പ്രാർത്ഥനയും കൈ ഉയർത്തലും

عَنْ سَلْمَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : إِنَّ رَبَّكُمْ تَبَارَكَ وَتَعَالَى حَيِيٌّ كَرِيمٌ يَسْتَحْيِي مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا

സല്‍മാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:തീർച്ചയായും  ഉന്നതനായ നിങ്ങളുടെ റബ്ബ് മാന്യനും ലജ്ജയുള്ളവനുമാണ്. തന്റെ അടിമ അവനിലേക്ക് ഇരുകരങ്ങളും ഉയർത്തിയാൽ, ഒന്നുമില്ലാതെ അവ മടക്കുന്നതിൽ അവൻ ലജ്ജിക്കുന്നു. (അബൂദാവൂദ് :1488 – സ്വഹീഹ് അല്‍ബാനി)

എപ്പോഴും കൈ ഉയർത്തിയാണോ പ്രാർഥിക്കേണ്ടത്, അതല്ല, കൈ ഉയർത്തി പ്രാർഥിക്കാൻ പാടില്ലാത്ത സമയങ്ങളുണ്ടോ?

മദീന യൂണിവേഴ്‌സിറ്റി പ്രൊഫസറും മസ്ജിദുന്നബവിയിലെ അധ്യാപകനും മസ്ജിദു ക്വുബായിലെ ഖത്വീബുമായ ശൈഖ് സുലൈമാൻ റുഹൈലി حَفِظَهُ اللَّهُ പറയുന്നു:

പ്രാർഥനയുടെ സമയത്ത് കൈ ഉയർത്തുന്നതിനു മൂന്ന് അവസ്ഥകളാണുള്ളത്:

ഒന്ന്, നബിﷺ പ്രാർഥിക്കുകയും കൈ ഉയർത്തുകയും ചെയ്ത സമയങ്ങൾ. ഈ സമയങ്ങളിൽ പ്രാർഥിക്കുമ്പോൾ കൈകൾ ഉയർത്തൽ സുന്നത്തും ആരാധനയുമാണ്.

അതിന് ഉദാഹരണമാണ് സ്വഫയും മർവയും കയറുന്ന സമയത്ത് പ്രാർഥിക്കുമ്പോൾ കൈ ഉയർത്തുന്നതും ഒന്നാമത്തെ ജംറയിൽ കല്ലെറിഞ്ഞശേഷം കൈ ഉയർത്തി പ്രാർഥിക്കുന്നതും. ഇവിടെയൊക്കെ, പ്രാർഥിക്കുമ്പോൾ കൈ ഉയർത്തൽ സുന്നത്തും ആരാധനയുമാണ്. കാരണം, ഇതൊക്കെ നബിﷺ കൈ ഉയർത്തി പ്രാർഥിച്ച സന്ദർഭങ്ങളാണ്.

രണ്ട്, നബിﷺ പ്രാർഥിക്കുകയും കൈകൾ ഉയർത്താതിരിക്കുകയും ചെയ്ത സന്ദർഭങ്ങളാണ്. ഈ സമയത്ത് പ്രാർഥിക്കുമ്പോൾ കൈ ഉയർത്തൽ ബിദ്അത്താണ്. (കാരണം, നബിﷺ ഉയർത്തിയിട്ടില്ല). അതിന് ഉദാഹരണമാണ്  മഴക്ക് വേണ്ടിയുള്ള പ്രാർഥനക്കല്ലാതെ ഖുത്വുബയുടെ സമയത്ത് കൈ ഉയർത്തി പ്രാർഥിക്കൽ.

മഴക്ക് വേണ്ടിയല്ലാതെ, ഖുത്വുബകളിൽ നബിﷺ പ്രാർഥിച്ചതായി സ്ഥിരപ്പെട്ടിട്ടില്ലെന്ന് ചിലർ പറയാറുണ്ട്. അത് ശരിയല്ല. നബിﷺ ഖുത്വുബക്കിടയിൽ മഴക്ക് വേണ്ടിയല്ലാതെ തന്നെ പ്രാർഥിച്ചിട്ടുണ്ടെന്നത് ഉറപ്പാണ്. ആ സമയത്ത് നബിﷺ ചൂണ്ടുവിരൽ ഉയർത്തിയിരുന്നു. (മുസ്‌ലിം: 874).

എന്നാൽ ഖുത്വുബക്കിടയിൽ ഏത് സമയത്താണ് നബിﷺ പ്രാർഥിച്ചതെന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട്, ഖത്വീബ് കഴിയുമെങ്കിൽ എപ്പോഴും ഒരേ സമയത്ത് പ്രാർഥിക്കാതെ, ഇടയ്ക്ക് ഒന്നാമത്തെ ഖുത്വുബയിലും ഇടയ്ക്ക് രണ്ടാമത്തെ ഖുത്വുബയിലുമൊക്കെ പ്രാർഥിക്കുന്നതാണ് ഏറ്റവും നല്ലത്. രണ്ടാമത്തെ ഖുത്വുബയുടെ അവസാനത്തിൽ പ്രാർഥിക്കൽ പ്രത്യേകം സുന്നത്താണെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കാതിരിക്കാൻ അതാണ് നല്ലത്. (*)

പ്രാർഥിക്കുമ്പോൾ കൈ ഉയർത്താൻ പാടില്ലാത്തതിന് മറ്റൊരു ഉദാഹരണമാണ് ത്വവാഫിന്റെ സമയം. കഅ്ബയെ ത്വവാഫ് ചെയ്യുന്ന സമയത്ത് പ്രാർഥിക്കുമ്പോൾ കൈ ഉയർത്തൽ ബിദ്അത്താണ്. കാരണം, ആ സമയത്ത് നബിﷺ കൈ ഉയർത്തിയിട്ടില്ല.

മൂന്ന്; നബിﷺ പ്രാർത്ഥിച്ചുവെന്നോ കൈ ഉയർത്തിയെന്നോ സ്ഥിരപ്പെട്ട് വരാത്ത സമയങ്ങളാണ്. ഇതിൽ, പ്രാർഥനക്ക് ഉത്തരം കിട്ടുമെന്ന് നബിﷺ പഠിപ്പിച്ച സന്ദർഭങ്ങളും അല്ലാത്തവ യുമുണ്ടാകും. ഇങ്ങനെയുള്ള സമയങ്ങളിൽ, പ്രാർഥനയുടെ പൊതുമര്യാദ എന്ന നിലയ്ക്ക് കൈ ഉയർത്തുന്നത് ഉത്തരം കിട്ടാനുള്ള കാരണങ്ങളിലൊന്നാണ്. എന്നാൽ, ഇടയ്ക്ക് ഒഴിവാക്കുന്നതും നല്ലതാണ്. അല്ലെങ്കിൽ ചിലപ്പോഴത് സുന്നത്താണെന്ന് തെറ്റിദ്ധരിക്കാൻ ഇടയുണ്ട്.

ബാങ്കിന്റെയും ഇക്വാമത്തിന്റെയും ഇടയിലുള്ള സമയത്ത് പ്രാർഥിക്കുമ്പോൾ കൈ ഉയർത്തുന്നത് ഈ വകുപ്പിലാണ് വരിക. ബാങ്കിന്റെയും ഇക്വാമത്തിന്റെയും ഇടയിലുള്ള സമയത്ത് നബിﷺ പ്രാർഥിച്ചുവെന്നോ പ്രാർഥിച്ചില്ല എന്നോ, കൈ ഉയർത്തിയെന്നോ ഉയർത്തിയില്ല എന്നോ ഉദ്ധരിക്കപ്പെട്ടിട്ടില്ല. എന്നാൽ, അത് പ്രാർഥനക്ക് ഉത്തരം കിട്ടുന്ന സമയമാണെന്ന് നബിﷺ പഠിപ്പിച്ചിട്ടുണ്ട്. അപ്പോൾ, ആ സമയത്ത് പ്രാർഥനയുടെ പൊതുമര്യാദയെന്ന നിലക്ക് കൈ ഉയർത്തി പ്രാർഥിക്കുന്നത് ഉത്തരം കിട്ടാനുള്ള കാരണമാണ്. എന്നാൽ, കൈ ഉയർത്തൽ ഒരു പതിവാക്കാതെ, ഇടയ്‌ക്കൊക്കെ ബാങ്കിനും ഇക്വാമത്തിനുമിടയിൽ കൈ ഉയർത്താതെ പ്രാർഥിക്കുന്നതും നല്ലതാണ്. കാരണം, എപ്പോഴും കൈ ഉയർത്തിയാൽ, പ്രാർഥിക്കുന്നവനോ അല്ലെങ്കിൽ മറ്റുള്ളവരോ അത് സുന്നത്താണെന്ന് കരുതും.’’ [ആശയ വിവർത്തനം: മുജാഹിദ് അൽഹികമി പറവണ്ണ (ജാമിഅ അൽഹിന്ദ് അൽ ഇസ്‌ലാമിയ്യ]

(*) വെള്ളിയാഴ്ച ദിവസം ഖത്തീബ് പ്രാര്‍ഥിക്കുമ്പോള്‍, ഖതീബോ മഅ്മൂമീങ്ങളോ കൈ ഉയര്‍ത്താതിരിക്കലാണ് നബിചര്യ. മാത്രമല്ല ഖുത്ബയിലെ പ്രാര്‍ത്ഥനയുടെ അവസരത്തില്‍ കൈകള്‍ ഉയര്‍ത്തിയ ആളുകളെ ചില സ്വഹാബിമാര്‍ വിലക്കിയതായും കാണാം. അവര്‍ അപ്രകാരം വിലക്കിയതുതന്നെ അത് പ്രവാചക ചര്യയല്ല എന്നതിനുള്ള തെളിവാണ്. പ്രാര്‍ഥിക്കുമ്പോള്‍ ഖതീബ് തന്‍റെ ചൂണ്ടുവിരല്‍ ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ഇതുമായി ബന്ധപ്പെട്ട് നബി ﷺ യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടുള്ളത്. ഇമാം മുസ്‌ലിം ഉദ്ദരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം :

عَنْ عُمَارَةَ، بْنِ رُؤَيْبَةَ قَالَ رَأَى بِشْرَ بْنَ مَرْوَانَ عَلَى الْمِنْبَرِ رَافِعًا يَدَيْهِ فَقَالَ قَبَّحَ اللَّهُ هَاتَيْنِ الْيَدَيْنِ لَقَدْ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم مَا يَزِيدُ عَلَى أَنْ يَقُولَ بِيَدِهِ هَكَذَا ‏.‏ وَأَشَارَ بِإِصْبَعِهِ الْمُسَبِّحَةِ ‏.‏

ഉമാറത് ബ്നു റുവൈബ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ബിശ്ര്‍ ബിന്‍ മര്‍വാന്‍ رَضِيَ اللَّهُ عَنْهُ മിമ്പറില്‍ വച്ച് തന്റെ ഇരുകൈകളും ഉയര്‍ത്തുന്നത് അദ്ധേഹം കണ്ടു. അപ്പോൾ  അദ്ധേഹം പറഞ്ഞു : ‘ഈ രണ്ട് കൈകളും അല്ലാഹു വികൃതമാക്കട്ടെ’ (അനുവദനീയമല്ലാത്ത ഒരു പ്രവര്‍ത്തി കാണുമ്പോള്‍ വിമര്‍ശനബുദ്ധിയാ പ്രയോഗിക്കുന്ന ഒരു പ്രയോഗമാണിത്). നബി ﷺ യെ ഞാന്‍ കണ്ടിട്ടുണ്ട്, അവിടുന്ന് തന്‍റെ കൈകൊണ്ട് ഇതില്‍ കൂടുതല്‍ ആംഗ്യം കാണിക്കാറുണ്ടായിരുന്നില്ല. അദ്ദേഹം തന്റെ ചൂണ്ടുവിരല്‍ ചൂണ്ടിക്കാണിച്ചു. (മുസ്‌ലിം:873)

قال النووي رحمه الله : هَذَا فِيهِ أَنَّ السُّنَّة أَنْ لَا يَرْفَع الْيَد فِي الْخُطْبَة وَهُوَ قَوْل مَالِك وَأَصْحَابنَا وَغَيْرهمْ . وَحَكَى الْقَاضِي عَنْ بَعْض السَّلَف وَبَعْض الْمَالِكِيَّة إِبَاحَته ؛ لِأَنَّ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ رَفَعَ يَدَيْهِ فِي خُطْبَة الْجُمُعَة حِين اِسْتَسْقَى ، وَأَجَابَ الْأَوَّلُونَ بِأَنَّ هَذَا الرَّفْع كَانَ لِعَارِضٍ

ഇമാം നവവി  رحمه الله പറയുന്നു: ഖുത്ബയിലെ പ്രാര്‍ഥനയില്‍ കൈ ഉയര്‍ത്താതിരിക്കലാണ് നബിചര്യ എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം. ഇമാം മാലിക്കിന്‍റെയും, നമ്മുടെ അനുയായികളുടെയും മറ്റുള്ളവരുടെയും അഭിപ്രായമാണിത്. എന്നാല്‍ സലഫുകളിലും മാലികികളിലും പെട്ട ചിലരിൽ നിന്നും അത് അനുവദനീയമാണെന്ന് ഖാളി ഇയാള് പറഞ്ഞിട്ടുണ്ട്. ജുമുഅ ദിവസത്തിലെ ഖുത്ബയില്‍ നബി ﷺ മഴക്കുവേണ്ടി പ്രാര്‍ഥിച്ചപ്പോള്‍ തന്‍റെ കൈകള്‍ ഉയര്‍ത്തി എന്നതാണ് അവര്‍ക്കുള്ള തെളിവ്. അതിന് ആദ്യത്തെ വിഭാഗം മറുപടി നൽകിയത്, ഈ കൈകള്‍ ഉയര്‍ത്തൽ ഒരു പ്രത്യേക വിഷയത്തില്‍ (മഴക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയിൽ) മാത്രമാണെന്നാണ്. (ശറഹു മുസ്‌ലിം)

قال ابن عثيمين رحمه الله: رفع الأيدي والإمام يخطب يوم الجمعة ليس بمشروع وقد أنكر الصحابة على بشر بن مروان حين رفع يديه في خطبة الجمعة، لكن يستثنى من ذلك الدعاء بالاستسقاء

ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു: ജുമുഅ ദിവസം ഇമാം ഖുതുബ പറയുമ്പോൾ (മഅ്‌മൂമ്) കൈ ഉയർത്തുന്നത് അനുവദനീയമല്ലാത്ത കാര്യമാണ്. ബീഷ്ർ ഇബ്നു മർവാൻ رضي الله عنه ജുമുഅ ഖുതുബ നടന്നുകൊണ്ടിരിക്കെ കൈ ഉയർത്തിയപ്പോൾ സ്വഹാബികൾ തടയുകയുണ്ടായി. പക്ഷെ; മഴക്കു വേണ്ടിയുള്ള നമസ്ക്കാരത്തിൽ ഒഴികെ (അതിൽ അനുവദനീയമാണ്) [.فتاوى أركان الإسلام صـــ ٣٩٢]

ശൈഖ് ഇബ്ന്‍ ബാസ് رحمه الله പറഞ്ഞു : ‘ ജുമുഅ ദിവസത്തിലെയോ, പെരുന്നാള്‍ ദിവസത്തിലെയോ ഖുത്ബയുടെ അവസരത്തില്‍ പ്രാര്‍ഥിക്കുമ്പോള്‍ ഖതീബോ, മഅ്മൂമോ കൈ ഉയര്‍ത്തുന്നത് അനുവദനീയമല്ല. ശബ്ദമുണ്ടാക്കാതെ ഖതീബ് പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുകയും ഖതീബിന്‍റെ പ്രാര്‍ത്ഥനക്ക് ശബ്ദമുയര്‍ത്താതെ ആമീന്‍ പറയുകയുമാണ് വേണ്ടത്. എന്നാല്‍ കൈകള്‍ ഉയര്‍ത്തുക എന്നത് അനുവദനീയമല്ല. കാരണം നബി ﷺ ജുമുഅ ദിവസത്തിലോ, പെരുന്നാള്‍ ദിവസങ്ങളിലോ പ്രാര്‍ഥനയുടെ അവസരത്തില്‍ കൈകള്‍ ഉയര്‍ത്താറുണ്ടായിരുന്നില്ല. ചില സ്വഹാബിമാര്‍ ചില ഭരണാധികാരികള്‍ ഖുത്ബയിലെ പ്രാര്‍ഥനയില്‍ കൈ ഉയര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവരെ വിലക്കുകയും നബി ﷺ അപ്രകാരം ചെയ്യാറുണ്ടായിരുന്നില്ല എന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഖുതുബയിലെ പ്രാര്‍ത്ഥനയില്‍ മഴക്കുവേണ്ടി പ്രാര്‍ഥിക്കുകയാണ് എങ്കില്‍ മഴക്കുവേണ്ടിയുള്ള പ്രാര്‍ഥനയുടെ അവസരത്തില്‍ കൈ ഉയര്‍ത്താവുന്നതാണ്. കാരണം ആ അവസരത്തില്‍ നബി ﷺ കൈ ഉയര്‍ത്തിയിരുന്നതായി പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. അതുകൊണ്ട് പെരുന്നാള്‍ ഖുത്ബയിലോ, ജുമുഅ ഖുത്ബയിലോ മഴക്കുവേണ്ടി പ്രാര്‍ഥിക്കുന്ന അവസരത്തില്‍ പ്രവാചക ചര്യ പിന്പറ്റിക്കൊണ്ട് കൈകള്‍ ഉയര്‍ത്തുക എന്നത് അനുവദനീയമാണ് ‘ (മജ്മൂഉല്‍ ഫതാവാ: 12/339)

 

 

www.kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *