عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : انْظُرُوا إِلَى مَنْ أَسْفَلَ مِنْكُمْ وَلاَ تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ فَهُوَ أَجْدَرُ أَنْ لاَ تَزْدَرُوا نِعْمَةَ اللَّهِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ താഴെയുള്ളവരിലേക്ക് നിങ്ങള്‍ നോക്കുക, നിങ്ങള്‍ക്ക് മുകളിലുള്ളവരിലേക്ക് നിങ്ങള്‍ നോക്കരുത്. അതാണ് അല്ലാഹുവിന്റെ (നിങ്ങളുടെ മേലുള്ള) അനുഗ്രഹങ്ങളെ നിസ്സാരമായി കാണാതിരിക്കാന്‍ നിങ്ങള്‍ക്ക് സഹായകരമായിട്ടുള്ളത്. (മുസ്ലിം:2963)
ദുനിയാവിലെ ജീവിതം സംതൃപ്തിയുള്ളതാക്കാൻ സഹായിക്കുന്ന ചില ഉപദേശങ്ങളാണ് ഈ ഹദീസിലുള്ളത്. ഇത് ആളുകൾ സ്വീകരിക്കുകയാണെങ്കിൽ ക്ഷമയോടെ നന്ദിയുള്ളവരായി, സംതൃപ്തരായി അവർക്ക് ജീവിക്കാൻ സാധിക്കുന്നതാണ്.
വീട്, വസ്ത്രം, വാഹനം, ആരോഗ്യം തുടങ്ങിയ ഭൗതിക കാര്യങ്ങളിൽ ഒരാൾ തന്നെക്കാൾ താഴെയുള്ളവരിലേക്ക് നോക്കുക. എങ്കിൽ മറ്റുള്ളവരേക്കാൾ തനിക്ക് അല്ലാഹു നൽകിയ നന്മകൾ അവൻ വലുതായി കാണും. താൻ അനുഭവിച്ചും ആസ്വദിച്ചും കൊണ്ടിരിക്കുന്ന സന്തോഷങ്ങളെയും അനുഗ്രഹങ്ങളെയും ഒരിക്കലുമവൻ ചെറുതായി കാണുകയില്ല. അങ്ങനെ റബ്ബിനോട് നന്ദി കാണിക്കാൻ കഴിയും. മാത്രമല്ല, ഹൃദയത്തിന് ആശ്വാസവും മനസ്സിന് സമാധാനവും ലഭിക്കും. അല്ലാഹു തനിക്ക് നൽകിയതിൽ തൃപ്തിപ്പെട്ടു കൊണ്ട് സന്തോഷവാനായി ജീവിക്കും.
അതുപോലെ പ്രതിസന്ധികളുടെയും പരീക്ഷണങ്ങളുടെയും ഘട്ടങ്ങളില്‍ നമ്മെക്കാള്‍ പ്രയാസമനുഭവിക്കുന്നവരെക്കുറിച്ച് ഓര്‍ക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ വിഷമങ്ങളുടെയും വേദനകളുടെയും കാഠിന്യം കുറക്കാന്‍ സാധിക്കുന്നതാണ്.
ദുനിയാവിന്റെ കാര്യങ്ങളിൽ തന്നെക്കാൾ മുകളിലുള്ളവരിലേക്ക് നോക്കിയാലോ, അല്ലാഹു തനിക്ക് നൽകിയ അനുഗ്രഹങ്ങളെ അവൻ കുറഞ്ഞു കാണുകയും, അവയെ നിസ്സാരവൽക്കരിക്കുകയും ചെയ്യും. ഇത് റബ്ബിനോട് നന്ദി കാണിക്കുന്നതിൽ നിന്നും അവനെ തടയും.
മാത്രമല്ല, ഭൗതിക സൗകര്യങ്ങളിൽ തന്നേക്കാൾ മുകളിലുള്ളവരോടോപ്പം എത്താൻ ആഗ്രഹിക്കുകയും അതിനായി അവൻ സദാ കഷ്ടപ്പെടുകയും ചെയ്യും. അങ്ങനെ ഹൃദയം അതിൽ വ്യാപൃതമാവുകയും അവന്റെ ആകുലതകൾ വർദ്ധിക്കുകയും ചെയ്യും. തന്നേക്കാൾ മുകളിലുള്ളവനോട് ഹൃദയത്തിൽ ഒരുതരം വെറുപ്പും അസൂയയുമൊക്കെ ഉടലെടുക്കുകയും, അങ്ങനെ അനുഗ്രഹങ്ങൾ അവനിൽ നിന്നും ഇല്ലാതാകാൻ ആഗ്രഹിക്കുകയും ചെയ്തേക്കും.
പ്രതിസന്ധികളുടെയും പരീക്ഷണങ്ങളുടെയും ഘട്ടങ്ങളില്‍ നമ്മെക്കാള്‍ സുഖമനുഭവിക്കുന്നവരെ കുറിച്ച് ഓര്‍ത്താൽ അത് നമ്മെ നിരാശയിലും കുഫ്റിലും കൊണ്ടുചെന്നെത്തിക്കും.
kanzululoom.com