ഇസ്‌ലാമിക കർമശാസ്ത്രം: ഒരു പരിചയപ്പെടൽ

ഇസ്‌ലാമിക കർമശാസ്ത്രം അത്ഭുതകരമായ ഒരു വിജ്ഞാനമാണ്. മറ്റേതെങ്കിലും സമൂഹങ്ങളിൽ ഇതുപോലെ കൃത്യവും വ്യക്തവും കണിശവുമായ ഒരു കർമരേഖയുള്ളതായി അറിയില്ല. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം തന്റെ ഓരോ മേഖലയിലെയും അനുഷ്ഠാനങ്ങളും ആരാധനകളും ഇടപാടുകളുമൊക്കെ എങ്ങനെയായിരിക്കണമെന്ന വ്യക്തമായ മാർഗരേഖയാണ് കർമശാസ്ത്ര മേഖലയിൽ ചർച്ചചെയ്യുന്നത്.

ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം മതത്തിന്റെ അധ്യാപനങ്ങൾ വിശ്വാസ സംബന്ധമായതും സ്വഭാവ-സംസ്‌കരണവുമായി ബന്ധപ്പെട്ടതും അനുഷ്ഠാന സംബന്ധമായതും എന്നിങ്ങനെ പ്രധാനപ്പെട്ട മൂന്ന് തലങ്ങളാണുള്ളത്. അതിൽ മനുഷ്യന്റെ കർമങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് സ്രഷ്ടാവ് അവതരിപ്പിച്ച വിധിവിലക്കുകളാണ് കർമശാസ്ത്രം. വിശ്വാസിയുടെ ജീവിതത്തിൽ അതിപ്രധാനമായ ഒരു തലമാണ് അത് കൈകാര്യം ചെയ്യുന്നത്. താൻ എന്തു ചെയ്യണം, എന്തു ചെയ്തുകുടാ, എന്തു തിന്നണം, എന്തു കുടിക്കണം, എന്തു ധരിക്കണം, എന്തൊക്കെ ആയിക്കൂടാ തുടങ്ങി നിത്യജീവിതത്തിലെ നാനാ തലങ്ങളെയും സംബന്ധിക്കുന്നതാണ് ഇസ്‌ലാമിക കർമശാസ്ത്രം.

അതിനു പുറമെ ഒരു മുസ്‌ലിം അനുഷ്ഠിക്കുന്ന ആരാധനാകർമങ്ങൾ എങ്ങനെയൊക്കെയായിരിക്കണമെന്ന വിശദമായ മാർഗരേഖയും കർമശാസ്ത്രത്തിലൂടെയാണ് പഠിപ്പിക്കപ്പെടുന്നത്. മതത്തിന്റെ സുപ്രധാനമായ ഒരു വശമാണ് ഇത് എന്നതുകൊണ്ടുതന്നെ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അതിനെ അവഗണിക്കൽ കഴിയുകയില്ല.

വിശുദ്ധ ക്വുർആനും തിരുസുന്നത്തുമാണ് ഇക്കാര്യങ്ങളറിയാനുള്ള അടിസ്ഥാന പ്രമാണങ്ങൾ. ഈ പ്രമാണങ്ങൾ പഠിപ്പിക്കുന്ന കർമപരമായ കാര്യങ്ങൾ രണ്ടു തലങ്ങളെ പരാമർശിക്കുന്നതായിക്കാണാം. ഒന്ന്, നാം അനുഷ്ഠിക്കുന്ന ആരാധനാ കർമങ്ങളെ സംബന്ധിച്ച്, അഥവാ നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, നേർച്ച, ശപഥം ചെയ്യൽ തുടങ്ങിയുള്ള കാര്യങ്ങളെ പരാമർശിക്കുന്ന വിധിവിലക്കുകൾ. അവയെ ‘അഹ്കാമുൽ ഇബാദാത്ത്’ അഥവാ ആരാധനാ കർമങ്ങളിലെ വിധിവിലക്കുകൾ എന്ന് പറയുന്നു. മനുഷ്യരും സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തെ ക്രമീകരിക്കലാണ് ഇവയുടെ ലക്ഷ്യം. രണ്ടാമത്തേത്, മനുഷ്യർ പരസ്പരം നടത്തുന്ന ഇടപാടുകളെയായി ബന്ധപ്പെട്ട നിയമ തലങ്ങളെയാണ് കൈകാര്യം ചെയ്യുന്നത്. കരാറുകൾ, ഉടമ്പടികൾ, ക്രയവിക്രയങ്ങൾ, കുറ്റകൃത്യങ്ങൾ, ശിക്ഷാവിധികൾ, വിവാഹം, കച്ചവടം തുടങ്ങിയ കാര്യങ്ങളാണ് ഈ മേഖലയിൽ ചർച്ചചെയ്യുന്നത്. അതിനെ ‘അഹ്കാമുൽ മുആമലാത്ത്’ അഥവാ ഇടപാടുകളിലെ മതവിധികൾ എന്നും പറയുന്നു. മനുഷ്യർ പരസ്പരമുള്ള ബന്ധങ്ങൾ -അത് വ്യക്തികൾ തമ്മിലും സമൂഹവും രാഷ്ട്രവും തമ്മിലുള്ളതുമൊക്കെയാണെങ്കിലും- കുറ്റമറ്റതാക്കലാണ് അതിന്റെ ലക്ഷ്യം.

വ്യക്തി നിയമങ്ങളുമായി (Persnol Law) ബന്ധപ്പെട്ടത്, കുടുംബ വിഷയങ്ങൾ അഥവാ വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങൾ അഹ്കാമുൽ മുആമലാത്തിലാണ് വരുന്നത്. എഴുപതിലധികം ആയത്തുകൾ വിശുദ്ധ ക്വുർആനിൽ ഇത്തരത്തിലുണ്ട്.

സാമ്പത്തിക നിയമങ്ങളുമായി ബന്ധപ്പെട്ട അഥവാ സാധാരണ പൗരന്റെ അവകാശങ്ങളും വസ്തുവകകളും സംബന്ധിച്ച ക്രയ-വിക്രയങ്ങൾ, കച്ചവടം, വാടക, പണയം, കടമിടപാടുകൾ, കരാറുകൾ തുടങ്ങിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിയമങ്ങളും ഈ ഇനത്തിലാണ് വരുന്നത്. മനുഷ്യർ പരസ്പരമുള്ള സാമ്പത്തിക ഇടപാടുകൾ കുറ്റമറ്റതാക്കാനും ഓരോരുത്തരുടെയും ന്യായങ്ങളും അവകാശങ്ങളും സംരക്ഷിക്കാനുമൊക്കെയാണ് ഈ നിയമങ്ങൾ. വിശുദ്ധ ക്വുർആനിലെ എഴുപതിലധികം വചനങ്ങൾ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതായി നമുക്ക് കാണാം.

കുറ്റകൃത്യങ്ങളും അവയ്ക്കുള്ള ശിക്ഷാവിധികളും സംബന്ധിച്ചുള്ള നിയമങ്ങൾ (Criminal Laws)ഈ മേഖലയിൽ വരുന്ന മറ്റൊരു ഇനമാണ്. മനുഷ്യരുടെ ജീവനും സ്വത്തിനും അഭിമാനത്തിനും അവകാശങ്ങൾക്കുമൊക്കെയുള്ള

സുരക്ഷിതത്വം ഉറപ്പാക്കലാണ് ഇത്തരം നിയമങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. മുപ്പതിൽപരം വചനങ്ങളിൽ ക്വുർആൻ ഈ വിഷയങ്ങൾ പ്രതിപാദിക്കുന്നുണ്ട്.

കോടതി വ്യവഹാരങ്ങളുമായി (Judicial) ബന്ധപ്പെട്ട വിധിന്യായം, സാക്ഷ്യം തുടങ്ങിയ കാര്യങ്ങളും അഹ്കാമുൽ മുആമലാത്തിന്റെ കീഴിൽ വരുന്ന നിയമങ്ങളാണ്. മനുഷ്യർക്കിടയിൽ നീതി നടപ്പാക്കുക എന്നതാണ് ഈ നിയമങ്ങളിലൂടെ ഉദ്ദേശിക്കപ്പെടുന്നത്. പത്തിലധികം ക്വുർആൻ വചനങ്ങൾ ഈ വിഷയകമായി വന്നിട്ടുണ്ട്.

ഭരണകൂടവും ഭരണീയരുമായി (Constitutional) ബന്ധപ്പെട്ട നിയമങ്ങൾ, അഥവാ വ്യക്തികൾക്കും സമൂഹങ്ങൾക്കും ഭരണഘടന, അല്ലെങ്കിൽ ഭരണകൂടം ഉറപ്പുനൽകുന്ന അവകാശങ്ങൾ, രാജ്യത്തോടുള്ള പൗരന്റെ ബാധ്യതകളും കടപ്പാടുകളും തുടങ്ങിയ കാര്യങ്ങൾ അഹ്കാമുൽ മുആമലാത്തിന്റെ പരിധിയിലാണ് വരിക. പത്തോളം ക്വുർആൻ വചനങ്ങളിൽ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്.

രാഷ്ട്രങ്ങൾ തമ്മിലുള്ള ഇടപാടുകളും നയതന്ത്ര ബന്ധങ്ങളുമൊക്കെയായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങൾ (International Laws) വരുന്നതും ഈ മേഖലയിലാണ്. യുദ്ധവും സമാധാനവുമായി ബന്ധപ്പെട്ടതും രാജ്യങ്ങൾ തമ്മിലുള്ള സഹകരണങ്ങളുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളും ഇതിൽ വരുന്നു. ഇരുപതിലധികം സൂക്തങ്ങളിൽ ക്വുർആൻ ഈ വിഷയം പ്രതിപാദിക്കുന്നുണ്ട്.

ഇസ്‌ലാമിക നിയമങ്ങളുടെ അടിസ്ഥാനപരമായ ഒരു സവിശേഷത എന്നു പറയുന്നത് അതിന്റെ സാർവകാലികതയും സാർവജനീനതയുമാണ്. അതായത്, എല്ലാ കാലത്തിനും എല്ലാ സമൂഹത്തിനും അനുയോജ്യമായതും കാലാതിവർത്തിയുമാണത.് കാരണം ലോകസ്രഷ്ടാവിന്റെ നിയമശാസനകളാണ് അതിലടങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കാലത്തിനും ദേശത്തിനുമനുസരിച്ച് അവ മാറ്റിത്തിരുത്തേണ്ടതില്ല.

അപ്രകാരംതന്നെ ഇസ്‌ലാമിക നിയമങ്ങളെ വിശദമായി പരിശോധിക്കുമ്പോൾ രണ്ടു തരത്തിലുള്ള നിയമങ്ങൾ നമുക്ക് കാണാനാകും. ഒന്ന് നിയമങ്ങളുടെ യുക്തി-ന്യായങ്ങൾ നമുക്ക് ബോധ്യപ്പെടുന്ന ബുദ്ധിപരമായ കാര്യങ്ങളാണെങ്കിൽ മറ്റൊന്ന് നമ്മുടെ ബുദ്ധിക്കും യുക്തിക്കും അതീതമായ നിയമങ്ങളാണ്. നമ്മെ സൃഷ്ടിച്ച കാരുണ്യവാനും സർവശക്തനും സർവജ്ഞാനിയുമായ ദൈവത്തിന്റെ നിയമശാസനകളെന്ന നിലയിൽ അവയെയും അംഗീകരിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. എല്ലാം എന്റെ പരിമിതമായ ബുദ്ധിക്കും യുക്തിക്കും ഉൾക്കൊള്ളാൻ സാധിച്ചെങ്കിലേ ഞാൻ അംഗീകരിക്കൂ എന്ന ധിക്കാരത്തിന്റെ നിലപാട് സത്യവിശ്വാസിക്ക് ഭൂഷണമല്ല.

وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًا مُّبِينًا

അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു. (ഖു൪ആന്‍:33/36)

إِنَّمَا كَانَ قَوْلَ ٱلْمُؤْمِنِينَ إِذَا دُعُوٓا۟ إِلَى ٱللَّهِ وَرَسُولِهِۦ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا۟ سَمِعْنَا وَأَطَعْنَا ۚ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ‎﴿٥١﴾‏ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ وَيَخْشَ ٱللَّهَ وَيَتَّقْهِ فَأُو۟لَٰٓئِكَ هُمُ ٱلْفَآئِزُونَ ‎﴿٥٢﴾

തങ്ങൾക്കിടയിൽ (റസൂൽ) തീർപ്പുകൽപിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാൽ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവർതന്നെയാണ് വിജയികൾ. അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും അല്ലാഹുവെ ഭയപ്പെടുകയും അവനോട് സൂക്ഷ്മത പുലർത്തുകയും ചെയ്യുന്നവരാരോ അവർ തന്നെയാണ് വിജയം നേടിയവർ. (ഖു൪ആന്‍:24/51-52)

 

ശമീർ മദീനി

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *