അല്ലാഹുവിന്റെ സൈന്യങ്ങൾ

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

ആകാശ ഭൂമികളിൽ അല്ലാഹുവിന് സൈന്യങ്ങളുണ്ട്. മക്കാ വിജയത്തെക്കുറിച്ചു പ്രസ്താവിക്കുന്ന സന്ദര്‍ഭത്തില്‍ പറയുന്നു:

وَلِلَّهِ جُنُودُ ٱلسَّمَٰوَٰتِ وَٱلْأَرْضِ

അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍. (ഖുര്‍ആൻ:48/4,7)

അല്ലാഹുവിന്‍റെ സൈന്യങ്ങള്‍ ഏതൊക്കെയാണ്, എത്രയാണ്, അവരുടെ സ്ഥിതി ഗതികള്‍ എന്തെല്ലാമാണ്? ഇതൊക്കെ അല്ലാഹുവിനേ അറിയുകയുള്ളു.

وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ

നിന്‍റെ രക്ഷിതാവിന്‍റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. (ഖുര്‍ആൻ:74/31)

അല്ലാഹുവിന്റെ ദീനിനെയും ആ ദീൻ ഉൾക്കൊണ്ടവരെയും അല്ലാഹുവിന്റെ സൈന്യം സംരക്ഷിക്കും.

അല്ലാഹുവിന്റെ സൈന്യങ്ങളിൽ പെട്ടതാണ് മലക്കുകൾ. ശത്രുക്കള്‍ നബി ﷺ യെ കൊലപ്പെടുത്തുവാന്‍ ഗൂഡാലോചന നടത്തിയ അവസരത്തില്‍ നബി ﷺ യും അബൂബക്കര്‍ സിദ്ദീഖ്  رَضِيَ اللهُ عَنْهُ വും കൂടി ഥൌര്‍ ഗുഹയില്‍ പോയി ഒളിച്ചിരിക്കുകയും, അവരെ തേടിത്തിരഞ്ഞുവന്ന ശത്രുക്കളുടെ ദൃഷ്ടിയില്‍ പെടാതെ അവരെ രക്ഷപ്പെടുത്തുകയും ചെയ്ത സംഭവം വിവരിച്ചപ്പോള്‍ അല്ലാഹു പറയുന്നു:

فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَيْهِ وَأَيَّدَهُۥ بِجُنُودٍ لَّمْ تَرَوْهَا

അപ്പോള്‍ അല്ലാഹു തന്‍റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും ചെയ്തു. (ഖുര്‍ആൻ:9/40)

{‏وَأَيَّدَهُ بِجُنُودٍ لَمْ تَرَوْهَا‏}‏ وهي الملائكة الكرام، الذين جعلهم اللّه حرسا له

{നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുി} അല്ലാഹു കാവൽക്കാരാക്കിയ ആദരണീയരായ മലക്കുകളാണവര്‍. (തഫ്സീറുസ്സഅ്ദി)

ബദ്ര്‍ യുദ്ധത്തിന്റെ തലേന്ന് നബി പ്രാര്‍ത്ഥിച്ചു:

اللَّهُمَّ أَنْجِزْ لِي مَا وَعَدْتَنِي اللَّهُمَّ آتِ مَا وَعَدْتَنِي اللَّهُمَّ إِنْ تَهْلِكْ هَذِهِ الْعِصَابَةُ مِنْ أَهْلِ الإِسْلاَمِ لاَ تُعْبَدْ فِي الأَرْضِ

അല്ലാഹുവേ, നീ എന്നോടു ചെയ്ത വാഗ്ദാനം നിറവേറ്റിത്തരേണമേ! അല്ലാഹുവേ, ഇസ്ലാമിന്റെ ആള്‍ക്കാരായ ഈ (ചെറു) സംഘത്തെ നീ നശിപ്പിക്കുന്നപക്ഷം, ഭൂമിയില്‍ ഒരിക്കലും നിനക്കു ആരാധന ചെയ്യപ്പെടുകയുണ്ടാകുകയില്ല. (മുസ്ലിം:1763)

അങ്ങനെ അല്ലാഹു അവന്റെ സൈന്യമായ മലക്കുകളെ ഇറക്കി സത്യവിശ്വാസികളെ അല്ലാഹു സഹായിച്ചു. അല്ലാഹു പറയുന്നത് കാണുക:

ﺇِﺫْ ﺗَﺴْﺘَﻐِﻴﺜُﻮﻥَ ﺭَﺑَّﻜُﻢْ ﻓَﭑﺳْﺘَﺠَﺎﺏَ ﻟَﻜُﻢْ ﺃَﻧِّﻰ ﻣُﻤِﺪُّﻛُﻢ ﺑِﺄَﻟْﻒٍ ﻣِّﻦَ ٱﻟْﻤَﻠَٰٓﺌِﻜَﺔِ ﻣُﺮْﺩِﻓِﻴﻦَ

നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് ഇസ്തിഗാസചെയ്ത (സഹായം തേടിയിരുന്ന) സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി. (ഖു൪ആന്‍ :8/9)

إِذْ تَقُولُ لِلْمُؤْمِنِينَ أَلَن يَكْفِيَكُمْ أَن يُمِدَّكُمْ رَبُّكُم بِثَلَٰثَةِ ءَالَٰفٍ مِّنَ ٱلْمَلَٰٓئِكَةِ مُنزَلِينَ ‎﴿١٢٤﴾‏ بَلَىٰٓ ۚ إِن تَصْبِرُوا۟ وَتَتَّقُوا۟ وَيَأْتُوكُم مِّن فَوْرِهِمْ هَٰذَا يُمْدِدْكُمْ رَبُّكُم بِخَمْسَةِ ءَالَٰفٍ مِّنَ ٱلْمَلَٰٓئِكَةِ مُسَوِّمِينَ ‎﴿١٢٥﴾‏ وَمَا جَعَلَهُ ٱللَّهُ إِلَّا بُشْرَىٰ لَكُمْ وَلِتَطْمَئِنَّ قُلُوبُكُم بِهِۦ ۗ وَمَا ٱلنَّصْرُ إِلَّا مِنْ عِندِ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ ‎﴿١٢٦﴾

(നബിയേ) നിങ്ങളുടെ രക്ഷിതാവ് മൂവായിരം മലക്കുകളെ ഇറക്കിക്കൊണ്ട് നിങ്ങളെ സഹായിക്കുക എന്നത് നിങ്ങള്‍ക്ക് മതിയാവുകയില്ലേ എന്ന് സത്യവിശ്വാസികളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). (പിന്നീട് അല്ലാഹു വാഗ്ദാനം ചെയ്തു:) അതെ, നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും നിങ്ങളുടെ അടുക്കല്‍ ശത്രുക്കള്‍ ഈ നിമിഷത്തില്‍തന്നെ വന്നെത്തുകയുമാണെങ്കില്‍ നിങ്ങളുടെ രക്ഷിതാവ് പ്രത്യേക അടയാളമുള്ള അയ്യായിരം മലക്കുകള്‍ മുഖേന നിങ്ങളെ സഹായിക്കുന്നതാണ്. നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയായിക്കൊണ്ടും നിങ്ങളുടെ മനസ്സുകള്‍ സമാധാനപ്പെടുവാന്‍ വേണ്ടിയും മാത്രമാണ് അല്ലാഹു ആ പിന്‍ബലം നല്‍കിയത്. (സാക്ഷാല്‍) സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍നിന്നു മാത്രമാകുന്നു. (ഖുര്‍ആന്‍: 3/124-126)

ഖന്‍ദഖ് യുദ്ധത്തില്‍ ശത്രുസൈന്യത്തെ പരാജയപ്പെടുത്തിയതിനെ വിവരിക്കുന്ന മദ്ധ്യെ പറയുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ جَآءَتْكُمْ جُنُودٌ فَأَرْسَلْنَا عَلَيْهِمْ رِيحًا وَجُنُودًا لَّمْ تَرَوْهَا ۚ وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيرًا

സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു. (ഖുര്‍ആൻ:33/9)

നരകത്തിന്റെ മേല്‍നോട്ടം വഹിക്കുവാന്‍ ഏൽപ്പിക്കപ്പെട്ടിരിക്കുന്നത് 19 മലക്കുകളാണെന്ന് അല്ലാഹു പ്രസ്താവിച്ചു (ഖുര്‍ആൻ:74/31). ഇതു കേട്ടപ്പോള്‍ അബൂ ജഹലും മറ്റും അതിനെ കുറിച്ച് പരിഹസിച്ചു പറയുകയുമുണ്ടായി. അതിന് മറുപടിയായി വിശുദ്ധ ഖുര്‍ആൻ അവതരിച്ച ഭാഗത്താണ് “നിന്‍റെ രക്ഷിതാവിന്‍റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല” എന്ന് വിശുദ്ധ ഖുര്‍ആൻ പറഞ്ഞിട്ടുള്ളത്. ചുരുക്കത്തിൽ അല്ലാഹുവിന്റെ സൈന്യങ്ങളിൽ പ്രഥമ സ്ഥാനത്തുള്ളതാണ് മലക്കുകൾ. അവരുടെ എണ്ണം നമുക്ക് നിര്‍ണ്ണയിക്കാൻ കഴിയുന്നതല്ല.

عَنْ أَبِي ذَرٍّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : إِنِّي أَرَى مَا لاَ تَرَوْنَ وَأَسْمَعُ مَا لاَ تَسْمَعُونَ أَطَّتِ السَّمَاءُ وَحُقَّ لَهَا أَنْ تَئِطَّ مَا فِيهَا مَوْضِعُ أَرْبَعِ أَصَابِعَ إِلاَّ وَمَلَكٌ وَاضِعٌ جَبْهَتَهُ سَاجِدًا لِلَّهِ

അബൂദ൪റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം നിങ്ങൾ കാണാത്തത് ഞാൻ കാണുകയും നിങ്ങൾ കേൾക്കാത്തത് ഞാൻ കേൾക്കുകയും ചെയ്യുന്നു. ആകാശം ശബ്ദിക്കാറായിരിക്കുന്നു. അതിന് ശബ്ദിക്കാൻ അവകാശവുമുണ്ട്. നാല് വിരലിന് അവിടെ സ്ഥലമുണ്ടെങ്കിൽ അവിടെ മലക്ക് അല്ലാഹുവിന് സുജൂദ് ചെയ്തുകൊണ്ട് നെറ്റിത്തടം വെക്കുകയാണ്. (തിർമിദി:2312)

നബി ﷺ യുടെ മിഅ്റാജ് യാത്രയെ കുറിച്ച് വിവരിക്കുന്ന ഹദീസില്‍ ഇപ്രകാരം കാണാം.

ثُمَّ رُفِعَ لِيَ الْبَيْتُ الْمَعْمُورُ فَقُلْتُ يَا جِبْرِيلُ مَا هَذَا قَالَ هَذَا الْبَيْتُ الْمَعْمُورُ يَدْخُلُهُ كُلَّ يَوْمٍ سَبْعُونَ أَلْفَ مَلَكٍ إِذَا خَرَجُوا مِنْهُ لَمْ يَعُودُوا فِيهِ آخِرُ مَا عَلَيْهِمْ

….. നബി ﷺ പറയുന്നു: ശേഷം ബൈതുല്‍ മഅ്മൂറിലേക്ക് ഞാന്‍ ഉയ൪ത്തപ്പെട്ടു. ഞാന്‍ ചോദിച്ചു: ഹേ, ജിബ്രീല്‍, ഇത് എന്താണ്?ജിബ്രീല്‍ പറഞ്ഞു: ഇത് ബൈതുല്‍ മഅ്മൂറാണ്. എല്ലാ ദിവസവും എഴുപതിനായിരം മലക്കുകള്‍ അതില്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നു. അതില്‍ നിന്നും അവ൪ പുറത്തുപോയാല്‍ പിന്നീടൊരിക്കലും അതിലേക്ക് മടങ്ങി വരുന്നതല്ല. (ഇത് എല്ലാ ദിവസവും നടന്നുകൊണ്ടിരിക്കുന്നു.) (മുസ്ലിം:164)

عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ يُؤْتَى بِجَهَنَّمَ يَوْمَئِذٍ لَهَا سَبْعُونَ أَلْفَ زِمَامٍ مَعَ كُلِّ زِمَامٍ سَبْعُونَ أَلْفَ مَلَكٍ يَجُرُّونَهَا‏ ‏.

അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകത്തിന് എഴുപതിനായിരം ചങ്ങലകളുണ്ട്. ഓരോ ചങ്ങലയോടൊപ്പവും എഴുപതിനായിരം മലക്കുകളും. അവര്‍ അതിനെ വലിച്ചുകൊണ്ടുവരും. (മുസ്ലിം2842)

അല്ലാഹുവിന്റെ സൈന്യങ്ങളിൽ പെട്ടതാണ് കാറ്റ്. ഖന്‍ദഖ് യുദ്ധത്തില്‍ ശത്രുസൈന്യത്തെ പരാജയപ്പെടുത്തിയത് ഈ സൈന്യമായിരുന്നു. സഖ്യ കക്ഷികൾക്കു നേരെ അല്ലാഹു ശക്തമായ കാറ്റിനെ അയച്ചു. അതി ശക്തമായ ഇരുട്ടും തണുപ്പും ഉള്ള രാത്രിയായിരുന്നു അത്. അതോടെ സഖ്യകക്ഷികളുടെ അവസ്ഥയെല്ലാം മാറി. അവരുടെ പാത്രങ്ങൾ മറിഞ്ഞ് വീണു. വിളക്കുകൾ അണഞ്ഞു. ടെന്റുകളുടെ തൂണുകൾ പിഴുതെറിയപ്പെട്ടു. ശക്തമായ കാറ്റിൽ പിടിച്ചു നിൽക്കാൻ അവർക്ക് സാധിച്ചില്ല. സ്വന്തം ഒട്ടക കട്ടിലിലേക്കു പോലും പോകാൻ കഴിയാത്ത ദുരന്തകരമായ അവസ്ഥയാണ് സഖ്യകക്ഷികൾക്കുണ്ടായത്.  മുശ്രിക്കുകൾക്കെതിരെ അല്ലാഹു അയച്ച അവന്റെ സൈന്യങ്ങളിൽ ഒരു സൈന്യമായിരുന്നു ഈ കാറ്റ്.

അല്ലാഹു വിശ്വാസികൾക്ക് സഹായമായിക്കൊണ്ട് അയച്ചു കൊടുത്ത ഈ സൈന്യത്തെ സംബന്ധിച്ച് അല്ലാഹു അവരെ ഓർമ്മിപ്പിക്കുന്നത് കാണുക.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ جَآءَتْكُمْ جُنُودٌ فَأَرْسَلْنَا عَلَيْهِمْ رِيحًا وَجُنُودًا لَّمْ تَرَوْهَا ۚ وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيرًا

സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും നിങ്ങള്‍ കാണാത്ത സൈന്യങ്ങളെയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു. (ഖു൪ആന്‍:33/9)

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ ‏ :‏ نُصِرْتُ بِالصَّبَا وَأُهْلِكَتْ عَادٌ بِالدَّبُورِ

ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:കിഴക്ക് നിന്നുള്ള കാറ്റ് എന്നെ സഹായിച്ചിട്ടുണ്ട്. പടിഞ്ഞാറ് നിന്നുള്ള കാറ്റിൽ ‘ആദ്’ സമുദായം നശിച്ചു. (മുസ്ലിം:900)

ഭയം അല്ലാഹുവിന്റെ സൈന്യമാണ്. ജൂതവിഭാഗമായ ബനൂനളീറുമായിട്ടുള്ള യുദ്ധത്തിൽ മുസ്ലിംകളെ അല്ലാഹു സഹായിച്ചതിനെ കുറിച്ച് പറയുന്നു:

فَأَتَىٰهُمُ ٱللَّهُ مِنْ حَيْثُ لَمْ يَحْتَسِبُوا۟ ۖ وَقَذَفَ فِى قُلُوبِهِمُ ٱلرُّعْبَ ۚ

എന്നാല്‍ അവര്‍ കണക്കാക്കാത്ത വിധത്തില്‍ അല്ലാഹു അവരുടെ അടുക്കല്‍ ചെല്ലുകയും അവരുടെ മനസ്സുകളില്‍ ഭയം ഇടുകയും ചെയ്തു. (ഖുര്‍ആൻ:59/2)

( قَذَفَ فِي قُلُوبِهِمُ الرُّعْبَ ) وَهُوَ الْخَوْفُ الشَّدِيدُ، الَّذِي هُوَ جُنْدُ اللَّهِ الْأَكْبَرِ، الَّذِي لَا يَنْفَعُ مَعَهُ عَدَدٌ وَلَا عُدَّةٌ، وَلَا قُوَّةٌ وَلَا شِدَّةٌ،

(അവരുടെ മനസ്സുകളില്‍ ഭയം ഇടുകയും ചെയ്തു). കഠിനമായ ഭയം. അത് അല്ലാഹുവിന്റെ ഏറ്റവും വലിയ സൈന്യമാണ്. എണ്ണമോ തയ്യാറെടുപ്പോ അവിടെ പ്രയോജനം ചെയ്യില്ല. ശക്തിയും ബലവും ഉപകരിക്കില്ല. (തഫ്സീറുസ്സഅ്ദി)

അല്ലാഹുവിന്റെ സൈന്യങ്ങൾ ഇനിയുമുണ്ട്. പ്രധാനപ്പെട്ട ചിലത്  സൂചിപ്പിക്കുന്നു:

فَأَرْسَلْنَا عَلَيْهِمُ ٱلطُّوفَانَ وَٱلْجَرَادَ وَٱلْقُمَّلَ وَٱلضَّفَادِعَ وَٱلدَّمَ ءَايَٰتٍ مُّفَصَّلَٰتٍ فَٱسْتَكْبَرُوا۟ وَكَانُوا۟ قَوْمًا مُّجْرِمِينَ

വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു.  (ഖുര്‍ആൻ:7/133)

أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَٰبِ ٱلْفِيلِ ‎﴿١﴾‏ أَلَمْ يَجْعَلْ كَيْدَهُمْ فِى تَضْلِيلٍ ‎﴿٢﴾‏ وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ ‎﴿٣﴾‏ تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ ‎﴿٤﴾‏ فَجَعَلَهُمْ كَعَصْفٍ مَّأْكُولِۭ ‎﴿٥﴾‏

ആനക്കാരെക്കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ? അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ? കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു. ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ. അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി. (ഖുർആൻ:105/1-5)

അന്ത്യനാളിന്റെ വലിയ അടയാളങ്ങളായി നബി ﷺ എണ്ണിയതില്‍ ഒന്നാണ് യഅ്ജൂജ് – മഅ്ജൂജിന്റെ പുറപ്പാട്. അവരെ നശിപ്പിക്കുന്നതും അല്ലാഹുവിന്റെ സൈന്യങ്ങളാണ്.

إِنَّهَا لَنْ تَقُومَ حَتَّى تَرَوْنَ قَبْلَهَا عَشْرَ آيَاتٍ. فَذَكَرَ الدُّخَانَ وَالدَّجَّالَ وَالدَّابَّةَ وَطُلُوعَ الشَّمْسِ مِنْ مَغْرِبِهَا وَنُزُولَ عِيسَى ابْنِ مَرْيَمَ صلى الله عليه وسلم وَيَأْجُوجَ وَمَأْجُوجَ وَثَلاَثَةَ خُسُوفٍ خَسْفٌ بِالْمَشْرِقِ وَخَسْفٌ بِالْمَغْرِبِ وَخَسْفٌ بِجَزِيرَةِ الْعَرَبِ وَآخِرُ ذَلِكَ نَارٌ تَخْرُجُ مِنَ الْيَمَنِ تَطْرُدُ النَّاسَ إِلَى مَحْشَرِهِمْ ‏.‏

തീ൪ച്ചയായും, പത്ത് അടയാളങ്ങള്‍ നിങ്ങള്‍ കാണുന്നതുവരെ അന്ത്യദിനം ഉണ്ടാവുകയില്ല. അതിനെ കുറിച്ച് അവിടുന്ന് അറിയിച്ചു : പുക, ദജ്ജാല്‍, ദാബ്ബത്ത്, സൂര്യന്‍ അതിന്റെ പടിഞ്ഞാറ് നിന്ന് ഉദിക്കല്‍, മര്‍യമിന്റെ പുത്രന്‍ ഈസായുടെ ഇറങ്ങല്‍, യഅ്ജൂജ് – മഅ്ജൂജ്, മൂന്ന് ഖസ്ഫുകള്‍, ഒന്ന് : പൌരസ്ത്യ ദേശത്ത്, രണ്ട് : പാശ്ചാത്യ ലോകത്ത്, മൂന്ന്: അറേബ്യന്‍ ഉപദ്വീപില്‍. അതില്‍ അവസാനത്തേത് യമനില്‍ നിന്ന് പുറപ്പെടുന്ന ഒരു തീയായിരിക്കും. അത് ആളുകളെ അവരുടെ മഹ്ശറിലേക്ക് ഒരുമിച്ച് കൂട്ടും. (മുസ്ലിം:2901)

നവ്വാസിബ്നു സംആൻ رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള സുദീ൪ഘമായിട്ടുള്ള ഹദീസിലെ, യഅ്ജൂജ് – മഅ്ജൂജിന്റെ പതനവുമായി ബന്ധപ്പെട്ട പരാമ൪ശം കാണുക:

وَيُحْصَرُ نَبِيُّ اللَّهُ عِيسَى وَأَصْحَابُهُ حَتَّى يَكُونَ رَأْسُ الثَّوْرِ لأَحَدِهِمْ خَيْرًا مِنْ مِائَةِ دِينَارٍ لأَحَدِكُمُ الْيَوْمَ فَيَرْغَبُ نَبِيُّ اللَّهِ عِيسَى وَأَصْحَابُهُ فَيُرْسِلُ اللَّهُ عَلَيْهُمُ النَّغَفَ فِي رِقَابِهِمْ فَيُصْبِحُونَ فَرْسَى كَمَوْتِ نَفْسٍ وَاحِدَةٍ ثُمَّ يَهْبِطُ نَبِيُّ اللَّهِ عِيسَى وَأَصْحَابُهُ إِلَى الأَرْضِ فَلاَ يَجِدُونَ فِي الأَرْضِ مَوْضِعَ شِبْرٍ إِلاَّ مَلأَهُ زَهَمُهُمْ وَنَتْنُهُمْ فَيَرْغَبُ نَبِيُّ اللَّهِ عِيسَى وَأَصْحَابُهُ إِلَى اللَّهِ فَيُرْسِلُ اللَّهُ طَيْرًا كَأَعْنَاقِ الْبُخْتِ فَتَحْمِلُهُمْ فَتَطْرَحُهُمْ حَيْثُ شَاءَ اللَّهُ ثُمَّ يُرْسِلُ اللَّهُ مَطَرًا لاَ يَكُنُّ مِنْهُ بَيْتُ مَدَرٍ وَلاَ وَبَرٍ فَيَغْسِلُ الأَرْضَ حَتَّى يَتْرُكَهَا كَالزَّلَفَةِ

അല്ലാഹുവിന്റെ നബിയായ ഈസാ(അ)യും അനുയായികളും (പ൪വ്വതത്തില്‍) തടയപ്പെടും. എത്രത്തോളമെന്നാല്‍ ഒരു കാളയുടെ തല അവരിലൊരാള്‍ക്ക് ഇന്ന് നിങ്ങളില്‍ ഒരാള്‍ക്ക് നൂറ് ദീനാറിനേക്കാള്‍ എത്രത്തോളം ഉത്തമമാണോ അതിനേക്കാള്‍ ഉത്തമമായിരിക്കും. അല്ലാഹുവിന്റെ നബിയായ ഈസാ(അ)യും അനുയായികളും അല്ലാഹുവിലേക്ക് പ്രതീക്ഷയും പ്രാ൪ത്ഥനയം അ൪പ്പിക്കും. അല്ലാഹു അവരിലേക്ക് (യഅ്ജൂജ് – മഅ്ജൂജുകളിലേക്ക്) ഒരുതരം കീടങ്ങളെ അയക്കും. അത് (കീടങ്ങളെ) അവരുടെ പിരടികളില്‍ പതിക്കും. ഒരൊറ്റ ശരീരത്തിന്റെ നാശമെന്നപോലെ അവരെല്ലാവരും കൊല്ലപ്പെട്ടവരാകുകയും ചെയ്യും. ശേഷം അല്ലാഹുവിന്റെ നബിയായ ഈസാ(അ)യും അനുയായികളും (പ൪വ്വതത്തില്‍ നിന്ന്) ഭൂമിയിലേക്ക് ഇറങ്ങും. അപ്പോള്‍ അതില്‍ അവരുടെ (യഅ്ജൂജ് – മഅ്ജൂജിന്റെ) ദു൪ഗന്ധവും മാലിന്യവും നിറഞ്ഞതല്ലാത്ത ഒരു ചാണ്‍ ഇടവും അവ൪ കാണില്ല. അല്ലാഹുവിന്റെ നബിയായ ഈസാ(അ)യും അനുയായികളും അല്ലാഹുവിലേക്ക് പ്രതീക്ഷയും പ്രാ൪ത്ഥനയം അ൪പ്പിക്കും. അപ്പോള്‍ അല്ലാഹു ഒട്ടകത്തിന്റെ കഴുത്ത് പോലെയുള്ള ഒരുതരം പക്ഷികളെ അല്ലാഹു അയക്കും. അവ അവരെ വഹിച്ചെടുത്ത് അല്ലാഹു ഉദ്ദേശിച്ച സ്ഥലത്തേക്ക് എറിയുകയും ചെയ്യും. ശേഷം അല്ലാഹു ഒരു മഴയെ അയക്കും. യാതൊരു രോമക്കുടിലും മണ്‍കുടിലും സുരക്ഷയേകാത്ത പ്രസ്തുത മഴയില്‍ അല്ലാഹു ഭുമിയെ കഴുകുകയും അതിനെ മിനുസവും തിളക്കവുമുള്ള പ്രതലമാക്കി വിടുകയും ചെയ്യും.(മുസ്ലിം:2937)

മനുഷ്യരിൽ തന്നെയുണ്ടാകും അല്ലാഹുവിന്റെ സൈന്യങ്ങൾ. അല്ലാഹുവിന്റെ ദീനിന്റെ ഔന്നത്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആ മാര്‍ഗത്തിൽ പോരാടുന്നവര്‍.

وَإِنَّ جُندَنَا لَهُمُ ٱلْغَٰلِبُونَ

തീര്‍ച്ചയായും നമ്മുടെ സൈന്യം തന്നെയാണ് ജേതാക്കളായിരിക്കുക എന്നും. (ഖുര്‍ആൻ:37/173)

 

 

www.kanzululoom.com

 

 

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.

SIMILAR POSTS