നരകത്തിലെ ഇന്ധനം

പിശാചുക്കളെയും പിശാചിനെ പിന്തുടർന്ന മനുഷ്യരെയുംകൊണ്ട് അല്ലാഹു നരകത്തെ നിറക്കുമെന്ന് ഒന്നിലധികം ആയത്തുകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അല്ലാഹു പിശാചിനോടായി പറയുന്നു:

قَالَ ٱخْرُجْ مِنْهَا مَذْءُومًا مَّدْحُورًا ۖ لَّمَن تَبِعَكَ مِنْهُمْ لَأَمْلَأَنَّ جَهَنَّمَ مِنكُمْ أَجْمَعِينَ

അവന്‍ (അല്ലാഹു) പറഞ്ഞു: നിന്ദ്യനും തള്ളപ്പെട്ടവനുമായിക്കൊണ്ട് നീ ഇവിടെ നിന്ന് പുറത്ത് കടക്കൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്‍പറ്റുന്ന പക്ഷം നിങ്ങളെല്ലാവരെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും. (ഖുർആൻ:7/18)

കുറ്റവാളികളായ ജിന്നുകളെയും, മനുഷ്യരെയും കൊണ്ടു നരകം നിറക്കുമെന്ന് അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്.

وَلَوْ شِئْنَا لَـَٔاتَيْنَا كُلَّ نَفْسٍ هُدَىٰهَا وَلَٰكِنْ حَقَّ ٱلْقَوْلُ مِنِّى لَأَمْلَأَنَّ جَهَنَّمَ مِنَ ٱلْجِنَّةِ وَٱلنَّاسِ أَجْمَعِينَ

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക് സ്ഥിരപ്പെട്ട് കഴിഞ്ഞിരിക്കുന്നു. (ഖുർആൻ:32/13)

കല്ലുകളും പിശാചിനെ പിന്തുടർന്ന മനുഷ്യരുമാണ് നരകത്തീയിലെ വിറകുകൾ എന്നറിയിക്കുന്ന വചനങ്ങൾ കാണുക:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ عَلَيْهَا مَلَٰٓئِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ

സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. (ഖു൪ആന്‍ :66/6)

وَإِن كُنتُمْ فِى رَيْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا۟ بِسُورَةٍ مِّن مِّثْلِهِۦ وَٱدْعُوا۟ شُهَدَآءَكُم مِّن دُونِ ٱللَّهِ إِن كُنتُمْ صَٰدِقِينَ ‎﴿٢٣﴾‏ فَإِن لَّمْ تَفْعَلُوا۟ وَلَن تَفْعَلُوا۟ فَٱتَّقُوا۟ ٱلنَّارَ ٱلَّتِى وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ ۖ أُعِدَّتْ لِلْكَٰفِرِينَ ‎﴿٢٤﴾‏

നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനിനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേതുപോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ (അതാണല്ലോ വേണ്ടത്‌). നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌. (ഖുര്‍ആന്‍: 2/23-24)

അല്ലാഹു മറ്റൊരിടത്ത് പറയുന്നു:

إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَٰرِدُونَ ‎﴿٩٨﴾‏ لَوْ كَانَ هَٰٓؤُلَآءِ ءَالِهَةً مَّا وَرَدُوهَا ۖ وَكُلٌّ فِيهَا خَٰلِدُونَ ‎﴿٩٩﴾

തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്‍ അതിലേക്ക് വന്നുചേരുക തന്നെ ചെയ്യുന്നതാണ്‌. ഇക്കൂട്ടര്‍ ദൈവങ്ങളായിരുന്നുവെങ്കില്‍ ഇവര്‍ അതില്‍ (നരകത്തില്‍) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതില്‍ നിത്യവാസികളായിരിക്കും. (ഖു൪ആന്‍:21/98-99)

عن ابن مسعود في قوله تعالى: {وقودها الناس والحجارة} قال: هي حجارة من الكبريت خلقها الله يوم خلق السموات والأرض في السماء الدنيا يعدها للكافرين .

“മനുഷ്യരും കല്ലുകളുമാണ് നരകത്തിലെ ഇന്ധനം” എന്ന വചനത്തിന്റെ വിഷയത്തിൽ ഇബ്നു മസ്ഊദ് പറഞ്ഞു:അത് ഗന്ധകത്താലുള്ള കല്ലാകുന്നു. വാനങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചനാളിൽ ഭൗമാന്തരീക്ഷത്തോട് അടുത്ത ആകാശത്തിൽ അല്ലാഹു അതിനെ പടച്ചു. അതിനെ അല്ലാഹു കാഫിരീങ്ങൾക്ക് ഒരുക്കിയിരിക്കുന്നു. (മുസ്തദ്റകുഹാകിം – അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

മുഹമ്മദ് അമാനി മൗലവി رحمه الله എഴുതുന്നു : ഈ ലോകത്തുള്ള അഗ്നിയേക്കാള്‍ എഴുപത് ഇരട്ടി ഉഷ്ണമേറിയതാണ് നരകാഗ്നി എന്ന് നബി ﷺ അരുളി ചെയ്തതായി ഹദീസില്‍ വന്നിരിക്കുന്നു.(ബുഖാരി,മുസ്ലിം). അതില്‍ വിറകായി ഉപയോഗിക്കപ്പെടുക മനുഷ്യരും കല്ലുകളുമാണ് എന്ന് അല്ലാഹു പറഞ്ഞുവല്ലോ. ഈ മനുഷ്യര്‍ മഹാ പാപികളായിയുള്ളവരായിരിക്കുമെന്നു പറയേണ്ടതില്ല. എന്നാല്‍ കല്ലുകള്‍ ഏതുതരം കല്ലുകളായിരിക്കും? അല്ലഹുവിനറിയാം. കൽക്കരിയാണ് ഇത് കൊണ്ട് ഉദ്ദേശ്യമെന്നും, കൽക്കരിയെപ്പറ്റി അറിയപ്പെടാതിരുന്ന ഒരു കാലത്ത് തന്നെ ഖുര്‍ആന്‍ അതിനെപ്പറ്റി പ്രസ്താവിച്ചത് അതിന്റെ അമാനുഷികതക്ക് ഒരു ദൃഷ്ടാന്തമാണെന്നും ആധുനികരായ ചില ആളുകള്‍ എഴുതിക്കാണുന്നു. നരകാഗ്നിയും, ഇവിടുത്തെ അഗ്നിയും ഒരുപോലെയാണെന്ന നിഗമനത്തില്‍ നിന്നും, കല്‍ക്കരിയേക്കാള്‍ കടുപ്പമേറിയതും നമുക്ക് അറിയാത്തതുമായ മറ്റേതെങ്കിലും കല്ലുകളാല്‍ കത്തിക്കപ്പെടാവുന്ന ഏറ്റവും ശക്തിയേറിയ ഒരഗ്നിയെ കുറിച്ച് വിഭാവനം ചെയ്യാന്‍ കഴിയാത്തതില്‍ നിന്നും ഉടലെടുക്കുന്നതാണ് ഈ പ്രസ്താവന എന്ന് പറയേണ്ടിയിരിക്കുന്നു. പതിമൂന്ന് നൂറ്റാണ്ടു കാലത്തോളം ഒരാള്‍ക്കും ഉദ്ദേശം മനസ്സിലാക്കുവാന്‍ സാധിക്കാത്ത ഒരു വാക്ക് (المجارة) ഖുര്‍ആനില്‍ ഉണ്ടായിരുന്നു. കല്‍ക്കരി കണ്ടുപിടിച്ചതിനു ശേഷം മാത്രമാണ് അതിന്റെ അര്‍ത്ഥം മനസ്സിലായത്, അതും ഇവര്‍ക്ക് മാത്രമേ മനസ്സിലായുള്ളു, എന്നൊക്കെയാണല്ലോ ഇതിന്റെ പിന്നിലുള്ളത്. ഇത് വാസ്തവത്തില്‍, നരകാഗ്നിയെ -അല്ല, ഖുര്‍ആനിനെ തന്നെയും – കുറച്ചു കാണിക്കലായിരിക്കും.

കല്ല് കൊണ്ട് വിഗ്രഹമുണ്ടാക്കി അരാധിച്ചിരുന്നവരെ വഷളാക്കുവാനായി ആ കല്ലുകളും അവരോടൊപ്പം നരകത്തിലിട്ടു കത്തിക്കപ്പെടുമെന്നും, അതാണ്‌ ഇവടെ കല്ല് കൊണ്ട് ഉദ്ദേശമെന്നും ചില വ്യാഖ്യാതാക്കള്‍ പറഞ്ഞു കാണാം. വളരെ ദുര്‍ഗന്ധം വമിക്കുന്നതും, ശക്തിയായി ആളികത്തുന്നതുമായ ഒരുതരം ഗന്ധകക്കല്ലുകളായിരിക്കും അതെന്നു മുന്‍ഗാമികളായ ചില മഹാന്‍മാരും പ്രസ്താവിച്ചു കാണുന്നു. ഈ പ്രസ്താവനകള്‍ ശരിയാണോ അല്ലേ എന്ന് നമുക്ക് ഉറപ്പിച്ചു പറയുവാന്‍ തെളിവില്ല. എങ്കിലും ഈ പ്രസ്താവനകള്‍ പല നിലക്കും – കല്‍ക്കരിയേക്കാള്‍ ൦- ന്യായീകരണം കാണാവുന്നതാണ്. الله اعلم ഏതായാലും,നാം വിഭാവനം ചെയ്യുന്നതിനേക്കാളെല്ലാം ശക്തിയേറിയതാണ് നരകത്തിലെ തീ എന്ന് ശരിക്കു വ്യക്തമാകുന്നു. അല്ലാഹു നമ്മെ കാക്കട്ടെ. ആമീന്‍. (അമാനി തഫ്സീ൪ – ഖു൪ആന്‍ :66/6 ന്റെ വിശദീകരണം)

നരകത്തിലെ ഇന്ധനം മനുഷ്യരാണെന്ന് പറഞ്ഞത് കൊണ്ടുള്ള ഉദ്ദേശ്യം അവിശ്വാസികളാണെന്നു പറയേണ്ടതില്ല. എന്നാല്‍ കല്ല് (الْحِجَارَة) കൊണ്ടുദ്ദേശ്യം എന്താണ്? വേഗത്തില്‍ ആളിക്കത്തുന്നതും, അസഹ്യമായ നാറ്റമുണ്ടാകുന്നതുമായ നരകത്തിലെ ഒരുതരം ഗന്ധകക്കല്ലുകളാണതെന്നു ഇബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ, മുജാഹിദ് رحمه الله മുതലായവരില്‍ നിന്നുള്ള വിശ്വാസയോഗ്യമായ ചില രിവായത്തുകളില്‍ വന്നിരിക്കുന്നു. വിഗ്രഹാരാധകന്മാര്‍ ആരാധിച്ചു വരുന്ന കല്ലുകളാണെന്നും ചിലര്‍ പ്രസ്താവിച്ചിരിക്കുന്നു. ഏതായാലും ശരി, നരകാഗ്നിയുടെ കാഠിന്യവും ശിക്ഷയുടെ ഗൗരവവുമാണത് കുറിക്കുന്നത്. വിഗ്രങ്ങളാണെന്നു വരികില്‍, അവയുടെ ആരാധകരെ അപമാനിക്കല്‍കൂടി അത്‌കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കും. നമുക്ക് പരിചയമുള്ള അഗ്നിയും നരകാഗ്നിയും ഒരുപോലെയല്ലെന്നും, നരകാഗ്നി എത്രയോ മടങ്ങ് ശക്തിയേറിയ ഒരു പ്രത്യേക തരം അഗ്നിയാണെന്നും ക്വുര്‍ആനില്‍നിന്നും നബി വചനങ്ങളില്‍നിന്നും അറിയപ്പെട്ടതാണ്. (അമാനി തഫ്സീ൪ – ഖു൪ആന്‍ :2/24 ന്റെ വിശദീകരണം)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *