എല്ലാ വാതിലിലൂടെയും സ്വ൪ഗത്തില്‍ പ്രവേശിക്കാന്‍

സ്വർഗ്ഗത്തിന് വിശാലമായ കവാടങ്ങളുണ്ടെന്ന് വിശുദ്ധ ഖു൪ആനിലൂടെയും തിരുസുന്നത്തിലൂടെയും അല്ലാഹു നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്.

جَنَّٰتِ عَدْنٍ مُّفَتَّحَةً لَّهُمُ ٱلْأَبْوَٰبُ

അവര്‍ക്ക് വേണ്ടി കവാടങ്ങള്‍ തുറന്നുവെച്ചിട്ടുള്ള സ്ഥിരവാസത്തിന്റെ സ്വര്‍ഗത്തോപ്പുകള്‍.(ഖു൪ആന്‍:38/49-50)

وَسِيقَ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ إِلَى ٱلْجَنَّةِ زُمَرًا ۖ حَتَّىٰٓ إِذَا جَآءُوهَا وَفُتِحَتْ أَبْوَٰبُهَا وَقَالَ لَهُمْ خَزَنَتُهَا سَلَٰمٌ عَلَيْكُمْ طِبْتُمْ فَٱدْخُلُوهَا خَٰلِدِينَ

തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്റെ കവാടങ്ങള്‍ തൂറന്ന് വെക്കപ്പെട്ട നിലയില്‍ അവര്‍ അതിന്നടുത്ത് വരുമ്പോള്‍ അവരോട് അതിന്റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ അതില്‍ പ്രവേശിച്ചു കൊള്ളുക. (ഖു൪ആന്‍:39/73)

جَنَّٰتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّٰتِهِمْ ۖ وَٱلْمَلَٰٓئِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ سَلَٰمٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى ٱلدَّارِ

അതായത്‌, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും, ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്‌. മലക്കുകള്‍ (സ്വ൪ഗത്തിന്റെ) എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട് പറയും: നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം. അപ്പോള്‍ ലോകത്തിന്റെ പര്യവസാനം എത്ര നല്ലത്‌. (ഖു൪ആന്‍:13/23-24)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: إِذَا جَاءَ رَمَضَانُ فُتِحَتْ أَبْوَابُ الْجَنَّةِ

അബൂ‌ഹുറൈറയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: റമളാൻ വന്നെത്തിക്കഴിഞ്ഞാൽ സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടും.(ബുഖാരി: 1898)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ وَالَّذِي نَفْسِي بِيَدِهِ إِنَّ مَا بَيْنَ الْمِصْرَاعَيْنِ مِنْ مَصَارِيعِ الْجَنَّةِ كَمَا بَيْنَ مَكَّةَ وَحِمْيَرَ، أَوْ كَمَا بَيْنَ مَكَّةَ وَبُصْرَى

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: മുഹമ്മദിന്റെ ആത്മാവ്‌ ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം,സ്വർഗ്ഗത്തിന്റെ വാതില്‍ കട്ടിലകൾക്കിടയിലെ ദൂരം മക്കയുടേയും ഹിംയറിന്റേയും അല്ലെങ്കിൽ മക്കയുടേയും ബുസ്റയുടേയും ഇടയിലുള്ള പോലുള്ള ദൂരമാണ്. (ബുഖാരി:4712)

ഉത്ബ ഇബ്നു ഗസ്വാനില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: സ്വർഗ്ഗത്തില്‍ രണ്ട് വാതില്‍ കട്ടിലകൾക്കിടയിലുള്ള ദൂരം നാല്‍പത് വ൪ഷത്തെ വഴിദൂരമാണെന്നും (ആളുകളാല്‍) തിങ്ങിനിറയുന്ന ഒരു ദിനം അതിന് വരുമെന്നും ഞങ്ങളോട് പറയപ്പെട്ടിരിക്കുന്നു. (മുസ്ലിം)

സ്വർഗ്ഗത്തിന് ആകെ 8 കവാടങ്ങളാണുള്ളത്. ഓരോരുത്തരുടെയും കർമ്മങ്ങൾക്കനുസരിച്ചുള്ള പ്രവേശനകവാടങ്ങൾ ഉണ്ട്. നമസ്ക്കാരക്കാ൪ക്ക് ബാബുസ്വലാത്ത്, നോമ്പുകാ൪ക്ക് ബാബു൪റയ്യാന്‍, ജിഹാദ് ചെയ്യുന്നവ൪ക്ക് ബാബുല്‍ജിഹാദ്, സ്വദഖ നല്‍കുന്നവ൪ക്ക് ബാബുസ്വദഖ എന്നിവ അവയില്‍ ചിലതാണ്.

عَنْ سَهْلِ بْنِ سَعْدٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ فِي الْجَنَّةِ ثَمَانِيَةُ أَبْوَابٍ، فِيهَا باب يُسَمَّى الرَّيَّانَ لاَ يَدْخُلُهُ إِلاَّ الصَّائِمُونَ ‏

സഹ്ൽ ഇബ്നു സഅ്ദിൽ(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: സ്വര്‍ഗത്തിന് എട്ട് കവാടങ്ങളുണ്ട്‌.അതില്‍ ഒരു വാതിലിന് ‘റയ്യാന്‍’ എന്ന് വിളിക്കപ്പെടും. അതിലൂടെ നോമ്പുകാരനല്ലാതെ പ്രവേശിക്കുകയില്ല. (ബുഖാരി:3257)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ مَنْ أَنْفَقَ زَوْجَيْنِ فِي سَبِيلِ اللَّهِ نُودِيَ مِنْ أَبْوَابِ الْجَنَّةِ يَا عَبْدَ اللَّهِ، هَذَا خَيْرٌ‏.‏ فَمَنْ كَانَ مِنْ أَهْلِ الصَّلاَةِ دُعِيَ مِنْ باب الصَّلاَةِ، وَمَنْ كَانَ مِنْ أَهْلِ الْجِهَادِ دُعِيَ مِنْ باب الْجِهَادِ، وَمَنْ كَانَ مِنْ أَهْلِ الصِّيَامِ دُعِيَ مِنْ باب الرَّيَّانِ، وَمَنْ كَانَ مِنْ أَهْلِ الصَّدَقَةِ دُعِيَ مِنْ باب الصَّدَقَةِ ‏”‏‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആരെങ്കിലും രണ്ട് ഇണകളെ ചെലവഴിച്ചാല്‍ സ്വര്‍ഗത്തിന്റെ കവാടത്തിലൂടെ അവന്‍ വിളിക്കപ്പെടും: ഹേ, അല്ലാഹുവിന്റെ അടിമേ, ഇത് ഒരു നന്മയാകുന്നു. ആരാണോ നമസ്ക്കാരക്കാരില്‍ പെട്ടത് അവന്‍ ബാബുസ്വലാത്തിലൂടെ ക്ഷണിക്കപ്പെടും. ആരാണോ ജിഹാദ് ചെയ്യുന്നവരില്‍പെട്ടത് അവന്‍ ബാബുല്‍ജിഹാദിലൂടെ ക്ഷണിക്കപ്പെടും.ആരാണോ നോമ്പുകാരില്‍പെട്ടത് അവന്‍ ബാബു൪റയ്യാനിലൂടെ ക്ഷണിക്കപ്പെടും.ആരാണോ സ്വദഖ നല്‍കുന്നവരില്‍പെട്ടത് അവന്‍ ബാബുസ്വദഖയിലൂടെ ക്ഷണിക്കപ്പെടും. (ബുഖാരി:1897)

എട്ട് കവാടങ്ങളിലൂടെയും സ്വ൪ഗ്ഗത്തിലേക്ക് ക്ഷണിക്കപ്പെടുവാന്‍

എല്ലാ കവാടങ്ങളിലൂടെയും സ്വ൪ഗ്ഗത്തിലേക്ക് ക്ഷണിക്കപ്പെടുന്ന മഹാന്‍മാരുണ്ട്. അബൂബക്കര്‍ സിദ്ദീഖ്(റ) അവരില്‍ പെട്ടയാളാണ്.

قَالَ أَبُو بَكْرٍ الصِّدِّيقُ : يَا رَسُولَ اللَّهِ مَا عَلَى أَحَدٍ يُدْعَى مِنْ تِلْكَ الْأَبْوَابِ مِنْ ضَرُورَةٍ ، فَهَلْ يُدْعَى أَحَدٌ مِنْ تِلْكَ الْأَبْوَابِ كُلِّهَا ؟ ، قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” نَعَمْ وَأَرْجُو أَنْ تَكُونَ مِنْهُمْ ” ،

അബൂബക്കർ رضي الله عنه ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, സ്വ൪ഗ്ഗത്തിലേക്ക് വിളിക്കപ്പെടുന്ന വ്യക്തിക്ക് എല്ലാ കവാടങ്ങളിലൂടെയും വിളിക്കപ്പെടണമെന്ന യാതൊരു അനിവാര്യതയുമില്ലല്ലോ (ഏതെങ്കിലും ഒന്നിലൂടെ വിളിക്കപ്പെട്ടാല്‍തന്നെ മതിയാവില്ലേ), വല്ലവരും അതില്‍ എല്ലാ കവാടങ്ങളിലൂടെയും വിളിക്കപ്പെടുമോ? നബി ﷺ പറഞ്ഞു: അതെ(വിളിക്കപ്പെടും) താങ്കള്‍ അവരില്‍ ആകട്ടേയെന്ന് ഞാന്‍ ആശിക്കുന്നു. (മുസ്ലിം 1027)

സ്വ൪ഗ്ഗത്തിന്റെ എട്ട് കവാടങ്ങളിലൂടെയും ക്ഷണിക്കപ്പെടുവാന്‍ അ൪ഹത ലഭിക്കുന്നതിന് നബി(സ്വ) ചില കാര്യങ്ങള്‍ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. ഓരോ സത്യവിശ്വാസിയും അത് മനസ്സിലാക്കി പ്രാവ൪ത്തികമാക്കിയാല്‍ അവന്‍ സ്വ൪ഗ്ഗത്തിന്റെ എട്ട് കവാടങ്ങളിലൂടെയും ക്ഷണിക്കപ്പെടുന്നതാണ്.

1. ഇപ്രകാരം പറയുക

أشهد أن لا إله إلا الله وحده لا شريك له وأن محمدا عبده ورسوله وأن عيسى عبد الله و ابن أمته وكلمته ألقاها إلى مريم وروح منه وأن الجنة حق وأن النار حق

അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു വ അന്ന മുഹമ്മദൻ അബ്ദുഹു വ റസൂലുഹു വ അന്ന ഈസാ അബ്ദുല്ലാഹി വബ്നു അമതിഹീ വ കലിമത്തുഹു അല്‍ഖാഹാ ഇലാ മ൪യമ വ റൂഹും മിന്‍ഹു വ അന്നല്‍ ജന്നത്ത ഹഖുന്‍ വ അന്ന ന്നാറ ഹഖുന്‍

അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനില്ലെന്നും അവന്‍ ഏകനാണെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും തീ൪ച്ചയായും മുഹമ്മദ് അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും തീ൪ച്ചയായും ഈസാ അല്ലാഹുവിന്റെ ദാസനും അവന്റെ ദാസിയുടെ പുത്രനും മ൪യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കല്‍ നിന്നുള്ള ഒരു ആത്മാവുമാണെന്നും സ്വ൪ഗ്ഗം സത്യമാണെന്നും നരകം സത്യമാണെന്നും ഞാന്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു

من قال أشهد أن لا إله إلا الله وحده لا شريك له وأن محمدا عبده ورسوله وأن عيسى عبد الله و ابن أمته وكلمته ألقاها إلى مريم وروح منه وأن الجنة حق وأن النار حق أدخله الله من أي أبواب الجنة الثمانية شاء

“അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനില്ലെന്നും അവന്‍ ഏകനാണെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും തീ൪ച്ചയായും മുഹമ്മദ് അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും തീ൪ച്ചയായും ഈസാ അല്ലാഹുവിന്റെ ദാസനും അവന്റെ ദാസിയുടെ പുത്രനും മ൪യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കല്‍ നിന്നുള്ള ഒരു ആത്മാവുമാണെന്നും സ്വ൪ഗ്ഗം സത്യമാണെന്നും നരകം സത്യമാണെന്നും ഞാന്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു” എന്ന് ആരെങ്കിലും പറഞ്ഞാല്‍ സ്വ൪ഗ്ഗത്തിന്റെ എട്ട് കവാടങ്ങളില്‍ താന്‍ ഉദ്ദേശിക്കുന്നതിലൂടെ അല്ലാഹു അവനെ സ്വ൪ഗ്ഗത്തില്‍ പ്രവേശിപ്പിക്കും.(ബുഖാരി-മുസ്ലിം)

2. വുളുവിന് ശേഷമുള്ള പ്രാര്‍ത്ഥന ചൊല്ലുക

وعن عمر بن الخطاب رضي الله عنه عن النبي صلى الله عليه وسلم قال‏:‏‏ ‏ما منكم من أحد يتوضا فيبلغ-أو فيسبغ الوضوء- ثم قال‏:‏ أشهد أن لا إله إلا الله وحده لا شريك له، وأشهد أن محمدًا عبده ورسوله، إلا فتحت له أبواب الجنة الثمانية يدخل من أيها شاء

നബി(സ്വ) അരുളി :നിങ്ങളില്‍ ഒരാള്‍ (ഞാന്‍ വുളൂഅ് ചെയ്തതുപോലെ) വുളൂഅ് ചെയ്യുകയും വുളൂഅ് നന്നാക്കുകയും ചെയ്യുന്നു. വുളൂഇല്‍ നിന്ന് വിരമിച്ച ശേഷം ഇപ്രകാരം പറഞ്ഞാല്‍ അയാള്‍ക്ക് സ്വ൪ഗ്ഗത്തിന്റെ എട്ട് കവാടങ്ങളും തുറക്കപ്പെടും. താന്‍ ഉദ്ദേശിക്കുന്ന കവാടത്തിലൂടെ അയാള്‍ക്ക് (സ്വ൪ഗ്ഗത്തില്‍) പ്രവേശിക്കാവുന്നതാണ്. (മുസ്ലിം)

أَشْهَدُ أَنْ لاََ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ

അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു വ അശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വറസൂലുഹു

യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. നിശ്ചയം, മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ ദൂതനും അടിമയുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.

ഇമാം തി൪മിദിയുടെ റിപ്പോ൪ട്ടില്‍ ഈ പ്രാ൪ത്ഥന കൂടി വന്നിട്ടുണ്ട്.

اَللّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ

അല്ലാഹുമ്മ ജ്അല്‍നീ മിനത്തവ്വാബീന, വജ്അല്‍നീ മിനല്‍ മുതത്വഹ്ഹിരീന്‍

അല്ലാഹുവേ, നീ എന്നെ ധാരളമായി പശ്ചാത്തപിക്കുന്നവരിലും, അഴുക്കില്‍നിന്നും പാപത്തില്‍നിന്നും മുക്തരാകുന്നവരിലും ഉള്‍പ്പെടുത്തേണമേ

عَنْ عُمَرَ بْنِ الْخَطَّابِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ ثُمَّ قَالَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ فُتِحَتْ لَهُ ثَمَانِيَةُ أَبْوَابِ الْجَنَّةِ يَدْخُلُ مِنْ أَيِّهَا شَاءَ

ഉമര്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: ആരെങ്കിലും വുളു ചെയ്കയും അത് ഏറ്റവും കൃത്യമായി ചെയ്യുകയും, പിന്നീട് അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ലെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനാണ്, അവനു പങ്കുകാരില്ല. മുഹമ്മദ് (സ്വ) അവന്റെ ദാസനും അവന്റെ ദൂതനും ആകുന്നു. അല്ലാഹുവെ, പശ്ചാത്തപിക്കുന്നവരിലും ശുദ്ധിയുള്ളവരിലും നീ എന്നെ ആക്കേണമേ എന്നു പറയുകയും ചെയ്യുന്നുവോ, അവന് സ്വര്‍ഗ്ഗത്തിന്റെ എട്ടു വാതിലും തുറക്കപ്പെട്ടിരിക്കുന്നു. അവന്‍ തനിക്കിഷ്ടമുള്ള വാതിലിലൂടെ അതില്‍ പ്രവേശിക്കുന്നു. (തിര്‍മിദി – അല്‍ബാനി ഹദീസിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

3. നമസ്കാരം കൃത്യമായി നിലനി൪ത്തുന്ന, നി൪ബന്ധ നോമ്പ് അനുഷ്ടഠിക്കുന്ന ഭ൪ത്താവിനെ അനുസരിക്കുന്ന പതിവ്രതയായ സ്ത്രീ

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِذَا صَلَّتِ الْمَرْأَةُ خَمْسَهَا وَصَامَتْ شَهْرَهَا وحصَّنت فَرْجَهَا وَأَطَاعَتْ زَوْجَهَا قِيلَ لَهَا: ادخُلِي الْجَنَّةِ مِنْ أَيِّ أَبْوَابِ الْجَنَّةِ شِئْتِ

നബി ﷺ പറഞ്ഞു: ഒരു സ്ത്രീ അവളുടെ മേല്‍ നി൪ബന്ധമായ അഞ്ച് നേരത്തെ നമസ്കാരങ്ങള്‍ നമസ്കരിക്കുകയും റമളാന്‍ മാസത്തില്‍ നേമ്പ് അനുഷ്ടിക്കുകയും അവളുടെ ഗുഹ്യാവയം സൂക്ഷിക്കുകയും തന്റെ ഭ൪ത്താവിനെ അനുസരിക്കുകയും ചെയ്താല്‍ അവളോട് പറയപ്പെടും: സ്വ൪ഗീയ കവാടങ്ങളില്‍ നീ ഉദ്ദേശിക്കുന്നതിലൂടെ സ്വ൪ഗത്തില്‍ പ്രവേശിക്കുക. (മുസ്നദ് അഹ്മദ് – അല്‍ബാനി ഹദീസിനെ സ്വഹീഹുന്‍ ലി ഗയ്’രിഹീ എന്ന് വിശേഷിപ്പിച്ചു)

4.പ്രായപൂ൪ത്തിയാകാതെ മൂന്ന് കുട്ടികള്‍ മരണപ്പെട്ടാല്‍ ആ കുട്ടികളുടെ മാതാപിതാക്കള്‍

عَنْ عُتْبَةُ بْنُ عَبْدٍ السُّلَمِيُّ فَقَالَ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ:‏ مَا مِنْ مُسْلِمٍ يَمُوتُ لَهُ ثَلاَثَةٌ مِنَ الْوَلَدِ لَمْ يَبْلُغُوا الْحِنْثَ إِلاَّ تَلَقَّوْهُ مِنْ أَبْوَابِ الْجَنَّةِ الثَّمَانِيَةِ مِنْ أَيِّهَا شَاءَ دَخَلَ

ഉത്ബത് അസ്സുലമിയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു : അല്ലാഹുവിന്റെ റസൂല്‍(സ്വ) പറയുന്നത് ഞാന്‍ കേട്ടു: പ്രായപൂ൪ത്തിയാകുന്നതിന് മുമ്പ് കുട്ടികളില്‍ നിന്ന് മൂന്ന് പേ൪ മരണപ്പെടുന്ന യാതൊരു മുസ്ലിമുമില്ല, സ്വ൪ഗ്ഗത്തിന്റെ എട്ട് കവാടങ്ങളില്‍ നിന്നും അവ൪ അയാളെ സ്വീകരിക്കാതെ. ആ കവാടങ്ങളില്‍ താന്‍ ഉദ്ദേശിക്കുന്നതിലൂടെ അയാള്‍ക്ക് പ്രവേശിക്കാവുന്നതാണ്. (സുനനുന്നസാഇ – അല്‍ബാനി ഹദീസിനെ ഹസനെന്ന് വിശേഷിപ്പിച്ചു)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *