വിശുദ്ധ ഖുർആൻ നാല് തരം ജാഹിലിയ്യത്തുകൾ പരാമര്‍ശിച്ചിട്ടുണ്ട്.
1. ളന്നുൽ ജാഹിലിയ്യത്ത് (ظنّ الجاهليّة)
ثُمَّ أَنزَلَ عَلَيْكُم مِّنۢ بَعْدِ ٱلْغَمِّ أَمَنَةً نُّعَاسًا يَغْشَىٰ طَآئِفَةً مِّنكُمْ ۖ وَطَآئِفَةٌ قَدْ أَهَمَّتْهُمْ أَنفُسُهُمْ يَظُنُّونَ بِٱللَّهِ غَيْرَ ٱلْحَقِّ ظَنَّ ٱلْجَٰهِلِيَّةِ ۖ يَقُولُونَ هَل لَّنَا مِنَ ٱلْأَمْرِ مِن شَىْءٍ ۗ قُلْ إِنَّ ٱلْأَمْرَ كُلَّهُۥ لِلَّهِ ۗ يُخْفُونَ فِىٓ أَنفُسِهِم مَّا لَا يُبْدُونَ لَكَ ۖ يَقُولُونَ لَوْ كَانَ لَنَا مِنَ ٱلْأَمْرِ شَىْءٌ مَّا قُتِلْنَا هَٰهُنَا ۗ قُل لَّوْ كُنتُمْ فِى بُيُوتِكُمْ لَبَرَزَ ٱلَّذِينَ كُتِبَ عَلَيْهِمُ ٱلْقَتْلُ إِلَىٰ مَضَاجِعِهِمْ ۖ وَلِيَبْتَلِىَ ٱللَّهُ مَا فِى صُدُورِكُمْ وَلِيُمَحِّصَ مَا فِى قُلُوبِكُمْ ۗ وَٱللَّهُ عَلِيمُۢ بِذَاتِ ٱلصُّدُورِ
പിന്നീട് ആ ദുഃഖത്തിനു ശേഷം അല്ലാഹു നിങ്ങള്‍ക്കൊരു നിര്‍ഭയത്വം അഥവാ മയക്കം ഇറക്കിത്തന്നു. ആ മയക്കം നിങ്ങളില്‍ ഒരു വിഭാഗത്തെ പൊതിയുകയായിരുന്നു. വേറെ ഒരു വിഭാഗമാകട്ടെ സ്വന്തം ദേഹങ്ങളെപ്പറ്റിയുള്ള ചിന്തയാല്‍ അസ്വസ്ഥരായിരുന്നു. അല്ലാഹുവെ പറ്റി അവര്‍ ധരിച്ചിരുന്നത് സത്യവിരുദ്ധമായ ജാഹിലിയ്യത്തിന്‍റെ [അജ്ഞാനകാലത്തെ] ധാരണയായിരുന്നു. അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവുമുണ്ടോ? (നബിയേ,) പറയുക: കാര്യമെല്ലാം അല്ലാഹുവിന്‍റെ അധീനത്തിലാകുന്നു. നിന്നോടവര്‍ വെളിപ്പെടുത്തുന്നതല്ലാത്ത മറ്റെന്തോ മനസ്സുകളില്‍ അവര്‍ ഒളിച്ചു വെക്കുന്നു. അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവുമുണ്ടായിരുന്നുവെങ്കില്‍ നാം ഇവിടെ വെച്ച് കൊല്ലപ്പെടുമായിരുന്നില്ല. (നബിയേ,) പറയുക: നിങ്ങള്‍ സ്വന്തം വീടുകളില്‍ ആയിരുന്നാല്‍ പോലും കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങള്‍ മരിച്ചുവീഴുന്ന സ്ഥാനങ്ങളിലേക്ക് (സ്വയം) പുറപ്പെട്ട് വരുമായിരുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു പരീക്ഷിച്ചറിയുവാന്‍ വേണ്ടിയും, നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് ശുദ്ധീകരിച്ചെടുക്കുവാന്‍ വേണ്ടിയുമാണിതെല്ലാം. മനസ്സുകളിലുള്ളതെല്ലാം അറിയുന്നവനാകുന്നു അല്ലാഹു. (ഖുർആൻ:3/154)
ഉഹുദ് യുദ്ധവുമായി ബന്ധപ്പെട്ട് അവതരിച്ച ആയത്താണിത്. ആള്‍ബലവും ആയുധ ബലവുമെല്ലാം ഉണ്ടായിട്ടും ഉഹ്ദ് യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് ചില പരാജയങ്ങൾ സംഭവിച്ചു. അവരില്‍നിന്ന് ചില വീഴ്ചകൾ വന്നതാണ് അതിന് കാരണം. പിന്നീട് അല്ലാഹു അവരെ സഹായിച്ചു. യുദ്ധരംഗത്ത് ഉറച്ചുനിന്ന സ്വഹാബിമാര്‍ക്ക് ആ സമയത്ത് അല്ലാഹു ഒരു നിദ്രാമയക്കം നല്‍കി. അത് ഒരു അത്ഭുതമായിരുന്നു. യുദ്ധഭൂമിയില്‍ വെച്ച് അവര്‍ സുഖമായി മയങ്ങുന്നു. അല്ലാഹു ആ സമയത്ത് അവര്‍ക്ക് നല്‍കിയ ഒരു സഹായം തന്നെയായിരുന്നു അത്.
ഈ മയക്കം മുസ്‌ലിം പക്ഷത്തുള്ള എല്ലാവരെയും ബാധിച്ചിരുന്നില്ല. വിശ്വാസത്തില്‍ കപടവും കളങ്കവും തീണ്ടാത്ത സത്യവിശ്വാസികള്‍ക്ക് മാത്രമേ അത് ബാധിച്ചിരുന്നുള്ളൂ. അതുകൊണ്ടാണ് ‘നിങ്ങളില്‍ നിന്ന് ഒരു വിഭാഗത്തെ അത് ആവരണം ചെയ്തിരുന്നു’വെന്ന് അല്ലാഹു പറഞ്ഞത്. മയക്കവും, അതുവഴി ലഭിച്ച മനഃശ്ശാന്തിയും അനുഭ വപ്പെടാതിരുന്ന വിഭാഗക്കാര്‍ കപടവിശ്വാസികളായിരുന്നുവെന്ന് അവരെക്കുറിച്ചുള്ള വിവരണത്തില്‍ നിന്ന് സ്പഷ്ടമാണ്. അവര്‍ക്ക് മനഃസ്സമാധാനത്തിനുപകരം, അസ്വാസ്ഥ്യവും പരിഭ്രമവുമായിരുന്നു ഉണ്ടായത്. സ്വന്തം കാര്യത്തെക്കുറിച്ചല്ലാതെ, ഇസ്‌ലാമിനെപ്പറ്റിയോ, നബിയെപ്പറ്റിയോ, സത്യവിശ്വാസികളെപ്പറ്റിയോ അവര്‍ക്ക് വിചാരമില്ല. ഇസ്‌ലാം അതോടെ പൊളിഞ്ഞു തറപറ്റിപ്പോയി, എനി അതിന് നിലനില്‍പ്പില്ല, മുസ്‌ലിംകള്‍ക്ക് വിജയമുണ്ടെന്ന അല്ലാഹുവിന്‍റെ വാഗ്ദാനം പാലിക്കപ്പെട്ടില്ല എന്നിത്യാദി ധാരണകളാണ് അവരുടെ മനസ്സിലുള്ളത്. അതേ, ജാഹിലിയ്യാകാലത്തെ വിചാരങ്ങളും ചിന്താഗതികളും തന്നെ. നമ്മള്‍ പറഞ്ഞതൊന്നും മുഹമ്മദ് കേട്ടില്ല. കാര്യങ്ങളുടെ നടത്തിപ്പില്‍ നമുക്കുണ്ടോ വല്ല പങ്കും?! ഉണ്ടെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല. നമ്മുടെ ആളുകള്‍ ഇങ്ങനെ വധിക്കപ്പെടുകയുമുണ്ടാകുമായിരുന്നില്ല. എന്നിങ്ങനെ പലതും പറഞ്ഞുകൊണ്ടിരുന്നു. അവരുടെ മനസ്സിരുപ്പില്‍ ചിലത് മാത്രമാണത്. അതിന് അല്ലാഹു അവര്‍ക്ക് നല്‍കുന്ന മറുപടിയുടെ സാരം ഇതാണ്: കാര്യങ്ങളൊക്കെ അല്ലാഹുവിനാണുള്ളത്. എല്ലാം അവന്‍റെ അധികാരവും നിയന്ത്രണവും ഉദ്ദേശവും അനുസരിച്ചുമാത്രം നടക്കുന്നു. മരണത്തിന്‍റെ കാര്യവും ഇതില്‍ നിന്ന് ഒഴിവല്ല. ഇന്ന ആള്‍ ഇന്ന സ്ഥലത്ത് ഇന്നപ്പോള്‍ കൊല്ലപ്പെടുമെന്ന് അവന്‍ നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ട്. അതുപോലെ സംഭവിക്കാതിരിക്കുകയില്ല. പുറത്തിറങ്ങാതെ വീട്ടില്‍ അടച്ചിരിക്കുന്നവര്‍ പോലും ആ സമയത്തും സ്ഥലത്തും വെളിക്കുവന്ന് അവര്‍ കൊല്ലപ്പെടാതിരിക്കുകയില്ല. കൂടാതെ നിങ്ങളിലുള്ള കപടന്‍മാരേയും, വഞ്ചകന്‍മാരെയും വേര്‍തിരിച്ചു കാണിക്കുവാനുള്ള ഒരുപരീക്ഷണവും ശുദ്ധീകരണവും കൂടിയാണിതൊക്കെ. (അമാനി തഫ്സീര്‍)
ശിര്‍ക്കും കുഫ്റും തുടങ്ങി വിശ്വാസപരമായ എല്ലാ ജാഹിലിയ്യത്തുകളും ളന്നുൽ ജാഹിലിയ്യത്തിൽ ഉൾപ്പെടും.
2.ഹമിയ്യത്തുൽ ജാഹിലിയ്യത്ത് (حميّة الجاهليّة)
إِذْ جَعَلَ ٱلَّذِينَ كَفَرُوا۟ فِى قُلُوبِهِمُ ٱلْحَمِيَّةَ حَمِيَّةَ ٱلْجَٰهِلِيَّةِ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ ٱلتَّقْوَىٰ وَكَانُوٓا۟ أَحَقَّ بِهَا وَأَهْلَهَا ۚ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا
സത്യനിഷേധികള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ദുരഭിമാനം – ആ ജാഹിലിയ്യത്തിന്‍റെ (അജ്ഞാനയുഗത്തിന്‍റെ) ദുരഭിമാനം -വെച്ചു പുലര്‍ത്തിയ സന്ദര്‍ഭം! അപ്പോള്‍ അല്ലാഹു അവന്‍റെ റസൂലിന്‍റെ മേലും സത്യവിശ്വാസികളുടെ മേലും അവന്‍റെ പക്കല്‍ നിന്നുള്ള മനസ്സമാധാനം ഇറക്കികൊടുത്തു. സൂക്ഷ്മത പാലിക്കാനുള്ള കല്‍പന സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു. (അത് സ്വീകരിക്കാന്‍) കൂടുതല്‍ അര്‍ഹതയുള്ളവരും അതിന് അവകാശപ്പെട്ടവരുമായിരുന്നു അവര്‍. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനായിരിക്കുന്നു. (ഖുർആൻ:48/26)
ഹുദൈബിയാ സന്ധിയുമായി ബന്ധപ്പെട്ട് അവതരിച്ച ആയത്താണിത്.
ബിസ്മില്ലാഹിര്‍റ്വഹ്‌മാനിര്‍റ്വഹീം എന്നെഴുതുന്നതിനെ അവര്‍ നിരാകരിച്ചപ്പോള്‍. അമര്‍ഷത്തില്‍ പ്രവാചകന്റെയും സത്യവിശ്വാസികളുടെയും പ്രവേശനത്തെയും അവര്‍ നിരാകരിച്ചു. ഖുറൈശികളെ കീഴ്‌പ്പെടുത്തി അവര്‍ മക്കയില്‍ പ്രവേശിച്ചു എന്ന് ജനങ്ങള്‍ പറയാതിരിക്കാനാണ് അവര്‍ അങ്ങനെ ചെയ്തത്! ഇതും ഇതുപോലെയുള്ളതുമെല്ലാം ജാഹിലിയ്യാ കാലത്തെ സമ്പ്രദായങ്ങളാണ്. അതിപ്പോഴും അവരുടെ മനസ്സുകളിലുണ്ട്. ഈ തെറ്റുകളെല്ലാം അവരെക്കൊണ്ട് ചെയ്യിച്ചത് ഇതാണ്. (തഫ്സീറുസ്സഅ്ദി)
ഇവിടെ ‘ജാഹിലിയ്യാ ദുരഭിമാനം’ എന്നാൽ, ഒരാള്‍ കേവലം അന്തസ്സിനുവേണ്ടി അല്ലെങ്കില്‍ സ്വന്തം മുന്‍ധാരണകളുടെ പേരില്‍ മനഃപൂര്‍വം ഒരു ദുഷ്‌ചെയ്തിയിലേര്‍പ്പെടുകയാണ്. കഅ്ബ സന്ദര്‍ശിക്കാന്‍ എല്ലാ മനുഷ്യര്‍ക്കും അവകാശമുണ്ടെന്ന് മക്കയിലെ സത്യനിഷേധികള്‍ അംഗീകരിച്ചിരുന്നു. എന്നിട്ടും അവര്‍ കേവലം അന്തസ്സിനുവേണ്ടി മുസ്‌ലിംകളെ ഉംറയില്‍നിന്ന് വിലക്കി. മുഹമ്മദ് ഇത്ര വലിയ സംഘവുമായി മക്കയില്‍ പ്രവേശിച്ചാല്‍ അറബികളിലാകമാനം തങ്ങള്‍ക്കുള്ള യശസ്സ് കെട്ടുപോകുമെന്നതായിരുന്നു അവരുടെ ജാഹിലിയാ ദുരഭിമാനം.
ജാതിവ്യവസ്ഥ, വംശീയത, വർഗീയത, വര്‍ണ്ണവിവേചനം തുടങ്ങിയവയൊക്കെ ഹമിയ്യത്തുൽ ജാഹിലിയ്യത്താണ്.
عَنِ الْمَعْرُورِ، قَالَ لَقِيتُ أَبَا ذَرٍّ بِالرَّبَذَةِ، وَعَلَيْهِ حُلَّةٌ، وَعَلَى غُلاَمِهِ حُلَّةٌ، فَسَأَلْتُهُ عَنْ ذَلِكَ، فَقَالَ إِنِّي سَابَبْتُ رَجُلاً، فَعَيَّرْتُهُ بِأُمِّهِ، فَقَالَ لِيَ النَّبِيُّ صلى الله عليه وسلم “ يَا أَبَا ذَرٍّ أَعَيَّرْتَهُ بِأُمِّهِ إِنَّكَ امْرُؤٌ فِيكَ جَاهِلِيَّةٌ، إِخْوَانُكُمْ خَوَلُكُمْ، جَعَلَهُمُ اللَّهُ تَحْتَ أَيْدِيكُمْ، فَمَنْ كَانَ أَخُوهُ تَحْتَ يَدِهِ فَلْيُطْعِمْهُ مِمَّا يَأْكُلُ، وَلْيُلْبِسْهُ مِمَّا يَلْبَسُ، وَلاَ تُكَلِّفُوهُمْ مَا يَغْلِبُهُمْ، فَإِنْ كَلَّفْتُمُوهُمْ فَأَعِينُوهُمْ ”.
മഅ്‌റൂറ്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു; ഞാനൊരിക്കല്‍ ‘റബ്ദ’ എന്ന സ്ഥലത്തുവെച്ച് അബൂദര്‍റിനെ കാണുകയുണ്ടായി. അദ്ദേഹം ഒരു പുതുവസ്ത്രം ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അടിമയും അതേതരം പുതുവസ്ത്രം ധരിച്ചിട്ടുണ്ട്. ഇതിനെ സംബന്ധിച്ച് ഞാനദ്ദേഹത്തോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരാളെ ശകാരിച്ചു. അവന്‍റെ ഉമ്മയെ ചൂണ്ടിക്കാട്ടിക്കൊണ്ട് ഞാന്‍ അയാളെ വഷളാക്കി. അന്നേരം നബി ﷺ എന്നോട് പറഞ്ഞു. ഓ! അബൂദറ്‌ര്‍ . നീ അയാളുടെ ഉമ്മയെ ചൂണ്ടിക്കാട്ടിക്കൊണ്ട് പരിഹസിച്ച് കളഞ്ഞല്ലോ. ജാഹിലിയാ കാലത്തെ ചില ദുര്‍ഗുണങ്ങള്‍ നിന്നില്‍ അവശഷിച്ചിട്ടുണ്ട്. നിങ്ങളുടെ ഭ്ര്‍ത്യന്‍മാര്‍ നിങ്ങളുടെ സഹോദരന്‍മാരാണ്. അല്ലാഹു അവരെ നിങ്ങളുടെ നിയന്ത്രണത്തിലാക്കിയിരിക്കുന്നു എന്നേയുള്ളൂ. അതുകൊണ്ട് വല്ലവന്‍റെയും സഹോദരന്‍ അവന്‍റെ നിയന്ത്രണത്തിന്‍ കീഴില്‍ ജീവിക്കുന്നുവെങ്കില്‍ താന്‍ ഭക്ഷിക്കുന്നതില്‍ നിന്നു തന്നെ അവനു ഭക്ഷിക്കാന്‍ കൊടുക്കുക, താന്‍ ധരിക്കുന്ന അതേ വസ്ത്രം അവനും ധരിക്കാന്‍ കൊടുക്കുക., അവര്‍ക്ക് അസാദ്ധ്യമായ ജോലികളൊന്നും അവനെ ഏല്‍പിക്കരുത്. വിഷമമേറിയ എന്തെങ്കിലും ജോലികള്‍ അവനെ ഏല്‍പിക്കേണ്ടി വന്നാല്‍ നിങ്ങള്‍ അവനെ സഹായിക്കണം. (ബുഖാരി:30)
3. തബർറുജുൽ ജാഹിലിയ്യത്ത് (تبرّج الجاهليّة)
وَقَرْنَ فِى بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ ٱلْجَٰهِلِيَّةِ ٱلْأُولَىٰ ۖ وَأَقِمْنَ ٱلصَّلَوٰةَ وَءَاتِينَ ٱلزَّكَوٰةَ وَأَطِعْنَ ٱللَّهَ وَرَسُولَهُۥٓ ۚ إِنَّمَا يُرِيدُ ٱللَّهُ لِيُذْهِبَ عَنكُمُ ٱلرِّجْسَ أَهْلَ ٱلْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا
നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ ‘ജാഹിലിയ്യത്തി’ന്‍റെ [അജ്ഞാനകാലത്തെ] സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്‍റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. (ഖുർആൻ:33/33)
പ്രവാചക പത്നിമാരോടുള്ള ഉപദേശങ്ങളിൽ ഒന്നാണിത്.
ശരീരത്തില്‍ മറക്കേണ്ടുന്ന ഭാഗം മുഴുവന്‍ മറക്കാതിരിക്കുക, ശരീരഭാഗങ്ങള്‍ പുറമെ കാണത്തക്ക ലോലമോ നേര്‍ത്തതോ ആയ വസ്ത്രം ധരിക്കുക, ദേഹം മറച്ചിട്ടുണ്ടെങ്കിലും പുരുഷന്‍മാരെ ആകര്‍ഷിക്കുമാറുള്ള വേഷം അണിയുക, വശ്യമായ നിലയിലുള്ള സൗന്ദര്യസാമഗ്രികള്‍ ഉപയോഗിക്കുക മുതലായതെല്ലാം സൗന്ദര്യ പ്രദര്‍ശനത്തി (تَبَرُّجَ) ല്‍ ഉള്‍പ്പെടുന്നു….. ജാഹിലിയ്യത്തിലെ സ്ത്രീകളെപ്പോലെയുള്ള വേഷസംവിധാനങ്ങളും, സൗന്ദര്യപ്രകടനങ്ങളും പുരുഷസമ്പര്‍ക്കങ്ങളും നബി ﷺ യുടെ പത്നിമാരായ നിങ്ങള്‍ക്കു ഒരിക്കലും യോജിച്ചതല്ല; അതെല്ലാം നിങ്ങള്‍ വര്‍ജ്ജിക്കണം; നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിയിരുന്ന് നിങ്ങളുടെ അന്തസ്സും മാന്യതയും പാലിക്കണം. എന്നൊക്കെയാണ് അല്ലാഹു അവരെ ഉപദേശിക്കുന്നത്. (അമാനി തഫ്സീര്‍)
വ്യഭിചാരം, അശ്ലീലത, ലൈംഗിക വൈകൃതങ്ങൾ എന്നിവയൊക്കെ ഈ ജാഹിലിയ്യത്തിന്റെ പരിധിയിൽ വരുന്നു.
4. ഹുക്മുൽ ജാഹിലിയ്യത്ത് (حكم الجاهليّة)
أَفَحُكْمَ ٱلْجَٰهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ ٱللَّهِ حُكْمًا لِّقَوْمٍ يُوقِنُونَ
ജാഹിലിയ്യത്തിന്‍റെ (അനിസ്ലാമിക മാര്‍ഗത്തിന്‍റെ) വിധിയാണോ അവര്‍ തേടുന്നത്? ദൃഢവിശ്വാസികളായ ജനങ്ങള്‍ക്ക് അല്ലാഹുവെക്കാള്‍ നല്ല വിധികര്‍ത്താവ് ആരാണുള്ളത്? (ഖുർആൻ:5/50)
അല്ലാഹുവിന്‍റെ വിധി സ്വീകരിക്കാത്ത യഹൂദികളെക്കുറിച്ചാണ് ചോദ്യരൂപത്തിലുള്ള ഈ വാക്യം. വേദക്കാര്‍ വേദഗ്രന്ഥത്തിന്‍റെ വിധി സ്വീകരിക്കാതിരിക്കുന്ന പക്ഷം, അവര്‍ ജാഹിലിയ്യാ സമ്പ്രദായത്തിലേക്ക് അധഃപതിക്കുകയാണ് ചെയ്യുക. അല്ലാഹുവിലും വേദഗ്രന്ഥത്തിലുമൊക്കെ വിശ്വസിക്കുന്നുവെന്ന് അവര്‍ അവകാശപ്പെടുന്നുെങ്കിലും ആ വിശ്വാസം നാമമാത്രമല്ലാതെ – ഉറപ്പായ വിശ്വാസം – അവര്‍ക്കില്ല. ഉറപ്പായി വിശ്വസിക്കുന്നുവെങ്കില്‍ വേദഗ്രന്ഥത്തില്‍ അല്ലാഹു നല്‍കിയ വിധി വിട്ട് മറ്റൊന്ന് അവര്‍ സ്വീകരിക്കുമായിരുന്നില്ല.
ഇസ്‌ലാമിന് മുമ്പുള്ള അജ്ഞാന കാലക്കാര്‍ നടപ്പാക്കിയിരുന്ന വിധികള്‍ക്ക് മാത്രമല്ല حكم الجاھلية (ജാഹിലിയ്യത്തിന്‍റെ വിധി) എന്നു പറയുകയെന്നും, അല്ലാഹുവിന്‍റെയും വേദഗ്രന്ഥത്തിന്‍റെയും നിയമങ്ങള്‍ക്കെതിരായ എല്ലാ വിധികളും ‘ജാഹിലിയ്യ ത്തിന്‍റെ വിധി’ തന്നെയാണെന്നും മേല്‍വിവരിച്ചതില്‍നിന്ന് ഏറെക്കുറെ മനസ്സിലാക്കാം. (അമാനി തഫ്സീര്‍)
قال الحسن : من حكم بغير حكم الله ، فحكم الجاهلية [ هو ]
ഹസന്‍ رحمه الله പറഞ്ഞു: അല്ലാഹുവിന്‍റെ വിധിയല്ലാത്ത മറ്റൊന്നു കൊണ്ട് ആരെങ്കിലും വിധിച്ചാല്‍ അവന്‍ ജാഹിലിയ്യത്തിന്‍റെ വിധി വിധിച്ചു. (ഇബ്നുകസീര്‍)
عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ “ أَبْغَضُ النَّاسِ إِلَى اللَّهِ ثَلاَثَةٌ مُلْحِدٌ فِي الْحَرَمِ، وَمُبْتَغٍ فِي الإِسْلاَمِ سُنَّةَ الْجَاهِلِيَّةِ، وَمُطَّلِبُ دَمِ امْرِئٍ بِغَيْرِ حَقٍّ لِيُهَرِيقَ دَمَهُ ”.
ഇബ്നുഅബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘മനുഷ്യരില്‍ വെച്ച് അല്ലാഹുവിങ്കലേക്ക് ഏറ്റവും വെറുക്കപ്പെട്ടവന്‍ മൂന്ന് കൂട്ടരാണ്.(1) ഹറമിൽ ദുഷ്പ്രവൃത്തി ചെയ്യുന്നവൻ;(2) ഇസ്‌ലാമില്‍ ജാഹിലിയ്യത്തിന്‍റെ നടപടി ആഗ്രഹിക്കുന്നവൻ, (3) ന്യായം കൂടാതെ വല്ല മനുഷ്യന്‍റെയും രക്തം ചിന്തുവാന്‍ ശ്രമിക്കുന്നവൻ. (ബുഖാരി:6882)
www.kanzululoom.com