മുജാഹിദ് – സമസ്ത സംവാദം : ഒരു വിശകലനം

03/01/2026 ന് ചെറുവാടിയിൽ നടന്ന ‘നബിദിനാഘോഷം ഇസ്‌ലാമികമോ?’ എന്ന വിഷയത്തിലെ മുജാഹിദ് – സമസ്ത സംവാദം ശ്രദ്ധേയമായിരുന്നു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനെ പ്രതിനിധീകരിച്ച് ഫൈസൽ മൗലവി സംവാദത്തിന് നേതൃത്വം നൽകി. സമസ്തയിലെ ഇ.കെ വിഭാഗമാണ് മറുപക്ഷത്ത് ഉണ്ടായിരുന്നത്. ഈ സംവാദത്തെ കുറിച്ചുള്ള ഒരു വിശകലനമാണ് ഇവിടെ നടത്തുന്നത്.

ആദ്യമായി ഇരുവിഭാഗത്തിന്റെയും വാദം എന്തായിരുന്നുവെന്ന് മനസ്സിലാക്കാം.

സമസ്ത: നബിദിനാഘോഷം പുണ്യകര്‍മ്മമാണ്. ശിര്‍ക്കാണെന്നും ദുരാചാരമാണെന്നുമുള്ള വാദം തെറ്റാണ്.

മുജാഹിദ്: നബിദിനാഘോഷം എന്ന ഇബാദത്ത് ഇസ്‌ലാമിക പ്രമാണങ്ങൾ പഠിപ്പിക്കാത്തതും സ്വഹാബത്തോ താബിഉകളോ മാതൃക കാണിക്കാത്തതുമാണ്. മദ്ഹബിന്റെ ഇമാമുമാര്‍ക്ക് പോലും നബിദിനാഘോഷമെന്ന ഇബാദത്ത് പരിചയമില്ല. അതിനാൽ നബിദിനാഘോഷം ബിദ്അത്താണ് അഥവാ ദുരാചാരമാണ്.

ഫൈസൽ മൗലവി (മുജാഹിദ്) ആദ്യം വിഷയാവതരണം നടത്തി. തുടര്‍ന്ന് സമസ്തയിലെ പണ്ഢിതനും. ശേഷം മുജാഹിദ് പക്ഷത്തോട് സമസ്തയുടെ 10 ചോദ്യങ്ങൾ. അതിന് ഫൈസൽ മൗലവിയുടെ മറുപടി. ശേഷം സമസ്ത വിഭാഗത്തോട് മുജാഹിദ് പക്ഷത്തിന്റെ 10 ചോദ്യങ്ങൾ. അതിന് സമസ്തയുടെ മറുപടി. അവസാനം ഇരുവിഭാഗങ്ങളുടെ അവലോകന പ്രസംഗവും. ആദ്യമായി അവലോകനം നടത്തിയത് ഫൈസൽ മൗലവി. തുടര്‍ന്ന് സമസ്തയിലെ പണ്ഢിതനും. ഇതായിരുന്നു സംവാദത്തിന്റെ ഘടന.

വിഷയാവതരണം (മുജാഹിദ്)

നബിദിനാഘോഷം ആര്,എന്ന് തുടങ്ങി എന്ന് ഫൈസൽ മൗലവി വിശദമായി വിവരിച്ചു. ഹിജ്റ മൂന്നാം നൂറ്റാണ്ടുവരെ അഥവാ നബി ﷺയുടെ കാലത്തോ സ്വഹാബികളുടെ കാലത്തോ താബിഉകളുടെ കാലത്തോ തബഉത്താബിഉകളുടെ കാലത്തോ നാല് മദ്ഹബിന്റെ ഇമാമുമാരുടെ കാലത്തോ നബിദിനം എന്ന രീതി ഇല്ല. ഹിജ്റ 300 ന് ശേഷം  ശിയാ-ഫാത്തിമിയാക്കളാണ് ലോകത്ത് ആദ്യമായി നബിദിനാഘോഷത്തിന് തുടക്കമിട്ടത്. പിന്നീടത് സൂഫികൾ ഏറ്റെടുത്തു. പിന്നീട് മുളഫര്‍ രാജാവ് തന്റെ ഭരണപരിഷ്കാരത്തിന്റെ ഭാഗമായി അത് നടപ്പാക്കി. പിന്നീട് വന്ന പണ്ഢിതൻമാരിൽ നബിദിനത്തെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും ഉണ്ട്.

നബിദിനാഘോഷത്തിന് ആരെങ്കിലും ഖുര്‍ആനിൽ തെളിവുണ്ടെന്ന് പറഞ്ഞാൽ, പ്രസ്തുത ആയത്ത് സ്വഹാബികളുൾപ്പടെയുള്ള സലഫുകൾക്ക് മനസ്സിലായിട്ടില്ല എന്നോ, മനസ്സിലായിട്ടുണ്ടെങ്കിൽതന്നെ അവരത് നടപ്പിലാക്കിയിട്ടില്ല എന്നോ പറയേണ്ടിവരും. نعوذ بالله.

നബിദിനാഘോഷം നടത്തുന്നവര്‍പോലും അത് നല്ല ബിദ്അത്താണെന്നാണ് പറയുന്നത്. എന്നാൽ നബി ﷺ ആയിരം പ്രാവശ്യമെങ്കിലും പറഞ്ഞ കാര്യമാണ് وكل بدعة ضلالة وكل ضلالة في النار (എല്ലാ ബിദ്അത്തും വഴികേടാണ്, എല്ലാ വഴികേടും നരകത്തിലാണ്) എന്ന്. സ്വഹാബിമാര്‍ പഠിപ്പിച്ചതോ كُلُّ بِدْعَةٍ ضَلَالَةٌ ، وَإِنْ رَآهَا النَّاسُ حَسَنَةً (എല്ലാ ബിദ്അത്തും വഴികേടാണ് ജനങ്ങൾ അതെത്ര നല്ലതായി കണ്ടാലും ശരി) എന്നാണ്. പിന്നെങ്ങനെ നബിദിനാഘോഷം നല്ല ബിദ്അത്തെന്ന് പറയാനാകും.

നബിദിനാഘോഷത്തിന്റെ പേരിൽ പാരായണം ചെയ്യുന്ന പദ്യങ്ങളിൽ കള്ളക്കഥകളും തെറ്റായ ആശയങ്ങളും ശിര്‍ക്കിന്റെ വരികളുമുണ്ട്. പ്രവാചക സ്നേഹത്തിന്റെ മാര്‍ഗം ഇതല്ലെന്നും ഫൈസൽ മൗലവി ഓര്‍മ്മിപ്പിച്ചു.

വിഷയാവതരണം (സമസ്ത)

സൂറ: യാസീനിലെ 36 ാം ആയത്തിലെ وَنَكْتُبُ مَا قَدَّمُوا۟ وَءَاثَٰرَهُمْ (അവര്‍ ചെയ്തു വെച്ചതും അവരുടെ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങളും നാം എഴുതിവെക്കുകയും ചെയ്യുന്നു) എന്ന ഭാഗം മുൻനിര്‍ത്തി, ആരെങ്കിലും നല്ല ബിദ്അത്ത് തുടങ്ങിയാൽ അതിന് കൂലിയുണ്ട് എന്ന് പറയാൻ ശ്രമിക്കുകയാണ് വിഷയാവതാരകന്‍ ചെയ്തത്.

ഇരുവിഭാഗത്തിന്റെയും വിഷയാവതരണം സസൂക്ഷ്മം വീക്ഷിച്ചാൽ ചിലത് മനസ്സിലാക്കാം. അതിനുമുമ്പ് ഓരോരുത്തരുടെയും വാദം എന്തായിരുന്നുവെന്ന് നോക്കുക. തങ്ങളുടെ വാദം ശരിയാണെന്നും എതിര്‍ വിഭാഗത്തിന്റെ വാദം തെറ്റാണെന്നും ആണല്ലോ ഉദ്ദേശിക്കുന്നത്. അല്ലെങ്കിൽ പിന്നെ സംവാദത്തിന് പ്രസക്തിയില്ലല്ലോ. തങ്ങളുടെ വാദം ശരിയാണെന്നും എതിര്‍ വിഭാഗത്തിന്റെ വാദം തെറ്റാണെന്നും പറഞ്ഞ് വിഷയം അവതരിപ്പിക്കുകയാണ് ഇരുകൂട്ടരും ചെയ്യേണ്ടിയിരുന്നത്.

നബിദിനാഘോഷം ബിദ്അത്താണെന്നാണ് മുജാഹിദ് വിഭാഗത്തിന്റെ വാദം. സലഫുകൾക്ക് ഇത് പരിചയമില്ലെന്ന് സമര്‍ത്ഥിക്കാൻ ഫൈസൽ മൗലവിക്ക് കഴിഞ്ഞു. സമസ്തയുടെ വാദം നബിദിനാഘോഷം ഇബാദത്താണെന്നാണല്ലോ. എന്നാൽ നബിദിനാഘോഷം ഇബാദത്താണെന്ന് ഖുര്‍ആനിൽ നിന്നോ സുന്നത്തിൽ നിന്നോ തെളിവ് ഉദ്ധരിക്കാൻ സമസ്തയുടെ വിഷയാവതാരകന് കഴിഞ്ഞില്ല. സൂറ: യാസീനിലെ 36 ാം ആയത്തിലെ وَنَكْتُبُ مَا قَدَّمُوا۟ وَءَاثَٰرَهُمْ (അവര്‍ ചെയ്തു വെച്ചതും അവരുടെ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങളും നാം എഴുതിവെക്കുകയും ചെയ്യുന്നു) എന്ന ഭാഗം മുൻനിര്‍ത്തി, ആരെങ്കിലും നല്ല ബിദ്അത്ത് തുടങ്ങിയാൽ അതിന് കൂലിയുണ്ട് എന്ന് പറയാൻ ശ്രമിക്കുകയാണ് ചെയ്തത്. നന്മയും തിന്മയുമായി ജീവിതകാലത്ത് അവർ ചെയ്യുന്ന പ്രവർത്തനങ്ങളും അവയുടെ അനന്തരഫലങ്ങളാണ് ആയത്തിലെ വിഷയം. അതൊരിക്കലും ഒരു ബിദ്അത്ത് നടപ്പിലാക്കാൻ തെളിവല്ല.

നബിദിനാഘോഷം നബിﷺയുടെ കാലത്തോ ആദ്യ മൂന്ന് നൂറ്റാണ്ടിലോ ഉള്ളതാണെന്ന് തെളിയിക്കാൻ സമസ്തയുടെ വിഷയാവതാരകന് സാധിച്ചില്ല.  നബിﷺയുടെ കാലത്ത് ഇല്ലാത്തതെല്ലാം തള്ളേണ്ടതല്ലെന്ന് സമര്‍ത്ഥിക്കാനാണ് വിഷയാവതാരകന്‍ ശ്രമിച്ചത്. നബിദിനാഘോഷം സുന്നത്താണെന്ന് പറയാൻ അദ്ധേഹം  ധൈര്യം കാണിച്ചില്ലെന്നത് ശ്രദ്ധേയമാണ്.

നബിദിനാഘോഷം ശിര്‍ക്കാണെന്നും നബി ﷺ യുടെ ജനനം റഹ്മത്തല്ലെന്നും മുജാഹിദുകൾ പറയുന്നതായി വിഷയാവതാരകന്‍ ആരോപിച്ചെങ്കിലും അത് തെളിയിക്കാനും അദ്ധേഹത്തിന് കഴിഞ്ഞില്ല.

അടുത്തത് ചോദ്യോത്തര സെക്ഷൻ ആയിരുന്നു. സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇരുവിഭാഗത്തിന്റെയും ചോദ്യവും മറുപടിയും സഹായകരമാണ്. ഇവിടെയും തങ്ങളുടെ വാദം ശരിയാണെന്നും എതിര്‍ വിഭാഗത്തിന്റെ വാദം തെറ്റാണെന്നും സമര്‍ത്ഥിക്കുന്ന തരത്തിലുള്ള ചോദ്യവും മറുപടിയുമാണ് ഇരുകൂട്ടരും ചെയ്യേണ്ടിയിരുന്നത്. എന്നാൽ സമസ്തക്ക് അതിന് കഴിഞ്ഞില്ല. അവരുടെ ചോദ്യങ്ങൾ ശ്രദ്ധിച്ചാൽതന്നെ അത് മനസ്സിലാകും. 10 ചോദ്യം ചോദിക്കാൻ അവസരം ഉണ്ടായിട്ടും അവിടെയെല്ലാം ചോദ്യം ചോദിക്കാൻ അവർക്ക് കഴിഞ്ഞില്ല. ചോദിച്ച ചോദ്യങ്ങൾ ആകട്ടെ, തങ്ങളുടെ വാദമാണ് ശരിയെന്ന് സമർപ്പിക്കാൻ കഴിയാത്തതും.

മുജാഹിദ് പക്ഷത്തോട് സമസ്തയുടെ ചോദ്യങ്ങൾ.

1. സൂറ:ആലുഇംറാനിലെ 104 ാമത്തെ ആയത്ത് وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى ٱلْخَيْرِ …. (നന്‍മയിലേക്ക് ക്ഷണിക്കുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ …)  മുൻനിർത്തിയാണ് കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിച്ചത്. ഇത് സ്വഹാബത്ത് പറഞ്ഞിട്ടുണ്ടോ? താബിഉകൾ പറഞ്ഞിട്ടുണ്ടോ?

സംഘടന ഉണ്ടാക്കാൻ പൊതുവായ തെളിവു മതിയെന്നും അതാണിതെന്നും ഫൈസൽ മൗലവി മറുപടി പറഞ്ഞു. സംഘടന ഇബാദത്ത് ആണെന്ന് ഞങ്ങൾ പറയുന്നില്ലെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

സമസ്ത എന്തിനാണ് ഈ ചോദ്യം ചോദിച്ചത്? മുജാഹിദുകാര്‍ക്ക് ഖുര്‍ആനിലെ ആയത്ത് സംഘടന രൂപീകരിക്കാൻ തെളിവാക്കാമെങ്കിൽ നബിദിനാഘോഷമെന്ന നല്ല ബിദ്അത്ത് നടപ്പിലാക്കാൻ ഞങ്ങൾക്കും കഴിയും. അപ്പോഴും ഒരു കാര്യം വ്യക്തം: നബിദിനാഘോഷം ഇബാദത്താണെന്നതിന് ഖുര്‍ആനിലോ സുന്നത്തിലോ തെളിവില്ല. പിന്നെന്താണ് വഴി? നബിദിനാഘോഷം നല്ല ബിദ്അത്താണെന്ന് വരുത്തുക. എന്നിട്ട് അത് നടപ്പിലാക്കാൻ ഖുര്‍ആനിൽ തെളിവുണ്ടെന്ന് വരുത്തിത്തീര്‍ക്കുക.

സൂറ:ആലുഇംറാനിലെ 104 ാമത്തെ ആയത്ത് കാണുക:

وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ ۚ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍. (ഖു൪ആന്‍:3/104)

പ്രബോധന രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സംഘം ഈ സമുദായത്തില്‍ അനുസ്യൂതം ഉണ്ടായിക്കൊണ്ടിരിക്കേണ്ടതുണ്ട് എന്നാണ് ഈ വചനത്തിലുടെ അല്ലാഹു ഉണര്‍ത്തുന്നത്. അത്തരത്തിലുള്ള ഒരു സംഘമാണ് കേരള ജംഇയ്യത്തുൽ ഉലമ. അത് സംഘടനയായി രജിസ്റ്റര്‍ ചെയ്തത് തികച്ചും ഭൗതികമായ കാര്യമാണ്. അതാകട്ടെ മതം വിലക്കാത്തതും. ഇതേ മാനദണ്ഢം വെച്ച് എങ്ങനെയാണ് ഒരു ബിദ്അത്ത് നടപ്പാക്കാൻ കഴിയുക. എങ്കിൽപിന്നെ ആര്‍ക്കും എന്തുബിദ്അത്തും ചെയ്യാവുന്നതല്ലേ?

ഇവിടെ രണ്ട് വാദങ്ങൾ തമ്മിലാണ് മാറ്റുരക്കുന്നത്. നബിദിനാഘോഷം ഇബാദത്താണെന്ന സമസ്തയുടെ വാദവും നബിദിനാഘോഷം ബിദ്അത്താണെന്ന മുജാഹിദ് വാദവും. സമസ്തക്ക് തങ്ങളുടെ വാദം ശരിയാണെന്ന് സമര്‍ത്ഥിക്കാൻ ചോദ്യങ്ങളിലൂടെ കഴിഞ്ഞില്ല. അവരുടെ എല്ലാ ചോദ്യങ്ങളും നബിദിനാഘോഷം നല്ല ബിദ്അത്താണെന്നും മുജാഹിദുകാര്‍ക്ക് സംഘടനയുണ്ടാക്കാമെങ്കിൽ ഞങ്ങൾക്ക് നല്ല ബിദ്അത്ത് നടപ്പിലാക്കാമെന്നുള്ള സമര്‍ത്ഥനം മാത്രമായിരുന്നു. സംഘടന പോലെയാണ് നബിദിനാഘോഷവും എന്ന് പറയാൻ സമസ്തക്കാർ ധൈര്യം കാണിക്കുമോ എന്ന ഫൈസൽ മൗലവി ചോദിച്ചതിന് ഉത്തരം ഉണ്ടായില്ല. മറ്റ് ചോദ്യങ്ങൾ കൂടി ശ്രദ്ധിക്കുക.

▪️നബി യുടെ ജന്മം ലോകത്തിന് അനുഗ്രഹമാണോ?

‘ആണ്’ എന്ന് ഫൈസൽ മൗലവി മറുപടി പറഞ്ഞു. എങ്കിൽ ഈ ബിദ്അത്ത് നടപ്പിലാക്കാമെന്ന് സമസ്ത.

▪️നബിദിനാഘോഷം ശിർക്കാണ് എന്ന നിങ്ങളുടെ വാദം ഖുർആൻ കൊണ്ട് തെളിയിക്കാമോ?

മുജാഹിദ് വിഭാഗത്തിന് ഇങ്ങനെയൊരു വാദമില്ലെന്ന് ഫൈസൽ മൗലവി മറുപടി പറഞ്ഞു.

▪️സൂറ:മുജാദല 12 ാമത്തെ ആയത്തിൽ സത്യവിശ്വാസികളോട്, നബിയുമായി രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ അതിന് മുമ്പായി ഏതെങ്കിലുമൊരു സ്വദഖ  അര്‍പ്പിക്കാൻ അല്ലാഹു കൽപ്പിച്ചിട്ടുണ്ട്. ഈ ആയത്ത് മുൻനിര്‍ത്തി ഒരാൾ അല്ലാഹുവിന് സ്വദഖ ചെയ്യാൻ തീരുമാനിക്കുന്നതിന്റെ വിധി എന്ത്?

അങ്ങനെ പറ്റുമെങ്കിൽ തങ്ങൾക്ക് നബിദിനാഘോഷമെന്ന നല്ല ബിദ്അത്തും സാധ്യമാകും. അതിനാണ് അവര്‍ ഈ ചോദ്യം ചോദിച്ചത്. ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ رحمه الله അല്ലാഹുവിന് വേണ്ടി സ്വദഖ കൊടുത്തിട്ടുണ്ട് എന്നത് ഉയര്‍ത്തിക്കാട്ടാനാണ് അവര്‍ ഈ ചോദ്യം ചോദിച്ചത്.  അതിനാൽ ഞങ്ങൾക്കും നബിദിനാഘോഷം പുതുതായി ഉണ്ടാക്കാമല്ലോ. യഥാര്‍ത്ഥത്തിൽ ഈ ആയത്തിൽ നിന്നും തെളിവ് പിടിക്കുകയാണ് ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ رحمه الله ചെയ്തിട്ടുള്ളത്. അല്ലാഹുവിനോടുള്ള രഹസ്യസംഭാഷണമായ നമസ്കാരത്തിനായി പള്ളിയിലേക്ക് വന്നിട്ട് അദ്ധേഹം സ്വദഖ ചെയ്തു. അത് ശരിയാകാം, തെറ്റാകാം. അതല്ലാതെ, നമസ്കാരത്തിനായി പള്ളിയിലേക്ക് വന്നയാൾ അതിന്റെ മുന്നോടിയായി സ്വദഖ ചെയ്യൽ പ്രത്യേകം സുന്നതാണെന്നോ ഇബാദത്താണെന്നോ അദ്ധേഹം പറഞ്ഞിട്ടില്ല. അങ്ങനെ അദ്ധേഹം പറഞ്ഞിരുന്നുവെങ്കിൽ സമസ്തക്കാരുടെ ന്യായം ശരിയായിരുന്നു.

▪️ഇമാം ബുഖാരി ഓരോ ഹദീസ് എഴുതുമ്പോഴും നബിﷺയുടെ റൗളയുടെ അടുത്തിരുന്ന് എഴുതുമായിരുന്നു. ഈ പതിവ് ബിദ്അത്താണോ?

ഇമാം ബുഖാരി رحمه الله ക്ക് അത് പറ്റുമെങ്കിൽ ഞങ്ങൾക്ക് നബിദിനാഘോഷമെന്ന നല്ല ബിദ്അത്തും സാധ്യമാകും. ഇതും മേൽ പറഞ്ഞതുപോലെ തന്നെ. റൗളയുടെ പ്രാധാന്യം മനസ്സിലാക്കിയ ഇമാം ബുഖാരി رحمه الله അവിടെയിരുന്ന് ഹദീസ് എഴുതിയതിന് എങ്ങനെ നബിദിനാഘോഷമെന്ന പുത്തൻ വാദത്തിന് തെളിവാകും.

ചുരുക്കത്തിൽ, നബിദിനാഘോഷം ഇബാദത്താണെന്നും അതിന്റെ തെളിവ് ഇന്നതാണെന്നും കാലങ്ങളായി സമസ്തക്കാര്‍ അവരുടെ പ്രസിദ്ധീകരണങ്ങളിൽ എഴുതിയതും അവരുടെ പണ്ഢിതൻമാര്‍ പ്രസംഗിച്ചതും ഇവിടെ ചോദ്യമായി വന്നില്ല. നബിദിനാഘോഷം ഇബാദത്താണെന്ന തങ്ങളുടെ വാദം തെളിയിക്കാനും നബിദിനാഘോഷം ബിദ്അത്താണെന്ന മുജാഹിദ് വാദം തകര്‍ക്കാനും അവര്‍ ശ്രമിച്ചതുപോലുമില്ല. എനിക്ക് ഉഹ്ദ് മലയോളം സ്വര്‍ണം ഉണ്ടായിരുന്നുവെങ്കില്‍ അതു മുഴുവനും ഞാന്‍ നബിദിനാഘോഷത്തിന് ഉപയോഗിക്കുമായിരുന്നുവെന്ന് ഹസൻ ബസ്വരി പറഞ്ഞുവെന്നും ആരെങ്കിലും നബിദിനാഘോഷത്തിന് ഒരു ദിര്‍ഹം ചിലവഴിച്ചാല്‍ സ്വര്‍ഗത്തില്‍ അവന്‍ എന്‍റെ കൂട്ടുകാരനാണെന്ന് അബൂബക്കർ സിദ്ദീഖ് പറഞ്ഞുവെന്നും സാധാരണ അവര്‍ പ്രചരിപ്പിക്കാറുള്ളതിനെ കുറിച്ചൊന്നും അവര്‍ ചോദ്യത്തിൽ ഉൾപ്പെടുത്തിയതേയില്ല. പ്രത്യുത, ഒരു നല്ല ബിദ്അത്ത് നിര്‍മ്മിക്കാൻ മതത്തിൽ അനുവാദമുണ്ടെന്ന് സമര്‍ത്ഥിക്കുക മാത്രമാണ് ചെയ്തത്.

സമസ്ത വിഭാഗത്തോട് മുജാഹിദ് പക്ഷത്തിന്റെ ചോദ്യങ്ങൾ.

1. “നബിദിനാഘോഷം എന്ന ഇബാദത്ത് ഇസ്‌ലാമിക പ്രമാണങ്ങൾ പഠിപ്പിക്കാത്തതും സ്വഹാബത്തോ താബിഉകളോ മാതൃക കാണിക്കാത്തതുമാണ്. മദ്ഹബിന്റെ ഇമാമുമാര്‍ക്ക് പോലും നബിദിനാഘോഷമെന്ന ഇബാദത്ത് പരിചയമില്ല” എന്ന ഞങ്ങളുടെ പ്രസ്താവനയിൽ നിങ്ങളുടെ നിലപാട് എന്ത്?

2.അബൂലഹബിന് നരകത്തിൽ ഇളവുണ്ടെന്ന് അബൂലഹബ് അല്ലാതെ മറ്റാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ് പറയുക?

3.നബിദിനാഘോഷത്തിന് സമസ്ത ഉദ്ധരിക്കാറുള്ള സൂറ:യൂനുസിലെ 58 ാമത്തെ ആയത്തിലെ ﻓَﻠْﻴَﻔْﺮَﺣُﻮا۟ (അതുകൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ) എന്ന കൽപ്പനവെച്ച് നബിദിനാഘോഷം നിർബന്ധമാണോ? നിർബന്ധമല്ലെങ്കിൽ ആ സാഹചര്യം വ്യക്തമാക്കുക?

4.നബിദിനം ലൈലത്തുൽ ഖദറിനേക്കാളും രണ്ട് പെരുന്നാളിനേക്കാളും ശ്രേഷ്ഠകരമാണെന്ന് നിങ്ങൾ പ്രചരിപ്പിക്കാറുണ്ട്. അതിന്റെ  പ്രമാണം എന്ത്?

5.നബിദിനാഘോഷം ഒരു ആഘോഷം എന്ന നിലയ്ക്ക് ശിർക്കാണെന്ന് മുജാഹിദ് പ്രസ്ഥാനം പറഞ്ഞുവെന്ന് തെളിയിക്കാമോ?

6.ഈസാ നബിയും റഹ്മത്ത് ആണ്. അപ്പോൾ ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ വിധി എന്ത്?

7. നല്ല ബിദ്അത്തും ചീത്ത ബിദ്അത്തും വേർതിരിയാനുള്ള മാനദണ്ഡം ഉലമാക്കളുടെ വാക്കുവെച്ച് പറയണം?

8. നല്ല ബിദ്അത്തും ചീത്ത ബിദ്അത്തും വേർതിരിച്ച പണ്ഢിതൻ?

9.ശറഇയായ ബിദ്അത്ത് നല്ലതും ചീത്തയും ഉണ്ടെന്ന് വേർതിരിച്ച ഒരു പണ്ഡിതന്റെ പേര് പറയാമോ?

10.ആദ്യ മൂന്ന് നൂറ്റാണ്ടിലെ ഉത്തമ തലമുറയിൽ പെട്ട ആരെങ്കിലും നബിദിനം ആഘോഷിക്കുകയോ ആഘോഷിക്കാൻ പ്രോത്സാഹിപ്പിക്കുകയോ ചെയ്തതിന് തെളിവുണ്ടോ?

മുജാഹിദുകളുടെ മുഴുവൻ ചോദ്യങ്ങളും മർമ്മത്തിൽ നിന്ന് തന്നെയായിരിന്നു.  ഓരോ ചോദ്യങ്ങളും തങ്ങളുടെ വാദങ്ങൾ ശരിയാണെന്നും സമസ്തയുടെ വാദം തെറ്റാണെന്നും സമര്‍ത്ഥിക്കുന്ന തരത്തിലുള്ളതായിരുന്നു. ഒരു ചോദ്യത്തിന് പോലും മറുപടി പറയാൻ അവര്‍ക്ക് സാധിച്ചില്ല.

നബിദിനാഘോഷം ഇബാദത്താണെന്ന തങ്ങളുടെ വാദം തെളിയിക്കാന്‍ സമസ്തക്കാര്‍ക്ക് കഴിഞ്ഞില്ല. അപ്പോൾ “നബിദിനാഘോഷം എന്ന ഇബാദത്ത് ഇസ്‌ലാമിക പ്രമാണങ്ങൾ പഠിപ്പിക്കാത്തതും സ്വഹാബത്തോ താബിഉകളോ തബഉത്താബിഉകളോ മാതൃക കാണിക്കാത്തതുമാണ്. മദ്ഹബിന്റെ ഇമാമുമാര്‍ക്ക് പോലും നബിദിനാഘോഷമെന്ന ഇബാദത്ത് പരിചയമില്ല”ഈ പ്രസ്താവന ശരിയാണെന്ന് പറഞ്ഞാൽ സമസ്തക്കാര്‍ കുടുങ്ങും. തെറ്റാണെന്ന് പറഞ്ഞാലും കുടുങ്ങും. ഓരോചോദ്യങ്ങളും ഇതേ പോലെ തന്നെയായരിരുന്നു.

ആദ്യ മൂന്ന് നൂറ്റാണ്ടിലെ ഉത്തമ തലമുറയിൽ പെട്ട ആരെങ്കിലും നബിദിനം ആഘോഷിക്കുകയോ ആഘോഷിക്കാൻ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്ന് പറയാനും തെളിവില്ലല്ലോ. ആരും ആഘോഷിച്ചിട്ടില്ലെന്ന് പറഞ്ഞാലോ തങ്ങളുടെ വാദം പൊളിയുകയും ചെയ്യും.

ഈസാ നബിയുടെ ജന്മദിനം ആഘോഷിക്കാമെന്ന് പറഞ്ഞാലും ആഘോഷിക്കാൻ പാടില്ലെന്ന് പറഞ്ഞാലും സമസ്തക്കാര്‍ കുടുങ്ങും. നബിദിനം ലൈലത്തുൽ ഖദറിനേക്കാളും രണ്ട് പെരുന്നാളിനേക്കാളും ശ്രേഷ്ഠകരമാണെന്ന് പറയാൻ ഇവിടെ ധൈര്യം കാണിച്ചില്ല.

ബിദ്അത്തിനെ രണ്ടാക്കാൻ ഉള്ള മാനദണ്ഡം എന്താണ് എന്ന ചോദ്യത്തിന് മാനദണ്ഡം പറയാതെ പ്രസംഗിക്കുകയാണ് ചെയ്തത്.

അവസാനത്തെ ചോദ്യത്തിന് മറുപടി പറയുമ്പോൾ നബി തനിക്ക് വേണ്ടി അഖീഖ അറുത്തത്  നബിദിനം ആഘോഷിക്കാൻ തെളിവാണെന്ന് പറഞ്ഞു. ഇനി മുജാഹിദിന് അവസരമുണ്ടാവില്ല എന്ന് മനസ്സിലാക്കിയാണ് സമസ്ത അവസാനം അഖീഖയുടെ ഹദീസ് “തെളിവ്” പറഞ്ഞത്. ചോദ്യോത്തരത്തിൽ ചോദിച്ചൽ അതിൻ്റെ വസ്തുത വ്യക്തമാവും എന്ന് അവര്‍ക്ക് ശരിക്കും അറിയാവുന്നതിനാലാവാം ഇത് ചെയ്തത്. അഖീഖ അറുത്ത നബി ഒരിക്കൽപോലും തന്റെ ജൻമദിനം ആഘോഷിക്കുകകയോ ആഘോഷിക്കാൻ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നത് ബുദ്ധിയുള്ളവര്‍ക്ക് മതിയായതാണ്.

അവസാനത്തെ അവലോകന പ്രസംഗത്തിൽ സമസ്തുടെ പണ്ഢിതൻ ചോദിച്ചത് നബിദിനം ആഘോഷിക്കാതിരിക്കാൻ തെളിവുണ്ടേൊയെന്നാണ്. നബിദിനം ആഘോഷിക്കാതിരിക്കാൻ തെളിവ് വെക്കുകയല്ല, പ്രത്യുത നബിദിനം ആഘോഷിക്കാൻ തെളിവ് വെക്കുകയാണ് അവര്‍ ചെയ്യേണ്ടിയിരുന്നത്. സമസ്തക്കാര്‍ ചോദിച്ചതുപോലെയാണെങ്കിൽ, ഒരാൾ സുബ്ഹിക്ക് ശേഷം ആയിരം സ്വലാത്ത് ചൊല്ലൽ  പുണ്യമാണെന്ന് പറഞ്ഞാൽ, അയാളോട് അതിനുള്ള തെളിവ് ചോദിച്ചപ്പോൾ സുബ്ഹിക്ക് ശേഷം ആയിരം സ്വലാത്ത് ചൊല്ലാൻ പാടില്ലെന്ന് ഹദീസിലുണ്ടോയെന്ന് ചോദിച്ചാൽ എന്തുചെയ്യും. ഇവിടെ യഥാര്‍ത്ഥത്തിൽ സ്വലാത്ത് ചൊല്ലാനുള്ള തെളിവാണ് കാണിക്കേണ്ടത്. ഇതേപോലെയാണ് നബിദിനത്തിന്റെ കാര്യവും.

ചുരുക്കത്തിൽ, സംവാദം മൊത്തത്തിൽ പരിശോധിച്ചാൽ ഇരുവിഭാഗവും യോജിക്കുന്ന ഒരു മേഖല എന്തെന്ന് വെച്ചാൽ: നബിﷺ യോ  സ്വഹാബികളോ , താബിഉകളോ, തബഉത്താബിഉകളോ, നാല് മദ്ഹബിന്റെ ഇമാമുമാരോ നബിദിനം ആഘോഷിക്കുകയോ ആഘോഷിക്കാൻ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല.

عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ خَيْرُ النَّاسِ قَرْنِي ثُمَّ الَّذِينَ يَلُونَهُمْ ثُمَّ الَّذِينَ يَلُونَهُمْ

അബ്ദില്ല رضى الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്റെ നൂറ്റാണ്ടാണ്‌. പിന്നീട് അതിനുശേഷം വന്നവര്‍, പിന്നീട് അവര്‍ക്ക് ശേഷം വന്നവര്‍. (ബുഖാരി:2533)

നബിദിനാഘോഷം നല്ല ബിദ്അത്താണെന്നും അത്തരം ഇബാദത്തുകൾ നടപ്പിലാക്കാൻ മതത്തിൽ തെളിവുണ്ടെന്നും വാദിക്കുക മാത്രമാണ് സംവാദത്തിലൂടനീളം സമസ്ത വിഭാഗം ചെയ്തിട്ടുള്ളത്. ഖുർആനിനും സുന്നത്തിനും അഥവാ ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമല്ലെങ്കിൽ നല്ല ബിദ്അത്ത് എന്ന നിലയിൽ ഇത്തരം ഇബാദത്തുകൾ നടപ്പിലാക്കാമെന്നതിന് മതത്തിൽ യാതൊരു തെളിവുമില്ല. ‘നല്ല ബിദ്അത്ത്’ എന്ന പണ്ഡിതന്മാരുടെ വാക്കിനെ തെറ്റിദ്ധരിപ്പിക്കുകയാണ് അവർ ചെയ്തിട്ടുള്ളത്. ഇവിടെ നല്ല ബിദ്അത്ത് എന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത് ഭൗതികമായ വിഷയങ്ങളെ മാത്രമാണ്, അല്ലാതെ ശരീഅത്തിലെ വിഷയങ്ങളെയല്ല. ശരീഅത്തിന് വിരുദ്ധമല്ലാത്തത് കൊണ്ടുവരാം എന്നാണ് വാദമെങ്കിൽ എന്തെല്ലാം കൊണ്ടുവരാം. അതിനാൽ മതവിഷയങ്ങളില്‍ അല്ലാഹുവും അവന്‍റെ റസൂൽ ﷺ യും പറഞ്ഞേടത്ത് നില്‍ക്കണം.

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ

ആയിശ رضى الله عنها യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിൽ ഇല്ലാത്തത്‌ പുതുതായി വല്ലവനും ഉണ്ടാക്കിയാൽ അത് തള്ളേണ്ടതാണ്‌. (ബുഖാരി:2697)

قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ ‏

നബി ﷺ പറഞ്ഞു: ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)

عن أبي نجيح العرباض بن سارية رضي الله عنه قال‏:‏ ‏”‏وعظنا رسول الله صلى الله عليه وسلم موعظة بليغة وجلت منها القلوب وذرفت منها العيون، فقلنا‏:‏ يا رسول الله كأنها موعظة مودع فأوصنا‏.‏ قال‏:‏ ‏”‏أوصيكم بتقوى الله ، والسمع والطاعة وإن تأمر عليكم عبد حبشي، وإنه من يعش منكم فسيرى اختلافاً كثيراً‏.‏ فعليكم بسنتي وسنة الخلفاء الراشدين المهديين، عضوا عليها بالنواجذ، وإياكم ومحدثات الأمور فإن كل بدعة ضلالة‏”

ഇർബാദ് ഇബ്‌നു സാരിയ رضي الله عنه പറയുന്നു: “നബിﷺ ഞങ്ങളെ ഉപദേശിച്ചു, സാരവത്തായ ഒരു ഉപദേശമായിരുന്നു അത്. കണ്ണുകൾ നിറയുകയും ഹൃദയങ്ങൾ പിടയ്ക്കുകയും ചെയ്തു. അതുകേട്ട ഒരാൾ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ഇത് ഒരു വിടവാങ്ങലിന്റെ ഉപദേശം പോലെ തോന്നുന്നു വല്ലോ, എന്താണ് അങ്ങേക്ക് ഞങ്ങളോട് പ്രത്യേകമായി പറയാനുള്ളത്?’ അപ്പോൾ നബിﷺ പറഞ്ഞു: ‘അല്ലാഹുവിന്റെ വിധിവിലക്കുകൾ സൂക്ഷിക്കണമെന്നും നേതൃത്വത്തെ കേൾക്കുകയും അനുസരിക്കുകയും ചെയ്യണമെന്നുമാണ്-അതൊരു എത്യോപ്യൻ അടിമയാണെങ്കിലും-ഞാൻ നിങ്ങളെ ഉപദേശിക്കുന്നത്. തീർച്ചയായും നിങ്ങളിൽനിന്ന് ആരെങ്കിലും (എന്റെ കാലശേഷം) ജീവിക്കുകയാണെങ്കിൽ ധാരാളം ഭിന്നതകൾ കാണുന്നതായിരിക്കും. അപ്പോൾ നിങ്ങൾ എന്റെ സുന്നത്തും സച്ചരിതരായ ഖുലഫാഉകളുടെ സുന്നത്തും പിൻപറ്റണം. അവയെ നിങ്ങൾ മുറുകെ പിടിക്കുകയും അണപ്പല്ലുകൾകൊണ്ട് കടിച്ചു പിടിക്കുകയും വേണം. (മതത്തിൽ) പുതിയതായി നിർമിക്കപ്പെട്ട പുത്തനാചാരങ്ങളെ നിങ്ങൾ സൂക്ഷി ക്കുകയും ചെയ്യുക. നിശ്ചയം! എല്ലാ പുത്തനാചാരങ്ങളും ബിദ്അത്താകുന്നു. എല്ലാ ബിദ്അത്തുകളും വഴികേടുമാണ്’’ (അബൂദാവൂദ്, തിർമുദി, ഇബ്‌നുമാജ. തിർമുദി പറഞ്ഞു: ഈ ഹദീസ് ഹസനും സ്വഹീഹുമാണ്).

അതിനാൽ സലഫുകൾ (മുൻഗാമികൾ) നിന്നിടത്ത് നിൽക്കലാണ് സത്യവിശ്വാസികൾക്ക് നല്ലത്. പിൽകാലക്കാരെക്കാൾ എന്തുകൊണ്ടും യോഗ്യർ മുൻകാലക്കാർ തന്നെയാണ്, പ്രത്യേകിച്ച് നബി ﷺ ഉത്തമ തലമുറയെന്നു വിശേഷിപ്പിച്ച ആദ്യ മൂന്ന് നൂറ്റാണ്ടുകാർ. നബി ﷺ ചെയ്തത് ചെയ്യൽ സുന്നത്താണെന്നതുപോലെ, നബി ﷺ ചെയ്യാത്തത് ചെയ്യാതെ ഉപേക്ഷിക്കലും സുന്നത്താണ്.

വിഷയം പഠിക്കാൻ താൽപര്യമുള്ള നിഷ്പക്ഷര്‍ക്ക് സത്യം മനസ്സിലാക്കാൻ ഈ സംവാദം ധാരാളം. പ്രോഗ്രാം മുഴുവൻ വീക്ഷിക്കാൻ ഈ ലിങ്ക് ഉപയോഗിക്കുക.

 

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *