ഗ്രഹണം : വിശ്വാസികള്‍ അറിയേണ്ടതും ചെയ്യേണ്ടതും

അല്ലാഹു അവന്റെ അടിമകള്‍ക്ക് ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി ചില ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്താറുണ്ട്. ഭൂമികുലുക്കം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങി പലതും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. അത്തരം ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും. അതിനാല്‍ ഗ്രഹണങ്ങള്‍ മനുഷ്യര്‍ക്ക് പാഠമാകണം. സൂര്യനും ചന്ദ്രനും ഒന്നും ആരാധിക്കപ്പെടാന്‍ യോഗ്യമല്ലെന്നും അവയുടെ സ്രഷ്ടാവിന്റെ തീരുമാനങ്ങള്‍ക്കും കല്‍പനകള്‍ക്കും വിധേയമായി മാത്രമെ അവ സഞ്ചരിക്കുകയും നിലനില്‍ക്കുകയും ചെയ്യുന്നുള്ളൂ എന്നും തിരിച്ചറിയാന്‍ ബുദ്ധിമാനായ മനുഷ്യന് സാധിക്കണം.

മനുഷ്യ ചരിത്രം പരിശോധിച്ചാല്‍ ഗ്രഹണത്തിന്റെ പേരിലുള്ള അന്ധവിശ്വാസം എല്ലാകാലത്തും നിലനിന്നിരുന്നതായി കാണാം. മുഹമ്മദ് നബി ﷺ ജീവിച്ചിരുന്ന സമൂഹത്തില്‍ പോലും ഇതിന്റെ പേരിലുള്ള അന്ധവിശ്വാസം നിലനിന്നിരുന്നു. നബി ﷺ യുടെ മകന്‍ ഇബ്‌റാഹീം എന്ന കുട്ടി മരണപ്പെട്ട ദിവസം യാദൃച്ഛികമെന്നോണം സൂര്യഗ്രഹണമുണ്ടായി. പ്രവാചകപുത്രന്റെ വിയോഗത്തില്‍ സൂര്യന്‍ പോലും ദുഃഖിക്കുന്നുവെന്നും അതിനാലാണ് സൂര്യഗ്രഹണം ബാധിച്ചതെന്നുമുള്ള രീതിയില്‍ ജനസംസാരം ഉണ്ടായി. ഇത്തരം അന്ധവിശ്വാസങ്ങളുടെ വേരറുത്തുകൊണ്ട്, ‘ആരെങ്കിലും മരിക്കുകയോ ജീവിക്കുകയോ ചെയ്ത കാരണം കൊണ്ട് സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുകയില്ലെന്നും അത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണെന്നും നബി ﷺ പ്രഖ്യാപിച്ചു.

عَنِ اَلْمُغِيرَةِ بْنِ شُعْبَةَ ‏- رضى الله عنه ‏- قَالَ : انْكَسَفَتِ الشَّمْسُ يَوْمَ مَاتَ إِبْرَاهِيمُ، فَقَالَ النَّاسُ انْكَسَفَتْ لِمَوْتِ إِبْرَاهِيمَ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ، لاَ يَنْكَسِفَانِ لِمَوْتِ أَحَدٍ وَلاَ لِحَيَاتِهِ، فَإِذَا رَأَيْتُمُوهُمَا فَادْعُوا اللَّهَ وَصَلُّوا حَتَّى يَنْجَلِيَ ‏”‏‏.‏

മുഗീറയില്‍(റ) നിന്നും നിവേദനം: നബി ﷺ യുടെ പുത്രന്‍ ഇബ്രാഹീം മരണപ്പെട്ട ദിവസം സൂര്യന് ഗ്രഹണമുണ്ടായി. ഇബ്രാഹീം മരണപ്പെട്ടത് കൊണ്ടാണ് സൂര്യഗ്രഹണമുണ്ടായതെന്ന് ജനങ്ങള്‍ പറയുവാന്‍ തുടങ്ങി. ഇതറിഞ്ഞപ്പോള്‍ നബി ﷺ പ്രഖ്യാപിച്ചു: നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. ആരെങ്കിലും മരിക്കുകയോ ജീവിക്കുകയോ ചെയ്ത കാരണം കൊണ്ട് അവക്ക് ഗ്രഹണം ബാധിക്കുകയില്ല. നിങ്ങള്‍ അതിനെ (ഗ്രഹണത്തെ) കണ്ടാല്‍ (ഗ്രഹണം അവസാനിച്ച്) വ്യക്തമാകുന്നത് വരെ നിങ്ങൾ അല്ലാഹുവിനോട് പ്രാർഥിക്കുകയും, നമസ്കരിക്കുകയും ചെയ്യുക. (ബുഖാരി :1060)

അല്ലാഹു അവന്റെ അടിമകള്‍ക്ക് ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി ചില ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്താറുണ്ടെന്നും അത്തരം ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവുമെന്ന് നബി ﷺ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുത്തു. മാത്രമല്ല സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുന്നതു മുഖേനെ അല്ലാഹു അവന്റെ ശിക്ഷയെ കുറിച്ച് അവന്റെ അടിമകളെ ഭീതിപ്പെടുത്തുന്നു. അതുവഴി അടിമകൾ അല്ലാഹുവിലേക്കു ഖേദിച്ചു മടങ്ങുവാന്‍ അത് കാരണവുമാകുന്നു.

عَنْ أَبِي بَكْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ، لاَ يَنْكَسِفَانِ لِمَوْتِ أَحَدٍ، وَلَكِنَّ اللَّهَ تَعَالَى يُخَوِّفُ بِهَا عِبَادَهُ ‏‏‏

അബൂബക്റത്തില്‍(റ) നിന്നും നിവേദനം: നബി ﷺ അരുളി: നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. ആരുടേയും മരണം കാരണം അവക്ക് ഗ്രഹണം ബാധിക്കുകയില്ല. എന്നാല്‍ അല്ലാഹു അതുകൊണ്ട് തന്റെ ദാസന്‍മാരെ ഭയപ്പെടുത്തുകയാണ്. (ബുഖാരി:1048)

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) പറയുന്നു: ‘മറ്റു പല ദൃഷ്ടാന്തങ്ങളുമെന്ന പോലെ ഇതും അടിമകളെ ഭീതിപ്പെടുത്താനാണെന്നാണ് നബി ﷺ പഠിപ്പിച്ചത്. കാറ്റ്, ക്ഷാമം, പേമാരി തുടങ്ങിയ പല കാരണങ്ങളാലും ശിക്ഷ വരുന്നത് പോലെ ഇതും ചിലപ്പോള്‍ ഒരു ശിക്ഷക്ക് നിമിത്തമായേക്കാം. ഒരു പക്ഷേ, ഭൂമിയില്‍ വല്ല ശിക്ഷയും തുടങ്ങാന്‍ അല്ലാഹു ഇതിനെ ഒരു കാരണമാക്കി നിശ്ചയിക്കുകയും ചെയ്യാം.’ (സൂറഃ അല്‍ ഇസ്‌റാഅ് :59, അല്‍ അന്‍കബൂത്ത് :40 എന്നീ ആയത്തുകള്‍ ശൈഖുല്‍ ഇസ്‌ലാം ഇതിന് ഉപോല്‍ബലകമായി കൊടുക്കുകയും ചെയ്യുന്നു). (മജ്മൂഉല്‍ ഫതാവാ)

ഇമാം ഇബ്‌നുല്‍ ഖയ്യിം(റഹി) പറയുന്നു: ‘ഇതിനെ രണ്ടു തരത്തില്‍ വ്യാഖ്യാനിക്കാം: ഒരാളുടെ മരണമോ ജനനമോ കാരണം ഗ്രഹണം സംഭവിക്കുകയില്ല. ഏതെങ്കിലും ഒരു പ്രമുഖന്റെ മരണവും ജനനവും ഗ്രഹണത്തിനു നിമിത്തമാവുമെന്ന അബദ്ധധാരണയെ നബി ﷺ ഇതിലൂടെ തിരുത്തുന്നു. ഗ്രഹണം കാരണം ഒരു മരണമോ ജനനമോ സംഭവിക്കുകയുമില്ല. എന്നാല്‍ അല്ലാഹു തന്റെ ദാസന്മാരെ ഭയപ്പെടുത്തുന്നതിനുവേണ്ടി നടപ്പാക്കുന്ന ചില ദൃഷ്ടാന്തങ്ങള്‍ മാത്രമാണ് അത്.’ (മിഫ്താഹു ദാരിസ്സആദ: 3/212)

സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിപ്പിക്കുന്നതു വഴി അല്ലാഹു മനുഷ്യ൪ക്ക് ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. സൂര്യനും ചന്ദ്രനും എത്ര വലിയ സൃഷ്ടികളായിട്ടുപോലും അവയുടെ സ്രഷ്ടാവിന്റെ നിയന്ത്രണത്തിന് അത് വിധേയമാണെന്നും അവയ്ക്ക് മാറ്റങ്ങള്‍ സംഭവിക്കാമെങ്കില്‍ അതിനെക്കാള്‍ ചെറിയ സൃഷ്ടികള്‍ക്ക് എന്തും സംഭവിക്കാമെന്നും അന്ത്യനാളില്‍ ചന്ദ്രന് ഗ്രഹണം ബാധിക്കുമെന്നും സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുമെന്നും ഖുര്‍ആന്‍ (സൂറ: അല്‍ഖിയാമ8-9) പറഞ്ഞിട്ടുള്ളത് സംഭവിക്കുമെന്നുമെല്ലാം അല്ലാഹു ഇതിലൂടെ അവന്റെ അടിമകളെ ബോധ്യപ്പെടുത്തുന്നു.

ഗ്രഹണം ബാധിച്ചാല്‍ വിശ്വാസികളുടെ ബാധ്യത

ഗ്രഹണമെന്ന് കേള്‍ക്കുമ്പോള്‍ എന്തെങ്കിലും അന്ധവിശ്വാസത്തിലേക്കോ അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ ഭയപ്പാടുകളിലേക്കോ പോകേണ്ടവരല്ല സത്യവിശ്വാസികള്‍. അത് കേവലം ഒരു പ്രാപഞ്ചിക പ്രതിഭാസമെന്നു കരുതി അതിനെ അവഗണിച്ച് മറന്നു ജീവിക്കേണ്ടവരുമല്ല സത്യവിശ്വാസികള്‍. സൂര്യനോ ചന്ദ്രനോ ഗ്രഹണം ബാധിക്കുമ്പോള്‍ സത്യവിശ്വാസികള്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് നബി ﷺ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്.

സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുന്നതിന്റെ ശാസ്ത്രീയവശം ആധുനിക കാലത്ത് തെളിയിക്കപ്പെട്ടതാണ്. അതിന്റെ പൂർണ്ണതയും കുറവും, അനുഭവപ്പെടുന്ന സ്ഥലങ്ങളുമെല്ലാം മുൻകൂട്ടി പറയാൻ ഇന്നു സാധിക്കും. പ്രകൃതിയിലെ ഇത്തരം അവസ്ഥകൾ അനുഭവപ്പെടുമ്പോൾ – ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോൾ പോലും – നബി (സ്വ) ക്ക് വലിയ ആശങ്കയായിരുന്നു. അതിനാൽ ഗ്രഹണം അനുഭവപ്പെട്ടാൽ ചില കാര്യങ്ങൾ കൊണ്ട് കൽപിക്കുക നബി (സ്വ) യുടെ പതിവായിരുന്നു.

1. അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് കൂടുതല്‍ ഭയമുള്ളവരാകുക

عَنْ أَبِي مَسْعُودٍ الأَنْصَارِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ يُخَوِّفُ اللَّهُ بِهِمَا عِبَادَهُ وَإِنَّهُمَا لاَ يَنْكَسِفَانِ لِمَوْتِ أَحَدٍ مِنَ النَّاسِ فَإِذَا رَأَيْتُمْ مِنْهَا شَيْئًا فَصَلُّوا وَادْعُوا اللَّهَ حَتَّى يُكْشَفَ مَا بِكُمْ ‏”‏ ‏.

അബൂ മസ്ഊദ് അല്‍ അന്‍സാരി(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “സൂര്യനും ചന്ദ്രനും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ രണ്ട് ദൃഷ്ടാന്തങ്ങളാണ്. അതുമുഖേന തന്‍റെ ദാസന്മാരെ അവന്‍ ഭയവിഹ്വലരാക്കുന്നു. അവ രണ്ടിന്‍റെയും ഗ്രഹണം ഒരാളുടെയും മരണകാരണമായോ മറ്റോ സംഭവിക്കുന്നതല്ല. അവ ദര്‍ശിക്കുന്ന പക്ഷം അത് നീക്കപ്പെടുന്നത് വരെ നിങ്ങള്‍ നമസ്കരിക്കുകയും ദുആ ചെയ്യുകയും ചെയ്യുക”(മുസ്ലിം: 911)

عَنْ أَبِي مُوسَى، قَالَ خَسَفَتِ الشَّمْسُ، فَقَامَ النَّبِيُّ صلى الله عليه وسلم فَزِعًا، يَخْشَى أَنْ تَكُونَ السَّاعَةُ، فَأَتَى الْمَسْجِدَ، فَصَلَّى بِأَطْوَلِ قِيَامٍ وَرُكُوعٍ وَسُجُودٍ رَأَيْتُهُ قَطُّ يَفْعَلُهُ

അബൂമൂസയില്‍(റ) നിന്ന് നിവേദനം നിവേദനം: ഒരിക്കല്‍ സൂര്യന് ഗ്രഹണം ബാധിച്ചപ്പോള്‍ അന്ത്യദിനം സംഭവിക്കുകയാണോ എന്ന് ഭയപ്പെടുന്ന അവസ്ഥയില്‍ നബി ﷺ പരിഭ്രമിച്ചുകൊണ്ട് എഴുന്നേറ്റ് നിന്നു. പള്ളിയില്‍ വന്നു ദീര്‍ഘമായി സുജൂദും റുകുഉം ഖിയാമും നിര്‍വ്വഹിച്ചുകൊണ്ട് നബി ﷺ നമസ്കരിച്ചു. അപ്രകാരം നബി ﷺ ചെയ്യുന്നത് ഞാന്‍ തീരെ കണ്ടിട്ടില്ല.…… (ബുഖാരി:1059)

അതിനാൽ തിന്‍മകളിൽ നിന്നും പരിപൂര്‍ണ്ണമായി വിട്ടുനിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഗ്രഹണവുമായി ബന്ധപ്പെട്ട ഖുത്വുബയിലാണ് നബി ﷺ ഇപ്രകാരം പറഞ്ഞിട്ടുള്ളത്.

يَا أُمَّةَ مُحَمَّدٍ، وَاللَّهِ مَا مِنْ أَحَدٍ أَغْيَرُ مِنَ اللَّهِ أَنْ يَزْنِيَ عَبْدُهُ أَوْ تَزْنِيَ أَمَتُهُ، يَا أُمَّةَ مُحَمَّدٍ، وَاللَّهِ لَوْ تَعْلَمُونَ مَا أَعْلَمُ لَضَحِكْتُمْ قَلِيلاً وَلَبَكَيْتُمْ كَثِيرًا ‏

മുഹമ്മദിന്റെ സമുദായമേ, അല്ലാഹുവാണ് സത്യം! തന്റെ ദാസൻ വ്യഭിചരിക്കുന്നതിനോട് അല്ലെങ്കിൽ തന്റെ ദാസി വ്യഭിചരിക്കുന്നതിനോട് അല്ലാഹുവിനേക്കാൾ കൂടുതൽ രോഷം കൊള്ളുന്നവനായി മറ്റാരുമില്ല. മുഹമ്മദിന്റെ സമുദായമേ, അല്ലാഹുവാണ് സത്യം! ഞാൻ അറിയുന്ന കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ നിങ്ങൾ വളരെ കുറച്ചു മാത്രം ചിരിക്കുകയും ഏറെ കരയുകയും ചെയ്യുമായിരുന്നു. (ബുഖാരി:1044)

ഒരു ഗ്രഹണ നമസ്‌കാരത്തില്‍ നബി ﷺ ക്ക് നരകവും സ്വര്‍ഗവും കാണിക്കപ്പെടുകയുണ്ടായി. നരക ശിക്ഷകള്‍, ഖബ്ര്‍ ശിക്ഷ, സ്വര്‍ഗീയ അനുഭൂതികള്‍ എല്ലാം നബി ﷺ അന്ന് കാണുകയുണ്ടായി. അവിടുന്ന് പറഞ്ഞു: ‘ഞാന്‍ അറിയുന്ന കാര്യങ്ങള്‍ എല്ലാം നിങ്ങള്‍ അറിയുകയാണെങ്കില്‍ നിങ്ങള്‍ അല്‍പം മാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു. (ബുഖാരി- മുസ്‌ലിം).

ഗ്രഹണത്തിന് ചില പ്രാപഞ്ചികമായ കാരണങ്ങളുണ്ട് എന്നത് കൊണ്ട് ഈ ഭയം ഇല്ലാതാകേണ്ടതില്ല.

2. അല്ലാഹുവിനെ ധാരാളമായി ഓ൪ക്കുക
3. അല്ലാഹുവിനടോട് പ്രാ൪ത്ഥിക്കുക
4. ഇസ്തിഗ്ഫാ൪ വ൪ദ്ധിപ്പിക്കുക
5. അല്ലാഹുവിനെ മഹത്വപ്പെടുത്തുക
6. ദാനധ൪മ്മങ്ങള്‍ ചെയ്യുക

عَنْ أَبِي مُوسَى، قَالَ خَسَفَتِ الشَّمْسُ، فَقَامَ النَّبِيُّ صلى الله عليه وسلم فَزِعًا، يَخْشَى أَنْ تَكُونَ السَّاعَةُ، فَأَتَى الْمَسْجِدَ، فَصَلَّى بِأَطْوَلِ قِيَامٍ وَرُكُوعٍ وَسُجُودٍ رَأَيْتُهُ قَطُّ يَفْعَلُهُ وَقَالَ ‏ : هَذِهِ الآيَاتُ الَّتِي يُرْسِلُ اللَّهُ لاَ تَكُونُ لِمَوْتِ أَحَدٍ وَلاَ لِحَيَاتِهِ، وَلَكِنْ يُخَوِّفُ اللَّهُ بِهِ عِبَادَهُ، فَإِذَا رَأَيْتُمْ شَيْئًا مِنْ ذَلِكَ فَافْزَعُوا إِلَى ذِكْرِهِ وَدُعَائِهِ وَاسْتِغْفَارِهِ

അബൂ മൂസ അല്‍ അശ്അരി (റ) നിവേദനം: നബി ﷺ യുടെ കാലത്ത് സൂര്യഗ്രഹണം സംഭവിച്ചു. അന്ത്യദിനം സംഭവിക്കുകയാണ് എന്ന് തോന്നുമാറ് നബി ﷺ ധൃതി പിടിച്ച് പള്ളിയിലേക്ക് വന്നു. ശേഷം ഞാന്‍ കണ്ടത്തില്‍ വച്ച് ഏറ്റവും സുദീര്‍ഘമായ രൂപത്തില്‍ ഖിയാമും, റുകൂഉം, സുജൂദുമായി ദീര്‍ഘമായ നമസ്കാരം നമസ്കരിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു: “അല്ലാഹു അയക്കുന്ന ചില ദൃഷ്ടാന്തങ്ങളാണ് ഇവ. ആരുടെയെങ്കിലും മരണം കൊണ്ടോ , ജനനം കൊണ്ടോ സംഭവിക്കുന്നതല്ല അത്. മറിച്ച് തന്‍റെ ദാസന്മാരെ ഭയപ്പെടുത്തുന്ന ചില പ്രതിഭാസങ്ങളാണ്. അതുകൊണ്ട് അതിന് നിങ്ങള്‍ സാക്ഷിയായാല്‍ ദിക്റിലേക്കും, ദുആഇലേക്കും, ഇസ്തിഗ്ഫാറിലേക്കും ധൃതി കാണിച്ചുകൊള്ളുക”. (ബുഖാരി:1059)

عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ ‏ إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ، لاَ يَنْخَسِفَانِ لِمَوْتِ أَحَدٍ وَلاَ لِحَيَاتِهِ، فَإِذَا رَأَيْتُمْ ذَلِكَ فَادْعُوا اللَّهَ وَكَبِّرُوا، وَصَلُّوا وَتَصَدَّقُوا

ആയിശ(റ) യിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ട രണ്ട് ദൃഷ്ടാന്തങ്ങളാണ്. ആരെങ്കിലും മരിക്കുകയോ ജനിക്കുകയോ ചെയ്ത കാരണംകൊണ്ട് അവ രണ്ടിനേയും ഗ്രഹണം ബാധിക്കുകയില്ല. അവക്ക് ഗ്രഹണം ബാധിച്ചത് കണ്ടാല്‍ നിങ്ങള്‍ അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുകയും അവനെ മഹത്വപ്പെടുത്തുകയും നമസ്കരിക്കുകയും ധാനധ൪മ്മങ്ങള്‍ ചെയ്യുകയും ചെയ്തുകൊള്ളുവിന്‍. (ബുഖാരി:1044)

قال الإمام ابن باز رحمه الله: فالواجب عند الزلازل وغيرها من الآيات والكسوف والرياح الشديدة والفيضانات البدار بالتوبة إلى الله سبحانه، والضراعة إليه وسؤاله العافية والإكثار من ذكره واستغفاره

ശൈഖ് ഇബ്നു ബാസ്رحمه الله പറഞ്ഞു : ഭൂകമ്പം, ഗ്രഹണം, ശക്തമായ കാറ്റ്, പ്രളയങ്ങൾ പോലുള്ള ദൃഷ്ടാന്തങ്ങൾ സംഭവിക്കുമ്പോൾ നിർബന്ധമായും അല്ലാഹുവിനോട് വേഗത്തിൽ പശ്ചാത്തപിച്ചു മടങ്ങേണ്ടതുണ്ട്. അവനോട് താഴ്മ കാണിക്കുകയും സൗഖ്യത്തിനായി അവനോട് ചോദിക്കുകയും ദിക്റും ഇസ്തിഗ്ഫാറും വർധിപ്പിക്കുകയും വേണം. (മജ്മൂഉൽ ഫതാവാ:9/148)

7. ഖബ്ര്‍ ശിക്ഷയിൽ നിന്നും അഭയം ചോദിക്കുക

عَنْ عَائِشَةَ، زَوْجِ النَّبِيِّ صلى الله عليه وسلم أَنَّ يَهُودِيَّةً جَاءَتْ تَسْأَلُهَا فَقَالَتْ لَهَا أَعَاذَكِ اللَّهُ مِنْ عَذَابِ الْقَبْرِ‏.‏ فَسَأَلَتْ عَائِشَةُ ـ رضى الله عنها ـ رَسُولَ اللَّهِ صلى الله عليه وسلم أَيُعَذَّبُ النَّاسُ فِي قُبُورِهِمْ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم عَائِذًا بِاللَّهِ مِنْ ذَلِكَ‏.‏ ثُمَّ رَكِبَ رَسُولُ اللَّهِ صلى الله عليه وسلم ذَاتَ غَدَاةٍ مَرْكَبًا، فَخَسَفَتِ الشَّمْسُ، فَرَجَعَ ضُحًى، فَمَرَّ رَسُولُ اللَّهِ صلى الله عليه وسلم بَيْنَ ظَهْرَانَىِ الْحُجَرِ، ثُمَّ قَامَ يُصَلِّي، وَقَامَ النَّاسُ وَرَاءَهُ، فَقَامَ قِيَامًا طَوِيلاً، ثُمَّ رَكَعَ رُكُوعًا طَوِيلاً، ثُمَّ رَفَعَ فَقَامَ قِيَامًا طَوِيلاً، وَهْوَ دُونَ الْقِيَامِ الأَوَّلِ ثُمَّ رَكَعَ رُكُوعًا طَوِيلاً، وَهْوَ دُونَ الرُّكُوعِ الأَوَّلِ، ثُمَّ رَفَعَ فَسَجَدَ، ثُمَّ قَامَ فَقَامَ قِيَامًا طَوِيلاً، وَهْوَ دُونَ الْقِيَامِ الأَوَّلِ، ثُمَّ رَكَعَ رُكُوعًا طَوِيلاً وَهْوَ دُونَ الرُّكُوعِ الأَوَّلِ، ثُمَّ قَامَ قِيَامًا طَوِيلاً وَهْوَ دُونَ الْقِيَامِ الأَوَّلِ، ثُمَّ رَكَعَ رُكُوعًا طَوِيلاً وَهْوَ دُونَ الرُّكُوعِ الأَوَّلِ، ثُمَّ رَفَعَ فَسَجَدَ وَانْصَرَفَ، فَقَالَ مَا شَاءَ اللَّهُ أَنْ يَقُولَ، ثُمَّ أَمَرَهُمْ أَنْ يَتَعَوَّذُوا مِنْ عَذَابِ الْقَبْرِ‏.‏

ആഇശ (റ) യിൽ നിന്ന് നിവേദനം: ഒരു ജൂതസ്ത്രീ ആയിശ (റ) യുടെ അടുത്തേക്ക് (സഹായം) ചോദിച്ചു വന്നു. അവൾ ആയിശ (റ) യോട് പറഞ്ഞു: അല്ലാഹു നിങ്ങളെ ഖബർ ശിക്ഷയിൽ നിന്ന് രക്ഷിക്കുമാറാകട്ടെ അപ്പോൾ ആഇശ (റ) അല്ലാഹുവിൻ്റെ റസൂലിനോട് ചോദിച്ചു: “ജനങ്ങൾ അവരുടെ ഖബറുകളിൽ വെച്ച് ശിക്ഷിക്കപ്പെടുമോ? അപ്പോൾ റസൂൽ (സ്വ) ആ ശിക്ഷയിൽ നിന്ന് അല്ലാഹുവിൽ അഭയം തേടിക്കൊണ്ട് പ്രാർത്ഥിക്കുകയുണ്ടായി.

പിന്നീട് റസൂൽ (സ്വ) ഒരു പ്രഭാതത്തിൽ വാഹനം കയറി പുറപ്പെട്ടപ്പോൾ സൂര്യഗ്രഹണമുണ്ടായി. അങ്ങനെ ദുഹാസമയത്ത് മടങ്ങി. വീടുകൾക്കിടയിലൂടെ നടന്നുവന്ന് നമസ്കാരത്തിനായി നിന്നു. ജനങ്ങളും പ്രവാചകൻ്റെ പിറകിൽ നിന്നു. അവിടുന്ന് ദീർഘമായി നിന്നു. പിന്നെ ദീർഘമായി റുകൂഅ് ചെയ്തു. പിന്നെ നിവർന്നു ദീർഘമായി നിന്നു. അത് ആദ്യത്തെ നിർത്തത്തേക്കാൾ കുറവായിരുന്നു. പിന്നെ ദീർഘമായി റുകുഅ് ചെയ്‌തു. അത് ആദ്യത്തെ റുകുഇനേക്കാൾ ദൈർഘ്യം കുറഞ്ഞതായിരുന്നു. പിന്നെ തല ഉയർത്തി നിവർന്നുനിന്നു. പിന്നെ സുജൂദ് ചെയ്തു. പിന്നെയും എഴുന്നേറ്റുനിന്നു. ദീർഘമായി നിന്നു. അത് ആദ്യത്തെ നിർത്തത്തേക്കാൾ കുറവായിരുന്നു. പിന്നെ ദീർഘമായി റുകുഅ് ചെയ്തു. അത് ആദ്യത്തെ റുകുഇനേക്കാൾ കുറവായിരുന്നു. പിന്നെ നിവർന്നു ദീർഘമായി നിന്നു. പിന്നെയും റുകൂഅ് ചെയ്‌തു. ദീർഘമായി റുകൂഅ് ചെയ്‌തു. അത് ആദ്യത്തെ റുകൂഇനേക്കാൾ കുറവായിരുന്നു. പിന്നെ തല ഉയർത്തി നിവർന്നു നിന്നു. എന്നിട്ട് സുജൂദ് ചെയ്‌തു. നമസ്‌കാരത്തിൽ നിന്ന് വിരമിച്ചു തുടർന്ന് പറയാൻ ഉദ്ദേശിച്ചതെല്ലാം അവിടുന്നു പറഞ്ഞു. പിന്നീട് ജനങ്ങളോട് ഖബർശിക്ഷ യിൽ നിന്ന് അഭയം തേടാൻ കൽപിച്ചു.(ബുഖാരി:1049,1050)

8. ഗ്രഹണനമസ്‌കാരം നി൪വ്വഹിക്കുക

فَإِذَا خَسَفَا فَصَلُّوا حَتَّى تَنْجَلِيَ

…….. ഗ്രഹണം സംഭവിച്ചാല്‍ (ഗ്രഹണം അവസാനിച്ച്) വ്യക്തമാകുന്നത് വരെ നിങ്ങൾ നമസ്കരിക്കുക. (മുസ്ലിം: 904)

ഗ്രഹണനമസ്‌കാരം പ്രബലമായ സുന്നത്താണെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. സുന്നത്താണ് എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിട്ടുണ്ടെന്ന് ഇമാം നവവി(റഹി) ശറഹു മുസ്‌ലിമില്‍ രേഖപ്പെടുത്തുന്നു. നബി ﷺ അത് നിര്‍വ്വഹിക്കുകയും നമസ്‌കരിക്കാന്‍ കല്‍പിക്കുകയും ചെയ്തു എന്നതാണ് സുന്നത്താണ് എന്നതിന് തെളിവായി അവര്‍ ഉന്നയിക്കുന്നത്. ചില പണ്ഡിതന്മാര്‍ ഹദീസിന്റെ പദപ്രയോഗങ്ങളുടെ ബാഹ്യാര്‍ത്ഥ പ്രകാരം അത് നിര്‍ബന്ധമാണെന്നുവരെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

നമസ്‌കരിച്ചില്ലെങ്കില്‍ ശിക്ഷാര്‍ഹരാണെന്ന് പറഞ്ഞില്ലെങ്കിലും ഇത് നിര്‍ബന്ധമാണെന്ന് പറയുക തന്നെയാണ് വേണ്ടതെന്നും നബി ﷺ ഗ്രഹണസമയത്ത് പ്രകടിപ്പിച്ച ആശങ്കയും ഭയവും ഗൗരവതരമായ ഉപദേശം ഉള്‍കൊള്ളുന്ന അവിടുത്തെ ഖുതുബയും ദീര്‍ഘമായ നമസ്‌കാരവുമെല്ലാം അതാണ് അറിയിക്കുന്നതെന്നും അല്ലാത്തപക്ഷം ഗ്രഹണ സമയത്തും ആളുകള്‍ കച്ചവടത്തിലും വിനോദത്തിലും കൃഷിയിലും മറ്റും മുഴുകി അശ്രദ്ധമായി കഴിയാനും അല്ലാഹുവിന്റെ ശിക്ഷയെ വിസ്മരിക്കാനും ഒരുപക്ഷേ, അത് ശിക്ഷ ലഭിക്കാനും നിമിത്തമായേക്കാമെന്നും ശൈഖ് ഇബ്‌നു ഉസൈമിന്‍(റഹി) രേഖപ്പെടുത്തുന്നു. (ശറഹുല്‍ മുംതിഅ് :5/237-240)

عَنْ عَائِشَةَ ـ رضى الله عنها ـ جَهَرَ النَّبِيُّ صلى الله عليه وسلم فِي صَلاَةِ الْخُسُوفِ بِقِرَاءَتِهِ، فَإِذَا فَرَغَ مِنْ قِرَاءَتِهِ كَبَّرَ فَرَكَعَ، وَإِذَا رَفَعَ مِنَ الرَّكْعَةِ قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ، رَبَّنَا وَلَكَ الْحَمْدُ‏.‏ ثُمَّ يُعَاوِدُ الْقِرَاءَةَ فِي صَلاَةِ الْكُسُوفِ، أَرْبَعَ رَكَعَاتٍ فِي رَكْعَتَيْنِ وَأَرْبَعَ سَجَدَاتٍ‏.‏

ആഇശ (റ) പറയുന്നു: ഗ്രഹണനമസ്‌കാരത്തിൽ നബി (സ്വ) ഉച്ചത്തിൽ ഖുർആൻ ഓതി. ഖുർആൻ പാരായണം കഴിഞ്ഞ് തക്ബീർ ചൊല്ലി റുകൂഅ് ചെയ്തു. റുകൂഇൽനിന്ന് തല ഉയർത്തിയപ്പോൾ “സമിഅല്ലാഹുലിമൻഹമിദഹു റബ്ബനാവലകൽഹംദു” എന്നു പറഞ്ഞു. ഗ്രഹണനമസ്‌കാരത്തിൽ വീണ്ടും ഖുർആൻ ഓതും; രണ്ട് റക്അത്തിലായി നാല് റുകൂഉം നാല് സുജൂദും നിർവ്വഹിക്കും. (ബുഖാരി:1065)

9.ഖുത്വുബ നി൪വ്വഹിക്കല്‍

عَنْ عَائِشَةَ، أَنَّهَا قَالَتْ خَسَفَتِ الشَّمْسُ فِي عَهْدِ رَسُولِ اللَّهِ صلى الله عليه وسلم فَصَلَّى رَسُولُ اللَّهِ صلى الله عليه وسلم بِالنَّاسِ، فَقَامَ فَأَطَالَ الْقِيَامَ، ثُمَّ رَكَعَ فَأَطَالَ الرُّكُوعَ، ثُمَّ قَامَ فَأَطَالَ الْقِيَامَ وَهْوَ دُونَ الْقِيَامِ الأَوَّلِ، ثُمَّ رَكَعَ فَأَطَالَ الرُّكُوعَ، وَهْوَ دُونَ الرُّكُوعِ الأَوَّلِ، ثُمَّ سَجَدَ فَأَطَالَ السُّجُودَ، ثُمَّ فَعَلَ فِي الرَّكْعَةِ الثَّانِيَةِ مِثْلَ مَا فَعَلَ فِي الأُولَى، ثُمَّ انْصَرَفَ وَقَدِ انْجَلَتِ الشَّمْسُ، فَخَطَبَ النَّاسَ، فَحَمِدَ اللَّهَ، وَأَثْنَى عَلَيْهِ ثُمَّ قَالَ ‏”‏ إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ،

ആഇശ: (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂലിന്റെ കാലത്ത് സൂര്യന് ഗ്രഹണം ബാധിച്ചപ്പോൾ ജനങ്ങളുമായി റസൂൽ (സ്വ) നമസ്കരിച്ചു. അപ്പോൾ ദീർഘനേരം നിന്നു. പിന്നെ റുകൂഅ് ചെയ്‌തു. ദീർഘമായി റുകൂഅ് ചെയ്തു. പിന്നെ നിവർന്നു നിന്നു, ദീർഘനേരം നിന്നു. അത് ആദ്യത്തെ നിർത്തത്തേക്കാൾ കുറവായിരുന്നു. പിന്നെ സുജൂദ് ചെയ്‌തു. സുജൂദിനെ ദീർഘിപ്പിച്ചു. ഇപ്രകാരം ഒന്നാമത്തെ റക്അത്തുപോലെ രണ്ടാമത്തെ റക്‌അത്തിലും ചെയ്തു. പിന്നെ നമസ്കാരത്തിൽ നിന്നു വിരമിച്ചു. അപ്പോഴേക്കും സൂര്യൻ തെളിഞ്ഞുക ഴിഞ്ഞിരുന്നു. പിന്നെ ജനങ്ങളോട് പ്രസംഗിച്ചു. അപ്പോൾ അല്ലാഹുവിനെ സ്തുതിക്കുകയും അവനെ പുകഴ്ത്തുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ട രണ്ട് ദൃഷ്ടാന്തങ്ങളാണ് ……………. (ബുഖാരി:1044)

ഗ്രഹണനമസ്കാരശേഷം ഇമാം ജനങ്ങളെ ഉപദേശിക്കലും അശ്രദ്ധമായ ജീവിതത്തെ തൊട്ടും ഭൗതികതയില്‍ വഞ്ചിതരാകുന്നതിനെ തൊട്ടും അവര്‍ക്കു മുന്നറിയിപ്പ് നല്‍കലും ദുആയും ഇസ്തിഗ്ഫാറും വര്‍ദ്ധിപ്പിക്കുവാന്‍ അവരോടു കല്‍പിക്കലും സുന്നത്താകുന്നു.

നബി ﷺ യുടെ  ഖുത്വുബയില്‍ അവിടുന്ന് ഖബ്ര്‍ ശിക്ഷ, മസീഹുദ്ദജ്ജാലിന്റെ ഫിത്‌ന എന്നിവയെ കുറിച്ച് താക്കീത് ചെയ്യുകയും സ്വദഖ, അടിമമോചനം, ഇസ്തിഗ്ഫാ൪, പ്രാര്‍ത്ഥന തുടങ്ങിയവ വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. വ്യഭിചാരത്തിന്റെ ഗൗരവം, നരക സ്വര്‍ഗങ്ങളിലെ കാഴ്ചകള്‍, ശിര്‍ക്കിന്റെ ഗൗരവം, മക്കയില്‍ ആദ്യമായി ശിര്‍ക്ക് കൊണ്ടുവന്ന അംറ് ബ്‌നു ലുഹയ്യിന് നരകത്തില്‍ ലഭിക്കുന്ന ശിക്ഷ, നബി ﷺ യുടെ ഒട്ടകത്തെ മോഷ്ടിച്ചവന്റെ അവസ്ഥ, മഹ്ശര്‍ തുടങ്ങിയ ധാരാളം കാര്യങ്ങളെക്കുറിച്ച് ഉദ്‌ബോധിപ്പിച്ചു. (ബുഖാരി – മുസ്‌ലിം – നസാഈ)

ഗ്രഹണ നമസ്‌കാരത്തിന്റെ സമയം

ഗ്രഹണം ആരംഭിച്ചത് മുതല്‍ പൂര്‍ണമായും നീങ്ങുന്നത് വരെയാണ് നമസ്‌കാര സമയം.

وَإِذَا كَانَ ذَاكَ فَصَلُّوا وَادْعُوا حَتَّى يُكْشَفَ مَا بِكُمْ

ഗ്രഹണം സംഭവിച്ചാല്‍ അത് കഴിയുന്നതുവരെ നിങ്ങള്‍ നമസ്കരിക്കുക. (ബുഖാരി:1063)

فَإِذَا رَأَيْتُمْ مِنْهَا شَيْئًا فَصَلُّوا وَادْعُوا اللَّهَ حَتَّى يَكْشِفَهَا

അത് (ഗ്രഹണം) നിങ്ങള്‍ കണ്ടാല്‍ അല്ലാഹു അത് നീക്കുന്നതു വരെ നിങ്ങള്‍ നമസ്കരിക്കുക (ബുഖാരി:5785)

നമസ്‌കാരത്തിന്റെ രൂപം

ആദ്യമായി നിയ്യത്തോടു കൂടി തക്ബീറതുല്‍ ഇഹ്‌റാം ചെയ്യുക. ശേഷം പ്രാരംഭ പ്രാര്‍ഥന ചൊല്ലുക. ഫാതിഹ പാരായണം ചെയ്യുക. ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്യുക. ദീര്‍ഘമായി റുകൂഅ് ചെയ്യുക. (പ്രാര്‍ഥനകള്‍ ആവര്‍ത്തിച്ചു നിര്‍വഹിക്കാവുന്നതാണ്). ശേഷം റുകൂഇല്‍ നിന്ന് ഉയരുകയും സുജൂദിലേക്ക് പോകാതെ വീണ്ടും ഫാത്തിഹ ഓതി ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്യുക. ആദ്യ തവണത്തെ പാരായണത്തെക്കാള്‍ രണ്ടാമത്തെ ഖുര്‍ആന്‍ പാരായണം ചുരുക്കലാണ് നബി ﷺ പഠിപ്പിച്ചത്. ശേഷം ദീര്‍ഘമായി റുകൂഅ് ചെയ്യുക. ആദ്യ റുകൂഇനെക്കാള്‍ രണ്ടാമത്തെ റുകൂഅ് അല്‍പം കുറയലാണ് പ്രവാചക മാതൃക. റുകൂഇല്‍ നിന്ന് ഉയര്‍ന്ന് ഇഅ്തിദാല്‍ നിര്‍വഹിക്കുക. ശേഷം ദിര്‍ഘമായി സുജൂദ് ചെയ്യുക. രണ്ടാമത്തെ സുജൂദ് ആദ്യ സുജൂദിനെക്കാള്‍ അല്‍പം ചുരുക്കുക. രണ്ട് സുജൂദിന്റെ ഇടയിലെ ഇരുത്തം ഏകദേശം സുജൂദിന്റെ അത്ര തന്നെ ദൈര്‍ഘ്യമുള്ളതാകണം. ഇപ്പോള്‍ ഒരു റക്അത്ത് പൂര്‍ത്തിയായി. രണ്ടാമത്തെ റക്അതിലും ആദ്യ റക്അതിലെ പോലെ ചെയ്യുക. എന്നാൽ ദൈർഘ്യം മുൻപുള്ളതിനെക്കാൾ കുറക്കുക. ശേഷം അത്തഹിയ്യാത്ത് നിര്‍വഹിച്ച് രണ്ട് സലാം വീട്ടുക. (ബുഖാരി – മുസ്ലിം)

عَنْ عَائِشَةَ، زَوْجِ النَّبِيِّ صلى الله عليه وسلم قَالَتْ خَسَفَتِ الشَّمْسُ فِي حَيَاةِ النَّبِيِّ صلى الله عليه وسلم فَخَرَجَ إِلَى الْمَسْجِدِ فَصَفَّ النَّاسُ وَرَاءَهُ، فَكَبَّرَ فَاقْتَرَأَ رَسُولُ اللَّهِ صلى الله عليه وسلم قِرَاءَةً طَوِيلَةً، ثُمَّ كَبَّرَ فَرَكَعَ رُكُوعًا طَوِيلاً، ثُمَّ قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ‏.‏ فَقَامَ وَلَمْ يَسْجُدْ، وَقَرَأَ قِرَاءَةً طَوِيلَةً، هِيَ أَدْنَى مِنَ الْقِرَاءَةِ الأُولَى، ثُمَّ كَبَّرَ وَرَكَعَ رُكُوعًا طَوِيلاً، وَهْوَ أَدْنَى مِنَ الرُّكُوعِ الأَوَّلِ، ثُمَّ قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ، رَبَّنَا وَلَكَ الْحَمْدُ‏.‏ ثُمَّ سَجَدَ، ثُمَّ قَالَ فِي الرَّكْعَةِ الآخِرَةِ مِثْلَ ذَلِكَ، فَاسْتَكْمَلَ أَرْبَعَ رَكَعَاتٍ فِي أَرْبَعِ سَجَدَاتٍ

ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ (റ) നിവേദനം: “നബി ﷺ യുടെ ജീവിതകാലത്ത് സൂര്യഗ്രഹണമുണ്ടായി. അദ്ദേഹം പള്ളിയിലേക്ക് പുറപ്പെട്ടു. ആളുകള്‍ അദ്ദേഹത്തിന് പിന്നില്‍ സ്വഫ്ഫായി നിന്നു. അദ്ദേഹം തക്ബീര്‍ ചൊല്ലി. ശേഷം സുദീര്‍ഘമായി പാരായണം ചെയ്തു. ശേഷം സുദീര്‍ഘമായ റുകൂഅ് നിര്‍വഹിച്ചു. ശേഷം سمع الله لمن حمده പറഞ്ഞുകൊണ്ട് എഴുന്നേറ്റു. പക്ഷെ സുജൂദിലേക്ക് പോയില്ല. ശേഷം സുദീര്‍ഘമായി വീണ്ടും പാരായണം ചെയ്തു. അതിന് ആദ്യം പാരായണം ചെയ്തതിനേക്കാള്‍ ദൈര്‍ഘ്യംകുറവായിരുന്നു. ശേഷം സുദീര്‍ഘമായ റുകൂഅ് നിര്‍വഹിച്ചു. അതിന് ആദ്യ റുകൂഇനേക്കാള്‍ ദൈര്‍ഘ്യം കുറവായിരുന്നു. ശേഷം سمع الله لمن حمده എന്നും ربنا ولك الحمد എന്നും പറഞ്ഞു എഴുന്നേറ്റു. ശേഷം സുജൂദിലേക്ക് പോയി. രണ്ടാമത്തെ റക്അത്തിലും അതുപോലെത്തന്നെ നിര്‍വഹിച്ചു. അങ്ങനെ നാല് റുകൂഉകളും നാല് സുജൂദുകളുമായി ഗ്രഹണ നമസ്കാരം പൂര്‍ത്തിയാക്കി. (ബുഖാരി:1046)

ഗ്രഹണ നമസ്‌കാരം സുന്നത്തിലൂടെ

1. ഗ്രഹണ നമസ്‌കാരത്തിന് ബാങ്കും ഇഖാമത്തുമില്ല.

നബി ﷺ ഗ്രഹണ നിസ്‌കാരത്തിന് ബാങ്കും ഇഖാമത്തും നിര്‍വ്വഹിക്കുകയോ നിര്‍വ്വഹിക്കാന്‍ നിര്‍ദ്ദേശിക്കുകയോ ചെയ്തിട്ടില്ല. പകരം അസ്സ്വലാത്തു ജാമിഅഃ എന്ന് വിളിച്ചു പറയുകയാണ് ചെയ്തത്.

عَنْ عَبْدِ اللَّهِ بْنِ عَمْرٍو ـ رضى الله عنهما ـ قَالَ لَمَّا كَسَفَتِ الشَّمْسُ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم نُودِيَ إِنَّ الصَّلاَةَ جَامِعَةٌ‏.‏

അബ്ദുല്ലാഹിബ്നൂ അംറില്‍(റ) നിന്നും നിവേദനം: നബി ﷺ യുടെ കാലത്ത് സൂര്യന് ഗ്രഹണം ബാധിച്ചപ്പോള്‍ അസ്സ്വാലത്തു ജാമിഅ (സംഘടിതമായി നമസ്കരിക്കാന്‍ വരിക) എന്ന് വിളിച്ചു പറയപ്പെട്ടു. (ബുഖാരി:1051)

2. ഇമാം ഉറക്കെയാണ് ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടത്.

عَنْ عَائِشَةَ ـ رضى الله عنها ـ جَهَرَ النَّبِيُّ صلى الله عليه وسلم فِي صَلاَةِ الْخُسُوفِ بِقِرَاءَتِهِ

ആഇശയില്‍(റ) നിന്നും നിവേദനം : നബി ﷺ ഗ്രഹണ നമസ്‌കാരത്തില്‍ ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്തു …… (ബുഖാരി:1065)

3. ജമാഅത്തായി നമസ്‌കരിക്കലാണ് ശ്രേഷ്ടകരം.
4. ഒറ്റക്ക് നമസ്കരിക്കല്‍ അനുവദനീയമാണ്.

ഇബ്‌നു ഖുദാമ (റ) പറയുന്നു: ‘പള്ളിയില്‍ വെച്ച് സംഘടിതമായി നിര്‍വ്വഹിക്കലാണ് സുന്നത്ത്. കാരണം നബി ﷺ അങ്ങനെയാണ് നിര്‍വ്വഹിച്ചത്. എന്നാല്‍ ഒറ്റക്ക് നിര്‍വഹിക്കലും അനുവദനീയമാണ്.’ (മുഗ്‌നി 3/323).

5. ദീര്‍ഘമായ രീതിയിലാണ് നമസ്‌കരിക്കേണ്ടത്.

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ كَسَفَتِ الشَّمْسُ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم فِي يَوْمٍ شَدِيدِ الْحَرِّ فَصَلَّى رَسُولُ اللَّهِ صلى الله عليه وسلم بِأَصْحَابِهِ فَأَطَالَ الْقِيَامَ حَتَّى جَعَلُوا يَخِرُّونَ ثُمَّ رَكَعَ فَأَطَالَ ثُمَّ رَفَعَ فَأَطَالَ ثُمَّ رَكَعَ فَأَطَالَ ثُمَّ رَفَعَ فَأَطَالَ ثُمَّ سَجَدَ سَجْدَتَيْنِ ثُمَّ قَامَ فَصَنَعَ نَحْوًا مِنْ ذَاكَ فَكَانَتْ أَرْبَعَ رَكَعَاتٍ وَأَرْبَعَ سَجَدَاتٍ

ജാബിര്‍ (റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ യുടെ  കാലത്ത്കഠിനമായി ചൂടുള്ള ഒരു ദിവസം സൂര്യഗ്രഹണമുണ്ടായി. നബി ﷺ തന്റെഅനുചരന്മാരൊത്ത് നമസ്കരിച്ചു. (ക്വുര്‍ആനോതിക്കൊണ്ടുള്ള) നിറുത്തം നബി ﷺ ദീര്‍ഘനേരമാക്കി. എത്രത്തോളമെന്നാല്‍ ആളുകള്‍ വീഴുവാന്‍ തുടങ്ങി. പിന്നീടു റുകൂഅ് ചെയ്യുകയും അതു ദീര്‍ഘമാക്കുകയും ചെയ്തു. പിന്നീടു തലയുയര്‍ത്തി നിറുത്തവും ദീര്‍ഘമാക്കി. വീണ്ടും ദീര്‍ഘമായി റുകൂഅ് ചെയ്തു.ശേഷം രണ്ടു സുജൂദുകള്‍ ചെയ്യുകയുംഅതില്‍ നിന്നു എഴുന്നേല്‍ക്കുകയും പിന്നീട് അതുപോലെ ചെയ്യുകയും ചെയ്തു. അങ്ങനെ നമസ്കാരം നാല് റുകൂഉകളും നാലു സുജൂദുകളുമായിരുന്നു. (മുസ്‌ലിം: 904)

فَصَلَّى رَسُولُ اللَّهِ صلى الله عليه وسلم وَالنَّاسُ مَعَهُ، فَقَامَ قِيَامًا طَوِيلاً نَحْوًا مِنْ سُورَةِ الْبَقَرَةِ، ثُمَّ رَكَعَ رُكُوعًا طَوِيلاً، ثُمَّ رَفَعَ فَقَامَ قِيَامًا طَوِيلاً وَهْوَ دُونَ الْقِيَامِ الأَوَّلِ

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി ﷺ യും അദ്ദേഹത്തോടൊപ്പം ജനങ്ങളും ദീര്‍ഘമായി നമസ്‌കരിച്ചു. (ഒന്നാമത്തെ നിറുത്തത്തില്‍) സൂറതുല്‍ ബക്വറ ഓതി. നബി ﷺ യുടെ നിറുത്തം നീണ്ടു. പിന്നീട് അവിടുന്ന് ദീര്‍ഘമായി റുകൂഅ് ചെയ്തു. പിന്നെ എഴുന്നേറ്റ് ദീര്‍ഘമായി നിന്നു. എന്നാല്‍ ആദ്യത്തെ നിറുത്തത്തെക്കാള്‍ അല്‍പം കുറവായിരുന്നു രണ്ടാമത്തെ നിറുത്തം… (ബുഖാരി :5197)

6.സ്ത്രീകള്‍ക്കും സംഘടിത നമസ്‌കാരത്തില്‍ പങ്കെടുക്കാം

عَنْ أَسْمَاءَ، قَالَتْ خَسَفَتِ الشَّمْسُ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم فَدَخَلْتُ عَلَى عَائِشَةَ وَهِيَ تُصَلِّي فَقُلْتُ مَا شَأْنُ النَّاسِ يُصَلُّونَ فَأَشَارَتْ بِرَأْسِهَا إِلَى السَّمَاءِ فَقُلْتُ آيَةٌ قَالَتْ نَعَمْ ‏.‏ فَأَطَالَ رَسُولُ اللَّهِ صلى الله عليه وسلم الْقِيَامَ جِدًّا حَتَّى تَجَلاَّنِي الْغَشْىُ فَأَخَذْتُ قِرْبَةً مِنْ مَاءٍ إِلَى جَنْبِي فَجَعَلْتُ أَصُبُّ عَلَى رَأْسِي أَوْ عَلَى وَجْهِي مِنَ الْمَاءِ – قَالَتْ – فَانْصَرَفَ رَسُولُ اللَّهِ صلى الله عليه وسلم وَقَدْ تَجَلَّتِ الشَّمْسُ

അസ്മാഅ്(റ) പറയുന്നു: ‘നബി ﷺ യുടെ കാലത്ത് സൂര്യഗ്രഹണമുണ്ടായി. അങ്ങനെ ഞാന്‍ ആഇശയുടെ(റ) അടുക്കല്‍ ചെന്നു. അപ്പോള്‍ ജനങ്ങളെല്ലാം നമസ്‌കരിക്കുന്നു. ആഇശയും നമസ്‌കരിക്കുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു. എന്തുപറ്റി? എല്ലാവരും എന്തേ നമസ്‌കരിക്കുന്നു? അപ്പോള്‍ ആഇശ(റ) മേല്‍പ്പോട്ട് ആംഗ്യം കാണിച്ചു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘വല്ല ദുഷ്ടാന്തവുമുണ്ടായോ?’ അതെ എന്ന് അവര്‍ ആംഗ്യം കാണിച്ചു. അങ്ങനെ ഞാനും നമസ്‌കാരം ആരംഭിച്ചു. നബി ﷺ വളരെ ദീര്‍ഘമായി നമസ്‌കരിച്ചു. എനിക്ക് ബോധക്ഷയം ഉണ്ടാകാറായി. അപ്പോള്‍ ഞാന്‍ എന്റെ സമീപത്തുള്ള ഒരു തോല്‍പാത്രത്തില്‍ നിന്ന് വെള്ളം എടുത്ത് എന്റെ തലയിലും മുഖത്തും ഒഴിച്ചു. നബി ﷺ യുടെ നമസ്‌കാരം അവസാനിച്ചപ്പോള്‍ ഗ്രഹണം നീങ്ങി സൂര്യന്‍ പ്രത്യക്ഷപ്പെട്ടിരുന്നു’ ……. ( മുസ്‌ലിം:905)

ഇമാം ബുഖാരി ഈ ഹദീസ് ഉദ്ധരിച്ചത് തന്നെ (ചില വാചകങ്ങളില്‍ ചില വ്യത്യാസങ്ങള്‍ കാണാം) ‘ഗ്രഹണത്തില്‍ പുരുഷന്‍മാരുടെ കൂടെ സ്ത്രീകള്‍ നമസ്‌കരിക്കല്‍’ എന്ന അധ്യായത്തിലാണ്. ആ തലക്കെട്ടിനെ വിശദീകരിച്ചു കൊണ്ട് ഇബ്‌നു ഹജര്‍(റഹി) പറയുന്നു: ‘സ്ത്രീകള്‍ പ്രസ്തുത ജമാഅത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നും അവര്‍ ഒറ്റക്കാണ് നിസ്‌കരിക്കേണ്ടതെന്നും പറഞ്ഞവരുടെ അഭിപ്രായം ശരിയല്ലെന്ന് ഇതിലൂടെ ഇമാം ബുഖാരി സൂചിപ്പിക്കുന്നു’. (ഫത്ഹുല്‍ ബാരി: 2/543)

ഇമാം നവവി(റ) പറയുന്നു: ‘ഗ്രഹണ നമസ്‌കാരം സ്ത്രീകള്‍ക്കും സുന്നത്താണെന്നും പുരുഷന്മാരുടെ പിറകില്‍ അവര്‍ നില്‍ക്കണമെന്നും ഈ ഹദീസ് അറിയിക്കുന്നു’. (ശറഹു മുസ്‌ലിം)

അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
  • ഒരാള്‍ക്ക് ഗ്രഹണം നടക്കുന്ന സമയത്ത് നമസ്‌കരിക്കുവാന്‍ സൗകര്യപ്പെട്ടിട്ടില്ലെങ്കില്‍ ഗ്രഹണത്തിന് ശേഷം നമസ്‌കരിക്കാവതല്ല.നിസ്കാരം വിലക്കപ്പെട്ടിട്ടുള്ള സമയങ്ങളിൽ ഗ്രഹണ നിസ്കാരം നിർവ്വഹിക്കാമെന്നാണ് പ്രബലാഭിപ്രായം
  • വീടുകളിലും ഗ്രഹണ നിസ്കാരം നിർവ്വഹിക്കാം. എന്നാല്‍ ഗ്രഹണനമസ്കാരം പള്ളിയില്‍ ജമാഅത്തായി നിര്‍വഹിക്കുന്നത് കൂടുതല്‍ പുണ്യകാരമാണ്. അതുകൊണ്ട് അതിന് തന്നെയാണ് നാം പ്രാമുഖ്യം നല്‍കേണ്ടത്.
  • യാത്രക്കാരനും ഗ്രഹണ നമസ്‌കാരം സുന്നത്താണ്. ”നിങ്ങള്‍ ഗ്രഹണം ദര്‍ശിച്ചാല്‍ നമസ്‌കരിക്കുവിന്‍’ എന്നാണ് ഹദീസിലുള്ളത്. ഇതുപ്രകാരം യാത്രക്കാരനും അല്ലാത്തവര്‍ക്കുമെല്ലാം ഇത് നിയമമാക്കപ്പെട്ടതാണെന്ന് ഇബ്‌നു ഖുദാമ(റഹി) മുഗ്‌നി 3/322ല്‍ വ്യക്തമാക്കുന്നുണ്ട്.
  • സൂര്യനോ ചന്ദ്രനോ ഗ്രഹണം ബാധിച്ച അവസ്ഥയില്‍ അസ്തമിച്ചാല്‍ പിന്നെ നമസ്‌കരിക്കേണ്ടതില്ലെന്നാണ് പ്രബലാഭിപ്രായം. നമസ്‌കാരത്തിനിടയില്‍ ഗ്രഹണം അവസാനിച്ചാല്‍ ദൈര്‍ഘ്യം ചുരുക്കി നമസ്‌കാരം പൂര്‍ണമാക്കാവുന്നതാണ്. അതേപോലെ നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ഗ്രഹണം അവസാനിച്ചിട്ടില്ലെങ്കില്‍ വീണ്ടും നമസ്‌കരിക്കാവതല്ല. കാരണം നബി ﷺ രണ്ട് റക്അത്ത് മാത്രമെ നമസ്‌കരിച്ചിട്ടുള്ളൂ. ബാക്കിയുള്ള സമയം പ്രാര്‍ത്ഥനയിലും ദിക്റുകളിലും ഇസ്തിഗ്ഫാറിലുമായി കഴിച്ചുകൂട്ടാവുന്നതാണ്.
  • സുബ്ഹി നമസ്‌കാരത്തിന്റെ തൊട്ടുമുമ്പാണ് ചന്ദ്രഗ്രഹണം അറിഞ്ഞതെങ്കില്‍ ചുരുങ്ങിയ രണ്ട് റക്അത്തുകളായി ഗ്രഹണ നമസ്‌കാരം നിര്‍വഹിക്കുകയും ശേഷം സുബ്ഹ് നമസ്‌കരിക്കുകയും ചെയ്യുകയാണ് വേണ്ടത് എന്ന് ശൈഖ് ഇബ്‌നു ബാസ്(റ) ഫത്‌വ നല്‍കിയതായി കാണാം.
  • ഗ്രഹണ നമസ്‌കാരത്തില്‍ വൈകി വന്നവന് ആദ്യത്തെ റുകൂഅ് ലഭിച്ചാല്‍ റക്അത്ത് ലഭിച്ചതായി പരിഗണിക്കാം. രണ്ടാമത്തെ റുകൂഇലാണ് ഒരാള്‍ വന്ന് ചേര്‍ന്നതെങ്കില്‍ ആ റക്അത്ത് പരിഗണിക്കാവതല്ല. അപ്പോള്‍ നഷ്ടപ്പെട്ട റക്അത്ത് അവന്‍ വീണ്ടെടുക്കണം. കാരണം ആദ്യത്തെ റുകൂഅ് റുക്നാണ്. അത് ഒഴിവാക്കിയാൽ ആ റക്അത് ഇല്ല. എന്നാൽ രണ്ടാമത്തെ റുകൂഅ് സുന്നത്താണ്. (ഫതാവാ ലജ്‌നതുദ്ദാഇമ: 8/324 – ശറഹുല്‍ മുംതിഅ് :5/259 ശൈഖ് ഉസൈമീന്‍)

 

 

www.kanzululoom.com

 

 

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.