സത്യനിഷേധികളായി മരണപ്പെട്ടാൽ

إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ ثُمَّ مَاتُوا۟ وَهُمْ كُفَّارٌ فَلَن يَغْفِرَ ٱللَّهُ لَهُمْ ‎

അവിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും, എന്നിട്ട് സത്യനിഷേധികളായിക്കൊണ്ട് തന്നെ മരിക്കുകയും ചെയ്തവരാരോ അവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുകയേ ഇല്ല. (ഖു൪ആന്‍ :47/34)

{إِنَّ الَّذِينَ كَفَرُوا} بالله وملائكته وكتبه ورسله واليوم الآخر

{അവിശ്വസിച്ചവർ} അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും അന്ത്യദിനത്തിലും.

{ثُمَّ مَاتُوا وَهُمْ كُفَّارٌ} لم يتوبوا منه

{എന്നിട്ട് സത്യനിഷേധികളായിക്കൊണ്ടുതന്നെ മരിക്കുകയും ചെയ്തവർ} അതിൽനിന്ന് പശ്ചാത്തപിക്കാത്ത നിലയിൽ.

{فَلَنْ يَغْفِرَ اللَّهُ لَهُمْ} لا بشفاعة ولا بغيرها، لأنه قد تحتم عليهم العقاب، وفاتهم الثواب، ووجب عليهم الخلود في النار، وسدت عليهم رحمة الرحيم الغفار.

{അവർക്കല്ലാഹു പൊറുത്തുകൊടുക്കുകയേ ഇല്ല} ശിപാർശകൊണ്ടും മറ്റൊന്നുകൊണ്ടും. കാരണം, ശിക്ഷ അവരുടെമേൽ നിർബന്ധമായി. പ്രതിഫലം അവർക്ക് നഷ്ടമായി. നരകത്തിൽ നിത്യത അവർക്ക് അനിവാര്യമായി. എല്ലാം പൊറുക്കുന്ന കരുണാനിധിയുടെ കാരുണ്യം അവരുടെമേൽ തടയപ്പെടുകയും ചെയ്തു. (തഫ്സീറുസ്സഅ്ദി)

മരണത്തിനുമുമ്പു ഏതവസരത്തിലും പശ്ചാത്തപിച്ചു മടങ്ങാവുന്നതും, അല്ലാഹു അതു സ്വീകരിക്കുന്നതുമാകുന്നു. പക്ഷേ, അവിശ്വാസിയായിക്കൊണ്ടു മരണപ്പെട്ടവരുടെ പാപങ്ങള്‍ ഒന്നുംതന്നെ അല്ലാഹു പൊറുത്തുകൊടുക്കുകയില്ല. സത്യവിശ്വാസത്തോടുകൂടിയുള്ള പശ്ചാത്താപം മാത്രമേ അവന്‍ സ്വീകരിക്കുകയുള്ളൂ. (അമാനി തഫ്സീര്‍)

وَمَن يَرْتَدِدْ مِنكُمْ عَن دِينِهِۦ فَيَمُتْ وَهُوَ كَافِرٌ فَأُو۟لَٰٓئِكَ حَبِطَتْ أَعْمَٰلُهُمْ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۖ وَأُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ

നിങ്ങളില്‍ നിന്നാരെങ്കിലും തന്റെ മതത്തില്‍ നിന്ന് പിന്‍മാറി സത്യനിഷേധിയായിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്‌. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖു൪ആന്‍ :2/217)

അവിശ്വാസംകൊണ്ട് കർമങ്ങൾ നിഷ്ഫലമായിപ്പോകും എന്ന വിഷയത്തിൽ വന്ന എല്ലാ തെളിവുകൾക്കും നിബന്ധന നിശ്ചയിക്കുന്നതാണ് മേൽ രണ്ട് വചനങ്ങൾ. ആ നിബന്ധന അവിശ്വാസത്തിലായി അവൻ മരണമടയുക എന്നതാണ്. (തഫ്സീറുസ്സഅ്ദി)

إِنَّ ٱلَّذِينَ كَفَرُوا۟ وَمَاتُوا۟ وَهُمْ كُفَّارٌ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ ٱلْأَرْضِ ذَهَبًا وَلَوِ ٱفْتَدَىٰ بِهِۦٓ ۗ أُو۟لَٰٓئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُم مِّن نَّٰصِرِينَ

അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ട് മരിക്കുകയും ചെയ്തവരില്‍പെട്ട ഒരാള്‍ ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാല്‍ പോലും അത് സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്‌. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതുമല്ല. (ഖു൪ആന്‍ :3/91)

അവിശ്വാസികളായ ആളുകള്‍ അവിശ്വാസികളായിക്കൊണ്ടു തന്നെ -അതില്‍ നിന്ന് മടങ്ങിയിട്ടില്ലാതെ- മരണമടയുന്നപക്ഷം, അവര്‍ക്ക് പരലോകത്തില്‍ യാതൊരു രക്ഷയുമില്ല; മരണവേളയില്‍ ഖേദം പ്രകടിപ്പിച്ചത് കൊണ്ടോ, വല്ല പ്രായശ്ചിത്തവും മുഖേനയോ, അവിശ്വാസികളായിരിക്കെ അവര്‍ ചെയ്‌തേക്കാവുന്ന ഏതെങ്കിലും നല്ല കാര്യങ്ങള്‍ മുഖേനയോ -ഒന്നും തന്നെ- അവിടെ അവര്‍ക്ക് ഒരു പ്രയോജനവും ലഭിക്കുവാനുമില്ല എന്ന് അല്ലാഹു പ്രഖ്യാപനം ചെയ്യുന്നു. ഈ വിഷയം ക്വുര്‍ആനില്‍ പലേടത്തും വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. ഒരാള്‍ വിശ്വാസിയോ, അവിശ്വാസിയോ, സന്‍മാര്‍ഗിയോ, ദുര്‍മാര്‍ഗിയോ എന്നുള്ളതിന്‍റെ അവസാനത്തെ തീരുമാനം അവന്‍റെ മരണത്തോട് കൂടിയാണ് തിട്ടപ്പെടുന്നതെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. (അമാനി തഫ്സീര്‍)

ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻛَﻔَﺮُﻭا۟ ﻭَﻣَﺎﺗُﻮا۟ ﻭَﻫُﻢْ ﻛُﻔَّﺎﺭٌ ﺃُﻭ۟ﻟَٰٓﺌِﻚَ ﻋَﻠَﻴْﻬِﻢْ ﻟَﻌْﻨَﺔُ ٱﻟﻠَّﻪِ ﻭَٱﻟْﻤَﻠَٰٓﺌِﻜَﺔِ ﻭَٱﻟﻨَّﺎﺱِ ﺃَﺟْﻤَﻌِﻴﻦَ

സത്യം നിഷേധിക്കുകയും, നിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവരാരോ അവരുടെ മേല്‍ അല്ലാഹുവിന്റേയും മലക്കുകളുടെയും മനുഷ്യരുടെയും ഒന്നടങ്കം ശാപമുണ്ടായിരിക്കുന്നതാണ്‌. (ഖു൪ആന്‍ :2/161)

ഒരാള്‍ സത്യവിശ്വാസിയോ അവിശ്വാസിയോ എന്ന് അവസാനമായി തിട്ടപ്പെടുത്തുന്നത് അയാളുടെ മരണത്തോടു കൂടിയായിരിക്കും. ആയുഷ്‌കാലമത്രയും അവിശ്വാസിയായിരുന്ന ഒരാള്‍, ഒടുക്കംവെച്ച് സത്യവിശ്വാസം സ്വീകരിക്കുകയും അതേ നിമിഷത്തില്‍ തന്നെ മരിക്കുകയും ചെയ്യുന്ന പക്ഷം അയാള്‍ സത്യവിശ്വാസികളില്‍ ഒരാളായിത്തീരുന്നു. മറിച്ച് ഒരു സത്യവിശ്വാസി മരണത്തിന്‍റെ തൊട്ടു മുമ്പുള്ള നിമിഷത്തില്‍ ആ വിശ്വാസം വെടിഞ്ഞു അവിശ്വാസം സ്വീകരിക്കുന്ന പക്ഷം അയാള്‍ അവിശ്വാസികളുടെ കൂട്ടത്തിലുമാകുന്നു. അതുകൊണ്ടാണ് ശാപത്തെക്കുറിച്ച് പറഞ്ഞപ്പോള്‍, അവിശ്വസിച്ചവരുടെ മേല്‍ എന്ന് പറഞ്ഞു മതിയാക്കാതെ, അവിശ്വാസി കളായി മരണമടയുകയും ചെയ്തവരുടെമേല്‍ എന്ന് പറഞ്ഞിരിക്കുന്നത്. (അമാനി തഫ്സീര്‍)

ഈ വചനങ്ങളിൽ നിന്ന് മനസ്സിലാകുന്നത്, അവരുടെ മരണത്തിനുമുമ്പ് അവർ പശ്ചാത്തപിക്കുകയായിരുന്നുവെങ്കിൽ അല്ലാഹു അവർക്ക് പൊറുത്തുകൊടുക്കുകയും കരുണ ചെയ്യുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു എന്നതാണ്. ആയുഷ്‌ക്കാലം മുഴുവനും അവിശ്വാസത്തിൽ തങ്ങളുടെ ജീവിതം തുലച്ചവരും അവന്റെ മാർഗത്തിൽനിന്ന് തടഞ്ഞവരും തെറ്റുകൾ പ്രവർത്തിച്ചവരാണെങ്കിലും ശരി.

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *