ്ങളും അവിടുന്ന് ഖുര്‍ആനില്‍ നിന്ന് ഗ്രഹിച്ചതാണ്. (ഇബ്‌നു കഥീര്‍ 1/12).
ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍ رحمه الله പറഞ്ഞു: സുന്നത്തെന്നത് ഖുര്‍ആനിന്റെ വിശദീകരണവും അതിന്റെ തെളിവുകളുമാണ്. (ശറഹ് ഉസ്വൂലിസ്സുന്ന: 46)
ഖുര്‍ആനിന് എങ്ങനെ വിശദീകരണം നല്‍കണമെന്ന് പറയുന്നേടത്ത് ഇമാം ഇബ്‌നു കഥീര്‍ رحمه الله പറഞ്ഞു: ഖുര്‍ആന്‍ കൊണ്ട് ഖുര്‍ആനിനെ വിശദീകരിക്കാന്‍ നിനക്ക് സാധിക്കാതെ വന്നാല്‍ നിന്റെ മേല്‍ സുന്നത്തുണ്ട്. അത് ഖുര്‍ആനിനുള്ള വിശദീകരണവും അതിനെ വ്യക്തമാക്കിത്തരുന്നതുമാണ്. (ഇബ്‌നു കഥീര്‍ 1/12).
6. നബി ﷺ യുടെ സുന്നത്തുകള്‍ പിന്തുടരാനുള്ളതാണ്.
വിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ ഫാതിഹ മുതല്‍ സൂറത്തുന്നാസ് വരെ പരിശോധിച്ചാല്‍ നബി ﷺ യെ അനുസരിക്കേണ്ടതിന്റെയും പിന്തുടരേണ്ടതിന്റെയും ആവശ്യകത ദശക്കണക്കിന് ആയത്തുകളിലൂടെ അല്ലാഹു അറിയിക്കുന്നതായി കാണാം. എല്ലാ നിലക്കും നബി ﷺ യെ പിന്തുടര്‍ന്ന് ജീവിക്കാന്‍ അല്ലാഹു കല്‍പിക്കുന്നുണ്ട്.
وَٱذْكُرْنَ مَا يُتْلَىٰ فِى بُيُوتِكُنَّ مِنْ ءَايَٰتِ ٱللَّهِ وَٱلْحِكْمَةِ ۚ إِنَّ ٱللَّهَ كَانَ لَطِيفًا خَبِيرًا
നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്‍റെ വചനങ്ങളും ഹിക്മത്തും (വിജ്ഞാനവും) നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഖു൪ആന്‍:33/34)
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا
തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്. (ഖു൪ആന്‍:33/21)
عَنْ حُذَيْفَةَ، قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : أَنَّ الأَمَانَةَ نَزَلَتْ مِنَ السَّمَاءِ فِي جَذْرِ قُلُوبِ الرِّجَالِ، وَنَزَلَ الْقُرْآنُ فَقَرَءُوا الْقُرْآنَ وَعَلِمُوا مِنَ السُّنَّةِ.
ഹുദൈഫ رَضِيَ اللَّهُ عَنْهُ വില്‍ നിവേദനം:നബി ﷺ പറഞ്ഞു : നിശ്ചയം, മനുഷ്യ ഹൃദയങ്ങളുടെ മുരടിലേക്ക് ആകാശത്തുനിന്ന് അമാനത്ത് ഇറങ്ങിയിരിക്കുന്നു. നിങ്ങള്‍ ഖുര്‍ആന്‍ പഠിക്കുകയും സുന്നത്ത് മനസ്സിലാക്കുകയും ചെയ്യുക. (ബുഖാരി: 7276)
ഇബ്‌നു ഔന്‍ رحمه الله പറഞ്ഞു: മൂന്ന് കാര്യങ്ങള്‍ എനിക്കും എന്റെ സഹോദരങ്ങള്‍ക്കും ഞാനിഷ്ടപ്പെടുന്നു. സുന്നത്തിനെ അറിയുകയും അതിനെക്കുറിച്ച് ചോദിക്കുകയും ചെയ്യുക. ഖുര്‍ആനിനെ ഉള്‍ക്കൊള്ളുകയും ജനങ്ങളോട് അതിനെക്കുറിച്ച് ചോദിക്കുകയും ചെയ്യുക. ജനങ്ങളെ നന്മയിലേക്ക് ക്ഷണിക്കുക. (ബുഖാരി)
عَنْ عَبْدِ اللَّهِ بْنِ دِينَارٍ، أَنَّ عَبْدَ اللَّهِ بْنَ عُمَرَ، كَتَبَ إِلَى عَبْدِ الْمَلِكِ بْنِ مَرْوَانَ يُبَايِعُهُ، وَأُقِرُّ لَكَ بِالسَّمْعِ وَالطَّاعَةِ عَلَى سُنَّةِ اللَّهِ وَسُنَّةِ رَسُولِهِ، فِيمَا اسْتَطَعْتُ.
അബ്ദുല്ലാഹിബ്‌നു ഉമര്‍ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: അദ്ദേഹം അബ്ദുല്‍ മാലിക്ബ്‌നു മര്‍വാന് ബൈഅത്ത് ചെയ്ത് കൊണ്ട് ഇപ്രകാരം എഴുതി: ‘എനിക്ക് സാധ്യമാകും വിധം അല്ലാഹുവിന്റെ കിതാബിലും റസൂല്‍ ﷺ യുടെ ചര്യയിലും അനുസരണവും കേള്‍വിയും ഞാന്‍ താങ്കള്‍ക്കായി അംഗീകരിച്ചിരിക്കുന്നു. (ബുഖാരി: 7272).
ഇമാം ബുഖാരി رحمه الله തന്റെ സ്വഹീഹില്‍ ഒരു അധ്യായത്തിന് നല്‍കിയ പേര് ‘ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കല്‍’ എന്നാണ്.
ഇമാം മുസ്‌ലിം رحمه الله തന്റെ സ്വഹീഹില്‍ അറിവുമായി ബന്ധപ്പെട്ട് പറയുന്ന അധ്യായത്തില്‍ ഇമാം നവവി رحمه الله നല്‍കിയ ഒരു തലവാചകം ഇങ്ങനെ കാണാം: ‘ഒരാള്‍ നല്ലതോ ചീത്തയോ ആയ ചര്യ നടപ്പിലാക്കല്‍ അല്ലെങ്കില്‍ ഒരാള്‍ സന്‍മാര്‍ഗത്തിലേക്കോ ദുര്‍മാര്‍ഗത്തിലേക്കോ ക്ഷണിക്കല്‍.’
ഇമാം അബൂദാവൂദ് رحمه الله തന്റെ സുനനില്‍ സുന്നത്തുമായി ബന്ധപ്പെട്ട അധ്യായത്തില്‍ ‘സുന്നത്തിന്റെ വിവരണം,’ ‘സുന്നത്തിന്റെ അനിവാര്യത,’ ‘സുന്നത്തിലേക്കുള്ള ക്ഷണം’ എന്നിങ്ങനെ കൊടുത്തതായി കാണാം.
ഇമാം തുര്‍മുദി رحمه الله തന്റെ ജാമിഇല്‍ അറിവിനെക്കുറിച്ച് പറയുന്നേടത്ത് ‘സുന്നത്ത് വെടിയല്‍’ എന്ന് പറഞ്ഞതായി കാണാം.
ഇമാം നസാഈ رحمه الله തന്റെ സുനനില്‍ മതവിധി പറയുന്നവരുടെ മര്യാദകള്‍ എന്ന അധ്യായത്തില്‍ ‘ഖുര്‍ആനും സുന്നത്തും അവലംബിക്കണ’മെന്ന് ബോധ്യപ്പെടുത്തിയതായി കാണാം.
ഇമാം ഇബ്‌നു മാജ رحمه الله തന്റെ സുനനില്‍ സുന്നത്ത് എന്ന അധ്യായത്തില്‍ ‘നബി ﷺ യുടെ സുന്നത്ത് പിന്‍പറ്റുക, നബി ﷺ യുടെ ഹദീഥിനെ ആദരിക്കുക, അതിനെതിരാകുന്നവരെ വെറുക്കുക’ എന്ന് ഉണര്‍ത്തിയതായി കാണാം.
ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍ رحمه الله തന്റെ ഉസ്വൂലുസ്സുന്ന എന്ന ഗ്രന്ഥത്തില്‍ ‘നമ്മുടെ അടുക്കല്‍ സുന്നത്ത് എന്നാല്‍ നബി ﷺ യുടെ ഹദീഥുകളാണ്’ എന്ന് പറഞ്ഞിരിക്കുന്നു.
ചുരുക്കത്തില്‍ ഈ പണ്ഡിതന്മാരെല്ലാം അവരുടെ വാക്കുകളിലൂടെ വ്യക്തമാക്കി തരുന്നു; നബി ﷺ യുടെ ചര്യ പിന്‍പറ്റാനും മുറുകെ പിടിക്കാനുള്ളതുമാണ്, തള്ളിക്കളയാനോ, മാറ്റി നിര്‍ത്താനോ ഉള്ളതല്ല എന്ന്.
ജാബിര്‍ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: ”ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) തൗറാത്തിന്റെ ഒരു കോപ്പിയുമായി നബിﷺയുടെ അരികിലെത്തി; എന്നിട്ട് പറഞ്ഞു: ‘റസൂലേ, ഇത് തൗറാത്തിന്റെ കോപ്പിയാണ്.’ അദ്ദേഹംമൗനംപൂണ്ടു. ഉമറുബ്‌നുല്‍ ഖത്ത്വാബ് رَضِيَ اللَّهُ عَنْهُ അത് വായിക്കാന്‍ തുടങ്ങി. കേട്ടുകൊണ്ടിരുന്ന നബിﷺയുടെ മുഖം വിവര്‍ണമായിക്കൊണ്ടിരുന്നു. അപ്പോള്‍ അബൂബക്ര്‍ رَضِيَ اللَّهُ عَنْهُ ഉമര്‍ (റ)വിനോട് ചോദിച്ചു: ‘കഷ്ടം! അല്ലാഹുവിന്റെ ദൂതന്റെ മുഖത്ത് ഉണ്ടായ മാറ്റം നീ കാണുന്നില്ലേ?’ ഉടനെ ഉമര്‍ رَضِيَ اللَّهُ عَنْهُ നബിﷺയുടെ മുഖത്ത് നോക്കി; എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ കോപത്തില്‍ നിന്നും അവന്റെ പ്രവാചകന്റെ കോപത്തില്‍ നിന്നും ഞാന്‍ അല്ലാഹുവില്‍ ശരണം തേടുന്നു. അല്ലാഹുവിനെ രക്ഷിതാവായി ഞങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുന്നു. ഇസ്‌ലാമിനെ മതമായും മുഹമ്മദിനെ പ്രവാചകനായും ഞങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുന്നു.’ അപ്പോള്‍ നബിﷺ പറഞ്ഞു: ‘എന്റെ ശരീരം ആരുടെ കയ്യിലാണോ അവന്‍ സത്യം. മൂസാ(അ) ഇവിടെ ജീവനോടെ വരികയും നിങ്ങളെല്ലാവരും എന്നെ വിട്ട് അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ ചൊവ്വായ വഴില്‍നിന്ന് വ്യതിചലിച്ചവരായിരിക്കും. അദ്ദേഹം ജീവിച്ചിരിക്കുകയും എന്റെ പ്രവാചകത്വം അറിയുകയും ചെയ്യുകയാണെങ്കില്‍ അദ്ദേഹം എന്നെ പിന്‍പറ്റുക തന്നെ ചെയ്യുന്നതാണ്” (അഹ്മദ്, ദാരിമി).
7. സ്വഹീഹായ ഹദീഥുകള്‍ അംഗീകരിക്കല്‍ നിര്‍ബന്ധം, അവയെ ധിക്കരിക്കല്‍ അപരാധം.
فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا
ഇല്ല, നിന്റെ രക്ഷിതാവിനെ തന്നെയാണ സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല. (ഖു൪ആന്‍:4/65)
ഇബ്‌നു കഥീര്‍ رحمه الله ഇതിന്റെ വിശദീകരണത്തില്‍ പറഞ്ഞു:
أنه لا يؤمن أحد حتى يحكم الرسول صلى الله عليه وسلم في جميع الأمور ، فما حكم به فهو الحق الذي يجب الانقياد له باطنا وظاهرا
നിങ്ങളില്‍ ഒരാളും പരിപൂര്‍ണ വിശ്വാസിയാവുകയില്ല; മുഴുവന്‍ കാര്യങ്ങളിലും റസൂല്‍ ﷺ യെ വിധികര്‍ത്താവായി സ്വീകരിക്കുന്നത് വരെ. അവിടുന്ന് വിധിച്ചിട്ടുള്ളതെന്തും സത്യമാണ്. പ്രത്യക്ഷമായും പരോക്ഷമായും അതിന് കീഴ്‌പെടല്‍ നിര്‍ബന്ധവുമാണ്. (തഫ്‌സീര്‍ ഇബ്‌നു കഥീര്‍ 1:471).
മത കാര്യങ്ങളിലുള്ള ഏകോപനം ഖുര്‍ആനും സുന്നത്തും അവലംബിക്കുന്നതിലൂടെയല്ലാതെ ഉണ്ടാവുകയില്ല. (തഫ്‌സീറുസ്സഅദി 1/434).
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًا مُّبِينًا
അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു. (ഖു൪ആന്‍:33/36)
فهذه الآية عامة في جميع الأمور ، وذلك أنه إذا حكم الله ورسوله بشيء ، فليس لأحد مخالفته ولا اختيار لأحد هاهنا ، ولا رأي ولا قول ،
ഇബ്‌നു കഥീര്‍ رحمه الله പറഞ്ഞു: ഈ വചനം പൊതുവായി എല്ലാ കാര്യങ്ങള്‍ക്കുമുള്ളതാണ്. എന്തെന്നാല്‍ അല്ലാഹുവും റസൂലും ഒരു കാര്യം വിധിച്ചാല്‍ അതിനെതിരാകലോ മറ്റൊന്ന് തെരഞ്ഞെടുക്കലോ (മറ്റൊരു) അഭിപ്രായമോ, വാക്കോ ഒരാളിലും പാടില്ല. (ത്ഫ്‌സീര്‍ ഇബ്‌നു കഥീര്‍ 3/641).
ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍ رحمه الله പറഞ്ഞു: അനിവാര്യമായ സുന്നത്തില്‍ പെട്ടതാണ്, ‘അതിലൊന്നില്‍ ആരെങ്കിലും വിശ്വസിക്കാതിരിക്കുകയോ, സ്വീകരിക്കാതിരിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്താല്‍ അവന്‍ അതില്‍ പെട്ടവനല്ല’ എന്നത്. ഹദീഥിന്റെ വിശദീകരണം ഒരാള്‍ക്ക് അറിയുന്നില്ല, അവന്റെ ബുദ്ധി അത് കണ്ടെത്തുന്നുമില്ല എങ്കില്‍ നിശ്ചയം അവന് ലഭിച്ചത് കൊണ്ട് വിധിക്കണം. അവന്റെ മേല്‍ (സുന്നത്തില്‍) വിശ്വസിക്കലും കീഴ്‌പെടലും നിര്‍ബന്ധമാണ്. (ശറഹു ഉസ്വൂലുസ്സുന്ന, പേജ്:53)
عَن الْمِقْدَام بن معدي كرب عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنه قَالَ: أَلا إِنِّي أُوتيت الْكتاب وَمِثْلَهُ مَعَهُ أَلَا يُوشِكُ رَجُلٌ شَبْعَانٌ عَلَى أَرِيكَتِهِ يَقُولُ عَلَيْكُمْ بِهَذَا الْقُرْآنِ فَمَا وَجَدْتُمْ فِيهِ مِنْ حَلَالٍ فَأَحِلُّوهُ وَمَا وَجَدْتُمْ فِيهِ مِنْ حَرَامٍ فَحَرِّمُوهُ وَإِنَّ مَا حَرَّمَ رَسُولُ الله كَمَا حَرَّمَ اللَّهُ
നബിﷺ പറഞ്ഞു: എനിക്ക് ഖുര്‍ആന്‍ നല്‍കപ്പെട്ടു, അതിനോടൊപ്പം അത്ര വേറെയും. ഒരാള്‍ വയര്‍ നിറച്ചുകൊണ്ട് സോഫയിലിരുന്ന് ഇങ്ങനെ പറയുന്നു; നിങ്ങള്‍ ഈ ഖുര്‍ആനിനെ മുറുകെ പിടിക്കുക, അതില്‍ അനുവദനീയമെന്ന് പറഞ്ഞതിനെ നിങ്ങളും അനുവദനീയമാക്കുക. അതില്‍ നിഷിദ്ധമെന്ന് പറഞ്ഞതിനെ നിങ്ങളും നിഷിദ്ധമാക്കുക. തീര്‍ച്ചയായും പ്രവാചകന്‍ നിഷിദ്ധമാക്കിയത് അല്ലാഹു നിഷിദ്ധമാക്കും പോലെ തന്നെയാണ്.
عَنْ أَبِي رَافِعٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لاَ أُلْفِيَنَّ أَحَدَكُمْ مُتَّكِئًا عَلَى أَرِيكَتِهِ يَأْتِيهِ الأَمْرُ مِنْ أَمْرِي مِمَّا أَمَرْتُ بِهِ أَوْ نَهَيْتُ عَنْهُ فَيَقُولُ لاَ نَدْرِي مَا وَجَدْنَا فِي كِتَابِ اللَّهِ اتَّبَعْنَاهُ
അബൂറാഫിഅ് رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: നിങ്ങളിലൊരാള്‍ അവന്റെ സോഫായില്‍ – അഥവാ അലംകൃതമായ കട്ടിലില്‍ – ചാരിയിരുന്ന് (സുഖിച്ചു) കൊണ്ടിരിക്കെ, ഞാന്‍ കൽപിച്ചതോ, വിരോധിച്ചതോ ആയ എന്റെ നിര്‍ദ്ദേശത്തില്‍പ്പെട്ട ഒരു കാര്യം അവന്റെയടുക്കല്‍ എത്തുമ്പോള്‍ അവന്‍ ഇങ്ങിനെ പറയുന്നതു ഞാന്‍ കാണാതിരിക്കട്ടെ: ‘എനിക്ക് അതറിഞ്ഞുകൂടാ, അല്ലാഹുവിന്റെ കിതാബില്‍ കണ്ടതേതോ അതു നമുക്ക് പിന്‍പറ്റാം’. (അബൂദാവൂദ്:4605)
8. ഹദീഥും സുരക്ഷിതമാണ്
വിശുദ്ധ ഖുര്‍ആന്‍ സംരക്ഷിക്കപ്പെട്ടത്‌പോലെ പ്രവാചകന്റെ ഹദീഥുകളും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആനിന്റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റടുത്തിട്ടുണ്ട്. അതുപോലെ ഹദീഥും മറ്റൊരു രൂപത്തില്‍ സംരക്ഷിതമാണ്. അല്ലാഹു പറയുന്നു:
إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَٰفِظُونَ
തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തു സൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍: 15/9)
ഈ വചനത്തിലെ ‘ദിക്‌റ്’ എന്ന അറബി പദത്തിനാണ് ‘ഉല്‍ബോധനം’ എന്ന് അര്‍ഥം നല്‍കിയിട്ടുള്ളത്. ഈ ഉല്‍ബോധനത്തില്‍ പ്രവാചകന്റെ ഹദീഥുകളും ഉള്‍പ്പെടുന്നു. നബി ﷺ യുടെ ഹദീഥുകള്‍ സംരക്ഷിക്കുവാന്‍ അല്ലാഹു നിശ്ചയിച്ചിട്ടുള്ള മാര്‍ഗം ‘സനദ്’ (പരമ്പര) ആണ്. ഹദീഥ് റിപ്പോര്‍ട്ട് ചെയ്തവരുടെ പരമ്പര പരിശോധിക്കുകയാണെങ്കില്‍ ഹദീഥ് സ്വീകാര്യമാണോ, ദുര്‍ബലമാണോയെന്ന് കണ്ടെത്തുവാന്‍ സാധിക്കുന്നതാണ്. ഇതിന് വേണ്ടി ഹദീഥുകള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ ചരിത്രം വളരെ വൃക്തവും സത്യസന്ധവുമായി രേഖപ്പെടുത്തിയ അനേകം ഗ്രന്ഥങ്ങള്‍ ഇസ്‌ലാമിക ലോകത്ത് നിലവിലുണ്ട്. മഹാനായ മുഹമ്മദ് നാസിറുദ്ദീന്‍ അല്‍ബാനി رحمه الله ഈ വിഷയത്തില്‍ അവഗാഹം നേടിയ ആധുനിക പണ്ഡിതനായിരുന്നു.
kanzululoom.com