ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: നോമ്പ് എടുക്കാൻ കഴിയുമെങ്കിൽ വൃദ്ധരായ ആളുകളും മറ്റുള്ളവരെപ്പോലെ തന്നെയാണ്. അവർക്കും നോമ്പ് നിർബന്ധമാണ്. റമദാനിലെ ഏതെങ്കിലും ദിവസങ്ങളിൽ നോമ്പ് എടുക്കാൻ കഴിയാതെ അവർ നോമ്പ് ഒഴിവാക്കിയിട്ടുണ്ടെങ്കിൽ, അത് പിന്നീട് നോറ്റുവീട്ടുകയാണ് ചെയ്യേണ്ടത്. എന്നാൽ, നിലവിൽ റമദാനിലും റമദാനിനു ശേഷം പിന്നീടും നോമ്പ് എടുക്കാൻ കഴിയാത്തവരാണെങ്കിൽ, അവർ ഓരോ ദിവസത്തെ നോമ്പിനും പകരമായി ഒരു മിസ്ക്കീനിനെ ഭക്ഷിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഓരോ ദിവസവും ഒന്നര കിലോ എന്ന കണക്കു വെച്ചാണ് അവർ ‘ഫിദ്‌യ’ (പ്രായശ്ചിത്തം) നൽകേണ്ടത്. നോമ്പെടുക്കാൻ കഴിയാത്തവരെ പറ്റി അല്ലാഹു പറയുന്നു: {ഏറെ പ്രയാസത്തോടെ മാത്രം നോമ്പെടുക്കാന്‍ കഴിയുന്നവര്‍ നോമ്പുപേക്ഷിച്ചാല്‍ പകരം പ്രായശ്ചിത്തമായി ഒരഗതിക്ക് ആഹാരം നല്‍കണം} (ഖുർആൻ:2/184) (https://youtu.be/OLGTweGZ8SQ)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿١٨٣﴾ أَيَّامًا مَّعْدُودَٰتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى ٱلَّذِينَ يُطِيقُونَهُۥ فِدْيَةٌ طَعَامُ مِسْكِينٍ ۖ فَمَن تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهُۥ ۚ وَأَن تَصُومُوا۟ خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ ﴿١٨٤﴾
സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്. എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.) (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മചെയ്താല്‍ അതവന്ന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. (ഖുർആൻ:2/183-184)
നോമ്പ് പിടിക്കുവാന്‍ പ്രയാസമുള്ള കിഴവന്‍മാരും കിഴവികളും നോമ്പ് നോല്‍ക്കേണ്ടതില്ല. കഴിവുള്ള പക്ഷം ഓരോ ദിവസത്തിനും ഒരു സാധുവിന്‍റെ ഭക്ഷണം തെണ്ടം കൊടുക്കണം. പിന്നീട് നോറ്റു വീട്ടുന്ന പ്രശ്‌നം അവരെ ബാധിക്കുന്നുമില്ല. (അമാനി തഫ്സീര്‍)
തെണ്ടം കൊടുക്കേണ്ടത് ഒരു സാധുവിന്‍റെ ഭക്ഷണം (طَعَامُ مِسْكِين) ആണെ ന്നാണ് അല്ലാഹു പറഞ്ഞത്. അത് ഇന്നതരം ഭക്ഷണമായിരിക്കണമെന്നോ, ഇത്ര അളവ് വേണമെന്നോ പറഞ്ഞിട്ടില്ല. ആ സ്ഥിതിക്ക് സാധാരണ ഗതിയില്‍ ഭക്ഷണമായി കരുതപ്പെടുന്ന ഭക്ഷ്യപദാര്‍ത്ഥവും, സാധാരണഗതിയില്‍ ഒരാള്‍ക്ക് ഭക്ഷിക്കുവാന്‍ വേണ്ടിവരുന്ന അളവും മതിയാകുമെന്ന് വെക്കുവാനാണ് ന്യായം. ഒരു ദിവസത്തെ നോമ്പിന്‍റെ സ്ഥാനത്താണ് ഇപ്പറഞ്ഞത്. കൂടുതല്‍ ദിവസത്തേക്ക് കൂടുതല്‍ സാധുക്കള്‍ക്ക് വേണ്ടുന്ന ഭക്ഷണവും നല്‍കണം. അനസുബ്‌നുമാലിക് رضى الله عنه അദ്ദേഹത്തിന് പ്രായാധിക്യം നിമിത്തം നോമ്പ് പിടിക്കുവാന്‍ പ്രയാസമായിത്തീര്‍ന്നപ്പോള്‍ ഒന്നോ രണ്ടോ കൊല്ലം ഓരോ ദിവസവും ഓരോ സാധുവിന് മാംസവും റൊട്ടിയും ഭക്ഷിക്കുവാന്‍ കൊടുത്തിരുന്നതായി സ്വഹീഹുല്‍ ബുഖാരിയില്‍ (നിവേദന പരമ്പര കൂടാതെ) ഉദ്ധരിച്ചിരിക്കുന്നു. (അമാനി തഫ്സീര്‍)
നഷ്ടപ്പെട്ട അത്രയും നോമ്പിന് പകരമായി അത്രയും എണ്ണം ദരിദ്രരെ ക്ഷണിക്കുകയും, അവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുക. ഉദാഹരണത്തിന് മുപ്പത് നോമ്പ് നഷ്ടപ്പെട്ടെങ്കില്‍ മുപ്പത് ദരിദ്രരെ ക്ഷണിച്ചു വരുത്തുകയും, അവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുക. അല്ലെങ്കിൽ നഷ്ടപ്പെട്ട ഓരോ നോമ്പിനും പകരമായി അത്രയും എണ്ണം ദരിദ്രര്‍ക്ക് അര സ്വാഅ നാട്ടില്‍ പൊതുവെ ഭക്ഷിക്കുന്ന ധാന്യം -അരിയോ ഗോതമ്പോ- നല്‍കുക. ഉദാഹരണത്തിന് മുപ്പത് നോമ്പ് നഷ്ടപ്പെട്ടാല്‍ മുപ്പത് ദരിദ്രര്‍ക്ക് അര സ്വാഅ ഭക്ഷണം നല്‍കുക.
ഓരോ നോമ്പിനും അര സ്വാഅ് (ഏകദേശം ഒന്നര കിലോവിൽ കൂടാത്ത) നാട്ടിലെ ഭക്ഷ്യവസ്തുവാണ് നൽകേണ്ടത്. ഒരാൾക്ക് സാമ്പത്തിക ശേഷിയില്ലെങ്കിൽ അയാൾ ഒന്നും നൽകേണ്ടതില്ല. (ഫതാവാ ഇബ്നു ബാസ്)
റമളാനിന്‍റെ ആദ്യത്തിലോ, പകുതിയിലോ അവസാനത്തിലോ ഒക്കെ അത് നല്‍കാം.
അഗതിക്കുള്ള ഭക്ഷണം (طعام مسكين) എന്ന് അല്ലാഹു പറഞ്ഞതിനാൽ നോമ്പിന് പകരം നൽകുന്ന ഫിദ്‌യ പണമായി നൽകൽ അനുവദനീയമല്ല. (ശൈഖ് ഉഥൈമീൻ)
പല വീടുകളിലും വൃദ്ധരായ ആളുകൾ പ്രായാധിക്യത്തിന്റെ പ്രയാസത്തിൽ നോമ്പ് ഒഴിവാക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഫിദ്‌യ കൊടുത്തിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുക.
www.kanzululoom.com