മരിച്ച വ്യക്തി, തന്റെ വീട്ടുകാരുടെ വിലാപം കാരണമായി ശിക്ഷിക്കപ്പെടുമെന്ന ഹദീസ് ഖുര്‍ആനിനെതിരോ?

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket
ശൈഖ് നാസ്വിറുദ്ദീൻ അൽബാനി رحمه الله 

ചോദ്യം: ഇവിടെ ചിലരുണ്ട്, അവർ പറയുന്നു: ഒരു ഹദീസ് ക്വുർആൻ വചനത്തിന് എതിരായാൽ, ആധികാരികതയുടെ വിഷയത്തിൽ അത് ഏത് പദവിയിലായാലും അതിനെ തള്ളിക്കളയണം. ശേഷം, അവർ ഉദാഹരണമായി ഈ ഹദീസ് ഉദ്ധരിക്കും:

إِنَّ الْمَيِّتَ لَيُعَذَّبُ بِبُكَاءِ أَهْلِهِ عَلَيْهِ

മരിച്ച വ്യക്തി, തന്റെ വീട്ടുകാരുടെ വിലാപം കാരണമായി ശിക്ഷിക്കപ്പെടും. (സ്വഹീഹുൽ ജാമിഅ്:1970)

ഈ ഹദീസിനെ നിരാകരിക്കുന്നതിനുവേണ്ടി അവർ, ആയിശാ رَضِيَ اللَّهُ عَنْها അല്ലാഹുവിന്റെ ഈ വചനമാണുപയോഗിച്ചതെന്നു തെളിവ് പിടിക്കുന്നു.

وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ

പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കയില്ല. (സൂറഃ ഫാത്വിർ 18).

ഇത് പറയുന്നവർക്ക് എങ്ങനെയാണ് മറുപടി കൊടുക്കുക?

മറുപടി: ഈ ഹദീസിനെ നിരാകരിക്കുന്നത് ക്വുർആൻകൊണ്ട് ഹദീസ് നിഷേധിക്കുന്ന പ്രവണതയിലാണ് ഉൾപ്പെടുക. ഇത് ഇവരുടെ വ്യതിയാനത്തെയാണ് സൂചിപ്പിക്കുന്നത്. ഈ ഹദീസിനെ കുറിച്ചുള്ള മറുപടി – വിശിഷ്യാ ആയിശാ رَضِيَ اللَّهُ عَنْها യുടെ ഹദീസിനെ സ്വീകരിക്കുന്നവരെയാണ് ഞാൻ പരാമർശിക്കുന്നത് – അത് ഇപ്രകാരമാണ്:

ഒന്ന്, ഹദീസിന്റെ കാഴ്ചപ്പാടിലൂടെ: ഒരു ഹദീസിന്റെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ ഈ ഹദീസ് നിരാകരിക്കാൻ യാതൊരു മാർഗവുമില്ല. അതിന്ന് രണ്ട് കാരണങ്ങളാണുള്ളത്.

(1) അത് ഇബ്‌നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിന്റെ സ്വഹീഹായ പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടതാണ്.

(2) ഇത് റിപ്പോർട്ട് ചെയ്യുന്നതിൽ ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ ഒറ്റപ്പെട്ടിട്ടില്ല. പ്രത്യുത, അതിൽ ഉമർ رَضِيَ اللَّهُ عَنْهُ അദ്ദേഹത്തെ പിന്തുടർന്നിട്ടുണ്ട്. ഇനി, അദ്ദേഹവും മകനും മാത്രമല്ല ഇത് റിപ്പോർട്ട് ചെയ്തത്. അവർ രണ്ട് പേരെയും പിന്തുടർന്നുകൊണ്ട് മുഗീറത്തുബ്‌നു ശുഅ്ബ رَضِيَ اللَّهُ عَنْهُ വുമുണ്ട്. ഇതാണ് ഈ സമയത്ത് എന്റെ ഓർമയിൽ വരുന്നത്. കാരണം ഈ മൂന്ന് സ്വഹാബിമാരുടെയും റിപ്പോർട്ടുകൾ ഇരു സ്വഹീഹുകളിലും കാണാം.

ഇനി, ഈ ഹദീസിനെക്കുറിച്ച് മാത്രമായി ഒരാൾ ഗവേഷണം നടത്തുകയാണെങ്കിൽ, അവന് മറ്റ് പരമ്പരകൾ കൂടി കണ്ടെത്താൻ സാധിക്കും. ഈ മൂന്ന് ഹദീസുകളുടെയും പരമ്പര സ്വഹീഹാണ്. അതിനാൽ, പരിശുദ്ധ ക്വുർആനിന്ന് എതിരാണെന്ന് വാദിച്ചുകൊണ്ട് അതിനെ നിരാകരിക്കാവതല്ല.

രണ്ട്, തഫ്‌സീറിന്റെ കാഴ്ചപ്പാടിലൂടെ: ഈ ഹദീസിനെ പണ്ഡിതന്മാർ രണ്ട് നിലയ്ക്കാണ് വ്യാഖ്യാനിച്ചത്:

(1) ഈ ഹദീസ് ബാധകമാകുന്നത്, മരിച്ചുപോയ ഒരു വ്യക്തിയുടെ മേലാണ്. അയാൾ, താൻ മരിച്ച് കഴിഞ്ഞാൽ തന്റെ വീട്ടുകാർ മതവിരുദ്ധ പ്രവൃത്തികൾ ചെയ്യുമെന്ന് തന്റെ ജീവിതകാലത്ത് തന്നെ അറിയാവുന്ന ഒരാളാണ്. എന്നിട്ടും അന്ന് അയാൾ തന്റെ കുടുംബത്തെ ഉപദേശിച്ചില്ല. തന്റെ മരണശേഷം ഇവരുടെ കരച്ചിൽ കാരണമായി താൻ ക്വബ്‌റിൽ ശിക്ഷിക്കപ്പെടും എന്നതുകൊണ്ട് നിങ്ങൾ കരയരുതെന്ന് അയാൾ താക്കീത് ചെയ്തിട്ടുമില്ല.

‘മരിച്ച വ്യക്തി’ (അൽമയ്യിത്ത്) എന്നതിൽ ഉപയോഗിച്ച ‘അൽ’ എന്നതിന്റെ ഉദ്ദേശ്യം മുഴുവൻ (മരിച്ച ആളുകളും) ഉൾക്കൊള്ളുകയില്ല എന്നാണ്. അതായത് മരിച്ച എല്ലാ വ്യക്തികളും തങ്ങളുടെ വീട്ടുകാരുടെ വിലാപം കാരണമായി ശിക്ഷിക്കപ്പെടുമെന്നല്ല, മറിച്ച് ഇവിടെയുപയോഗിച്ച ‘അൽ’ എന്ന പദം നിശ്ചിതപ്പെടുത്താനുള്ളതാണ്. അതായത് തന്റെ മരണശേഷം മതവിരുദ്ധപ്രവർത്തനങ്ങൾ ആരും ചെയ്യരുതെന്ന് ഉപദേശിക്കാത്ത ഒരാളാണ് ഇവിടെ ഉദ്ദേശ്യം. അപ്പോൾ ഇത്തരം വ്യക്തികളാണ് തങ്ങളുടെ വീട്ടുകാരുടെ കരച്ചിൽ കാരണമായി ശിക്ഷിക്കപ്പെടുന്നത്. എന്നാൽ അനിവാര്യമായ ഉപദേശങ്ങൾ നൽകുകയും തന്റെ മേൽ വിലപിക്കരുതെന്നും ഈ കാലഘട്ടത്തിൽ കണ്ടുവരുന്ന നിഷിദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നുമുള്ള മതപരമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നവൻ ശിക്ഷിക്കപ്പെടുകയില്ല. എന്നാൽ അവൻ ഉപദേശനിർദേശങ്ങൾ നൽകിയില്ലെങ്കിൽ ശിക്ഷിക്കപ്പെടും.

ഒന്നാമത്തെ വ്യാഖ്യാനത്തിൽനിന്നും നാം അനിവാര്യമായും മനസ്സിലാക്കേണ്ട വിശദീകരണമാണിത്. ഇതാണ് ഇമാം നവവി رحمه الله  യുടെയും അതുപോലെയുള്ള പ്രശസ്തരും അറിയപ്പെടുന്നവരുമായ ഭൂരിഭാഗം പണ്ഡിതന്മാരുടെയും നിലപാട്. ഈ വിശദീകരണം നമുക്ക് മനസ്സിലായിക്കഴിഞ്ഞാൽ പിന്നെ ഈ ഹദീഥും وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ  (പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കയില്ല – 6/164) എന്ന അല്ലാഹുവിന്റെ വചനവും തമ്മിൽ വൈരുധ്യമൊന്നും ഇല്ലെന്ന് വ്യക്തമാകും. എന്നാൽ ‘അൽമയ്യിത്ത്’ എന്ന പദത്തിലെ ‘അൽ’ എന്നതിൽ എല്ലാവരും ഉൾപ്പെടും എന്ന് മനസ്സിലാക്കിയാലാണ് വൈരുധ്യമുണ്ടെന്ന് തോന്നുക. അതായത്, എല്ലാ മരിച്ചവരും ശിക്ഷിക്കപ്പെടും എന്ന്. അങ്ങനെയാ കുമ്പോൾ ഹദീസ് അവ്യക്തമാകുകയും ക്വുർആൻ വചനത്തിന് വിരുദ്ധമാവുകയും ചെയ്യും. എന്നാൽ, നാം മുമ്പ് സൂചിപ്പിച്ച രീതിയിൽ അതിന്റെ ആശയത്തെ മനസ്സിലാക്കിയാൽ, ഒരു വൈരുധ്യവും അവ്യക്തതയുമില്ല. കാരണം, അയാൾ (ക്വബ്‌റിൽ വെച്ച്) ശിക്ഷിക്കപ്പെടുന്നത് വേണ്ട ഉപദേശനിർദേശങ്ങൾ നൽകാത്തതുകൊണ്ടാണ് (എന്ന് മനസ്സിലാകും). വൈരുധ്യമുണ്ടെന്ന് വാദിക്കുന്നവർക്കുള്ള ഖണ്ഡനമായി ഈ ഹദീഥിനെ വ്യാഖ്യാനിച്ച ഒന്നാമത്തെ രീതിയാണിത്.

(2) രണ്ടാമത്തെ വ്യാഖ്യാനം ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ رحمه الله  യുടെതാണ്. അദ്ദേഹം തന്റെ ചില രചനകളിൽ സൂചിപ്പിച്ചു; ഇവിടെ ശിക്ഷ എന്നത് കൊണ്ടുദ്ദേശിക്കുന്നത് ക്വബ്ർ ശിക്ഷയോ, പരലോകത്തെ ശിക്ഷയോ അല്ല. മറിച്ച്, വേദനയും ദുഃഖവും എന്ന ഉദ്ദേശ്യത്തിലാണ്. അതായത്, മരിച്ച വ്യക്തി തന്റെ വീട്ടുകാരുടെ കരച്ചിൽ കേട്ടാൽ അതിൽ ഖേദിക്കുകയും ദുഃഖിക്കുകയും ചെയ്യും. ഇപ്രകാരമാണ് ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ رحمه الله പറഞ്ഞത്. ഇത് ശരിയാണെങ്കിൽ ആ തെറ്റിദ്ധാരണ വേരോടെ പിഴുതെറിയപ്പെടും.

എന്നാൽ ഞാൻ പറയുന്നു: ഈ വ്യാഖ്യാനം രണ്ട് യാഥാർഥ്യങ്ങൾക്ക് എതിരാണ്. അതുകൊണ്ട് ഹദീസിന്റെ ഒന്നാമത്തെ വ്യാഖ്യാനത്തെ ആശ്രയിക്കുകയല്ലാതെ നിവൃത്തിയില്ല.

ഒന്നാമതായി: മുമ്പൊരിക്കൽ ഞാൻ സൂചിപ്പിച്ച മുഗീറ ഇബ്‌നു ശുഅ്ബ رَضِيَ اللَّهُ عَنْهُ യുടെ ഹദീസിൽ, ഈ ശിക്ഷ വേദനയും ദുഃഖവുമല്ല, മറിച്ച് യഥാർഥശിക്ഷ തന്നെയാണ് എന്ന് സൂചിപ്പിക്കുന്ന ഒരു അനുബന്ധമുണ്ട്. അതായത്, അല്ലാഹു അവന്ന് പൊറുത്ത് കൊടുത്തില്ലെങ്കിൽ അവന്ന് നരകശിക്ഷ ലഭിക്കും. ഇത് അല്ലാഹുവിന്റെ വചനത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്.

إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ

തന്നോട് പങ്ക് ചേർക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവൻ ഉദ്ദേശിക്കുന്നവർക്ക് അവർ പൊറുത്തുകൊടുക്കുന്നതാണ്. (ഖു൪ആന്‍ :4/48)

മുഗീറ رَضِيَ اللَّهُ عَنْهُ വിന്റെ റിപ്പോർട്ടിൽ ഇപ്രകാരം പറയുന്നു: “നിശ്ചയം, മരിച്ച വ്യക്തി തന്റെ വീട്ടുകാരുടെ വിലാപം കാരണം അന്ത്യനാളിൽ ശിക്ഷിക്കപ്പെടും.’’ തന്റെ വീട്ടുകാരുടെ കരച്ചിൽ കാരണമായി മരിച്ച വ്യക്തി അന്ത്യനാളിലാണ് ശിക്ഷിക്കപ്പെടുക എന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതാണ് വേദനയും ദുഃഖവുമെന്ന് ഇബ്‌നുതൈമിയ്യ വ്യാഖ്യാനിച്ചത്.

രണ്ടാമതായി: ഒരാൾ മരിച്ചാൽ അയാൾക്ക് ചുറ്റും നടക്കുന്ന ഒന്നും അയാൾ അറിയുകയില്ല. അത് നന്മയായാലും തിന്മയായാലും സമമാണ്. ഇത് ക്വുർആനും സുന്നത്തും അറിയിച്ചുതരുന്ന കാര്യമാണ്. എന്നാൽ ചില അവസരങ്ങളിൽ ഇതിന്നപവാദമുണ്ട്. അത് ചില ഹദീസുകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അവ ഒന്നുകിൽ മരിച്ച എല്ലാവർക്കുമുള്ള നിയമമെന്ന നിലക്ക്; അല്ലെങ്കിൽ വേദന അറിയിക്കുന്നതിനു വേണ്ടി കാര്യങ്ങൾ ചിലർക്ക് അല്ലാഹു കേൾപിക്കുമെന്ന നിലക്ക്.

ഒന്നാമത്തെ പരാമർശത്തിന്ന് ഇമാം ബുഖാരി رحمه الله തന്റെ ‘സ്വഹീഹി’ലുദ്ധരിച്ച അനസുബ്‌നുമാലിക് رَضِيَ اللَّهُ عَنْهُ വിന്റെ ഹദീസാണ് തെളിവ്. അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:

إن العبد إذا وضع في قبره وتولَّى عنه أصحابه – حتى إنه يسمع قرع نعالهم – أتاه ملكان

(അല്ലാഹുവിന്റെ) ഒരടിമയെ അവന്റെ ക്വബ്‌റിലേക്ക് വെച്ചശേഷം അവന്റെ ആളുകളെല്ലാം പിരിഞ്ഞുപോയാൽ – അവരുടെ ചെരുപ്പിന്റെ ശബ്ദം അവൻ കേൾക്കുന്ന ആ സമയത്ത് തന്നെ – രണ്ട് മലക്കുകൾ അവന്റെയടുക്കലേക്ക് വരും. (സ്വഹീഹുൽ ജാമിഉസ്സ്വഗീര്‍ :1675)

മറമാടിക്കഴിഞ്ഞ് ജനങ്ങൾ പിരിഞ്ഞുപോകുന്ന സമയത്ത് മരിച്ച വ്യക്തിക്ക് ഒരു പ്രത്യേകതരം കേൾവിയുണ്ടെന്ന് ഈ സ്വഹീഹായ ഹദീസ് സ്ഥിരപ്പെടുത്തുന്നു. അതായത്, രണ്ട് മലക്കുകൾ അവന്റെയരികിൽ വന്ന് ഇരിക്കുമ്പോൾ, അവന്റെ ആത്മാവിനെ അവന്റെ ശരീരത്തിലേക്ക് മടക്കും. ഈ അവസ്ഥയിൽ അവൻ ചെരുപ്പിന്റെ ശബ്ദം കേൾക്കും. അപ്പോൾ, ഈ മരിച്ച വ്യക്തിയും എല്ലാ മരിച്ചവരും തങ്ങളുടെ ആത്മാക്കൾ തങ്ങളിലേക്ക് മടക്കപ്പെട്ടശേഷം ഉയിർത്തെഴുന്നേൽപിന്റെ നാൾവരേക്കും ക്വബ്‌റിന്നരികിലൂട നടന്നുപോകുന്നവരുടെ ചെരുപ്പടി ശബ്ദം കേട്ടുകൊണ്ടേയിരിക്കും എന്ന ആശയം ഈ ഹദീസിനില്ല! അങ്ങനെയല്ല തന്നെ.

ഇതൊരു പ്രത്യേക സാഹചര്യമാണ്. മരിച്ചവന്റെത് പ്രത്യേകതരം കേൾവിയുമാണ്. കാരണം അവന്റെ ആത്മാവ് അവനിലേക്ക് മടക്കപ്പെട്ടിട്ടുണ്ട്. ഈ അവസരത്തിൽ നാം ഇബ്‌നുതൈമിയ്യ رحمه الله യുടെ വ്യാഖ്യാനം സ്വീകരിക്കുകയാണെങ്കിൽ, മരിച്ച വ്യക്തിയുടെ ഇന്ദ്രിയങ്ങൾ കൂടുതൽ വിശാലമാക്കാൻ നാം നിർബന്ധിതരാകും. എത്രത്തോളമെന്നാൽ, അവന്റെ ചുറ്റും നടക്കുന്നത് മുഴുവൻ അതിലുൾപ്പെടുത്തേണ്ടിവരും. അത് മറമാടുന്നതിന് മുമ്പ് ക്വബ്‌റിലേക്ക് കൊണ്ടുപോകുമ്പോഴോ, ക്വബ്‌റിൽ വെച്ച ശേഷമോ ആയാലും സമമാണ് – അതായത് ജീവിച്ചിരിക്കുന്ന തന്റെ ബന്ധുക്കൾ അവന്ന് വേണ്ടി കരയുന്നത് അവൻ കേൾക്കും. ഇതിന് (പ്രാമാണികമായ) തെളിവ് ആവശ്യമാണ്. അതില്ല. അതാണ് ആദ്യം വേണ്ടത്.

രണ്ടാമതായി, ക്വുർആനിലെയും സ്വഹീഹായ ഹദീസുകളിലെയും ചില വാക്യങ്ങൾ മരിച്ചവർ കേൾക്കുകയില്ല എന്ന് സൂചിപ്പിക്കുന്നതാണ്. ഇതൊരു വലിയ വിഷയമാണ്. എന്നാൽ ഞാൻ ഒരു ഹദീസുദ്ധരിക്കാം. അത് സംശയത്തിനുള്ള മറുപടിയായേക്കും. നബി ﷺ യുടെ വാക്ക്:

إن لله تعالى ملائكة سياحين في الأرض يبلغوني من أمتي السلام

നിശ്ചയം, അല്ലാഹുവിന് ഭൂമിയിലൂടെ സഞ്ചരിക്കുന്ന ചില മലക്കുകളുണ്ട്. അവർ എന്റെ സമുദായത്തിന്റെ അഭിവാദ്യങ്ങൾ (സലാം) എനിക്കെത്തിച്ചുതരും. (സ്വഹീഹുൽ ജാമിഉസ്സ്വഗീര്‍ :2174)

‘സഞ്ചരിക്കും’ എന്നത് കൊണ്ടുള്ള ഉദ്ദേശ്യം പതിവായ ഒരുമിച്ചുകൂടലുകളാണ്. അപ്പോൾ, ഒരു മുസ്‌ലിം നബി ﷺ യുടെ മേൽ സ്വലാത്ത് ചെല്ലുമ്പോഴെല്ലാം, നിർദിഷ്ട മലക്ക് ആ മുസ്‌ലിമിൽനിന്നും ആ ‘സലാം’ നബി ﷺ യിലേക്ക് എത്തിക്കും. അപ്പോൾ, മരിച്ചവർ കേൾക്കുമായിരുന്നുവെങ്കിൽ, മരിച്ചവരുടെ കൂട്ടത്തിൽ കേൾക്കുവാൻ ഏറ്റവും അർഹനായവൻ നമ്മുടെ നബി ﷺ യായിരുന്നു. കാരണം അല്ലാഹു അദ്ദേഹത്തെ മഹത്ത്വപ്പെടുത്തുകയും മുഴുവൻ നബിമാരെക്കാളും ദൂതന്മാരെക്കാളും മറ്റു ജനങ്ങളെക്കാളുമെല്ലാം സവിശേഷതകൾ അദ്ദേഹത്തിന്ന് നൽകുകയും ചെയ്തിട്ടുണ്ട്. അപ്പോൾ, ആർക്കെങ്കിലും അത് കേൾക്കാൻ സാധിക്കുമായിരുന്നെങ്കിൽ അത് തീർച്ചയായും റസൂലി ﷺ നാകുമായിരുന്നു. കൂടാതെ, പ്രവാചകന്റെ മരണശേഷം എന്തെങ്കിലും കേൾക്കാൻ സാധിക്കുമായിരുന്നെങ്കിൽ തന്റെ സമുദായത്തിന്റെ സ്വലാത്ത് കേൾക്കണമായിരുന്നു.

അപ്പോൾ ഇവിടെനിന്നും നമുക്ക് അവരുടെ ആ അബദ്ധം – അഥവാ വഴികേട്-  മനസ്സിലാകുന്നു. അവർ നബി ﷺ യോടല്ല അതിനെക്കാൾ താഴെയുള്ളവരോടാണ് വിളിച്ചുതേടുന്നത് – ഒന്നുകിൽ (മറ്റു) ദൂതന്മാർ, അല്ലെങ്കിൽ(മറ്റു) നബിമാർ, അതുമല്ലെങ്കിൽ സച്ചരിതരായ ആളുകൾ; അവർ റസൂലി ﷺ നോട് വിളിച്ചുതേടുകയാണെങ്കിലും അദ്ദേഹം അവരുടെ ആ വിളി കേൾക്കുകയില്ല. അതാണ് ക്വുർആൻ വ്യക്തമാക്കിയത്:

إِنَّ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ عِبَادٌ أَمْثَالُكُمْ ۖ

തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചു പ്രാർഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെ പോലുള്ള ദാസന്മാർ മാത്രമാണ് (ഖു൪ആന്‍ :7/194)

إِن تَدْعُوهُمْ لَا يَسْمَعُوا۟ دُعَآءَكُمْ

നിങ്ങൾ അവരോട് പ്രാർഥിക്കുന്നപക്ഷം അവർ നിങ്ങളുടെ പ്രാർഥന കേൾക്കുകയില്ല. (ഖു൪ആന്‍ :35/14)

അപ്പോൾ, മരിച്ചശേഷം ആ വ്യക്തി കേൾക്കുകയില്ല. പ്രത്യേക സന്ദർഭങ്ങളിൽ ബാധകമാകുന്ന തെളിവുകളുണ്ടെന്ന് മാത്രം. അതാണ് ഞാൻ മുമ്പൊരിക്കൽ സൂചിപ്പിച്ച, ചെരുപ്പിന്റെ ശബ്ദം കേൾക്കുമെന്നത്. അതിനാൽ, ഈ ചോദ്യത്തിനുള്ള ഇത്തരം ഇവിടെ അവസാനിക്കുന്നു.

വിവര്‍ത്തനം : മുഹമ്മദ് സിയാദ് കണ്ണൂർ

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.