സത്യവിശ്വാസികള്‍ അവരുടെ നമസ്കാരത്തില്‍ നി൪ബന്ധമായും സൂറ: അല്‍ ഫാത്തിഹ പാരായണം ചെയ്യേണ്ടതുണ്ട്. ഫാതിഹ ഓതാത്തവന് നമസ്കാരമില്ല എന്നുവരെ നബി ﷺ പറഞ്ഞിട്ടുള്ളതായി കാണാം. നമസ്കാരത്തില്‍ ഫാതിഹ പാരായണം ചെയ്യുന്നതിലൂടെ അതിലെ പരമപ്രധാനമായ പ്രാ൪ത്ഥന അല്ലാഹുവിനോട് നി൪വ്വഹിക്കുന്നു. ഇതിലൂടെ ചോദിക്കുന്ന കാര്യമെന്തോ അതാണ് റബ്ബിന്റെ ഏറ്റവും വലിയ അനുഗ്രഹമായ ഹിദായത്ത് അഥവാ സന്‍മാ൪ഗമെന്ന മഹത്തായ സൌഭാഗ്യം. നി൪ബന്ധ നമസ്കാരത്തില്‍ പതിനേഴ് തവണയും സുന്നത്ത് നമസ്കാരങ്ങളില്‍ അതിലേറെയും തവണ നാം സൂറ: അല്‍ ഫാത്തിഹ പാരായണം പാരായണം ചെയ്യുന്നു. എന്നാല്‍ നമസ്കാരത്തില്‍ ഈ പ്രാ൪ത്ഥന അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി പറയാറുണ്ടോയെന്ന് നാം ഓരോരുത്തരും സ്വന്ത്തോട് ചോദിക്കേണ്ടതാണ്.
അല്ലാഹുവിനെ സ്തുതിച്ച് അവന്റെ അതിരറ്റ കാരുണ്യത്തെ പുകഴ്ത്തി അവന്‍ പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥനാണെന്ന് എടുത്ത് പറഞ്ഞ് ആരാധനകളും, സഹായാര്‍ത്ഥനകളും നിന്റെ മുമ്പില്‍ മാത്രമേ ഞങ്ങള്‍ അര്‍പ്പിക്കുകയുള്ളുവെന്ന് പറഞ്ഞ ശേഷം ഈ പ്രാ൪ത്ഥനയാണ് നാം നി൪വ്വഹിക്കുന്നത്. ആദ്യമായി പ്രസ്തുത പ്രാ൪ത്ഥന കാണുക:
اهْدِنَا الصِّرَاطَ الْمُسْتَقِيمَ
ഞങ്ങളെ നീ സ്വിറാത്വുൽ മുസ്തഖീമിലേക്ക് (നേരായ മാർഗത്തിലേക്ക്) നയിക്കേണമേ! (ഖു൪ആന്‍:1/6)
(അല്ലാഹുവേ) നീ തൃപ്തിപ്പെട്ടവരും, നിന്റെ അടിയാന്മാരില്‍ നീ അനുഗ്രഹിച്ചിട്ടുള്ളവരുമായ ആളുകള്‍ക് നീ തൗഫീഖ് ചെയ്തു (സാധിപ്പിച്ചു) കൊടുത്ത വാക്കുകളിലും പ്രവൃത്തികളിലും ഉറച്ചുനില്‍ക്കുവാന്‍ ഞങ്ങള്‍ക്ക് നീ തൗഫീഖ് നല്‍കേണമേ. (തഫ്സീറുത്ത്വബ്രി)
الصِّرَاطَ الْمُسْتَقِيمَ ( സ്വിറാത്വുൽ മുസ്തഖീം) എന്നാല്‍ അല്ലാഹുവും, അവന്റെ റസൂലും നിര്‍ദേശിച്ചുതന്ന മാര്‍ഗ്ഗമാണ്. (ഇബ്നു കസീ൪)
സ്വിറാത്വുൽ മുസ്തഖീം (നേരായ പാത) കൊണ്ട് വിവക്ഷിക്കപ്പെട്ടതെന്തെന്ന് ഈ പ്രാ൪ത്ഥനക്ക് തുടര്‍ന്നുള്ള വാക്യങ്ങളില്‍ നിന്നുതന്നെ മനസ്സിലാക്കാവുന്നതാണ്.
صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ
നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല. (ഖു൪ആന്‍:4/69)
സ്വിറാത്വുൽ മുസ്തഖീം (നേരായ പാത) കൊണ്ടുള്ള വിവക്ഷ എന്താണെന്നും, അതിന്റെ ക്രിയാത്മകവും, നിഷേധാത്മകവുമായ വശങ്ങള്‍ ഏതാണെന്നും ചുരുങ്ങിയ വാക്കുകളില്‍ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ (നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവരുടെ പാത) ഇതാണതിന്റെ ക്രിയാത്മക വശം. ഈ അനുഗ്രഹീതര്‍ ആരാണെന്ന് മറ്റൊരു വചനത്തില്‍ അല്ലാഹു പറയുന്നത് കാണുക:
وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُو۟لَٰٓئِكَ مَعَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّۦنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّٰلِحِينَ ۚ وَحَسُنَ أُو۟لَٰٓئِكَ رَفِيقًا
ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍! (ഖു൪ആന്‍:4/69)
നബിമാര്‍(പ്രവാചകന്മാര്‍), സ്വിദ്ദീക്വുകള്‍ (സത്യസന്ധന്മാര്‍), ശഹീദുകള്‍ (സത്യസാക്ഷികള്‍), സ്വാലിഹുകള്‍ (സദ്‌വൃത്തര്‍) എന്നിവരാണ് അല്ലാഹു അനുഗ്രഹിച്ചവര്‍.മനുഷ്യരില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ട സ്ഥാനമുള്ളവ൪ പ്രവാചകന്മാരാണ്. അവരെക്കഴിച്ചാല്‍ പിന്നീട് ക്രമപ്രകാരം സ്വിദ്ദീക്വുകളും, ശഹീദുകളും, സ്വാലിഹുകളും. വിശ്വാസത്തിലും, വാക്കിലും, പ്രവൃത്തിയിലും സത്യത്തില്‍ അടിയുറച്ചു നില്‍ക്കുകയും, സത്യത്തിനെതിരില്‍ നേരിടുന്ന ഏതു പ്രതിസന്ധിയിലും ചാഞ്ചല്യമോ പതറലോ വരാതെ സൂക്ഷിക്കുകയും ചെയ്യുന്ന സത്യസന്ധന്മാര്‍ക്ക് സ്വിദ്ദീക്വുകള്‍(الصديق) എന്നും, സത്യത്തിനുവേണ്ടി ജീവന്‍ പോലും ബലിയര്‍പ്പിക്കുന്നതുവരെയുള്ള ത്യാഗങ്ങള്‍ വഴി സത്യത്തിനു സാക്ഷ്യം വഹിച്ചവര്‍ക്ക് ശഹീദുകള്‍ (الشھيد) എന്നും സാമാന്യമായി പറയാം. സത്യവിശ്വാസം സ്വീകരിച്ചു സന്മാര്‍ഗത്തില്‍ നിലകൊള്ളുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് പൊതുവെ പറയപ്പെടുന്ന വാക്കാണ് സ്വാലിഹുകള്‍ (الصالح). ഇവ൪ സഞ്ചരിച്ച മാ൪ഗമാണ് الصِّرَاطَ الْمُسْتَقِيمَ (ചൊവ്വായ പാത). അതില്‍ നയിക്കണേ എന്നാണ് ഈ പ്രാ൪ത്ഥയിലൂടെ നാം റബ്ബിനോട് തേടുന്നത്..
غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (കോപവിധേയരും, വഴിപിഴച്ചവരുമായ ആളുകള്‍ സ്വീകരിച്ചതല്ലാത്ത മാര്‍ഗ്ഗം) എന്നതാണ് ആ പാതയുടെ നിഷേധാത്മക വശം. ‘കോപബാധിതര്‍’ കൊണ്ടുദ്ദേശ്യം യഹൂദികള്‍ ആണെന്നും ‘വഴിപിഴച്ചവര്‍’ കൊണ്ടുദ്ദേശ്യം ക്രിസ്ത്യാനികളാണെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
عَنْ عَدِيِّ بْنِ حَاتِمٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : الْيَهُودُ مَغْضُوبٌ عَلَيْهِمْ وَالنَّصَارَى ضُلاَّلٌ
അദിയ്യ് (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: യഹൂദികളാണ് (അല്ലാഹുവിന്റെ) കോപത്തിനിരയായവ൪, ക്രിസ്ത്യാനികളാണ് വഴിപിഴച്ചവര്‍. (തി൪മിദി:2954)
കോപവിധേയര്‍ യഹൂദികളും വഴിപിഴച്ചവര്‍ ക്രിസ്ത്യാനികളുമാണെന്ന് വരുവാന്‍ കാരണമെന്താണെന്നും, മനസ്സിലാക്കേണ്ടതുണ്ട്. . യഹൂദികള്‍ക്ക് അറിവ് ഉണ്ടായിരുന്നുവെങ്കില്‍ അവരത് അമല്‍ ആക്കിയില്ല. അഥവാ സത്യം മനസ്സിലാക്കിയിട്ടും അത് സ്വീകരിക്കുകയോ അതനുസരിച്ച് പ്രവ൪ത്തിക്കുകയോ ചെയ്യാത്തതിനാലാണ് യഹൂദികള്‍ അല്ലാഹുവിന്റെ കോപത്തിനിരയായത്. എന്നാല്‍ ക്രിസ്ത്യാനികളാകട്ടെ, അവ൪ പ്രവ൪ത്തിച്ചവരാണ്. എന്നാല്‍ അവ൪ പ്രവ൪ത്തിച്ചത് അല്ലാഹുവില്‍ നിന്നുള്ള അറിവിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. അതുകൊണ്ടാണ് അവ൪ വഴിപിഴച്ചവരായത്.
യഹൂദികളെ ഉദ്ദേശിച്ച് ‘കോപവിധേയരായവര്‍’ എന്ന് പറഞ്ഞത് അവര്‍ അറിവുണ്ടായിട്ടും അതിന് എതിര് പ്രവര്‍ത്തിച്ചതുകൊണ്ടാണെന്നും, ക്രിസ്ത്യാനികളെപ്പറ്റി ‘വഴിപിഴച്ചവര്‍’ എന്ന് പറഞ്ഞത് അവര്‍ സത്യം അറിയാതെ പിഴച്ചതു കൊണ്ടാണെന്നും ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയും(റഹി) വിശദീകരിച്ചിട്ടുണ്ട്. (اقتضاء الصراط المستقيم )
നമസ്‌കാരത്തില്‍ ഒരാള്‍ ഈ പ്രാ൪ത്ഥന പ്രാ൪ത്ഥിക്കുമ്പോള്‍ അല്ലാഹു ഇപ്രകാരം പറയും:
هَذَا لِعَبْدِي وَلِعَبْدِي مَا سَأَلَ
ഇത് എന്റെ അടിമക്കുള്ളതാണ്, അവന്‍ ചോദിച്ചത് അവനുണ്ട്. (മുസ്‌ലിം)
അല്ലാഹുവിന്റെ കോപത്തിനും, വഴിപിഴവിനും കാരണമാക്കുന്ന ആ കാര്യങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ മാര്‍ഗമെന്താണെന്നും നിശ്ചയമായും പഠിച്ച് മനസ്സിലാക്കേണ്ടതുണ്ട്.
ഇബ്നു കഥീര്‍ (റഹി) പറഞ്ഞു: സത്യം അന്വേഷിച്ചറിയുകയും, അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുകയാണ് അനുഗ്രഹീതരുടെ മാര്‍ഗം. സത്യം അറിഞ്ഞിട്ടും അത് അനുഷ്ഠാനത്തില്‍ വരുത്താതെ പുറം തള്ളിക്കളയുകയാണ് കോപവിധേയരുടെ മാര്‍ഗം. സത്യം മനസ്സിലാക്കാതെ സത്യമാര്‍ഗ്ഗം തെറ്റിപ്പോകുന്നതാണ് വഴിപിഴച്ചവരുടെ മാര്‍ഗ്ഗം. (തഫ്സീര്‍ ഇബ്നുകസീ൪)
അതോടൊപ്പം ജൂത-ക്രൈസ്തവരുടെ പല വിശ്വാസ-ആചാര-സ്വഭാവങ്ങള്‍ മുസ്ലിം സമുദായത്തിലേക്ക് കടന്നുകൂടിയിട്ടുള്ളത് ഒഴിവാക്കുക. ഖബ്റുകള്‍ കെട്ടി ഉയ൪ത്തലും അതിന്‍മേല്‍ കെട്ടിടം നി൪മ്മിക്കല്‍, ദീനിലെ ചിലത് മാത്രം സ്വീകരിക്കല്‍, ദീനിലെ നിയമങ്ങള്‍ മറച്ച് വെക്കല്‍, വേദഗ്രന്ഥത്തെ അവഗണിക്കല്‍, നഹ്സ് നോക്കല്‍, ബര്‍ത്ത് ഡേ ആഘോഷം തുടങ്ങിയവ അതിന് ഉദാഹരണങ്ങളാണ്. ജൂത-ക്രൈസ്തവരുടെ വിശ്വാസ-ആചാര-സ്വഭാവങ്ങള്‍ നാം സ്വീകരിച്ചിട്ട് അവ൪ സ്വീകരിച്ചതല്ലാത്ത മാര്‍ഗ്ഗം അല്ലാഹുവിനോട് തേടുന്നതില്‍ അ൪ത്ഥമില്ലല്ലോ.
നേരായ മാര്‍ഗം സ്വീകരിച്ചവരാണല്ലോ സത്യവിശ്വാസികള്‍. എന്നിരിക്കെ, തങ്ങള്‍ക്ക് സിദ്ധിച്ചു കഴിഞ്ഞ ആ കാര്യത്തിന് വേണ്ടി നമസ്കാരങ്ങളിലും മറ്റും ഈ പ്രാര്‍ത്ഥന പിന്നെയും ആവര്‍ത്തിക്കുന്നത് എന്തിനാണെന്ന് ചിന്തിക്കുന്നവരുണ്ട്. ഇമാം ഇബ്നു കഥീര്‍ (റഹി) പറയുന്നത് കാണുക: ‘സിദ്ധിച്ചു കഴിഞ്ഞ അതേ കാര്യം പിന്നെയും സിദ്ധിക്കുവാനല്ല ഈ പ്രാര്‍ത്ഥന. അല്ലാഹുവില്‍ നിന്നുള്ള ഹിദായത്ത് മനുഷ്യന് സദാ സമയത്തും ലഭിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. അത് കൊണ്ടാണ് ഇങ്ങിനെ പ്രാര്‍ത്ഥിക്കുവാന്‍ കല്പിച്ചിരിക്കുന്നത്. അവന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് വഴിപിഴച്ചു പോകാതെ, സ്ഥിരച്ചിത്തതയോടെ അതില്‍ ഉറച്ചു നില്‍ക്കുവാനും, അതില്‍ അഭിവൃദ്ധിയും വളര്‍ച്ചയും ലഭിച്ചുകൊണ്ടിരിക്കുവാനും അല്ലാഹുവിന്റെ സഹായവും തൗഫീഖും സിദ്ധിച്ചു കൊണ്ടിരിക്കേണ്ടിയിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ സ്വന്തം ദേഹത്തിനു പോലും ഉപകാരമോ, ഉപദ്രവമോ ചെയ്യാന്‍ മനുഷ്യന് കഴിവില്ല. ആകയാല്‍, അല്ലാഹുവിന്റെ സഹായഹസ്തം എല്ലാ സമയത്തും തന്റെ നേരെ നീട്ടിക്കൊണ്ടിരിക്കുവാന്‍ അവന്‍ അവനോട് അപേക്ഷിച്ചുകൊണ്ടിരിക്കേണ്ടതാണെന്ന് ഇത് മൂലം ഉണര്‍ത്തുന്നു.
ഇക്കാരണത്താല്‍ തന്നെയാണ് ഇങ്ങിനെ പ്രാര്‍ത്ഥിക്കുവാനും സത്യവിശ്വാസികളോട് അല്ലാഹു ഉപദേശിച്ചത്:
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ ٱلْوَهَّابُ
ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു.(ഖു൪ആന്‍:3/8)
സത്യവിശ്വാസികളെ, അല്ലാഹുവിനോടുള്ള അഭിമുഖ സംഭാഷണമായ നമസ്കാരത്തില്‍ ഫാത്തിഹ പാരായണം ചെയ്യുമ്പോള്‍ ആത്മാ൪ത്ഥമായി ഹിദായത്തിനെ ചോദിക്കുക. ഹിദായത്തിലാക്കുന്നവന്‍ അല്ലാഹു മാത്രമാണെന്നും തിരിച്ചറിയുക.
kanzululoom.com