എല്ലാ നന്മകളെയും ഒരുമിച്ചുകൂട്ടുന്നത്

قال مطرف بن عبد الله بن الشخير: تذكرتُ ما جماعُ الخيرِ فإذا الخيرُ كثيرٌ؛ الصومُ والصلاةُ وإذا هو في يدِ اللهِ عز وجل وإذا أنتَ لا تقدر على ما في يد الله عز وجل إلا أنْ تسأَلَهُ فيعطيَك فإذا جماعُ الخير الدعاءُ.

മുത്വരിഫ് ബ്നു അബ്ദില്ലാഹ് ബ്നു ശ്ശിഖീർ رحمه الله പറഞ്ഞു: എല്ലാ നന്മകളെയും ഒരുമിച്ചുകൂട്ടുന്നത് എന്താണെന്ന് ഞാൻ ചിന്തിച്ചു. അപ്പോൾ, നോമ്പ്, നമസ്കാരം പോലെയുള്ള നന്മകൾ ധാരാളമുണ്ടെന്ന് ഞാൻ കണ്ടു. ആ നന്മകളെല്ലാം അല്ലാഹുവിന്റെ കയ്യിലാണെന്നും ഞാൻ കണ്ടു. അല്ലാഹുവിന്റെ കയ്യിലുള്ളത് അവനോട് ചോദിച്ചാൽ മാത്രമേ അവൻ നിനക്ക് നൽകുകയുള്ളൂ. അപ്പോൾ ഞാൻ മനസ്സിലാക്കി; എല്ലാ നന്മകളെയും ഒരുമിച്ചുകൂട്ടുന്നത് പ്രാർത്ഥനയാണ്. (അസ്സുഹ്ദ് – ഇമാം അഹ്മദ് :1330)

ഇത് വിശദീകരിച്ച് ശൈഖ് അബ്ദുറസാഖ് അൽ ബദർ حَفِظَهُ اللَّهُ പറഞ്ഞു: പ്രാർത്ഥനയാണ് എല്ലാ നന്മകളുടെയും അടിസ്ഥാനവും, പുണ്യങ്ങളുടെയും ആദരവുകളുടെയും താക്കോലും. കാരണം, എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ കയ്യിലാണ്; നൽകുന്നതും തടയുന്നതും, താഴ്ത്തുന്നതും ഉയർത്തുന്നതും, പ്രതാപം നൽകുന്നതും നിന്ദിക്കുന്നതും അവനാണ്. അതിനാൽ, ആർക്ക് പ്രാർത്ഥിക്കാനുള്ള തൗഫീഖ് ലഭിച്ചുവോ, അവന് നന്മയുടെ താക്കോൽ ലഭിച്ചു.

ഇമാം ഇബ്നുൽ ഖയ്യിം رحمه الله ‘അൽ-ഫവാഇദ്’ (പേജ്: 127-128) എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: “എല്ലാ നന്മയുടെയും അടിസ്ഥാനം, അല്ലാഹു ഉദ്ദേശിച്ചത് സംഭവിക്കുമെന്നും, അവൻ ഉദ്ദേശിക്കാത്തത് സംഭവിക്കുകയില്ലെന്നും നീ അറിയലാണ്. അപ്പോൾ നിനക്ക് ഉറപ്പാകും; നന്മകൾ അവന്റെ അനുഗ്രഹങ്ങളിൽ പെട്ടതാണെന്ന്. അപ്പോൾ നീ അതിന് നന്ദി കാണിക്കുകയും, ആ അനുഗ്രഹം നിന്നിൽ നിന്ന് മുറിച്ചുകളയാതിരിക്കാൻ അവനോട് താഴ്മയോടെ പ്രാർത്ഥിക്കുകയും ചെയ്യും. തിന്മകൾ സംഭവിക്കുന്നത് അവൻ നിന്നെ കൈവിടുന്നത് കൊണ്ടും, അവന്റെ ശിക്ഷയുടെ ഭാഗമായുമാണെന്ന് നീ മനസ്സിലാക്കും. അപ്പോൾ, അതിനും (തിന്മക്കും) നിനക്കും ഇടയിൽ ഒരു മറയിടാൻ നീ അവനോട് കേണപേക്ഷിക്കും. നന്മകൾ ചെയ്യാനും തിന്മകൾ ഉപേക്ഷിക്കാനുമുള്ള കാര്യത്തിൽ അവൻ നിന്നെ സ്വന്തം ഇച്ഛക്ക് വിട്ടുകൊടുക്കാതിരിക്കാനും നീ പ്രാർത്ഥിക്കും.

അറിവുള്ളവർ (ആരിഫീങ്ങൾ) ഏകോപിച്ച് പറഞ്ഞിരിക്കുന്നു: എല്ലാ നന്മയുടെയും അടിസ്ഥാനം അല്ലാഹു അടിമക്ക് നൽകുന്ന തൗഫീഖാണ്. എല്ലാ തിന്മയുടെയും അടിസ്ഥാനം അവൻ അടിമയെ കൈവെടിയുന്നതുമാണ്. അല്ലാഹു നിന്നെ നിന്റെ സ്വന്തം ഇച്ഛക്ക് വിട്ടുകൊടുക്കാതിരിക്കലാണ് തൗഫീഖ് എന്നും, നിന്നെയും നിന്റെ സ്വന്തം ഇച്ഛയെയും അവൻ വേർപിരിക്കാതിരിക്കലാണ് (ഒറ്റക്ക് വിടലാണ്) കൈവെടിയൽ എന്നും അവർ ഏകോപിച്ച് പറഞ്ഞിരിക്കുന്നു.

എല്ലാ നന്മയുടെയും അടിസ്ഥാനം തൗഫീഖ് ആണെങ്കിൽ, അത് അല്ലാഹുവിന്റെ കയ്യിലാണെങ്കിൽ, അടിമയുടെ കയ്യിലല്ലെങ്കിൽ; അതിന്റെ താക്കോൽ പ്രാർത്ഥനയും, (അല്ലാഹുവിന്റെ മുമ്പിൽ) ആവശ്യക്കാരനായി നിൽക്കലും, അവനിലേക്കുള്ള യഥാർത്ഥമായ അഭയവും, അവനോടുള്ള ആഗ്രഹവും ഭയവുമാണ്. എപ്പോൾ അടിമക്ക് ഈ താക്കോൽ നൽകപ്പെടുന്നുവോ, അപ്പോൾ അവന് (നന്മയുടെ വാതിൽ) തുറന്നുകൊടുക്കാൻ അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നു. എപ്പോൾ അവന് ആ താക്കോൽ നഷ്ടപ്പെടുന്നുവോ, അപ്പോൾ നന്മയുടെ വാതിൽ അവന്റെ മുമ്പിൽ അടഞ്ഞുകിടക്കും. (സന്മാർഗത്തിൽ നിന്ന്) പിഴച്ചുപോയവർ, നന്ദി പാഴാക്കിയതുകൊണ്ടും, പ്രാർത്ഥനയും (അല്ലാഹുവിന്റെ മുമ്പിൽ) ആവശ്യക്കാരനായി നിൽക്കുന്നതും അവഗണിച്ചതുകൊണ്ടുമാണ് പിഴച്ചുപോയത്. (അല്ലാഹുവിന്റെ സഹായത്താലും ഉദ്ദേശത്താലും) വിജയിച്ചവർ, നന്ദി നിലനിർത്തിയതുകൊണ്ടും, പ്രാർത്ഥനയും ആവശ്യക്കാരനായി നിൽക്കുന്നതും സത്യസന്ധമാക്കിയതുകൊണ്ടുമാണ് വിജയിച്ചത്.” ( التحف بالمأثور عن السلف)

 

 

www.kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *