بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
അല്ലാഹു തൻ്റെ സത്യവിശ്വാസികളായ അടിമകൾക്ക് നന്മകളുടെ പുണ്യകാലങ്ങൾ (مواسم الخيرات) തുടരെത്തുടരെ നൽകുന്നു എന്നത് അവൻ്റെ കാരുണ്യത്തിൻ്റെ ഭാഗമാണ്. അതിൽപ്പെട്ട മഹത്തായ ഒരു സന്ദർഭവും പുണ്യമാക്കപ്പെട്ട മാസവുമാണ് അനുഗ്രഹീതമായ റമദാൻ.
ഒരു മുസ്‌ലിം ഈ മാസത്തെ സ്വീകരിക്കേണ്ട ഏറ്റവും നല്ല മാർഗ്ഗം അതിലെ വിധിവിലക്കുകളെക്കുറിച്ച് പണ്ഡിതന്മാരിൽ നിന്നും പഠിക്കുക എന്നതാണ്. അല്ലാഹു തൻ്റെ മേൽ നിർബന്ധമാക്കിയ കാര്യങ്ങളും സുന്നത്തായ കാര്യങ്ങളും അവൻ അറിഞ്ഞിരിക്കണം. നോമ്പുമായി ബന്ധപ്പെട്ട സുപ്രധാനമായ പത്ത് വിഷയങ്ങളാണ് ഇവിടെ വിവരിക്കുന്നത്. ഈ മഹത്തായ മാസത്തിൻ്റെ വിധിവിലക്കുകൾ പഠിക്കാനും അതിൻ്റെ തത്വങ്ങളെക്കുറിച്ച് ചിന്തിക്കാനും ഒരു സത്യവിശ്വാസി പരിശ്രമിക്കേണ്ടതുണ്ട്. അല്ലാഹുവിന് വേണ്ടി ഇഷ്ടപ്പെട്ട കാര്യങ്ങളെ (ഭക്ഷണം, പാനീയം തുടങ്ങിയവ) ഉപേക്ഷിക്കുന്ന മാസമാണത്. അതുപോലെ തനിക്ക് ഇഷ്ടപ്പെട്ട സമ്പത്തിനെ അല്ലാഹുവിന് വേണ്ടി ചിലവഴിക്കുന്ന (സക്കാത്തിലൂടെ) മാസം കൂടിയാണിത്. നോമ്പ് അല്ലാഹുവിന് വേണ്ടിയുള്ള ഉപേക്ഷിക്കലാണെങ്കിൽ, സക്കാത്ത് അല്ലാഹുവിന് വേണ്ടിയുള്ള നൽകലാണ്.
റമദാൻ പുണ്യങ്ങളുടെ സർവ്വകലാശാലയാണ്. നന്മകളുടെ കലവറയാണ്. നോമ്പ് അടിമയ്ക്കും നരകത്തിനുമിടയിലുള്ള ഒരു പരിചയാണ്. അല്ലാഹു തനിക്ക് മാത്രമായി തെരഞ്ഞെടുത്തതും അതിൻ്റെ പ്രതിഫലം അവൻ തന്നെ നൽകുമെന്ന് ഏറ്റതുമായ ആരാധനയാണത്. അത് നിസ്കാരങ്ങളുടെയും (ഫർളും സുന്നത്തും), സക്കാത്തിൻ്റെയും, സ്വദഖയുടെയും, ഉംറയുടെയും (റമദാനിലെ ഉംറക്ക് നബി ﷺ യുടെ കൂടെ ഹജ്ജ് ചെയ്ത പ്രതിഫലമുണ്ട്), ദിക്റുകളുടെയും, ഖുർആൻ്റെയും മാസമാണ്. അത് മുഴുവനായും കാരുണ്യവും പാപമോചനവും നരകമോചനവുമാണ്.
ഇത്രയേറെ മഹത്വമുള്ള ഈ മാസത്തിലെ ആരാധനകൾക്ക് വലിയ പ്രതിഫലമാണുള്ളത്. അതിനാൽ അതിലെ നിയമവശങ്ങൾ പഠിക്കാൻ ഒരു മുസ്‌ലിം ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനപ്പെട്ട പത്ത് മസ്അലകളാണ് താഴെ വിവരിക്കുന്നത്:
ഒന്നാം വിഷയം: മാസം ഉറപ്പിക്കൽ (ثبوت دخول الشهر)
റമദാൻ മാസം പ്രവേശിച്ചതായി കണക്കാക്കുന്നതിന് രണ്ട് വഴികളാണുള്ളത്:
1. ചന്ദ്രപ്പിറവി ദൃശ്യമാവുക (റൂഅ്‌യത്തുൽ ഹിലാൽ).
2. ശഅ്ബാൻ മാസം മുപ്പത് പൂർത്തിയാക്കുക.
ചന്ദ്രപ്പിറവി കണ്ടാൽ നോമ്പെടുക്കണം എന്നതിൻ്റെ തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:
فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ
അതിനാൽ നിങ്ങളിൽ ആര് ആ മാസത്തിന് സാക്ഷിയാകുന്നുവോ അവൻ അതിൽ നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. [അൽ-ബഖറ: 185]
നബി ﷺ പറഞ്ഞു:
صُومُوا لِرُؤْيَتِهِ
(ചന്ദ്രപ്പിറവി) കണ്ടാൽ നിങ്ങൾ നോമ്പെടുക്കുക. [ബുഖാരി: 1909, മുസ്‌ലിം: 1081]
ശഅ്ബാൻ പൂർത്തിയാക്കുന്നതിൻ്റെ തെളിവ് നബി ﷺ യുടെ വചനമാണ്:
فَإِنْ غُمَّ عَلَيْكُمْ فَأَكْمِلُوا عِدَّةَ شَعْبَانَ ثَلَاثِينَ
ഇനി നിങ്ങൾക്ക് മേൽ (മേഘം മൂടിയത് കാരണം) അത് അവ്യക്തമായാൽ ശഅ്ബാൻ മുപ്പത് ദിവസമായി നിങ്ങൾ പൂർത്തിയാക്കുക. [ബുഖാരി: 1909]
ഗോളശാസ്ത്രപരമായ കണക്കുകൂട്ടലുകൾ (ഹിസാബുൽ ഫലക്കി) നോമ്പ് ആരംഭിക്കാനോ അവസാനിപ്പിക്കാനോ പരിഗണിക്കാവതല്ല. അത് പ്രമാണങ്ങൾക്കും പണ്ഡിത ഏകോപനത്തിനും (ഇജ്മാഅ്) എതിരാണ്. നബി ﷺ നമ്മോട് കൽപ്പിച്ചത് “കണ്ടാൽ നോമ്പെടുക്കുക” എന്നാണ്. അല്ലാഹു ഈ ആരാധനയെ നമുക്ക് ലളിതമാക്കി തന്നിരിക്കുന്നു. കണ്ടാൽ നോൽക്കുക, കണ്ടില്ലെങ്കിൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കുക.
നബി ﷺ പറഞ്ഞു:
هَلَكَ الْمُتَنَطِّعُونَ
അനാവശ്യമായി സൂക്ഷ്മത നടിക്കുന്നവർ (മതത്തിൽ കടുപ്പിക്കുന്നവർ) നശിച്ചിരിക്കുന്നു. [മുസ്‌ലിം: 2670]
ജനങ്ങളെ ഗോളശാസ്ത്ര കണക്കുകൾ അനുസരിക്കാൻ നിർബന്ധിക്കുന്നത് മതത്തിൽ കാഠിന്യം വരുത്തലാണ്. നോമ്പിനും പെരുന്നാളിനും ഗോളശാസ്ത്ര കണക്കുകളെ അവലംബിക്കാൻ പാടില്ല എന്നതിൽ ഇമാം ഖറാഫി (رَحِمَهُ ٱللّٰهُ), ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ (رَحِمَهُ ٱللّٰهُ) തുടങ്ങി അനേകം പണ്ഡിതന്മാർ ഏകോപനം രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം വിഷയം: സംശയമുള്ള ദിവസം നോമ്പെടുക്കൽ (صوم يوم الشك)
ശഅ്ബാൻ മുപ്പതിനാണ് ‘യൗമുശ്ശക്ക്’ (സംശയമുള്ള ദിവസം) എന്ന് പറയുന്നത്. മാസപ്പിറവി കാണുന്നതിൽ എന്തെങ്കിലും പിഴവുകളോ, അല്ലെങ്കിൽ ആകാശം മേഘാവൃതമായത് കൊണ്ട് ചന്ദ്രൻ ഉണ്ടായേക്കാം എന്ന സാധ്യതയോ പരിഗണിച്ച് ഒരു മുൻകരുതൽ എന്ന നിലയ്ക്ക് അന്നേ ദിവസം നോമ്പെടുക്കാൻ പാടുണ്ടോ?
ഉത്തരം: സംശയമുള്ള ദിവസം നോമ്പെടുക്കൽ അനുവദനീയമല്ല. മറിച്ച് അത് ഹറാമാണ് എന്നതാണ് പണ്ഡിതന്മാരുടെ ശരിയായ അഭിപ്രായം. അമ്മാർ ബിൻ യാസിർ (رَضِيَ ٱللّٰهُ عَنْهُ) പറഞ്ഞതാണ് ഇതിന് തെളിവ്:
مَنْ صَامَ الْيَوْمَ الَّذِي يُشَكُّ فِيهِ فَقَدْ عَصَى أَبَا الْقَاسِمِ
ആരെങ്കിലും സംശയമുള്ള ദിവസം നോമ്പെടുത്താൽ അവൻ അബുൽ ഖാസിമിനോട് (നബി ﷺ യോട്) അനുസരണക്കേട് കാണിച്ചിരിക്കുന്നു. [തിർമിദി: 686, നസാഇ: 2188]
എന്നാൽ, ഒരാൾ പതിവായി എടുക്കുന്ന സുന്നത്തു നോമ്പ് (ഉദാഹരണത്തിന് തിങ്കളാഴ്ച) ശഅ്ബാൻ മുപ്പതിന് വന്നാൽ അയാൾക്ക് അത് നോൽക്കാവുന്നതാണ്. പക്ഷേ, റമദാനിന് വേണ്ടിയുള്ള മുൻകരുതൽ എന്ന നിലയ്ക്ക് ആവരുത് എന്ന് മാത്രം.
മൂന്നാം വിഷയം: രോഗിയുടെയും നോമ്പെടുക്കാൻ കഴിയാത്തവരുടെയും വിധി (حكم العاجز والمريض)
നോമ്പെടുക്കാൻ കഴിയാത്തവർ രണ്ട് തരത്തിലുണ്ട്:
1. നോമ്പെടുക്കാൻ സാധിക്കാത്തവർ (العاجز):
▪️ ബുദ്ധിക്ക് തകരാറുള്ളവർ (മജ്നൂൻ): ഇവർക്ക് നോമ്പ് നിർബന്ധമില്ല. ഇവർക്കോ ഇവരുടെ രക്ഷിതാക്കൾക്കോ ഇതിൽ യാതൊരു ബാധ്യതയുമില്ല. കാരണം അവർക്ക് മതപരമായ കൽപ്പളുകൾ (തക്ലീഫ്) ബാധകമല്ല.
▪️ ബുദ്ധിയുണ്ട്, പക്ഷേ പ്രായാധിക്യം കൊണ്ടോ മറ്റോ നോമ്പെടുക്കാൻ ശാരീരിക ശേഷിയില്ലാത്തവർ: ഇവർ നോമ്പിന് പകരം ഓരോ ദിവസത്തിനും ഭക്ഷണം നൽകണം (ഫിദ്യ). ഇവർക്ക് വേണ്ടി മറ്റാരെങ്കിലും ഭക്ഷണം നൽകിയാലും മതിയാകും.
അല്ലാഹുവിൻ്റെ വചനം:
وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينَ
അതല്ല, (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്. [അൽ-ബഖറ: 184]
قَالَ ابْنُ عَبَّاسٍ : …… هُوَ الشَّيْخُ الْكَبِيرُ وَالْمَرْأَةُ الْكَبِيرَةُ لاَ يَسْتَطِيعَانِ أَنْ يَصُومَا، فَلْيُطْعِمَانِ مَكَانَ كُلِّ يَوْمٍ مِسْكِينًا.
ഇബ്‌നു അബ്ബാസ് (رَضِيَ ٱللّٰهُ عَنْهُ) പറഞ്ഞു: നോമ്പെടുക്കാൻ സാധിക്കാത്ത വൃദ്ധനും വൃദ്ധയുമാണത്. അവർ ഓരോ ദിവസത്തിനും പകരം ഓരോ അഗതിക്ക് ഭക്ഷണം നൽകണം. [ബുഖാരി: 4505]
ഭക്ഷണം നൽകുന്ന രീതി രണ്ട് വിധത്തിലാവാം:
1. ഓരോ ദിവസത്തിനും ഏകദേശം ഒന്നര കിലോ അരി (അര സ്വാഅ്) വീതം അഗതിക്ക് നൽകുക.
2. അല്ലെങ്കിൽ നോമ്പ് നഷ്ടപ്പെട്ട ദിവസങ്ങളുടെ എണ്ണത്തിനനുസരിച്ച് അഗതികളെ വിളിച്ചുവരുത്തി വയറുനിറയെ ഭക്ഷണം (സദ്യ) നൽകുക.
ഇത് ഓരോ ദിവസവും വെവ്വേറെയോ, അല്ലെങ്കിൽ മാസാവസാനമോ, മാസത്തിൻ്റെ ഇടയിലോ എല്ലാം കൂടി ഒന്നിച്ചോ നൽകാവുന്നതാണ്.
2. രോഗി (المريض): ഇവർക്ക് മൂന്ന് അവസ്ഥകളാണുള്ളത്.
1. നിസ്സാര രോഗം: ചെറിയ മുറിവോ, ചെറിയ ജലദോഷമോ പോലെ നോമ്പിന് പ്രയാസമില്ലാത്ത രോഗമാണെങ്കിൽ നോമ്പ് ഒഴിവാക്കാൻ പാടില്ല. അയാൾ നോമ്പ് നിർബന്ധമായും എടുക്കണം.
2. നോമ്പ് പ്രയാസമുണ്ടാക്കുന്ന രോഗം: നോമ്പെടുക്കുന്നത് രോഗം മൂർച്ഛിക്കാനോ രോഗശമനം വൈകാനോ കാരണമാകുമെന്ന് ഡോക്ടർ പറയുകയോ അനുഭവത്തിലൂടെ ബോധ്യപ്പെടുകയോ ചെയ്താൽ അയാൾ നോമ്പ് ഒഴിവാക്കണം. സ്വന്തം ശരീരത്തെ സംരക്ഷിക്കൽ നിർബന്ധമാണ്. അല്ലാഹു നൽകിയ ഇളവുകൾ സ്വീകരിക്കുന്നതാണ് അവന് ഇഷ്ടം.
3. കഷ്ടപ്പെട്ട് നോൽക്കാൻ കഴിയുന്ന രോഗം: പ്രയാസമുണ്ടെങ്കിലും നോമ്പെടുക്കാൻ സാധിക്കുമെങ്കിൽ നോമ്പെടുക്കലോ ഒഴിവാക്കലോ അനുവദനീയമാണ്.
നോമ്പ് വീണ്ടെടുക്കൽ (ഖളാഅ്):
രോഗം രണ്ട് തരത്തിലുണ്ട്:
1. മാറുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം (Chronic Illness): ഡോക്ടർമാർ കൈയ്യൊഴിഞ്ഞ, ഭേദമാകാൻ സാധ്യതയില്ലാത്ത രോഗമുള്ളവർക്ക് നോമ്പ് ഖളാഅ് വീട്ടേണ്ടതില്ല. കാരണം അവർക്ക് ഒരുകാലത്തും അതിന് സാധിക്കില്ല. ഇവർ പ്രായാധിക്യം വന്നവരെ പോലെ ഓരോ ദിവസത്തിനും ഫിദ്യ (ഭക്ഷണം) നൽകണം.
2. മാറുമെന്ന് പ്രതീക്ഷയുള്ള രോഗം: രോഗം ഭേദമായ ശേഷം അവർ നോമ്പ് ഖളാഅ് വീട്ടണം. ഇവർക്ക് പകരം ഭക്ഷണം നൽകിയാൽ മതിയാകില്ല. അടുത്ത റമദാൻ ആയാലും ശരി, രോഗം മാറിയ ശേഷം നോമ്പ് നോൽക്കണം.
നാലാം വിഷയം: യാത്രക്കാരൻ്റെ നോമ്പ് (صوم المسافر وفطره)
യാത്രക്കാരന് മൂന്ന് അവസ്ഥകളാണുള്ളത്:
1. നോമ്പ് ഉപദ്രവകരമാവുക: നോമ്പെടുക്കുന്നത് ശാരീരികമായി ദോഷം ചെയ്യുമെങ്കിൽ നോമ്പ് ഒഴിവാക്കൽ നിർബന്ധമാണ്.
2. നോമ്പ് പ്രയാസകരമാവുക: ദോഷകരമല്ലെങ്കിലും വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ നോമ്പ് ഒഴിവാക്കുന്നതാണ് ഉത്തമം. അല്ലാഹു നൽകിയ ഇളവ് സ്വീകരിക്കലാണത്.
അല്ലാഹുവിൻ്റെ വചനം:
أَوْ عَلَى سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ
…അല്ലെങ്കിൽ യാത്രയിലോ ആയാൽ മറ്റു ദിവസങ്ങളിൽ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). [അൽ-ബഖറ: 185]
3. നോമ്പും നോമ്പില്ലായ്മയും തുല്യമാവുക: യാത്രയിൽ നോമ്പെടുക്കുന്നതുകൊണ്ട് പ്രത്യേക പ്രയാസമൊന്നുമില്ലെങ്കിൽ അവന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. വേണമെങ്കിൽ നോൽക്കാം, അല്ലെങ്കിൽ ഒഴിവാക്കാം. നബി (ﷺ) യാത്രയിൽ നോമ്പെടുക്കാറുണ്ട്.
ഏതാണ് കൂടുതൽ ഉത്തമം എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. എങ്കിലും, പ്രയാസമില്ലെങ്കിൽ നോമ്പെടുക്കുന്നതാണ് നല്ലത് എന്നാണ് പല പണ്ഡിതന്മാരും പറയുന്നത്. കാരണം അത് ബാധ്യത വേഗത്തിൽ വീട്ടാനും, എല്ലാവരും നോമ്പെടുക്കുന്ന സമയമായതുകൊണ്ട് മാനസികമായി എളുപ്പമാവാനും സഹായിക്കും. പിന്നീട് ഖളാഅ് വീട്ടാൻ മടിയോ മറവിയോ ഉണ്ടായേക്കാം.
അഞ്ചാം വിഷയം: ഗർഭിണിയും മുലയൂട്ടുന്നവളും (صيام الحامل والمرضع)
ഇവർക്ക് രണ്ട് അവസ്ഥകളാണുള്ളത്:
1. നോമ്പെടുക്കുന്നത് ഇവർക്കോ കുഞ്ഞിനോ യാതൊരു പ്രയാസവും ഉണ്ടാക്കില്ലെങ്കിൽ നോമ്പ് നിർബന്ധമാണ്. ഒഴിവാക്കാൻ പാടില്ല.
2. നോമ്പെടുക്കുന്നത് ഇവർക്കോ കുട്ടിക്കോ ബുദ്ധിമുട്ടോ ഉപദ്രവമോ ഉണ്ടാക്കുമെങ്കിൽ നോമ്പ് ഒഴിവാക്കാവുന്നതാണ്.
നബി ﷺ പറഞ്ഞു:
إِنَّ اللَّهَ عَزَّ وَجَلَّ وَضَعَ عَنِ الْمُسَافِرِ شَطْرَ الصَّلَاةِ، وَعَنِ الْمُسَافِرِ وَالْحَامِلِ وَالْمُرْضِعِ الصَّوْمَ
നിശ്ചയം അല്ലാഹു യാത്രക്കാരന് നമസ്കാരത്തിൻ്റെ പകുതിയും, യാത്രക്കാരനും ഗർഭിണിക്കും മുലയൂട്ടുന്നവൾക്കും നോമ്പും ഇളവ് ചെയ്തിരിക്കുന്നു. [അഹ്‌മദ്, അബൂദാവൂദ്, നസാഇ, തിർമിദി, ഇബ്‌നുമാജ]
ഇവർ ഒഴിവാക്കിയ ദിവസങ്ങൾക്ക് പകരം പിന്നീട് നോമ്പ് നോറ്റുവീട്ടണം (ഖളാഅ്). കുഞ്ഞിനെ ഭയപ്പെട്ടാണ് നോമ്പ് ഒഴിവാക്കിയതെങ്കിൽ, ഖളാഇനോടൊപ്പം ഓരോ ദിവസത്തിനും ഓരോ അഗതിക്ക് ഭക്ഷണം നൽകുന്നത് നല്ലതാണ് (നിർബന്ധമില്ല, പക്ഷെ സൂക്ഷ്മതക്ക് നല്ലത്).
ആറാം വിഷയം: ആർത്തവകാരിയും പ്രസവരക്തകാരിയും (صيام الحائض والنفساء)
ആർത്തവമുള്ളവളും പ്രസവരക്തമുള്ളവളും നോമ്പ് നോൽക്കാൻ പാടില്ല. അവർ നോറ്റാൽ അത് ശരിയാവുകയുമില്ല. ഇത് പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായമാണ്. അവർ വിട്ടുപോയ ദിവസങ്ങൾ പിന്നീട് ഖളാഅ് വീട്ടൽ നിർബന്ധമാണ്.
ആഇശ رَضِيَ ٱللّٰهُ عَنْهَا പറയുന്നു:
كَانَ يُصِيبُنَا ذَلِكَ، فَنُؤْمَرُ بِقَضَاءِ الصَّوْمِ، وَلَا نُؤْمَرُ بِقَضَاءِ الصَّلَاةِ.
ഞങ്ങൾക്ക് അത് (ആർത്തവം) ഉണ്ടാകുമ്പോൾ നോമ്പ് ഖളാഅ് വീട്ടാൻ ഞങ്ങളോട് കൽപ്പിക്കാറുണ്ടായിരുന്നു. നിസ്കാരം ഖളാഅ് വീട്ടാൻ കൽപ്പിക്കാറില്ലായിരുന്നു. [ബുഖാരി: 321, മുസ്‌ലിം: 335]
ഏഴാം വിഷയം: നോമ്പ് മുറിക്കുന്ന കാര്യങ്ങൾ (مفسدات الصيام)
ഇതിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്:
1. ഭക്ഷണപാനീയങ്ങൾ:
ഫജ്ർ മുതൽ സൂര്യസ്തമയം വരെ കഴിക്കുന്നതും കുടിക്കുന്നതും നോമ്പ് മുറിക്കും.
അല്ലാഹുവിൻ്റെ വചനം:
وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ
…നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ… [അൽ-ബഖറ: 187]
മറന്നുകൊണ്ട് വല്ലതും കഴിച്ചാൽ നോമ്പ് മുറിയില്ല. അവൻ നോമ്പ് പൂർത്തിയാക്കണം. നബി ﷺ പറഞ്ഞു:
«مَنْ نَسِيَ وَهُوَ صَائِمٌ فَأَكَلَ أَوْ شَرِبَ فَلْيُتِمَّ صَوْمَهُ، فَإِنَّمَا أَطْعَمَهُ اللَّهُ وَسَقَاهُ.
ആരെങ്കിലും നോമ്പുകാരനായിരിക്കെ മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്‌താൽ അവൻ തൻ്റെ നോമ്പ് പൂർത്തിയാക്കിക്കൊള്ളട്ടെ. കാരണം അല്ലാഹുവാണ് അവനെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്തത്. [ബുഖാരി: 1933, മുസ്‌ലിം: 1155]
എന്നാൽ ഓർമ്മ വന്ന ഉടനെ വായിലുള്ളത് തുപ്പിക്കളയണം. തൊണ്ടയിൽ നിന്ന് താഴെയിറങ്ങിയത് തുപ്പേണ്ടതില്ല. പല്ല് തേക്കുന്നത് (സിവാക്) നോമ്പിൻ്റെ ഏത് സമയത്തും അനുവദനീയമാണ്.
മരുന്നുകളുടെ വിധി:
▪️ ഗ്ലൂക്കോസ്/സലൈൻ (Nutritious Injections): ഇത് ഭക്ഷണത്തിന് പകരമാകുന്നതുകൊണ്ട് നോമ്പ് മുറിക്കും.
▪️ ചികിത്സാ കുത്തിവെപ്പുകൾ (Non-Nutritious Injections): മാംസപേശികളിലോ ഞരമ്പിലോ എടുക്കുന്ന വേദനാസംഹാരികൾ പോലുള്ളവ നോമ്പ് മുറിക്കില്ല എന്നതാണ് പ്രബലമായ അഭിപ്രായം. എങ്കിലും സൂക്ഷ്മതക്ക് നല്ലത് രാത്രിയിലേക്ക് മാറ്റിവെക്കലാണ്.
دَعْ مَا يَرِيبُكَ إِلَى مَا لاَ يَرِيبُكَ
നബി ﷺ പറഞ്ഞു: സംശയമുള്ളതിനെ ഒഴിവാക്കി സംശയമില്ലാത്തതിലേക്ക് നീങ്ങുക. [തിർമിദി: 2518]
▪️ രക്തം കയറ്റൽ (Blood Transfusion): നോമ്പ് മുറിയും. കാരണം അത് ഭക്ഷണത്തിൻ്റെ ഗുണം ചെയ്യുന്നു.
▪️ രക്ത പരിശോധന: പരിശോധനയ്ക്ക് വേണ്ടി കുറഞ്ഞ അളവിൽ രക്തം എടുക്കുന്നത് നോമ്പിനെ ബാധിക്കില്ല.
▪️ എനിമ/സപ്പോസിറ്ററി: മലദ്വാരത്തിലൂടെ മരുന്ന് വെക്കുന്നത് നോമ്പ് മുറിക്കില്ല എന്നതാണ് പ്രബലം. എങ്കിലും അത്യാവശ്യമില്ലെങ്കിൽ രാത്രിയിലേക്ക് മാറ്റിവെക്കുന്നതാണ് ഉത്തമം.
തുള്ളിമരുന്നുകൾ:
▪️മൂക്കിൽ ഒഴിക്കുന്നത്: ഇത് നോമ്പ് മുറിക്കും. കാരണം മൂക്ക് വയറ്റിലേക്കുള്ള ഒരു വഴിയാണ്. നബി (ﷺ) പറഞ്ഞു:
بَالِغْ فِي الاِسْتِنْشَاقِ إِلاَّ أَنْ تَكُونَ صَائِمًا
നീ നോമ്പുകാരനല്ലെങ്കിൽ മൂക്കിൽ വെള്ളം കയറ്റുന്നതിൽ (ഇസ്തിൻഷാഖ്) അമിതമാക്കുക. [അബൂദാവൂദ്: 2366].
▪️കണ്ണിലും ചെവിയിലും ഒഴിക്കുന്നത്: ഇവ വയറ്റിലേക്കുള്ള സ്വാഭാവിക വഴികളല്ലാത്തതുകൊണ്ട് നോമ്പ് മുറിക്കില്ല എന്നതാണ് പ്രബലമായ അഭിപ്രായം. തൊണ്ടയിൽ രുചി അനുഭവപ്പെട്ടാലും കുഴപ്പമില്ല.
2. ലൈംഗിക ബന്ധം:
റമദാനിലെ പകലിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വൻപാപമാണ്. അത് നോമ്പിനെ ബാധിലാക്കും. അങ്ങനെ സംഭവിച്ചാൽ മൂന്ന് കാര്യങ്ങൾ നിർബന്ധമാണ്:
1. അല്ലാഹുവിനോട് ആത്മാർത്ഥമായി തൗബ ചെയ്യുക.
2. ആ ദിവസത്തെ നോമ്പ് പിന്നീട് ഖളാഅ് വീട്ടുക.
3. കടുത്ത പ്രായശ്ചിത്തം (കഫാറത്ത്) ചെയ്യുക: ഒരു അടിമയെ മോചിപ്പിക്കുക. അതിന് കഴിയില്ലെങ്കിൽ രണ്ട് മാസം തുടർച്ചയായി നോമ്പെടുക്കുക. അതിനും സാധിക്കില്ലെങ്കിൽ 60 അഗതികൾക്ക് ഭക്ഷണം നൽകുക.
ഈ വിധി ബാധകമാകാൻ അവൻ യാത്രക്കാരനാകരുത്. (സ്ഥിരതാമസക്കാരനായിരിക്കണം), പ്രായപൂർത്തിയായവനും ബുദ്ധിയുള്ളവനും ആയിരിക്കണം.
അനുബന്ധ വിഷയങ്ങൾ:
▪️തഴുകൽ/ചുംബനം: ഇന്ദ്രിയസ്ഖലനം സംഭവിച്ചാൽ നോമ്പ് മുറിയും, ഖളാഅ് വീട്ടണം (കഫാറത്ത് വേണ്ട). സ്ഖലനം നടന്നില്ലെങ്കിൽ കുഴപ്പമില്ല.
▪️മദ്‌യ് (Pre-seminal fluid) പുറപ്പെടൽ: നോമ്പ് മുറിയില്ല എന്നതാണ് ശരിയായ അഭിപ്രായം.
▪️ചുംബനം: തൻ്റെ വികാരത്തെ നിയന്ത്രിക്കാൻ കഴിയുമെങ്കിൽ ചുംബിക്കുന്നത് അനുവദനീയമാണ്.
3. സ്വയംഭോഗം :
കൈകൊണ്ടോ മറ്റോ ഇന്ദ്രിയം പുറപ്പെടുവിക്കുന്നത് ഹറാമാണ്, അത് നോമ്പ് മുറിക്കും. അതിന് ഖളാഅ് വീട്ടലും തൗബ ചെയ്യലും നിർബന്ധമാണ്. എന്നാൽ സ്വപ്നസ്ഖലനം (സ്വപ്നത്തിൽ ഇന്ദ്രിയം പോവുക) നോമ്പ് മുറിക്കില്ല.
4. മൂക്കിലൂടെ വലിച്ചുകയറ്റുന്ന മരുന്നുകൾ:
പൊടിരൂപത്തിലുള്ളവയോ മറ്റോ മൂക്കിലൂടെ വലിച്ച് തൊണ്ടയിലെത്തിയാൽ നോമ്പ് മുറിയും.
5. ഛർദ്ദിക്കൽ:
മനപ്പൂർവ്വം ഛർദ്ദിച്ചാൽ നോമ്പ് മുറിയും. എന്നാൽ തനിയെ ഛർദ്ദിച്ചുപോയാൽ (വായ നിറയെ ഉണ്ടെങ്കിലും) നോമ്പ് മുറിയില്ല.
6. ഹിജാമ (രക്തം കൊത്തിയിറക്കൽ):
രക്തം കൊത്തിയിറക്കുന്നവൻ്റെയും അതിന് വിധേയമാകുന്നവൻ്റെയും നോമ്പ് മുറിയും എന്നതാണ് ശരിയായ അഭിപ്രായം. നബി ﷺ പറഞ്ഞു:
أَفْطَرَ الْحَاجِمُ وَالْمَحْجُومُ
രക്തം കൊത്തിയിറക്കുന്നവൻ്റെയും അതിന് വിധേയമാകുന്നവൻ്റെയും നോമ്പ് മുറിഞ്ഞിരിക്കുന്നു. [അഹ്‌മദ്: 8768]
അനിവാര്യമല്ലെങ്കിൽ ഇത് രാത്രിയിലേക്ക് മാറ്റിവെക്കണം.
എട്ടാം വിഷയം: ഖളാഅ് വീട്ടൽ (القضاء)
നഷ്ടപ്പെട്ട നോമ്പുകൾ ഖളാഅ് വീട്ടാനുള്ള സമയം അടുത്ത റമദാൻ ആകുന്നതുവരെ നീണ്ടുനിൽക്കുന്നതാണ്. എങ്കിലും വേഗത്തിൽ വീട്ടുന്നതാണ് ഉത്തമം. കാരണം മരണം എപ്പോഴാണ് വരിക എന്ന് അറിയില്ലല്ലോ.
യാതൊരു കാരണവുമില്ലാതെ അടുത്ത റമദാൻ വരെ ഖളാഅ് വൈകിപ്പിക്കുന്നത് കുറ്റകരമാണ്. അങ്ങനെ വരുത്തിയാൽ അവൻ തൗബ ചെയ്യുകയും, നോമ്പ് ഖളാഅ് വീട്ടുകയും, അതോടൊപ്പം ഓരോ ദിവസത്തിനും ഓരോ അഗതിക്ക് ഭക്ഷണം (ഫിദ്യ) നൽകുകയും വേണം എന്നാണ് ഇബ്‌നു ഉമർ, ഇബ്‌നു അബ്ബാസ്, അബൂഹുറൈറ (رَضِيَ ٱللّٰهُ عَنْهُمْ) തുടങ്ങിയവരുടെ ഫത്‌വ.
ഖളാഅ് വീട്ടുമ്പോൾ തുടർച്ചയായി തന്നെ നോൽക്കണം എന്ന് നിർബന്ധമില്ല. ഇടവിട്ടും നോൽക്കാവുന്നതാണ്.
ഒമ്പതാം വിഷയം: നിയ്യത്ത് (تعيين النية)
നോമ്പിന് നിയ്യത്ത് നിർബന്ധമാണ്. നബി ﷺ പറഞ്ഞു:
إِنَّمَا الْأَعْمَالُ بِالنِّيَّاتِ
നിശ്ചയം പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെടുന്നത് നിയ്യത്തുകൾ അനുസരിച്ചാണ്. [ബുഖാരി: 1]
റമദാനിലെ ഓരോ ദിവസവും രാത്രിയിൽ തന്നെ (ഫജറിന് മുമ്പ്) നിയ്യത്ത് വെക്കണോ അതോ മാസത്തിൻ്റെ ആദ്യത്തിൽ ഒരൊറ്റ നിയ്യത്ത് മതിയോ എന്നതിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമുണ്ട്. സൂക്ഷ്മതക്ക് നല്ലത് ഓരോ ദിവസവും രാത്രി നിയ്യത്ത് കരുതുന്നതാണ്. “നാളെ ഞാൻ നോമ്പെടുക്കുന്നു” എന്ന മനസ്സിൻ്റെ കരുതലാണ് നിയ്യത്ത്. അത്താഴം കഴിക്കുന്നത് തന്നെ നോമ്പെടുക്കാനുള്ള ഉദ്ദേശമാണല്ലോ. നാവുകൊണ്ട് ഉച്ചരിക്കേണ്ടതില്ല (ബിദ്‌അത്താണത്).
നബി ﷺ പറഞ്ഞു:
مَنْ لَمْ يُجْمِعِ الصِّيَامَ قَبْلَ الْفَجْرِ فَلَا صِيَامَ لَهُ.
ഫജറിന് മുമ്പായി നോമ്പിനെ (നിയ്യത്തിലൂടെ) ഉറപ്പിക്കാത്തവന് നോമ്പില്ല. [അബൂദാവൂദ്: 2454]
പത്താം വിഷയം: നോമ്പിൻ്റെ സുന്നത്തുകളും മര്യാദകളും (سنن الصيام وآدابه)
1. അത്താഴം കഴിക്കൽ (السحور):
قَالَ النَّبِيُّ صلى الله عليه وسلم : تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَةً
നബി ﷺ പറഞ്ഞു: നിങ്ങൾ അത്താഴം കഴിക്കുക, നിശ്ചയം അത്താഴത്തിൽ ബർക്കത്തുണ്ട്. [ബുഖാരി: 1923]
അത്താഴം കഴിക്കുന്നത് ഫജറിനോട് അടുപ്പിച്ച് വൈകിപ്പിക്കുന്നതാണ് സുന്നത്ത്.
2. നോമ്പ് തുറക്കാൻ ധൃതി കാണിക്കൽ: സൂര്യൻ അസ്തമിച്ചാൽ ഉടനെ നോമ്പ് തുറക്കണം. നബി ﷺ പറഞ്ഞു:
لاَ يَزَالُ النَّاسُ بِخَيْرٍ مَا عَجَّلُوا الْفِطْرَ
നോമ്പ് തുറക്കാൻ ധൃതി കാണിക്കുന്ന കാലത്തോളം ജനങ്ങൾ നന്മയിലായിരിക്കും. [ബുഖാരി: 1957]
3. ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കൽ: ഈത്തപ്പഴം (റൂത്വബ് അല്ലെങ്കിൽ തംറ്) കൊണ്ട് തുറക്കുന്നതാണ് ഉത്തമം. അതില്ലെങ്കിൽ വെള്ളം.
4. അവയവങ്ങളെ സൂക്ഷിക്കൽ: വിശപ്പും ദാഹവും സഹിക്കൽ മാത്രമല്ല നോമ്പ്. കണ്ണ്, കാത്, നാവ് എന്നിവയെ ഹറാമുകളിൽ നിന്ന് തടയണം. നബി (ﷺ) പറഞ്ഞു:
مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ وَالْجَهْلَ فَلَيْسَ لِلَّهِ حَاجَةٌ أَنْ يَدَعَ طَعَامَهُ وَشَرَابَهُ
ആരെങ്കിലും കളവായ വാക്കും പ്രവൃത്തിയും അവിവേകവും ഉപേക്ഷിക്കുന്നില്ലെങ്കിൽ, അവൻ തൻ്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതിൽ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. [ബുഖാരി: 6057]
5. തർക്കങ്ങൾ ഒഴിവാക്കൽ: ആരെങ്കിലും നോമ്പുകാരനെ ചീത്തവിളിച്ചാൽ “ഞാൻ നോമ്പുകാരനാണ്” (إِنِّي صَائِمٌ) എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറണം.
قَالَ أبُو عبدِ الله جَابِرُ بنُ عبدِ الله رضي الله عنهما :إذَا صُمْتَ فَليَصُمْ سَمْعُكَ وَبَصَرُكَ وَلِسَانُكَ عَنِ الكَذِبِ وَالمَحَارِمِ وَدَعْ أذَى الجَارِ وليَكُنْ عَلَيكَ وَقَارٌ وَسَكِينَةٌ يَوْمَ صَوْمِكَ وَلا تَجْعَلْ يَوْمَ صَوْمِكَ وَيَوْمَ فِطْرِكَ سَوَاءً
ജാബിർ رَضِيَ ٱللّٰهُ عَنْهُ പറഞ്ഞു: നീ നോമ്പെടുത്താൽ നിൻ്റെ ചെവിയും കണ്ണും നാവും കളവിൽ നിന്നും പാപങ്ങളിൽ നിന്നും നോമ്പെടുക്കട്ടെ. അയൽവാസിയെ ഉപദ്രവിക്കരുത്. നോമ്പുള്ള ദിവസം നിനക്ക് ഗാംഭീര്യവും അടക്കവും ഉണ്ടായിരിക്കണം. നോമ്പുള്ള ദിവസവും ഇല്ലാത്ത ദിവസവും ഒരുപോലെയാകരുത്. [مصنف ابن أبي شيبة (2/271)]
നോമ്പിൻ്റെ ലക്ഷ്യം ‘തഖ്‌വ’ (സൂക്ഷ്മത) കൈവരിക്കലാണ്. അല്ലാഹുവിൻ്റെ വചനം:
لَعَلَّكُمْ تَتَّقُونَ
…നിങ്ങൾ സൂക്ഷ്മതയുള്ളവരാകാൻ വേണ്ടി. [അൽ-ബഖറ: 183]
അതുകൊണ്ട് പുണ്യങ്ങൾ നഷ്ടപ്പെടുത്തുന്ന ടി.വി, ഇൻറർനെറ്റ് തുടങ്ങിയവയിലെ തിന്മകളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുക. പാപങ്ങൾ പുണ്യങ്ങളെ കുറയ്ക്കുകയും നശിപ്പിക്കുകയും ചെയ്യും.
ഒരു കവി പാടിയത് ഇപ്രകാരമാണ്:
“റജബിലെ പാപങ്ങൾ പോരാഞ്ഞിട്ട് ശഅ്ബാനിലും നീ രക്ഷിതാവിനോട് അനുസരണക്കേട് കാണിച്ചുവോ? ഇതാ നിനക്ക് നോമ്പിൻ്റെ മാസം വന്നെത്തിയിരിക്കുന്നു, ഇതിനെയും നീ പാപത്തിൻ്റെ മാസമാക്കരുത്.
ഖുർആൻ ഓതുക, തസ്ബീഹ് ചൊല്ലുക, ഇത് അതിനുള്ള മാസമാണ്. കഴിഞ്ഞ കാലങ്ങളിൽ നിന്നോടൊപ്പം നോമ്പെടുത്തിരുന്ന എത്രയെത്ര ആളുകളെ നിനക്കറിയാം?
മരണം അവരെ കൊണ്ടുപോയി, നിന്നെ ബാക്കിയാക്കി. എത്ര പെട്ടെന്നാണ് മരണം അടുത്തുവരുന്നത്!”
അതുകൊണ്ട് ഈ റമദാൻ ഒരുപക്ഷേ അവസാനത്തേതാവാം എന്ന ചിന്തയോടെ, വിടപറയുന്നവനെപ്പോലെ നോമ്പെടുക്കുക. അല്ലാഹു നമ്മെ ഏവരെയും അവൻ്റെ തൃപ്തിയിൽ ഉൾപ്പെടുത്തുമാറാകട്ടെ.
وَصَلَّى ٱللّٰهُ وَسَلَّمَ عَلَى عَبْدِهِ وَرَسُولِهِ نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَأَصْحَابِهِ وَأَتْبَاعِهِ بِإِحْسَانٍ.
അവലംബം: ശൈഖ് സ്വാലിഹ് അബ്ദുല്‍ അസീസ് സിന്ധി حفظه الله യുടെ عشر مسائل مهمة في الصيام എന്ന കൃതി
മുഹമ്മദ് അമീൻ
www.kanzululoom.com