പെരുന്നാള്‍ ദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മം പെരുന്നാള്‍ നമസ്‌കാരമാണ്.പെരുന്നാള്‍ നമസ്കാരം പ്രബലമായ സുന്നത്ത് നമസ്കാരമാണ്.അത് നി൪ബന്ധമാണെന്നും അതല്ല സാമൂഹിക ബാധ്യതയാണെന്നും അഭിപ്രായപ്പെട്ട പണ്ഢിതന്‍മാരുമുണ്ട്. പെരുന്നാള്‍ നമസ്കാരം പള്ളിയില്‍ വെച്ചോണോ ഈദ്ഗാഹില്‍ വച്ചാണോ നി൪വ്വഹിക്കേണ്ടത് എന്നത് നമ്മുടെ നാടുകളിലെ ത൪ക്ക വിഷയമാണ്. എന്നാല്‍ പ്രമാണങ്ങളെ യാതൊരു മുന്‍വിധിയുമില്ലാതെ നോക്കികാണുന്ന ഒരാള്‍ക്ക് യാതൊരു സംശയത്തിനും ഇടയില്ലാത്ത കാര്യമാണ്, അത് പള്ളിയില്‍ വെച്ചല്ല മുസ്വല്ലയില്‍ (ഈദ്ഗാഹ്) വെച്ചാണ് നി൪വ്വഹിക്കേണ്ടത് എന്നത്.

عَنِ ابْنِ عُمَرَ، قَالَ كَانَ النَّبِيُّ صلى الله عليه وسلم يَغْدُو إِلَى الْمُصَلَّى، وَالْعَنَزَةُ بَيْنَ يَدَيْهِ، تُحْمَلُ وَتُنْصَبُ بِالْمُصَلَّى بَيْنَ يَدَيْهِ فَيُصَلِّي إِلَيْهَا‏

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം : നബി ﷺ മുസ്വല്ലയിലേക്ക് പ്രഭാതത്തില്‍ പുറപ്പെടും. നബി ﷺ യുടെ മുന്നില്‍ ഒരു വടി നാട്ടുകയും അതിന്റെ നേരേ തിരിഞ്ഞ് നമസ്കരിക്കുകയും ചെയ്യും.(ബുഖാരി :973)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَخْرُجُ يَوْمَ الْفِطْرِ وَالأَضْحَى إِلَى الْمُصَلَّى

അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു: ‘നബി ﷺ ഫിത്വ്൪ പെരുന്നാളിലും ബലി പെരുന്നാളിലും മുസ്വല്ലയിലേക്ക് (ഈദ്ഗാഹിലേക്ക്) പുറപ്പെടുമായിരുന്നു …….’ (ബുഖാരി:956)

قال الإمام ابن القيم رحمه الله : كان صلى الله عليه وسلم يصلي العيدين في المصلى ، وهو المصلى الذي على باب المدينة الشرقي

ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു: നബി ﷺ പെരുന്നാള്‍ ദിവസം മുസ്വല്ലയിലാണ് നമസ്കരിച്ചിരുന്നത്.മുസ്വല്ല എന്നത് മദീനയിലെ വെളിയിലേക്കുള്ള വാതിലാണ് . (സാദുൽ മആദ് : 1 /441)

നബി ﷺ  ഈദുല്‍ഫിത്വറിനും ഈദുല്‍ അദ്ഹാക്കും മുസ്വല്ലയിലേക്ക് പുറപ്പെട്ടിരുന്നുവെന്ന ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം നവവി(റഹി)പറയുന്നു: പെരുന്നാള്‍ നമസ്‌കാരത്തിന് മുസ്വല്ലയിലേക്ക് പോകലാണ് അഭികാമ്യമെന്നും പള്ളിയില്‍ വെച്ചുള്ള നമസ്‌കാരത്തേക്കാള്‍ അതാണ് ശ്രേഷ്ഠകരമെന്നും അഭിപ്രായപ്പെടുന്നവര്‍ക്ക് ഇത് തെളിവാണ്. നമ്മുടെ ആളുകള്‍ക്ക് ഇക്കാര്യത്തില്‍ രണ്ട് വീക്ഷണങ്ങളുണ്ട്. ഒരു വിഭാഗം മൈതാനമാണ് ശ്രേഷ്ഠമെന്ന് പറയുന്നു. രണ്ടാമത്തെ വിഭാഗം ഒരു പ്രദേശത്തെ മുഴുവന്‍ വിശ്വാസികളെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമാണെങ്കില്‍ പള്ളിയാണ് ശ്രേഷ്ഠമെന്ന് അഭിപ്രായപ്പെടുന്നു (ശറഹു മുസ്‌ലിം).

عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَخْرُجُ يَوْمَ الْفِطْرِ وَيَوْمَ الأَضْحَى إِلَى الْمُصَلَّى

അബൂസഈദ് അല്‍ഖുദ്‌രി(റ)യില്‍ നിന്ന് നിവേദനം: നബി ﷺ ചെറിയ പെരുന്നാള്‍ ദിവസവും ബലിപെരുന്നാള്‍ ദിവസവും മുസ്വല്ലയിലേക്ക് പോകാറുണ്ടായിരുന്നു. (നസാഈ:1576)

‘ജബാന’ എന്ന സ്ഥലത്ത് പോയി നബി ﷺ പെരുന്നാള്‍ നമസ്‌കരിച്ചു എന്നും റിപ്പോര്‍ട്ടുണ്ട്. സ്വഹാബികള്‍, താബിഉകള്‍, മദ്ഹബിന്റെ ഇമാമുമാര്‍, അഹ്‌ലുസ്സുന്നയുടെ മറ്റു പണ്ഡിതന്മാര്‍ എന്നിവരെല്ലാം ഇത് അംഗീകരിച്ചതിന് ധാരാളം തെളിവുകളുണ്ട്. നാല് മദ്ഹബുകളുടെയും നിലപാട് ഇതാണ്.

ഇമാം അല്‍ഐനി അല്‍ഹനഫി(റഹി) പറയുന്നു: ”അബൂസഈദ് അല്‍ഖുദ്‌രി(റ)യുടെ ഹദീഥില്‍ ഈദ്ഗാഹിലേക്ക് പുറപ്പെടണമെന്നതിന് തെളിവുണ്ട്. അനിവാര്യഘട്ടത്തിലാണ് പെരുന്നാള്‍ നമസ്‌കാരം പള്ളിയില്‍ വെച്ച് നിര്‍വ്വഹിക്കേണ്ടത്.”

ഇമാം ക്വുര്‍ത്വുബി അല്‍മാലികി(റഹി) തന്റെ ‘അല്‍മുഫ്ഹിം’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”നബി ﷺ മുസ്വല്ലയിലേക്ക് പുറപ്പെട്ടത് തന്നെ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് ഈദ്ഗാഹിലേക്ക് പുറപ്പെടണമെന്നതിന് തെളിവാണ്. അപ്രകാരമാണ് ജനങ്ങള്‍ പ്രവര്‍ത്തിച്ച് പോന്നത്. ഇസ്‌ലാമിന്റെ സൗന്ദര്യവും പ്രൗഢിയും പ്രകടിപ്പിക്കലാണ് ഇതിന്റെ യുക്തി. സൗകര്യാര്‍ഥം ഏത് നാടും ഇതിനുപയോഗിക്കാം; മക്കയൊഴികെ. മക്കയില്‍ മസ്ജിദുല്‍ ഹറമില്‍ പെരുന്നാള്‍ നമസ്‌കരിക്കണം. അവിടെ നിന്ന് പുറത്തു പോകാവതല്ല. അത് അല്ലാഹുവിന്റെ ഭവനത്തോട് പ്രതിപത്തി പുലര്‍ത്തലാണ്.”

قال الإمام الشافعي  :  بلغنا أن رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ كان يخرج في العيدين إلى المصلى بالمدينة ، وكذلك من كان بعده ، وعامة أهل البلدان إلا مكة ، فإنه لم يبلغنا أن أحداً من السلف صلى بهم عيداً إلا في مسجدهم . وأحسب ذلك ـ والله تعالى أعلم ـ لأن المسجد الحرام خير بقاع الدنيا ، فلم يحبوا أن يكون لهم صلاة إلا فيه ما أمكنهم …

ഇമാം ശാഫിഈ(റഹി) പറയുന്നു: മദീനയിലായിരിക്കെ നബി ﷺ പെരുന്നാള്‍ മുസ്വല്ലയിലേക്ക് പുറപ്പെട്ടിരുന്നുവെന്ന് നമുക്ക് വിവരമെത്തിയിട്ടുണ്ട്. പ്രവാചകന് ശേഷവും അപ്രകാരം തന്നെയായിരുന്നു.    മക്കക്കാര്‍ ഒഴിച്ച് ബാക്കിയെല്ലാ നാട്ടുകാരും (അപ്രകാരം തന്നെയായിരുന്നു). മുൻഗാമികളാരും അവരോടൊപ്പം അവരുടെ പള്ളിയിലല്ലാതെ (മസ്ജിദുൽ ഹറാം) ഈദ് നമസ്കരിച്ചതായി നമുക്ക് വിവരമെത്തിയിട്ടില്ല. (അല്‍ ഉമ്മ്)

قال ابن قدامة الحنبلي : السُّنَّةُ أَنْ يُصَلَّى الْعِيدُ فِي الْمُصَلَّى , أَمَرَ بِذَلِكَ عَلِيٌّ رضي الله عنه . وَاسْتَحْسَنَهُ الأَوْزَاعِيُّ , وَأَصْحَابُ الرَّأْيِ . وَهُوَ قَوْلُ ابْنِ الْمُنْذِرِ .

ഇമാം ഇബ്‌നുഖുദാമ അല്‍ ഹമ്പലി (റഹി)  പറയുന്നു: പെരുന്നാള്‍ നമസ്‌കാരം മുസ്വല്ലയില്‍ വെച്ചാണ് സുന്നത്ത്. അങ്ങനെ ചെയ്യാന്‍ അലി(റ) കല്‍പിച്ചിട്ടുണ്ട്. ഔസാഈയും അറിവുള്ളവരും അതാണ് ഇഷ്ടപ്പെട്ടത്. അതാണ് ഇബ്‌നുമുന്‍ദിറിന്റെയും അഭിപ്രായം. (അല്‍മുഗ്‌നി:2/229,230)

قال العلامة ابن الحاج  :  والسنة الماضية في صلاة العيدين أن تكون في المصلى ، لأن النبي صلَّى الله عليه وسلَّم قال :” صلاة في مسجدي هذا أفضل من ألف صلاة فيما سواه إلا المسجد الحرام  . ثم هو مع هذه الفضيلة العظيمة خرج صَلَّى اللَّهُ عَلَيْهِ وَسَلَّمَ إلى المصلى وتركه

അല്ലാമാ ഇബ്നുൽ ഹാജ്ജ് അൽ മാലികി(റഹി) പറയുന്നു: രണ്ട് പെരുന്നാൾ നമസ്കാരങ്ങൾ മുസ്വല്ലയിൽ വെച്ച് ആകുക എന്നതാണ് പ്രവാചക സുന്നത്ത്. മസ്ജിദുൽ ഹറാം ഒഴികെ മറ്റ് ഏതൊരു പള്ളിയിലും വെച്ച് നമസ്കരിക്കുന്നതിനേക്കാളും ആയിരം ഇരട്ടി ശ്രേഷ്ടമായതാണ് എന്റെ ഈ മസ്ജിദിൽ നമസ്കരിക്കുന്നതെന്ന് പഠിപ്പിച്ച നബി ﷺ , ആ മഹത്തായ ശ്രേഷ്ടത ഉണ്ടായിരിക്കെതന്നെ തന്റെ മസ്ജിദ് ഒഴിവാക്കി പെരുന്നാൾ നമസ്കാരത്തിന് മുസ്വല്ലയിലേക്ക് പുറപ്പെടുകയാണുണ്ടായത്. (അൽ മഖ്ദൽ:2/283)

സ്ത്രീകള്‍ക്കും ഈദ്ഗാഹിലേക്ക് പോകല്‍ ഏറെ പുണ്യകരമാണ്. മാത്രമല്ല നബി ﷺ  അശുദ്ധിയുള്ള സ്ത്രീകളോട് പോലും അതിൽ പങ്കെടുക്കുവാനും , നമസ്കാര സമയത്ത് മാത്രം മുസ്വല്ലയിൽ നിന്നും മാറി നില്ക്കുവാനും കൽപ്പിച്ചിട്ടുണ്ട്‌. പള്ളികളില്‍ വെച്ചല്ല, പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളില്‍ വെച്ചാണ് ഈദ് നമസ്‌കാരം നിര്‍വഹിക്കുക എന്നതിനാല്‍ അവര്‍ക്കത് സാധ്യമാവുകയും ചെയ്യും. ഈദിന്റെ സന്തോഷത്തില്‍നിന്നും ഉദ്‌ബോധനം ശ്രവിക്കുന്നതില്‍ നിന്നും അവര്‍ മാറിനില്‍ക്കേണ്ടതില്ല എന്നര്‍ത്ഥം. നമസ്‌കാര സമയത്ത് അവര്‍ മാറി നിന്നാല്‍ മതി. നബി ﷺ അങ്ങനെ നിര്‍ദേശിച്ചതായി കാണാവുന്നതാണ്.

قَالَ قَالَتْ أُمُّ عَطِيَّةَ أُمِرْنَا أَنْ نَخْرُجَ فَنُخْرِجَ الْحُيَّضَ وَالْعَوَاتِقَ وَذَوَاتِ الْخُدُورِ‏.‏ قَالَ ابْنُ عَوْنٍ أَوِ الْعَوَاتِقَ ذَوَاتِ الْخُدُورِ، فَأَمَّا الْحُيَّضُ فَيَشْهَدْنَ جَمَاعَةَ الْمُسْلِمِينَ وَدَعْوَتَهُمْ، وَيَعْتَزِلْنَ مُصَلاَّهُمْ‏.‏

ഉമ്മുഅത്വിയ്യ(റ) നിവേദനം: ആര്‍ത്തവകാരികളായ സ്ത്രീകളേയും യുവതികളേയും അന്തപുരങ്ങളില്‍ ഇരിക്കുന്ന സ്ത്രീകളേയും ഈദ്ഗാഹിലേക്ക്‌ കൊണ്ടു വരാന്‍ ഞങ്ങളോട്‌ ശാസിക്കപ്പെടാറുണ്ട്‌. എന്നാല്‍ ആര്‍ത്തവകാരികള്‍ മുസ്ലിംകളുടെ സംഘത്തിലും അവരുടെ പ്രാര്‍ത്ഥനകളിലും പങ്കെടുക്കും. നമസ്കാര സമയത്ത് നമസ്കാര സ്ഥലത്തു നിന്ന്‌ അവര്‍ അകന്ന്‌ നില്‍ക്കും. (ബുഖാരി:981)

ഈ ഹദീസിന്റെ വിവരണത്തിൽ ഇമാം ഇബ്നു ഹജർ(റ) പറയുന്നു:

وفيه استحباب خروج النساء إلى شهود العيدين سواء كن شواب أم لا وذوات هيئات أم لا ، وقد اختلف فيه السلف ، ونقل عياض وجوبه عن أبي بكر وعلي وابن عمر

ഈ ഹദീസില്‍ സ്ത്രീകള്‍ രണ്ടു പെരുന്നാളിന് പുറപ്പെടല്‍ നല്ലതാണെന്നുണ്ട്. ഇവിടെ യുവതികളും അല്ലാത്തവരും സൗന്ദര്യമുള്ളവരും ഇല്ലാത്തവരും സമമാണ്. ഈ വിഷയത്തില്‍ സലഫുകള്‍ ഭിന്നിച്ചിരിക്കുന്നു. അബൂബക്ക൪ ,അലി, ഇബ്നു ഉമ൪(റ) എന്നിരില്‍ നിന്നും അത് നി൪ബന്ധമാണെന്ന അഭിപ്രായം ഖാദിഇയാള് (റ ) ഉദ്ധരിക്കുന്നു . (ഫത്ഹുല്‍ ബാരി :3/541)

ആർത്തവകാരികൾ വരണമെന്നതിനെ സംബന്ധിച്ച്  ഇബ്നുഹജർ(റ) പറയുന്നു:

لأن مشروعية إخراج الصبيان إلى المصلى إنما هو للتبرك وإظهار شعار الإسلام بكثرة من يحضر منهم ولذالك شرع للحيض.

ആളുകളുടെ ആധിക്യം മൂലമുള്ള ഖൈർ ലഭിക്കുന്നതിനാണ് ആർത്തവകാരികളും കുട്ടികളും വരൽ സുന്നത്താക്കപ്പെട്ടത്. (ഫത്ഹുൽ ബാരി)

സ്ത്രീകള്‍ പെരുന്നാള്‍ നമസ്കരിക്കാന്‍ പോകല്‍ ഫ൪ളാണോ അല്ലേ എന്നതില്‍ മാത്രമേ സലഫുകള്‍ക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നുള്ളൂ . അത് പുണ്യകരമാണെന്നതിന് അഭിപ്രായവ്യത്യാസമേ ഇല്ലായിരുന്നു.എന്നാല്‍ ഇന്ന് ചില൪ സ്ത്രീകള്‍ പെരുന്നാള്‍ നമസ്കരിക്കാന്‍ ഈദ്ഗാഹുകലിലേക്ക് പോകുന്നത് തടയാനും ആക്ഷേപിക്കാനുമാണ് ശ്രമിക്കുന്നത്

فَقَالَتْ يَا رَسُولَ اللَّهِ، عَلَى إِحْدَانَا بَأْسٌ إِذَا لَمْ يَكُنْ لَهَا جِلْبَابٌ أَنْ لاَ تَخْرُجَ فَقَالَ ‏:‏ لِتُلْبِسْهَا صَاحِبَتُهَا مِنْ جِلْبَابِهَا فَلْيَشْهَدْنَ الْخَيْرَ وَدَعْوَةَ الْمُؤْمِنِينَ

ഹഫ്സ ബിൻത് സിരീൻ(റ) പറയുന്നു: ……എന്റെ സഹോദരി നബി(സ) യോടു ചോദിച്ചു: ഞങ്ങളിൽ ഒരാൾക്ക് പർദ്ദയില്ലെങ്കിൽ (പെരുന്നാള്‍ നമസ്കാരത്തിന്) വരാതിരിക്കുന്നതിൽ തെറ്റുണ്ടോ? വസ്ത്രമില്ലെങ്കിൽ കൂട്ടുകാരി നൽകണം. പുണ്യത്തിലും സത്യവിശ്വാസികളുടെ പ്രാർത്ഥനയിലും അവളും പങ്കെടുക്കട്ടെ എന്ന് നബി ﷺ പ്രത്യുത്തരം നൽകി. (ബുഖാരി:980)

ഇതൊക്കെ ഹിജാബിന്റെ ആയത്തിന് മുമ്പായിരുന്നുവെന്നും നബി ﷺ ക്ക് ശേഷം ഇതൊന്നുമില്ലായിരുന്നുവെന്നുമാണ് ഇവ൪ പറയുന്നത്. എന്നാല്‍ ഇബ്നു ഹജ൪(റ) അതും പൊളിക്കുന്നു.

وتعقب بأن النسخ لا يثبت بالاحتمال ، قال الكرماني : تاريخ الوقت لا يعرف قلت : بل هو معروف بدلالة حديث ابن عباس أنه شهده وهو صغير وكان ذلك بعد فتح مكةوقد أفتت به أم عطية بعد النبي – صلى الله عليه وسلم – بمدة كما في هذا الحديث ولم يثبت عن أحد من الصحابة مخالفتها في ذلك ، وأما قول عائشة ” لو رأى النبي – صلى الله عليه وسلم – ما أحدث النساء لمنعهن المساجد ” فلا يعارض ذلك لندوره إن سلمنا أن فيه دلالة على أنها أفتت بخلافه ، مع أن الدلالة منه بأن عائشة أفتت بالمنع ليست صريحة

ക൪മാനി പറഞ്ഞു :ഇത് ഏത് കാലത്താണെന്നു വ്യക്തമല്ല. ഞാൻ പറയുന്നു : എന്നാൽ ഇത് ഇബ്നു അബ്ബാസിന്റെ(റ) ഹദീസിന്റെ അടിസ്ഥാനത്തിൽ വ്യക്തമാണ് . അദ്ദേഹം ചെറിയ കുട്ടിയായിരുന്നപ്പോഴാണ് ആ നമസ്‌കാരത്തിൽ പങ്കെടുത്തത് . ഇത് മക്കാ വിജയത്തിന് ശേഷമാണ് .തീർച്ചയായും നബി ﷺ യുടെ മരണ ശേഷം ഈ ഹദീസിൽ പറയുന്നതുപോലെ (സകല സ്ത്രീകളും ഈദ് ഗാഹിൽ പങ്കെടുക്കണമെന്ന് ഉമ്മു അത്തിയ്യ (റ) കുറേക്കാലം ഫത്‌വ കൊടുക്കുകയുണ്ടായി .സ്വഹാബിമാരിൽ നിന്നു ഒരാൾ പോലും അവരോട് അതിൽ വിയോജിച്ചില്ല . സ്ത്രീകൾ പുതുതായി ഉണ്ടാക്കിയ കുഴപ്പങ്ങൾ കണ്ടാൽനബി ﷺ അവരെ തടഞ്ഞേനെ എന്ന ആയിശ(റ)യുടെ വാക്ക് ഇതിനെതിരല്ല. ഉമ്മു അത്തിയ്യക്ക് എതിരായി ആയിശാ(റ) ഫത്‌വ നൽകി എന്നതിന് ഇതു സൂചനയാണെന്ന് സമ്മതിച്ചാൽ പോലും . കാരണം ഇത് ഒറ്റപ്പെട്ട ഒരു അഭിപ്രയം മാത്രമാണ് . പുറമെ സ്ത്രീകളെ പള്ളിയിൽ നിന്നും തടയണമെന്ന് ആയിശാ ഫത്‌വ നൽകിയെന്ന അവരുടെ പ്രസ്താവനയിൽ നിന്നും വ്യക്തവുമല്ല (ഫത് ഹുൽ ബാരി:3/541 -54)

‌قَالَ سَمِعْتُ ابْنَ عَبَّاسٍ، قَالَ خَرَجْتُ مَعَ النَّبِيِّ صلى الله عليه وسلم يَوْمَ فِطْرٍ أَوْ أَضْحَى، فَصَلَّى ثُمَّ خَطَبَ، ثُمَّ أَتَى النِّسَاءَ فَوَعَظَهُنَّ وَذَكَّرَهُنَّ، وَأَمَرَهُنَّ بِالصَّدَقَةِ

ഇബ്നു അബ്ബാസ് (റ ) പറയുന്നു : ഞാൻ നബിയുടെ (സ) ഈദുൽ ഫിത്വറിന്റെയോ ഈദുൽ അദ്ഹയുടെയോ ദിവസം പുറപ്പെട്ടു . അനന്തരം നബി ﷺ നമസ്ക്കരിച്ചു . ശേഷം അദ്ദേഹം സ്ത്രീകളുടെ അടുത്ത് ചെല്ലുകയും അവരെ ഉപദേശിക്കുകയും ഉൽബോധിപ്പിക്കുകയും ദാനം നൽകാൻ നിർദേശിക്കുകയും ചെയ്‌തു . (ബുഖാരി 975)

ഈ ഹദീസ് തെളിവ് പിടിച്ചാണ് ഇബ്നു ഹജർ(റ) സ്ത്രീകൾ ഈദ് ഗാഹിൽ പുറപ്പെടൽ അനുവദനീയം എന്ന് പറഞ്ഞത്. കാരണം ഈ സംഭവം നടക്കുന്നത് ഹിജ്റ എട്ടിനാണ് അഥവാ ഹിജാബിന്റെ ആയത് ഇറങ്ങിയിട്ട് 5 വർഷം കഴിഞ്ഞ്.

നബി ﷺ ഒരിക്കല്‍ പോലും പള്ളിയിൽ വെച്ച് ഈദ് നമസ്ക്കരിച്ചിരുന്നില്ല. ഒരു പ്രാവശ്യം മഴ കാരണം പള്ളിയിൽ നമസ്ക്കരിച്ചുവെന്ന ഹദീസ് അബൂദാവൂദ് ഇബ്നുമാജ എന്നിവ൪ ഉദ്ദരിക്കുന്നുണ്ട്. എന്നാൽ ഈ ഹദീസ് ഇബ്നു ഹജർ(റ) ദുർബലമാണെന്ന് തൽഖീസിൽ പറയുന്നു.ഔനുൽ മഅബൂദിലും ഇപ്രകാരം കാണാവുന്നതാണ്. ഈ ഹദീസ് സ്വഹീഹ് ആയാലും അത് ഈദ് ഗാഹിന് എതിരല്ല.കാരണം ഒരു ഈദ് ദിനത്തിൽ മഴ പെയ്തു അന്നേരം. നബി ﷺ പള്ളിയിൽ നമസ്ക്കരിച്ചു എന്നാണ് ഹദീസിലുള്ളത്.

നബി ﷺ ഈദുല്‍ഫിത്വറിനും ഈദുല്‍ അദ്ഹാക്കും മുസ്വല്ലയിലേക്ക് പുറപ്പെട്ടിരുന്നുവെന്ന ഹദീസുകളുടെ അടിസ്ഥാനത്തില്‍ മുസ്വല്ലയില്‍ വെച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കലാണ് സുന്നത്തെന്നും അതാണ് ശ്രേഷ്ഠമെന്നും ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു.

قال الإمام ابن القيم رحمه الله : مضت سنة النبي صلى الله عليه وسلم العملية على ترك مسجده في صلاة العيدين ، وأدائها في المصلى الذي على باب المدينة الخارجي

ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു:രണ്ട് പെരുന്നാളുകളിലും മസ്ജിദുന്നബവി ഒഴിവാക്കി മദീനയുടെ കവാടത്തിന്റെ അടുത്തുള്ള മൈതാനിയിൽ വെച്ച് പെരുന്നാൾ നമസ്കരിക്കലാണ് നബിﷺയുടെ സുന്നത്ത്. (സാദുൽ മആദ് : 1/441)

മുഹ്‌യുദ്ദീന്‍ ശൈഖ്(റ) പറയുന്നു: ‘പെരുന്നാള്‍ നമസ്‌കാരം മൈതാനത്ത് നടത്തുകയാണ് ഏറ്റവും ഉത്തമം. കാരണമില്ലാതെ പള്ളിയില്‍ വെച്ച് നമസ്‌കരിക്കുന്നത് വെറുക്കപ്പെട്ടതാണ്. സ്ത്രീകള്‍ ഹാജറാകുന്നതില്‍ തെറ്റില്ല.’ (അല്‍ഗുന്‍യത്ത് 2:127)

ഇബ്നു ഖുദാമ(റ) പറഞ്ഞു : പെരുന്നാള്‍ നമസ്കാരം ഈദ്ഗാഹിലാണ് ന൪വ്വഹിക്കപ്പെടേണ്ടത്. നബി ﷺ യും നബിക്ക് ശേഷം ഖലീഫമാരും ഇങ്ങനെയാണ് ചെയ്തത്. (മസ്ജിദുന്നബവി) അടുത്ത് തന്നെയായിട്ടും ഏറ്റവും ശ്രേഷ്ടമായത് റസൂല്‍ ﷺ ഉപേക്ഷിക്കുകയോ (ശ്രേഷ്ടതയില്‍) ന്യൂനതയുള്ളത് അതിന്റെ വിദൂരതയോടെ തന്റെ ഉമ്മത്തിന് റസൂല്‍ ﷺ നി൪ബന്ധമാക്കുകയോ ശ്രേഷ്ടമായവയെ ഉപേക്ഷിക്കല്‍ റസൂല്‍ ﷺ നിയമമാക്കുകയോ ചെയ്യുകയില്ല. (അല്‍മുഗ്നി :2/229)

ഇബ്‌നുഖുദാമ(റ) പറയുന്നു: ……. ഒരു കാരണവുമില്ലാതെ നബി ﷺ പള്ളിയില്‍ വെച്ച് നമസ്‌കരിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് മുസ്‌ലിംകളുടെ ഇജ്മാഉ ആണ്. ഏത് ദേശത്തായാലും ഏത് കാലത്തായാലും പള്ളി ഇടുങ്ങിയതായാലും വിശാലമായതായാലും ജനങ്ങള്‍ മുസ്വല്ലയില്‍ വെച്ചായിരുന്നു പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചിരുന്നത്. പള്ളിക്ക് വീടിനേക്കാള്‍ ശ്രേഷ്ഠയുണ്ടായിരിക്കെ തന്നെ സുന്നത്ത് നമസ്‌കാരം നബി ﷺ വീട്ടില്‍ വെച്ചായിരുന്നു നമസ്‌കരിച്ചിരുന്നത്. അലി(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അദ്ദേഹത്തോട് പറയപ്പെടുകയുണ്ടായി: ദുര്‍ബലരും അന്ധന്‍മാരും പള്ളിയില്‍ ഒരുമിച്ചുകൂടിയിട്ടുണ്ട്. അതിനാല്‍ താങ്കള്‍ക്ക് അവരെയും കൊണ്ട് നമസ്‌കരിച്ചൂകൂടേ? അപ്പോള്‍ അലി(റ) പറഞ്ഞു: ഞാന്‍ സുന്നത്തിന് എതിര് ചെയ്യണമോ? നമുക്ക് മുസ്വല്ലയിലേക്ക് തന്നെ പുറപ്പെടാം. (കിതാബുല്‍ മുഗ്‌നി : 3/260)

ഇമാം ശഅറാനി(റ) പറയുന്നു : പെരുന്നാള്‍ നമസ്‌കാരം നാട്ടിലുള്ള പുറംസ്ഥലങ്ങളില്‍ വെച്ച് നിര്‍വഹിക്കല്‍ സുന്നത്താണെന്ന് ഇജ്മാഉ ഉണ്ട്. അതില്‍ പങ്കെടുക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് പള്ളിയില്‍ വെച്ച് അത് നിര്‍വഹിക്കാം. (അല്‍ മീസാനുല്‍ കുബ്‌റാ : 1/77)

രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന ഉമറുബ്‌നു അബ്ദില്‍ അസീസി(റ)നെ ഉദ്ധരിച്ച് ഇമാം ശാഫിഈ(റഹി) പറയുന്നു: ‘ഉമറുബ്‌നു അബ്ദില്‍ അസീസ് മദീനയിലെ ഗവര്‍ണറായ തന്റെ മകന് കത്തെഴുതി. പെരുന്നാള്‍ ദിനം സൂര്യനുദിച്ചാല്‍ നീ മുസ്വല്ലയിലേക്ക് പുറപ്പെടുക’. (കിതാബുല്‍ ഉമ്മ് 1/381)

നബി ﷺ യുടെ പള്ളിയായിരുന്നിട്ടും, മറ്റു് പള്ളികളേക്കാള്‍ അനേകമിരട്ടി പ്രതിഫലമുണ്ടായിട്ടും ഉമറുബ്‌നു അബ്ദില്‍ അസീസ് (റ) തന്റെ മകനോട് മുസ്വല്ലയിലേക്ക് പുറപ്പെടാനാണ് കത്തെഴുതിയിരിക്കുന്നത്. മാത്രമല്ല ആയിരക്കണക്കിന് താബിഉകള്‍ പങ്കെടുത്ത മസ്ജിദുന്നബവിയുടെ മിമ്പറില്‍ ഉമറുബ്‌നു അബ്ദില്‍ അസീസ്(റ) വെള്ളിയാഴ്ചത്തെ ഖുതുബയില്‍ ശനിയാഴ്ചയിലെ ഈദുല്‍ ഫിത്വറിന് മുസ്വല്ലയിലേക്ക് പോകാന്‍ കല്‍പ്പിച്ചതായും കാണാം.

ഇമാം ഇബ്‌നു ഖുദാമ (റ) എഴുതുന്നു: ‘അബ്ദുല്ലാഹിബ്‌നു അലാഇല്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു: വെള്ളിയാഴ്ച മിമ്പറില്‍ ഉമറുബ്‌നു അബ്ദില്‍ അസീസ്(റ) പറയുന്നത് ഞാന്‍ കേട്ടു: നാളെ ഈദുല്‍ ഫിത്വറാണ്. അതിനാല്‍ നിങ്ങള്‍ മുസ്വല്ലയിലേക്ക് നടന്നു പോവുക. അതാണ് നബിചര്യ. എന്നാല്‍ വിദൂര ദേശത്തുള്ളവര്‍ മദീന വരെ വാഹനത്തില്‍ വരാം. ഇവിടെയെത്തിയാല്‍ മുസ്വല്ലവരെ നടക്കുക’ (അല്‍മുഗ്‌നി 3/262)

പള്ളികള്‍ക്ക് മറ്റ് പ്രദേശങ്ങളേക്കാള്‍ ശ്രേഷ്ഠതയുണ്ടെന്നത് ശരിയാണ്. എന്നാല്‍, എല്ലാ ഇബാദത്തുകള്‍ക്കും ഉത്തമം പള്ളിയാണെന്ന് ഇസ്‌ലാം പറയുന്നില്ല. ഉദാഹരണമായി റവാതിബ് സുന്നത്തുകളുടെ കാര്യം എടുക്കുക. അവ നിര്‍വഹിക്കാന്‍ ഉത്തമം പള്ളിയല്ല, മറിച്ച് സ്വന്തം വീടാണ്. ഇപ്രകാരം തന്നെയാണ് പെരുന്നാള്‍ നമസ്‌കാരങ്ങളും. അതിന് പള്ളികളേക്കാള്‍ ശ്രേഷ്ഠം ഈദുഗാഹുകളാണ്.

ജുമുഅക്കും മറ്റ്‌ നമസ്‌കാരങ്ങള്‍ക്കും ഒന്നുമില്ലാത്ത ഒരു സ്ഥലക്കുറവ്‌ പെരുന്നാളിന്‌ മാത്രം നബി ﷺ യുടെ പള്ളിയില്‍ ഉണ്ടായിരുന്നതായി പ്രമാണങ്ങളില്‍ എവിടെയും കണ്ടെത്തുക സാധ്യമല്ല. മാത്രമല്ല, പെരുന്നാള്‍ നമസ്കാരത്തിന് ജുമുഅക്കില്ലാത്ത ആളുകള്‍ പങ്കെടുത്തിരുന്നുവെന്ന് പറയാന്‍ കഴിയില്ല. കാരണം അവരില്‍ പെരുന്നാളിന് മാത്രം നമസ്കരിക്കുന്നവ൪ ഉണ്ടാകാറില്ല. ഈദ്‌ നമസ്‌കാരത്തിന്‌ പള്ളിയേക്കാള്‍ ഉത്തമം മുസ്വല്ല ആയതുകൊണ്ടുതന്നെയായിരുന്നു നബി ﷺ പെരുന്നാള്‍ നമസ്‌കാരത്തിന്‌ മുസ്വല്ല തെരഞ്ഞെടുത്തത്‌.

നബി ﷺ യുടെ കാലത്ത് മദീനയില്‍ ഒരു പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അത് മുഴുവന്‍ വിശ്വാസികളെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമല്ലാതിരുന്നതുകൊണ്ടാണ് നബി ﷺ മുസ്വല്ലയില്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചതെന്ന് ചില൪ പറയാറുണ്ട്‌. യഥാര്‍ത്ഥത്തില്‍ ഈ വാദം തെറ്റാണ്. മദീനയില്‍ മസ്ജിദുന്നബവിക്ക് പുറമെ മസ്ജിദുല്‍ ഖിബ്‌ലത്തൈന്‍, മസ്ജിദ് ഖുബാ, മസ്ജിദുല്‍ ഫത്ഹ് തുടങ്ങി നിരവധി പള്ളികള്‍ ഉണ്ടായിരുന്നുവെന്ന് ഇബ്‌നുഹജര്‍ (റ) ഫത്ഹുല്‍ബാരിയില്‍ രേഖപ്പെടുത്തുന്നു. ഇന്നത്തെ പോലെ പല പള്ളികളിലായി അവര്‍ക്ക് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാമായിരുന്നു. എന്നാല്‍ അവരത് ചെയ്തില്ല. മറിച്ച് അവരെല്ലാം മുസ്വല്ലയില്‍ വെച്ചാണ് അത് നിര്‍വഹിച്ചത്.

അപ്രകാരം തന്നെ പള്ളിയാണ് ശ്രേഷ്ഠകരമെങ്കില്‍ മസ്ജിദുല്‍ ഹറാം ഒഴികെയുള്ള പള്ളികളില്‍ വെച്ചുള്ള ആയിരം റക്അത്ത് നമസ്‌കാത്തേക്കാള്‍ ശ്രേഷ്ഠകരമാണ് എന്റെ ഈ പള്ളിയിലെ ഒരു നമസ്‌കാരമെന്ന് നബി ﷺ തന്നെ പരിചയപ്പെടുത്തിയ മസ്ജിദുന്നബവി ഒഴിവാക്കിക്കൊണ്ട് പതിവായി മുസ്വല്ലയില്‍ വെച്ച് അദ്ദേഹം പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കില്ലായിരുന്നു. മറിച്ച് പള്ളി വിശാലമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യുക. പള്ളിയിലുള്ള നമസ്‌കാരമാണ് ശ്രേഷ്ഠമെന്നിരിക്കെ, പള്ളി വിശാലമാക്കാന്‍ ശ്രമിക്കാതെ പ്രവാചകന്‍ ശ്രേഷ്ഠകരമല്ലാത്ത മൈതാനിയില്‍ വെച്ച് അത് നിര്‍വഹിച്ചുവെന്ന് സങ്കല്‍പിക്കുന്നത് ശരിയല്ല.

പെരുന്നാൾ നമസ്കാരത്തിന് പള്ളിയാണോ അതല്ല ഈദ് മുസ്വല്ലയാണോ ഏറ്റവും ഉത്തമം?

ശൈഖ് ഉഥ്മാൻ അൽ ഖമീസ് (ഹഫിള്വഹുല്ലാഹ്) പറയുന്നു: പെരുന്നാൾ നമസ്കാരം ഈദ് മുസ്വല്ലയിൽ വെച്ച് നിർവഹിക്കലാണ് സുന്നത്ത്. കാരണം, മദീനയിലെ മസ്ജിദുന്നബവിയിൽ വെച്ചുള്ള നമസ്കാരത്തിന് മസ്ജിദുൽ ഹറാം ഒഴികെ ബാക്കിയുള്ള പള്ളികളിലുള്ള നമസ്കാരത്തേക്കാളും ആയിരം ഇരട്ടി പ്രതിഫലം എന്ന് നബിﷺ പറഞ്ഞിട്ടുണ്ട്.
(ബുഖാരി : 1190) ഇതുപറഞ്ഞ നബിﷺ പെരുന്നാൾ നമസ്കാരത്തിന് മസ്ജിദുന്നബവി തെരഞ്ഞെടുക്കാതെ ഈദ് മുസ്വല്ലയിലാണ് പെരുന്നാൾ നമസ്കരിച്ചത്. (ബുഖാരി : 956) പെരുന്നാൾ നമസ്കാരം ഈദ് മുസ്വല്ലയിൽ വെച്ച് നിർവഹിക്കുന്നതാണ് പള്ളിയിൽ വെച്ച് നിർവ്വഹിക്കുന്നതിനെക്കാളും ഉത്തമമെന്നതിനുള്ള തെളിവാണിത്. പെരുന്നാൾ നമസ്കാരം പള്ളിയിൽ വെച്ച് നിർവ്വഹിക്കലായിരുന്നു ഏറ്റവും നല്ലതെങ്കിൽ, നബിﷺ അത് പള്ളിയിൽ വെച്ച് നിർവഹിക്കുമായിരുന്നു. എന്നാൽ, മക്കയിലെ മസ്ജിദുൽ ഹറം ഇക്കാര്യത്തിൽ നിന്ന് പണ്ഡിതന്മാർ ഒഴിവാക്കിയിട്ടുണ്ട്. മസ്ജിദുൽ ഹറാമിൽ വെച്ചിട്ടാണ് പെരുന്നാൾ നമസ്കാരം നടത്തേണ്ടതെന്നും അവിടെ ഈദ് മുസ്വല്ല വേണ്ടന്നും അവർ പറഞ്ഞു. എന്നാൽ, മസ്ജിദുന്നബവിയും ബാക്കിയുള്ള പള്ളികളിലും വെച്ചിട്ടുള്ള ഈദ് നമസ്കാരം സുന്നത്തല്ല. ഇനി മഴയോ അല്ലെങ്കിൽ ശക്തമായ കാറ്റോ മറ്റെന്തെങ്കിലും തടസ്സങ്ങളോ ഉണ്ടെങ്കിൽ, ഈദ് നമസ്കാരം പള്ളിയിൽ വെച്ചിട്ട് നിർവഹിക്കാവുന്നതാണ്. ആ നമസ്കാരം സ്വീകാര്യയോഗ്യമാണ്. ഇനി ഒരു കാരണവുമില്ലാതെ പള്ളിയിൽ വെച്ചിട്ട് ഈദ് നമസ്കാരം നിർവഹിച്ചാലും, ആ നമസ്കാരം സ്വീകാര്യയോഗ്യമാണ്. എന്നാൽ, പെരുന്നാൾ നമസ്കാരം ഈദ് മുസ്വല്ലയിൽ വെച്ച് നിർവഹിക്കുന്നതാണ് ഏറ്റവും നല്ലത്. അതിനാണ് കൂടുതൽ കൂലി. ഒന്നുകൂടി ആവർത്തിക്കാം, പള്ളിയിൽ വെച്ചിട്ടുള്ള ഈദ് നമസ്കാരം സ്വീകാര്യയോഗ്യമാണ്. എന്നാൽ ഈദ് മുസ്വല്ലയിൽ വെച്ച് പെരുന്നാൾ നമസ്കരിക്കുന്നതാണ് ഏറ്റവും ഉത്തമം. (https://youtu.be/T_MK6TuRHaE)

വിസ്മരിക്കപ്പെട്ട സുന്നത്തുകള്‍ തിരിച്ച് കൊണ്ടുവരിക എന്നുള്ളത് വളരെ കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന കാര്യമാണ്.അതിനാൽ നമുക്ക് മറ്റു പല ന്യായങ്ങളും ഒഴിവാക്കി നബിചര്യയിലേക്ക് മടങ്ങാം .

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﺳْﺘَﺠِﻴﺒُﻮا۟ ﻟِﻠَّﻪِ ﻭَﻟِﻠﺮَّﺳُﻮﻝِ ﺇِﺫَا ﺩَﻋَﺎﻛُﻢْ ﻟِﻤَﺎ ﻳُﺤْﻴِﻴﻜُﻢْ ۖ ﻭَٱﻋْﻠَﻤُﻮٓا۟ ﺃَﻥَّ ٱﻟﻠَّﻪَ ﻳَﺤُﻮﻝُ ﺑَﻴْﻦَ ٱﻟْﻤَﺮْءِ ﻭَﻗَﻠْﺒِﻪِۦ ﻭَﺃَﻧَّﻪُۥٓ ﺇِﻟَﻴْﻪِ ﺗُﺤْﺸَﺮُﻭﻥَ

നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക. മനുഷ്യനും അവന്റെ മനസ്സിനും ഇടയില്‍ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങള്‍ അറിഞ്ഞ് കൊള്ളുക. (ഖു൪ആന്‍:8/24)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *