وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ ٱللَّهِ ۖ وَٱلَّذِينَ ءَامَنُوٓا۟ أَشَدُّ حُبًّا لِّلَّهِ ۗ وَلَوْ يَرَى ٱلَّذِينَ ظَلَمُوٓا۟ إِذْ يَرَوْنَ ٱلْعَذَابَ أَنَّ ٱلْقُوَّةَ لِلَّهِ جَمِيعًا وَأَنَّ ٱللَّهَ شَدِيدُ ٱلْعَذَابِ
അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്മുമ്പില് കാണുന്ന സമയത്ത് ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍ (അതവര്‍ക്ക് എത്ര ഗുണകരമാകുമായിരുന്നു!) (ഖുർആൻ:2/165)
സമന്മാരെ (أَنْدَاد) കൊണ്ട് ഇവിടെ വിവക്ഷിക്കപ്പെട്ടിരിക്കുന്നത് വിഗ്രഹങ്ങളാണെന്നും ശിര്‍ക്കിന്റെ നേതാക്കളും തലവന്‍മാരുമാണെന്നും, അതല്ല, അല്ലാഹുവിന്റെ ഏതെങ്കിലും ഗുണവിശേഷങ്ങളിലോ, പ്രവര്‍ത്തികളിലോ അധികാരാവകാശങ്ങളിലോ, സാമ്യമോ പങ്കോ ഉണ്ടെന്ന് കരുതപ്പെടുന്ന എല്ലാ വസ്തുക്കളുമാണെന്നും ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചു കാണാം. സൂക്ഷ്മജ്ഞാനികളായ പല മഹാന്മാരും അഭിപ്രായപ്പെടുന്നത് പോലെ, ഒടുവില്‍ പറഞ്ഞ അഭിപ്രായമാണ് ഏറ്റവും ശരിയായിട്ടുള്ളത്. ഈ ക്വുര്‍ആന്‍ വചനങ്ങള്‍ ഒന്നാമതായി അഭിമുഖീകരിക്കുന്നത് അറബിമുശ്രിക്കുകളെയാണല്ലോ. അപ്പോള്‍, അന്ന് അവര്‍ ദിവ്യത്വം കല്പിച്ചിരുന്ന കല്ലുകള്‍, മരങ്ങള്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, മലക്കുകള്‍, പിശാചുക്കള്‍ മുതലായവര്‍ തന്നെയായിരിക്കും പ്രധാനമായും ഉദ്ദേശ്യമെന്ന് കരുതാം. അല്ലാഹുവില്‍ നിന്ന് ശ്രദ്ധവിടുത്തിക്കളയുന്ന എല്ലാവസ്തുക്കളും സമന്മാരില് ഉള്‍പ്പെട്ടേക്കുമെന്നാണ് ഇമാം ബൈദ്വാവി رحمه الله അഭിപ്രായപ്പെട്ടിരിക്കുന്നത്. സയ്യിദ് ക്വുത്വുബ് ചൂണ്ടിക്കാട്ടിയത് പോലെ, സ്ഥലകാലങ്ങള്‍ക്കനുസരിച്ച് സമന്മാരുടെ സ്വഭാവത്തിലും മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ആളുകളോ, വസ്തുക്കളോ, ചിഹ്നങ്ങളോ, പ്രതിമകളോ എല്ലാം തന്നെ സമന്മാരായി ഗണിക്കപ്പെടാവുന്നതാണ്.
فَلَا تَجْعَلُوا۟ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ
ആകയാല്‍, നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്; നിങ്ങള്‍ അറിഞ്ഞും കൊണ്ട്. (ഖുർആൻ:2/22)
അല്ലാഹുവിന്റെ ഉല്‍കൃഷ്ടങ്ങളായ ഗുണവിശേഷങ്ങളിലോ, പ്രവര്‍ത്തനങ്ങളിലോ, അധികാരാവകാശങ്ങളിലോ, അല്ലെങ്കില്‍ അവന്റെ സത്തയിലോ ഏതെങ്കിലും തരത്തിലുള്ള തുല്യതയോ, പങ്കോ മറ്റേതെങ്കിലും വസ്തുവിനുണ്ടെന്ന് സങ്കല്പിക്കുക എന്നത്രെ അവന് സമന്മാരെ (أَنْدَادًا) ഏര്‍പ്പെടുത്തുക എന്നതിന്റെ വിവക്ഷ. ഈ സങ്കല്പത്തില് നിന്ന് ഉല്‍ഭവിക്കുന്നതും, ഈ സങ്കല്പത്തില് പര്യവസാനിക്കുന്നതുമായ വാക്കും, പ്രവൃത്തിയും, വിശ്വാസവുമെല്ലാം ശിര്‍ക്കിന്റെ ഇനങ്ങളില്‍ പെട്ടവയാകുന്നു. ശിര്‍ക്കാകട്ടെ – അല്ലാഹുവും റസൂലും അര്‍ത്ഥശങ്കക്കിടമില്ലാത്തവണ്ണം സ്പഷ്ടമാക്കിയിട്ടുള്ളതു പോലെ – പാപങ്ങളില്‍ വെച്ചേറ്റവും കടുത്തതും, പൊറുക്കപ്പെടാത്തതുമാകുന്നു. അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ച നേരുന്നതും, അല്ലാഹു അല്ലാത്തവരുടെ പേരില്‍ സത്യം ചെയ്യുന്നതും ശിര്‍ക്കാകുവാനുള്ള കാരണം ഈപറഞ്ഞതില് നിന്ന് വ്യക്തമാണ്.
അല്ലാഹുവിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതുപോലെ അവന്റെ സൃഷ്ടികളായ ചില മഹാന്മാരെ വിളിച്ചു പ്രാര്‍ത്ഥിക്കുക, അവനോട് സഹായം തേടുന്ന അതേ മാതിരി അവരോട് സഹായം തേടുക, അവരുടെ നാമത്തില്‍ നേര്‍ച്ചവഴിപാടുകള്‍ നടത്തുക മുതലായ ചില കാര്യങ്ങളെ ശിര്‍ക്കില്‍ നിന്ന് മാറ്റി നിറുത്തുവാനും, അവയൊക്കെ ഇസ്ലാമികാചാരങ്ങളായി സമര്‍ത്ഥിക്കുവാനും ചില പണ്ഡിതന്മാര് പാടുപെടുന്നത് കാണുമ്പോള്‍ വളരെ അല്‍ഭുതവും സങ്കടവും തോന്നിപ്പോകുന്നു. എന്തെല്ലാം വ്യാഖ്യാനങ്ങളും ന്യായവാദങ്ങളും അവര്‍ക്ക് സമര്‍പ്പിക്കുവാനുണ്ടെങ്കിലും ശരി, അല്ലെങ്കില്‍ ചില നല്ല പേരുകള്‍ നല്‍കിയോ, മതഛായ നല്‍കിയോ അവയെ മോടികൂട്ടിയാലും ശരി, വാസ്തവത്തില്‍ അവയെല്ലാം നേര്‍ക്കുനേരെയുള്ള അര്‍ത്ഥത്തില്‍ തന്നെ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കലാകുന്നു. സത്യാന്വേഷിയും നിഷ്പക്ഷ ബുദ്ധിയുമായ ഒരാള്‍ക്ക് ഇത്തരം കാര്യങ്ങളുടെ യഥാര്‍ത്ഥനില മനസ്സിലാക്കുവാന്‍ അധികമൊന്നും പരതിനോക്കേണ്ടതില്ല. ക്വുര്‍ആനിലെ രണ്ട് മൂന്ന് വാക്യങ്ങള്‍ മാത്രം മതിയാകുന്നതാണ്. ഉദാഹരണമായി :
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. (ഖുർആൻ:1/5)
ﻭَﺃَﻥَّ ٱﻟْﻤَﺴَٰﺠِﺪَ ﻟِﻠَّﻪِ ﻓَﻼَ ﺗَﺪْﻋُﻮا۟ ﻣَﻊَ ٱﻟﻠَّﻪِ ﺃَﺣَﺪًا
പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്. (ഖു൪ആന്‍ : 72/18)
أَلَيْسَ ٱللَّهُ بِكَافٍ عَبْدَهُ
അല്ലാഹുവിന്റെ അടിമക്ക് അവൻ (അല്ലാഹു) മതിയായവനല്ലേ? (ഖുര്‍ആൻ:39/36)
വാസ്തവത്തില്‍ ഈ മൂന്ന് വാക്യങ്ങള്‍ മുഴുവന്‍ തന്നെയും ആവശ്യമില്ല. ഇവയില്‍ ഏതെങ്കിലും ഒരു വാക്യം തന്നെ മതി, ഒരു സത്യാന്വേഷിക്ക് കാര്യം സ്പഷ്ടമായി മനസ്സിലാക്കുവാന്‍.
ഒരു വസ്തുത പ്രത്യേകം മനസ്സിരുത്തേണ്ടതുണ്ട്. നിരീശ്വരവാദികള്‍ അല്ലാഹുവിനെയും, അവന്റെ ഗുണങ്ങളെയും നിഷേധിക്കുന്നവരാകകൊണ്ട് അവര്‍ അല്ലാഹുവിനോട് മറ്റുള്ളവരെ സമപ്പെടുത്തുന്നവരായിരിക്കയില്ല. അല്ലാഹുവിന്റെ സ്ഥാനത്ത് മറ്റു വല്ലതിനെയും പ്രതിഷ്ഠിക്കുകയായിരിക്കും അവര്‍ ചെയ്യുക. ദൈവവാദികളും അതോടൊപ്പം വിശ്വാസം ശരിയായിട്ടില്ലാത്തവരുമായിരിക്കും മറ്റുള്ളവര്‍ക്ക് അല്ലാഹുവിനോട് സമത്വം കല്പിക്കുക ഇങ്ങിനെയുളളവരാണ് മനുഷ്യരില്‍ അധികഭാഗവും. അല്ലാഹു പറയുന്നു:
وَمَا يُؤْمِنُ أَكْثَرُهُم بِٱللَّهِ إِلَّا وَهُم مُّشْرِكُونَ
അവരില്‍ – മനുഷ്യരിൽ – അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് അവനോട് (മറ്റുള്ളവരെ) പങ്ക് ചേര്ക്കുന്നവരായിക്കൊണ്ട് മാത്രമാണ്. (ഖു൪ആന്‍: 12/106)
മുന്‍കാലത്തും ഇക്കാലത്തുമുള്ള വിഗ്രഹാരാധകന്മാരും അല്ലാഹുവിനെ നിഷേധിക്കുന്നവരല്ല. അല്ലാഹുവില്‍ അവര്‍ക്ക് വിശ്വാസമുണ്ട്. പക്ഷേ, വിശ്വാസം യഥാര്‍ത്ഥ രൂപത്തിലും പൂര്‍ണരൂപത്തിലുമല്ലെന്നുളളതാണ് അവരുടെ ശിര്ക്കിന് കാരണം. ഈ ദുരവസ്ഥ തന്നെയാണ് ഇന്ന് മുസ്ലിം സമുദായത്തിലും കടന്നുകൂടിയിരിക്കുന്നതെന്ന് – അപാരമായ വ്യസനത്തോടും ലജ്ജയോടും കൂടിയാണെങ്കിലും – പറയാതെ വയ്യ. വിഗ്രഹാരാധകന്മാര് തങ്ങളുടെ ആരാധനയെ ന്യായീകരിക്കുവാന്‍ പറഞ്ഞിരുന്നതും. പറഞ്ഞുവരുന്നതുമായ അതേ ന്യായങ്ങളും, അവക്ക് സമാന്തരങ്ങളായ മററു ചില ന്യായങ്ങളും തന്നെയാണ് ശിര്‍ക്ക്പരമായ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുവാന്‍ മുസ്ലിംകള്‍ക്കിടയിലും നിലവിലുള്ളത്. ബാഹ്യത്തില്‍ മഹാത്മാക്കളെ വിളിച്ചാണ് പ്രാര്‍ത്ഥിക്കുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ പ്രാര്‍ത്ഥന അല്ലാഹുവിനോടാണ്; ഗുണവും ദോഷവും ചെയ്വാന് അല്ലാഹുവിന് മാത്രമേ യഥാര്‍ത്ഥത്തില്‍ കഴിവുള്ളൂവെന്നറിഞ്ഞുകൊണ്ട് മഹാത്മാക്കളെ വിളിച്ചു വല്ല കാര്യത്തിനും അപേക്ഷിക്കുന്നത് അവര്‍ അക്കാര്യം സാധിപ്പിച്ചു തരുമെന്ന് കരുതിക്കൊണ്ടല്ല. അവരുടെ ശുപാര്‍ശ മൂലം അല്ലാഹു അത് സാധിപ്പിച്ചു തരുമെന്ന വിശ്വാസത്തിലാണ്. ആ മഹാത്മാക്കള്‍ സ്വന്തം നിലക്കുതന്നെ അത് സാധിപ്പിച്ചു തരുമെന്ന വിശ്വാസത്തോടെ അപേക്ഷിക്കുന്നത് മാത്രമേ പ്രാര്‍ത്ഥനയാകുകയുളളൂ….. എന്നൊക്കെയാണല്ലോ മഹാത്മാക്കളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിന് പറയപ്പെടാറുള്ള ന്യായങ്ങള്‍. പണ്ഡിത വിഭാഗങ്ങളില്‍ നിന്ന് കേള്‍ക്കുന്ന ഇത്തരം ന്യായങ്ങള്‍ കേട്ട് സാധാരണക്കാര്‍ വഞ്ചിതരാവുകയും ചെയ്യുന്നു! نعوذ بالله
സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് വേണ്ടിയോ, നേതൃത്വവും സ്വാധീനവും നിലനിറുത്തുവാന്‍ വേണ്ടിയോ, കക്ഷിതാല്‍പര്യങ്ങള്‍ക്കു വേണ്ടിയോ കല്പിച്ചുകൂട്ടി സത്യത്തെ മൂടിവെക്കുകയും പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് രേഖകളും തെളിവുകളും വിവരിച്ചിട്ട് കാര്യമില്ല. എങ്കിലും, അറിവില്ലായ്മകൊണ്ടും, തെറ്റിദ്ധരിച്ചുകൊണ്ടും ശിര്‍ക്ക്പരമായ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അകപ്പെടുന്നവര്‍ക്ക് വേണ്ടി ചില സംഗതികള്‍ ഇവിടെ ശ്രദ്ധയില്‍ പെടുത്തുവാന്‍ ആഗ്രഹിക്കുന്നു. സല്‍ബുദ്ധിയും, ശുദ്ധമനസ്കതയും ഉള്ളവര്‍ക്ക് നിശ്ചയമായും അതില്‍ നിന്ന് ഏറെക്കുറെ സത്യാവസ്ഥ മനസ്സിലാക്കുവാന്‍ കഴിയുന്നതാണ് إِن شَاءَ اللَّهُ.
(1) മഹാന്മാരും പുണ്യാത്മാക്കളുമായ അന്‍ബിയാഅ്, ശൈഖുകള്‍, ശുഹദാഅ് മുതലായവരെ വിളിച്ചു സഹായത്തിനും രക്ഷക്കും അപേക്ഷിക്കുന്നത് ഇസ്ലാമിലെ ഒരു നിര്‍ബന്ധ നിയമമാണെന്നോ, ഒരു മുസ്ലിം തന്റെ മരണം വരെ അല്ലാഹുവിനെയല്ലാതെ മറ്റാരെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്ത പക്ഷം, അവന് ഇസ്ലാമില്‍ നിന്ന് തെറ്റിപ്പോകുമെന്നോ ഒരൊറ്റ മുസ്ലിമിനും വാദമില്ല. അങ്ങിനെ ആരും വിശ്വസിക്കുന്നുമില്ല. എന്തെല്ലാം ദുര്ന്യായങ്ങള് സമര്‍പ്പിച്ചാലും ശരി , അത് അനുവദനീയമാണെന്നോ, കവിഞ്ഞ പക്ഷം ഒരു നല്ല കാര്യമാണെന്നോ അല്ലാതെ, അതിനെപ്പുറം ഒരു കക്ഷിയും വാദിക്കുന്നുമില്ല. അതേ സമയത്ത് അത് അല്ലാഹുവിനോട് ആ മഹാന്മാരെ സമപ്പെടുത്തലും ശിര്‍ക്കുമാണെന്ന് ക്വുര്‍ആനും, ഹദീഥും, മുന്‍ഗാമികളായ മഹാന്മാരുടെ പ്രസ്താവനകളും തുറന്ന മനസ്സോടെ പരിശോധിക്കുന്ന ഏവര്‍ക്കും വ്യക്തമാകുന്നതുമാണ്. ആ സ്ഥിതിക്ക് അതിനെ ന്യായീകരിക്കുന്നവരുടെ വാദമനുസരിച്ച് പുണ്യം സമ്പാദിക്കാമെന്നാണോ, അതല്ല, അത് ശിര്‍ക്കും ഏറ്റവും വമ്പിച്ച മഹാപാപവുമാണെന്നുവെച്ച് നരകശിക്ഷയില്‍ നിന്ന് രക്ഷപ്പെടണമെന്നാണോ ഒരു മുസ്ലിം നിശ്ചയിക്കേണ്ടത് ? വിശേഷ ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ!
(2) മക്കാ മുശ്രിക്കുകള്‍ അവരുടെ ആരാധ്യ വസ്തുക്കളായ ദൈവങ്ങള്‍ അവര്‍ക്ക് ഗുണമോ ദോഷമോ ചെയ്വാന് കഴിവുള്ളവരായിരുന്നുവെന്ന് വിശ്വസിച്ചു കൊണ്ടല്ല അവയെ ആരാധിച്ചിരുന്നത്. അവയെ ആരാധിക്കുന്നതു വഴി അവ തങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ സാമീപ്യം നേടിക്കൊടുക്കുമെന്നും, അവ അല്ലാഹുവിന്റെ അടുക്കല്‍ തങ്ങള്‍ക്ക് വേണ്ടി ശുപാര്‍ശ നടത്തുമെന്നും, അങ്ങനെ അല്ലാഹു അവരുടെ കാര്യം സാധിപ്പിച്ചു കൊടുക്കുമെന്നുമുള്ള വിശ്വാസത്തോടെയായിരുന്നു ആരാധിച്ചു വന്നിരുന്നത്. തനി പാമരന്മാരല്ലാത്ത എല്ലാ വിഗ്രഹാരാധകരുടെയും ന്യായം ഇതുതന്നെയായിരിക്കും. അല്ലാഹു പറയുന്നു:
وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىٰٓ
അവന് – അല്ലാഹുവിന് – പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. (ഖു൪ആന്‍:39/3)
وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِ ۚ
അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (ഖു൪ആന്‍:10/18)
ഇതേ ന്യായീകരണം തന്നെയാണ് മഹാന്മാരെ വിളിച്ചു പ്രാര്ത്ഥിക്കുന്നവര്ക്കുള്ള ന്യായീകരണവും. അപ്പോള്‍, പ്രാര്ത്ഥിക്കപ്പെടുന്നവര്ക്ക് ഗുണവും ദോഷവും ചെയ്വാന് കഴിയുമെന്ന വിശ്വാസമല്ല ഇത് ശിര്‍ക്കാകുവാന്‍ കാരണമെന്ന് ഇതില്‍ നിന്ന് സ്പഷ്ടമാണല്ലോ.
(3) നമസ്കാരം പോലെയുള്ള ശാരീരികമായ കര്‍മങ്ങള്‍ മാത്രമെ ആരാധനയാകുകയുള്ളൂവെന്നില്ല. സത്യം ചെയ്യല്‍, നേര്‍ച്ചയാക്കല്‍, അദൃശ്യമായ മാര്‍ഗേണ ലഭിക്കേണ്ടുന്ന കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള അപേക്ഷ, അഥവാ പ്രാര്‍ത്ഥന, അത്തരം കാര്യങ്ങള്‍ക്ക് കഴിവുണ്ടെന്ന വിശ്വാസം ഇവയെല്ലാം തന്നെ ആരാധനകളില്‍ പെട്ടതും അത് അല്ലാഹു അല്ലാത്ത ഏതൊരാളുടെ പേരിലായാലും ശിര്‍ക്കും, അല്ലാഹുവിനോട് അവരെ സമപ്പെടുത്തലുമാകുന്നു. അല്ലാഹുവിന്റെ പേരിലും, അവന്റെ മഹത്വത്തെയും പ്രീതിയെയും ഉന്നമാക്കിയും കൊണ്ട് ചെയ്യപ്പെടേണ്ടുന്ന ഏത് കാര്യങ്ങളും അവനല്ലാത്തവരുടെ പേരിലോ, അവരുടെ മഹത്വത്തെയും പ്രീതിയെയും ഉന്നം വെച്ചു കൊണ്ടോ ചെയ്യപ്പെടുന്ന പക്ഷം. അത് അവരെ അല്ലാഹുവിനോട് സമമാക്കല്‍ തന്നെ. സത്യത്തെ സത്യമായും, അസത്യത്തെ അസത്യമായും കാണുവാന്‍ അല്ലാഹു നമുക്കെല്ലാം തൗഫീക്വ് നല്കട്ടെ امين
അല്ലാഹുവിനെ സ്നേഹിക്കുന്നതുപോലെ അവര്‍ ആ സമന്മാരെയും സ്നേഹിക്കും. അതായത്: അല്ലാഹുവിനെ അവര്‍ നിഷേധിക്കുകയോ, നിശ്ശേഷം കൈവെടിയുകയോ ചെയ്യുന്നില്ല; പക്ഷേ, ആരാധനകളും പ്രാര്‍ത്ഥനകളും സമര്‍പ്പിക്കുകവഴി അല്ലാഹുവിനെ ബഹുമാനിക്കുന്നതുപോലെ അവരെ ബഹുമാനിക്കുകയും, അവനോട് ഭക്തി കാണിക്കുന്നതുപോലെ അവരോട് ഭക്തി കാണിക്കുകയുമാണ് ചെയ്യുന്നത്. സ്നേഹത്തില്‍ നിന്നാണല്ലോ ഭക്തിയും ബഹുമാനവും ഉല്‍ഭവിക്കുന്നത്. കരുണയും ദയയും തോന്നുന്നതും സ്നേഹം നിമിത്തം തന്നെ.
എന്നാല്‍, സത്യവിശ്വാസികളുടെ സ്ഥിതി ഇതില്‍ നിന്നും വ്യത്യസ്തമാണ് . അവര്‍ക്ക് മറ്റുള്ളവരോട് സ്നേഹമുണ്ടായിരിക്കുമെങ്കിലും അതിനൊരു പരിധിയുണ്ട്. അവരെ ആരാധിക്കുവാനോ പ്രാര്‍ത്ഥിക്കുവാനോ അതവരെ പ്രേരിപ്പിക്കുകയില്ല. അല്ലാഹുവിനോടുള്ള അവരുടെ സ്നേഹം മാത്രമേ അതിന് അവരെ പ്രേരിപ്പിക്കുകയുള്ളൂ. അതെ, അല്ലാഹുവിനോടുള്ള അവരുടെ സ്നേഹം ഏറ്റവും കടുത്ത സ്നേഹമായിരിക്കും.
അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കുകവഴി അനീതി പ്രവര്‍ത്തിച്ചവര്‍ പരലോകത്ത് ചെല്ലുമ്പോള്‍, അല്ലാഹുവിനല്ലാതെ – അവരുടെ ആരാധ്യ വസ്തുക്കള്‍ക്കോ മറ്റോ – യാതൊരു കഴിവുമില്ലെന്നും അല്ലാഹുവിന്റെ ശിക്ഷാ നടപടികളില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ലെന്നും അവര്‍ക്ക് അനുഭവത്തില്‍ കാണാറാകും. അപ്പോള്‍, അവര്‍ തീരാദുഃഖത്തിലുമായിത്തീരും. ഈ സംഗതി അവര്‍ നേരത്തെത്തന്നെ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഈ കടുത്ത ദുരവസ്ഥ അവര്‍ക്ക് നേരിടുമായിരുന്നില്ല.
അവലംബം : അമാനി തഫ്സീര്‍ – സൂറ:അൽബഖറ 22,165
www.kanzululoom.com