റമദാൻ അവസാനിക്കുകയും ചെറിയ പെരുന്നാൾ ആഘോഷിക്കുവാനായി വിശ്വാസികൾ തയ്യാറെടുക്കുകയും ചെയ്യുന്ന സന്ദർഭമാണിത്. പെരുന്നാൾ സുദിനത്തിൽ നാം നിർവഹിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആ ദിവസം നബി ﷺ നമ്മെ പഠിപ്പിച്ചിട്ടുള്ളതും മാതൃകയാക്കി കാണിച്ചു തന്നിട്ടുള്ളതുമായ പത്തോളം പ്രധാനപ്പെട്ട സുന്നത്തുകളാണ് ഇവിടെ വിശദീകരിക്കുന്നത്. അല്ലാഹു ഈ കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കുവാനും ജീവിതത്തിൽ പകർത്തുവാനുമുള്ള തൗഫീഖ് നമുക്ക് പ്രദാനം ചെയ്യുമാറാകട്ടെ.
1. പെരുന്നാൾ ദിവസത്തിലെ കുളി (ഇഗ്തിസാൽ)
ചെറിയ പെരുന്നാൾ സമാഗതമായാൽ നാം ഒന്നാമതായി ചെയ്യേണ്ടത് അന്നേ ദിവസം കുളിക്കുക എന്നതാണ്. സാധാരണ ദിവസങ്ങളിലുള്ള കുളിയേക്കാൾ പൂർണ്ണമായ രൂപത്തിലുള്ള ഒരു കുളിയായിരിക്കണം അത്. ഇമാം ശാഫിഈ رَحِمَهُ اللَّهُ തൻ്റെ മുസ്നദിൽ അലി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു സംഭവത്തിൽ ഇത് വ്യക്തമാക്കുന്നുണ്ട്. ഒരാൾ അദ്ദേഹത്തോട് കുളിയെ സംബന്ധിച്ച് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി നൽകി:
مَتَى أَغْتَسِلُ؟ قَالَ: اغْتَسِلْ كُلَّ يَوْمٍ إِنْ شِئْتَ. فَقَالَ: لَا، الْغُسْلُ الَّذِي هُوَ الْغُسْلُ. قَالَ: يَوْمَ الْجُمُعَةِ، وَيَوْمَ عَرَفَةَ، وَيَوْمَ النَّحْرِ، وَيَوْمَ الْفِطْرِ
“എല്ലാ ദിവസവും കുളിക്കുക എന്നുള്ളത് ശുദ്ധിയാവുക എന്ന നിലയ്ക്ക് വിശ്വാസികളെ സംബന്ധിച്ചിടത്തോളം നല്ല കാര്യമായതുകൊണ്ട് നീ ഉദ്ദേശിക്കുകയാണെങ്കിൽ എല്ലാ ദിവസവും നിനക്ക് കുളിക്കാം.” അപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ ആ കുളിയല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, വിശ്വാസികൾ പ്രത്യേകമായി കുളിക്കേണ്ട ചില ദിവസങ്ങളും സാഹചര്യങ്ങളും ഉണ്ടല്ലോ, അതിനെക്കുറിച്ചാണ് ചോദിക്കുന്നത്.” അപ്പോൾ അലി ഇബ്നു അബീത്വാലിബ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: “വെള്ളിയാഴ്ച ദിവസം, അറഫയുടെ ദിവസം, ബലിപെരുന്നാൾ ദിവസം, അതേപോലെതന്നെ ഈദുൽ ഫിത്റിൻ്റെ ദിവസവും കുളിക്കുക.” [മുസ്നദ് അശ്ശാഫിഈ – 114]
പെരുന്നാൾ ദിവസം പ്രത്യേകം കുളിക്കുക എന്നുള്ളത് സ്വഹാബത്തിൻ്റെ ചര്യയിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതാണ്. നബി ﷺ യിൽ നിന്ന് മനസ്സിലാക്കിയ കാര്യമാണ് അവർ നമുക്ക് ഈ നിലക്ക് വിവരിച്ചു തരുന്നത്. ഇമാം മാലിക് رَحِمَهُ اللَّهُ തൻ്റെ മുവത്വയിൽ ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് ഉദ്ധരിക്കുന്നു:
كَانَ يَغْتَسِلُ يَوْمَ الْفِطْرِ، قَبْلَ أَنْ يَغْدُوَ إِلَى الْمُصَلَّى
ചെറിയ പെരുന്നാൾ ദിവസം ഈദ്ഗാഹിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം കുളിക്കാറുണ്ടായിരുന്നു. [മുവത്വ മാലിക് – 428]
അതുകൊണ്ട് ഈദ്ഗാഹിലേക്ക് പോകുന്നതിനുമുമ്പ് കുളിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു സുന്നത്താണ്.
കുളിക്കേണ്ട സമയം: എപ്പോഴാണ് ഈ സുന്നത്ത് നിർവഹിക്കേണ്ടത്? പ്രഭാത (ഫജ്ർ) നമസ്കാരത്തിന് മുമ്പാണോ, അതോ ബാങ്ക് കൊടുക്കുന്നതിന് മുമ്പാണോ, അതല്ല ഫജ്ർ നമസ്കാരത്തിനു ശേഷമാണോ? പണ്ഡിതന്മാർ ഈ വിഷയത്തിൽ പറഞ്ഞിട്ടുള്ളത് സുബഹി നമസ്കാരത്തിനു ശേഷമാണ് അതിൻ്റെ ഏറ്റവും ശ്രേഷ്ഠമായ സമയം എന്നാണ്. ഇനി ഫജ്റിന് മുമ്പ് തന്നെ കുളിക്കുകയാണെങ്കിലും വിരോധമില്ല. എന്നിരുന്നാൽ പോലും, ഈ കുളിയുടെ ഏറ്റവും ശ്രേഷ്ഠമായ സമയം എന്നത് ഏറ്റവും ചുരുങ്ങിയത് ഫജ്റ് ബാങ്ക് കൊടുത്തതിനു ശേഷമാണ്. ഫജ്റ് നമസ്കാരം കൂടി കഴിഞ്ഞതിനു ശേഷമാണെങ്കിൽ അത് കൂടുതൽ ഉത്തമമാണ്. ചുരുക്കത്തിൽ, മുസല്ലയിലേക്ക് പോകുന്നതിനുമുമ്പ് നന്നായി കുളിക്കുക എന്നുള്ളത് ചെറിയ പെരുന്നാളിൻ്റെ സുന്നത്തിൽ പെട്ടതാണ്.
2. മികച്ച വസ്ത്രധാരണവും ശാരീരിക ശുചിത്വവും
രണ്ടാമത്തെ സുന്നത്ത് നല്ല വസ്ത്രം ധരിക്കലും ശരീരമൊക്കെ വൃത്തിയാക്കലുമാണ്. മുടി വെട്ടുക, ഗുഹ്യഭാഗങ്ങളിലൊക്കെയുള്ള രോമങ്ങൾ നീക്കം ചെയ്യുക, നഖം വെട്ടുക തുടങ്ങി ശരീരം ശുദ്ധിയാക്കുകയും ഏറ്റവും നല്ല ഭംഗിയുള്ള വസ്ത്രം ധരിക്കുകയും ചെയ്യുക.
ഇമാം ത്വബ്റാനി رَحِمَهُ اللَّهُ തൻ്റെ മുഅ്ജമുൽ ഔസത്തിൽ ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം:
كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَلْبَسُ يَوْمَ الْعِيدِ بُرْدَةً حَمْرَاءَ
പെരുന്നാൾ ദിവസം അല്ലാഹുവിൻ്റെ റസൂൽ ചുവന്ന നിറത്തിലുള്ള ചില കമ്പിളികൾ, അതല്ലെങ്കിൽ അത്തരത്തിലുള്ള നല്ല വസ്ത്രങ്ങൾ ധരിച്ചതായി കാണാൻ സാധിച്ചു.
[മുഅ്ജമുൽ ഔസത് – 7635]
നല്ല ഭംഗിയുള്ള വസ്ത്രം പെരുന്നാൾ ദിവസം നബി ﷺ ധരിച്ചിരുന്നു എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. വെള്ളിയാഴ്ച ദിവസം പോലും ലഭ്യമായതിൽ വെച്ച് ഏറ്റവും നല്ല വസ്ത്രം ധരിക്കണമെന്നാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പെരുന്നാൾ ദിനങ്ങൾ വളരെ വലിയ സന്തോഷത്തിൻ്റെ ദിവസങ്ങളായതിനാൽ അന്ന് പുതിയ വസ്ത്രം തന്നെ ധരിക്കുന്നതും, ഇനി അതിന് കഴിവില്ലെങ്കിൽ ഉള്ളതിൽ വെച്ച് ഏറ്റവും നല്ല ഭംഗിയുള്ളതും നിറപ്പകിട്ടുള്ളതുമായ വസ്ത്രം ധരിക്കുന്നതിൽ തെറ്റില്ല. അതാണ് നബി ﷺ യുടെ ചര്യ.
പുരുഷന്മാർ ശ്രദ്ധിക്കേണ്ടത്: അവർ പട്ടു വസ്ത്രം ധരിക്കാൻ പാടില്ല. ഹറാമായതോ കറാഹത്തായതോ ആയ രൂപത്തിലുള്ള വസ്ത്രങ്ങൾ പാടില്ല. നെരിയാണിക്ക് താഴെ വസ്ത്രം ഇറക്കിക്കൊണ്ട് ധരിക്കുന്ന അവസ്ഥ ഉണ്ടാകരുത്. വളരെയധികം ഇടുങ്ങിയ വസ്ത്രങ്ങളോ മോശമായ ആളുകൾ ധരിക്കുന്ന രൂപത്തിലുള്ള വസ്ത്രങ്ങളോ ധരിക്കരുത്. ഭംഗിയാവുക എന്ന പേരിൽ താടി വടിക്കുന്നത് ഹറാമാണ്; അത് പെരുന്നാളിനായാലും അല്ലാത്ത സന്ദർഭത്തിലായാലും പാടില്ല. അല്ലാഹു നമുക്ക് ഹിദായത്ത് നൽകിയതിൻ്റെ പേരിൽ സന്തോഷിക്കാൻ നൽകിയ ദിവസത്തിൽ നാം ഒരിക്കലും ഒരു ഹറാം ചെയ്യാൻ പാടില്ല.
സ്ത്രീകൾ ശ്രദ്ധിക്കേണ്ടത്: സ്ത്രീകൾക്കും പുതിയ വസ്ത്രം ധരിക്കുന്നതിന് വിരോധമില്ല. എന്നാൽ അവർ സുഗന്ധം ഉപയോഗിക്കുകയോ ഇസ്ലാം നിഷിദ്ധമാക്കിയ രൂപത്തിലുള്ള വസ്ത്രധാരണം സ്വീകരിച്ചുകൊണ്ട് ഈദ്ഗാഹിലേക്ക് പുറപ്പെടുകയോ ചെയ്യാൻ പാടില്ല. നബി ﷺ പ്രത്യേകം പറഞ്ഞിട്ടുണ്ട്:
لِيَخْرُجْنَ وَهُنَّ تَفِلَاتٌ
അവർ സുഗന്ധം പൂശാത്തവരായി പുറപ്പെടട്ടെ. [സുനൻ അബീദാവൂദ് – 565]
അതായത് സുഗന്ധം പൂശാതെയും ഔറത്ത് വെളിവാക്കാതെയുമാകണം സ്ത്രീകൾ പുറപ്പെടേണ്ടത്. പള്ളിയിലേക്കോ ഈദ്ഗാഹിലേക്കോ പോകാൻ സാധിക്കാത്ത ആളുകളാണെങ്കിൽ കൂടി അവർക്കും വീടുകളിൽ വെച്ച് കുളിക്കലും പുതിയ വസ്ത്രം ധരിക്കലും സുന്നത്താണ്. കാരണം അന്ന് പെരുന്നാളാണ്.
3. ഈദ്ഗാഹിലേക്ക് പോകുന്നതിന് മുമ്പ് ഈത്തപ്പഴം കഴിക്കൽ
പെരുന്നാൾ നമസ്കാരത്തിന് പോകുന്നതിന് മുമ്പ് വല്ലതും കഴിക്കൽ സുന്നത്താണ്; അത് ഈത്തപ്പഴം ആണെങ്കിൽ കൂടുതൽ സുന്നത്താണ്.
ഇമാം ബുഖാരി رَحِمَهُ اللَّهُ ഉദ്ധരിക്കുന്ന ഹദീസിൽ അനസ് ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ പറയുന്നു:
كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَغْدُو يَوْمَ الْفِطْرِ حَتَّى يَأْكُلَ تَمَرَاتٍ… وَيَأْكُلُهُنَّ وِتْرًا
നബി ﷺ ഒറ്റയായ എണ്ണത്തിൽ ഈത്തപ്പഴങ്ങൾ കഴിക്കാതെ ചെറിയ പെരുന്നാൾ ദിവസം ഈദ്ഗാഹിലേക്ക് പോകുമായിരുന്നില്ല. [സ്വഹീഹുൽ ബുഖാരി – 953]
ഇത് ചെറിയ പെരുന്നാളിൻ്റെ മാത്രം സുന്നത്താണ്. ബലിപെരുന്നാളിനാണെങ്കിൽ കഴിക്കാതെ പോവലാണ് സുന്നത്ത്. മുപ്പതു ദിവസവും നോമ്പനുഷ്ഠിച്ചവരാണ് നാം, അതുകൊണ്ടുതന്നെ ‘ഫിത്റ്’ വന്നാൽ (ഫിത്റ് എന്നാൽ നോമ്പ് തുറക്കുന്നതിനും അവസാനിക്കുന്നതിനും പറയുന്ന പദമാണ്) ഭക്ഷണം കഴിക്കുന്നതിന് ധൃതി കാണിക്കുക എന്നുള്ളത് അതിലെ ഒരു സുന്നത്താണ് എന്ന് പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്.
ഈത്തപ്പഴങ്ങൾ ഒന്നിലധികം കഴിക്കുക എന്നതാണ് ഉത്തമം. അത് ഒറ്റയായ എണ്ണത്തിൽ (ഒന്ന്, മൂന്ന്, അഞ്ച് എന്ന ക്രമത്തിൽ) ആയിരിക്കുകയും വേണം. അല്ലാഹു ഒറ്റയായ സംഖ്യയെ ഇഷ്ടപ്പെടുന്നു:
إِنَّ اللَّهَ وِتْرٌ يُحِبُّ الْوِتْرَ
തീർച്ചയായും അല്ലാഹു ഏകനാണ്; അവൻ ഒറ്റയായതിനെ ഇഷ്ടപ്പെടുന്നു.
[സ്വഹീഹുൽ ബുഖാരി – 6410]
അതുകൊണ്ട് ഒറ്റയായ എണ്ണത്തിൽ ഈത്തപ്പഴങ്ങൾ കഴിച്ചുകൊണ്ട് മുസല്ലയിലേക്ക് പോകൽ പ്രധാനപ്പെട്ട സുന്നത്താണ്.
4. മുസല്ലയിലേക്ക് നടന്നുപോവൽ
ഈദ്ഗാഹിലേക്ക് (മുസല്ലയിലേക്ക്) നടന്നുപോവലാണ് മറ്റൊരു സുന്നത്ത്.
ഇബ്നു മാജ رَحِمَهُ اللَّهُ തൻ്റെ സുനനിൽ ഉദ്ധരിക്കുന്നു, ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ പറയുകയാണ്:
كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَخْرُجُ إِلَى الْعِيدِ مَاشِيًا، وَيَرْجِعُ مَاشِيًا
നബി ﷺ പെരുന്നാൾ നമസ്കാരത്തിനായി നടന്നുപോവുകയും, നടന്നുകൊണ്ട് തന്നെ മടങ്ങിവരികയും ചെയ്യുമായിരുന്നു. [സുനൻ ഇബ്നു മാജ – 1295]
അതേസമയം, ഒരുപാട് ദൂരമുള്ള ആളുകളാണെങ്കിലോ? ഇമാം മാലിക് رَحِمَهُ اللَّهُ പറയുന്നു: “ഞങ്ങൾ നടന്നുപോകുന്നത് ഈദ് മുസല്ലയും ഞങ്ങളുടെ വീടും തമ്മിൽ വളരെ അടുത്തായതുകൊണ്ടാണ്. എന്നാൽ ദൂരെ നിന്ന് വരുന്ന ആളുകൾ പ്രയാസപ്പെടേണ്ടതില്ല; അവർക്ക് വാഹനത്തിൽ കയറി വരാവുന്നതാണ്.” ആ ദിവസത്തിൻ്റെ സന്തോഷത്തെ കെടുത്തുന്ന രൂപത്തിൽ ഒരുപാട് ദൂരം നടന്ന് പ്രയാസപ്പെടുക എന്നത് ഉചിതമല്ല. തൊട്ടടുത്ത സ്ഥലങ്ങളാണെങ്കിൽ നടന്നുപോകാം; അല്ലാത്തവർക്ക് വാഹനത്തിൽ പോകുന്നതാണ് ഉത്തമം.
5. പോകുന്ന വഴിയിൽ നിന്നും വ്യത്യസ്തമായ വഴിയിലൂടെയുള്ള മടക്കം
നബി ﷺ പോയ വഴിയിൽ നിന്നും വ്യത്യസ്തമായ വഴിയിലൂടെയായിരുന്നു തിരിച്ചു വന്നിരുന്നത്. ഇമാം ബുഖാരി رَحِمَهُ اللَّهُ ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് ഉദ്ധരിക്കുന്നു:
كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا كَانَ يَوْمُ عِيدٍ خَالَفَ الطَّرِيقَ
പെരുന്നാൾ ദിവസമായാൽ നബി ﷺ വഴി വ്യത്യസ്തമാക്കുമായിരുന്നു. [സ്വഹീഹുൽ ബുഖാരി – 986]
ഇതിലെ യുക്തിയെക്കുറിച്ച് പണ്ഡിതന്മാർ പല കാരണങ്ങൾ പറഞ്ഞിട്ടുണ്ട്:
കൂടുതൽ ആളുകൾക്ക് സലാം പറയാനും, സന്തോഷം പ്രകടിപ്പിക്കുവാനും, അവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനുമുള്ള അവസരം ലഭിക്കുന്നു.
നടക്കുന്ന വഴികളെല്ലാം അന്നേ ദിവസം പരലോകത്ത് അവർക്ക് വേണ്ടി സാക്ഷ്യം പറയുന്നതാണ്. തക്ബീറുകൾ മുഴക്കിക്കൊണ്ടുള്ള ആ യാത്ര അവർക്ക് അനുകൂലമായ സാക്ഷ്യമായി മാറും.
മുസ്ലിമീങ്ങളുടെ പ്രതാപവും അഭിമാനവും ഇതര മതസ്ഥർ കാണാനും, അവർ ഇസ്ലാമിലേക്ക് ആകൃഷ്ടരാകുവാനുമുള്ള ഒരു അവസരം കൂടിയാണിത്.
6. ഈദ്ഗാഹിൽ വെച്ചുള്ള നമസ്കാരം
പള്ളികളിലല്ല, മറിച്ച് ഈദ്ഗാഹുകളിലാണ് പെരുന്നാൾ നമസ്കാരം നിർവഹിക്കേണ്ടത്. അതാണ് കൂടുതൽ ശ്രേഷ്ഠമായത്. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ പള്ളികളിൽ വെച്ച് നിർവഹിക്കുന്നതിന് തടസ്സവുമില്ല.
അബൂ സഈദിൽ ഖുദ്രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു:
كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَخْرُجُ يَوْمَ الْفِطْرِ وَالْأَضْحَى إِلَى الْمُصَلَّى
ബലിപെരുന്നാൾ ദിവസവും ചെറിയ പെരുന്നാൾ ദിവസവും അല്ലാഹുവിൻ്റെ റസൂൽ മുസല്ലയിലേക്കാണ് പുറപ്പെട്ടിരുന്നത്. [സ്വഹീഹുൽ ബുഖാരി – 956]
സ്ത്രീകൾക്കും ആർത്തവകാരികളായ സ്ത്രീകൾക്കും പങ്കെടുക്കാനുള്ള സാഹചര്യം ഉണ്ടാകണം എന്നതാണ് ഇതിൻ്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്ന്. മസ്ജിദിൽ പലപ്പോഴും അതിന് സാധിക്കുകയില്ല. ഇമാം അഹ്‌മദ് رَحِمَهُ اللَّهُ ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് ഉദ്ധരിക്കുന്നു:
كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَأْمُرُ بَنَاتِهِ وَنِسَاءَهُ أَنْ يَخْرُجْنَ فِي الْعِيدَيْنِ
അല്ലാഹുവിൻ്റെ റസൂൽ തൻ്റെ ഭാര്യമാരോടും പെൺകുട്ടികളോടുമൊക്കെ പെരുന്നാൾ ദിവസം മുസല്ലയിലേക്ക് പുറപ്പെടാൻ പ്രത്യേകം കൽപ്പിക്കാറുണ്ടായിരുന്നു.
[മുസ്നദ് അഹ്‌മദ് – 2004]
അതുപോലെ ഉമ്മു അത്വിയ്യ رَضِيَ اللَّهُ عَنْهَا പറയുന്നു:
أَمَرَنَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، أَنْ نُخْرِجَهُنَّ فِي الْفِطْرِ وَالْأَضْحَى، الْعَوَاتِقَ، وَالْحُيَّضَ، وَذَوَاتِ الْخُدُورِ، فَأَمَّا الْحُيَّضُ فَيَعْتَزِلْنَ الصَّلَاةَ، وَيَشْهَدْنَ الْخَيْرَ
ആർത്തവകാരികളായ സ്ത്രീകളും കന്യകകളായ സ്ത്രീകളോടും മുസല്ലയിലേക്ക് പുറപ്പെടാൻ നബി ﷺ പ്രത്യേകം കൽപ്പിക്കാറുണ്ടായിരുന്നു. ആർത്തവമുള്ള സ്ത്രീകൾ നമസ്കാരത്തിൽ നിന്ന് വിട്ടുനിൽക്കുകയും, പെരുന്നാൾ ഖുതുബയിലും ആ നന്മയിലും അവർ പങ്കെടുക്കുകയും ചെയ്യട്ടെ എന്ന് നബി ﷺ നിർദ്ദേശിച്ചു.[സ്വഹീഹ് മുസ്ലിം – 890]
ചെറിയ കുട്ടികളെ അടക്കം ഈദ്ഗാഹിലേക്ക് കൊണ്ടുപോകേണ്ടതാണ്. ഈ വലിയ സന്തോഷത്തിലും ആഹ്ലാദത്തിലും ഇസ്ലാമിക ദഅ്വത്തിലും എല്ലാവരും പങ്കെടുക്കുക എന്നതാണ് ഇതിലെ തത്വം.
പ്രത്യേക ശ്രദ്ധയ്ക്ക്: ഈദ് മുസല്ലയിൽ വെച്ചാണ് നമസ്കരിക്കുന്നതെങ്കിൽ അവിടെ ‘തഹിയ്യത്ത്’ നമസ്കാരം ഇല്ല. എന്നാൽ പള്ളിയിലാണ് പെരുന്നാൾ നമസ്കാരമെങ്കിൽ, അവിടെ പള്ളിയിൽ പ്രവേശിച്ചാലുള്ള സുന്നത്തെന്ന നിലയ്ക്ക് രണ്ട് റക്അത്ത് തഹിയ്യത്ത് നമസ്കരിക്കാവുന്നതാണ്.
7. തക്ബീറുകൾ മുഴക്കൽ
റമദാനിനെ അവസാനിപ്പിച്ച് പെരുന്നാൾ തുടങ്ങുന്നതിനെക്കുറിച്ച് അല്ലാഹു പറയുന്നു:
وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ
നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക് നേർവഴി കാണിച്ചുതന്നതിൻ്റെ പേരിൽ അല്ലാഹുവിൻ്റെ മഹത്വം നിങ്ങൾ പ്രകീർത്തിക്കുവാനും വേണ്ടി (ഇതൊക്കെ അവൻ നിശ്ചയിച്ചിരിക്കുന്നു). [അൽ ബഖറ – 185]
അല്ലാഹു നമുക്ക് നൽകിയ ഈ ഹിദായത്തിൻ്റെ പേരിൽ ധാരാളമായി അല്ലാഹുവിനെ നാം സ്തുതിക്കുകയും തക്ബീർ ധ്വനികൾ മുഴക്കുകയും വേണം. റമദാൻ അവസാനിച്ചു കഴിഞ്ഞാൽ, അതായത് ശവ്വാൽ മാസപ്പിറവി കണ്ടത് മുതൽക്ക് തന്നെ തക്‌ബീറുകൾ ചൊല്ലാവുന്നതാണ്. വീട്ടിൽ നിന്ന് മുസല്ലയിലേക്ക് പുറപ്പെടുമ്പോൾ ഉറക്കെ തക്ബീറുകൾ ചൊല്ലുകയും, ഇമാം നമസ്കാരം തുടങ്ങുന്നത് വരെ അത് തുടരുകയും ചെയ്യുക എന്നതാണ് സുന്നത്ത്.
അബ്ദുല്ലാഹിബ്നു ഉമർ رَضِيَ اللَّهُ عَنْهُ വീട്ടിൽ നിന്ന് മുസല്ലയിലേക്ക് പോകുമ്പോൾ ഉറക്കെ തക്ബീർ ചൊല്ലിയിരുന്നുവെന്നും, ഇമാം വന്ന് ഖുതുബ നിർവഹിക്കുന്നത് വരെ അദ്ദേഹം തക്ബീറുകൾ ചൊല്ലിയിരുന്നുവെന്നും ഹദീസുകളിൽ കാണാം.
ശ്രദ്ധിക്കുക: ഒരാൾ ചൊല്ലി മറ്റുള്ളവർ ഏറ്റുചൊല്ലുന്ന രൂപത്തിലുള്ള ‘ജമാഅത്തായ’ തക്ബീർ നബി ﷺ യോ സ്വഹാബികളോ പഠിപ്പിച്ചിട്ടില്ല. ഓരോരുത്തരും അവനവൻ്റെ ശബ്ദമുയർത്തി വ്യക്തിപരമായി തക്ബീറുകൾ ചൊല്ലുകയാണ് വേണ്ടത്.
8. ഈദ് നമസ്കാരത്തിന് മുമ്പോ ശേഷമോ മറ്റ് സുന്നത്തുകളില്ല
പെരുന്നാൾ നമസ്കാരത്തിന് മുമ്പോ ശേഷമോ മുസല്ലയിൽ വെച്ച് പ്രത്യേക സുന്നത്ത് നമസ്കാരങ്ങളില്ല. ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറയുന്നു:
أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَّى يَوْمَ الْعِيدِ رَكْعَتَيْنِ، لَمْ يُصَلِّ قَبْلَهَا وَلَا بَعْدَهَا
നബി ﷺ പെരുന്നാൾ ദിവസം രണ്ട് റക്അത്ത് നമസ്കരിച്ചു. അതിൻറെ മുമ്പോ അതിനുശേഷമോ അവിടുന്ന് നമസ്കരിച്ചിട്ടില്ല. [സ്വഹീഹുൽ ബുഖാരി – 989]
എന്നാൽ പെരുന്നാൾ നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയാൽ വീട്ടിൽ ചെന്ന് രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിക്കാവുന്നതാണ്. അബൂ സഈദുൽ ഖുദ്രി رَضِيَ اللَّهُ عَنْهُ പറയുന്നു:
كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يُصَلِّي قَبْلَ الْعِيدِ شَيْئًا، فَإِذَا رَجَعَ إِلَى مَنْزِلِهِ صَلَّى رَكْعَتَيْنِ
അല്ലാഹുവിൻ്റെ റസൂൽ പെരുന്നാൾ നമസ്കാരത്തിനു മുമ്പ് സുന്നത്ത് നമസ്കാരങ്ങൾ ഒന്നും നിർവഹിച്ചിരുന്നില്ല. എന്നാൽ വീട്ടിലേക്ക് മടങ്ങിയാൽ രണ്ട് റക്‌അത്ത് നമസ്കരിച്ചിരുന്നു.
[സുനൻ ഇബ്നുമാജ – 1293]
ചുരുക്കത്തിൽ, മുസല്ലയിൽ വെച്ച് പെരുന്നാൾ നമസ്കാരത്തിന് മുമ്പോ ശേഷമോ പ്രത്യേക സുന്നത്തുകളില്ല. വീട്ടിൽ തിരിച്ചെത്തിയ ശേഷം രണ്ട് റക്അത്ത് നമസ്കരിക്കുന്നത് ഈ ഹദീസിനോട് യോജിക്കുന്നതാണ്.
9. പരസ്പരം സലാം പറയലും സന്തോഷം പങ്കുവെക്കലും
സത്യവിശ്വാസികൾ അന്ന് പരസ്പരം കണ്ടാൽ സലാം പറയുകയും, കൈകൊടുക്കുകയും, സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യാം. നമ്മുടെ അമലുകളെ അല്ലാഹു സ്വീകരിക്കട്ടെ എന്ന പ്രാർത്ഥന സ്വഹാബികൾ അന്യോന്യം കൈമാറിയിരുന്നതായി സ്വഹീഹായ റിപ്പോർട്ടുകളിൽ കാണാം.
تَقَبَّلَ اللَّهُ مِنَّا وَمِنْكُمْ
“അല്ലാഹു നമ്മിൽ നിന്നും നിങ്ങളിൽ നിന്നും സ്വീകരിക്കുമാറാകട്ടെ” എന്ന് അവർ പറയാറുണ്ടായിരുന്നു. ഈദ് മുബാറക് പോലെയുള്ള ആശംസകൾ പറയുന്നതിന് വിരോധമില്ലെങ്കിലും, അതോടൊപ്പം ഈ പ്രാർത്ഥന കൂടി ഉൾപ്പെടുത്തുന്നത് സുന്നത്തിനോട് കൂടുതൽ യോജിച്ചതാണ്.
10. ഹലാലായ ആഹ്ലാദങ്ങളും സന്തോഷങ്ങളും
അന്നേ ദിവസം നമുക്ക് ഹറാമല്ലാത്ത നിലക്കൊക്കെ ആഹ്ലാദിക്കുകയും സന്തോഷിക്കുകയും ചെയ്യാവുന്നതാണ്. കുടുംബ ബന്ധം ചേർക്കുക, സുഹൃത്തുക്കളെ സന്ദർശിക്കുക, ഇസ്ലാം അനുവദിച്ച വിനോദങ്ങളിൽ ഏർപ്പെടുക തുടങ്ങിയവയെല്ലാം ആകാം.
നബി ﷺ മദീനയിൽ എത്തിയപ്പോൾ അവിടെയുള്ളവർ രണ്ട് ദിവസങ്ങൾ പ്രത്യേകമായി ആഹ്ലാദിക്കാനും കളിക്കാനും തെരഞ്ഞെടുത്തതായി കണ്ടു. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു: “ഞങ്ങൾ ജാഹിലിയ്യ കാലഘട്ടത്തിൽ വിനോദത്തിന് വേണ്ടി തെരഞ്ഞെടുത്ത ദിവസങ്ങളാണവ.” അപ്പോൾ നബി ﷺ പറഞ്ഞു:
إِنَّ اللَّهَ قَدْ أَبْدَلَكُمْ بِهِمَا خَيْرًا مِنْهُمَا: يَوْمَ الْأَضْحَى، وَيَوْمَ الْفِطْرِ
എന്നാൽ ഇതിനേക്കാൾ ഉത്തമമായ രണ്ട് ദിവസങ്ങൾ അല്ലാഹു നിങ്ങൾക്ക് പകരമായി നൽകിയിട്ടുണ്ട്; ബലിപെരുന്നാളും ചെറിയ പെരുന്നാളും. [സുനൻ അബീദാവൂദ് – 1134]
അതുകൊണ്ട് ഈ ദിവസങ്ങളിൽ ചെറിയ യാത്രകളാവാം, മനസ്സിന് സന്തോഷം നൽകുന്ന കുടുംബ-സുഹൃദ് സന്ദർശനങ്ങളാകാം.
പെരുന്നാൾ ദിവസത്തിൽ നോമ്പ് നോൽക്കൽ നിഷിദ്ധമാണ്.
പെരുന്നാളിൻ്റെ രാത്രിയാണല്ലോ എന്ന് വിചാരിച്ച്, പതിവായി രാത്രി നമസ്കരിക്കാത്ത ആളുകൾ പ്രത്യേകമായി ഖിയാമുല്ലൈൽ നമസ്കരിക്കുന്നതും നബി ﷺ വിലക്കിയിട്ടുണ്ട്. എന്നാൽ പതിവായി അത് നിർവഹിക്കുന്നവർക്ക് ആ ദിവസവും അത് തുടരാവുന്നതാണ്.
പെരുന്നാൾ ദിനത്തിലെ ആഹ്ലാദങ്ങൾക്കിടയിലും നാം ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് പരിശുദ്ധ റമദാൻ മാസത്തിൽ നേടിയെടുത്ത തഖ്‌വ നഷ്ടപ്പെടുത്താതിരിക്കാനാണ്. പെരുന്നാൾ കഴിയുന്നതോടുകൂടി പഴയ രൂപത്തിൽ ഹറാമുകളും തിന്മകളും ചെയ്യുന്ന ഒരു ജീവിതത്തിലേക്ക് നാം മടങ്ങാൻ പാടില്ല. അല്ലാഹുവിലേക്ക് ആത്മാർത്ഥമായി ഖേദിച്ചു മടങ്ങി, നോമ്പിലൂടെയും രാത്രി നമസ്കാരങ്ങളിലൂടെയും നാം നേടിയെടുത്ത ഹൃദയവിശുദ്ധി കാത്തുസൂക്ഷിക്കുക എന്നതാണ് പെരുന്നാൾ നൽകുന്ന ഏറ്റവും വലിയ സന്ദേശം. അല്ലാഹു നമ്മെ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ.
സിറാജുൽ ഇസ്ലാം ബാലുശ്ശേരി
www.kanzululoom.com