യുദ്ധം, ആക്രമണം തുടങ്ങി ഭയപ്പാടിന്റെ അവസരത്തിൽ ഏകാഗ്രതയോടെയും സ്വസ്ഥതയോടെയും നമസ്‌കാരം പൂർണമായ നിർവഹിക്കാൻ കഴിയാതെ വരുമ്പോൾ സാധിക്കുന്ന വിധത്തിൽ നിർവ്വഹിക്കാൻ മതത്തിൽ ഇളവുണ്ട്.
فَإِنْ خِفْتُمْ فَرِجَالًا أَوْ رُكْبَانًا ۖ فَإِذَآ أَمِنتُمْ فَٱذْكُرُوا۟ ٱللَّهَ كَمَا عَلَّمَكُم مَّا لَمْ تَكُونُوا۟ تَعْلَمُونَ
നിങ്ങള്‍ (ശത്രുവിന്റെ ആക്രമണം) ഭയപ്പെടുകയാണെങ്കില്‍ കാല്‍നടയായോ വാഹനങ്ങളിലായോ (നിങ്ങള്‍ക്ക് നമസ്കരിക്കാം.) എന്നാല്‍ നിങ്ങള്‍ സുരക്ഷിതാവസ്ഥയിലായാല്‍ നിങ്ങള്‍ക്ക് അറിവില്ലാതിരുന്നത് അല്ലാഹു പഠിപ്പിച്ചുതന്ന പ്രകാരം നിങ്ങള്‍ അവനെ സ്മരിക്കേണ്ടതാണ്. (ഖു൪ആന്‍:2/239)
അതായത്, ശത്രുക്കളെക്കുറിച്ചോ, അല്ലെങ്കില്‍ അഗ്നി, കാട്ടുമൃഗം, കൊടുങ്കാറ്റ്, മലവെള്ളം,അക്രമി എന്നിങ്ങനെയുള്ള വല്ലതിനെയും കുറിച്ചോ, ഭയപ്പെടുകയും, നമസ്‌കാരം യഥാരൂപത്തില്‍ നിര്‍വഹിക്കുവാന്‍ കഴിയാതെ വരുകയും ചെയ്താല്‍ നടന്നുകൊണ്ടോ, വാഹനപ്പുറത്തു കയറിയോ സാധിക്കുന്ന പോലെ അത് നിര്‍വഹിക്കണം. എന്നാലും നമസ്‌കാരം വിട്ടുകളയുവാന്‍ പാടില്ല എന്ന് സാരം. ഈ അവസരത്തില്‍ ക്വിബ്‌ലഃക്ക് തിരിഞ്ഞേ തീരു എന്നില്ല. അതുപോലെത്തന്നെ, സുജൂദ്, റുകൂഉ് മുതലായവയും സാധിക്കുന്നത്ര നന്നായി ചെയ്താല്‍ മതിയാകും. സൗകര്യമുള്ളേടത്തോളം എല്ലാം ചെയ്യണമെന്നേയുള്ളൂ. ഭയപ്പാടിന്‍റെ കാരണം നീങ്ങി സമാധാനപ്പെട്ടാല്‍ അല്ലാഹു പഠിപ്പിച്ചു തന്നപോലെശരിയായ രൂപത്തില്‍ തന്നെ അത് നിര്‍വഹിക്കുകയും വേണം. (അമാനി തഫ്സീര്‍)
സ്വലാത്തുൽ ഖൗഫ് (ഭയപ്പാടിന്‍റെ നമസ്‌കാരം) നെ കുറിച്ച് അല്ലാഹു പറയുന്നു:
وَإِذَا ضَرَبْتُمْ فِى ٱلْأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُوا۟ مِنَ ٱلصَّلَوٰةِ إِنْ خِفْتُمْ أَن يَفْتِنَكُمُ ٱلَّذِينَ كَفَرُوٓا۟ ۚ إِنَّ ٱلْكَٰفِرِينَ كَانُوا۟ لَكُمْ عَدُوًّا مُّبِينًا ﴿١٠١﴾
നിങ്ങള്‍ ഭൂമിയില്‍ യാത്രചെയ്യുകയാണെങ്കില്‍ സത്യനിഷേധികള്‍ നിങ്ങള്‍ക്ക് നാശം വരുത്തുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം നമസ്കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. തീര്‍ച്ചയായും സത്യനിഷേധികള്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കളാകുന്നു. (ഖു൪ആന്‍:4/101)
നമസ്‌കാരത്തില്‍ റക്അത്തുകളുടെ എണ്ണം കുറച്ചും, ക്വിബ്‌ലക്ക് തിരിയാതെയും, റുകൂഉ് സുജൂദ് മുതലായവ പൂര്‍ത്തിയാക്കാതെയും, നടന്നും ഓടിയും കൊണ്ടും എന്നിങ്ങനെ സാധാരണരൂപത്തില്‍ നിന്നും വ്യത്യസ്തമായ പല കുറവുകളും വരുത്തിക്കൊണ്ടും ചെയ്യുന്നത്. ഇതിനെപ്പറ്റി തുടര്‍ന്നുള്ള വചനങ്ങളില്‍ വിവരിക്കുന്നുണ്ട്. صلوة الخوف (ഭയപ്പെട്ടുകൊണ്ടുള്ള നമസ്‌കാരം) അഥവാ ഭയപ്പാടിന്‍റെ അവസരത്തിലുള്ള നമസ്‌കാരം എന്ന പേരിലാണ് ഇത് സാധാരണ അറിയപ്പെടുന്നത്. (അമാനി തഫ്സീര്‍)
ഇതിനെ കുറിച്ച് വിവരിക്കുന്ന തുടര്‍ന്നുള്ള ആയത്ത് കാണുക:
وَإِذَا كُنتَ فِيهِمْ فَأَقَمْتَ لَهُمُ ٱلصَّلَوٰةَ فَلْتَقُمْ طَآئِفَةٌ مِّنْهُم مَّعَكَ وَلْيَأْخُذُوٓا۟ أَسْلِحَتَهُمْ فَإِذَا سَجَدُوا۟ فَلْيَكُونُوا۟ مِن وَرَآئِكُمْ وَلْتَأْتِ طَآئِفَةٌ أُخْرَىٰ لَمْ يُصَلُّوا۟ فَلْيُصَلُّوا۟ مَعَكَ وَلْيَأْخُذُوا۟ حِذْرَهُمْ وَأَسْلِحَتَهُمْ ۗ وَدَّ ٱلَّذِينَ كَفَرُوا۟ لَوْ تَغْفُلُونَ عَنْ أَسْلِحَتِكُمْ وَأَمْتِعَتِكُمْ فَيَمِيلُونَ عَلَيْكُم مَّيْلَةً وَٰحِدَةً ۚ وَلَا جُنَاحَ عَلَيْكُمْ إِن كَانَ بِكُمْ أَذًى مِّن مَّطَرٍ أَوْ كُنتُم مَّرْضَىٰٓ أَن تَضَعُوٓا۟ أَسْلِحَتَكُمْ ۖ وَخُذُوا۟ حِذْرَكُمْ ۗ إِنَّ ٱللَّهَ أَعَدَّ لِلْكَٰفِرِينَ عَذَابًا مُّهِينًا
(നബിയേ,) നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും, അവര്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് നമസ്കാരം നിര്‍വഹിക്കുകയുമാണെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്‍റെ കൂടെ നില്‍ക്കട്ടെ. അവര്‍ അവരുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ സുജൂദ് ചെയ്ത് കഴിഞ്ഞാല്‍ അവര്‍ നിങ്ങളുടെ പിന്നിലേക്ക് മാറിനില്‍ക്കുകയും, നമസ്കരിച്ചിട്ടില്ലാത്ത മറ്റെ വിഭാഗം വന്ന് നിന്‍റെ കൂടെ നമസ്കരിക്കുകയും ചെയ്യട്ടെ. അവര്‍ ജാഗ്രത കൈക്കൊള്ളുകയും, തങ്ങളുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യേണ്ടതാണ്. നിങ്ങളുടെ ആയുധങ്ങളെപ്പറ്റിയും, നിങ്ങളുടെ സാധനങ്ങളെപ്പറ്റിയും നിങ്ങള്‍ അശ്രദ്ധരായെങ്കില്‍, നിങ്ങളുടെ നേരെ തിരിഞ്ഞ് ഒരൊറ്റ ആഞ്ഞടി നടത്താമായിരുന്നുവെന്ന് സത്യനിഷേധികള്‍ മോഹിക്കുകയാണ്. എന്നാല്‍ മഴ കാരണം നിങ്ങള്‍ക്ക് ശല്യമുണ്ടാകുകയോ, നിങ്ങള്‍ രോഗബാധിതരാകുകയോ ചെയ്താല്‍ നിങ്ങളുടെ ആയുധങ്ങള്‍ താഴെ വെക്കുന്നതിന് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ ജാഗ്രത പുലര്‍ത്തുക തന്നെ വേണം. തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. (ഖു൪ആന്‍:4/102)
യുദ്ധാവസരത്തില്‍ അനുഷ്ഠിക്കേണ്ടുന്ന صَلاَةُ الخَوْف (ഭയപ്പെട്ടുകൊണ്ടുള്ള നമസ്‌കാരത്തി)ന്‍റെ രൂപം ഇവിടെ അല്ലാഹു വിവരിച്ചതിന്‍റെ സാരം ഇതാണ് : സൈന്യത്തെ രണ്ടായി വിഭജിച്ചു ഒരു വിഭാഗത്തെയും കൂട്ടി നബി ﷺ നമസ്‌കാരം ആരംഭിക്കുക. സുജൂദ് കഴിഞ്ഞാല്‍ ആ വിഭാഗക്കാര്‍ പിന്നോട്ടുമാറി ശത്രുക്കളെ അഭിമുഖീകരിച്ചു നില്‍ക്കുക. അതോടെ മറ്റേ വിഭാഗം മുമ്പോട്ട് വന്ന് അവര്‍ നബി ﷺ യോടൊപ്പം ഒരു റക്അത്ത് നമസ്‌കരിക്കുക. എന്നാല്‍ ഓരോ വിഭാഗവും നബി ﷺ യൊന്നിച്ചു എത്ര റക്അത്ത് നമസ്‌കരിക്കണം? ബാക്കി റക്അത്തുകള്‍ അവര്‍ എങ്ങിനെ പൂര്‍ത്തിയാക്കണം? എന്നൊന്നും വിശദീകരിക്കപ്പെട്ടില്ല. എങ്കിലും, നബി ﷺ യൊന്നിച്ചു ഓരോ വിഭാഗക്കാരും ഓരോ റക്അത്ത് നമസ്‌കരിക്കണമെന്നും, ബാക്കിയുള്ള റക്അത്തുകള്‍ സൗകര്യം പോലെ സൈന്യം ഒറ്റയായോ, കൂട്ടായോ, നബി ﷺ യോടൊപ്പം ഊഴം വെച്ചോ പൂര്‍ത്തിയാക്കാമെന്നുമാണ് ഇതില്‍നിന്ന് വരുന്നത്. الله أعلم (അമാനി തഫ്സീര്‍)
عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ قَالَ غَزَوْتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم قِبَلَ نَجْدٍ، فَوَازَيْنَا الْعَدُوَّ فَصَافَفْنَا لَهُمْ فَقَامَ رَسُولُ اللَّهِ صلى الله عليه وسلم يُصَلِّي لَنَا فَقَامَتْ طَائِفَةٌ مَعَهُ تُصَلِّي، وَأَقْبَلَتْ طَائِفَةٌ عَلَى الْعَدُوِّ وَرَكَعَ رَسُولُ اللَّهِ صلى الله عليه وسلم بِمَنْ مَعَهُ، وَسَجَدَ سَجْدَتَيْنِ، ثُمَّ انْصَرَفُوا مَكَانَ الطَّائِفَةِ الَّتِي لَمْ تُصَلِّ، فَجَاءُوا، فَرَكَعَ رَسُولُ اللَّهِ صلى الله عليه وسلم بِهِمْ رَكْعَةً، وَسَجَدَ سَجْدَتَيْنِ ثُمَّ سَلَّمَ، فَقَامَ كُلُّ وَاحِدٍ مِنْهُمْ فَرَكَعَ لِنَفْسِهِ رَكْعَةً وَسَجَدَ سَجْدَتَيْنِ.
അബ്‌ദുല്ലാഹിബ്‌നു ഉമർ رضى الله عنهما പറയുന്നു: നബി ﷺ യുടെ കൂടെ നജ്ദ് ഭാഗത്ത് വെച്ച് ഞാനും യുദ്ധം ചെയ്തു. അങ്ങിനെ ശത്രുക്കൾക്കഭിമുഖമായി ഞങ്ങൾ അണിയായി നിന്നു. അപ്പോൾ നബി ﷺ ഞങ്ങൾക്ക് ഇമാമായി നമസ്‌കരിച്ചു. ഞങ്ങളിൽ ഒരുവിഭാഗം പ്രവാചകനോടൊപ്പം നമസ്‌കരിക്കാൻ നിന്നു. മറ്റൊരു വിഭാഗം ശത്രുസേനക്കഭിമുഖമായി നിന്നു. അല്ലാഹുവിൻ്റെ റസൂലും കൂടെയുള്ളവരും ഒരു റക്അത്ത് നമസ്കരിച്ചു. രണ്ടു സൂജൂദും ചെയ്തു. പിന്നീട് കൂടെയുണ്ടായിരുന്നവർ പിരിഞ്ഞുപോയി, നമസ്‌കരിക്കാതെ സൈന്യത്തിനഭി മുഖമായിനിന്നവരുടെ സ്ഥാനത്ത് നിന്നു. മറ്റുള്ളവർ (നമസ്‌കാരത്തിൽ പങ്കുകൊള്ളാതെ ശത്രുവിന്നഭിമുഖമായി നിന്നവർ) വന്നു. നബി ﷺ അവരോടൊപ്പം ഒരു റക്അത്ത് നമസ്കരിച്ചു. രണ്ടു സുജൂദ് ചെയ്‌തു. നബി ﷺ സലാം വീട്ടി ഓരോ വിഭാഗവും എഴുന്നേറ്റു സ്വന്തമായി ഒരു റക്‌അത്തും രണ്ടു സുജൂദും ചെയ്തു. (ബുഖാരി:942)
അബ്ദുല്ലാഹിബ്നു ഉമർ رضى الله عنهما വിൽനിന്ന് നിവേദനം ചെയ്യുന്ന മറ്റൊരു റിപ്പോർട്ട് ഇങ്ങിനെയാണ്. നബി ﷺ പറഞ്ഞു:
وَإِنْ كَانُوا أَكْثَرَ مِنْ ذَلِكَ فَلْيُصَلُّوا قِيَامًا وَرُكْبَانًا
അവർ (ശത്രുക്കൾ) കൂടുതലാ ണെങ്കിൽ നിങ്ങൾ നിന്നുകൊണ്ടോ സഞ്ചരിച്ചുകൊണ്ടോ നമസ്കരിച്ചുകൊള്ളു. (ബുഖാരി:943)
സ്വലാത്തുൽ ഖൗഫ് (ഭയപ്പാടിന്‍റെ നമസ്‌കാരം) എങ്ങനെയാണ് നിര്‍വ്വഹിക്കേണ്ടതെന്ന കാര്യം പണ്ഢിതൻമാര്‍ വിശദീകരിച്ചിട്ടുണ്ട്. ഭയവേളയുടെ സന്ദർഭത്തിന്നനുസരിച്ച് നമസ്കാരത്തിന് വിവിധ രൂപങ്ങളുണ്ട്. ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ വിശദമായ ചര്‍ച്ചയുണ്ട്. ഇവിടെ സൂചിപ്പിക്കുന്നത് അതിനെ കുറിച്ചല്ല. ഇതിൽ നിന്നും മുസ്ലിംകൾക്കുള്ള ചില സന്ദേശങ്ങളെ കുറിച്ചാണ്.
ഒന്നാമതായി, ഇസ്ലാമിൽ നമസ്കാരത്തിന്റെ പ്രാധാന്യമാണ്. സത്യവിശ്വാസികളുടെ ജീവിതത്തില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞുപോകാന്‍ പാടില്ലാത്ത ഒരു നിര്‍ബന്ധ കര്‍മമാണ് അഞ്ച് നേരത്തെ നമസ്കാരം. ശഹാദത്തു കലിമകള്‍ ഉച്ചരിച്ച് ഒരാള്‍ മുസ്ലിമായി കഴിഞ്ഞാല്‍ പിന്നീട് ഏറ്റവും ഗൌരവപൂ൪വ്വം അവന്റെ മേല്‍ ചുമത്തപ്പെട്ടിട്ടുള്ള ഒരു ഒരു നി൪ബന്ധ ക൪മ്മമാണ് ഇത്. നബി ﷺ മുആദ് ബ്നു ജബൽ رَضِيَ اللهُ عَنْهُ വിനെ പ്രബോധകനായി യമനിലേക്ക് അയച്ചപ്പോള്‍ ഇപ്രകാരം ഉപദേശിച്ചു:
إِنَّكَ تَقْدَمُ عَلَى قَوْمٍ مِنْ أَهْلِ الْكِتَابِ فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَى أَنْ يُوَحِّدُوا اللَّهَ تَعَالَى فَإِذَا عَرَفُوا ذَلِكَ فَأَخْبِرْهُمْ أَنَّ اللَّهَ فَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي يَوْمِهِمْ وَلَيْلَتِهِمْ
ഹേ മുആദ്, വേദക്കാരുടെ നാട്ടിലേക്കാണ് താങ്കള്‍ പോകുന്നത്. നീ അവരെ ആദ്യം ക്ഷണിക്കുന്നത് തൌഹീദിലേക്കായിരിക്കണം. അവ൪ അത് മനസ്സിലാക്കി അംഗീകരിച്ച് കഴിഞ്ഞാല്‍ അല്ലാഹു അവരുടെ മേല്‍ പകലും രാത്രിയുമായി അഞ്ച് നേരത്തെ നമസ്കാരം നി൪ബന്ധമാക്കിയിരിക്കുന്നുവെന്നുള്ള കാര്യം അവരെ ബോധ്യപ്പെടുത്തുക …… (ബുഖാരി:7372)
ഇന്ന് മുസ്ലിം സമുദായത്തില്‍ പെട്ട ധാരാളം പേ൪ ‘നമസ്‌കാരം’ എന്ന ക൪മ്മം നി൪വ്വഹിക്കാതെ ജീവിക്കുന്നതായി കാണാം. വെള്ളിയാഴ്ചയും പെരുന്നാളിനും മാത്രം നമസ്കരിക്കുന്നവരുമുണ്ട്. നമസ്‌കാരം ഉപേക്ഷിക്കുന്നവന് ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ലെന്നും അവന്‍ ഇസ്ലാമില്‍ നിന്നും പുറത്താണെന്നുമാണ് ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.
عَنْ جَابِرًا، يَقُولُ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلاَةِ
ജാബിര്‍ رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മുസ്ലിമിന്റേയും ശി൪ക്കിന്റേയും കുഫ്റിന്റേയും ഇടക്കുള്ള വ്യത്യാസം നമസ്കാരം ഉപേക്ഷിക്കലാകുന്നു. (മുസ്ലിം:82)
عَنْ عَبْدُ اللَّهِ بْنُ بُرَيْدَةَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم: الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمُ الصَّلاَةُ فَمَنْ تَرَكَهَا فَقَدْ كَفَرَ ” .
ബുറൈദ رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നാമും അവരും തമ്മിലുള്ള കരാ൪ നമസ്കാരമാകുന്നു. അത് ആരെങ്കിലും ഉപേക്ഷിച്ചാല്‍ അവ൪ കാഫിറായി. ( അബൂദാവൂദ് : 1079 – സഹീഹ്)
ഭയപ്പാടിന്‍റെ വേളയിൽപ്പോലും നമസ്കാരം ഒഴിവാക്കാതെ, അത് നിര്‍വ്വഹിക്കാനാണ് ഇസ്ലാം പഠിപ്പിച്ചതെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.
രണ്ടാമതായി, നമസ്കാരം അതിന്റെ സമയത്ത് നിര്‍വ്വഹിക്കണം. ഫ൪ള് നമസ്കാരങ്ങളുടെ സമയം ശ്രദ്ധിക്കാതെ തോന്നിയതുപോലെ സൌകര്യം കിട്ടുന്ന സമയത്ത് നമസ്കരിക്കുന്നവരുണ്ട്. നമസ്കാരം എപ്പോഴെങ്കിലും നി൪വ്വഹിക്കേണ്ട ഒരു ക൪മ്മമല്ല, പ്രത്യുത സമയനിര്‍ണയം ചെയ്യപ്പെട്ടിട്ടുള്ള ഒരു ഒരു നി൪ബന്ധ ക൪മ്മമാണ് നമസ്കാരം.
ﺇِﻥَّ ٱﻟﺼَّﻠَﻮٰﺓَ ﻛَﺎﻧَﺖْ ﻋَﻠَﻰ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻛِﺘَٰﺒًﺎ ﻣَّﻮْﻗُﻮﺗًﺎ
തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു.(ഖു൪ആന്‍ :4/103)
عَنْ عَبْدِ اللَّهِ قَالَ سَأَلْتُ النَّبِيَّ صلى الله عليه وسلم أَىُّ الْعَمَلِ أَحَبُّ إِلَى اللَّهِ قَالَ: الصَّلاَةُ عَلَى وَقْتِهَا
അബ്ദുല്ല رَضِيَ اللهُ عَنْهُ പറയുന്നു: ഏത് പ്രവൃത്തിയാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതെന്ന് നബി ﷺയോട് ഞാൻ ചോദിച്ചു. അവിടുന്നു പറഞ്ഞു: നമസ്‌കാരം അതിന്റെ സമയത്ത് നിർവ്വഹിക്കൽ…….. (ബുഖാരി: 527)
മൂന്നാമതായി, വിവാഹത്തിന്റേയും വിശേഷങ്ങളുടെയും പേരില്‍ ഏതെങ്കിലും വഖ്ത് നമസ്കാരം ഖളാഅ് ആക്കുന്നവര്‍ അല്ലാഹുവിനെ ഭയപ്പെടട്ടെ. ഭയപ്പാടിന്‍റെ വേളയിൽപ്പോലും നമസ്കാരം ഖളാഅ് ആക്കാൻ പഠിപ്പിച്ചിട്ടില്ല.
നാലാമതായി, ജമാഅത്ത് നമസ്കാരത്തിന്റെ പ്രാധാന്യമാണ്. പുരുഷന്‍മാ൪ അഞ്ച് നേരത്തെ നമസ്കാരങ്ങള്‍ പള്ളിയില്‍ വെച്ച് ജമാഅത്തായിട്ടാണ് നി൪വ്വഹിക്കേണ്ടത്. എന്നാൽ അധികമാളുകളും ഇക്കാര്യത്തിൽ അശ്രദ്ധ കാണിക്കുന്നു. യുദ്ധാവസരത്തില്‍വരെ നമസ്‌കാരം ജമാഅത്തായി നി൪വ്വഹിക്കാൻ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ, നിര്‍ഭയാവസ്ഥയിൽ അത് ഒഴിവാക്കുകന്നത് എത്ര വലിയ തെറ്റാണ്.
സ്വലാത്തുൽ ഖൗഫ് വിവരിച്ച ശേഷം അല്ലാഹു പറയുന്നത് കാണുക:
فَإِذَا قَضَيْتُمُ ٱلصَّلَوٰةَ فَٱذْكُرُوا۟ ٱللَّهَ قِيَٰمًا وَقُعُودًا وَعَلَىٰ جُنُوبِكُمْ ۚ فَإِذَا ٱطْمَأْنَنتُمْ فَأَقِيمُوا۟ ٱلصَّلَوٰةَ ۚ إِنَّ ٱلصَّلَوٰةَ كَانَتْ عَلَى ٱلْمُؤْمِنِينَ كِتَٰبًا مَّوْقُوتًا
അങ്ങനെ നമസ്കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ നിന്നു കൊണ്ടും ഇരുന്ന് കൊണ്ടും കിടന്ന് കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുക. സമാധാനാവസ്ഥയിലായാല്‍ നിങ്ങള്‍ നമസ്കാരം മുറപ്രകാരം തന്നെ നിര്‍വഹിക്കുക. തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധബാധ്യതയാകുന്നു. (ഖു൪ആന്‍ :4/103)
യുദ്ധം കഴിഞ്ഞു ഭയപ്പാട് നീങ്ങിപ്പോകുകയും, സ്ഥിതി ശാന്തമാകുകയും ചെയ്താല്‍ പിന്നീട് പതിവ് പ്രകാരം നമസ്‌കാരം അതിന്‍റെ മുറപ്രകാരം തന്നെ അനുഷ്ഠിച്ചുപോരണം {فَإِذَا اطْمَأْنَنْتُمْ فَأَقِيمُوا} എന്നും പ്രസ്താവിക്കുന്നു. അതായത് ജമാഅത്തായും, ഘടകങ്ങളും നിബന്ധനകളും മര്യാദകളുമെല്ലാം യഥാരൂപത്തില്‍ നിര്‍വ്വഹിച്ചുകൊണ്ടും തന്നെ ചെയ്തുപോരണമെന്ന്. (അമാനി തഫ്സീര്‍)
നമസ്‌കാരത്തിന്‍റെ കാര്യം – യുദ്ധത്തില്‍ പോലും ഒഴിവില്ലാത്തവിധം – ഇത്രയും കര്‍ശനമായി പ്രസ്താവിക്കുവാന്‍ കാരണം, അത് സത്യവിശ്വാസികള്‍ക്ക് ഒഴിവാക്കുവാന്‍ പാടില്ലാത്തവണ്ണം സമയനിര്‍ണയം ചെയ്യപ്പെട്ടിട്ടുള്ള ഒരു നിര്‍ബ്ബന്ധ നിയമമാണ് {إِنَّ الصَّلاةَ كَانَتْ} എന്നും പ്രത്യേകം എടുത്ത് കാണിച്ചിരിക്കുന്നു. സത്യവിശ്വാസം സ്വീകരിച്ചു കഴിഞ്ഞാല്‍ അനുഷ്ഠാനപരമായി സ്വീകരിക്കേണ്ടുന്ന കര്‍മങ്ങളില്‍ അതി പ്രധാനമായതാണല്ലോ നമസ്‌കാരം. ഓരോ മുസ്‌ലിമും വളരെ ഗൗരവപൂര്‍വ്വം ഓര്‍മിച്ചിരിക്കേണ്ടുന്ന ഒരു വാക്യമാണിത്. യുദ്ധത്തില്‍ പോലും നമസ്‌കാരം സമയം തെറ്റിക്കാതെ ചെയ്യേതുണ്ടെന്നും, സാധാരണ നിലയില്‍ നിന്ന് കുറെയെല്ലാം വിട്ടുവീഴ്ചകള്‍ അനുവദിച്ചുകൊണ്ടാണെങ്കിലും ജമാഅത്തായിത്തന്നെ അത് നിര്‍വ്വഹിക്കേണ്ടതുണ്ടെന്നും പറഞ്ഞതിനെത്തുടര്‍ന്നാണ് ഈ വാക്യം അല്ലാഹു പറഞ്ഞിട്ടുള്ളതെന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. (അമാനി തഫ്സീര്‍)
kanzululoom.com
.