റോമക്കാരുടെ പരാജയം : ചില പാഠങ്ങൾ

അറേബ്യാ ഉപദ്വീപിന്‍റെ രണ്ടു അയല്‍രാജ്യങ്ങളായിരുന്നു റോമാ സാമ്രാജ്യവും, പേര്‍ഷ്യാ സാമ്രാജ്യവും. പലപ്പോഴും അവ തമ്മില്‍ ഏറ്റുമുട്ടാറുണ്ടായിരുന്നു. ഹിജ്റയുടെ അല്‍പ്പം മുമ്പ് നടന്ന ഒരു ഏറ്റുമുട്ടലില്‍ പേര്‍ഷ്യക്കാര്‍ ജയിക്കുകയും, റോമാക്കാരുടെ കീഴിലുള്ള ചിലസ്ഥലങ്ങള്‍ ‘അവര്‍ കയ്യടക്കുകയും ചെയ്തു.’ റോമക്കാര്‍ വേദക്കാരായ ക്രിസ്ത്യാനികളും, പേര്‍ഷ്യക്കാര്‍ ബഹുദൈവാരാധകന്‍മാരുമായിരുന്നു. അതുകൊണ്ടു റോമക്കാരുടെ വിജയത്തില്‍ മുസ്ലിംകള്‍ക്കും, പേര്‍ഷ്യക്കാരുടെ വിജയത്തില്‍ മക്കാ മുശ്രിക്കുകള്‍ക്കും താല്‍പര്യമുണ്ടാകുക സ്വാഭാവികമാണ്. മുശ്‌രിക്കുകള്‍ക്കു ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള വൈരം മൂര്‍ദ്ധന്യത്തിലെത്തിയിരുന്ന അക്കാലത്തു വിശേഷിച്ചും. അങ്ങനെ, പേര്‍ഷ്യക്കാരുടെ പ്രസ്തുത വിജയം മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വ്യസനകരമായിരുന്നു. അതേ അവസരത്തില്‍ ഖുറൈശികളില്‍ അതു അഹങ്കാരവും ആവേശവും ഉളവാക്കി. ‘ഞങ്ങളുടെ സഹോദരങ്ങള്‍ നിങ്ങളുടെ സഹോദരങ്ങളെ പരാജയപ്പെടുത്തിയതുപോലെ, ഞങ്ങള്‍ നിങ്ങളെയും പരാജയപ്പെടുത്തും’ എന്നിങ്ങിനെ ഖുറൈശികള്‍ അഭിമാനിക്കുകയായി.

ഈ അവസരത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ സൂറ: റൂം ലെ ആദ്യ വചനങ്ങള്‍ അവതരിച്ചത്:

الٓمٓ ‎﴿١﴾‏ غُلِبَتِ ٱلرُّومُ ‎﴿٢﴾‏ فِىٓ أَدْنَى ٱلْأَرْضِ وَهُم مِّنۢ بَعْدِ غَلَبِهِمْ سَيَغْلِبُونَ ‎﴿٣﴾‏ فِى بِضْعِ سِنِينَ ۗ لِلَّهِ ٱلْأَمْرُ مِن قَبْلُ وَمِنۢ بَعْدُ ۚ وَيَوْمَئِذٍ يَفْرَحُ ٱلْمُؤْمِنُونَ ‎﴿٤﴾‏ بِنَصْرِ ٱللَّهِ ۚ يَنصُرُ مَن يَشَآءُ ۖ وَهُوَ ٱلْعَزِيزُ ٱلرَّحِيمُ ‎﴿٥﴾‏وَعْدَ ٱللَّهِ ۖ لَا يُخْلِفُ ٱللَّهُ وَعْدَهُۥ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ‎﴿٦﴾

അലിഫ്‌-ലാം-മീം റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു. അടുത്തനാട്ടില്‍ വെച്ച്‌. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം നേടുന്നതാണ്‌. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ. മുമ്പും പിമ്പും അല്ലാഹുവിനാകുന്നു കാര്യങ്ങളുടെ നിയന്ത്രണം. അന്നേ ദിവസം സത്യവിശ്വാസികള്‍ സന്തുഷ്ടരാകുന്നതാണ്‌. അല്ലാഹുവിന്‍റെ സഹായം കൊണ്ട്‌. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അവനത്രെ പ്രതാപിയും കരുണാനിധിയും. അല്ലാഹുവിന്‍റെ വാഗ്ദാനമത്രെ ഇത്‌. അല്ലാഹു അവന്‍റെ വാഗ്ദാനം ലംഘിക്കുകയില്ല. പക്ഷെ മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല. (ഖു൪ആന്‍:30/1-6)

അടുത്തനാട് (أَدْنَى الْأَرْضِ) എന്നു പറഞ്ഞതു റോമാസാമ്രാജ്യത്തില്‍നിന്നു അറേബ്യായെ തൊട്ടുകിടക്കുന്ന പ്രദേശങ്ങളാകുന്നു. ഈ വചനങ്ങളുടെ അര്‍ത്ഥം മൊത്തത്തില്‍ ഇങ്ങിനെ സംഗ്രഹിക്കാം: ‘അടുത്ത നാട്ടില്‍വെച്ച് റോമക്കാര്‍ പരാജയപ്പെടുത്തപ്പെട്ടിരിക്കുന്നു. തങ്ങളുടെ ഈ പരാജയത്തിനുശേഷം, ഏതാനും (സ്വല്പം) കൊല്ലങ്ങള്‍ക്കുള്ളില്‍ അവര്‍ വിജയം നേടുന്നതുമാണ്. മുമ്പും, പിമ്പും (എക്കാലത്തും) ആജ്ഞാധികാരം അല്ലാഹുവിനത്രെ. അന്ന് സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ സഹായത്തില്‍ സന്തോഷമടയുന്നതാണ്. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അവന്‍ തന്നെയാണ് കരുണാനിധിയായ പ്രതാപശാലി. (ഇപ്പറഞ്ഞത്) അല്ലാഹുവിന്റെ വാഗ്ദത്തമത്രെ. അല്ലാഹു തന്റെ വാഗ്ദത്തം ലംഘിക്കുന്നതല്ല. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.’

താല്‍ക്കാലികമായ ആ പരാജയത്തില്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ക്കു അധികമൊന്നും ആഹ്ലാദിക്കുവാന്‍ വകയില്ല; അല്‍പം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ പരാജയം തിരിച്ചടിക്കുകതന്നെ ചെയ്യും; അന്ന് മുസ്‌ലിംകള്‍ക്കു തികച്ചും സന്തോഷിക്കാം; ലോകകാര്യങ്ങളെല്ലാം അല്ലാഹുവിന്റെ നിയന്ത്രണത്തിലാണുളളത്; അവന്‍റെ യുക്തംപോലെ അവന്‍ അവ കൈകാര്യം ചെയ്യുന്നു; അതില്‍ മറ്റാരുടെയും ഇഷ്ടത്തിനോ അനുമാനത്തിനോ സ്ഥാനമില്ല; അടുത്തകാലത്തു റോമക്കാര്‍ വിജയംവരിക്കുമെന്ന ഈ പ്രവചനം കേവലം ഒരു അനുമാനമോ മതിപ്പോ അല്ല; അല്ലാഹുവിങ്കല്‍നിന്നുള്ള വാഗ്ദത്തമാണത്: ഒരിക്കലും അതില്‍ മാറ്റം സംഭവിക്കാന്‍ പോകുന്നില്ല എന്നൊക്കെയാണ് ഈ വചനങ്ങള്‍ മുഖേന അല്ലാഹു പ്രസ്താവിക്കുന്നത്.

ഈ സംഭവത്തിൽ നിന്നുള്ള ചില പ്രധാനപ്പെട്ട പാഠങ്ങൾ ഓര്‍മ്മിപ്പിക്കുന്നു. ഒന്നാമതായി, വിശുദ്ധ ഖുര്‍ആൻ മുഹമ്മദ് നബി ﷺ യുടെ വചനങ്ങളല്ലെന്നും ഭൂതവും ഭാവിയും വര്‍ത്തമാനവുമെല്ലാം അറിയുന്ന അല്ലാഹുവിന്റെ വചനങ്ങളാണെന്നും ഈ സംഭവം അറയിക്കുന്നു. ഈ വചനങ്ങൾ ഖുര്‍ആനിന്റെ പ്രവചനമാണ്. റോമാക്കാരുടെ വിജയം ഏതു കൊല്ലത്തിലായിരിക്കുമെന്ന് തിട്ടപ്പെടുത്തിപ്പറയാതെ فِي بِضْعِ سِنِينَ (ചില്ലറ കൊല്ലങ്ങളിലായി) എന്നത്രെ അല്ലാഹു പറഞ്ഞിരിക്കുന്നത്. മൂന്നു മുതല്‍ ഒമ്പതുവരെയുള്ള എണ്ണത്തിനാണ് ആ വാക്ക് (بِضْعِ) ഉപയോഗിക്കപ്പെടുന്നത്. അപ്പോള്‍ ഒമ്പതു കൊല്ലം കഴിയുന്നതിനു മുമ്പേ ഈ പ്രവചനം പുലരണം. അന്നത്തെ ചുറ്റുപാടും, ഇരു രാഷ്ട്രങ്ങളുടെയും പൊതു നിലപാടുകളും നോക്കുമ്പോള്‍, ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ റോമക്കാര്‍ക്കു വിജയം കൈവരുന്ന ഒരന്തരീക്ഷം ഉണ്ടാവുക സാധ്യമല്ല.

ഈ സംഭവത്തിന് ഒൻപത് വര്‍ഷത്തിനകം  ഹുദൈബിയ്യാ സന്ധിയുണ്ടായതിന്‍റെ അടുത്ത് – അതിനു മുമ്പാണെന്നും അഭിപ്രായമുണ്ട് – ഖുർആൻ്റെ പ്രവചനം പോലെ പേർഷ്യയെ റോം പരാജയപ്പെടുത്തുകയും വിജയികളാവുകയും ചെയ്തു. ചെറിയൊരു സമയത്തിനകം പരാജയപ്പെട്ട ഒരു വിഭാഗം വിജയിച്ച വൻശക്തിയെ കീഴ്‌പ്പെടുത്തുന്നത് ചരിത്രത്തിൽ തന്നെ അപൂർവ്വമാണ്. ആ അപൂർവ്വത സംഭവിക്കാൻ പോകുന്നതായി ഒരു മനുഷ്യന് പ്രവചിക്കാൻ കഴിയുന്നത് ചരിത്രത്തിൽ ഉദാഹരണമില്ലാത്ത മറ്റൊരു അൽഭുതവും. കേവലം മനുഷ്യ ജൽപനമല്ല ഖുർആൻ എന്നിത് ഒരിക്കൽ കൂടി തെളിയിക്കുന്നു. ചെറിയ സമയത്തിനകം റോം പേർഷ്യയെ പരാജയപ്പെടുത്തിയില്ല എങ്കിൽ ഖുർആൻ്റെ പ്രവചനം തെറ്റിയതായി ജനങ്ങൾ മനസ്സിലാക്കുകയും, ജനങ്ങളാൽ പ്രവാചകർ അവഗണിക്കപ്പെടുകയും ചെയ്യുമായിരുന്നു എന്നിരിക്കെ മുഹമ്മദ് നബി ﷺ സ്വയമൊരിക്കലും ഇത്തരമൊരു വാദം ഉന്നയിക്കുകയില്ലല്ലോ.

രണ്ടാമതായി, അല്ലാഹുവിന്റെ വാഗ്ദാനത്തിൽ മുസ്ലിംകൾക്ക് ദൃഢതയുണ്ടായിരിക്കണം. അന്നത്തെ ചുറ്റുപാടും, ഇരു രാഷ്ട്രങ്ങളുടെയും പൊതു നിലപാടുകളും നോക്കുമ്പോള്‍, ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ റോമക്കാര്‍ക്കു വിജയം കൈവരുന്ന ഒരന്തരീക്ഷം ഉണ്ടാവുക അസംഭവ്യമായാണ് ഖുറൈശികള്‍ കരുതിയത്.എന്നാല്‍ മുസ്‌ലിംകള്‍ക്കാകട്ടെ – ഖുര്‍ആന്റെ വ്യക്തമായ പ്രസ്താവനയുണ്ടായിരിക്കെ – ഒരു നേരിയ സംശയം പോലുമുണ്ടായില്ല. അങ്ങനെ, ഖുര്‍ആനെ നിഷേധിക്കുവാനുള്ള ഒരവസരം മുശ്രിക്കുകളും, അതിന്റെ സത്യത സ്ഥാപിക്കുവാന്‍ പുതിയൊരവസരം മുസ്ലിംകളും കാത്തിരിപ്പായി. അത്രയുമല്ല, മുസ്ലിംകളുടെ ഭാഗത്തുനിന്ന് അബൂബക്കര്‍ സിദ്ധീഖ്  رضي الله عنه വും മുശ്രിക്കുകളുടെ ഭാഗത്തുനിന്ന് ഉബ്ബയ്യ് ബ്നു ഖലഫും തമ്മില്‍ ഒരു പന്തയംതന്നെ നടക്കുകയുണ്ടായി. അന്ന് ഇസ്‌ലാമില്‍ പന്തയം വിരോധിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. വിജയം മുസ്ലിംകള്‍ക്കാണ് ഉണ്ടായത്. മുസ്ലിംകള്‍ അതില്‍ സന്തോഷിക്കുകയും ചെയ്തു.

മൂന്നാമതായി, ഈ വചനങ്ങളുടെ അവസാനത്തില്‍ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ (പക്ഷേ, മനുഷ്യരില്‍ അധികമാളുകളും അറിയുന്നില്ല) എന്നു പറഞ്ഞിട്ടുള്ളതു ശ്രദ്ധേയമാകുന്നു. റോമായുടെയും പേര്‍ഷ്യായുടെയും അന്നത്തെ നിലവെച്ചു നോക്കുമ്പോള്‍ അടുത്ത കാലത്തൊന്നും റോമക്കാര്‍ക്കു വിജയം പ്രതീക്ഷിക്കുവാന്‍ വകയില്ലായിരുന്നു. പക്ഷേ, എല്ലാ കാര്യവും അല്ലാഹുവിന്റെ ആജ്ഞാധികാരപരിധിയില്‍ മാത്രം ഉള്‍കൊള്ളുന്നതും, അവന്റെ ഉദ്ദേശത്തിനും നിയന്ത്രണത്തിനും വിധേയമായതുമാണ്. ബാഹ്യമായ കാര്യകാരണബന്ധത്തിന്‍റെ ശൃംഖല ഇവിടെയുണ്ടെന്നുള്ളതു വാസ്തവം തന്നെ. എന്നാല്‍ ആ ശൃംഖലയുടെ തുടക്കവും, നീക്കവും, ഒടുക്കവും എല്ലാംതന്നെ, ആ നിയന്ത്രണത്തില്‍ നിന്നു ഒഴിവല്ല. ഒരു കാര്യത്തിന്റെ കാരണങ്ങളുടെ ബാഹ്യമായ പട്ടിക പൂര്‍ത്തിയായിക്കഴിഞ്ഞതുകൊണ്ടുമാത്രം അക്കാര്യം സംഭവിക്കുകയില്ല. മനുഷ്യനു അദൃശ്യവും അജ്ഞാതവുമായ ചില ഉപാധികള്‍കൂടി സമ്മേളിക്കുമ്പോള്‍ മാത്രമേ അതു സംഭവിക്കുകയുള്ളു. കാര്യകാരണബന്ധങ്ങള്‍ ഏര്‍പ്പെടുത്തിയതുതന്നെ അല്ലാഹുവാണ്. അവയ്ക്ക് അടിസ്ഥാനവും നിദാനവുമായി മറ്റൊരു കാര്യകാരണവ്യവസ്ഥയും, അവന്റെ പക്കല്‍ ഉണ്ടായിരിക്കാം. എന്നിത്യാദി യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കയും, മനസ്സിലാക്കുകയും ചെയ്യുന്നവര്‍ മനുഷ്യരില്‍ തുലോം കുറവാണ്. അജ്ഞതയും ബുദ്ധികൊടുത്തു ചിന്തിക്കായ്മയുമാണതിനു കാരണം. കേവലം കണ്ണില്‍കണ്ടതിനപ്പുറം മറ്റൊന്നുംതന്നെ സ്ഥിതി ചെയ്യുന്നില്ലെന്നും, മനുഷ്യന്‍റെ അറിവു സമ്പൂര്‍ണ്ണമാണെന്നുമുള്ള ചിലരുടെ ധാരണയാണ് മറ്റൊരു കാരണം. മിക്ക മനുഷ്യരും ഇത്തരക്കാരാണ്. (അമാനി തഫ്സീര്‍)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *