الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛
ഗാഇബിന്‍റെ മയ്യത്തിന് വേണ്ടി അഥവാ മയ്യത്തിന്‍റെ അസാന്നിദ്ധ്യത്തില്‍ മയ്യത്തിന് വേണ്ടി മയ്യത്ത് നമസ്കാരം നടത്തുന്നതുമായി ബന്ധപ്പെട്ട് ഫുഖഹാക്കള്‍ക്ക് വ്യത്യസ്ഥ അഭിപ്രായമുണ്ട്.
അബിസീനിയയിലെ രാജാവായിരുന്ന നജാശി (റ) യുടെ മേല്‍ നബി ﷺ മയ്യിത്ത് നമസ്കരിച്ചതായി ഇമാം ബുഖാരി رحمه الله യും ഇമാം മുസ്‌ലിം رحمه الله യും ഉദ്ദരിച്ച ഹദീസ് ആണ് ഈ വിഷയത്തിലെ ആധാരം:
عن أبي هريرة: أن رسول الله صلى الله عليه وسلم نعى النجاشي في اليوم الذي مات فيه، وخرج بهم إلى المصلى، فصف بهم، وكبر عليه أربع تكبيرات .
അബൂഹുറൈറ رضى الله عنه വില്‍ നിന്നും നിവേദനം: നജാശി (റ) മരണപ്പെട്ട ദിവസം നബി ﷺ അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത അറിയിച്ചു. എന്നിട്ട് സ്വഹാബത്തിനെയും കൂട്ടി മുസ്വല്ലയിലേക്ക് നീങ്ങി. അവരെ സ്വഫാക്കി നിര്‍ത്തി. എന്നിട്ടദ്ദേഹത്തിനുവേണ്ടി നാല് തക്ബീറുകള്‍ കെട്ടി (നമസ്കരിച്ചു).” – [ബുഖാരി: 1333, മുസ്‌ലിം: 951].
അതുപോലെ:
وعن جابر رضي الله عنه أيضاً: “أن النبي صلى الله عليه وسلم صلى على النجاشي فكنتُ في الصف الثاني أو الثالث.
ജാബിര്‍ رضى الله عنه വില്‍ നിന്നും നിവേദനം: നബി ﷺ നജാശിക്ക് വേണ്ടി നമസ്കരിച്ചു. ഞാനപ്പോള്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ സ്വഫ്ഫിലായിരുന്നു.” – [ബുഖാരി: 1317].
പക്ഷെ ഈ ഹദീസുകളുടെ വിശദീകരണവുമായി ബന്ധപ്പെട്ട് കര്‍മശാസ്ത്രപരമായ അഭിപ്രായവിത്യാസം നിലനില്‍ക്കുന്നുണ്ട്. അതാണ് ഈ വിഷയത്തിലെ അഭിപ്രായഭിന്നതക്ക്കാരണം.
ഒന്നാമത്തെ അഭിപ്രായം: ഇമാം അബൂ ഹനീഫ رحمه الله, ഇമാം മാലിക് رحمه الله തുടങ്ങിയവര്‍ അത് നബി ﷺ ക്ക് മാത്രമാണ് അനുവദിക്കപ്പെട്ടത് എന്നും. അതുകൊണ്ട് തന്നെ മറ്റൊരാള്‍ക്കും അത് അനുവദനീയമല്ല എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ‘നബി ﷺ ക്ക് നമസ്കാരവേളയില്‍ നജാശിയുടെ മയ്യത്ത് അല്ലാഹു കാണിച്ചുകൊടുത്തു’ എന്ന് പരാമര്‍ശമുള്ള ഹദീസ് ആണ് ഈ അഭിപ്രായക്കാര്‍ തെളിവ് പിടിക്കുന്നത്. കാരണം അപ്രകാരം നബി ﷺ ക്ക് മാത്രമേ കാണിക്കപ്പെടുകയുള്ളുവല്ലോ.
എന്നാല്‍ ‘അത് നബി ﷺ ക്ക് മാത്രം പ്രത്യേകമായി അനുവദനീയമായ കാര്യമാണ്, ഒരു സാഹചര്യത്തിലും മറ്റുള്ളവര്‍ക്ക് അത് അനുവദനീയമായി മാറുകയില്ല’ എന്ന അഭിപ്രായത്തോട് യോജിക്കാന്‍ സാധിക്കില്ല. കാരണം നബി ﷺ ക്ക് അദ്ദേഹത്തിന്‍റെ മയ്യത്ത് കാണിക്കപ്പെട്ടു എന്ന പരാമര്‍ശമുള്ള ഹദീസുകള്‍ ദുര്‍ബലമാണ്. സ്പഷ്ടമായ തെളിവില്ലാതെ അത് നബി ﷺ ക്ക് മാത്രം ബാധകമായ കാര്യമാണ് എന്ന് പറയാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഇനി നമ്മള്‍ പരിശോധിക്കേണ്ടത് ഈ വിഷയത്തിലെ രണ്ടാമത്തെ അഭിപ്രായമാണ്.
ഈ വിഷയത്തിലെ രണ്ടാമത്തെ അഭിപ്രായം: നജാശി (റ) രാജാവിന്‍റെ സംഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ഗാഇബിന്‍റെ മയ്യിത്ത് നമസ്കരിക്കാം എന്നതാണ്. എന്നാല്‍ നജാശി(റ) രാജാവിന്‍റെ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ഗാഇബിന്‍റെ മയ്യത്ത് നമസ്കാരം നിര്‍വഹിക്കാം എന്ന് പറഞ്ഞ ഫുഖഹാക്കള്‍ക്കിടയിലും മൂന്ന് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അത് ഓരോന്നും പരിശോധിക്കാം:
ഒന്ന്: ‘ ഏതൊരാള്‍ക്ക് വേണ്ടിയും അസാന്നിദ്ധ്യത്തില്‍ മയ്യത്ത് നമസ്കാരം നിര്‍വഹിക്കാം ‘ എന്ന അഭിപ്രായമാണ് അതില്‍ ഒരഭിപ്രായം. ഇമാം അഹ്മദ് رحمه الله യും, ഇമാം ശാഫിഇ رحمه الله യും ഈ അഭിപ്രായക്കാരാണ്. അഥവാ നജ്ജാശി (റ) വിന്‍റെ സംഭവം ഏതൊരാള്‍ക്ക് വേണ്ടിയും അവരുടെ അസാന്നിദ്ധ്യത്തില്‍ മയ്യിത്ത് നമസ്കരിക്കാനുള്ള തെളിവാണ് എന്നതാണ് അവരുടെ അഭിപ്രായം. ആദ്യത്തില്‍ സൂചിപ്പിച്ച നജ്ജാശി (റ) യുടെ സംഭവം പരാമര്‍ശിക്ക പ്പെട്ടിട്ടുള്ള ഹദീസുകള്‍ തന്നെയാണ് ഇവര്‍ തെളിവ് പിടിച്ചിട്ടുള്ളത്.
രണ്ട്: ‘എല്ലാവര്‍ക്ക് വേണ്ടിയും അപ്രകാരം ഗാഇബിന്‍റെ മയ്യത്ത് നമസ്കാരം നിര്‍വഹിക്കാവതല്ല. എന്നാല്‍ നജ്ജാശി (റ) വിനെപ്പോലെ, മുസ്‌ലിം സമുദായത്തിലെ സ്ഥാനമുള്ള ഭരണാധികാരികള്‍, പണ്ഡിതന്മാര്‍ തുടങ്ങിയവര്‍ക്ക് വേണ്ടി അസാന്നിദ്ധ്യത്തിലും മയ്യത്ത് നമസ്കാരം നിര്‍വഹിക്കാവുന്നതാണ്’ എന്നതാണ് രണ്ടാമത്തെ അഭിപ്രായം. ഇവരും തെളിവ് പിടിക്കുന്നത് നേരത്തെ സൂചിപ്പിച്ച നജാശി (റ) യുടെ ഹദീസ് തന്നെയാണ്. ഈ രണ്ടാമത്തെ അഭിപ്രായം ആണ് ശൈഖ് ഇബ്നു ബാസ് رحمه الله യുടെ അഭിപ്രായം. അദ്ദേഹം പറയുന്നു:
“إذا كان الغائب له شأن في الإسلام، كالنجاشي، فإن النبي صلى على النجاشي لما مات في بلاده، أخبر به الصحابة وصلى عليه صلاة الغائب، ولم يثبت عنه في الصلاة على الغائب إلا هذا الحديث، فإذا كان الغائب إمام عدل، وإمام خير صلي عليه صلاة الغائب، ولي الأمر يأمر بالصلاة عليه صلاة الغائب، وهكذا علماء الحق ودعاة الهدى إذا صلي عليهم صلاة الغائب فهذا حسن كما صلى النبي على النجاشي عليه الصلاة والسلام، أما أفراد الناس فلا تشرع الصلاة عليهم، لأن الرسول ما صلى على كل غائب، وإنما صلى على شخص واحد، له قدم في الإسلام.”
“അസാന്നിദ്ധ്യത്തിലുള്ള മയ്യത്ത് മുസ്‌ലിമീങ്ങള്‍ക്കിടയില്‍ സ്ഥാനമുള്ള നജ്ജാശി (റ))യെപ്പോലുള്ള ഒരാളാണെങ്കില്‍ (നമസ്കരിക്കാം). കാരണം നജ്ജാശി (റ) അദ്ദേഹത്തിന്‍റെ രാജ്യത്തുവച്ച് മരണപ്പെട്ടപ്പോള്‍, നബി ﷺ അത് സ്വഹാബത്തിനെ അറിയിക്കുകയും മയ്യത്തിന്‍റെ അസാന്നിദ്ധ്യത്തില്‍ മയ്യത്ത് നമസ്കാരം നിര്‍വഹിക്കുകയും ചെയ്തു. ഗാഇബായ മയ്യിത്തിന് വേണ്ടി നമസ്കരിച്ചതുമായി ബന്ധപ്പെട്ട് നബി ﷺ യില്‍ നിന്നും ഇതല്ലാതെ മറ്റൊരു ഹദീസും വന്നിട്ടില്ല. മറഞ്ഞ മയ്യത്ത് നീതിമാനും നല്ലവനുമായ ഭരണാധികാരിയാണെങ്കില്‍ അവര്‍ക്ക് വേണ്ടി ഗാഇബിന്‍റെ മയ്യത്ത് നമസ്കാരം നിര്‍വഹിക്കാം, ഒരു ഭരണാധികാരിക്ക് (നാട്ടിലെ ഉത്തരവാദിത്തപ്പെട്ട ആള്‍ക്ക്) മറ്റുള്ളവരോട് ഗാഇബിനുള്ള മയ്യിത്ത് നമസ്കാരം നിര്‍വഹിക്കാന്‍ വേണ്ടി കല്പിക്കാം. അതുപോലെത്തന്നെ സത്യത്തിനായി നിലകൊള്ളുന്ന പണ്ഡിതന്മാര്‍, സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്ന പ്രബോധകന്മാര്‍ തുടങ്ങിയവര്‍ക്കൊക്കെ വേണ്ടി നബി ﷺ നജ്ജാശി (റ) ക്ക് വേണ്ടി നിര്‍വഹിച്ചത് പോലെ മറഞ്ഞ നിലക്ക് മയ്യത്ത് നമസ്കാരം നിര്‍വഹിച്ചാല്‍ അത് വളരെ നല്ലതാണ്. എന്നാല്‍ സാധാരണക്കാരായ ഒറ്റപ്പെട്ട ഓരോ വ്യക്തികള്‍ക്ക് വേണ്ടിയും അസാന്നിദ്ധ്യത്തില്‍ മയ്യത്ത് നമസ്കാരം നിര്‍വഹിക്കുന്നത് അനുവദനീയമല്ല. കാരണം നബി ﷺ അത്തരത്തില്‍ എല്ലാ മയ്യത്തിനും വേണ്ടി അസാന്നിദ്ധ്യത്തില്‍ നമസ്കരിച്ചിട്ടില്ല. മറിച്ച് മുസ്‌ലിംഗള്‍ക്കിടയില്‍ സ്ഥാനമുള്ള ഒരു വ്യക്തിക്ക് വേണ്ടി മാത്രമാണ് നബി ﷺ നമസ്കരിച്ചത്”. – [source: http://www.binbaz.org.sa/node/14071].
മൂന്ന്: ‘ഒരു മയ്യത്തിന് വേണ്ടി അദ്ദേഹം മരണപ്പെട്ട ദേശത്തെ ആരും മയ്യത്ത് നമസ്കാരം നിര്‍വഹിച്ചിട്ടില്ലെങ്കില്‍ മാത്രം മറ്റുള്ളവര്‍ക്ക് അദ്ദേഹത്തിന് വേണ്ടി മയ്യത്തിന്‍റെ അസാന്നിദ്ധ്യത്തില്‍ നമസ്കരിക്കാവുന്നതാണ്. കാരണം നജ്ജാശി (റ) വിന് വേണ്ടി അദ്ദേഹത്തിന്‍റെ നാട്ടില്‍ ആരും നമസ്കരിക്കാത്തതിനാലാണ് നബി ﷺ അദ്ദേഹത്തിന് വേണ്ടി നമസ്കരിച്ചത്’. ഇതാണ് ഗാഇബിന് വേണ്ടി മയ്യത്ത് നമസ്കാരം നിര്‍വഹിക്കാം എന്ന് പറഞ്ഞവരില്‍ മൂന്നാമത്തെ അഭിപ്രായം. ഇമാം അഹ്മദ് رحمه الله യില്‍ നിന്നുമുള്ള മറ്റൊരു രിവായത്തും ഇതാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ رحمه الله, ഇബ്നുല്‍ ഖയ്യിം رحمه الله, ഇബ്നു ഉസൈമീന്‍ رحمه الله തുടങ്ങിയവര്‍ ഈ അഭിപ്രായക്കാരാണ്.
ഇബ്നു ഉസൈമീന്‍ رحمه الله യോട് ചോദിക്കപ്പെട്ട ചോദ്യവും അതിന് അദ്ദേഹം നല്‍കിയ മറുപടിയും.
ചോദ്യം: ഗാഇബിന്‍റെ മയ്യത്ത് നമസ്കരിക്കുന്നതിന്‍റെ വിധി എന്താണ്. പ്രത്യേകിച്ചും മയ്യത്തിന്‍റെ നാട്ടില്‍ അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ?.
ഉത്തരം: “ഗാഇബിന് വേണ്ടിയുള്ള മയ്യത്ത് നമസ്കാരം സുന്നത്തല്ല. ഏറ്റവും ശരിയായ അഭിപ്രായം മയ്യത്ത് നമസ്കാരം നിര്‍വഹിക്കപ്പെടാത്ത ഒരാള്‍ക്ക് വേണ്ടിയല്ലാതെ (ഗാഇബിനുള്ള മയ്യത്ത് നമസ്കാരം) നിര്‍വക്കാന്‍ പാടില്ല എന്നതാണ്. ഉദാഹരണത്തിന് ഒരാള്‍ കടലില്‍ വച്ച് മരണപ്പെട്ടു. കടലില്‍ മുങ്ങിപ്പോയി. അദ്ദേഹത്തിന് വേണ്ടി നമസ്കാരം നിര്‍വഹിക്കപ്പെട്ടിട്ടില്ല. എങ്കില്‍ നമ്മള്‍ അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കും.” – [ഈ വിഷയം അഭിപ്രായഭിന്നതക്ക് സാധുതയുള്ള വിഷയമാണ് എന്നും, അതിനാല്‍ ഒരാളും എതിരഭിപ്രായക്കാരെ ബിദ്അത്തുകാര്‍ എന്ന് പറയരുത് എന്നും, ഭരണാധികാരി ഒരാള്‍ക്ക് വേണ്ടി ഗാഇബിന്‍റെ മയ്യിത്ത് നമസ്കാരം നിര്‍വഹിക്കാന്‍ വേണ്ടി ആവശ്യപ്പെട്ടാല്‍ അത് ചെയ്യല്‍ പുണ്യകരമാണെന്നും ആ മറുപടിയില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
ഈ വിഷയത്തിലെ പ്രബലമായ അഭിപ്രായം സൂചിപ്പിക്കുന്നതിന് മുന്‍പ് സുപ്രധാനമായ ഒരുകാര്യം മനസ്സിലാക്കേണ്ടതുണ്ട്. അതായത് ഈ വിഷയം അഭിപ്രായഭിന്നതക്ക് സാധുതയുള്ള ഒരു വിഷയമാണ്. അഥവാ ഈ വിഷയത്തിലുള്ള അഭിപ്രായഭിന്നത خلاف معتبر , അതായത് ഫിഖ്ഹിയായി, പ്രമാണത്തിന്‍റെ അവലംബിച്ചുകൊണ്ട് തന്നെ അഭിപ്രായ ഭിന്നതക്ക് സാധുതയുള്ള അഭിപ്രായഭിന്നതയാണ്. അതിനാല്‍ത്തന്നെ തങ്ങള്‍ക്ക് ബോധ്യപ്പെട്ട പ്രമാണത്തിന്‍റെയും വിശദീകരണത്തിന്‍റെയും അടിസ്ഥാനത്തില്‍ ഒരഭിപ്രായം സ്വീകരിച്ചവര്‍ക്ക്, തങ്ങളുടെ അഭിപ്രായത്തിനുള്ള അടിസ്ഥാനമായി തങ്ങള്‍ സ്വീകരിച്ച തെളിവുകള്‍ പ്രകാരം, തങ്ങളുടെ വാദം വ്യക്തമാക്കാമെങ്കിലും എതിരഭിപ്രായക്കാരെ ആക്ഷേപിക്കാനോ പിഴച്ചവരെന്ന് മുദ്രകുത്താനോ പാടില്ല. ഇത് ഞാന്‍ നേരത്തെ സൂചിപ്പിച്ച ഇബ്നു ഉസൈമീന്‍ رحمه الله യുടെ മറുപടിയില്‍ വളരെ വ്യക്തമായി അദ്ദേഹം പരാമര്‍ശിചിട്ടുമുണ്ട്. لا إنكار في مسائل الإجتهاد അഥവാ ശറഇയ്യായി ഇജ്തിഹാദിന് സാധുതയുള്ള خلاف معتبر ആയ ഒരു വിഷയത്തില്‍ അന്യോന്യം ആക്ഷേപിക്കാന്‍ പാടില്ല എന്നത് ഉസ്വൂലുല്‍ ഫിഖ്ഹിലെ ഒരു തത്വം കൂടിയാണ്.
ഇനി വിഷയത്തെ പഠന വിധേയമാക്കിയാല്‍ നജാശി (റ) യുടെ സംഭവത്തില്‍ ഉദ്ദരിക്കപ്പെട്ട ഹദീസുകള്‍ മാത്രമാണ് സ്ഥിരപ്പെട്ട തെളിവുകളായി ഈ വിഷയത്തിലുള്ളത് എന്ന് മനസ്സിലാക്കാം. ഗാഇബിന് വേണ്ടി മയ്യത്ത് നമസ്കരിക്കാം എന്ന് പറഞ്ഞ മൂന്ന് അഭിപ്രായക്കാരില്‍ ആദ്യത്തെ രണ്ട് അഭിപ്രായക്കാരും ‘അദ്ദേഹത്തിന് വേണ്ടി അദ്ദേഹത്തിന്‍റെ നാട്ടില്‍ മറ്റാരും നമസ്കരിച്ചിട്ടില്ല’ എന്ന കാര്യത്തെ പരിഗണിച്ചിട്ടില്ല. ഒരുപക്ഷെ ‘അദ്ദേഹത്തിന് വേണ്ടി അദ്ദേഹത്തിന്‍റെ നാട്ടില്‍ മറ്റാരും നമസ്കരിച്ചിട്ടില്ല’ എന്ന പരാമര്‍ശം സ്പഷ്ടമായ രൂപത്തില്‍ ഹദീസുകളില്‍ പരാമര്‍ശിച്ചുകാണാത്തതിനാലാണത്. അതിനാലാണ് ഒന്നാം അഭിപ്രായക്കാര്‍ നിരുപാധികം ഗാഇബിന്‍റെ മയ്യത്ത് നമസ്കരിക്കാം എന്നതിലേക്കും, രണ്ടാം അഭിപ്രായക്കാര്‍ മുസ്‌ലിം സമൂഹത്തില്‍ സ്ഥാനമാനമുള്ള ആളാണെങ്കില്‍ ഗാഇബിന്‍റെ മയ്യത്ത് നമസ്കരിക്കാം എന്നതിലേക്കും പോകാന്‍ കാരണം. നബി ﷺനജാശിക്ക് വേണ്ടി മാത്രമേ അപ്രകാരം നമസ്കരിച്ചിട്ടുള്ളൂ എന്നതിനാലാണ് അദ്ദേഹത്തെപ്പോലെ സ്ഥാനമാനമുള്ള ആള്‍ മരണപ്പെട്ടാല്‍ എന്ന് രണ്ടാം അഭിപ്രായക്കാര്‍ പരിമിതപ്പെടുത്താന്‍ കാരണം, അദ്ദേഹത്തിനല്ലാതെ മറ്റൊരാള്‍ക്കും വേണ്ടി നബി ﷺ യോ സ്വഹാബത്തോ ഗാഇബിനുള്ള മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചതായി സ്ഥിരപ്പെട്ട് വന്നിട്ടില്ല. മുആവിയതുബ്നു മുആവിയ അല്ലൈസി رضى الله عنه എന്ന സ്വഹാബി മരണപ്പെട്ടതായി നബി ﷺക്ക് ജിബ്‌രീല്‍ (അ) വഹ്’യിറക്കുകയും, അദ്ദേഹത്തെ നബി ﷺ ക്ക് കാണുന്ന രൂപത്തില്‍ ജിബ്‌രീല്‍ അലൈഹിസ്സലാം ഭൂമിയെ ചുരുക്കുകയും ,നബി ﷺ അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കുകയും ചെയ്തു എന്ന റിപ്പോര്‍ട്ട് ദുര്‍ബലമാണ്.
ഇനി നജാശി رحمه الله അദ്ദേഹം അബിസീനിയയില്‍ ആയിരുന്നു. അവിടത്തുകാര്‍ അവിശ്വാസികള്‍ ആയിരുന്നതിനാല്‍ അവര്‍ അദ്ദേഹത്തിനുവേണ്ടി നമസ്കരിചിരുന്നില്ല എന്നതാണ് മൂന്നാം അഭിപ്രായക്കാര്‍ ‘ഒരാള്‍ക്ക് വേണ്ടി ആരും നമസ്കരിച്ചില്ലെങ്കില്‍ മാത്രം അയാളുടെ അഭാവത്തില്‍ മയ്യത്ത് നമസ്കാരം നിര്‍വഹിക്കാം’ എന്ന് പറയാനുള്ള കാരണം. എന്നാല്‍ അദ്ദേഹത്തിനു വേണ്ടി അവിടെ ആരും നമസ്കരിച്ചിരുന്നില്ല എന്നത് ഹദീസുകളില്‍ സ്പഷ്ടമായ പരാമര്‍ശം ഉള്ളതായി കാണാന്‍ സാധിച്ചിട്ടില്ല. ഒരുപക്ഷെ സാഹചര്യത്തെളിവുകളിലൂടെ ഫുഖഹാക്കള്‍ അത് മനസ്സിലാക്കിയെടുത്തതായാണ് ഞാന്‍ കരുതുന്നത്. ഇമാം മുസ്‌ലിം ഉദ്ദരിക്കുന്ന ഒരു റിപ്പോര്‍ട്ടില്‍ അതിലേക്ക് വ്യക്തമായ സൂചന നല്‍കുന്നുണ്ട്:
“أن النبي صلى الله عليه وسلم قال : إن أخاكم مات بغير أرضكم، فقوموا فصلوا عليه.”
നബി ﷺ ഇപ്രകാരം പറഞ്ഞു : “നിങ്ങളുടെ സഹോദരന്‍, നിങ്ങളുടേതല്ലാത്ത ഒരു നാട്ടില്‍ മരണപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ എഴുന്നേറ്റ് അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കുക.” – [ഈ ഹദീസിന്‍റെ സനദ് ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ദരിക്കുന്ന ഹദീസുകളുടെ സനദിനോളം പ്രബലമാണ് – അല്‍ബാനി, أحكام الجنائز : ص93 ].
“നിങ്ങളുടേതല്ലാത്ത ഒരു നാട്ടില്‍ വച്ച് നിങ്ങളുടെ ഒരു സഹോദരന്‍ മരണപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കുക” എന്നു പറഞ്ഞത്, അദ്ദേഹത്തിന് വേണ്ടി അവിടെ നമസ്കാരം നടന്നിട്ടില്ല എന്നതിലേക്ക് വ്യക്തമായ സൂചന നല്‍കുന്നു. എന്നാല്‍ സുവ്യക്തമായ രൂപത്തില്‍ അദ്ദേഹത്തിന് വേണ്ടി അവിടെ നമസ്കാരം നടന്നിട്ടില്ല എന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് ഉള്ളതായി എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല.
ഒരുപക്ഷെ അതുകൊണ്ടായിരിക്കണം ശൈഖ് ഇബ്നു ബാസ് رحمه الله നജാശി (റ) യെപ്പോലെ മുസ്‌ലിം സമൂഹത്തില്‍ പ്രത്യേകം ഇടമുള്ള നീതിമാന്മാരായ ഭരണാധികാരികളോ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുന്ന പണ്ഡിതന്മാരോ പ്രബോധകരോ മരണപ്പെടുമ്പോള്‍ അവര്‍ക്ക് വേണ്ടി നജാശി (റ) യുടെ സംഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ഗാഇബിന്‍റെ മയ്യത്ത് നമസ്കരിക്കാം എന്ന് രേഖപ്പെടുത്താന്‍ കാരണം.
ഏതായാലും ഈ വിഷയം പഠന വിധേയമാക്കിയപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ച പ്രബലമായ അഭിപ്രായം : ഒരാള്‍ക്ക് വേണ്ടി മയ്യത്ത് നമസ്കാരം നിര്‍വഹിക്കപ്പെടാത്ത, സാഹചര്യത്തില്‍ മാത്രമാണ് ഗാഇബിന് വേണ്ടി മയ്യത്ത് നമസ്കാരം നിര്‍വഹിക്കാവുന്നത് എന്നതാണ്. അതുപോലെ പകർച്ചവ്യാധികളോ മറ്റോ കാരണത്താൽ മയ്യിത്ത് മുന്നിൽ വെച്ച് നമസ്കരിക്കാൻ സാധിക്കാതെ വന്നാലോ, ഇനി മയ്യിത്ത് ഏതെങ്കിലും പ്രത്യേക കാരണത്താൽ വിട്ടുകിട്ടാത്ത സാഹചര്യത്തിലോ ഒക്കെയും ഇത് നിർവഹിക്കാം. കാരണം: ഇമാം ഇബ്നുല്‍ ഖയ്യിം رحمه الله യെ പോലുള്ള പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയത് പോലെ എത്രയോ സ്വഹാബി വര്യന്മാരും ശ്രേഷ്ഠരായ ആളുകളും നബി ﷺ യുടെയും മറ്റു സ്വഹാബത്തിന്‍റെയും അസാന്നിദ്ധ്യത്തില്‍ വഫാത്തായിട്ടുണ്ട്. അവര്‍ക്കാര്‍ക്കെങ്കിലും വേണ്ടി ഗാഇബിന്‍റെ മയ്യത്ത് നമസ്കാരം നിര്‍വഹിക്കപ്പെട്ടതായി കാണാന്‍ സാധിക്കുന്നില്ല. നാല് ഖുലഫാഉ റാഷിദീങ്ങളും അപ്രകാരം ചെയ്തതായി കാണാന്‍ സാധിക്കുന്നില്ല.
എന്നാല്‍ നജാശി (റ) വിന്‍റെ സംഭവത്തിലാകട്ടെ ‘നിങ്ങളുടേതല്ലാത്ത നാട്ടില്‍ നിങ്ങളുടെ സഹോദരന്‍ മരിച്ചിരിക്കുന്നു’ എന്ന് നബി ﷺ പറഞ്ഞത് അദ്ദേഹത്തിന് വേണ്ടി അവിടെ നമസ്കരിക്കപ്പെട്ടിട്ടില്ല എന്നതിലേക്ക് സൂചന നല്‍കുന്നു. അതുകൊണ്ടുതന്നെ അത്തരം ഒരു സാഹചര്യത്തില്‍ ഗാഇബിന് വേണ്ടി മയ്യത്ത് നമസ്കാരം നിര്‍വഹിക്കാം എന്നതാണ് പ്രബലമായ അഭിപ്രായമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.
ഇനി ഗാഇബിന് വേണ്ടിയുള്ള മയ്യത്ത് നമസ്കാരം നിരുപാധികം അനുവദനീയമായിത്തീരുന്ന ഒരു ഘട്ടമുണ്ട്. ഒരു നാട്ടിലെ ഭരണാധികാരി ഒരാള്‍ക്ക് വേണ്ടി ഗാഇബിന്‍റെ മയ്യത്ത് നമസ്കാരം നിര്‍വഹിക്കാന്‍ കല്പിക്കുകയാണ് എങ്കില്‍ അവിടെ അത് ചെയ്യേണ്ടതാണ്. കാരണം ഉസ്വൂലുല്‍ ഫിഖ്ഹില്‍ (حكم الحاكم يرفع الخلاف) ‘അഭിപ്രായഭിന്നതയുള്ള ഒരു വിഷയത്തില്‍ ഭരണാധികാരിയുടെ തീരുമാനം അഭിപ്രായഭിന്നത ഇല്ലാതാക്കും’ എന്ന ഒരു അടിസ്ഥാന നിയമമുണ്ട്. ഇത് ഫിഖ്ഹിയായി ചര്‍ച്ചക്ക് സാധുതയുള്ള വിഷയമാണ് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ.
പ്രമാണത്തിന്‍റെ അടിസ്ഥാനത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിച്ച പ്രബലമായ അഭിപ്രായമാണ് നമ്മള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തങ്ങള്‍ മനസ്സിലാക്കിയ തെളിവുകളുടെയും പ്രമാണങ്ങളുടെയും അടിസ്ഥാനത്തില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ അവര്‍ പിഴച്ചവരാണെന്നോ മറ്റോ നമുക്ക് വാദമില്ല. അപ്രകാരം പറയാനും പാടില്ല. തങ്ങള്‍ക്ക് കൂടുതല്‍ പ്രാമണബദ്ധം എന്ന് ബോധ്യപ്പെടുന്ന അഭിപ്രായം ഓരോരുത്തര്‍ക്കും സ്വീകരിക്കാം. സ്വഹീഹായ ഹദീസിനെ അടിസ്ഥാനപ്പെടുത്തിയുള്ള വീക്ഷണ വ്യത്യാസങ്ങളാണ് അവ. അതുകൊണ്ടാണ് ഇത് ‘ഖിലാഫ് മുഅതബറായ’ അഥവാ ‘അഭിപ്രായ ഭിന്നതക്ക് സാധുതയുള്ള’ ഒരു കര്‍മശാസ്ത്ര വിഷയമാണ് എന്ന് ആമുഖമായിത്തന്നെ സൂചിപ്പിച്ചത്.
കൂടുതല്‍ മനസ്സിലാക്കാന്‍ ഇതില്‍ പരാമര്‍ശിക്കപ്പെട്ട ശൈഖ് ഇബ്നു ഉസൈമീന്‍ رحمه الله യുടെ മറുപടി പൂര്‍ണമായും വായിക്കുന്നത് കൂടി ഉപകരിക്കും.
ഗാഇബിനുള്ള മയ്യിത്ത് നമസ്കാരം. – ഇബ്നു ഉസൈമീന്‍ رحمه الله
ചോദ്യം: ഗാഇബിന്‍റെ മയ്യിത്ത് നമസ്കരിക്കുന്നതിന്‍റെ വിധി എന്താണ്. പ്രത്യേകിച്ചും മയ്യിത്തിന്‍റെ നാട്ടില്‍ അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ?
ഉത്തരം: ഗാഇബിന് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം സുന്നത്തല്ല. ഏറ്റവും ശരിയായ അഭിപ്രായം മയ്യിത്ത് നമസ്കാരം നിര്‍വഹിക്കപ്പെടാത്ത ഒരാള്‍ക്ക് വേണ്ടിയല്ലാതെ (ഗാഇബിനുള്ള മയ്യിത്ത് നമസ്കാരം) നിര്‍വക്കാന്‍ പാടില്ല. ഉദാഹരണത്തിന് ഒരാള്‍ കടലില്‍ വച്ച് മരണപ്പെട്ടു. കടലില്‍ മു പ്പോയി. അദ്ദേഹത്തിന് വേണ്ടി നമസ്കാരം നിര്‍വഹിക്കപ്പെട്ടിട്ടില്ല. എങ്കില്‍ നമ്മള്‍ അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കും. എന്നാല്‍ എവിടെയെങ്കിലും മയ്യിത്തിന് വേണ്ടി നമസ്കാരം നിര്‍വഹിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നമ്മള്‍ അദ്ദേഹത്തിന് വേണ്ടി ഗാഇബിന്‍റെ നമസ്കാരം നിര്‍വഹിക്കില്ല. കാരണം നബി ﷺ ഗാഇബിന്‍റെ മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചിട്ടില്ല. തനിക്ക് വേണ്ടി മയ്യിത്ത് നമസ്കാരം നിര്‍വഹിക്കപ്പെടാത്ത ഒരാള്‍ക്കായല്ലാതെ. അദ്ദേഹമാണ് നജാശി (റ). (ഏത് സന്ദര്‍ഭത്തിലും) ഗാഇബിന് വേണ്ടി മയ്യിത്ത് നമസ്കരിക്കുന്നത് അനുവദനീയമായിരുന്നുവെങ്കില്‍ അത് ആദ്യം ഈ ഉമ്മത്തിന് അനുഷ്ടിച്ച് കാണിച്ചു തരുമായിരുന്നത് നബി ﷺ യായിരുന്നു. അതുപോലെത്തന്നെ സ്വഹാബത്തില്‍ നിന്നും (നജാശിയുടേതൊഴികെ) അവര്‍ ഏതെങ്കിലും ഗാഇബിന്‍റെ മയ്യിത്ത് നമസ്കരിച്ചതായി വന്നിട്ടില്ല. ഉമറാക്കാളോ, ഖുലാഫാക്കളോ ഒക്കെ മരണപ്പെട്ടപ്പോഴും അവര്‍ക്ക് വേണ്ടി ഗാഇബിന്‍റെ നമസ്കാരം നിര്‍വഹിക്കപ്പെട്ടില്ല. നമ്മള്‍ സൂചിപ്പിച്ച ഈ അഭിപ്രായമാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ رحمه الله യുടെ അഭിപ്രായം. ശരിയായ അഭിപ്രായം രേഖപ്പെടുത്തുന്നതിന് ഈ വിഷയത്തില്‍ അദ്ദേഹം തൗഫീഖ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മരണപ്പെട്ട ഒരാള്‍ക്ക് വേണ്ടി ഗാഇബിന്‍റെ മയ്യിത്ത് നമസ്കാരം നിര്‍വഹിക്കാന്‍ ഭരണാധികാരി കല്പിച്ചാല്‍ അത് നിര്‍വഹിക്കല്‍ പുണ്യകരമായ കാര്യമാണ്. അഥവാ ഭരണാധികാരി ചെയ്യാന്‍ കല്പിച്ചാല്‍ അത് പുണ്യകരമായ കാര്യമായി മാറുന്നു. കാരണം നമ്മള്‍ അനുസരിക്കുവാന്‍ വേണ്ടി കല്പിക്കപ്പെട്ട ഭരണാധികാരിയോടുള്ള അനുസരണയില്‍ പെട്ടതാണത്. അല്ലാഹു പറയുന്നു : {സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക.[നിസാഅ്:59]}
ശൈഖ് അബ്ദുല്‍ അസീസ് ഇബ്നു ബാസിന് വേണ്ടി നമസ്കരിക്കാനായി ഭരണാധികാരി കല്പിച്ചപ്പോള്‍ ചില ആളുകള്‍ അത് ചെയ്യാതെ വിട്ടുനിന്നതായി നമുക്കറിയാന്‍ സാധിച്ചു. അവര്‍ക്ക് തെറ്റുപറ്റി. അതവരുടെ വിവരക്കേട് കൊണ്ടാണ്. കാരണം ഭരണാധികാരിയുടെ കല്പനപ്രകാരം നമ്മള്‍ ഗാഇബിന് വേണ്ടി മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചത് അല്ലാഹുവിനുള്ള അനുസരണയെന്നോണമാണ്. {സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക.[നിസാഅ്:59]} എന്ന് അല്ലാഹു പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍. ഇനി അത് ബിദ്അത്താണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്, ഭരണാധികാരി ഒരു ബിദ്അത്ത് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ അത് അനുസരിക്കേണ്ടതുണ്ടോ എന്നാണ് അവര്‍ പറയുന്നതെങ്കില്‍, നമുക്ക് പറയാനുള്ളത്: അല്ല അത് ബിദ്അത്തല്ല എന്നാണ്. ഇത് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുള്ള ഒരു വിഷയമാണ്. ഫിഖ്ഹിയായി അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്ന കാര്യങ്ങനെ ബിദ്അത്ത് എന്ന് വിശേഷിപ്പിക്കാന്‍ പാടില്ല. അത്തരം കാര്യങ്ങളെ ബിദ്അത്ത് എന്ന് വിളിച്ചാല്‍ എല്ലാ ഫുഖഹാക്കളും മുബ്തദിഉകളായിത്തീരും. ഓരോരുത്തരും തന്‍റെ അഭിപ്രായത്തിനോട് യോജിക്കാത്തവരോട് നീ ബിദ്അത്തുകാരനാണ് എന്ന് പറയേണ്ടി വരും. അപ്രകാരം പണ്ഡിതന്മാരില്‍ ഒരാളും തന്നെ പറഞ്ഞതായി കാണാന്‍ സാധിക്കില്ല. അതുകൊണ്ട് നമ്മള്‍ പറയുന്നു: അത് ബിദ്അത്താണ് എന്ന് വാദിച്ച സഹോദരങ്ങളുടെ ഇജ്തിഹാദ് അസ്ഥാനത്താണ്. ഏതായാലും ശരിയായ അഭിപ്രായം: ഗാഇബിന് വേണ്ടി മയ്യത്ത് നമസ്കാരം സുന്നത്തല്ല. പക്ഷെ ഭരണാധികാരി അത് ചെയ്യാന്‍ വേണ്ടി കല്പിച്ചാല്‍ പുണ്യകരമാണ്. അത് അല്ലാഹുവിനോടുള്ള അനുസരണയില്‍ പെട്ടതാണ്. കാരണം അല്ലാഹു (ഭരണാധികാരികളെ അനുസരിക്കാന്‍) കല്പിച്ചിട്ടുണ്ട്.
https://www.youtube.com/watch?v=iFUHwmKMVOk
അല്ലാഹു അനുഗ്രഹിക്കട്ടെ ….
അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
kanzululoom.com