വിവിധ തരത്തിലുള്ള ഫിത്‌നകള്‍ (കുഴപ്പങ്ങള്‍) സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. മതരംഗവും ഇതില്‍ നിന്ന് ഒഴിവല്ല. മതരംഗത്ത് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്ന ഫിത്‌നകള്‍ പരിശോധിച്ചാല്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് അതിനു പിന്നില്‍ നമുക്ക് കാണാനാവുക. അതില്‍ ഒന്ന് യഥാര്‍ഥ ജ്ഞാനത്തിന്റെ അഭാവമാണ്. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നായിരിക്കണമല്ലോ ഒരു വിശ്വാസിയുടെ ഏറ്റവും പ്രാഥമിക ജ്ഞാനം. പക്ഷേ, അത് നാവുകൊണ്ട് ഉരുവിടുന്നതിനപ്പുറം അതിനെ ക്കുറിച്ച് അറിവില്ലാത്ത അവസ്ഥയുണ്ടായാല്‍ നിരവധി പ്രശ്‌നങ്ങള്‍ അതുവഴി സംഭവിക്കും. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുന്നവന്‍ ജാറങ്ങളിലെ സന്ദര്‍ശകനും അവിടെ ചെന്ന് സങ്കടം ബോധിപ്പിക്കുന്നവനും ആകുന്നത് ഇക്കാരണത്താലാണ്.
തട്ടമിട്ട പെണ്‍കുട്ടികള്‍ രാഖി കെട്ടാന്‍ വേണ്ടി അന്യമതക്കാരന്റെ മുന്നില്‍ കൈനീട്ടിക്കൊടുക്കുന്നതും ഇതുകൊണ്ടുതന്നെ. നാട്ടുകല്‍ എന്ന സ്ഥലത്തെ കല്ലിന്റെ അടുത്ത് ചന്ദനത്തിരികള്‍ കത്തിച്ചുവെക്കുകയും അവിടെ ഭക്തിയോടെ ആളുകള്‍ കൈകൂപ്പി നില്‍ക്കുകയും ചെയ്യുന്നതിന്റെ കാരണവും വ്യത്യസ്തമല്ല. ഈ ക്വുര്‍ആന്‍ വചനം അറിവില്ലായ്മയുടെ അപകടം വ്യക്തമാക്കുന്നതാണ്.
ﻗُﻞْ ﻫَﻞْ ﻳَﺴْﺘَﻮِﻯ ٱﻟَّﺬِﻳﻦَ ﻳَﻌْﻠَﻤُﻮﻥَ ﻭَٱﻟَّﺬِﻳﻦَ ﻻَ ﻳَﻌْﻠَﻤُﻮﻥَ ۗ
……. പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? (ഖു൪ആന്‍: 39/9)
”അറിവില്ലാതെ നീ ഒന്നും പറയരുത്” എന്ന് അല്ലാഹു വിലക്കിയതും ഈ ഫിത്‌നയില്‍ നിന്ന് രക്ഷനേടാനാണ്. അറിവില്ലാത്തവരെ കൊണ്ടുള്ള ഫിത്‌ന സമൂഹത്തില്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രമാണങ്ങളെക്കുറിച്ച് പ്രാഥമിക പരിജ്ഞാനം പോലുമില്ലാത്തവര്‍ ഇന്ന് സംവാദങ്ങള്‍ വരെ സോഷ്യല്‍ മീഡിയയില്‍ നടത്തുന്നുണ്ട്. അവസാനം അത് അവരുടെ വിശ്വാസം തെറ്റിപ്പോകാനും കാരണമാകാറുണ്ട്. പണ്ഡിതന്മാര്‍ മരണപ്പെടുമ്പോള്‍ വിവരദോഷികളെ ജനം പണ്ഡിതരായി ഗണിച്ച് അവരോട് കാര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ അവര്‍ വിവരമില്ലാതെ ഫത്‌വകള്‍ നല്‍കി സ്വയം വഴികേടിലായി മറ്റുള്ളവരെ വഴികേടിലേക്കെത്തിക്കുന്ന അവസ്ഥയുണ്ടാകുമെന്ന് നബിതിരുമേനി ﷺ മുന്നറിയിപ്പു തന്നതും ഈ ഫിത്‌നയെ കുറിച്ചാണ്.
ഇബ്‌നു ഹസം رحمه الله യുടെ ഒരുവാക്ക് ഇവിടെ പ്രസക്തമാവുകയാണ്:
لا آفة على العلوم وأهلها أضر من الدخلاء فيها وهم من غير أهلها؛ فإنهم يجهلون ويظنون أنهم يعلمون، ويفسدون ويقدّرون أنهم يصلحون.
ഇല്‍മിനും അതിന്റെ അഹ്‌ലുകാര്‍ക്കും ഏറ്റവും പരിക്കേല്‍പിച്ച കാര്യമാണ് അറിവില്ലാത്തവര്‍ ഇതിലേക്ക് കയറിവന്നു എന്നത്. അവര്‍ വിവരം കെട്ടവരാണ്. പക്ഷേ, അവരുടെ ധാരണ ഞങ്ങള്‍ വിവരമുള്ളവരാണെന്നാണ്. യഥാര്‍ഥത്തില്‍ അവര്‍ ഫസാദുണ്ടാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അവര്‍ വിചാരിക്കുന്നത് ഞങ്ങള്‍ നന്മയുണ്ടാക്കുന്നവരാണെന്നാണ്.
സലഫുകളില്‍പെട്ട ചിലര്‍ ”അജ്ഞാനികള്‍ ഒന്നുമിണ്ടാതിരുന്നെങ്കില്‍ തന്നെ ഈ ഭിന്നതകള്‍ അവസാനിക്കുമായിരുന്നു” എന്ന് പറഞ്ഞതായി കാണാം. അതുകൊണ്ട് ജ്ഞാനമില്ലാത്തതിന്റെ കാരണം കൊണ്ടുണ്ടാകുന്ന ഫിത്‌ന വലുതാണ്. അതിന് അറിവ് (ഇല്‍മ്) നേടുക എന്നത് മാത്രമാണ് പരിഹാരം.
അറിവ് യഥാര്‍ഥ ഉറവിടത്തില്‍ നിന്ന് സ്വീകരിക്കാത്തത് മൂലമുണ്ടായിക്കൊണ്ടിരിക്കുന്ന ഫിത്‌നയാണ് രണ്ടാമത്തേത്.
ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും ചടഞ്ഞിരുന്ന് വലിയ മുഫ്തിയായിത്തീരുന്ന ചില ഫിത്‌നക്കാര്‍ സമൂഹത്തിലുണ്ട്. ഒരു തുണ്ടം ഫത്‌വയും അര തുണ്ടം അറബിയും സമം ചേര്‍ന്നാല്‍ ഫിത്‌നയുണ്ടാക്കാനുള്ള അര്‍ഹത നേടിയവനായി എന്നതാണ് അവസ്ഥ. വാക്‌സാമര്‍ഥ്യമുള്ളവരില്‍ നിന്നെല്ലാം അറിവെടുക്കാം; പിന്നെ ഒന്നും നോക്കേണ്ടതില്ല എന്നത് വലിയൊരു ഫിത്‌നയായി വളര്‍ന്നുവരികയാണ്. ഇമാം ഇബ്‌നു സീരീന്‍ رحمه الله പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്:
إِنَّ هَذَا الْعِلْمَ دِينٌ فَانْظُرُوا عَمَّنْ تَأْخُذُونَ دِينَكُمْ .
ഈ വിജ്ഞാനം എന്നത് മതമാണ്. അതിനാല്‍ ആരില്‍ നിന്നാണ് നിങ്ങള്‍ ദീന്‍ സ്വീകരിക്കുന്നതെന്ന് ശരിക്കും പരിശോധിക്കണം.
മതനിഷേധികളും ഹദീഥ് നിഷേധികളും ഒക്കെ ചിലരുടെ ഉസ്താദുമാരാണ് ഇന്ന്. ഇതുമൂലം എത്രയാളുകളുടെ വിശ്വാസമാണ് തകരുന്നത്! ഇമാം മാലിക് رحمه الله പറഞ്ഞ ഒരു വാക്ക് ഇവിടെ പ്രസ്താവ്യമാണ്:
لقد أدركت سبعين عند هذه الأساطين وأشارإلى مسجد الرسول (صلى الله عليه وسلم) يقولون قال رسول الله (صلى الله عليه وسلم) فما أخذت عنهم شيئا وإن أحدهم لو ائتمن على بيت مال لكان به أمينا إلا أنهم لم يكونوا من أهل هذا الشان. ويقدم علينا محمد بن مسلم الزهري وهو شاب فنزدحم على بابه
നബി ﷺ പറഞ്ഞു എന്ന് പറഞ്ഞ് ഹദീഥുകള്‍ പറയുന്ന എഴുപതില്‍പരം ആളുകളെ നബി ﷺ യുടെ പള്ളിയില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ബൈത്തുല്‍മാല്‍ അവരെ ഏല്‍പിച്ചാല്‍ പൂര്‍ണവിശ്വസ്തതയോടെ അവരത് കൈകാര്യം ചെയ്‌തേക്കും. എന്നാല്‍ അവരില്‍ ഒരാളില്‍ നിന്ന് പോലും ഞാന്‍ ഒരു വിജ്ഞാനവും സ്വീകരിച്ചിട്ടില്ല. കാരണം, അവര്‍ അറിവിന്റെ അഹ്‌ലുകാര്‍ ആയിരുന്നില്ല. അതേസമയം ഒരു തികഞ്ഞ യുവാവായ മുഹമ്മദ് സീന്‍ ശിഹാബ് സുഹ്‌രി പള്ളിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ഞങ്ങള്‍ തിരക്കുകൂട്ടിയിട്ടുമുണ്ട്.’
ജ്ഞാനം ആരില്‍ നിന്നാണ് സ്വീകരിക്കേണ്ടത് എന്നതിന് വ്യക്തമായ ചൂണ്ടുപലകയാണ് ഇമാമിന്റെ ഈ വാക്കുകള്‍. അഥവാ ജ്ഞാനം അതിന്റെ യഥാര്‍ഥ ഉറവിടത്തില്‍ നിന്നുതന്നെ എടുക്കണം. ഇല്ലെങ്കില്‍ അപകടത്തില്‍ പതിക്കും. അതാണ് ഇമാം ശാഫിഇ رحمه الله പറഞ്ഞത്:
من تفقه من بطون الكتب ضيع الأحكام
ആരെങ്കിലും ഗ്രന്ഥങ്ങളില്‍ നിന്ന് മാത്രം അറിവ് നേടിയാല്‍ അവന് നിരവധി വിധികള്‍ നഷ്ടപ്പെടും.
അതുകൊണ്ട് അറിവ് നേടുക. അതിന്റെ യഥാര്‍ഥ ഉറവിടത്തില്‍ നിന്ന്. എങ്കില്‍ ഫിത്‌നകളില്‍ നിന്ന് രക്ഷപ്പെടാം. ഇല്ലെങ്കില്‍ ഫിത്‌നകള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കും. അല്ലാഹു സഹായിക്കട്ടെ.
അബ്ദുല്‍ മാലിക് സലഫി
www.kanzululoom.com