عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ. وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيُكْرِمْ جَارَهُ. وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيُكْرِمْ ضَيْفَهُ.
അബൂഹുറൈറ رضى الله عنه വില്‍ നിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അവന്റെ അയല്‍വാസിയെ മാനിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അവന്റെ അതിഥിയെ ആദരിച്ചു കൊള്ളട്ടെ. (മുസ്‌ലിം)
ജീവിതത്തിന്റെ എല്ലാ മേഖലകളിലും വെളിച്ചം പകരുന്ന മതമാണ് ഇസ്‌ലാം. വ്യക്തി ജീവിതം നന്നാക്കിത്തീര്‍ക്കുന്നതിന് മാത്രമല്ല, വ്യക്തി ഇടപെടുന്ന എല്ലാ മേഖലകളിലും എല്ലാവരോടുമുള്ള ബന്ധം ഊഷ്മളമാക്കുന്നതിനുള്ള നിര്‍ദേശങ്ങളുംഇസ്‌ലാം നല്‍കിയിട്ടുണ്ട്. ഉപരിസൂചിത പ്രവാചക വചനം അതിന് ഒരു ഉദാഹരണമാണ്.
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഓരോ മുസ്‌ലിമും ശ്രദ്ധിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യേണ്ട നിര്‍ദേശങ്ങളാണ് ഇതില്‍ കാണുവാന്‍ സാധിക്കുന്നത്. ഇവ പ്രാവര്‍ത്തികമാക്കിയാല്‍ സാമൂഹ്യബന്ധത്തിലുണ്ടാകുന്ന ഗുണപരമായ മാറ്റം വലുതായിരിക്കും.
ഒരു വിശ്വാസി സംസാരിക്കുകയാണെങ്കില്‍ നല്ലത് മാത്രം സംസാരിക്കണം, അല്ലെങ്കില്‍ മിണ്ടാതിരിക്കണം എന്നതാണ് ആദ്യത്തെ ഉപദേശം. ജനങ്ങളെ ഏറ്റവുമധികം നരകത്തില്‍ പ്രവേശിപ്പിക്കുന്ന ഒരു അവയവമാണ് നാവ്. മറ്റുള്ളവരെ ചിരിപ്പിക്കാന്‍ വേണ്ടിയും മറ്റും മോശം സംസാരങ്ങളും കളവുകളും പറയുന്നവര്‍ ഈ തിരുമൊഴി ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഏഷണി, പരദൂഷണം, കളവ് എന്നിവ പാടെ ഒഴിവാക്കണം. ദ്വിമുഖന്‍മാരായി നടക്കരുത്. ഒരാളുടെ അടുക്കല്‍ ഒന്ന് പറയും; വേറെ ഒരാളുടെ അടുക്കല്‍ ചെന്ന് അതിന്റെ വിപരീതം പറയും. ലക്ഷ്യം കുഴപ്പം സൃഷ്ടിക്കലാണ്, ബന്ധം വഷളാക്കലാണ്. അവരാണ് ദ്വിമുഖന്‍മാര്‍. കള്ളസാക്ഷ്യം, ദുരാരോപണം, പരിഹാസം, തെറി പറയല്‍, അനാവശ്യ തര്‍ക്കം എന്നിവയെയിലെല്ലാം നാവിനുള്ള പങ്ക് ചെറുതല്ല. മത വിഷയത്തില്‍ അറിയുന്നത് മാത്രം പറയുക; അറിയാത്തത് പറയരുത്.
അയല്‍ക്കാര്‍ ആരായാലും അവരോടുള്ള ബന്ധം നന്നാക്കണം എന്നതാണ് അയല്‍വാസിയെ മാനിക്കട്ടെ എന്ന് പറഞ്ഞതിന്റെ ഉദ്ദേശം. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവന്‍ വിശ്വാസിയല്ല എന്ന നബിവചനം അതാണ് അറിയിക്കുന്നത്. ധാരാളം അയല്‍വാസികള്‍ ഉണ്ടാകുമ്പോള്‍ അവരില്‍ ഏതെങ്കിലും ഒരാള്‍ക്ക് മാത്രം വല്ലതും ദാനം ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവരില്‍ ഏറ്റവും അടുത്തുള്ളവരെ പരിഗണിക്കണം എന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്ന മര്യാദ. അയല്‍വാസികളെ ഒരുനിലയ്ക്കും ദ്രോഹിക്കുവാന്‍ പാടില്ല. യഥാര്‍ഥ വിശ്വാസമുള്ള ഒരാളില്‍നിന്ന് അത് ഉണ്ടാവില്ല. ‘തന്റെ ദ്രോഹങ്ങളില്‍ നിന്ന് തന്റെ അയല്‍വാസി നിര്‍ഭയനാകുന്നുവരെ ഒരാള്‍ വിശാസിയാവുകയില്ല’ എന്ന് നബി ﷺ പറഞ്ഞത് ഗൗരവമുള്ള കാര്യമാണ്.
അവരുടെ അഭിമാനത്തെ സംരക്ഷിക്കുക, പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക, കടം ചോദിച്ചാല്‍ കടം കൊടുക്കുക, മതകാര്യങ്ങള്‍ അറിയിച്ചു കൊടുക്കുക, അവരെക്കുറിച്ച് നല്ല വിചാരം ഉണ്ടാവുക തുടങ്ങിയവയെല്ലാം വിശ്വാസിയുടെ ബാധ്യതയാണ്.
അതിഥിയെ ആദരിക്കല്‍ ശ്രേഷ്ഠമായ കാര്യമാണ്. അത് ഉല്‍കൃഷ്ട സ്വഭാവ ഗുണങ്ങളില്‍ പെട്ടതാണ്. അതിഥിയോട് മുഖപ്രസന്നതയോടെ പെരുമാറണം. കഴിവിനനുസരിച്ച് നല്ല ഭക്ഷണം നല്‍കണം. അതിഥിയോടൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ ആദ്യം വീട്ടുകാരന്‍ എഴുന്നേല്‍ക്കുന്നത് മര്യാദകേടാണ്. ഇത്തരത്തില്‍ ആതിഥേയരും അതിഥികളും ശ്രദ്ധിക്കേണ്ട ധാരാളം നിര്‍ദേശങ്ങള്‍ ഇസ്‌ലാം നല്‍കുന്നുണ്ട്.
അബൂഫായിദ
www.kanzululoom.com