പ്രബോധന വിജയത്തിന്‌ പൊതു താല്‍പര്യമേഖലയോ?

കെ.ഉമര്‍ മൗലവി رحمه الله യുടെ ‘ഓര്‍മകളുടെ തീരത്ത്‌’ എന്ന ഗ്രന്ഥത്തിൽ നിന്നും

“പ്രബോധന വിജയത്തിന്‌ പൊതു താല്‍പര്യമേഖല കണ്ടെത്തുക”. ഈ തലവാചകത്തില്‍ 99 ന്റെ അവസാനത്തില്‍ ഐ.എസ്‌.എം. മുഖപത്രമായ ശബാബില്‍ ഒരു പത്രാധിപക്കുറിപ്പ്‌ വന്നു. ഈ തലവാചകം വായിച്ചപ്പോള്‍ തന്നെ ഞാന്‍ ഞെട്ടി. സിയോണിസത്തിന്‌ വളവും നീരും നല്‍കി സംരക്ഷിക്കുന്ന അമേരിക്കയില്‍ നിന്നും ഇവ്വിഷയകമായി ഏതോ മുസ്ലിം സംഘടനയുടെ ബാനറില്‍ ഒരു പുസ്തകം രചിക്കപ്പെട്ടിട്ടുണ്ടെന്ന്‌ ഒരു സുഹൃത്ത്‌ എന്നോട് പറഞ്ഞിരുന്നത്‌ ഓര്‍മ്മവന്നു. മുസ്ലിംകള്‍ പ്രബോധന വിഷയത്തില്‍ ഖുര്‍ആനിന്റേയും നബിചര്യയുടെയും ശൈലിയാണ്‌ പിന്‍പറ്റേണ്ടത്‌ എന്ന കാര്യം എല്ലാവരും സമ്മതിക്കുമെങ്കിലും അതില്‍ നിഷ്കര്‍ഷ പുലര്‍ത്തുന്ന സംഘം സലഫികള്‍ മാത്ര മാണ്‌.

ഖുര്‍ആന്‍ പറയുന്നു:

ﻭَﻣَﺎٓ ﺃَﺭْﺳَﻠْﻨَﺎ ﻣِﻦ ﻗَﺒْﻠِﻚَ ﻣِﻦ ﺭَّﺳُﻮﻝٍ ﺇِﻻَّ ﻧُﻮﺣِﻰٓ ﺇِﻟَﻴْﻪِ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧَﺎ۠ ﻓَﭑﻋْﺒُﺪُﻭﻥِ

നിനക്ക്‌ മുമ്പ്‌ വന്ന മുഴുവന്‍ ദൈവദുതന്മാര്‍ക്കും നാം ഒരു സന്ദേശം നല്‍കാതിരുന്നിട്ടില്ല, എന്തെന്നാല്‍, നിശ്ചയമായും ഞാനല്ലാതെ യാതൊരാരാധ്യനുമില്ലെന്നും അതിനാല്‍ എനിക്ക്‌ മാത്രം ആരാധന അര്‍പ്പിക്കണമെന്നും ഉള്ള കല്പനയത്രെ അത്‌. (ഖു൪ആന്‍:21/25)

മുഹമ്മദ്‌ നബി ﷺ  ഇപ്രകാരം അറിയിച്ചു: ഞാനും എനിക്ക്‌ മുമ്പ്‌ കഴിഞ്ഞു പോയ മുഴുവന്‍ പ്രവാചകന്മാരും നടത്തിയ പ്രബോധനങ്ങളില്‍ ഏറ്റവും മുഖ്യമായത്‌ അല്ലാഹു അല്ലാതെ മറ്റൊരാധ്യനുമില്ല എന്ന സന്ദേശമാകുന്നു.

സലഫികളുടെ പ്രബോധന മാര്‍ഗത്തിന്റെ മുഖ്യസ്രോതസ്സ്‌ ഇതില്‍ നിന്നാണ്‌. നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം മുസ്ലിം ഭരണാധികാരികളുടെ രാഷ്ട്രീയ ദുര്‍മോഹവും പണ്ഡിതന്മാരുടെ ഭൗതികേച്ഛകളും നിമിത്തം ഈ പ്രബോധനരീതിക്ക്‌ ക്ഷതമേല്‍ക്കുകയും ബഹുദൈവാരാധനയുടെ ധാരാളം അംശങ്ങള്‍ സമുദായത്തെ പൊതിയുകയും ചെയ്തപ്പോള്‍, അതനുസരിച്ച്‌ ഒട്ടേറെ സാമൂഹിക അനാചാരങ്ങളും വ്യത്യസ്ത രൂപത്തില്‍ മുസ്‌ലിംകളുടെ ജീവിതശൈലിയായിത്തീര്‍ന്നു. ഖുര്‍ആനും ഹദീസും അവഗണിക്കപ്പെട്ടു. സമുദായം അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാര്‍മേഘ പടലങ്ങളാല്‍ മൂടപ്പെട്ടു.

അതിഗുരുതരമായ ഈ പ്രതിസന്ധിയിലാണ്‌ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ കാഹളം മുഴക്കിക്കൊണ്ട്‌ മഹാചിന്തകനും പണ്ഡിതനുമായ മുഹമ്മദ്ബ്നു അബ്ദുല്‍ വഹാബ് രംഗപ്രവേശം ചെയ്തത്‌. ശിര്‍ക്ക്‌ ബിദ്‌അത്തുകള്‍ക്കെതിരില്‍ അദ്ദേഹം നടത്തിയ ത്യാഗസുരഭിലമായ ഉജ്ജ്വല പോരാട്ടമാണ്‌ തൗഹീദ്‌ പ്രചാരണരംഗത്ത്‌ പുത്തനുണര്‍വ്വ്‌ ഉണ്ടാക്കിയത്‌. അദ്ദേഹത്തിന്റെ ശബ്ദം മുസ്‌ലിം ലോകത്ത്‌ ശക്തിയായി അടിച്ചുവീശി. യാഥാസ്ഥിതിക പണ്ഡിത കോമരങ്ങളും മുസ്‌ലിം ഭരണാധികാരികളും ഒന്നിച്ച്‌ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. പക്ഷെ, ആ തിരിനാളം അണഞ്ഞില്ല. വളര്‍ന്നുയര്‍ന്നുവരുന്ന തൗഹീദിന്റെ മധുരനാദം വിദൂരഭാവിയില്‍ തങ്ങളുടെ ലോകാധിപത്യത്തിന്‌ കനത്ത ഭീഷണിയാകുമെന്ന്‌ ബ്രിട്ടീഷ്‌ ഭരണകൂടവും അവരുടെ ശിങ്കിടികളും മണത്തറിഞ്ഞു. അന്ധവിശ്വാസത്തിന്‌ അടിപ്പെടുകയും അനാചാരങ്ങളെ പുണരുകയും ചെയ്യുന്ന വിവരദോഷികളായ സമൂഹത്തെ ആര്‍ക്കും തങ്ങളുടെ സ്വാര്‍ത്ഥലാഭത്തിനായി തിരിച്ചും മറിച്ചും ഉപയോഗിക്കാന്‍ ഒരു കാലത്തും ബുദ്ധിമുട്ട്‌ ഉണ്ടായിട്ടില്ല. എന്നാല്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരും അവനോട്‌ മാത്രം പ്രാര്‍ത്ഥിക്കുന്നവരും അല്ലാഹുവിനെ മാത്രം രക്ഷകനായി സ്വീകരിക്കുന്നവരുമായ ഒരു ജനതയെ പിടിച്ചുകെട്ടാന്‍ ഒരു ഭൗതികശക്തിക്കും കഴിയില്ല. അവര്‍ എത്ര ചെറിയ സംഘമായാലും ശരി. ലോകചരിത്രം ഈ യാഥാര്‍ത്ഥ്യം തെളിയിക്കുന്നുണ്ട്‌. ചരിത്രമറിയാവുന്ന ബ്രിട്ടീഷ്‌ ഭരണാധിപന്മാരും ഈ യാഥാര്‍ത്ഥ്യം കണ്ടറിഞ്ഞു. അവര്‍ തൗഹിദ്‌ പ്രസ്ഥാനത്തിനെതിരില്‍ ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ബിട്ടീഷുകാരന്‍ നല്‍കിയ ആക്ഷേപനാമമാണ്‌ വഹാബി മൂവ്മെന്റ്‌. വഹാബി മുവ്മെന്റിനെ അവര്‍ എന്നും ഭയപ്പെട്ടു. യഥാര്‍ത്ഥ ഇസ്‌ലാമിക മുന്നേറ്റം അതിലൂടെയാണെന്ന്‌ അവര്‍ മനസ്സിലാക്കി. എല്ലാ റുഷ്ദിമാര്‍ക്കും തസ്ലീമമാര്‍ക്കും ഖാദിയാനിസത്തിനും അഭയക്രേന്ദമായി ലണ്ടനും പാശ്ചാത്യ നഗരങ്ങളും ഇന്നും നിലകൊള്ളുന്നു. ഈ തണലില്‍ ഇസ്ലാമിക ദ്രോഹ പ്രവര്‍ത്തനങ്ങള്‍ കാലാകാലങ്ങളില്‍ ആവിഷ്കരിച്ച ജൂതായിസം അത്‌ എവിടെയും അവസാനിപ്പിച്ചില്ല. അവസാനിപ്പിക്കുകയുമില്ല. നാം അറിയാതെ നമ്മുടെ മനസ്സുകളെ സ്വാധീനിക്കുന്ന സാമ്പത്തികവും ആശയപരവുമായ ഒട്ടേറെ മേഖലകള്‍ ഇതിനുണ്ട്‌. ഓറിയന്റലിസ്റ്റുകള്‍ എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച പണ്ഡിതന്മാര്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിര്‍ലോഭം പണമെറിയുന്ന സന്നദ്ധ സംഘങ്ങള്‍, വിദ്യാഭ്യാസ പുരോഗതിക്ക്‌ വമ്പിച്ച സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്ന നൂതന ക്രേന്ദങ്ങള്‍, ശാസ്ത്ര ഗവേഷണങ്ങള്‍ക്ക്‌ പിന്തുണയും സഹായവുമേകുന്ന പ്രസ്ഥാനങ്ങള്‍, എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന അവാര്‍ഡ്‌ നീക്കങ്ങള്‍ എന്നിങ്ങനെ സാമൂഹിക ജീവിതത്തിന്റെ സകലമാന മേഖലകളിലേക്കും വൃത്യസ്ത രൂപഭാവങ്ങളോടെ സിയോണിസം കടന്നുവരുന്നുണ്ട്‌. ഭൂതക്കണ്ണാടിയിലൂടെ നോക്കിയാലും കാണാത്ത ദുരൂഹമായ അണുബാധകള്‍! ഇതില്‍ നിന്നെല്ലാം മോചനം നേടാന്‍ ഏറെ പ്രയാസമാണ്‌. ഒരേയൊരു മാര്‍ഗമേയുള്ളൂ. അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക. മുഹമ്മദ്‌ നബി ﷺയുടെ ചര്യയെ ആദ്യന്തം കണിശമായി പിന്തുടരുക. ഏതു പ്രതിസന്ധിയിലും എത്ര ദുരൂഹമായ സ്വാധീന മേഖലകളില്‍ നിന്നും അത്‌ നമ്മെ രക്ഷിക്കും.

അത്യാധുനിക ലോകത്ത്‌ സിയോണിസത്തിന്റെ ഏറ്റവും മികച്ചതും ആസൂത്രിതവുമായ ആശയ ശൈലിയാണ്‌ നാം മുകളില്‍ കണ്ടത്‌. ലോകത്തുള്ള മുഴുവന്‍ സലഫി മുവ്മെന്റിനേയും ക്ഷയിപ്പിക്കാനും ഭിന്നിപ്പിച്ചു തകര്‍ക്കാനും ശത്രുക്കൾ ഏറെ തലപുകഞ്ഞ്‌ ആലോചിച്ച്‌ രൂപപ്പെടുത്തിയ ഒരു ചിന്താധാരയാണ്‌ “പ്രബോധന വിജയത്തിന്‌ പൊതു താല്‍പര്യമേഖല” കണ്ടെത്തുകയെന്ന ആശയം. ഇത്‌ നഗ്നമായ ആദര്‍ശ വ്യതിയാനമാണെന്ന്‌ കണ്ടെത്താന്‍ ഒരു പ്രയാസവുമില്ല. നബിചര്യ എന്ന മഹത്വപൂര്‍ണ്ണമായ ഉരക്കല്ലില്‍ ഉരച്ചുനോക്കണമെന്ന്‌ മാത്രം. പക്ഷെ, ഭൗതികമായ നേട്ടങ്ങളും കാഴ്ചപ്പാടുകളും മനസ്സില്‍ താളം പിടിക്കുന്നവരിലേക്ക്‌ ചിലപ്പോള്‍ ഈ ഉരക്കല്ലിന്റെ അനിവാര്യത എത്തിനോക്കുകയില്ലു. പിശാച്‌ അദൃശ്യലോകത്തിരുന്ന്‌ മനുഷ്യന്റെ പാതയില്‍ മുള്ളു വിതറിക്കൊണ്ടിരിക്കുമെന്ന ബോധവും അതിലുള്ള സൂക്ഷ്മതയും ഇല്ലാതായാല്‍ പിശാചിന്റെ പടയാളികള്‍ക്ക്‌ കാര്യം എളുപ്പമാകും.

നാട്ടുപ്രമാണിമാരുടെ അനുഭാവം, ജനപ്രിയം ഇതൊക്കെ ആരും മോഹിച്ച്‌ പോകുന്ന കാര്യം തന്നെ. മാനുഷികമായ ദൌര്‍ബല്യം. പ്രവാചകൻമാര്‍ പോലും ഇതില്‍ നിന്നും ചിലപ്പോള്‍ പൂര്‍ണമായി മോചിതരാകുന്നില്ലെങ്കിലും മനുഷ്യര്‍ക്ക്‌ മാതൃകാപുരുഷന്മാരായി നിയോഗിതരായ ദൈവദൂതന്മാരെ ദൈവം തന്നെ നേരിട്ടു കാത്തുകൊള്ളും. അപ്പപ്പോള്‍ പാളിച്ചകളെ കര്‍ശനമായി തിരുത്തി അല്ലാഹു അവരെ മുന്നോട്ട നയിക്കും. പ്രവാചക ചരിത്രങ്ങളില്‍ ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക്‌ കാണാം. അന്തിമ പ്രവാചകനും ലോകജനതയ്ക്ക്‌ മാതൃകയുമായി അല്ലാഹു നിയോഗിച്ച മുഹമ്മദ്‌ നബി ﷺ യുടെ പ്രബോധന ജീവിതത്തില്‍ പോലും ഇത്തരം സംഭവങ്ങള്‍ തെളിഞ്ഞുകിടക്കുന്നു. നാട്ടിലെ പൗരമുഖ്യൻമാരെ തന്റെ പ്രബോധന സംരംഭങ്ങളോട്‌ അനുനയിപ്പിക്കാന്‍ പ്രവാചകന്‍ ഒരിക്കല്‍ ഒരു ശ്രമം നടത്തി. തന്ത്രപ്രധാനമായ ആ സംഭാഷണ സദസ്സിലേക്ക്‌ ദരിദ്രനായ ഒരു അന്ധന്‍ കയറിവന്നു. പഠിക്കാന്‍ വന്ന ആ വിദ്യാര്‍ത്ഥിയോട്‌ പ്രവാചകന് ലേശം നീരസം തോന്നി. നബി ﷺ മുഖം ചുളിച്ചു. അദ്ദേഹത്തിന്റെ വരവും ആവശ്യമുന്നയിക്കലും അനവസരത്തിലാണെന്ന്‌ നബി ﷺക്ക്‌ തോന്നി. തികച്ചും സ്വാഭാവികമായ ഒരു മാനുഷികവികാരം മാത്രമാണ്‌ നബി ﷺ യില്‍ നിന്നും അപ്പോഴുണ്ടായത്‌.

എന്നാല്‍ അല്ലാഹുവിന്റെ അതിശക്തമായ ശാസനക്ക്‌ പ്രവാചകന്‍ വിധേയനായി. രഹസ്യമായിട്ടല്ല. പരസ്യമായിത്തന്നെ. ലോകാവസാനം വരെ നിലനില്‍ക്കുകയും പാരായണം ചെയ്യപ്പെടുകയും വിശ്വാസികള്‍ പാരായണത്തിലൂടെ പുണ്യം സമ്പാദിക്കുകയും ചെയ്യുന്ന ഖുര്‍ആനിന്റെ വചനങ്ങളായിക്കൊണ്ടാണ്‌ ആ ശാസന അവതരിപ്പിക്കപ്പെട്ടത്‌. “അബസ എന്ന ഖുര്‍ആനിലെ 80 ാം അദ്ധ്യായം ശ്രദ്ധിക്കുക:

عَبَسَ وَتَوَلَّىٰٓ ‎﴿١﴾‏ أَن جَآءَهُ ٱلْأَعْمَىٰ ‎﴿٢﴾‏ وَمَا يُدْرِيكَ لَعَلَّهُۥ يَزَّكَّىٰٓ ‎﴿٣﴾‏ أَوْ يَذَّكَّرُ فَتَنفَعَهُ ٱلذِّكْرَىٰٓ ‎﴿٤﴾‏ أَمَّا مَنِ ٱسْتَغْنَىٰ ‎﴿٥﴾‏ فَأَنتَ لَهُۥ تَصَدَّىٰ ‎﴿٦﴾‏ وَمَا عَلَيْكَ أَلَّا يَزَّكَّىٰ ‎﴿٧﴾‏ وَأَمَّا مَن جَآءَكَ يَسْعَىٰ ‎﴿٨﴾‏ وَهُوَ يَخْشَىٰ ‎﴿٩﴾‏ فَأَنتَ عَنْهُ تَلَهَّىٰ ‎﴿١٠﴾‏

അദ്ദേഹത്തിന്റെ (നബി ﷺയുടെ) അടുക്കല്‍ ആ അന്ധന്‍ വന്നതിനാല്‍ അദ്ദേഹം മുഖം ചുളിച്ച്‌ തിരിഞ്ഞുകളഞ്ഞു. (പ്രവാചകരേ) നിനക്ക്‌ എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ? അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും ആ ഉപദേശം അയാള്‍ക്ക്‌ പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ. എന്നാല്‍ സ്വയംപര്യാപ്തത നടിച്ചവനാകട്ടെ, നീ അവന്റെ നേരെ ശ്രദ്ധതിരിക്കുന്നു. അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ്‌ ദോഷം? എന്നാല്‍ (അല്ലാഹുവിനെ) ഭയപ്പെട്ടുകൊണ്ട്‌ നിന്റെയടുക്കല്‍ ഓടിവന്നവനാകട്ടെ, അവന്റെ കാര്യത്തില്‍ നീ അശ്രദ്ധ കാണിക്കുന്നു. (അബസ 1-10)

മുഹമ്മദ്‌ നബി ﷺ: ദൈവദുതനാണെന്നും ഖുര്‍ആന്‍ ദിവ്യബോധനമാണെന്നും ബോധ്യമാകാന്‍ സഹായിക്കുന്ന ശക്തമായ വചനങ്ങളാണിത്‌. ഒരു സത്യപ്രവാചകന്‌ മാത്രമേ തന്നെത്തന്നെ കഠിനമായി ശാസിക്കുന്ന ഈ വചനങ്ങള്‍ അപ്പടി ജനങ്ങള്‍ക്ക്‌ ഓതിക്കൊടുക്കുവാന്‍ കഴിയു. ജുതായിസം തന്ത്രപൂര്‍വ്വം നമുക്കിടയിലേക്ക്‌ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്ന പൊതുതാല്‍പര്യ മേഖലക്കുള്ള ഖുര്‍ആനിന്റെ ശക്തമായ മുന്നറിയിപ്പാണിത്‌. ഖുര്‍ആന്‍ ദിവ്യബോധനം തന്നെയെന്ന പരമമായ സത്യം ഇവിടെ ബോധ്യപ്പെടുന്നു. സ്വയംപര്യാപ്തത നടിച്ചവന്‍ എന്ന പ്രയോഗം ശ്രദ്ധിക്കുക. നാട്ടുമുഖ്യര്‍ എന്ന്‌ അവകാശപ്പെടുന്നവരെ കുറിച്ചാണീ പ്രയോഗം. ജനങ്ങളാല്‍ ആദരിക്കപ്പെടുന്ന ഇത്തരം പ്രമാണിമാരെ പ്രീതിപ്പെടുത്തിയും സ്വാധീനിച്ചും ജനങ്ങളുടെ ഇഷ്ടം സമ്പാദിച്ച്‌ അവര്‍ക്കിടയിലേക്ക്‌ ഇറങ്ങിച്ചെല്ലാനുള്ള എളുപ്പവഴി പൊതുതാല്‍പര്യ മേഖലയുടെ ഒന്നാമത്തെ പാലംകെട്ടലാണ്‌. ഈ പാലത്തിന്റെ ഒന്നാമത്തെ തൂണ്‍ തന്നെ ഖുര്‍ആന്‍ തകര്‍ത്തുകളയുന്നു!

പ്രവാചകന്മാരുടെ പ്രബോധന ശൈലിയില്‍ നിന്നും പ്രബോധകരെ തന്ത്രപൂര്‍വ്വം അകറ്റുകയും അതിലൂടെ ഇസ്ലാമിന്റെ മുലപ്രമാണമായ തൌഹീദ്‌ പ്രബോധന പ്രവര്‍ത്തനങ്ങളിലെ അടിത്തറ ആകാതിരിക്കുകയും ചെയ്യുന്ന ഈ നൂതന ആശയം ശക്തി പ്രാപിക്കുമ്പോള്‍ ഇസ്‌ലാമിന്റെ ആദര്‍ശപരമായ വൃതിരിക്തത ക്രമേണ അപ്രത്യക്ഷമാകുകയും മുസ്‌ലിംകള്‍ കേവലം കാനേഷുമാരിക്കൂട്ടമായി ഭവിക്കുകയുമാണുണ്ടാകുക. ജൂതായിസത്തിന്റെ പാരമ്പര്യ ശത്രുത ഇവിടെ വിജയക്കൊടി പാറിക്കുകയും ചെയ്യും. അപ്പോള്‍ തൌഹീദിനെ പ്രബോധനത്തിന്റെ മുഖ്യശിലയായി ഉയര്‍ത്തിക്കാട്ടുന്ന സലഫീ പ്രസ്ഥാനങ്ങളെ ക്ഷതമേല്‍പ്പിക്കുക തന്നെവേണം. മറ്റു വിഭാഗങ്ങളെ കാര്യമായി ശ്രദ്ധിക്കേണ്ടതില്ല, അവര്‍ വളരെ മുമ്പ്‌ തന്നെ താഹീദ്‌ കൈയൊഴിച്ചവരാണ്‌, ഇതാണ്‌ പിശാചിന്റെ തന്ത്രം.

ഈ തന്ത്രം മണത്തറിഞ്ഞ സുഊദി അറേബ്യയിലെ പ്രസിദ്ധ സലഫി പണ്ഡിതനായ ശൈഖ്‌ റബീഅബ്നു ഹാദീ അല്‍ മദ്ഖലി രചിച്ച ഒരു ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനം “പ്രവാചകന്മാരുടെ പ്രബോധനം” എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. അതില്‍ ഇസ്‌ലാമിന്റെ പേരിലുള്ള ചില പ്രബോധക സംഘങ്ങളുടെ വ്യതിയാനങ്ങളെ ന്യായമായ നിലയില്‍ വിമര്‍ശിക്കുന്നുണ്ട്‌. പൊതുതാല്‍പര്യമേഖല കണ്ടെത്തി പ്രബോധനം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍, അല്ലാഹു പ്രവാചകനെ താക്കീത്‌ ചെയ്ത ഖുര്‍ആനിലെ വചനങ്ങള്‍ ശ്രദ്ധിക്കട്ടെ.

وَإِن كَادُوا۟ لَيَفْتِنُونَكَ عَنِ ٱلَّذِىٓ أَوْحَيْنَآ إِلَيْكَ لِتَفْتَرِىَ عَلَيْنَا غَيْرَهُۥ ۖ وَإِذًا لَّٱتَّخَذُوكَ خَلِيلًا ‎﴿٧٣﴾‏ وَلَوْلَآ أَن ثَبَّتْنَٰكَ لَقَدْ كِدتَّ تَرْكَنُ إِلَيْهِمْ شَيْـًٔا قَلِيلًا ‎﴿٧٤﴾‏ إِذًا لَّأَذَقْنَٰكَ ضِعْفَ ٱلْحَيَوٰةِ وَضِعْفَ ٱلْمَمَاتِ ثُمَّ لَا تَجِدُ لَكَ عَلَيْنَا نَصِيرًا ‎﴿٧٥﴾‏

നിശ്ചയമായും നിനക്ക്‌ ബോധനം നല്‍കിയിട്ടുള്ളതില്‍ നിന്നും നിന്നെ തെറ്റിച്ചുകളയാന്‍ അവര്‍ ഒരുങ്ങിയിരിക്കുന്നു, നീ നമ്മുടെ മേല്‍ അതല്ലാത്ത വല്ലതും കെട്ടിച്ചമക്കുവാന്‍ വേണ്ടി. അപ്പോള്‍ അവര്‍ നിന്നെ മിത്രമായി സ്വീകരിക്കുക തന്നെ ചെയ്യും. നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍ നിശ്ചയം നീ അവരിലേക്ക്‌ കുറച്ചൊക്കെ ചാഞ്ഞുപോകുമായിരുന്നു. എങ്കില്‍ ജീവിതത്തിലും ഇരട്ടി ശിക്ഷ, മരണത്തിലും ഇരട്ടി ശിക്ഷ. അതായിരിക്കും നാം നിന്നെ ആസ്വദിപ്പിക്കുക. പിന്നീട്‌ നമുക്കെതിരില്‍ നിനക്ക്‌ സഹായം നല്‍കാന്‍ യാതൊരുത്തനെയും നീ കണ്ടത്തുകയില്ല. (ഇസ്റാഅ്‌ 73-75)

ശബാബിലെ മേല്‍പറഞ്ഞ മുഖപ്രസംഗത്തിനെതിരില്‍ സല്‍സബില്‍ മാസികയുടെ അടുത്തലക്കത്തില്‍ തന്നെ (99 നവംബര്‍) ഞാന്‍ ശക്തമായി പ്രതികരിച്ചു. അതിന്‌ എന്നെ പ്രേരിപ്പിച്ചത്‌ താഴെ പറയുന്ന പ്രസിദ്ധമായ
ഹദീസാണ്‌. നബി ﷺ പറഞ്ഞു:

عَنْ تَمِيمٍ الدَّارِيِّ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏”‏ الدِّينُ النَّصِيحَةُ ‏”‏ قُلْنَا لِمَنْ قَالَ ‏”‏ لِلَّهِ وَلِكِتَابِهِ وَلِرَسُولِهِ وَلأَئِمَّةِ الْمُسْلِمِينَ وَعَامَّتِهِمْ ‏”‏ ‏.‏

“ദീന്‍ എന്നാല്‍ കൂറുപാലിക്കലാകുന്നു. ആരോടാണ്‌ പ്രവാചകരേ, കുറുപാലിക്കേണ്ടത്‌? എന്ന്‌ ചോദിക്കപ്പെട്ടു. അപ്പോള്‍ മറുപടി: അല്ലാഹുവിനോടും അവന്റെ ഗ്രന്ഥത്തോടും അവന്റെ പ്രവാചകനോടും മുസ്‌ലിം ഭരണനായകന്മാരോടും മുസ്‌ലിം ബഹുജനങ്ങളോടും (കൂറു പാലിക്കുക)”. (മുസ്‌ലിം:55)

ദൂരവ്യാപകമായ ദുഷ്ഫലങ്ങളുടെ ഒരു വെള്ളച്ചാട്ടം തന്നെ ഈ മുഖപ്രസംഗത്തിന്റെ അനന്തരഫലമായി ഭവിക്കുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു. ഞാന്‍ ഉടനെ “ഏറ്റവും പ്രധാനം” എന്ന തലവാചകത്തില്‍ ഒരു ചെറിയ ലേഖനമെഴുതി ശബാബിലേക്ക്‌ അയച്ചു. ആഴ്ചകള്‍ കാത്തിരുന്നു. അത്‌ പ്രസിദ്ധപ്പെടുത്താന്‍ അവര്‍ തൃപ്തി കാണിക്കുന്നില്ലെന്ന്‌ തോന്നിയപ്പോള്‍ അടുത്തലക്കം സല്‍സബീലില്‍ അത്‌ ചേര്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ആ കാര്യം എങ്ങനെയോ അവര്‍ മണത്തറിഞ്ഞു. അപ്പോള്‍ അവര്‍ അത്‌ പ്രസിദ്ധപ്പെടുത്തി. ഇവിടെ സദുദ്ദേശ്യം മാത്രമാണുള്ളത്‌. തെറ്റുകളിലേക്ക്‌ ആരും വഴുതി വീഴാം. അത്‌ കണ്ടറിഞ്ഞവര്‍ തക്കസമയത്ത്‌ പ്രതികരിച്ചാല്‍ പലപ്പോഴും ഗുണഫലമാണുണ്ടാവുക. പരസ്യമായി എഴുതുകയോ പറയുകയോ ചെയ്ത ഒരു വിഷയത്തിന്റെ ദോഷഫലങ്ങള്‍ പരസ്യമായി തന്നെ എടുത്തുപറയല്‍ മുസ്‌ലിം സമൂഹത്തോട്‌ കൂറുപാലിക്കുക എന്ന തത്വത്തില്‍ പെടുന്നു. വഴുതി വിണാലും ഇടറി വീണാലും ആരെങ്കിലും ഉന്തി വീഴ്ത്തിയാലും എഴുന്നേറ്റ്‌ നിവര്‍ന്ന്‌ നില്‍ക്കാന്‍ ശ്രമിക്കണം. അതാണ്‌ ബോധമുള്ള മനസ്സിന്റെ കടമ.

മുഖപ്രസംഗത്തിന്‌ ഒരു ലേഖനത്തേക്കാള്‍ വലിയ പ്രാധാന്യമുണ്ടല്ലോ. പാര്‍ട്ടിയുടെ ആദര്‍ശമാണതെന്നാണ്‌ അതിന്റെ അര്‍ത്ഥം. സുബ്ഹാനല്ലാഹ്‌! പാര്‍ട്ടി ഇങ്ങനെയായിപ്പോയോ എന്ന്‌ ഞാന്‍ വ്യസനിച്ചു. ഇതിങ്ങനെ വളര്‍ന്നാല്‍ നദ്‌വത്തുൽ മുജാഹിദീന്‍ പിരിച്ചുവിടേണ്ട ആവശ്യം വരില്ല, അത്‌ പൊതുവെ സമൂഹത്തില്‍ ലയിച്ചുപോകും. കെ.എന്‍.എം. സ്ഥാപിച്ചവരും അതിനെ ശ്രമപ്പെട്ട്‌ വളര്‍ത്തിയവരും പരലോക പ്രാപ്തരായി. ഒരു സങ്കല്‍പഭാവനയോടെ പറയട്ടെ, ആ മഹാന്മാര്‍ ഒന്നിവിടെ മടങ്ങിവന്നിട്ട ഞങ്ങളുണ്ടാക്കിയ കെ.എന്‍.എം. എവിടെയെന്ന്‌ ചോദിച്ചാല്‍, ഓഹോ! അതിന്റെ കാലം കഴിഞ്ഞു പോയല്ലോ എന്ന്‌ മറുപടി ലഭിക്കും. സ്ഥാനമോഹങ്ങളും ധനമോഹങ്ങളും വിശന്ന രണ്ടു ചെന്നായ്ക്കളെ പ്പോലെയാണെന്നും ആട്ടിന്‍കൂട്ടത്തിലേക്ക്‌ അഴിച്ചുവിട്ടാല്‍ ആ ചെന്നായ്ക്കള്‍ ആടുകളെ നശിപ്പിക്കുന്നതിനേക്കാള്‍ വേഗതയില്‍ ഈ രണ്ടു മോഹങ്ങളും മനുഷ്യന്റെ ദീനിനെ നശിപ്പിച്ചു കളയുമെന്നുമുള്ള നബിവചനം എത്ര സത്യം!

കൂട്ടികള്‍ക്ക്‌ സംഭവിക്കുന്ന ചിന്താപരമായ പാളിച്ചകളെ വളരാന്‍ അനുവദിക്കാതെ മുതിര്‍ന്നവര്‍ തടയണം. വസ്തുനിഷ്ഠമായി തടയണം. ദോഷഫലം അവരെ ചരിത്ര പാഠങ്ങളിലുടെയും ആനുകാലിക സംഭവങ്ങളിലൂടെയും ബോധ്യപ്പെടുത്തണം. അവരെ തിരുത്തി നേരായ പാതയിലൂടെ ചലിപ്പിക്കണം. നദ്‌വത്തുൽ മുജാഹിദീന്റെ നേതൃത്വവും പണ്ഡിതന്മാരുടെ സംഘവും കൂട്ടായി ഇതിന്‌ ശ്രമിക്കട്ടെ. ഉദ്ദേശ്യശുദ്ധിക്ക്‌ സദ്ഫലം നല്‍കുന്നവനാണ്‌ അല്ലാഹു. ഈ വയസ്സനായ എനിക്ക്‌ അവശമായ അവസ്ഥയില്‍ ഇനി കൂടുതലൊന്നും കഴിയില്ല. അല്ലാഹുവേ! എന്റെ ആദര്‍ശ കുടുംബത്തിലെ മക്കള്‍ക്ക്‌ സദ്ബുദ്ധി പ്രദാനം ചെയ്യേണമേ! അവരുടെ കരങ്ങള്‍ ശക്തിപ്പെടുത്തുകയും ആ ശക്തിയിലൂടെ തൌഹീദ്‌ പ്രസ്ഥാനം വളരാന്‍ നീ ഉതവി നല്‍കുകയും ചെയ്യേണമേ.

 

 

www.kanzululoom.com

 

‘ഓര്‍മകളുടെ തീരത്ത്‌’ pdf ഡൗൺലോഡ് ചെയ്യാൻ ഇവിടെ click ചെയ്യുക

ഓർമകളുടെ തീരത്ത്

 

Leave a Reply

Your email address will not be published. Required fields are marked *