ഈദുൽ അദ്ഹയും ഈദുൽഫിത്വ്‌റുമാണ് ഈദുകൾ (പെരുന്നാളുകൾ). അവയോരോന്നിനും മതപരമായ സാഹചര്യങ്ങളുണ്ട്. മുസ്‌ലിംകൾ റമദാൻ മാസത്തെ നോമ്പിൽനിന്ന് വിരമിക്കുന്ന സന്ദർഭത്തിലാണ് ഫിത്വ‌്‌ർ പെരുന്നാൾ (ചെറിയ പെരുന്നാൾ). ദുൽഹജ്ജ് പത്തിന്റെ വിരാമത്തിലാണ് ഈദുൽ അദ്ഹാ (ബലിപെരുന്നാൾ). സമയമായാൽ ആവർത്തിക്കുകയും മടങ്ങിവരികയും ചെയ്യുന്നതിനാലാണ് പെരുന്നാളിനു ‘ഈദ്’ എന്നു പേരുവിളിക്കപ്പെട്ടത്.
മതവിധിയും തെളിവും
പെരുന്നാൾ നമസ്‌കാരം ‘ഫർദുകിഫായ’യാകുന്നു. അഥവാ ചിലർ അതു നിർവഹിച്ചാൽ ശേഷിക്കുന്നവരിൽനിന്നു കുറ്റം ഒഴിവായി. എല്ലാവരാലും അത് ഒഴിവാക്കപ്പെട്ടാൽ എല്ലാവരും കുറ്റക്കാരുമായി. ഇസ്‌ലാമിന്റെ ബാഹ്യമായ ചിഹ്നങ്ങളിൽ പെട്ടതാണ് അതെന്നതും നബിﷺയും അദ്ദേഹത്തിന്റെ കാലശേഷം സ്വഹാബികളും അതു പതിവാക്കിയിട്ടുണ്ടെന്നതുമാണ് അതിന്റെ കാരണം. തിരുനബിﷺ സ്ത്രീകളോടുവരെ അതിന് കൽപിച്ചിട്ടുണ്ട്. എന്നാൽ ആർത്തവകാരികളോട് നമസ്‌കാര സ്ഥലം വിട്ടുനിൽക്കുവാൻ അനുശാസിച്ചു. ഇത് പെരുന്നാൾ നമസ്‌കാരത്തിന്റെ പ്രാധാന്യവും ശ്രേഷ്ഠതയുമാണ് അറിയിക്കുന്നത്. നബിﷺ സ്ത്രീകളോടു പോലും പെരുന്നാൾ നമസ്‌കാരം കൊണ്ടു കൽപിച്ചുവെങ്കിൽ പുരുഷന്മാർ അതു നമസ്‌കരിക്കുവാൻ ഏറ്റവും അർഹതപ്പെട്ടവരാണ്. പെരുന്നാൾ നമസ്‌കാരം ‘ഫർദു ഐൻ’ (ഓരോവ്യക്തിക്കും നിർബന്ധമായത്) ആണെന്നതിനെ ബലപ്പെടുത്തുന്നവരും പണ്ഡിതന്മാരിലുണ്ട്.
നിബന്ധനകൾ
സമയമാവുക, പരിഗണനീയമായ എണ്ണമുണ്ടാവുക, ഇസ്തീത്വാൻ (നാട്ടിൽ വെച്ചാവുക) എന്നിവയാകുന്നു പെരുന്നാൾ നമസ്‌കാരത്തിന്റെ പ്രധാന നിബന്ധനകൾ (ശർത്വുകൾ). അതിനാൽ സമയമാകുന്നതിനു മുമ്പും മൂന്നുപേരിൽ കുറഞ്ഞ എണ്ണത്തിലും അത് അനുവദനീയമാവുകയില്ല. നാട്ടിൽ താമസിക്കാത്ത യാത്രക്കാരന് അതു നിർബന്ധവുമില്ല.
നമസ്‌കരിക്കാവുന്ന സ്ഥലങ്ങൾ
ആൾപാർപ്പുള്ള കെട്ടിടങ്ങൾക്കപ്പുറം മരുഭൂമിയിൽ പെരുന്നാൾ നമസ്‌കരിക്കൽ സുന്നത്താക്കപ്പെടും. അബൂസഈദ് رضي الله عنه വിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്.
كَانَ رَسُولُ اللَّهِ صلى الله عليه وسلم يَخْرُجُ يَوْمَ الْفِطْرِ وَالأَضْحَى إِلَى الْمُصَلَّى
നബിﷺ ഫിത്വ‌്‌ർ പെരുന്നാളിലും ബലിപെരുന്നാളിലും മുസ്വല്ലയിലേക്കു പുപ്പെടുമായിരുന്നു. (ബുഖാരി)
മരുഭൂമിയിൽ പോയി ഈ നമസ്‌കാരം നിർവഹിക്കുന്നതിന്റെ ഉദ്ദേശ്യം ഈ മതചിഹ്നം പ്രകടമാക്കലും പരസ്യപ്പെടുത്തലുമാണ്. മഴ, ശക്തമായ കാറ്റ് പോലുള്ള ഒഴിവുകഴിവുണ്ടായാൽ ജുമുഅത്തുപള്ളിയിൽ പെരുന്നാൾ നമസ്‌കരിക്കലും അനുവദനീയമാണ്.
നമസ്‌കാര സമയം
പെരുന്നാൾ നമസ്‌കാരസമയം ദുഹാ നമസ്‌കാരസമയം പോലെയാണ്. സൂര്യൻ ഉദിച്ച് ഒരു കുന്തത്തിന്റെ തോതിൽ ഉയർന്ന് അത് ആകാശമധ്യത്തിൽനിന്നു തെറ്റുന്നതുവരെയാണത്. കാരണം തിരുനബിﷺയും അവിടുത്തെ ഖലീഫമാരും സൂര്യൻ ഉദിച്ചുയർന്നതിനു ശേഷമായിരുന്നു പെരുന്നാൾ നമസ്‌കാരം നിർവഹിച്ചിരുന്നത്. സൂര്യൻ ഉദിച്ചുയരുന്നതിനു മുമ്പുള്ള സമയം നമസ്‌കാരം വിരോധിക്കപ്പെട്ട സമയവുമാണ്. ബലിപെരുന്നാൾ നമസ്‌കാരം അതിന്റെ ആദ്യസമയത്തു നിർവഹിക്കലും ഫിത്വ‌്‌ർ പെരുന്നാൾ നമസ്‌കാരം ആദ്യസമയത്തെത്തൊട്ടു പിന്തിപ്പിക്കലും സുന്നത്താക്കപ്പെടും. നബിﷺയുടെ ചര്യ അപ്രകാരമാണ്. കാരണം, ബലിമൃഗങ്ങളെ അറുക്കുവാൻവേണ്ടി നേരത്തെ പെരുന്നാൾ നമസ്‌കരിക്കൽ ജനങ്ങൾക്ക് ആവശ്യമാണ്. സകാതുൽഫിത്വ‌്‌ർ നൽകുവാനുള്ള സമയവിശാലതക്കു ഫിത്വ‌്‌ർ പെരുന്നാൾ നമസ്‌കാരസമയം നീട്ടലും ജനങ്ങൾക്ക് ആവശ്യമാണ്.
പെരുന്നാൾ നമസ്‌കാരത്തിന്റെ രൂപം
ഖുത്വുബ നിർവഹിക്കുന്നതിനുമുമ്പ് രണ്ടു റക്അത്തുകളാണ് പെരുന്നാൾ നമസ്‌കാരം.
قال عمر رضي الله عنه: صلاة الفِطِْر والأضحى ركعتان ركعتان، تمامٌ غير قصر، على لسان نبيكم، وقد خاب من افترى
ഉമർ رضي الله عنه പറഞ്ഞു: ഫിത്വ‌്‌ർ പെരുന്നാൾ നമസ്‌കാരവും ബലിപെരുന്നാൾ നമസ്‌കാരവും രണ്ട് റക്അത്തുകൾ വീതമാണ്. നിങ്ങളുടെ നബിയുടെ നാവിലൂടെ ക്വസ്വ്‌റായല്ലാതെ പൂർണമായ നിലയ്ക്കാണ് അത് നിയമമാക്കപ്പെട്ടിരിക്കുന്നത്. വ്യാജവാദി ഇച്ഛാഭംഗപ്പെട്ടിരിക്കുന്നു, തീർച്ച. (അഹ്മദ് – നസാഇ -ബൈഹഖി)
ഒന്നാമത്തെ റക്അത്തിൽ തക്ബീറത്തുൽ ഇഹ്‌റാമിനും ദുആഉൽ ഇസ്തിഫ്താഹിനും (പ്രാരംഭ പ്രാർഥന) ശേഷം ഇസ്തിആദത്തിനു (അഊദു ചൊല്ലുന്നതിനു) മുമ്പ് ഏഴു തക്ബീറും രണ്ടാമത്തെ റക്അത്തിൽ ഫാതിഹ ഓതുന്നതിനുമുമ്പായി എഴുന്നേൽക്കുമ്പോഴുള്ള തക്ബീറു കൂടാതെ അഞ്ചു തക്ബീറും ചൊല്ലണം. തിരുനബിﷺ പറഞ്ഞതായി ആഇശ رضي الله عنها യിൽ നിന്നു നിവേദനം:
التكبير فى الفطر والأضحى: في الأولى سبع تكبيرات , وفى الثانية خمس تكبيرات سوى تكبيرتى الركوع
ഫിത്വ‌്‌ർ പെരുന്നാൾ നമസ്‌കാരവത്തിലും ബലിപെരുന്നാൾ നമസ്‌കാരത്തിലും തക്ബീർ ഒന്നാമത്തെ റക്അത്തിൽ ഏഴും രണ്ടാമത്തെ റക്അത്തിൽ അഞ്ചുമാകുന്നു. റുകൂഇന്റെ രണ്ടു തക്ബീറുകൾ കൂടാതെയാണിത്. (അബൂദാവൂദ്:1149 – സ്വഹീഹ് അൽബാനി)
ഓരോ തക്ബീറിനൊപ്പവും ഇരുകൈകളുമുയർത്തണം. കാരണം, നബിﷺ തക്ബീറിനൊപ്പം ഇരുകെകളും ഉയർത്തുമായിരുന്നു.
ഇസ്തിആദത്തിനു ശേഷം ഉറക്കെ പാരായണം ചെയ്യണം. അതിൽ അഭിപ്രായവ്യത്യാസമില്ല. സൂറത്തുൽ ഫാതിഹക്കൊപ്പം ഒന്നാമത്തെ റക്അത്തിൽ സൂറത്തുൽഅഅ്‌ലയും രണ്ടാമത്തേതിൽ സൂറത്തുൽഗാശിയയും ഓതണം.
عَنْ سَمُرَةَ بن جُنْدُب، رَضِيَ اللهُ عَنْهُ قَالَ: “كَانَ رَسُولُ الله – صلى الله عليه وسلم -، يَقْرَأُ في الْعِيدَيْنِ بـ”سَبِّحِ اسْمَ رَبِّكَ الأَعْلَى، وَهَلْ أَتَاكَ حَدِيثُ الْغَاشِيَةِ”.
സമുറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരുദൂതർ പെരുന്നാൾ നമസ്‌കാരങ്ങളിൽ സൂറത്തുൽഅഅ്‌ലയും സൂറത്തുൽഗാശിയയും ഓതുമായിരുന്നു. (അഹ്മദ് – ഇബ്നുമാജ)
തിരുനബിﷺ ഒന്നാമത്തെ റക്അത്തിൽ സൂറത്തു ക്വാഫും രണ്ടാമത്തേതിൽ സൂറത്തുൽക്വമറും പാരായണം ചെയ്തതും സ്വഹീഹായി വന്നിട്ടുണ്ട്. അതിനാൽ സുന്നത്തു പ്രയോഗവൽകരിച്ചുകൊണ്ട് ഒരിക്കൽ സൂറത്തുൽ അഅ്‌ലയും ഗാശിയയും മറ്റൊരിക്കൽ സൂറത്തുക്വാഫും ക്വമറും പരിഗണിക്കപ്പെടണം. അതോടൊപ്പം നമസ്‌കരിക്കുന്നവരുടെ അവസ്ഥകൾ പരിഗണിക്കുകയും അവർക്ക് ആശ്വാസകരമായതു സ്വീകരിക്കുകയും വേണം.
ഖുത്വുബയുടെ സന്ദർഭം
പെരുന്നാൾ നമസ്‌കാരത്തിനു ശേഷമാണ് ഖുത്വുബയുടെ സന്ദർഭം.
عَنِ ابْنِ عُمَرَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم وَأَبُو بَكْرٍ وَعُمَرُ ـ رضى الله عنهما ـ يُصَلُّونَ الْعِيدَيْنِ قَبْلَ الْخُطْبَةِ.
ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: തിരുനബിയും അബൂബക്‌റും ഉമറും ഖുത്വുബക്കു മുമ്പ് രണ്ടു പെരുന്നാളുകളിൽ നമസ്‌കരിക്കുമായിരുന്നു. (ബുഖാരി::963)
പെരുന്നാൾ നമസ്‌കാരം ക്വദാഅ് വീട്ടൽ
പെരുന്നാൾ നമസ്‌കാരം നഷ്ടപ്പെട്ടവർക്ക് അതു ക്വദാഅ് വീട്ടൽ സുന്നത്തില്ല. അങ്ങനെ വേണമെന്ന് അറിയിച്ചുകൊണ്ടുള്ള തെളിവു തിരുനബിയിൽനിന്നു വരാത്തതിനാലാണ് അത്. മാത്രവുമല്ല, ഒരു നിർണിത സംഘടിത നമസ്‌കാരമാണത്. അതിനാൽ ആ നിലക്കല്ലാതെ അതിന് നിയമ സാധുതയുമില്ല.
സുന്നത്തുകൾ
1. നാട്ടിൻപുറത്ത് വിശാലവും തുറന്നതുമായ സ്ഥലത്ത് പെരുന്നാൾ നമസ്‌കാരം നിർവഹിക്കൽ സുന്നത്താണ്. ഈ മതചിഹ്നത്തെ പരസ്യപ്പെടുത്തുവാൻ വേണ്ടി മുസ്‌ലിംകൾ അവിടെ സംഗമിക്കണം. ഒഴിവുകഴിവുണ്ടെങ്കിൽ പള്ളിയിൽ നമസ്‌കരിച്ചാൽ അതിൽ കുഴപ്പമില്ല.
2. ബലിപെരുന്നാൾ നമസ്‌കാരത്തെ മുന്തിക്കലും ഫിത്വ‌്‌ർ പെരുന്നാൾ നമസ്‌കാരത്തെ പിന്തിക്കലും സുന്നത്താക്കപ്പെടും; പെരുന്നാൾ നമസ്‌കാരത്തിന്റെ സമയത്തെ കുറിച്ചുള്ള സംസാരത്തിൽ ഇതിനെക്കുറിച്ചുള്ള വിവരണം മുൻകടന്നതുപോലെ.
3. ഫിത്വ‌്‌ർ പെരുന്നാൾ നമസ്‌കാരത്തിനു പുറപ്പെടുന്നതിനു മുമ്പ് കാരക്കകൾ തിന്നലും ബലിപെരുന്നാൾ ദിനം നമസ്‌കരിക്കുന്നതുവരെ ഭക്ഷിക്കാതിരിക്കലും സുന്നത്താണ്. കാരണം തിരുചര്യ അപ്രകാരമായിരുന്നു. തിരുമേനി ഫിത്വ‌്‌ർ പെരുന്നാൾ ദിനം കാരക്കകൾ കഴിക്കാതെ പുറപ്പെടുമായിരുന്നില്ല. അവിടുന്ന് ഒറ്റയായിക്കൊണ്ടായിരുന്നു അവ ഭക്ഷിച്ചിരുന്നത്. ബലിപെരുന്നാൾ ദിനം നമ സ്‌കരിക്കുന്നതുവരെ തിരുമേനിﷺ ഭക്ഷിക്കുമായിരുന്നില്ല.
4. പെരുന്നാൾ നമസ്‌കാരത്തിനു സ്വുബ്ഹി നമസ്‌കാരാനന്തരം നടന്നുകൊണ്ട് നേരത്തെ പുറപ്പെടൽ സുന്നത്താക്കപ്പെടും. ഇമാമിനോട് അടുത്ത് ഇടംകിട്ടുന്നതിനും നമസ്‌കാരം പ്രതീക്ഷിച്ചിരിക്കുന്നവനുള്ള മഹത്ത്വം ലഭിക്കുന്നതിനുവേണ്ടിയുമാണത്.
5. കുളിച്ച്, ഏറ്റവുംനല്ല വസ്ത്രം ധരിച്ച്, സുഗന്ധമുപയോഗിച്ച്, അണിഞ്ഞൊരുങ്ങൽ മുസ്‌ലിമിനു സുന്നത്താണ്.
6. മതകാര്യങ്ങളെ സമഗ്രമായി ഉൾകൊള്ളിച്ചുകൊണ്ടു ഖുത്വുബ നിർവഹിക്കൽ സുന്നത്താണ്. ആളുകളെ സകാത്തുൽഫിത്വ്‌റിനു പ്രേരിപ്പിക്കുകയും അവർ കൊടുത്തുവീട്ടേണ്ടത് അവർക്കു വ്യക്തമാക്കുകയും വേണം. ഉദ്വ്ഹിയ്യത്തിനു അവരെ പ്രേരിപ്പിക്കുകയും അതിന്റെ വിധികൾ അവർക്കു വ്യക്തമാക്കുകയും വേണം. സ്ത്രീകൾക്കും ഖുത്വുബയിൽ ഉപദേശനിർദേശങ്ങളുണ്ടാവണം. കാരണം അവരതിനു ആവശ്യക്കാരാണ്. തിരുനബിയുടെ മാതൃകയുമതാണ്. തിരുമേനി നമസ്‌കാരത്തിൽനിന്നും ഖുത്വുബഃയിൽനിന്നും വിരമിച്ചതിനു ശേഷം സ്ത്രീകളെ പ്രത്യേകം ഉപദേശിക്കുകയും ഉദ്‌ബോധിക്കുകയുമുണ്ടായി. ഖുത്വുബ നമസ്‌കാരശേഷമായിരിക്കണമെന്ന് ഉണർത്തിയല്ലോ.
7. തക്ബീറും തഹ്‌ലീലും ചൊല്ലിക്കൊണ്ട് ദിക്ർ വർധിപ്പിക്കൽ സുന്നത്താണ്.
وَلِتُكْمِلُوا۟ ٱلْعِدَّةَ وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ
നിങ്ങള്‍ എണ്ണം പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയും, നിങ്ങള്‍ക്ക് അല്ലാഹു സന്‍മാര്‍ഗം കാണിച്ചു തന്നതിന്‍റെ പേരില്‍ നിങ്ങള്‍ അവന് ‘തക്ബീര്‍’ [മഹത്വകീര്‍ത്തനം] നടത്തുവാന്‍ വേണ്ടിയും, നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടിയുമാകുന്നു (ഇതെല്ലാം നിശ്ചയിച്ചത്). (ഖു൪ആന്‍:2/185)
പള്ളികളിലും വീടുകളിലും അങ്ങാടികളിലും പുരുഷന്മാർ അതുകൊണ്ടു ശബ്ദം ഉയർത്തുകയും സ്ത്രീകൾ ശബ്ദം താഴ്ത്തുകയും വേണം.
8. വഴിമാറൽ: ഈദ്ഗാഹിലേക്ക് ഒരു വഴിയിലൂടെ പോവുകയും അതിൽനിന്നു മറ്റൊരു വഴിയിലൂടെ മടങ്ങുകയും വേണം. ജാബിര്‍ رَضِيَ اللَّهُ عَنْهُ വിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:
كَانَ النَّبِيُّ صلى الله عليه وسلم إِذَا كَانَ يَوْمُ عِيدٍ خَالَفَ الطَّرِيقَ.
പെരുന്നാൾ സുദിനമായാൽ തിരുനബി വഴി മാറുമായിരുന്നു(പോയ വഴി യിലൂടെയല്ലാതെ മറ്റൊരു വഴിയിലൂടെ മടങ്ങുമായിരുന്നു.(ബുഖാരി::986)
ഇരുവഴികളും തനിക്കു സാക്ഷിയാകുന്നതിനാണ് വഴിമാറി മടങ്ങുന്നതെന്ന് അതിന്റെ പൊരുളായി പറയപ്പെട്ടിട്ടുണ്ട്. ആ വഴികളിൽ ഇസ്‌ലാമിക ചിഹ്നം പ്രകടമാക്കുന്നതിനാണെന്നും മറ്റും പറയപ്പെട്ടിട്ടുണ്ട്.
പെരുന്നാൾ സുദിനം ജനങ്ങൾ പരസ്പരം ആഹ്ലാദവും സന്തോഷവും പ്രകടിപ്പിച്ചുകൊണ്ട് ‘നമ്മിൽ നിന്നും താങ്കളിൽനിന്നും അല്ലാഹു സൽപ്രവൃത്തികൾ സ്വീകരിക്കട്ടെ’ എന്നു പറഞ്ഞ് ആശംസ നേരുന്നതിൽ കുഴപ്പമില്ല. കാരണം തിരുനബിയുടെ അനുചരന്മാർ അപ്രകാരം ചെയ്തിരുന്നു.
(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്)
വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി
kanzululoom.com