മനുഷ്യൻ അവന്റെ നിത്യജീവിതത്തിൽ കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു കാര്യമാണ് തീ. തീയുമായി ബന്ധപ്പെട്ട് ഒരു മുസ്ലിം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ഒന്നാമതായി, തീയുടെ ഉടമസ്ഥൻ അല്ലാഹുവാണ്. മനുഷ്യന് അതിന്റെ സൃഷ്ടിപ്പിൽ യാതൊരു പങ്കുമില്ല. മനുഷ്യൻ അത് ഉപയോഗപ്പെടുത്തുന്നുവെന്നുമാത്രം.

ٱلَّذِى جَعَلَ لَكُم مِّنَ ٱلشَّجَرِ ٱلْأَخْضَرِ نَارًا فَإِذَآ أَنتُم مِّنْهُ تُوقِدُونَ

പച്ചമരത്തില്‍ നിന്ന് നിങ്ങള്‍ക്ക് തീ ഉണ്ടാക്കിത്തന്നവനത്രെ അവന്‍, അങ്ങനെ നിങ്ങളതാ അതില്‍ നിന്ന് കത്തിച്ചെടുക്കുന്നു. (ഖുർആൻ:36/80)

മനുഷ്യജീവിതത്തില്‍ അത്യന്താപേക്ഷിതമായ ഒരു വിഭവമാണ് വെള്ളം. അതിനെ ആകാശത്തു നിന്നു ഇറക്കിയതി മനുഷ്യന് യാതൊരു പങ്കുമില്ലല്ലോ. ഇക്കാര്യം പറഞ്ഞതിന് ശേഷം അല്ലാഹു തീയെ കുറിച്ച് പറയുന്നതാ കാണുക:

أَفَرَءَيْتُمُ ٱلنَّارَ ٱلَّتِى تُورُونَ ‎﴿٧١﴾‏ ءَأَنتُمْ أَنشَأْتُمْ شَجَرَتَهَآ أَمْ نَحْنُ ٱلْمُنشِـُٔونَ ‎﴿٧٢﴾‏ نَحْنُ جَعَلْنَٰهَا تَذْكِرَةً وَمَتَٰعًا لِّلْمُقْوِينَ ‎﴿٧٣﴾

നിങ്ങള്‍ ഉരസികത്തിക്കുന്നതായ തീയിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?  നിങ്ങളാണോ അതിന്‍റെ മരം സൃഷ്ടിച്ചുണ്ടാക്കിയത്‌? അതല്ല നാമാണോ സൃഷ്ടിച്ചുണ്ടാക്കിയവന്‍?  നാം അതിനെ ഒരു ചിന്താവിഷയമാക്കിയിരിക്കുന്നു. ദരിദ്രരായ സഞ്ചാരികള്‍ക്ക് ഒരു ജീവിതസൌകര്യവും. (ഖുർആൻ:56/71-73)

വെള്ളം പോലെ അത്യാവശ്യ വസ്തുവായ തീയിനെ  ഉത്പാദിപ്പിച്ചതിലും, മനുഷ്യന് യാതൊരു പങ്കും ഇല്ല.

പച്ചമരത്തില്‍ നിന്ന് തീ ഉണ്ടാക്കിത്തന്നത് അല്ലാഹുവാണ്, തീക്കായി മനുഷ്യൻ ഉരസി കത്തിക്കുന്ന മരം സൃഷ്ടിച്ചുണ്ടാക്കിയത്‌ അല്ലാഹുവാണ് എന്നീ കാര്യങ്ങൾ മേൽ ആയത്തുകളിലൂടെ അല്ലാഹു അറിയിക്കുന്നു.

തീയുണ്ടാക്കുവാന്‍ തീപ്പെട്ടി മുതലായ പരിഷ്കൃത മാര്‍ഗ്ഗങ്ങൾ ഉപയോഗിച്ചു തുടങ്ങുന്നതിനു മുമ്പ് ചില പ്രത്യേക മരത്തുണ്ടുകളെയായിരുന്നു മനുഷ്യന്‍ ആശ്രയിച്ചിരുന്നത്.

പച്ചമരത്തില്‍നിന്നു തീ ഉൽപാദിപ്പിക്കുന്നതിനു വ്യത്യസ്തങ്ങളായ ഉദാഹരണങ്ങള്‍ കാണുവാന്‍കഴിയും. എല്ലാ പച്ചമരങ്ങളും ഉണങ്ങിക്കഴിഞ്ഞാല്‍ അതില്‍ തീ കത്തിക്കുവാന്‍ സാധിക്കുന്നു. തീക്കല്ലും, ലോഹവും ഉരസി തീയുണ്ടാക്കല്‍ പരിചയപ്പെടുന്നതിനുമുമ്പ് ചില പ്രത്യേക മരച്ചുള്ളികള്‍ തമ്മില്‍ ഉരസി തീയുണ്ടാക്കുക മുന്‍കാലത്തു ഹിജാസില്‍ പതിവുണ്ടായിരുന്നു. അതിനായി അറബികള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തിയിരുന്ന രണ്ടു മരങ്ങളാണ് ‘മറഖും, അഫാറും’ (المرخ والعفار). ഓട, മുള മുതലായ ചില മരങ്ങള്‍ തമ്മില്‍ ഉരസി തീയെടുക്കുന്ന സമ്പ്രദായം ഇന്നും മലവാസികള്‍ക്കിടയില്‍ നടപ്പുള്ളതാണ്. നീര്‍പച്ചയുള്ള മരത്തില്‍ വൈദ്യുതപ്രവാഹം ഏല്‍ക്കുമ്പോള്‍ തീയുണ്ടാകുന്നു. അതേസമയത്ത് ഉണങ്ങിയ മരത്തില്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്നുമില്ല. കൂടാതെ, ജലാംശം കലര്‍ന്നതും, നീരായതുമായ പല വസ്തുക്കളിലും വേഗം തീ ബാധിക്കാറുള്ളതും, ചില അംഗാരാമ്ലപദാര്‍ത്ഥങ്ങള്‍ വെള്ളം തട്ടുമ്പോള്‍ തീ പിടിക്കുന്നതും കാണാം. പരസ്പരവിരുദ്ധങ്ങളായ രണ്ടു വസ്തുക്കള്‍ തമ്മില്‍ സ്പര്‍ശിക്കുമ്പോഴുണ്ടാകുന്ന ആ തീ അതുവരെ എവിടെയായിരുന്നുവെന്നും, തീ പൊലിഞ്ഞുപോകുമ്പോള്‍ അതെവിടെ പോകുന്നുവെന്നും ആലോചിച്ചുനോക്കുക! (അമാനി തഫ്സീ൪ – ഖു൪ആന്‍ : 36/80ന്റെ വിശദീകരണം)

ഈ പരിഷ്കൃതയുഗത്തിലും തന്നെ, തീ ഉപയോഗപ്പെടുത്തുവാന്‍ ഒരു പ്രകാരത്തിലല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ മരത്തിന്റെ ആവശ്യകത ഇല്ലാതില്ല. വിജനപ്രദേശങ്ങളിലും, കാടുകളില്‍ കൂടിയും യാത്ര ചെയ്യുന്നവര്‍ക്ക് ഭക്ഷണപദാർത്ഥങ്ങൾ നിര്‍മ്മിക്കുവാനും, തീകായുവാനും തീകൂട്ടണമെങ്കില്‍ തീമരത്തിന്റെ സഹായം അനിവാര്യമായി വരുന്നു. അതുകൊണ്ടാണ് അതിനെ ഒരു സ്മരണയാക്കി എന്നു പൊതുവില്‍ പറഞ്ഞശേഷം സഞ്ചാരികളായ ആളുകള്‍ക്കു ഒരു ഉപകരണവും ആക്കിയിരിക്കുന്നു എന്നു പ്രത്യകം എടുത്തു പറഞ്ഞത്. തീകൂട്ടുവാന്‍ ഇന്നു നിലവിലുള്ള പുതിയ ഉപകരണങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്തു തീയുണ്ടാക്കുവാന്‍ അത്തരം മരങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലുള്ള അവസ്ഥ എന്തായിരിക്കുമെന്നു ഓര്‍ത്തു നോക്കുക! (അമാനിതഫ്സീർ)

രണ്ടാമതായി, തീ അല്ലാഹുവിൽ നിന്നുള്ള ഒരു അനുഗ്രഹമാണെന്ന് തിരിച്ചറിയുക. സൂറ: വാഖിഅ-71  ആയത്തിനെ വിശദീകരിച്ച് ശൈഖ് നാസിര്‍ അസ്സഅ്ദി  رَحِمَهُ اللَّهُ പറഞ്ഞു:

وهذه نعمة تدخل في الضروريات التي لا غنى للخلق عنها، فإن الناس محتاجون إليها في كثير من أمورهم وحوائجهم، فقررهم تعالى بالنار التي أوجدها في الأشجار، وأن الخلق لا يقدرون أن ينشئوا شجرها، وإنما الله تعالى الذي أنشأها من الشجر الأخضر، فإذا هي نار توقد بقدر حاجة العباد، فإذا فرغوا من حاجتهم، أطفأوها وأخمدوها.

ഒരു പടപ്പിനും മാറ്റിനിര്‍ത്താന്‍ കഴിയാത്ത നിര്‍ബന്ധാവശ്യങ്ങളില്‍ പെട്ടതാണ് ഈ അനുഗ്രഹം. ധാരാളം ആവശ്യങ്ങളിലും സുപ്രധാന കാര്യങ്ങളിലും മനുഷ്യര്‍ക്കേറെ ആവശ്യമുള്ളതാണിത്. മരങ്ങളില്‍ കാണപ്പെടുന്ന തീയിനെ അല്ലാഹു അവര്‍ക്ക് നിശ്ചയിച്ചുകൊടുത്തു. ആ മരങ്ങളുണ്ടാക്കാന്‍ സൃഷ്ടികള്‍ക്ക് സാധ്യമല്ല. പച്ചയായ മരത്തില്‍നിന്ന് അല്ലാഹു മാത്രമാണ് അത് ഉണ്ടാക്കിയത്. അതിനാല്‍ മനുഷ്യന് തന്‍റെ ആവശ്യത്തിന്നനുസരിച്ച് തീ കത്തിക്കാന്‍ കഴിയും. ആവശ്യം കഴിഞ്ഞാലുടന്‍ അത് കെടുത്തിക്കളയാനും സാധിക്കും. (തഫ്സീറുസ്സഅദി)

“ദരിദ്രരായ സഞ്ചാരികള്‍ക്ക് ഒരു ജീവിതസൌകര്യവും” (വാഖിഅ:73) എന്ന് പറഞ്ഞിട്ടുള്ളതും ഇത് അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹമാണെന്നതിനെ അറിയിക്കുന്നു.

മൂന്നാമതായി, മരണാനന്തര ജീവിതത്തിന് തെളിവായും അല്ലാഹു തീയെ ഉദാഹരിച്ചു. സൂറ:യാസീനിലെ ആയത്ത് അല്ലാഹു ഉദ്ദരിച്ചതുതന്നെ മരണാനന്തര ജീവിതത്തിന് തെളിവായിട്ടാണ്.

ٱلَّذِى جَعَلَ لَكُم مِّنَ ٱلشَّجَرِ ٱلْأَخْضَرِ نَارًا فَإِذَآ أَنتُم مِّنْهُ تُوقِدُونَ

പച്ചമരത്തില്‍ നിന്ന് നിങ്ങള്‍ക്ക് തീ ഉണ്ടാക്കിത്തന്നവനത്രെ അവന്‍ അങ്ങനെ നിങ്ങളതാ അതില്‍ നിന്ന് കത്തിച്ചെടുക്കുന്നു. (ഖുർആൻ:36/80)

{ الَّذِي جَعَلَ لَكُمْ مِنَ الشَّجَرِ الْأَخْضَرِ نَارًا فَإِذَا أَنْتُمْ مِنْهُ تُوقِدُونَ } فإذا أخرج [النار] اليابسة من الشجر الأخضر، الذي هو في غاية الرطوبة، مع تضادهما وشدة تخالفهما، فإخراجه الموتى من قبورهم مثل ذلك.

സംഭവിക്കാൻ തീരെ സാധ്യതയില്ലാത്ത സാഹചര്യത്തിൽ നിന്ന് അഥവാ, അത്യധികം ഈർപ്പമുള്ള പച്ചമരങ്ങളിൽ നിന്ന് തീ പുറത്ത് വരുന്നതുപോലെ, മരിച്ചവരെ അവരുടെ കുഴിമാടങ്ങളിൽ നിന്ന് അതേ രീതിയിൽ അല്ലാഹു പുറത്തു കൊണ്ടുവരുന്നു. (തഫ്സീറുസ്സഅദി)

മരണപ്പെട്ടശേഷം ശരീരാംശങ്ങളില്‍ വരുന്ന മാറ്റങ്ങള്‍, പരിണാമങ്ങള്‍, മണ്ണിലും മറ്റും ലയിച്ചുപോകുന്ന ഭാഗങ്ങള്‍, അവയെ രണ്ടാമതു ശേഖരിക്കുന്നവിധം, ശേഖരിച്ചു വീണ്ടും ജീവന്‍ നല്‍കുന്നതു എന്നിങ്ങനെയുള്ള കാര്യമെല്ലാം അല്ലാഹുവിനു അറിയും. ശുദ്ധശൂന്യതയില്‍നിന്നു അഖിലാണ്ഡത്തെ സൃഷ്‌ടിച്ച അവന്നുണ്ടോ ഇതെല്ലം അജ്ഞാതമാകുന്നു?! അതെ, അവന്‍ എല്ലാവിധ സൃഷ്ടിയെക്കുറിച്ചും അറിവുള്ളവനാകുന്നു. (وَهُوَ بِكُلِّ خَلْقٍ عَلِيمٌ) ഒരു ഉദാഹരണത്തില്‍നിന്നു ഇതു മനസ്സിലാക്കാം: തീയിന്റെ ഗുണങ്ങളാണല്ലോ ചൂടും, കരിക്കലും. ഇവയുടെ വിപരീതഗുണങ്ങളാണ് വെള്ളത്തിനുള്ളത്. എന്നിരിക്കെ ജലാംശം നിറഞ്ഞ പച്ച മരങ്ങളില്‍നിന്നു അവന്‍ തീ ഉൽപാദിപ്പിക്കുന്നു. ഇതിലേറെ ആശ്ചര്യകരമല്ല, ജീര്‍ണ്ണിച്ചശേഷം മനുഷ്യനെ രണ്ടാമതും ജീവിപ്പിക്കല്‍. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 36/80ന്റെ വിശദീകരണം)

നാലാമതായി, തീ കാണുമ്പോൾ നരകത്തിലെ തീയെ കുറിച്ച് ചിന്തിക്കാന്‍  കഴിയണം. സൂറ: വാഖിഅ-71-72  ആയത്തുകളിൽ തീയെ കുറിച്ച് പരാമർശിച്ച ശേഷം ഇപ്രകാരം പറഞ്ഞിരിക്കുന്നു:

نَحْنُ جَعَلْنَٰهَا تَذْكِرَةً وَمَتَٰعًا لِّلْمُقْوِينَ

നാം അതിനെ ഒരു ചിന്താവിഷയമാക്കിയിരിക്കുന്നു. ദരിദ്രരായ സഞ്ചാരികള്‍ക്ക് ഒരു ജീവിതസൌകര്യവും. (ഖുർആൻ:56/71-73)

{ نَحْنُ جَعَلْنَاهَا تَذْكِرَةً } للعباد بنعمة ربهم، وتذكرة بنار جهنم التي أعدها الله للعاصين، وجعلها سوطا يسوق به عباده إلى دار النعيم،

{ അതിനെ നാമൊരു ചിന്താവിഷയമാക്കിയിരിക്കുന്നു} അതും തങ്ങളുടെ രക്ഷിതാവില്‍നിന്നുള്ള ഒരനുഗ്രഹമാണ്. ധിക്കാരികള്‍ക്ക് അല്ലാഹു തയ്യാറാക്കിയ നരകത്തീയെ കുറിച്ചുള്ള ഉല്‍ബോധനവും അതിലുണ്ട്. അനുഗൃഹീത ഭവനത്തിലേക്ക് തന്‍റെ അടിമകളെ എത്തിക്കാനുള്ള ഒരു വഴിയാക്കുകയും ചെയ്തു. (തഫ്സീറുസ്സഅദി)

തീയിനെക്കുറിച്ചു പ്രസ്താവിച്ചപ്പോള്‍, അതൊരു സ്മരണ – അഥവാ – ചിന്താവിഷയം – ആണെന്നു അല്ലാഹു പറഞ്ഞുവല്ലോ. സാധാരണ തീയിനെക്കള്‍ എത്രയോ ഇരട്ടി ഉഷ്ണമേറിയ നരകത്തിലെ തീയിനെക്കുറിച്ച് ഓർമ്മിക്കുവാനുള്ള ഒരു സൂചന ആ വാക്കിൽ അടങ്ങിയിരിക്കുന്നതായി ചില മഹാന്‍മാർ ചൂണ്ടിക്കാട്ടുന്നു. (അമാനി തഫ്സീ൪ : ഖു൪ആന്‍:56/71-73 ന്റെ വിശദീകരണത്തില്‍ നിന്ന്)

അഞ്ചാമതായി, സാധാരണ തീയിനെക്കാള്‍ എത്രയോ ഇരട്ടി ഉഷ്ണമേറിയ തീയാണ് നരകത്തിലെ തീയെന്ന് തിരിച്ചറിയുക.

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏”‏ نَارُكُمْ هَذِهِ الَّتِي يُوقِدُ ابْنُ آدَمَ جُزْءٌ مِنْ سَبْعِينَ جُزْءًا مِنْ حَرِّ جَهَنَّمَ ‏”‏ ‏.‏ قَالُوا وَاللَّهِ إِنْ كَانَتْ لَكَافِيَةً يَا رَسُولَ اللَّهِ ‏.‏ قَالَ ‏”‏ فَإِنَّهَا فُضِّلَتْ عَلَيْهَا بِتِسْعَةٍ وَسِتِّينَ جُزْءًا كُلُّهَا مِثْلُ حَرِّهَا

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മനുഷ്യൻ കത്തിക്കുന്ന നിങ്ങളുടെ ഈ തീ നരകതാപത്തിന്റെ എഴുപതില്‍ ഒരംശംമാത്രമാണ്. സ്വഹാബത്ത് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഇതുതന്നെ വേണ്ടത്ര ചൂടുണ്ടല്ലോ? തിരുമേനി(സ്വ) അരുളി: നരകത്തീ ഇതിനേക്കാൾ അറുപത്തൊമ്പത് ഇരട്ടി ചൂടുള്ളതായിരിക്കും. ഓരോ ഇരട്ടിയും ഇതുപോലെ ചൂടുള്ളതാണ്.(മുസ്‌ലിം: 2843)

ആറാമതായി, തീ അപകട സാധ്യതയായതായതിനാൽ അക്കാര്യത്തിൽ ശ്രദ്ധപുലർത്താൻ നബി ﷺ നിർദ്ധേശിച്ചിട്ടുണ്ട്. രാത്രിയിൽ അടുപ്പിലെ തീയോ, വിളക്കോ അണക്കാതെ കിടന്ന കാരണത്താല്‍ അപകടമുണ്ടായ എത്രയോ വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. അത്തരം ആപത്ത് സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകൾ എടുക്കണം.

عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:‏ خَمِّرُوا الآنِيَةَ وَأَجِيفُوا الأَبْوَابَ، وَأَطْفِئُوا الْمَصَابِيحَ، فَإِنَّ الْفُوَيْسِقَةَ رُبَّمَا جَرَّتِ الْفَتِيلَةَ فَأَحْرَقَتْ أَهْلَ الْبَيْتِ ‏

ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: താങ്കളുടെ പാത്രം മൂടിവെക്കുക, നീ വാതില്‍ അടക്കുക,’നിങ്ങള്‍ വിളക്കുകള്‍ അണക്കുക.കാരണം ചിലപ്പോള്‍ എലി വിളക്കിന്റെ തിരി വലിക്കുകയും വീട്ടുകാരെ കത്തിക്കുകയും ചെയ്യും.'(ബുഖാരി6295)

عَنْ أَبِي مُوسَى ـ رضى الله عنه ـ قَالَ احْتَرَقَ بَيْتٌ بِالْمَدِينَةِ عَلَى أَهْلِهِ مِنَ اللَّيْلِ، فَحُدِّثَ بِشَأْنِهِمُ النَّبِيُّ صلى الله عليه وسلم قَالَ: إِنَّ هَذِهِ النَّارَ إِنَّمَا هِيَ عَدُوٌّ لَكُمْ، فَإِذَا نِمْتُمْ فَأَطْفِئُوهَا عَنْكُمْ ‏

അബൂമൂസാ رَضِيَ اللَّهُ عَنْهُ പറയുന്നു:ഒരിക്കല്‍ മദീനയില്‍ രാത്രി സമയത്ത് ഒരു വീടിന് തീ പിടിക്കുകയും അതിലുള്ളയാളുകള്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.അതിനെ സംബന്ധിച്ച് നബി ﷺ പറഞ്ഞു. ‘തീര്‍ച്ചയായും ഈ തീ നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ തീ അണക്കുക’. (ബുഖാരി:6294)

ഗ്യാസ് ഓഫാക്കാതെ കിടക്കുകയാണെങ്കില്‍ എലി ഗ്യാസിന്റെ ട്യൂബ് കടിച്ച് മുറിച്ചാല്‍ സംഭവിക്കുന്ന ദുരന്തം ഓ൪ക്കുക.അല്ലാഹു എത്ര വലിയവന്‍. അവന്റെ  റസൂൽ ﷺ യെ ചാണിന് ചാണായി പിന്‍പറ്റുമ്പോള്‍ ഈ ലോകത്തും പരലോകത്തും സുരക്ഷിതത്വം ലഭിക്കുന്നു.

ഏഴാമതായി, ഈ ശരീഅത്തില്‍ തീ കൊണ്ട് ശിക്ഷിക്കാന്‍ പാടുള്ളതല്ല.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ قَرَصَتْ نَمْلَةٌ نَبِيًّا مِنَ الأَنْبِيَاءِ، فَأَمَرَ بِقَرْيَةِ النَّمْلِ فَأُحْرِقَتْ، فَأَوْحَى اللَّهُ إِلَيْهِ أَنْ قَرَصَتْكَ نَمْلَةٌ أَحْرَقْتَ أُمَّةً مِنَ الأُمَمِ تُسَبِّحُ اللَّهِ.‏”‏‏‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു. “ഒരിക്കൽ ഒരു പ്രവാചകനെ ഒരു ഉറുമ്പ് കടിച്ചു. അപ്പോൾ അദ്ദേഹം ഉറുമ്പുകൾ താമസിക്കുന്ന പുറ്റ് ഒന്നടങ്കം ചുട്ടു കരിക്കാൻ കല്പിച്ചു. അപ്പോൾ അല്ലാഹു അദ്ദേഹത്തിന് വഹ്‌യ് നൽകി. “ഒരു ഉറുമ്പ് കടിച്ചതിന്റെ പേരിൽ അല്ലാഹുവിനെ പ്രകീർത്തനം ചെയ്യുന്ന ഒരു സമൂഹത്തെ താങ്കൾ കരിച്ച് കളഞ്ഞുവോ? (ബുഖാരി:3019)

عَنْ عَبْدِ اللَّهِ …….. وَرَأَى قَرْيَةَ نَمْلٍ قَدْ حَرَّقْنَاهَا فَقَالَ ‏”‏ مَنْ حَرَّقَ هَذِهِ ‏”‏ ‏.‏ قُلْنَا نَحْنُ ‏.‏ قَالَ ‏”‏ إِنَّهُ لاَ يَنْبَغِي أَنْ يُعَذِّبَ بِالنَّارِ إِلاَّ رَبُّ النَّارِ ‏”‏ ‏.‏

അബ്ദില്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ………… ഞങ്ങള്‍ കരിച്ച് കളഞ്ഞിരുന്ന ഒരു ഉറുമ്പിന്‍ സമൂഹത്തെ നബി ﷺ കണ്ടു. നബി ﷺ ചോദിച്ചു : ആരാണ് (ഉറുമ്പിന്‍ സമൂഹത്തെ) ഇങ്ങനെ കരിച്ചത് ? തീ കൊണ്ട് ശിക്ഷിക്കാന്‍ ആ൪ക്കും അനുവാദമില്ല, തീയുടെ റബ്ബിനല്ലാതെ (അഥവാ അല്ലാഹുവിനല്ലാതെ). (അബൂദാവൂദ്:2675 – സ്വഹീഹ് അല്‍ബാനി)

തീ കൊണ്ട് ശിക്ഷിക്കാന്‍ പാടുള്ളതല്ലെന്ന് പറയുമ്പോൾ ‘ഇലക്ട്രിക് ബാറ്റ്’ കൊണ്ട് കൊതുകിനെയും ഉപദ്രവകാരികളായ പ്രാണികളെയും കൊല്ലുന്നത്  തീ കൊണ്ട് ശിക്ഷിക്കലല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. അത് തീ അല്ലെന്ന് പണ്ഢിതൻമാർ വിശദീകരിച്ചതായി കാണാം.

ശൈഖ് സഅദ് ബ്നു തുർക്കി അൽ ഖഥ്ലാൻ حَفِظَهُ اللَّهُ പറയുന്നു: ആ ബാറ്റ് ഉപയോഗിക്കുന്നതിന് പ്രശ്നമില്ല. അത് തീ കൊണ്ട് ശിക്ഷിക്കുന്ന ഗണത്തിലല്ല പെടുക. ഉപദ്രവകാരികളായ പ്രാണികളെ ഇലക്ട്രിക് ഷോക്ക് കൊണ്ട് കൊല്ലുകയാണ് ഇവിടെ ചെയ്യുന്നത്. ഇലക്ട്രിക് ഷോക്ക് എന്നാൽ തീ അല്ല. അതുകൊണ്ടുതന്നെ, ആ ബാറ്റ് കൊണ്ട് ഉപദ്രവകാരികളായ പ്രാണികളെ കൊല്ലുന്നതിന് വിരോധമില്ല.  (https://youtu.be/1UrQBa5EPBE)

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *