മനുഷ്യ ജീവിതത്തിലെ പരസ്പരവിരുദ്ധ തരത്തിലുള്ള രണ്ട് അവസ്ഥകളാണ് ഭയവും പ്രതീക്ഷയും (الخوف والرَّجاء). ഒരു സത്യവിശ്വാസിയിൽ അനിവാര്യമായും ഉണ്ടായിരിക്കേണ്ട രണ്ട് ഗുണങ്ങളുമാണ് ഭയവും പ്രതീക്ഷയും. ഏതൊക്കെ കാര്യങ്ങളിലാണ് ഭയവും പ്രതീക്ഷയും ഉണ്ടായിരിക്കേണ്ടതെന്ന് സൂചിപ്പിക്കുന്നു.
ഒന്നാമതായി, ഒരു സത്യവിശ്വാസി സദാ അല്ലാഹുവിനെ ഭയക്കുകയും അവന്റെ കാര്യണ്യത്തിൽ പ്രതീക്ഷ വെക്കുകയും വേണം.
ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ ﴿٢﴾ ٱلرَّحْمَٰنِ ٱلرَّحِيمِ ﴿٣﴾
സർവ്വ സ്തുതിയും സര്‍വ്വലോക പരിപാലകനായ അല്ലാഹുവിനാകുന്നു. പരമകാരുണികനും കരുണാനിധിയുമാണവൻ. (ഖു൪ആന്‍:1/2-3)
സൂറ: ഫാതിഹയുടെ തുടക്കത്തിൽ അല്ലാഹു അവനെ വിശേഷിപ്പിച്ചത് റബ്ബുല്‍ ആലമീന്‍ (ലോകങ്ങളുടെ രക്ഷിതാവ്) എന്നാണ്. എന്നാല്‍ തൊട്ടടുത്ത വചനത്തിൽ അവനെ വിശേഷിപ്പിച്ചത് റഹ്മാന്‍ (പരമകാരുണികൻ) , റഹീം (കരുണാനിധി) എന്നുമാണ്. ആദ്യത്തേത് ഭയപ്പെടുത്തുന്നതാണെങ്കിൽ രണ്ടാമത്തേത് പ്രതീക്ഷ നല്‍കുന്നതാണ്. ഒരു സത്യവിശ്വാസിയുടെ ഹൃദയത്തിൽ അല്ലാഹുവിനെ കുറിച്ചുള്ള ഭയവും അവന്റെ കാര്യണ്യത്തിലുള്ള പ്രതീക്ഷയും ഉണ്ടായിരിക്കണമെന്ന് ഇത് അറിയിക്കുന്നു.
അല്ലാഹുവിനെ ഭയക്കുന്നത് തിന്മകളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കും.
لَئِنۢ بَسَطتَ إِلَىَّ يَدَكَ لِتَقْتُلَنِى مَآ أَنَا۠ بِبَاسِطٍ يَدِىَ إِلَيْكَ لِأَقْتُلَكَ ۖ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَٰلَمِينَ
എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്‍റെ നേരെ കൈനീട്ടിയാല്‍ തന്നെയും, നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്‍റെ നേരെ കൈനീട്ടുന്നതല്ല.(കാരണം) തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു. (ഖു൪ആന്‍:5/28)
അല്ലാഹുവിനെ ഭയക്കുക എന്ന് പറയുമ്പോൾ, ഭയക്കേണ്ടുന്ന മറ്റുള്ളവയെ ഭയക്കുന്നത് പോലെയല്ല. വന്യജീവികളെയും ചില ഇഴജന്തുക്കളെയുമൊക്കെ ഭയക്കുമ്പോൾ അതിൽ നിന്നും ഓടി അകലാനാണ് മനുഷ്യൻ പരിശ്രമിക്കുന്നത്. എന്നാൽ അല്ലാഹുവിനെ ഭയക്കുന്ന ഒരാൾ അവനിലേക്ക് ഓടി അടുക്കുകയാണ് ചെയ്യുന്നത്.
അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് സത്യവിശ്വാസികൾക്ക് നിരാശ പാടില്ല. അത് സത്യനിഷേധികളുടെ സ്വഭാവമാണ്.
وَٱلَّذِينَ كَفَرُوا۟ بِـَٔايَٰتِ ٱللَّهِ وَلِقَآئِهِۦٓ أُو۟لَٰٓئِكَ يَئِسُوا۟ مِن رَّحْمَتِى وَأُو۟لَٰٓئِكَ لَهُمْ عَذَابٌ أَلِيمٌ
അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളിലും, അവനെ കണ്ടുമുട്ടുന്നതിലും അവിശ്വസിച്ചവരാരോ അവര്‍ എന്‍റെ കാരുണ്യത്തെപറ്റി നിരാശപ്പെട്ടിരിക്കുകയാണ്. അക്കൂട്ടര്‍ക്കത്രെ വേദനയേറിയ ശിക്ഷയുള്ളത്. (ഖു൪ആന്‍:29/23)
قال العلامة ابن عثيمين رحمه الله :اليأس من رحمة الله تعالى من كبائر الذنوب فلا ييأس أحد من رحمة الله ، بل يحسن الظن به أبدا، فاليأس من رحمة الله سوء ظن بالله عز وجل.
ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: അല്ലാഹുവിന്റെ കാരുണ്യത്തിൽ നിരാശവെയ്ക്കൽ വൻ പാപങ്ങളിൽ പെട്ടതാണ്. അതിനാൽ ആരും തന്നെ അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിരാശരാവരുത്. മറിച്ച് അവനെക്കുറിച്ച് എല്ലായ്പ്പോഴും സദ്’വിചാരം നിലനിർത്തുക. അല്ലാഹുവിന്റെ കാരുണ്യത്തിൽ നിരാശ വെയ്ക്കൽ അവനിൽ ദുഷ്’വിചാരം വെച്ച് പുലർത്തലാണ്. (ഫതാവാ നൂറുൻ അലദ്ദർബ്: 298)
രണ്ടാമതായി, അല്ലാഹുവിന്റെ ശിക്ഷയെ ഭയക്കുകയും അവന്റെ മഗ്ഫിറത്തിനെതൊട്ട്(പാപമോചനം) പ്രതീക്ഷയും വേണം.
نَبِّئْ عِبَادِىٓ أَنِّىٓ أَنَا ٱلْغَفُورُ ٱلرَّحِيمُ ﴿٤٩﴾ وَأَنَّ عَذَابِى هُوَ ٱلْعَذَابُ ٱلْأَلِيمُ ﴿٥٠﴾
(നബിയേ,) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് എന്‍റെ ദാസന്‍മാരെ വിവരമറിയിക്കുക. എന്‍റെ ശിക്ഷ തന്നെയാണ് വേദനയേറിയ ശിക്ഷ എന്നും (വിവരമറിയിക്കുക.) (ഖു൪ആന്‍:15/49-50)
غَافِرِ ٱلذَّنۢبِ وَقَابِلِ ٱلتَّوْبِ شَدِيدِ ٱلْعِقَابِ ذِى ٱلطَّوْلِ ۖ لَآ إِلَٰهَ إِلَّا هُوَ ۖ إِلَيْهِ ٱلْمَصِيرُ
പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും വിപുലമായ കഴിവുള്ളവനുമത്രെ അവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവങ്കലേക്ക് തന്നെയാകുന്നു മടക്കം. (ഖു൪ആന്‍:40/3)
إِنَّ رَبَّكَ لَسَرِيعُ ٱلْعِقَابِ ۖ وَإِنَّهُۥ لَغَفُورٌ رَّحِيمٌ
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിവേഗം ശിക്ഷ നടപ്പാക്കുന്നവനാണ്. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍:7/167)
ചില മനുഷ്യർ ആരാധിച്ചു വരുന്ന മലക്കുകള്‍, പ്രവാചകന്‍മാര്‍, പുണ്യപുരുഷൻമാർ മുതലായവര്‍ പോലും അല്ലാഹുവിന്റെ ശിക്ഷയെ ഭയക്കുകയും അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. അല്ലാഹു പറയുന്നു:
أُو۟لَٰٓئِكَ ٱلَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ ٱلْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُۥ وَيَخَافُونَ عَذَابَهُۥٓ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا
അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു. (ഖു൪ആന്‍:17/57)
وَٱلَّذِىٓ أَطْمَعُ أَن يَغْفِرَ لِى خَطِيٓـَٔتِى يَوْمَ ٱلدِّينِ
പ്രതിഫലത്തിന്‍റെ നാളില്‍ ഏതൊരുവന്‍ എന്‍റെ തെറ്റ് പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നുവോ അവന്‍. (ഖു൪ആന്‍:26/82)
قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. (ഖു൪ആന്‍:39/53)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ لَوْ يَعْلَمُ الْمُؤْمِنُ مَا عِنْدَ اللَّهِ مِنَ الْعُقُوبَةِ مَا طَمِعَ بِجَنَّتِهِ أَحَدٌ وَلَوْ يَعْلَمُ الْكَافِرُ مَا عِنْدَ اللَّهِ مِنَ الرَّحْمَةِ مَا قَنِطَ مِنْ جَنَّتِهِ أَحَدٌ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു സത്യവിശ്വാസി അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് ശരിക്കും അറിയുകയാണെങ്കിൽ ഒരാളും സ്വർഗം ലഭിക്കുമെന്ന അമിത പ്രതീക്ഷ വെച്ചു പുലർത്തുകയില്ല (അല്ലാഹുവിന്റെ കഠിന ശിക്ഷ ഓർത്ത് സ്വർഗം ലഭിക്കുമോയെന്ന പേടി സത്യവിശ്വാസികൾക്ക് ഉണ്ടാകും.). ഒരു സത്യനിഷേധി അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് അറിയുകയാണെങ്കിൽ അവന്റെ സ്വർഗത്തെകുറിച്ച് യാതൊരാളും നിരാശരാവുകയുമില്ല (അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിശാലത ഓർത്ത് സ്വർഗം ലഭിക്കുമെന്ന് സത്യനിഷേധിക്ക് തോന്നും). (മുസ്‌ലിം: 2755)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لَمَّا خَلَقَ اللَّهُ الْخَلْقَ كَتَبَ فِي كِتَابِهِ ـ هُوَ يَكْتُبُ عَلَى نَفْسِهِ، وَهْوَ وَضْعٌ عِنْدَهُ عَلَى الْعَرْشِ ـ إِنَّ رَحْمَتِي تَغْلِبُ غَضَبِي
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു സൃഷ്‌ടികളെ സൃഷ്‌ടിച്ചപ്പോള്‍, ‘നിശ്ചയമായും, എന്റെ കാരുണ്യം എന്റെ കോപത്തെ അതിജയിച്ചിരിക്കുന്നു’ എന്ന് ഒരു രേഖ അവന്റെ അടുക്കല്‍ ( അവന്റെ അര്‍ശിന്മേല്‍ ) അവന്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്നു. (ബുഖാരി:7404)
عَنْ أَنَسٍ رضي الله عنه، أَنَّ النَّبِيَّ ﷺ دَخَلَ عَلَى شَابٍّ وَهُوَ فِي الْمَوْتِ، فَقَالَ : كَيْفَ تَجِدُكَ ؟ قَالَ : وَاللَّهِ يَا رَسُولَ اللَّهِ إِنِّي أَرْجُو اللَّهَ، وَإِنِّي أَخَافُ ذُنُوبِي. فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لَا يَجْتَمِعَانِ فِي قَلْبِ عَبْدٍ فِي مِثْلِ هَذَا الْمَوْطِنِ إِلَّا أَعْطَاهُ اللَّهُ مَا يَرْجُو، وَآمَنَهُ مِمَّا يَخَافُ.
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ മരണാസന്നനായി കിടക്കുന്ന ഒരു യുവാവിന്റെ അടുക്കൽ പ്രവേശിച്ചു. നബി ﷺ ചോദിച്ചു താങ്കൾക്ക് എങ്ങനെയുണ്ട് ? യുവാവ് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എനിക്ക് അല്ലാഹുവിൽ പ്രതീക്ഷയുണ്ട്. എൻ്റെ പാപങ്ങളെ ഞാൻ ഭയക്കുകയും ചെയ്യുന്നു. നബി ﷺ പറഞ്ഞു: ഒരു അടിമയുടെ ഹൃദയത്തിൽ ഇതുപോലുള്ള സന്ദർഭത്തിൽ ഇവ രണ്ടും (ഭയവും പ്രതീക്ഷയും) ഒന്നിച്ചു വന്നാൽ അയാൾ പ്രതീക്ഷിക്കുന്നത് അല്ലാഹു അയാൾക്ക് നൽകുകയും അയാൾ ഭയപ്പെടുന്നതിൽ നിന്ന് അയാൾക്ക് അല്ലാഹു നിർഭയത്വം നൽകുകയും ചെയ്യാതിരിക്കില്ല. (തിർമിദി: 983)
قال أبو بكر الصديق رضى الله عنه: إن الله يغفر الكبائر فلا تيأسوا، ويعذب على الصغائر فلا تغتروا
അബൂബക്ർ അസ്സ്വിദ്ദീഖ് رضي الله عنه പറഞ്ഞു: തീർച്ചയായും അല്ലാഹു വൻപാപങ്ങൾ പോലും പൊറുക്കുന്നവനാണ്, അതിനാൽ (അവൻ്റെ മഗ്ഫിറത്തിനെ കുറിച്ച്) നിങ്ങൾ നിരാശരാകരുത്. അതുപോലെ ചെറു പാപങ്ങളുടെ പേരിൽ ശിക്ഷിക്കുന്നവനുമാണവൻ, അതുകൊണ്ട് (അവൻ്റെ കാരുണ്യവും, തിന്മകളുടെ ചെറുപ്പവും വിചാരിച്ച്) നിങ്ങൾ വഞ്ചിതരാവുകയും ചെയ്യരുത്. ﺷﺮﺡ ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ لاﺑﻦ ﺑﻄﺎﻝ【١٩/٢٦٧】
തന്റെ വിശ്വാസത്തിനും സല്‍കര്‍മങ്ങള്‍ക്കും സമ്മാനമായി സ്വര്‍ഗം നല്‍കുമെന്നുള്ള പ്രതീക്ഷയും നരക ശിക്ഷയെ സംബന്ധിച്ച ഭയവും അനിവാര്യമാണ്.
عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم “ الْجَنَّةُ أَقْرَبُ إِلَى أَحَدِكُمْ مِنْ شِرَاكِ نَعْلِهِ، وَالنَّارُ مِثْلُ ذَلِكَ ”.
ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വർഗം നിങ്ങളോരോരുത്തരുടെയും ചെരിപ്പിന്റെ വാറിനേക്കാൾ സമീപസ്ഥമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. നരകവും അതുപോലെതന്നെ. (ബുഖാരി: 6488)
വിശുദ്ധ ഖുര്‍ആനിൽ സത്യനിഷേധികളുടെ ശിക്ഷയെക്കുറിച്ച് പറഞ്ഞപ്പോള്‍തന്നെ സൂക്ഷ്മത പാലിക്കുന്നവരുടെ സുഖാനുഗ്രഹങ്ങളെക്കുറിച്ചും പറഞ്ഞിട്ടുള്ളതായും കാണാം; ഭയപ്പെടുത്തലും ആഗ്രഹിപ്പിക്കലും ഒരുമിച്ച് കൊണ്ടുവരുന്നതിനുവേണ്ടി. അപ്പോള്‍ ഹൃദയങ്ങള്‍ ഭയത്തിനും പ്രതീക്ഷക്കുമിടയിലാകും.
അല്ലാഹുവിന്റെ ശിക്ഷയെ ഭയക്കുന്നത് ജീവിതത്തിൽ തഖ്‌വ പുലർത്തുന്നതിന് നമ്മെ പ്രേരിപ്പിക്കും.
لَهُم مِّن فَوْقِهِمْ ظُلَلٌ مِّنَ ٱلنَّارِ وَمِن تَحْتِهِمْ ظُلَلٌ ۚ ذَٰلِكَ يُخَوِّفُ ٱللَّهُ بِهِۦ عِبَادَهُۥ ۚ يَٰعِبَادِ فَٱتَّقُونِ
അവര്‍ക്ക് അവരുടെ മുകള്‍ ഭാഗത്ത് തിയ്യിന്‍റെ തട്ടുകളുണ്ട്. അവരുടെ കീഴ്ഭാഗത്തുമുണ്ട് തട്ടുകള്‍. അതിനെ പറ്റിയാകുന്നു അല്ലാഹു തന്‍റെ ദാസന്‍മാരെ ഭയപ്പെടുത്തുന്നത്. ആകയാല്‍ എന്‍റെ ദാസന്‍മാരേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍. (ഖു൪ആന്‍:39/16)
അല്ലാഹുവിന്റെ ശിക്ഷയെ ഭയക്കാതിരിക്കുന്നത് സത്യനിഷേധത്തിലേക്കോ , പാപങ്ങൾ ചെയ്യുന്നതിലേക്കോ നയിക്കും. അല്ലാഹുവിൽ നിന്നുള്ള മഗ്ഫിറത്തിനെതൊട്ട് നിരാശപ്പെടുന്നത് അവിശ്വാസത്തിലേക്കും നയിക്കും.
أَفَأَمِنَ أَهْلُ ٱلْقُرَىٰٓ أَن يَأْتِيَهُم بَأْسُنَا بَيَٰتًا وَهُمْ نَآئِمُونَ ﴿٩٧﴾ أَوَأَمِنَ أَهْلُ ٱلْقُرَىٰٓ أَن يَأْتِيَهُم بَأْسُنَا ضُحًى وَهُمْ يَلْعَبُونَ ﴿٩٨﴾ أَفَأَمِنُوا۟ مَكْرَ ٱللَّهِ ۚ فَلَا يَأْمَنُ مَكْرَ ٱللَّهِ إِلَّا ٱلْقَوْمُ ٱلْخَٰسِرُونَ ﴿٩٩﴾
എന്നാല്‍ ആ നാടുകളിലുള്ളവര്‍ക്ക് അവര്‍ രാത്രിയില്‍ ഉറങ്ങിക്കൊണ്ടിരിക്കെ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റി അവര്‍ നിര്‍ഭയരായിരിക്കുകയാണോ? ആ നാടുകളിലുള്ളവര്‍ക്ക് അവര്‍ പകല്‍ സമയത്ത് കളിച്ചു നടക്കുന്നതിനിടയില്‍ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെ പറ്റിയും അവര്‍ നിര്‍ഭയരായിരിക്കുകയാണോ? അപ്പോള്‍ അല്ലാഹുവിന്‍റെ തന്ത്രത്തെപ്പറ്റി തന്നെ അവര്‍ നിര്‍ഭയരായിരിക്കുകയാണോ? എന്നാല്‍ നഷ്ടം പറ്റിയ ഒരു ജനവിഭാഗമല്ലാതെ അല്ലാഹുവിന്‍റെ തന്ത്രത്തെപ്പറ്റി നിര്‍ഭയരായിരിക്കുകയില്ല. (ഖു൪ആന്‍:7/97-99)
قَالَ وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِۦٓ إِلَّا ٱلضَّآلُّونَ
അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: തന്‍റെ രക്ഷിതാവിന്‍റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ.(ഖു൪ആന്‍:15/56)
يَٰبَنِىَّ ٱذْهَبُوا۟ فَتَحَسَّسُوا۟ مِن يُوسُفَ وَأَخِيهِ وَلَا تَا۟يْـَٔسُوا۟ مِن رَّوْحِ ٱللَّهِ ۖ إِنَّهُۥ لَا يَا۟يْـَٔسُ مِن رَّوْحِ ٱللَّهِ إِلَّا ٱلْقَوْمُ ٱلْكَٰفِرُونَ
യഅ്ഖൂബ്(അ) പറഞ്ഞു: എന്‍റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്‍റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച. (ഖു൪ആന്‍:12/87)
മൂന്നാമതായി, ഇബാദത്തുകളിൽ ഉണ്ടാകേണ്ട രണ്ട് ഘടകങ്ങളാണ് ഭയവും, പ്രതീക്ഷയും. ഒരു മുസ്‌ലിമിനെ ഇബാദത്തുകളിലേക്ക് നയിക്കുന്നത് ഭയവും പ്രതീക്ഷയുമാണ്.
قال الحافظ ابن كثير رحمه الله تعالى : لا تتم العبادة إلا بالخوف والرجاء، فبالخوف ينكف عن المناهي، وبالرجاء يكثر من الطاعات.
ഇബ്നു കഥീർ رحمه الله പറഞ്ഞു:ഭയവും പ്രതീക്ഷയും വെക്കുന്നതിലൂടെയല്ലാതെ ആരാധനകൾ പൂർത്തിയാവുകയില്ല. അതെന്തെന്നാൽ ഭയത്തിലൂടെയാണ് നിഷിദ്ധങ്ങൾ ഒഴിവാക്കുന്നത്. പ്രതീക്ഷ വെക്കുന്നതിലൂടെയാണ് നന്മകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നത്. (തഫ്സീറുബ്നു കഥീർ: 3/53)
നമ്മുടെ ഇബാദത്തുകൾ അല്ലാഹു സ്വീകരിക്കുമോയെന്ന കാര്യത്തിലും ഭയവും പ്രതീക്ഷയും ഉള്ളവരാണ് യഥാ൪ത്ഥ സത്യവിശ്വാസികള്‍.
وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَٰجِعُونَ
രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരാണവ൪. (ഖു൪ആന്‍:23/60)
عَنْ عَائِشَةَ، قَالَتْ قُلْتُ يَا رَسُولَ اللَّهِ ( وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ) أَهُوَ الرَّجُلُ الَّذِي يَزْنِي وَيَسْرِقُ وَيَشْرَبُ الْخَمْرَ قَالَ : لاَ يَا بِنْتَ أَبِي بَكْرٍ – أَوْ يَا بِنْتَ الصِّدِّيقِ – وَلَكِنَّهُ الرَّجُلُ يَصُومُ وَيَتَصَدَّقُ وَيُصَلِّي وَهُوَ يَخَافُ أَنْ لاَ يُتَقَبَّلَ مِنْهُ
ആഇശ رضي الله عنها വിൽ നിന്നും നിവേദനം: അവ൪ പറയുന്നു: ഞാന്‍ ഈ ആയത്തിനെക്കുറിച്ച് ( وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ ) നബി ﷺ യോട് ഇപ്രകാരം ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ‘വ്യഭിചരിക്കുകയും മോഷ്ടിക്കുകയും മദ്യപിക്കുകയും, ചെയ്യുന്നവരാണോ അവ൪? നബി ﷺ പറഞ്ഞു: ‘സിദ്ദീഖിന്റെ മകളേ, അല്ല, മറിച്ച് നോമ്പനുഷ്ഠിക്കുകയും, ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, നമസ്‌കരിക്കുകയും ശേഷം അല്ലാഹു അവ സ്വീകരിക്കുമോ എന്ന് ആശങ്കപ്പെടുന്നവരുമാണ് അവ൪. (ഇബ്നുമാജ: 37/4338)
അബൂ ഉസ്മാൻ അൽ ഹിയരി -رحمه اللّٰه- യോട് ഒരിക്കൽ എന്താണ് സൗഭാഗ്യത്തിന്റെയും, ദൗർഭാഗ്യത്തിന്റെയും അടയാളങ്ങൾ എന്ന് ചോദിക്കപ്പെട്ടു. അദ്ദേഹം മറുപടി പറഞ്ഞു :
علامة السعادة أن تطيع الله وتخاف أن تكون مردودا وعلامة الشقاوة أن تعصي الله وترجو أن تكون مقبولا
സൗഭാഗ്യത്തിന്റ അടയാളമെന്നാൽ നീ അല്ലാഹുവിനെ അനുസരിക്കുകയും, അവന്റെ അടുക്കൽ തള്ളപ്പെടുമോ എന്ന് ഭയക്കലുമാണ്. ദൗർഭാഗ്യത്തിന്റെ അടയാളമെന്നാൽ നീ അല്ലാഹുവിനെ ധിക്കരിക്കുകയും, അവന്റെ അടുക്കൽ സ്വീകാര്യനാകാൻ പ്രതീക്ഷിക്കലുമാണ്. (ഹിൽയതുൽ ഔലിയാ 246/10)
അതോടൊപ്പം നമ്മുടെ ഇബാദത്തുകൾ അല്ലാഹു സ്വീകരിക്കുമെന്ന പ്രതീക്ഷയുമുണ്ടായിരിക്കണം.
وَإِذْ يَرْفَعُ إِبْرَٰهِـۧمُ ٱلْقَوَاعِدَ مِنَ ٱلْبَيْتِ وَإِسْمَٰعِيلُ رَبَّنَا تَقَبَّلْ مِنَّآ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ
ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക.) (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖു൪ആന്‍:2/127)
ذْ قَالَتِ ٱمْرَأَتُ عِمْرَٰنَ رَبِّ إِنِّى نَذَرْتُ لَكَ مَا فِى بَطْنِى مُحَرَّرًا فَتَقَبَّلْ مِنِّىٓ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ
ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) എന്‍റെ രക്ഷിതാവേ, എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായ് ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന് നീ അത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. (ഖു൪ആന്‍:3/35)
നാലാമതായി, നമ്മുടെ പ്രാർത്ഥനകളിലും ഭയവും, പ്രതീക്ഷയും ഉണ്ടായിരിക്കണം. നിരവധി പ്രവാചകന്മാരുടെ ചരിത്രം എടുത്ത് പറഞ്ഞ ശേഷം അവർക്കെല്ലാം ഉണ്ടായിരുന്ന ഒരു പൊതുഗുണമായി അല്ലാഹു പറയുന്നു :
ﺇِﻧَّﻬُﻢْ ﻛَﺎﻧُﻮا۟ ﻳُﺴَٰﺮِﻋُﻮﻥَ ﻓِﻰ ٱﻟْﺨَﻴْﺮَٰﺕِ ﻭَﻳَﺪْﻋُﻮﻧَﻨَﺎ ﺭَﻏَﺒًﺎ ﻭَﺭَﻫَﺒًﺎ ۖ ﻭَﻛَﺎﻧُﻮا۟ ﻟَﻨَﺎ ﺧَٰﺸِﻌِﻴﻦَ
തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു.(ഖു൪ആന്‍:21/90)
وَٱدْعُوهُ خَوْفًا وَطَمَعًا ۚ إِنَّ رَحْمَتَ ٱللَّهِ قَرِيبٌ مِّنَ ٱلْمُحْسِنِينَ
ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ കാരുണ്യം സല്‍കര്‍മ്മകാരികള്‍ക്ക് സമീപസ്ഥമാകുന്നു. (ഖു൪ആന്‍:7/56)
تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا
ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. (ഖു൪ആന്‍:32/16)
ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം അവന്ന് എപ്പോഴും അല്ലാഹുവിനോടുള്ള ഭയവും അവനോടുള്ള പ്രതീക്ഷയും ഒരു പോലെ ഉണ്ടാകേണ്ടതുണ്ട്. ഒരു പക്ഷിക്ക് രണ്ട് ചിറകുള്ളതിന്ന് സമാനമായി അവന്ന് ഭയവും പ്രതീക്ഷയും ഉണ്ടാകണം. എന്നാൽ മാത്രമേ അവനും അല്ലാഹുവും തമ്മിലുള്ള ബന്ധം സുഗമമാവുകയുള്ളൂ. ഭയത്തിന്റേയും പ്രതീക്ഷയുടേയും വിഷയത്തിൽ അഹ്‌ലുസ്സുന്നയുടെ മാർഗത്തിൽ നിന്ന് വ്യതിചലിച്ച രണ്ട് കക്ഷികളാണ് സൂഫികളും ഖവാരിജുകളും. സൂഫികൾ അല്ലാഹുവിനോടുള്ള പ്രതീക്ഷയിൽ അതിരു കവിഞ്ഞവരാണ്. ഖവാരിജുകളാകട്ടെ അല്ലാഹുവിനോടുള്ള ഭയത്തിന്റെ വിഷയത്തിലാണ് അതിരു കവിഞ്ഞത്. എന്നാൽ അഹ്‌ലുസ്സുന്നത്തി വൽ ജമാഅയുടെ നിലപാടാണ് മധ്യമ നിലപാട് . അതിരു കവിയാതെ ഭയവും പ്രതീക്ഷയും ഒരുപോലെ നിലനിറുത്തി അല്ലാഹുവിൽ നല്ല വിചാരം പുലർത്തിക്കൊണ്ട് അവന്റെ ശിക്ഷയെ ഭയന്ന് ജീവിതം നയിക്കുന്നവരാണ് അവർ.
kanzululoom.com