عَنْ أَبِي مُوسَى قَالَ :قَالَ رَسُولُ اللَّهِ صلى الله عليه وسلم:لَا يَدْخُلُ الجَنَّةَ مُدْمِنُ خَمْرٍ وَلَا مُؤْمِنٌ بِسِحْرٍ وَلَا قَاطِعُ رَحِمٍ
അബൂമൂസാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘മൂന്ന് വിഭാഗം ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. മദ്യത്തിന് അടിമപ്പെട്ടവനും, സിഹ്‌റിൽ വിശ്വസിക്കുന്നവനും, കുടുംബബന്ധം വിച്ഛേദിക്കുന്നവനും’. (ഇബ്നു ഹിബ്ബാൻ:1381, സിൽസിലത്തുസ്സ്വഹീഹ:678)
ഈ ഹദീസിൽ പരാമർശിച്ച “സിഹ്റിൽ വിശ്വസിക്കുക” എന്നത് കൊണ്ട് ഉദേശിക്കുന്നത് ജ്യോതിഷത്തിലുള്ള വിശ്വാസമാണ് എന്നാണ് അഹുലുസ്സുന്നത്തിന്റെ ഉലമാക്കൾ പറഞ്ഞിട്ടുള്ളത്. ഭാവിയിൽ സംഭവിക്കുന്ന പലതും അറിയുമെന്ന് അവകാശപ്പെടുന്ന ആളുകളാണ് ജോൽസ്യന്മാരും മാരണക്കാരുമെല്ലാം. അവർ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ പാടില്ലായെന്നതാണ് ഈ ഹദീസിലെ താൽപര്യം.
എന്നാൽ, സിഹ്ർ ബാധിക്കുകയില്ലായെന്നും നബി ﷺ ക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് അസ്വീകാര്യമാണെന്നും വാദിക്കുന്ന ചിലര്‍ ഈ ഹദീസ് തെറ്റായി വ്യാഖ്യാനിച്ചു കൊണ്ട് “സിഹ്റിൽ വിശ്വസിക്കുന്നവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ല ” എന്ന് നബി ﷺ പറഞ്ഞിട്ടുണ്ടെന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. സത്യത്തിൽ ഒരു അബദ്ധം ന്യായീകരിക്കാൻ മറ്റൊരു അബദ്ധം ചെയ്യുകയാണവർ.
വാസ്തവത്തിൽ ഈ ഹദീസിന്റെ വിവക്ഷ അവർ മനസ്സിലാക്കിയത് പോലെയല്ല. സിഹ്റിന് സ്വാധീനമില്ലായെന്നൊ അതിനു യാഥാർത്ഥ്യമില്ലായെന്നോ അല്ല ഈ ഹദീസ് കൊണ്ട് മനസ്സിലാവുക. മറിച്ച്, സിഹ്ർ ചെയ്യുന്ന ആൾ, അല്ലെങ്കിൽ ജോത്സ്യൻ ഇങ്ങിനെ ആരായിരുന്നാലും ഇവർ പറയുന്ന മറഞ്ഞ കാര്യങ്ങൾ വിശ്വസിക്കുന്നവരെക്കുറിച്ചാണ്. ഇതാണ് ഇവ്വിഷയകമായി ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഉലമാക്കൾ പറഞ്ഞിട്ടുള്ളത്.
സിഹ്‌റിൽ വിശ്വസിക്കുന്നവൻ എന്നത് കൊണ്ട് ഇവിടെയുള്ള ഉദ്ദേശ്യവും സിഹ്‌റിന്റെ അസ്തിത്വം അംഗീകരിക്കുന്നവൻ എന്നോ, അതിന് സ്വാധീനമുണ്ടെന്ന് അംഗീകരിക്കുന്നവൻ എന്നോ അല്ല. മറിച്ച്, സിഹ്‌റിലൂടെയും സിഹ്‌റിന്റെ ഇനങ്ങളായ ജ്യോതിഷം, കണക്കുനോക്കൽ പോലെയുള്ളവയിലൂടെയും അറിയിക്കപ്പെടുന്ന വിവരങ്ങൾ വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്യുന്നവൻ എന്നാണ് (അത്തംഹീദു ലിശർഹി കിതാബിത്തൗഹീദ് : സ്വാലിഹ് ആലു ശൈഖ് : 347-348)
kanzululoom.com