യുദ്ധവേളയില്‍ ശത്രുക്കളില്‍ നിന്നു പിടിച്ചെടുക്കുന്ന സ്വത്തുക്കള്‍ക്കാണ്‌ ‘ഗനീമത്ത്’ (غَنِيمَة) അഥവാ ‘യുദ്ധാര്‍ജ്ജിത സ്വത്ത്’ എന്ന് പറയുന്നത്. മുൻസമുദായങ്ങളിൽ പ്രവാചകന്‍മാർക്കോ അവരുടെ സമുദായത്തിനോ ഗനീമത്ത് സ്വത്തില്‍ നിന്നും ഓഹരി അനുവദിച്ചിരുന്നില്ല. ഗനീമത്തായി ലഭിച്ച സ്വത്ത് ഒരുമിച്ചുകൂട്ടി വെക്കുകയും ആകാശത്തുനിന്നും തീ വന്നു അതിനെ തിന്നുകയും ചെയ്യുന്ന രീതിയായിരുന്നു മുന്‍ സമുദായങ്ങളില്‍ ഉണ്ടായിരുന്നത്. ഈ ഉമ്മത്തിന്റെ ദുര്‍ബലതയും അശക്തതയും കണക്കിലെടുത്ത് ഗനീമത്ത് സ്വത്ത് അവര്‍ക്ക് അല്ലാഹു അനുവദിച്ചു കൊടുത്തു.

عَنْا جَابِرُ بْنُ عَبْدِ اللَّهِ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ: أُعْطِيتُ خَمْسًا لَمْ يُعْطَهُنَّ أَحَدٌ قَبْلِي ……….. وَأُحِلَّتْ لِيَ الْمَغَانِمُ وَلَمْ تَحِلَّ لأَحَدٍ قَبْلِي

ജാബിര്‍ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എനിക്ക്‌ മുമ്പുള്ളവര്‍ക്ക്‌ നല്‍കാത്ത അഞ്ച് കാര്യങ്ങള്‍ എനിക്ക്‌ അല്ലാഹു നല്‍കിയിരിക്കുന്നു ………….. …… ശത്രുക്കളുമായുള്ള യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന ധനം ഉപയോഗിക്കുവാന്‍ എനിക്ക്‌ അനുമതി നല്‍കിയിരിക്കുന്നു. എനിക്ക്‌ മുമ്പ്‌ ആര്‍ക്കും അതനുവദിച്ചുകൊടുത്തിരുന്നില്ല …… (ബുഖാരി:335)

ثُمَّ أَحَلَّ اللَّهُ لَنَا الْغَنَائِمَ، رَأَى ضَعْفَنَا وَعَجْزَنَا فَأَحَلَّهَا لَنَا

നബി ﷺ പറഞ്ഞു: …… അല്ലാഹു പിന്നീട് യുദ്ധാ൪ജ്ജിത സ്വത്ത് നമുക്ക് അനുവദനീയമാക്കി. നമ്മുടെ ദു൪ബലതയും അശക്തിയും കണ്ടുകൊണ്ടാണ് നമുക്ക് അത് അനുവദനീയമാക്കിയത്. (ബുഖാരി:3124)

എന്നാൽ ഈ ഉമ്മത്തിൽ ഗനീമത്ത് സ്വത്ത് എങ്ങനെയാണ് വീതം വെക്കുന്നതെന്ന കാര്യത്തിൽ കൃത്യമായ നിയമം ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. ബദ്ര്‍ യുദ്ധത്തിലെ ഗനീമത്ത് സ്വത്തുക്കള്‍ ഭാഗിക്കുന്ന അവസരത്തില്‍,  അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് അല്ലാഹു ഈ വചനം അവതരിപ്പിച്ചു.

يَسْـَٔلُونَكَ عَنِ ٱلْأَنفَالِ ۖ قُلِ ٱلْأَنفَالُ لِلَّهِ وَٱلرَّسُولِ ۖ فَٱتَّقُوا۟ ٱللَّهَ وَأَصْلِحُوا۟ ذَاتَ بَيْنِكُمْ ۖ وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥٓ إِن كُنتُم مُّؤْمِنِينَ

(നബിയേ,) നിന്നോടവര്‍ യുദ്ധത്തില്‍ നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു. പറയുക: യുദ്ധത്തില്‍ നേടിയ സ്വത്തുക്കള്‍ അല്ലാഹുവിനും അവന്‍റെ റസൂലിനുമുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. (ഖു൪ആന്‍ :8/1)

ഭിന്നതക്കുള്ള കാരണം ഇതായിരുന്നു: യുദ്ധം നടന്നുകൊണ്ടിരിക്കെ ഒരു വിഭാഗം ആളുകള്‍ ശത്രുക്കളെ പരാജയപ്പെടുത്തിക്കൊണ്ടും അവരെ കൊലപ്പെടുത്തിക്കൊണ്ടും മുന്നോട്ടു നീങ്ങി. മറ്റൊരു വിഭാഗം ആളുകള്‍ നബി ﷺ യെ സംരക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. അല്‍പം ചില ആളുകള്‍ ഗനീമത്ത് സ്വത്ത് സമാഹരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാവരും രാത്രിയില്‍ ഒത്തു കൂടിയപ്പോള്‍ ഗനീമത്ത് സ്വത്ത് സമാഹരിച്ച ആളുകള്‍ പറഞ്ഞു: ‘ഞങ്ങളാണ് ഇത് ഒരുമിച്ചു കൂട്ടിയത്. അതുകൊണ്ട് ഇതില്‍ മറ്റാര്‍ക്കും പങ്കില്ല.’ ശത്രുക്കളെ പരാജയപ്പെടുത്തിക്കൊണ്ട് മുന്നോട്ട് നീങ്ങിയ ആളുകള്‍ പറഞ്ഞു: ‘ഞങ്ങളാണ് നിങ്ങളെക്കാള്‍ അതിനര്‍ഹര്‍. കാരണം, ഞങ്ങളാണ് ശത്രുക്കളെ പരാജയപ്പെടുത്തിയത്.’ നബി ﷺ യുടെ സംരക്ഷണത്തിനായി നിന്ന ആളുകള്‍ പറഞ്ഞു: ‘ഞങ്ങളാണ് അതിന് അര്‍ഹരായിട്ടുള്ളത്. നബി ﷺയെ ശത്രുക്കള്‍ ചതിച്ചു കൊല്ലുമോ എന്ന ഭയം ഞങ്ങള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ പ്രവാചകന്റെ കൂടെ നിന്നത്.’ ഈ അവസരത്തിലാണ് ഈ വചനം അവതരിച്ചത്. (അഹ്മദ്: 22762)

عن أبي أمامة الباهلي قال: سَأَلتُ عُبادةَ بنَ الصّامتِ عن الأنفالِ، فقال: فينا مَعشَرَ أصحابِ بَدرٍ نَزَلَتْ، حين اختَلَفْنا في النَّفَلِ، وساءتْ فيه أخلاقُنا، فانتزَعَه اللهُ مِن أيْدينا، وجَعَلَه إلى رسولِ اللهِ ﷺ، فقَسَمَه رسولُ اللهِ ﷺ بيْنَ المُسلِمينَ عن بَواءٍ، يقولُ: على السَّواءِ..

അബൂഉമാമഃ  رَضِيَ اللهُ عَنْهُ പറയുന്നു: ‘അന്‍ഫാൽ’ നെ കുറിച്ചു ഞാന്‍ ഉബാദത്തുബ്നു സ്വാമിത് رَضِيَ اللهُ عَنْهُ വിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ബദ്ര്‍ യുദ്ധത്തിന്റെ ആള്‍ക്കാരായ ഞങ്ങളുടെ വിഷയത്തിലാണു അതു അവതരിച്ചതു. അതായതു, ഞങ്ങള്‍ ഗനീമത്തിനെപ്പറ്റി ഭിന്നിച്ചപ്പോള്‍, അതു സംബന്ധിച്ചു ഞങ്ങളുടെ സ്വഭാവം വളരെ ചീത്തയായിപ്പോയി. അപ്പോള്‍, അല്ലാഹു അതു ഞങ്ങളുടെ കൈകളില്‍ നിന്നു പിടിച്ചെടുത്ത് നബി ﷺ യെ ഏല്‍പിച്ചു. അങ്ങനെ, നബി ﷺ  അത് മുസ്‌ലിംകള്‍ക്കിടയില്‍ സമത്തില്‍ ഭാഗിച്ചു. (അഹ്മദ്:22747)

ശത്രുപക്ഷത്തുനിന്നു യുദ്ധത്തില്‍ പിടിച്ചെടുക്കപ്പെട്ട സ്വത്തുക്കളില്‍ ആര്‍ക്കുമാര്‍ക്കും പ്രത്യേക അവകാശമൊന്നുമില്ല. അവയുടെ അവകാശവും കൈകാര്യവും അല്ലാഹുവിനും റസൂല്‍ ﷺ ക്കും ആകുന്നു. അതെങ്ങിനെ വിനിയോഗിക്കണമെന്നു അല്ലാഹു കല്‍പിക്കുന്നുവോ അതുപോലെ നബി ﷺ അതു വിനിയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ആ വിഷയത്തില്‍ നിങ്ങള്‍ തമ്മില്‍ വഴക്കും ഭിന്നിപ്പും ഉണ്ടാവാന്‍ പാടില്ലെന്ന് ഈ വചനം മുഖേന അല്ലാഹു അറിയിക്കുന്നു.

അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പന അനുസരിക്കണമെന്നു മൊത്തത്തില്‍ പറഞ്ഞതല്ലാതെ, ഇന്നിന്ന പ്രകാരമാണു ഗനീമത്തു ഭാഗിക്കേണ്ടതെന്നു ഈ വചനത്തില്‍ വിശദീകരിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇതേ സൂറത്തിലെ മറ്റൊരു ആയത്തിലൂടെ അല്ലാഹു അത് വ്യക്തമാക്കി.

وَٱعْلَمُوٓا۟ أَنَّمَا غَنِمْتُم مِّن شَىْءٍ فَأَنَّ لِلَّهِ خُمُسَهُۥ وَلِلرَّسُولِ وَلِذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱبْنِ ٱلسَّبِيلِ إِن كُنتُمْ ءَامَنتُم بِٱللَّهِ وَمَآ أَنزَلْنَا عَلَىٰ عَبْدِنَا يَوْمَ ٱلْفُرْقَانِ يَوْمَ ٱلْتَقَى ٱلْجَمْعَانِ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ

നിങ്ങള്‍ (യുദ്ധത്തില്‍) നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്നും അതിന്‍റെ അഞ്ചിലൊന്ന് അല്ലാഹുവിനും റസൂലിനും (റസൂലിന്‍റെ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കന്‍മാര്‍ക്കും ഉള്ളതാണെന്ന് നിങ്ങള്‍ മനസ്സിലാക്കുവിന്‍. അല്ലാഹുവിലും സത്യാസത്യവിവേചനത്തിന്‍റെ ദിവസത്തില്‍ അഥവാ ആ രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസത്തില്‍ നമ്മുടെ ദാസന്‍റെ മേല്‍ നാം അവതരിപ്പിച്ചതിലും നിങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കില്‍. അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖു൪ആന്‍ :8/41)

1-ാമത്തെ വചനത്തില്‍, ഗനീമത്തിന്റെ ഉടമസ്ഥതയും അവകാശവും അല്ലാഹുവിനും റസൂലിനുമാണെന്നും പറഞ്ഞു. അതിന്റെ വിശദീകരണവും, ഗനീമത്തു ഭാഗിക്കേണ്ടുന്ന വിധവുമാണു ഈ വചനത്തിലുള്ളത്‌. ആകെയുള്ള സ്വത്ത് അഞ്ചായി ഭാഗിച്ച് അതിലൊരു പങ്കു വീണ്ടും അഞ്ചായി ഭാഗിക്കുക. ഈ അഞ്ചില്‍ ഒരു ഭാഗം അല്ലാഹുവിനും റസൂലിനുമുള്ളതാണ്‌. അതായത്, പൊതു ആവശ്യങ്ങളില്‍ ചിലവഴിക്കുവാനും, നബി ﷺ യുടെ അത്യാവശ്യങ്ങള്‍ക്കു വിനിയോഗിക്കുവാനും വേണ്ടി നനബി ﷺ ക്ക്‌ പ്രത്യേകം നീക്കിവെക്കേണ്ടതാകുന്നു. നബി ﷺ യുടെ ശേഷം അവിടുന്നു ജീവിച്ചിരുന്നപ്പോള്‍ വിനിയോഗിച്ചിരുന്ന പോലെയുള്ള പൊതുവിഷയങ്ങളില്‍ അതു വിനിയോഗിക്കപ്പെടേണ്ടതാകുന്നു. ബാക്കിയുള്ള നാല് പങ്കുകളില്‍ ഒന്നു നബി നബി ﷺ യുടെ അടുത്ത കുടുംബങ്ങള്‍ക്കുള്ളതാണ്‌. ബനൂഹാശിം ശാഖയിലും, ബനൂമുത്ത്വലിബ്‌ ശാഖയിലും പെട്ട കുടുംബങ്ങള്‍ക്കായിരുന്നു നബി ﷺ അതു കൊടുത്തു വന്നിരുന്നത്‌.  ഒരു പങ്കു അനാഥകള്‍ക്കും, ഒന്ന് സാധുക്കളും പാവങ്ങളുമായ ആളുകള്‍ക്കും, ഒന്ന് സ്വദേശം വിട്ട് പോന്ന് വഴിയാധാരരായിക്കഴിയുന്നവര്‍ക്കുമാണ്‌.

ഈ അഞ്ച് പങ്കുകളും കഴിച്ച്‌ ബാക്കിയുള്ളത്‌ – അഥവാ ആകെ സ്വത്തിന്‍റെ അഞ്ചില്‍ നാലംശം – യുദ്ധത്തില്‍ പങ്കു വഹിച്ചവര്‍ക്കു നല്‍കപ്പെടുന്നതാകുന്നു. എന്നാല്‍, ചില പ്രത്യേക പരിതഃസ്ഥിതികളില്‍, ഈ നാലംശത്തിന്‍റെ ഏതാനും ഭാഗമോ, മുഴുവന്‍ ഭാഗവും തന്നെയോ യുദ്ധത്തില്‍ നേരിട്ടു പങ്കൊന്നും വഹിച്ചിട്ടില്ലാത്തവര്‍ക്കും, പൊതു ആവശ്യങ്ങള്‍ക്കും നബി ﷺ വിനിയോഗിക്കുകയുണ്ടായിട്ടുണ്ട്‌. അതിനാല്‍, ഇമാമിന്‍റെ (ഭരണാധികാരിയുടെ) യുക്തമനുസരിച്ചു ആവശ്യാനുസരണം അതില്‍ ഭേദഗതി സ്വീകരിക്കാമെന്നാണു പൊതുവെയുള്ള പണ്‌ഡിതാഭിപ്രായം. ഗനീമത്തിന്‍റെ വിതരണത്തെ സംബന്ധിച്ചു ഈ വചനത്തില്‍ പ്രസ്‌താവിച്ചതിന്‍റെ ഒരു സാമാന്യ വിവരണമാണിത്‌.

മേല്‍ കണ്ട പ്രകാരം ഭാഗിക്കല്‍ വളരെ കര്‍ശനമായ ഒരു നിര്‍ബ്ബന്ധ നിയമമാണെന്നും, അങ്ങിനെ ഭാഗിക്കാതെ അതില്‍ നിന്നും വല്ലതും എടുത്തു ഉപയോഗിക്കുന്നതു കര്‍ശനമായും തടയപ്പെട്ടിട്ടുണ്ടെന്നുമാണ്‌ إِن كُنتُمْ آمَنتُم بِاللَّهِ (അല്ലാഹുവിലും, നമ്മുടെ അടിയാനു നാം ഇറക്കിയതിലും നിങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെങ്കില്‍) എന്ന വാക്യം കാണിക്കുന്നത്‌. സ്വഹീഹുല്‍ ബുഖാരിയില്‍ ‘അഞ്ചിലൊന്നു കൊടുത്തുതീര്‍ക്കല്‍ സത്യവിശ്വാസത്തില്‍പെട്ടതാണ്‌.’ (ادَاء الخمس من الايمان) എന്ന തലക്കെട്ടില്‍ ഒരു അദ്ധ്യായം തന്നെയുണ്ട്‌. അതില്‍ അബ്‌ദുല്‍ കൈസ് ഗോത്രത്തിലെ നിവേദക സംഘത്തിനു നബി ﷺ നല്‍കിയ ഉപദേശ നിര്‍ദേശങ്ങളടങ്ങിയ പ്രസിദ്ധ ഹദീഥാണു ബുഖാരി  رحمه الله ഉദ്ധരിച്ചിരിക്കുന്നത്‌. ഈ ഹദീഥും ഇതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു.

عَنْ أَبِي جَمْرَةَ، قَالَ كُنْتُ أَقْعُدُ مَعَ ابْنِ عَبَّاسٍ، يُجْلِسُنِي عَلَى سَرِيرِهِ فَقَالَ أَقِمْ عِنْدِي حَتَّى أَجْعَلَ لَكَ سَهْمًا مِنْ مَالِي، فَأَقَمْتُ مَعَهُ شَهْرَيْنِ، ثُمَّ قَالَ إِنَّ وَفْدَ عَبْدِ الْقَيْسِ لَمَّا أَتَوُا النَّبِيَّ صلى الله عليه وسلم قَالَ ‏”‏ مَنِ الْقَوْمُ أَوْ مَنِ الْوَفْدُ ‏”‏‏.‏ قَالُوا رَبِيعَةُ‏.‏ قَالَ ‏”‏ مَرْحَبًا بِالْقَوْمِ ـ أَوْ بِالْوَفْدِ ـ غَيْرَ خَزَايَا وَلاَ نَدَامَى ‏”‏‏.‏ فَقَالُوا يَا رَسُولَ اللَّهِ، إِنَّا لاَ نَسْتَطِيعُ أَنْ نَأْتِيَكَ إِلاَّ فِي شَهْرِ الْحَرَامِ، وَبَيْنَنَا وَبَيْنَكَ هَذَا الْحَىُّ مِنْ كُفَّارِ مُضَرَ، فَمُرْنَا بِأَمْرٍ فَصْلٍ، نُخْبِرْ بِهِ مَنْ وَرَاءَنَا، وَنَدْخُلْ بِهِ الْجَنَّةَ‏.‏ وَسَأَلُوهُ عَنِ الأَشْرِبَةِ‏.‏ فَأَمَرَهُمْ بِأَرْبَعٍ، وَنَهَاهُمْ عَنْ أَرْبَعٍ، أَمَرَهُمْ بِالإِيمَانِ بِاللَّهِ وَحْدَهُ‏.‏ قَالَ ‏”‏ أَتَدْرُونَ مَا الإِيمَانُ بِاللَّهِ وَحْدَهُ ‏”‏‏.‏ قَالُوا اللَّهُ وَرَسُولُهُ أَعْلَمُ‏.‏ قَالَ ‏”‏ شَهَادَةُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامُ الصَّلاَةِ، وَإِيتَاءُ الزَّكَاةِ، وَصِيَامُ رَمَضَانَ، وَأَنْ تُعْطُوا مِنَ الْمَغْنَمِ الْخُمُسَ ‏”‏‏.‏ وَنَهَاهُمْ عَنْ أَرْبَعٍ عَنِ الْحَنْتَمِ وَالدُّبَّاءِ وَالنَّقِيرِ وَالْمُزَفَّتِ‏.‏ وَرُبَّمَا قَالَ الْمُقَيَّرِ‏.‏ وَقَالَ ‏”‏ احْفَظُوهُنَّ وَأَخْبِرُوا بِهِنَّ مَنْ وَرَاءَكُمْ ‏”‏‏.‏

അബ്ദുല്ലാഹിബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: അബ്‌ദുൽ ഖൈസ് ഗോത്രത്തിലെ ഒരു നിവേദക സംഘം നബി ﷺ യുടെ അടുത്തുവന്നപ്പോൾ അവിടുന്നു ചോദിച്ചു. നിങ്ങൾ എവിടെ നിന്നുള്ള ജനതയാണ്. അവർ പറഞ്ഞു. ഞങ്ങൾ റബീഅത്തു ഗോത്രക്കാരാണ്. നബി ﷺ പറഞ്ഞു: നിങ്ങൾക്ക് പാർണ്ണ സ്വാഗതം. നിന്ദ്യതയോ ദുഃഖമോ നിങ്ങൾക്കുവരില്ല. അവർ പറഞ്ഞു. ദൈവദൂതരേ, യുദ്ധം നിഷിദ്ധമായ മാസങ്ങളിലല്ലാതെ അങ്ങയുടെ അടുത്തെത്താൻ ഞങ്ങൾക്കു കഴിയില്ല. കാരണം, ഞങ്ങൾക്കും താങ്കൾക്കുമിടയിൽ മുദ്ർ ഗോത്ര ത്തിലെ അവിശ്വാസികളായ ജനതയുണ്ട്. അതിനാൽ വ്യക്തമായ കാര്യങ്ങൾ ഞങ്ങളോട് ഉപദേശിച്ചാലും. ഇവിടെ വന്നിട്ടില്ലാത്ത നാട്ടിലുള്ളവരോട് അവയെ ക്കുറിച്ച് ഞങ്ങൾക്കു പറയുകയും ചെയ്യാം. അവയനുസരിച്ച് (ജീവിച്ച്) ഞങ്ങൾക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും ചെയ്യാമല്ലോ. അങ്ങിനെ അവർ പാനീയങ്ങളെ ക്കുറിച്ച് പ്രവാചകനോട് ചോദിച്ചു. അപ്പോൾ നബി ﷺ അവരോട് നാല് കാര്യ ങ്ങൾ കൽപിക്കുകയും നാല് കാര്യങ്ങൾ വിരോധിക്കുകയും ചെയ്തു. കൽപിച്ചത് ഏകനായ അല്ലാഹുവിലുള്ള വിശ്വാസത്തെ സംബന്ധിച്ചാണ്.

നബി ﷺ ചോദിച്ചു: ഏകനായ അല്ലാഹുവിൽ വിശ്വസിക്കും. എന്നാലെന്തെന്ന് നിങ്ങൾക്കറിയാമോ? അവർ പറഞ്ഞു: അല്ലാഹുവിനും അവൻ്റെ ദുതനും അറിയാം. അവിടുന്നു പറഞ്ഞു: അല്ലാഹുവല്ലാതെ ദൈവമില്ലെന്നും മുഹമ്മദ് അല്ലാഹുവിൻറെ ദൂതനാണെന്നും സാക്ഷ്യം വഹിക്കലും, നമസ്കാരം നിലനിർത്തലും സക്കാത്ത് നൽകലും റമദാനിൽ വ്രതമനുഷ്‌ഠിക്കലും ഗനീമത്തിൽനിന്ന് അഞ്ചിലൊന്ന് വിട്ടുകൊടുക്കലുമാണത്. നബി ﷺ നാലുകാര്യങ്ങൾ അവർക്ക് നിരോധിച്ചു. മദ്യം സൂക്ഷിക്കുന്ന വീപ്പ, ചുരങ്ങത്തൊണ്ട്, ഈത്തപ്പന മുരട് തുരന്നുണ്ടാക്കുന്ന വലിയ പാത്രം, കീല് തേച്ച പാത്രം എന്നിവയാണവ. എന്നിട്ട് നബി ﷺ പറഞ്ഞു: ഇക്കാര്യങ്ങൾ നിങ്ങൾ സുക്ഷിച്ച് പാലിക്കണം. നിങ്ങളുടെ പിറകിലുള്ള (നിങ്ങളുടെ കൂടെ വന്നിട്ടില്ലാത്ത)വർക്ക് ഇതറിയിച്ചു കൊടുക്കുകയും വേണം. (ബുഖാരി:53)

അങ്ങനെ അല്ലാഹു കല്‍പിച്ചതു പോലെ ബദ്‌റില്‍ പങ്കെടുത്ത ആളുകള്‍ക്കിടയിലായി ഗനീമത്ത് സ്വത്ത് വീതിക്കപ്പെട്ടു:

فَكُلُوا۟ مِمَّا غَنِمْتُمْ حَلَٰلًا طَيِّبًا ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

എന്നാല്‍ (യുദ്ധത്തിനിടയില്‍) നിങ്ങള്‍ നേടിയെടുത്തതില്‍ നിന്ന് അനുവദനീയവും ഉത്തമവുമായത് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍ :8/69)

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *