പെരുന്നാള്‍ ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മം പെരുന്നാള്‍ നമസ്‌കാരമാണ്. പെരുന്നാൾ നിസ്കാരം രണ്ട് റക്അത്തുകളാണ്. അതിന്റെ രൂപം താഴെ സൂചിപ്പിക്കുന്നു:
ഒന്നാമതായി, നിയ്യത്ത് ചെയ്യുക. ഈദുല്‍ ഫിത്വ്൪ (ചെറിയ പെരുന്നാള്‍), ഈദുല്‍ അദ്ഹ (ബലി പെരുന്നാള്‍) ഇതിൽ ഏതാണോ നമസ്കരിക്കുന്നത് പ്രസ്തുത സുന്നത്ത് നമസ്കാരം നിർവ്വഹിക്കുകന്നതായി നിയ്യത്ത് ചെയ്യുക. മറ്റ് നമസ്കാരങ്ങളിലേതുപോലെ ഇവിടെയും നിയ്യത്ത് ചൊല്ലിപ്പറയാതെ മനസ്സിൽ കരുതുകയാണ് വേണ്ടത്.
രണ്ടാമതായി, ഒന്നാമത്തെ റക്അതിനായി തക്ബീർ കെട്ടുക (തക്ബീറതുൽ ഇഹ്റാം)
മൂന്നാമതായി, തക്ബീറതുൽ ഇഹ്റാമിന് പുറമെ ഏഴ് തക്ബീറുകൾ കൂടി ചൊല്ലുക.
عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُكَبِّرُ فِي الْفِطْرِ وَالأَضْحَى فِي الأُولَى سَبْعَ تَكْبِيرَاتٍ وَفِي الثَّانِيَةِ خَمْسًا.
ആയിശ رضي الله عنها വിൽ നിന്ന് നിവേദനം:നബി ﷺ ഈദുൽ ഫിത്റിലെയും ഈദുൽ അള്ഹായിലെയും (നമസ്കാരത്തിലെ) ഒന്നാമത്തെ റക്അത്തിന്റെ ആരംഭത്തില്‍ നബി ﷺ ഏഴ് തക്ബീറുകളും രണ്ടാം റക്അത്തിന്റെ ആരംഭത്തില്‍ അഞ്ച് തക്ബീറുകളും ചൊല്ലുമായിരുന്നു. (അബൂദാവൂദ്:1149 – സ്വഹീഹ് അൽബാനി)
നാലാമതായി, സൂറത്തുൽ ഫാതിഹ ഓതുക. അതിന് ശേഷം സൂറത്തുൽ അഅ്ലായോ സൂറത്തുൽ ഖാഫോ ഓതുന്നത് സുന്നത്താണ്. ജമാഅത്തായിട്ടാണ് നമസ്കരിക്കുന്നതെങ്കിൽ ഇമാം ഉറക്കെയാണ് ഓതേണ്ടത്.
അഞ്ചാമതായി, സാധാരണ നിസ്കാരങ്ങളിൽ ചെയ്യുന്നത് പോലെ റുകൂഉം സുജൂദുമെല്ലാം ചെയ്ത ശേഷം രണ്ടാമത്തെ റക്അത്തിലേക്ക് തക്ബീർ ചൊല്ലിക്കൊണ്ട് എഴുന്നേൽക്കുക.
ആറാമതായി, രണ്ടാമത്തെ റക്അത്തിൽ സുജൂദിൽ നിന്ന് ഉയർന്നപ്പോഴുള്ള തക്ബീറിന് പുറമെ അഞ്ച് തക്ബീറുകൾ കൂടി ചൊല്ലുക. (അബൂദാവൂദ്:1149 കാണുക)
ഏഴാമതായി, സൂറത്തുൽ ഫാതിഹക്ക് ശേഷം സൂറത്തുൽ ഗാശിയയോ സൂറത്തുൽ ഖമറോ ഓതുന്നത് സുന്നത്താണ്.
എട്ടാമതായി, സാധാരണ നിസ്കാരങ്ങളിൽ ചെയ്യുന്നത് പോലെ റുകൂഉം സുജൂദും തശഹ്ഹുദും നിർവ്വഹിച്ച് സലാം വീട്ടിക്കൊണ്ട് നിസ്കാരത്തിൽ നിന്ന് വിരമിക്കുക.
ചോദ്യം: പെരുന്നാൾ നമസ്കാരത്തിൽ അധികമായി ചൊല്ലേണ്ട തക്ബീറുകൾ മറന്നവൻ മറവിയുടെ സുജൂദ് ചെയ്താൽ മതിയോ? അതല്ല, അവൻ നമസ്കാരം തന്നെ മടക്കി നിർവഹിക്കേണ്ടതുണ്ടോ?
ഉത്തരം: ശൈഖ് അബ്ദുല്ലാഹ് ബ്ൻ അബ്ദുറഹ്‌മാൻ ബ്നു ജിബ്‌രീൻ رحمه الله പറയുന്നു:
من نسي التكبيرات الزوائد في صلاة العيد فلا تبطل صلاته، ولا يسجد للسهو، لأنها من السنن المندوبة فيها، فمن تركها -ولو عمدًا- صحت صلاته، لأن الصلاة لا تبطل بترك السنن المستحبة؛ كرفع اليدين ووضعهما عند الصدر، وضم الأصابع أو تفريقها.. إلخ وإنما تبطل بترك الأركان؛ كالركوع والسجود، وأما سجود السهو فلا يُشرع إلا لمن ترك واجبًا من الواجبات كالتسبيح في الركوع ونحوه.
പെരുന്നാൾ നമസ്കാരത്തിൽ അധികമായി ചൊല്ലേണ്ട തക്ബീറുകൾ മറന്നവന്റെ നമസ്കാരം നിഷ്ഫലമാകുകയില്ല. അവൻ മറവിയുടെ സുജൂദ് ചെയ്യേണ്ടതുമില്ല. കാരണം, ആ തക്ബീറുകൾ ചൊല്ലൽ സുന്നത്താണ്, നിർബന്ധമല്ല. ഒരാൾ മനപ്പൂർവ്വം തന്നെ ആ തക്ബീറുകൾ ഒഴിവാക്കിയാലും അവന്റെ നമസ്കാരം സ്വീകാര്യയോഗ്യമാണ്. കാരണം, സുന്നത്തായ കാര്യങ്ങൾ ഒഴിവാക്കുന്നത് കൊണ്ട് നമസ്കാരം അസ്വീകാര്യമാവുകയില്ല. നമസ്കാരത്തിലെ സുന്നത്തായ കാര്യങ്ങൾക്ക് ഉദാഹരണമാണ്, കൈകൾ ഉയർത്തുന്നതും അത് നെഞ്ചത്ത് വെക്കുന്നതും വിരലുകൾ അകറ്റി വെക്കേണ്ടിടത്ത് അകറ്റിവെക്കലും വിരലുകൾ ചേർത്ത് വെക്കേണ്ടിടത്ത് ചേർത്ത് വെക്കലുമൊക്കെ. ഇങ്ങനെയുള്ള കാര്യങ്ങൾ ഒഴിവാക്കിയതുകൊണ്ട് നമസ്കാരം അസ്വീകാര്യമാവുകയില്ല. മറിച്ച്, സുജൂദും റുകൂഉം പോലെയുള്ള നമസ്കാരത്തിലെ റുക്നുകൾ ഒഴിവാക്കുമ്പോഴാണ് നമസ്കാരം അസ്വീകാര്യമാവുക. ഇനി, മറവിയുടെ സുജൂദിന്റെ കാര്യം പറയുകയാണെങ്കിൽ, ‘റുകൂഇലെ തസ്ബീഹ്’ പോലെയുള്ള നിർബന്ധമായ കാര്യങ്ങൾ (വാജിബുകൾ) ഒഴിവാക്കിയാലേ അത് നിർവഹിക്കേണ്ടതുള്ളൂ.
അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
1. പെരുന്നാൾ നിസ്കാരത്തിൻ്റെ വിധി
പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കുന്നതിൻ്റെ വിധിയിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമുണ്ട്. മൂന്ന് പ്രബലമായ അഭിപ്രായങ്ങൾ അവ൪ രേഖപ്പെടുത്തിയിട്ടുള്ളതായികാണാം.
ഒന്ന്) ഫ൪ള് ഐന്‍: ഓരോ വ്യക്തിയുടെയും മേൽ നിർബന്ധമാണ് പെരുന്നാൾ നിസ്കാരം. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, ശൈഖ് അൽബാനി എന്നിവ൪ ഈ അഭിപ്രായക്കാരാണ്. നബി ﷺ യും അവിടുത്തേക്ക് ശേഷം ഖുലഫാഉകളും ലോകമുസ്ലിംകളുമെല്ലാം ഒഴിവാക്കാതെ തുടരുകയും ചെയ്തതാണ് പെരുന്നാൾ നിസ്കാരം. നബി ﷺ സ്ത്രീകളോട് ഹാജരാകുവാൻ കൽപ്പിക്കുകയും, ആർത്തവകാരികളെ വരെ കൊണ്ടുവരണമെന്ന് നിർദേശിക്കുകയുംചെയ്തിരുന്നു. അതുകൊണ്ടാണ് പെരുന്നാള്‍ നിസ്കാരം ഫർള് ഐനാണെന്ന് ചില പണ്ഢിതന്‍മാര്‍ പറഞ്ഞിട്ടുള്ളത്.
രണ്ട്) ഫ൪ള് കിഫായ: ഓരോ പ്രദേശത്തെയും കുറച്ചാളുകൾ ചെയ്താൽ മറ്റുള്ളവരുടെ മേൽ നിന്നെല്ലാം ബാധ്യത ഒഴിവാകും. ഇമാം അഹ്മദ് رحمه الله യുടെ അഭിപ്രായം ഇതാണ്. നബി ﷺ അഞ്ചു നേരത്തെ നിസ്കാരത്തിന് പുറമെ മറ്റൊന്നും നിർബന്ധമില്ലെന്ന് വ്യക്തമാക്കിയതാണ് ഈ അഭിപ്രായത്തിന് കാരണം.
മൂന്ന്) വളരെ പ്രബലമായ സുന്നത്ത് നമസ്കാരം.: ധാരാളം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്. ഇമാം മാലിക് رحمه الله , ഇമാം ശാഫിഈ رحمه الله എന്നിവ൪ ഈ അഭിപ്രായക്കാരാണ്.
2. പെരുന്നാൾ നമസ്കാരത്തിന്റെ സമയം
സൂര്യന്‍ ഉദിച്ച് അല്‍പം ഉയര്‍ന്നതു മുതല്‍ ഉച്ചയോട് അടുത്ത സയമം വരെ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ്. ബലിപെരുന്നാള്‍ നമസ്‌കാരം നേരത്തെ നിര്‍വഹിക്കലും ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്വ്ര്‍ നമസ്‌കാരം അല്‍പം വൈകി നിര്‍വഹിക്കലുമായിരുന്നു നബി ﷺ യുടെ പതിവ്. ചെറിയ പെരുന്നാളിന് ഫിത്വ്ര്‍ സകാത് വിതരണത്തിന് ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കാനും ബലി പെരുന്നാള്‍ ദിനം ബലിയറുക്കാന്‍ കൂടുതല്‍ സൗകാര്യം കിട്ടാനും ഉദ്ദേശിച്ച് കൊണ്ടായിരിക്കാം നബി ﷺ ഇപ്രകാരം പഠിപ്പിച്ചത് എന്ന് ഇബ്‌നുല്‍ ക്വയ്യിം رحمه الله , ഇബ്‌നു ഉസൈമിന്‍ رحمه الله എന്നിവര്‍ അഭിപ്രായപ്പെടുന്നു (സാദുല്‍ മആദ്, ശറഹുല്‍ മുംതിഅ്).
3. വീട്ടിൽ വെച്ച് നമസ്കരിക്കുമ്പോൾ ഖുത്വുബ പാടില്ല
പെരുന്നാള്‍ നമസ്കാരം ഈദ് ഗാഹില്‍ വെച്ചാണ് നമസ്കരിക്കേണ്ടത്. അത് ഈദ് ഗാഹില്‍ നിർവ്വഹിക്കുന്നതിന് മഴയോ മറ്റ് തടസ്സങ്ങളോ ഉണ്ടെങ്കിൽ പള്ളിയിൽ വെച്ച് നമസ്കരിക്കാം.
വീട്ടിൽ വെച്ച് ഒറ്റക്കായിട്ടോ, കുടുംബത്തോടൊപ്പം ജമാഅത്തായിട്ടോ പെരുന്നാൾ നമസ്കാരം നിർവ്വഹിക്കാവുന്നതാണ്. പക്ഷേ, മുൻഗാമികളിൽ നിന്നും തെളിവ് വന്നിട്ടില്ലാത്തതുകൊണ്ട് വീട്ടിൽ വെച്ച് ഖുതുബ പറയൽ മതപരമല്ല. കാരണം, പള്ളികളിലും മുസ്വല്ലകളിലും ആളുകൾ ഒരുമിച്ചു കൂടുന്ന വേളകളിലാണ് ഇത് പഠിപ്പിക്കപ്പെട്ടത്. ഇതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായവും, ഇമാം ബുഖാരിയും ഇബ്നു തൈമിയ്യയും അടങ്ങുന്ന മുൻഗാമികളും പിൻഗാമികളുമായ പണ്ഡിതന്മാർ തിരഞ്ഞെടുത്തതും.
അനസു ബ്നു മാലിക് رضي الله عنه വിൽ നിന്നും തനിക്ക് പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടപ്പോൾ വീട്ടിൽ വച്ച് നിർവഹിച്ചു എന്ന് സ്ഥിരപ്പെട്ട റിപ്പോർട്ടിൽ, അദ്ദേഹം ഖുതുബ നിർവഹിച്ചതായി കാണാവതല്ല. മറിച്ച്, അദ്ദേഹം നമസ്കാരം മാത്രമായിരുന്നു നിർവഹിച്ചിരുന്നത്.
4. പെരുന്നാൾ നമസ്കാരത്തിന് മുമ്പോ പിമ്പോ സുന്നത്ത് നമസ്കാരമില്ല.
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ خَرَجَ النَّبِيُّ صلى الله عليه وسلم يَوْمَ عِيدٍ فَصَلَّى رَكْعَتَيْنِ لَمْ يُصَلِّ قَبْلُ وَلاَ بَعْدُ
ഇബ്നു അബ്ബാസ് رضي الله عنه പറയുന്നു : നബി ﷺ പെരുന്നാള്‍ ദിവസം രണ്ടു റകഅത്ത് (പെരുന്നാള്‍ നമസ്കാരം) നിര്‍വ്വഹിച്ചു. അതിനു മുമ്പും ശേഷവും അദ്ദേഹം നമസ്കരിച്ചിട്ടില്ല.(ബുഖാരി:1431)
പള്ളിയിലാണ് പെരുന്നാൾ നമസ്കരിക്കുന്നതെങ്കിൽ തഹിയ്യത്ത് നമസ്കരിക്കാവുന്നതാണ്.
kanzululoom.com