നരകവാസികളുടെ വിലാപം

تَكَادُ تَمَيَّزُ مِنَ ٱلْغَيْظِ ۖ كُلَّمَآ أُلْقِىَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ نَذِيرٌ ‎﴿٨﴾‏ قَالُوا۟ بَلَىٰ قَدْ جَآءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ ٱللَّهُ مِن شَىْءٍ إِنْ أَنتُمْ إِلَّا فِى ضَلَٰلٍ كَبِيرٍ ‎﴿٩﴾‏ وَقَالُوا۟ لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِىٓ أَصْحَٰبِ ٱلسَّعِيرِ ‎﴿١٠﴾‏

കോപം നിമിത്തം അത് (നരകം) പൊട്ടിപ്പിളര്‍ന്ന് പോകുമാറാകും. അതില്‍ (നരകത്തില്‍) ഓരോ സംഘവും എറിയപ്പെടുമ്പോഴൊക്കെ അതിന്‍റെ കാവല്‍ക്കാര്‍ അവരോട് ചോദിക്കും. നിങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിരുന്നില്ലേ? അവര്‍ പറയും: അതെ ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. അപ്പോള്‍ ഞങ്ങള്‍ നിഷേധിച്ചു തള്ളുകയും അല്ലാഹു യാതൊന്നും ഇറക്കിയിട്ടില്ല. നിങ്ങള്‍ വലിയ വഴികേടില്‍ തന്നെയാകുന്നു എന്ന് ഞങ്ങള്‍ പറയുകയുമാണ് ചെയ്തത്‌. ഞങ്ങള്‍ കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവര്‍ പറയും. (ഖുര്‍ആൻ:67/10)

‘നിങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിരുന്നില്ലേ’ എന്ന നരകത്തിലെ കാവല്‍ക്കാരുടെ ചോദ്യത്തിന് ഞങ്ങള്‍ക്ക് പ്രവാചകന്‍മാ൪ വേദഗ്രന്ഥവുമായി വന്നിരുന്നുവെന്നും എന്നാല്‍ അവരെ നിഷേധിക്കുകയും പരിഹസിക്കുകയാണ് ചെയ്തതെന്ന് പറഞ്ഞശേഷമുള്ള അവരുടെ വിലാപമാണിത്.  പ്രവാചകന്‍മാരും വേദഗ്രന്ഥങ്ങളും കല്‍പ്പിച്ചത് കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് ഈ ഗതി വരുമായിരുന്നില്ലെന്നും അവ൪ നരകത്തില്‍ വെച്ച് വിലപിക്കുന്നതാണ്.

ഓരോ കൂട്ടം ആളുകളെയും നരകത്തിലേക്കു വലിച്ചിടുമ്പോള്‍ അവരോട് അതിലെ ഉദ്യോഗസ്ഥന്മാരായ മലക്കുകള്‍ ചോദിക്കും: ‘ഈ ശിക്ഷയെക്കുറിച്ച് നിങ്ങള്‍ക്കു താക്കീതു നല്‍കുന്നതിന് ആരും വന്നിട്ടുണ്ടായിരുന്നില്ലേ?!’ നരകത്തിലെ ഉദ്യോഗസ്ഥന്മാരാകട്ടെ – കഴിഞ്ഞ അദ്ധ്യായത്തില്‍ കണ്ടതുപോലെ – ദയതോന്നാത്ത പരുഷസ്വഭാവികളും, കഠോരന്‍മാരും (غلاظ شداد)! ഈ ചോദ്യം അവരെ കൂടുതല്‍ വ്യാകുലരാക്കുമെന്ന് വ്യക്തമാണ്. തങ്ങളുടെ പക്കല്‍ വന്നുപോയ തെറ്റ് അങ്ങേയറ്റത്തെ വിനയത്തോടെ അവര്‍ തുറന്നു സമ്മതിക്കും. ‘ഞങ്ങള്‍ക്ക് താക്കീതു നല്‍കുന്ന പ്രവാചകന്മാര്‍ വരാതിരുന്നിട്ടില്ല, എങ്കിലും, ഞങ്ങളവരെ നിഷേധിച്ചു തള്ളിക്കളയുകയും പരിഹസിക്കുകയുമാണുണ്ടായത്. അയ്യോ! അന്ന് അത് കേട്ടനുസരിക്കുകയും, ബുദ്ധി ഉപയോഗിച്ച് മനസ്സിരുത്തുകയും ചെയ്തിരുന്നെങ്കില്‍ ഈ അനുഭവത്തിന് ഇടവരികയില്ലായിരുന്നു…!’ പക്ഷേ, ഈ അവസരത്തില്‍ കുറ്റസമ്മതംകൊണ്ട് ഫലമില്ലല്ലോ. കാരുണ്യത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും കണികപോലും ഇനി അവര്‍ക്ക് പ്രതീക്ഷിക്കുവാനില്ലാത്തവണ്ണം വിദൂരത്തിലും ശാപത്തിലുമാണവരുള്ളത്. أعاذنا الله (അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ, – ആമീന്‍) (അമാനിതഫ്സീര്‍)

يَوْمَ تُقَلَّبُ وُجُوهُهُمْ فِى ٱلنَّارِ يَقُولُونَ يَٰلَيْتَنَآ أَطَعْنَا ٱللَّهَ وَأَطَعْنَا ٱلرَّسُولَا۠ ‎﴿٦٦﴾‏ وَقَالُوا۟ رَبَّنَآ إِنَّآ أَطَعْنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠ ‎﴿٦٧﴾‏ رَبَّنَآ ءَاتِهِمْ ضِعْفَيْنِ مِنَ ٱلْعَذَابِ وَٱلْعَنْهُمْ لَعْنًا كَبِيرًا ‎﴿٦٨﴾

അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്‌. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക് നീ വന്‍ ശാപം ഏല്‍പിക്കുകയും ചെയ്യണമേ (എന്നും അവര്‍ പറയും.) (ഖു൪ആന്‍ :33/66-68)

വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും കൈവെടിഞ്ഞുകൊണ്ട് വിവിധ പിഴച്ച ആദര്‍ശ / പ്രസ്ഥാന / ത്വരീഖത്ത് ശൈഖന്മാരെയും നേതാക്കൻമാരെയും അന്ധമായി അനുകരിച്ചുകൊണ്ട് വഴിപിഴച്ചവര്‍ നരകത്തില്‍ വെച്ച് വിലപിക്കുന്നതാണ്: ‘ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ’.

قَالُوا۟ رَبَّنَآ أَمَتَّنَا ٱثْنَتَيْنِ وَأَحْيَيْتَنَا ٱثْنَتَيْنِ فَٱعْتَرَفْنَا بِذُنُوبِنَا فَهَلْ إِلَىٰ خُرُوجٍ مِّن سَبِيلٍ ‎

അവര്‍ പറയും: ഞങ്ങളുടെ നാഥാ! രണ്ടുപ്രാവശ്യം നീ ഞങ്ങളെ നിര്‍ജീവാവസ്ഥയിലാക്കുകയും രണ്ടുപ്രാവശ്യം നീ ഞങ്ങള്‍ക്ക് ജീവന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഞങ്ങളിതാ ഞങ്ങളുടെ കുറ്റങ്ങള്‍ സമ്മതിച്ചിരിക്കുന്നു. ആകയാല്‍ ഒന്നു പുറത്ത്പോകേണ്ടതിലേക്ക് വല്ല മാര്‍ഗവുമുണ്ടോ? (ഖു൪ആന്‍ :40/11)

ആദ്യം നിര്‍ജ്ജീവാവസ്ഥയിലായിരുന്നശേഷം ഞങ്ങള്‍ ജീവികളായിത്തീര്‍ന്നു, വീണ്ടും നിര്‍ജ്ജീവാവസ്ഥയിലേക്കു മടങ്ങി. അഥവാ മരണപ്പെട്ടു. വീണ്ടും രണ്ടാമതും ജീവിപ്പിക്കപ്പെട്ടു. ഞങ്ങളുടെ പക്കല്‍ വന്ന തെറ്റുകുറ്റങ്ങള്‍ ഞങ്ങള്‍ക്കു തികച്ചും ബോധ്യമായി. അതു ഞങ്ങള്‍ ഇതാ ഏറ്റു പറയുന്നു. അതുകൊണ്ട് ഇവിടെനിന്നു രക്ഷപ്പെട്ട് ഐഹികജീവിതത്തിലേക്കു ഒന്നുകൂടി മടങ്ങി നല്ലവരായിത്തീരുവാന്‍ ഞങ്ങള്‍ക്കു അവസരം തന്നെങ്കില്‍ നന്നായിരുന്നു എന്നു സാരം. (അമാനിതഫ്സീര്‍)

قَالُوا۟ رَبَّنَا غَلَبَتْ عَلَيْنَا شِقْوَتُنَا وَكُنَّا قَوْمًا ضَآلِّينَ ‎﴿١٠٦﴾‏ رَبَّنَآ أَخْرِجْنَا مِنْهَا فَإِنْ عُدْنَا فَإِنَّا ظَٰلِمُونَ ‎﴿١٠٧﴾

അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ നിര്‍ഭാഗ്യം ഞങ്ങളെ അതിജയിച്ചു കളഞ്ഞു. ഞങ്ങള്‍ വഴിപിഴച്ച ഒരു ജനവിഭാഗമായിപ്പോയി. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ ഇതില്‍ നിന്ന് പുറത്തു കൊണ്ട് വരേണമേ. ഇനി ഞങ്ങള്‍ (ദുര്‍മാര്‍ഗത്തിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമികള്‍ തന്നെയായിരിക്കും. (ഖു൪ആന്‍ :23/106-107)

വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടായിട്ടും ഞങ്ങളുടെ പക്കല്‍ ഒരിക്കല്‍ അബദ്ധം വന്നുപോയി, മേലില്‍ ഒരിക്കലും ഞങ്ങള്‍ ആ നില ആവര്‍ത്തിക്കുകയില്ല, ആ നിലതന്നെ ഞങ്ങള്‍ തുടര്‍ന്നേക്കുന്ന പക്ഷം ഞങ്ങളെ അക്രമികളായിക്കരുതാം, എന്നാണവര്‍ അപേക്ഷിക്കുന്നത്. (അമാനിതഫ്സീര്‍)

നരകം കാണുന്നതോടെ ഖേദവും ദുഃഖവും അവരെ പിടികൂടും ഭൗതിക ലോകത്തേക്ക് മടങ്ങുവാനും വിശ്വാസം പുൽകുവാനും അവർ വൃഥാ ആഗ്രഹിക്കും. അല്ലാഹു പറഞ്ഞു:

‏ وَلَوْ تَرَىٰٓ إِذْ وُقِفُوا۟ عَلَى ٱلنَّارِ فَقَالُوا۟ يَٰلَيْتَنَا نُرَدُّ وَلَا نُكَذِّبَ بِـَٔايَٰتِ رَبِّنَا وَنَكُونَ مِنَ ٱلْمُؤْمِنِينَ

അവര്‍ നരകത്തിങ്കല്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! അപ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ (ഇഹലോകത്തേക്ക്‌) ഒന്നു തിരിച്ചയക്കപ്പെട്ടിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ. എങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയാതിരിക്കുകയും, ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാവുകയും ചെയ്യുമായിരുന്നു. (ഖു൪ആന്‍ :6/27)

ഒഴിവുകഴിവുകൾ വൃഥാ പ്രകടിപ്പിച്ചുകൊണ്ടും, കുറ്റസമ്മതം നടത്തിക്കൊണ്ടും, നരകത്തിൽനിന്ന് മോചനമുണ്ടായാൽ സൽപ്രവൃത്തികൾ പെരുപ്പിക്കാമെന്ന് വിളിച്ചു പറഞ്ഞും നരകവാസികൾ ഒച്ച വെക്കും. അല്ലാഹു പറഞ്ഞു:

وَهُمْ يَصْطَرِخُونَ فِيهَا رَبَّنَآ أَخْرِجْنَا نَعْمَلْ صَٰلِحًا غَيْرَ ٱلَّذِى كُنَّا نَعْمَلُ

അവര്‍ അവിടെ വെച്ച് മുറവിളികൂട്ടും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കണമേ. (മുമ്പ്‌) ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ സല്‍കര്‍മ്മം ചെയ്തുകൊള്ളാം. (ഖുര്‍ആൻ:35/37)

എന്നാൽ ഈ മുറവിളിക്കുള്ള മറുപടി ഇപ്രകാരമായിരിക്കും:

أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَآءَكُمُ ٱلنَّذِيرُ ۖ فَذُوقُوا۟ فَمَا لِلظَّٰلِمِينَ مِن نَّصِيرٍ

ആലോചിക്കുന്നവന് ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്ക് നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരന്‍ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു. അതിനാല്‍ നിങ്ങള്‍ അനുഭവിച്ചു കൊള്ളുക. അക്രമികള്‍ക്ക് യാതൊരു സഹായിയുമില്ല. (ഖുര്‍ആൻ:35/37)

അവരുടെ ദീനദീനമായ സമർപ്പണങ്ങൾ വിലപ്പോകില്ല. വളരെ നിന്ദ്യമായ രീതിയിൽ അവ തള്ളപ്പെടും. ഒരു വിളിയാളവും അവരിൽനിന്ന് സ്വീകരിക്കപ്പെടുകയില്ല. അവരുടെ ഒരു പ്രതീക്ഷയും പുലരുകയുമില്ല. അല്ലാഹു പറയുന്നു:

فَٱعْتَرَفُوا۟ بِذَنۢبِهِمْ فَسُحْقًا لِّأَصْحَٰبِ ٱلسَّعِيرِ

അങ്ങനെ അവര്‍ തങ്ങളുടെ കുറ്റം ഏറ്റുപറയും. അപ്പോള്‍ നരകാഗ്നിയുടെ ആള്‍ക്കാര്‍ക്കു ശാപം. (ഖുര്‍ആൻ:67/11)

قَالَ ٱخْسَـُٔوا۟ فِيهَا وَلَا تُكَلِّمُونِ

അവന്‍ (അല്ലാഹു) പറയും: നിങ്ങള്‍ അവിടെത്തന്നെ നിന്ദ്യരായിക്കഴിയുക. നിങ്ങള്‍ എന്നോട് മിണ്ടിപ്പോകരുത്‌. (ഖുര്‍ആൻ:23/108)

فَذُوقُوا۟ بِمَا نَسِيتُمْ لِقَآءَ يَوْمِكُمْ هَٰذَآ إِنَّا نَسِينَٰكُمْ ۖ وَذُوقُوا۟ عَذَابَ ٱلْخُلْدِ بِمَا كُنتُمْ تَعْمَلُونَ

ആകയാല്‍ നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്ന കാര്യം നിങ്ങള്‍ മറന്നുകളഞ്ഞതിന്‍റെ ഫലമായി നിങ്ങള്‍ ശിക്ഷ ആസ്വദിച്ച് കൊള്ളുക. തീര്‍ച്ചയായും നിങ്ങളെ നാം മറന്നുകളഞ്ഞിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ച് ക്കൊണ്ടിരുന്നതിന്റെ ഫലമായി ശാശ്വതമായ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക. (ഖു൪ആന്‍:32/14)

അല്ലാഹുവിൽനിന്ന് നിരാശരാകുന്ന നരകവാസികൾ നരകത്തിന്റെ പാറാവുകാരെ വിളിച്ചുനോക്കും. തങ്ങൾ അനുഭവിക്കുന്ന യാതനകൾ അല്പം ലഘൂകരിക്കപ്പെടുവാൻ മലക്കുകൾ അല്ലാഹുവോട് ശുപാർശ പറയുവാൻ അവർകേഴും. പക്ഷേ, നിന്ദ്യമായ നിരാശയാണ് അവിടെയും ബാക്കി.

وَقَالَ ٱلَّذِينَ فِى ٱلنَّارِ لِخَزَنَةِ جَهَنَّمَ ٱدْعُوا۟ رَبَّكُمْ يُخَفِّفْ عَنَّا يَوْمًا مِّنَ ٱلْعَذَابِ ‎﴿٤٩﴾‏قَالُوٓا۟ أَوَلَمْ تَكُ تَأْتِيكُمْ رُسُلُكُم بِٱلْبَيِّنَٰتِ ۖ قَالُوا۟ بَلَىٰ ۚ قَالُوا۟ فَٱدْعُوا۟ ۗ وَمَا دُعَٰٓؤُا۟ ٱلْكَٰفِرِينَ إِلَّا فِى ضَلَٰلٍ ‎﴿٥٠﴾

നരകത്തിലുള്ളവര്‍ നരകത്തിന്‍റെ കാവല്‍ക്കാരോട് പറയും: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോടൊന്ന് പ്രാര്‍ത്ഥിക്കുക. ഞങ്ങള്‍ക്ക് ഒരു ദിവസത്തെ ശിക്ഷയെങ്കിലും അവന്‍ ലഘൂകരിച്ചു തരട്ടെ. അവര്‍ (കാവല്‍ക്കാര്‍) പറയും: നിങ്ങളിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നില്ലേ? അവര്‍ പറയും: അതെ. അവര്‍ (കാവല്‍ക്കാര്‍) പറയും: എന്നാല്‍ നിങ്ങള്‍ തന്നെ പ്രാര്‍ത്ഥിച്ചു കൊള്ളുക. സത്യനിഷേധികളുടെ പ്രാര്‍ത്ഥന വൃഥാവിലായിപ്പോകുകയേയുള്ളൂ. (ഖു൪ആന്‍:40/49-50)

നിരാശരാകുന്ന നരകവാസികൾ മാലിക്കെന്ന മലക്കിനോട് തങ്ങളെ മരിപ്പിക്കുവാൻ അല്ലാഹുവോട് ശുപാർശ പറയുവാൻ വിളിച്ചുകേഴും. പക്ഷേ, നിരാശയുടെ മറുപടിയാണ് അവിടെയും ബാക്കി. അല്ലാഹു പറഞ്ഞു:

وَنَادَوْا۟ يَٰمَٰلِكُ لِيَقْضِ عَلَيْنَا رَبُّكَ ۖ قَالَ إِنَّكُم مَّٰكِثُونَ‌

അവര്‍ വിളിച്ചുപറയും; ഹേ, മാലിക്‌! താങ്കളുടെ രക്ഷിതാവ് ഞങ്ങളുടെ മേല്‍ (മരണം) വിധിക്കട്ടെ. അദ്ദേഹം (മാലിക്‌) പറയും: നിങ്ങള്‍ (ഇവിടെ) താമസിക്കേണ്ടവര്‍ തന്നെയാകുന്നു.(ഖു൪ആന്‍:43/77)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *