ദുല്‍ഖഅ്ദ് മാസത്തിന്റെ ശ്രേഷ്ടതകൾ

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ദിവസങ്ങളും ആഴ്ചകളും അടങ്ങിയതാണ് മാസം. അല്ലാഹുവിന്റെ അടുത്ത് മാസങ്ങള്‍ പന്ത്രണ്ടാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًا فِى كِتَٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ ۚ فَلَا تَظْلِمُوا۟ فِيهِنَّ أَنفُسَكُمْ ۚ

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ടമാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാല്‌) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌. ……. (ഖു൪ആന്‍ : 9/36)

ചില മാസങ്ങള്‍ക്ക് മറ്റ് മാസങ്ങളേക്കാള്‍ അല്ലാഹുവും അവന്റെ റസൂൽ ﷺ യും ശ്രേഷ്ടതയും പ്രത്യേകതയും നല്‍കിയിട്ടുണ്ട്. ഈ ആയത്തില്‍ നിന്ന് നാല് മാസങ്ങള്‍  പവിത്രമാണെന്ന് മനസ്സിലാക്കാം.  ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നിവയാണ് പവിത്ര മാസങ്ങളായ നാല് മാസങ്ങള്‍.

عَنْ أَبِي بَكْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ إِنَّ الزَّمَانَ قَدِ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ اللَّهُ السَّمَوَاتِ وَالأَرْضَ، السَّنَةُ اثْنَا عَشَرَ شَهْرًا مِنْهَا، أَرْبَعَةٌ حُرُمٌ، ثَلاَثٌ مُتَوَالِيَاتٌ، ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ ‏

അബൂബക്കറില്‍(റ) നിന്നും നിവേദനം: നബി ﷺ പറയുന്നു:നിശ്ചയമായും കാലം അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ച ദിവസത്തെ മാതിരി തിരിഞ്ഞുവന്നിരിക്കുന്നു. ഒരു വര്‍ഷം പന്ത്രണ്ട് മാസമാകുന്നു. അതില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാണ്. അതില്‍ മൂന്നെണ്ണം തുടര്‍ച്ചയായി വരുന്ന മാസങ്ങളാണ്, (അതായത്) ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിവ. ജുമാദക്കും ശഅബാനിനും ഇടയിലുള്ള മുളറിന്റെ റജബാണ് (നാലാമത്തേത്) (ബുഖാരി:4662)

ഇവിടെ മുളറിന്റെ റജബ് എന്നു പറയാന്‍ കാരണം, പവിത്രമാക്കപ്പെട്ട റജബ് മാസം ഏത് എന്നതില്‍ മുളര്‍ ഗോത്രത്തിനും റബീഅ ഗോത്രത്തിനും ഇടയില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. അത് റമളാന്‍ ആണ് എന്നായിരുന്നു റബീഅ ഗോത്രക്കാര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ മുളര്‍ ഗോത്രക്കാരുടെ വാദം ശരിവച്ചുകൊണ്ടാണ് ‘റജബു മുളര്‍’ എന്ന് നബി ﷺ വ്യക്തമാക്കിയത്.

അല്ലാഹു പവിത്രമാക്കിയ നാല് മാസങ്ങളിൽ ഒന്നാമതായി നബി ﷺ എണ്ണിയത് ദുല്‍ഖഅ്ദ മാസത്തെയാണ്. അറബി മാസങ്ങളിൽ  പതിനൊന്നാമത്തെ മാസമാണ് ഇത്. അല്ലാഹു പവിത്രമാക്കിയ മാസമെന്ന നിലക്ക് ദുല്‍ഖഅ്ദ മാസത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ സത്യവിശ്വാസികൾക്ക് കഴിയണം. എങ്ങനെയാണ് ഈ മാസത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കേണ്ടത്? അല്ലാഹു ആദരിച്ചവയെ ആദരിക്കുക എന്നത് ഒരു സത്യവിശ്വാസികളുടെ ബാധ്യതയാണ്, അതവന്റെ തഖ്‌വയുടെ ഭാഗമാണ്.

وَمَنْ يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِنْ تَقْوَى الْقُلُوبِ

ആരെങ്കിലും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ തഖ്‌വയിൽ നിന്നുണ്ടാകുന്നതത്രെ. (ഖു൪ആന്‍ : 22/32)

ഈ മാസത്തോട് അനാദരവ് കാണിക്കരുത് എന്ന് അല്ലാഹു സത്യവിശ്വാസികളോട് പ്രത്യേകം ഉണർത്തിയിട്ടുണ്ട്:

يَا أَيُّهَا الَّذِينَ آمَنُوا لَا تُحِلُّوا شَعَائِرَ اللَّهِ وَلَا الشَّهْرَ الْحَرَامَ

സത്യവിശ്വാസികളേ, അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്‌. പവിത്രമായ മാസത്തെയും. (ഖു൪ആന്‍ : 5/2)

മറ്റുള്ള മാസങ്ങളേക്കാൾ കൂടുതൽ ശ്രദ്ധയോടെ അല്ലാഹു വിലക്കിയ കാര്യങ്ങളിൽ നിന്നും പൂർണമായും വിട്ടുനിൽക്കുകയും അവ പൂർണ്ണമായും ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ് ഒരു സത്യവിശ്വാസി ഈ മാസത്തിന്റെ പവിത്രത ഉൾക്കൊണ്ട്‌ ഒന്നാമതായി ചെയ്യേണ്ട കാര്യം. യുദ്ധവും പരസ്പരം പോരടിക്കലുമെല്ലാം അല്ലാഹു  ഈ മാസങ്ങളിൽ നിഷിദ്ധമാക്കിയിട്ടുണ്ട്.

يَسْأَلُونَكَ عَنِ الشَّهْرِ الْحَرَامِ قِتَالٍ فِيهِ ۖ قُلْ قِتَالٌ فِيهِ كَبِيرٌ

വിലക്കപ്പെട്ടമാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. (ഖു൪ആന്‍ : 2/217)

ഈ മാസത്തിൽ തിന്മകൾ ചെയ്തും പാപങ്ങൾ പേറിയും സ്വദേഹങ്ങളോട് അതിക്രമം ചെയ്യരുതെന്ന് അല്ലാഹു പ്രത്യേകം ഓർമപ്പെടുത്തിയിട്ടുണ്ട്. “അതിനാല്‍ ആ (നാല്‌) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌” ഈ പ്രയോഗം അതാണ് സൂചിപ്പിക്കുന്നത്.

قال قتادة في قوله : { فلا تظلموا فيهن أنفسكم } إن الظلم في الأشهر الحرم أعظم خطيئة ووزراً من الظلم فيما سواها. وإن كان الظلم على كل حال عظيماً

ഇമാം ഖതാദ (റ) പറയുന്നു:{ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌ }: തിന്മകൾ ചെയ്യുക ,അക്രമം പ്രവർത്തിക്കുക എന്നത് എക്കാലത്തും ഗൗരവമുള്ള കാര്യമാണെങ്കിലും അല്ലാഹു പവിത്രമാക്കിയ ഈ നാലുമാസങ്ങളിൽ തിന്മകൾ ചെയ്യുക എന്നത് അവയല്ലാത്ത മറ്റുമാസങ്ങളിൽ തിന്മകൾ ചെയ്യുന്നതിനേക്കാൾ ഗുരുതരവും കൂടുതൽ ശിക്ഷ ലഭിച്ചേക്കാവുന്നതുമായ കാര്യമാണ്. (തഫ്സീർ ഇബ്നു കസീർ)

عن ابن عباس قوله: (إن عدة الشهور عند الله اثنا عشر شهرا في كتاب الله يوم خلق السموات والأرض منها أربعة حرم ذلك الدين القيم فلا تظلموا فيهن أنفسكم)، في كلِّهن. ثم خصَّ من ذلك أربعة أشهر فجعلهن حُرُمًا، وعظّم حُرُماتهن، وجعل الذنبَ فيهن أعظم، والعمل الصالح والأجر أعظم.

ഇബ്നു അബ്ബാസ് (റ) പറയുന്നു: എല്ലാ മാസങ്ങളിലും സ്വന്തത്തോട് അക്രമം പ്രവര്‍ത്തിക്കല്‍ (അഥവാ അധര്‍മ്മം ചെയ്യല്‍) നിഷിദ്ധമാണ്. പിന്നീട് അതില്‍ നിന്നും നാല് മാസങ്ങളെ അല്ലാഹു പ്രത്യേകം എടുത്ത് പറഞ്ഞു. അവയുടെ പവിത്രതയെ മഹത്വപ്പെടുത്തുകയും, അവയിലെ പാപങ്ങളെ ഗൗരവപരമായ പാപങ്ങളും അവയിലെ നന്മകളെ അതിമഹത്തായതായ നന്മകളുമാക്കിയിരിക്കുന്നു. (തഫ്സീര്‍ ത്വബരി – സൂറ തൗബ: 36)

അതോടൊപ്പം തന്നെ അല്ലാഹു കല്പിച്ച വാജിബും സുന്നത്തുമായ കാര്യങ്ങളിൽ ഏറെ ശ്രദ്ധ കാണിക്കുകയും വളരെ കണിശതയോടെയും കൃത്യതയോടെയും അവ നിർവഹിക്കുകയും വേണം.

قال قتادة : العمل الصالح أعظم أجرا في الأشهر الحرم

ഖതാദ (റ) പറയുന്നു: അല്ലാഹു പവിത്രമാക്കിയ മാസങ്ങളിൽ സൽകർമ്മങ്ങൾക്ക് വമ്പിച്ച പ്രതിഫലമുണ്ട്.

ഹജ്ജ് കർമ്മത്തിന്റെ ഒരുക്കങ്ങൾക്കായി അല്ലാഹു തിരഞ്ഞെടുത്ത മാസങ്ങളിൽ ഒന്നാണ് ദുൽഖഅ്ദ. അതായത് ദുൽഹിജ്ജ മാസത്തിന്റെ തൊട്ടുമുൻപുള്ള മാസമാണ് ഇത്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഹജ്ജ് കർമ്മം നിർവഹിക്കാനായി വരുന്നവർക്ക് സമാധാനത്തോടെയും നിർഭയത്വത്തോടെയും യാത്ര ചെയ്ത് മക്കയിൽ എത്തുവാനും ശാന്തമായ അന്തരീക്ഷത്തിൽ ഉംറ നിർവഹിക്കാനും വേണ്ടിയാണ് ഈ മാസത്തെ അല്ലാഹു  പവിത്രമാക്കിയത്. ഇത് അല്ലാഹു അവന്റെ അടിമകൾക്ക് ചെയ്തു കൊടുത്തു കൊടുത്ത അനുഗ്രഹത്തിന്റെ ഭാഗമാണ്.

ഇമാം ഇബ്നു കഥീർ (റഹി) പറഞ്ഞു:

فحرم قبل شهر الحج شهر وهو ذو القعدة ، لأنهم يقعدون فيه عن القتال

ഹജ്ജിന്റെ മാസത്തിന് മുൻപുള്ള ഒരു മാസവും പവിത്രമാക്കപ്പെട്ടു , അത് ദുൽഖഅദയാണ്. ജനങ്ങൾ ആ മാസത്തിൽ യുദ്ധങ്ങളിൽ നിന്നെല്ലാം മാറി നിന്നുകൊണ്ട് ഒഴിഞ്ഞിരിക്കുന്നു.

ജാഹിലിയ്യത്തിൽ തന്നെ ആളുകൾ ദുൽഖഅ്ദ മാസത്തെ  ആദരിച്ചുപോന്നിരുന്നു. ഇസ്ലാമാകാട്ടെ,  അത് പവിത്രമാസമാക്കി.

പവിത്രമാക്കപ്പെട്ട നാല് മാസങ്ങളില്‍ ഒന്ന് എന്ന നിലക്ക് ദുല്‍ഖഅ്ദ മാസത്തിന് പ്രാധാന്യമുണ്ട്. യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമായ മാസവും തിന്മകളെ അതിഗൗരവപരമായി പഠിപ്പിക്കപ്പെട്ടതും, നന്മകളെ ഏറെ മഹത്വകാരവും പ്രോത്സാഹനീയവുമായി പഠിപ്പിക്കപ്പെട്ടതുമായ മാസങ്ങളില്‍ ഒരു മാസം എന്നതൊഴിച്ചാല്‍, പ്രത്യേകമായ മറ്റു ശ്രേഷ്ഠതകളോ ആചാരങ്ങളോ ദുല്‍ഖഅ്ദ മാസത്തിന് പഠിപ്പിക്കപ്പെട്ടിട്ടില്ല. എന്നാൽ ദുൽഖഅ്ദ മാസത്തിൽ ഉംറ നിർവ്വഹിക്കൽ പ്രത്യേകം ശ്രേഷ്ഠകരമാണെന്ന് പണ്ഢിതൻമാർ പറഞ്ഞിട്ടുള്ളതായ കാണാം . കാരണം നബി ﷺ  അവിടുത്തെ ജീവിതത്തിൽ നിർവ്വഹിച്ച നാല് ഉംറകളും  ദുൽഖഅദ മാസത്തിലാണ്.

عَنْ قَتَادَةَ، أَنَّ أَنَسًا ـ رضى الله عنه ـ أَخْبَرَهُ قَالَ اعْتَمَرَ رَسُولُ اللَّهِ صلى الله عليه وسلم أَرْبَعَ عُمَرٍ كُلُّهُنَّ فِي ذِي الْقَعْدَةِ

അനസ് (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : അല്ലാഹുവിന്റെ റസൂൽ ﷺ നാല്‌ ഉംറകൾ ചെയ്തിട്ടുണ്ട്, അവയെല്ലാം ദുൽഖഅ്ദ മാസത്തിലാണ്. (ബുഖാരി : 4148)

قال النووي : قال العلماء : وإنما اعتمر النبي صلى الله عليه وسلم هذه العُمَر في ذي القعدة لفضيلة هذا الشهر ولمخالفة الجاهلية في ذلك فإنهم كانوا يرونه ( أي الإعتمار في ذي القعدة ) من أفجر الفجور

ഇമാം നവവി (റഹി) പറഞ്ഞു: പണ്ഢിതൻമാർ പറഞ്ഞു:  നബി ﷺ ദുൽഖഅദ മാസത്തിൽ ഈ ഉംറകൾ നിർവഹിച്ചത് ഈ മാസത്തിന്റെ ശ്രേഷ്ഠതകൊണ്ടും ജാഹിലിയ്യത്തിലെ നടപടിക്രമങ്ങൾക്ക് എതിരാവുക എന്ന ഉദ്ദേശം കൊണ്ടുമാണ്. കാരണം ജാഹിലിയ്യത്തിൽ ആളുകൾ ദുൽഖഅദയിൽ ഉംറ ചെയ്യുക എന്നത് വളരെ മോശപ്പെട്ട കാര്യമായാണ് കണ്ടിരുന്നത്. (ശറഹു മുസ്ലിം:8 / 235)

 

 

www.kanzululoom.com

 

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.

SIMILAR POSTS