ഇസ്ലാമിലെ ദൈവം : മൂസാ നബിയുടെ പ്രബോധനത്തിൽ നിന്ന്

ലോകത്തുള്ള മനുഷ്യരിൽ ഭൂരിഭാഗവും ദൈവവിശ്വാസികളാണ്. ദൈവമുണ്ടെന്ന് പറയുന്നവരും ദൈവമേയെന്ന് വിളിക്കുന്നവരുമാണ് അധികമാളുകളും. അതിൽ പലരും സൃഷ്ടികളെ ദൈവമാക്കി വിശ്വസിക്കുന്നവരാണ്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ദൈവമുണ്ട് എന്നതിനപ്പുറം ആരാണ് ദൈവം എന്നത് പ്രസക്തമാണ്.  അതായത് ദൈവമുണ്ട് എന്ന് വിശ്വസിക്കുന്നതിനപ്പുറം യഥാർത്ഥ ദൈവത്തിൽ വിശ്വസിക്കുന്നതിലാണ് കാര്യം.

വിശുദ്ധ ഖുർആനിന്റെ മൂന്നിലൊരു ഭാഗവും യഥാർത്ഥ ദൈവത്തെ കുറിച്ച് വിശദീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ആരാണ് ദൈവം എന്ന ഫിർഔനിന്റെ ചോദ്യത്തിന് മൂസാ നബി عليه السلام നൽകിയ മറുപടി ശ്രദ്ധേയമാണ്.

അല്ലാഹുവിന്റെ കൽപ്പന പ്രകാരം മൂസാ നബി عليه السلام യും ഹാറൂൻ നബി عليه السلام യും അക്രമിയായ ഭരണാധികാരിയായ ഫിർഔനിന്റെ അടുക്കൽ വന്ന് ഞങ്ങള്‍ നിന്റെ റബ്ബിന്റെ ദൂതന്‍മാരാണ്; അതുകൊണ്ട് ഇസ്രാഈല്‍ സന്തതികളെ നീ ഞങ്ങളുടെ കൂടെ വിട്ടയച്ചുതരണമെന്നും നീ അവരെ യാതന ഏല്‍പിക്കരുതെന്നും ആവശ്യപ്പെട്ടു. അപ്പോൾ ഫിർഔൻ ചോദിച്ച ചോദ്യം കാണുക:

قَالَ فَمَن رَّبُّكُمَا يَٰمُوسَىٰ

അവന്‍ (ഫിര്‍ഔന്‍) ചോദിച്ചു: ഹേ; മൂസാ, അപ്പോള്‍ ആരാണ് നിങ്ങളുടെ രണ്ട് പേരുടെയും രക്ഷിതാവ്‌? (ഖുർആൻ:20/49)

قَالَ فِرْعَوْنُ وَمَا رَبُّ ٱلْعَٰلَمِينَ

ഫിര്‍ഔന്‍ പറഞ്ഞു: എന്താണ് ഈ ലോകരക്ഷിതാവ് എന്ന് പറയുന്നത്‌? (ഖുർആൻ:26/23)

നിങ്ങളുടെ റബ്ബ് ആരാണെന്ന ചോദ്യത്തിന് മൂസാ നബി عليه السلام മറുപടി പറഞ്ഞു:

قَالَ رَبُّنَا ٱلَّذِىٓ أَعْطَىٰ كُلَّ شَىْءٍ خَلْقَهُۥ ثُمَّ هَدَىٰ

അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്‌) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌. (ഖുർആൻ:20/50)

ഓരോ സൃഷ്ടിക്കും അതതിന്റെ അസ്തിത്വം നല്‍കുകയും, ഓരോന്നിന്റെയും ജീവിതത്തിനും, നിലനില്‍പ്പിനും ജീവിതോദ്ദേശ്യം സഫലമാകുന്നതിനും ആവശ്യമായ മാര്‍ഗ്ഗങ്ങളെല്ലാം തുറന്നുകൊടുക്കുകയും ചെയ്ത ഏക മഹാശക്തി ഏതാകുന്നുവോ അവനാണ് റബ്ബ്; അവനാണ് രക്ഷിതാവ്;

قَالَ رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ

അദ്ദേഹം (മൂസാ) പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവാകുന്നു നിങ്ങള്‍ ദൃഢ വിശ്വാസമുള്ളവരാണെങ്കില്‍. (ഖുർആൻ:26/24)

ഏഴ് ആകാശങ്ങളുടെയും ഭൂമികളുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും മനുഷ്യരും മൃഗങ്ങളും പറവകളും ഉറുമ്പുകളും വൃക്ഷങ്ങളും മറ്റു പ്രാണികളും ഇഴജീവികളും സമുദ്രവും അതിലെ ജീവികളുമടക്കം അനന്തകോടി ജീവികളുടെയും അജൈവ വസ്തുക്കളുടെയുമെല്ലാം രക്ഷിതാവാണ് അല്ലാഹു. അവനാണ് റബ്ബ്. അവനാണ് എല്ലാറ്റിനും അവയുടെതായ പ്രകൃതം നല്‍കിയ രക്ഷിതാവ്.

قَالَ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ ‎

അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വ പിതാക്കളുടെ രക്ഷിതാവുമത്രെ (അവന്‍) (ഖുർആൻ:26/26)

قَالَ رَبُّ ٱلْمَشْرِقِ وَٱلْمَغْرِبِ وَمَا بَيْنَهُمَآ ۖ إِن كُنتُمْ تَعْقِلُونَ

അദ്ദേഹം (മൂസാ) പറഞ്ഞു: ഉദയസ്ഥാനത്തിന്‍റെയും അസ്തമയസ്ഥാനത്തിന്‍റെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവത്രെ (അവന്‍) നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരാണെങ്കില്‍. (ഖുർആൻ:26/28)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *