ദഅ്‌വത്ത് : ഇബ്‌റാഹീം നബിയിലെ മാതൃക

ഇസ്‌ലാമിക പ്രബോധനം മുസ്‌ലിംകളുടെ ബാധ്യതയാണ്. പ്രബോധനം എങ്ങനെയായിരിക്കണമെന്നെല്ലാം ഇസ്ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മഹാനായ പ്രവാചകൻ ഇബ്രാഹിം (അ) യിൽ ഇക്കാര്യത്തിൽ മഹനീയമായ മാതൃകയുണ്ട്. അത്തരം മാതൃകകൾ സത്യവിശ്വാസികൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

സൂര്യചന്ദ്രനക്ഷത്രാദികളെയും കല്ലുകൊണ്ടും മരംകൊണ്ടും കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങളെയും വണങ്ങിയും അവയോട് പ്രാര്‍ഥിച്ചുംകൊണ്ടിരിക്കുന്ന ബഹുദൈവ വിശ്വാസികള്‍ക്കിടയിലാണ് അദ്ദേഹത്തിശന്റ ജനനം. വിഗ്രഹങ്ങളെ കൊത്തിയുണ്ടാക്കി വില്‍പന നടത്തുന്ന പിതാവ്! നാട്ടുകാരും വീട്ടുകാരും സമുഹവും ഭരണാധികാരികളുമെല്ലാം ബഹുദൈവാരാധകര്‍.

ഒന്നാമതായി,  ദഅ്‌വത്ത് സ്വന്തം കുടുംബത്തില്‍ നിന്ന്, ഏറ്റവും അടുത്തവരില്‍ നിന്ന് തുടങ്ങണം ഇബ്‌റാഹീം(അ)ന്റെ ചരിത്രം ഇതു നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. മുഹമ്മദ് നബി ﷺ യോട് അല്ലാഹു കല്‍പിച്ചതും ഇപ്രകാരം തന്നെയാണ്.

وَأَنذِرْ عَشِيرَتَكَ ٱلْأَقْرَبِينَ

നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക. (ഖുര്‍ആന്‍:26/214)

ഇബ്‌റാഹീം(അ) പിതാവിനെ സത്യമാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നത് അല്ലാഹു ഇപ്രകാരം വിവരിക്കുന്നു:

وَٱذْكُرْ فِى ٱلْكِتَٰبِ إِبْرَٰهِيمَ ۚ إِنَّهُۥ كَانَ صِدِّيقًا نَّبِيًّا ‎﴿٤١﴾‏ إِذْ قَالَ لِأَبِيهِ يَٰٓأَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِى عَنكَ شَيْـًٔا ‎﴿٤٢﴾‏ يَٰٓأَبَتِ إِنِّى قَدْ جَآءَنِى مِنَ ٱلْعِلْمِ مَا لَمْ يَأْتِكَ فَٱتَّبِعْنِىٓ أَهْدِكَ صِرَٰطًا سَوِيًّا ‎﴿٤٣﴾‏ يَٰٓأَبَتِ لَا تَعْبُدِ ٱلشَّيْطَٰنَ ۖ إِنَّ ٱلشَّيْطَٰنَ كَانَ لِلرَّحْمَٰنِ عَصِيًّا ‎﴿٤٤﴾‏ يَٰٓأَبَتِ إِنِّىٓ أَخَافُ أَن يَمَسَّكَ عَذَابٌ مِّنَ ٱلرَّحْمَٰنِ فَتَكُونَ لِلشَّيْطَٰنِ وَلِيًّا ‎﴿٤٥﴾

വേദഗ്രന്ഥത്തില്‍ ഇബ്‌റാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ പിതാവേ, കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു? എന്റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ; ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം. എന്റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവനാകുന്നു. എന്റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്റെ മിത്രമായിരിക്കുന്നതാണ്.  (ഖുര്‍ആന്‍:19/41-45)

ഗുണകാംക്ഷയും സൗമ്യതയും ഒത്തിണങ്ങിയ ശൈലിയില്‍ ‘എന്റെ പിതാവേ’ എന്ന് ആവര്‍ത്തിച്ച് വിളിച്ചുകൊണ്ട് ഇബ്‌റാഹീം (അ) പിതാവായ ആസറിനെ സത്യത്തിലേക്ക് ക്ഷണിക്കുന്നത്. ‘ഒന്നും കേള്‍ക്കാത്ത, ഒന്നും കാണാത്ത, യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യാത്തതിനെ എന്തിനാണ് നിങ്ങള്‍ ആരാധിക്കുന്നത്? നമ്മുടെ ആവശ്യങ്ങള്‍ പറയുമ്പോള്‍ കേള്‍ക്കാനും നാം ചെയ്യുന്ന ആരാധനകള്‍ കാണാനും സാധിക്കുന്നവനെയാണല്ലോ ആരാധിക്കേണ്ടത്. നിങ്ങള്‍ ആരാധിക്കുന്ന ഈ ബിംബങ്ങള്‍ക്ക് അതിനൊന്നും സാധ്യമല്ലല്ലോ. പിന്നെ എന്തിന് അവയെ ആരാധിക്കണം? ഞാന്‍ നിങ്ങള്‍ക്ക് ശരിയായ അറിവ് നല്‍കാം. ആ അറിവ് എനിക്ക് ലഭിച്ചത് എല്ലാം കേള്‍ക്കുന്ന, എല്ലാം അറിയുന്ന, എല്ലാം കാണുന്ന, നമുക്ക് ഉപകാരം ചെയ്യുന്നവനായ യഥാർത്ഥ ആരാധ്യനിൽ നിന്നാണ്. ആ അറിവിനെ പിന്തുടര്‍ന്നാല്‍ അങ്ങേക്ക് നേര്‍വഴിയിലാകാം. ഈ അചേതന വസ്തുക്കളെ ആരാധിക്കുവാനായി നിങ്ങള്‍ക്ക് പല ന്യായങ്ങളും തോന്നിപ്പിച്ച് ഈ ദുര്‍മാര്‍ഗത്തില്‍ നിങ്ങളെ ഉറപ്പിച്ച് നിര്‍ത്തുന്നത് പിശാചാണ്. അവനെയാണ് നിങ്ങള്‍ ആരാധിക്കുന്നത്. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കരുത്. അവന്‍ പരമ കാരുണികനായ അല്ലാഹുവിനോട് അനുസരണകേട് കാണിച്ചവനാണ്. ഇനിയും നിങ്ങള്‍ അതില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറില്ലെങ്കില്‍ എന്റെ പിതാവിനോട് എനിക്ക് പറയാനുള്ളത്, ‘നിങ്ങളുടെ ഈ പ്രവര്‍ത്തനത്തിന്റെ അനന്തരഫലം അല്ലാഹുവിങ്കല്‍ നിന്നുള്ള നരകമാണ്. അതിനാല്‍ നിങ്ങള്‍ ഇതില്‍നിന്ന് പിന്‍മാറണം, എന്നെ പിന്തുടരണം’ എന്നൊക്കെയാണ് അദ്ദേഹം പിതാവിനെ ഓർമ്മിപ്പിക്കുന്നത്. കേൾക്കുന്നയാൾക്ക് കാര്യം കൃത്യമായി ബോധ്യപ്പെടുന്ന രീതിയിൽ ബുദ്ധിപരമായാണ് അദ്ദേഹം ദഅ്‌വത്ത് ചെയ്യുന്നത്.

പിതാവിനോട് അദ്ദേഹം പുലര്‍ത്തിപ്പോരുന്ന വിശ്വാസം അബദ്ധജടിലമാണെന്നും നിരര്‍ത്ഥകമാണെന്നും ബോധ്യപ്പെടുത്തുവാന്‍ ഇബ്‌റാഹീം(അ) ആകുന്നത്ര ശ്രമിച്ചു. അല്ലാഹു പറയുന്നു:

وَإِذْ قَالَ إِبْرَٰهِيمُ لِأَبِيهِ ءَازَرَ أَتَتَّخِذُ أَصْنَامًا ءَالِهَةً ۖ إِنِّىٓ أَرَىٰكَ وَقَوْمَكَ فِى ضَلَٰلٍ مُّبِينٍ

ഇബ്‌റാഹീം തന്റെ പിതാവായ ആസറിനോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). ചില ബിംബങ്ങളെയാണോ താങ്കള്‍ ദൈവങ്ങളായി സ്വീകരിക്കുന്നത്? തീര്‍ച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന് ഞാന്‍ കാണുന്നു. (ഖുര്‍ആന്‍:6/74)

وَٱتْلُ عَلَيْهِمْ نَبَأَ إِبْرَٰهِيمَ ‎﴿٦٩﴾‏ إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَا تَعْبُدُونَ ‎﴿٧٠﴾‏ قَالُوا۟ نَعْبُدُ أَصْنَامًا فَنَظَلُّ لَهَا عَٰكِفِينَ ‎﴿٧١﴾‏ قَالَ هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ ‎﴿٧٢﴾‏ أَوْ يَنفَعُونَكُمْ أَوْ يَضُرُّونَ ‎﴿٧٣﴾‏ قَالُوا۟ بَلْ وَجَدْنَآ ءَابَآءَنَا كَذَٰلِكَ يَفْعَلُونَ ‎﴿٧٤﴾‏ قَالَ أَفَرَءَيْتُم مَّا كُنتُمْ تَعْبُدُونَ ‎﴿٧٥﴾‏ أَنتُمْ وَءَابَآؤُكُمُ ٱلْأَقْدَمُونَ ‎﴿٧٦﴾‏ فَإِنَّهُمْ عَدُوٌّ لِّىٓ إِلَّا رَبَّ ٱلْعَٰلَمِينَ ‎﴿٧٧﴾

ഇബ്‌റാഹീമിന്റെ വൃത്താന്തവും അവര്‍ക്ക് നീ വായിച്ചുകേള്‍പിക്കുക. അതായത് നിങ്ങള്‍ എന്തൊന്നിനെയാണ് ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്ന് തന്റെ പിതാവിനോടും തന്റെ ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം. അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പില്‍ ഭജനമിരിക്കുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവരത് കേള്‍ക്കുമോ? അഥവാ, അവര്‍ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുമോ? അവര്‍ പറഞ്ഞു: അല്ല, ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു (എന്ന് മാത്രം). അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നത് എന്തിനെയാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളും നിങ്ങളുടെ പൂര്‍വപിതാക്കളും. എന്നാല്‍ അവര്‍ (ദൈവങ്ങള്‍) എന്റെ ശത്രുക്കളാകുന്നു ലോകരക്ഷിതാവ് ഒഴികെ. (ഖുര്‍ആന്‍:26/69-77)

ഇബ്‌റാഹീം(അ) ചോദിച്ച ഈ ചോദ്യങ്ങള്‍ തന്നെയാണ് ഇന്നും ഏത് ബഹുദൈവാരാധകരോടും ചോദിക്കുവാനുള്ളത്. ബിംബങ്ങള്‍ പ്രാര്‍ഥന കേള്‍ക്കുമോ? അവ ഉപകാരമോ ഉപദ്രവമോ ചെയ്യുമോ? ഈ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പാരമ്പര്യം പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു എന്നതല്ലാതെ തെളിവ് സമര്‍പ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവർ പറഞ്ഞ മറുപടിയാണ് ഇന്നത്തെ ആളുകളും പറയുന്നത്. “ഞങ്ങളുടെ പൂർവ്വികർ അപ്രകാരം ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു, അപ്രകാരമാണ് ഞങ്ങൾ പഠിപ്പിക്കപ്പെട്ടത്”  എന്ന്.

അല്ലാഹുവിനെ പോലെ പരിധിയും പരിമിതിയും ഇല്ലാതെ കാണാനോ കേള്‍ക്കാനോ അറിയാനോ സാധിക്കുന്നവരും സൃഷ്ടികളിലുണ്ട് എന്ന വിശ്വാസമാണ് അല്ലാഹുവേതര സൃഷ്ടികളിലേക്ക് കൈകള്‍ ഉയരാന്‍ കാരണമാകുന്നത്. അല്ലാഹു എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാണെന്ന് വിശ്വസിക്കുന്നതോടൊപ്പം അല്ലാഹുവല്ലാത്ത യാതൊന്നിനും അതിന് കഴിയില്ല എന്നും ഉറച്ച് വിശ്വസിക്കുമ്പോഴേ ഒരാളുടെ തൗഹീദ് ശരിയാകുന്നുള്ളൂ എന്ന് നാം സാന്ദർഭികമായി മനസ്സിലാക്കേണ്ടതുണ്ട്.

അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന് തെളിവ് സഹിതം ഇബ്‌റാഹീം(അ) പല സന്ദര്‍ഭങ്ങളിലായി പഠിപ്പിക്കാന്‍ ശ്രമിച്ചു. മറ്റൊരു രംഗം കാണുക:

إِنَّمَا تَعْبُدُونَ مِن دُونِ ٱللَّهِ أَوْثَٰنًا وَتَخْلُقُونَ إِفْكًا ۚ إِنَّ ٱلَّذِينَ تَعْبُدُونَ مِن دُونِ ٱللَّهِ لَا يَمْلِكُونَ لَكُمْ رِزْقًا فَٱبْتَغُوا۟ عِندَ ٱللَّهِ ٱلرِّزْقَ وَٱعْبُدُوهُ وَٱشْكُرُوا۟ لَهُۥٓ ۖ إِلَيْهِ تُرْجَعُونَ

നിങ്ങള്‍ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നത് ആരെയാണോ അവര്‍ നിങ്ങള്‍ക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കല്‍ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്. (ഖുര്‍ആന്‍:29/17)

നിങ്ങള്‍ ആരാധിക്കുന്ന ഈ വസ്തുക്കളെല്ലാം നിങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കിയതല്ലേ? അല്ലാഹുവാണല്ലോ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നത്! നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന ഇവരൊന്നും അത് ചെയ്യുന്നില്ലല്ലോ. എന്നിട്ടും നിങ്ങള്‍ അവനെ വിട്ട് അവരെ ആരാധിക്കുന്നുവോ? ഇത്തരം ചോദ്യങ്ങളിലൂടെ ഇബ്‌റാഹീം നബി(അ) അവരുടെ ബുദ്ധിയെ തൊട്ടുണര്‍ത്തി തൗഹീദിലേക്ക് ക്ഷണിച്ച് നോക്കി.

ഇബ്രാഹിം നബി(അ)യുടെ ഉപദേശം പിതാവ് സ്വീകരിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ  പിതാവ് വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. നാട്ടുകാരോട് തൗഹീദ് പറഞ്ഞ് അവരുടെ കൂടി വെറുപ്പ് സമ്പാദിക്കേണ്ട, അവര്‍ തോന്നിയത് പോലെ ജീവിച്ചുകൊള്ളട്ടെ എന്നൊന്നും ഇബ്‌റാഹീം(അ) ചിന്തിച്ചില്ല. നാട്ടുകാരോടും ഉപദേശിച്ചു, ബഹുദൈവാരാധനയില്‍ നിന്ന് പിന്മാറാന്‍. ബഹുദൈവാരാധനയുടെ നിരര്‍ത്ഥകത അദ്ദേഹം മനസ്സിലാകുന്ന ശൈലിയില്‍ അവര്‍ക്ക് വ്യക്തമാക്കിക്കൊടുത്തു.

‏ فَلَمَّا جَنَّ عَلَيْهِ ٱلَّيْلُ رَءَا كَوْكَبًا ۖ قَالَ هَٰذَا رَبِّى ۖ فَلَمَّآ أَفَلَ قَالَ لَآ أُحِبُّ ٱلْـَٔافِلِينَ ‎﴿٧٦﴾‏ فَلَمَّا رَءَا ٱلْقَمَرَ بَازِغًا قَالَ هَٰذَا رَبِّى ۖ فَلَمَّآ أَفَلَ قَالَ لَئِن لَّمْ يَهْدِنِى رَبِّى لَأَكُونَنَّ مِنَ ٱلْقَوْمِ ٱلضَّآلِّينَ ‎﴿٧٧﴾‏ فَلَمَّا رَءَا ٱلشَّمْسَ بَازِغَةً قَالَ هَٰذَا رَبِّى هَٰذَآ أَكْبَرُ ۖ فَلَمَّآ أَفَلَتْ قَالَ يَٰقَوْمِ إِنِّى بَرِىٓءٌ مِّمَّا تُشْرِكُونَ ‎﴿٧٨﴾‏ إِنِّى وَجَّهْتُ وَجْهِىَ لِلَّذِى فَطَرَ ٱلسَّمَٰوَٰتِ وَٱلْأَرْضَ حَنِيفًا ۖ وَمَآ أَنَا۠ مِنَ ٱلْمُشْرِكِينَ ‎﴿٧٩﴾

അങ്ങനെ രാത്രി അദ്ദേഹത്തെ (ഇരുട്ട് കൊണ്ട്) മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ, എന്റെ രക്ഷിതാവ്! എന്നിട്ട് അത് അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ച് പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അനന്തരം ചന്ദ്രന്‍ ഉദിച്ചുയരുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്റെ രക്ഷിതാവ്! എന്നിട്ട് അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് നേര്‍വഴി കാണിച്ചുതന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴിപിഴച്ച ജനവിഭാഗത്തില്‍ പെട്ടവനായിത്തീരും. അനന്തരം സൂര്യന്‍ ഉദിച്ചുയരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്റെ രക്ഷിതാവ്! ഇതാണ് ഏറ്റവും വലുത്! അങ്ങനെ അതും അസ്തമിച്ചു പോയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ സമുദായമേ, നിങ്ങള്‍ (ദൈവത്തോട്) പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ ഒഴിവാകുന്നു. തീര്‍ച്ചയായും ഞാന്‍ നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നു കൊണ്ട് എന്റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല.  (ഖുര്‍ആന്‍:6/76-79)

സൂര്യചന്ദ്രനക്ഷത്രാദികളെയും ആരാധിക്കുന്നവരായിരുന്നു ആ ജനത. അതിലെ ബുദ്ധിശൂന്യത അതിവിദഗ്ധമായി അദ്ദേഹം അവരെ ബോധ്യപ്പെടുത്തുകയാണ്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം അസ്തമിക്കുന്നവയും ഉദിക്കുന്നവയുമാണ്. അവയ്ക്ക് കേള്‍ക്കുവാനോ കാണുവാനോ കഴിയില്ല. കഴിയുമെന്ന് സങ്കല്‍പിച്ചാല്‍ തന്നെ എപ്പോള്‍ ഏത് നാട്ടില്‍ ഉദിക്കുന്നുവോ അപ്പോഴേ അവ അവിടെയുള്ളവരെ കാണൂ. അസ്തമിച്ചാലോ കാണുകയുമില്ല. ചില സമയത്ത് കാണാന്‍ കഴിയുകയും ചില സമയത്ത് കാണാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവയെ ആരാധിച്ചിട്ടെന്ത് കാര്യം? എപ്പോഴും കാണുന്ന, എപ്പോഴും കേള്‍ക്കുന്ന, എപ്പോഴും അറിയുന്നവനെ മാത്രമായിരിക്കണം ആരാധിക്കേണ്ടത്. അങ്ങനെയുള്ളവന്‍ ആകാശ ഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും സൃഷ്ടിച്ച് പരിപാലിക്കുന്നവനായ അല്ലാഹുവാണ്. ഈ യാഥാര്‍ഥ്യം അവരെ ഇബ്‌റാഹീം(അ) പഠിപ്പിച്ചു.  ‘ഇതാ എന്റെ റബ്ബ്’ എന്ന് നക്ഷത്രത്തെ കണ്ടപ്പോള്‍ പറഞ്ഞതും ‘ഇതാ എന്റെ റബ്ബ്’ എന്ന് ചന്ദ്രനെ കണ്ട സന്ദര്‍ഭത്തില്‍ പറഞ്ഞതും സൂര്യനെ കണ്ട സന്ദര്‍ഭത്തില്‍ ‘ഇതാ എന്റെ റബ്ബ് എന്ന്’ പറഞ്ഞതും അവ റബ്ബാണെന്ന് വിശ്വസിച്ചു കൊണ്ടല്ല. പിന്നെയോ, അവരുടെ വിശ്വാസ വൈകല്യം അവരെ ബോധ്യപ്പെടുത്തുവാന്‍ പറഞ്ഞതാണ്. ഈ രൂപത്തില്‍ ചിന്തോദ്ദീപകമായി സംവദിക്കുവാനുള്ള കഴിവ് അല്ലാഹു അദ്ദേഹത്തിന് നല്‍കിയിരുന്നു. അല്ലാഹു പറയുന്നത് കാണുക:

وَتِلْكَ حُجَّتُنَآ ءَاتَيْنَٰهَآ إِبْرَٰهِيمَ عَلَىٰ قَوْمِهِۦ ۚ نَرْفَعُ دَرَجَٰتٍ مَّن نَّشَآءُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ

ഇബ്‌റാഹീമിന് തന്റെ ജനതയ്‌ക്കെതിരായി നാം നല്‍കിയ ന്യായപ്രമാണമത്രെ അത്. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം പദവികള്‍ ഉയര്‍ത്തികൊടുക്കുന്നു. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് യുക്തിമാനും സര്‍വജ്ഞനുമത്രെ. (ഖുര്‍ആന്‍: 6/83)

സ്വന്തം കൈകളാല്‍ കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ ഭജനമിരിക്കുകയും അവയെ പൂജിക്കുകയും അവയ്ക്ക് വഴിപാടുകള്‍ അര്‍പ്പിച്ച് ആരാധിക്കുകയും ചെയ്യുന്ന ആ ജനതയോടുള്ള ഇബ്‌റാഹീം നബി(അ)യുടെ ചോദ്യവും അവര്‍ നല്‍കുന്ന മറുപടിയും കാണുക:

وَلَقَدْ ءَاتَيْنَآ إِبْرَٰهِيمَ رُشْدَهُۥ مِن قَبْلُ وَكُنَّا بِهِۦ عَٰلِمِينَ ‎﴿٥١﴾‏ إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَا هَٰذِهِ ٱلتَّمَاثِيلُ ٱلَّتِىٓ أَنتُمْ لَهَا عَٰكِفُونَ ‎﴿٥٢﴾‏ قَالُوا۟ وَجَدْنَآ ءَابَآءَنَا لَهَا عَٰبِدِينَ ‎﴿٥٣﴾‏ قَالَ لَقَدْ كُنتُمْ أَنتُمْ وَءَابَآؤُكُمْ فِى ضَلَٰلٍ مُّبِينٍ ‎﴿٥٤﴾‏ قَالُوٓا۟ أَجِئْتَنَا بِٱلْحَقِّ أَمْ أَنتَ مِنَ ٱللَّٰعِبِينَ ‎﴿٥٥﴾‏

മുമ്പ് ഇബ്‌റാഹീമിന് തന്റെതായ വിവേകം നാം നല്‍കുകയുണ്ടായി. അദ്ദേഹത്തെ പറ്റി നമുക്കറിയാമായിരുന്നു. തന്റെ പിതാവിനോടും തന്റെ ജനങ്ങളോടും അദ്ദേഹം ഇപ്രകാരം ചോദിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നിങ്ങള്‍ പൂജിച്ചുകൊണ്ടേയിരിക്കുന്ന ഈ പ്രതിമകള്‍ എന്താകുന്നു? അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കള്‍ ഇവയെ ആരാധിച്ച് വരുന്നതായിട്ടാണ് ഞങ്ങള്‍ കണ്ടത്. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലായിരിക്കുന്നു. അവര്‍ പറഞ്ഞു: നീ ഞങ്ങളുടെ അടുത്ത് സത്യവും കൊണ്ട് വന്നിരിക്കുകയാണോ അതല്ല, നീ കളി പറയുന്നവരുടെ കൂട്ടത്തിലാണോ? (ഖുര്‍ആന്‍: 21/51-55)

വിഗ്രഹാരാധനയുടെ പൊള്ളത്തരത്തെക്കുറിച്ച് തന്റെ നാട്ടുകാരെ അദ്ദേഹം ചിന്തിപ്പിക്കുന്നു. അല്‍പമൊന്നു ചിന്തിച്ചാല്‍ അവര്‍ക്കുതന്നെ യാഥാര്‍ത്ഥ്യം അറിയാറാകുമെന്ന് അദ്ദേഹം കരുതുന്നു. അങ്ങിനെ, അന്വേഷണരൂപത്തില്‍ അവരോടു ചോദിക്കുന്നു: നിങ്ങള്‍ നിത്യേന ആരാധിച്ചും, പൂജിച്ചും വരുന്ന ഈ ബിംബങ്ങളൊക്കെ എന്താണ്? അഥവാ ഇവയ്ക്കു എന്തൊരു വിശേഷതയാണുള്ളത്? ഇവയെ ആരാധിച്ചിട്ട് നിങ്ങള്‍ക്കെന്തു ഫലം കിട്ടുവാനാണ്….? “ഞങ്ങളുടെ പിതാക്കളായി അവയെ ആരാധിച്ചുവരുന്നു, അതു പാരമ്പര്യമായി ഞങ്ങളും പിന്‍പറ്റിപ്പോരുന്നു” എന്നായിരുന്നു അവരുടെയും മറുപടി.

നിങ്ങളുടെയും നിങ്ങളുടെ പൂര്‍വികരുടെയും നടപടി തെറ്റാണെന്നും നിങ്ങള്‍ വഴികേടിലാണെന്നും ഇബ്‌റാഹീം(അ) തുറന്നു പറയുന്നു. ‘ഇബ്‌റാഹീം, ഞങ്ങളുടെ പൂര്‍വപിതാക്കള്‍ക്കൊന്നും അറിയാത്ത ഒരു സത്യമായിട്ടാണോ നീ വന്നിരിക്കുന്നത്, അതല്ല നീ ഞങ്ങളെ കളിയാക്കുകയാണോ?’ എന്നുള്ള അവരുടെ മറുചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇരുത്തിച്ചിന്തിപ്പിക്കുന്നതായിരുന്നു. അത് കാണുക:

قَالَ بَل رَّبُّكُمْ رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ ٱلَّذِى فَطَرَهُنَّ وَأَنَا۠ عَلَىٰ ذَٰلِكُم مِّنَ ٱلشَّٰهِدِينَ

അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഞാന്‍ അതിന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തിലാകുന്നു. (ഖുര്‍ആന്‍:21/5)

ശേഷം അദ്ദേഹം മറ്റൊരു കാര്യം സ്വയം പറയുന്നു:

‎وَتَٱللَّهِ لَأَكِيدَنَّ أَصْنَٰمَكُم بَعْدَ أَن تُوَلُّوا۟ مُدْبِرِينَ

അല്ലാഹുവെ തന്നെയാണ, തീര്‍ച്ചയായും നിങ്ങള്‍ പിന്നിട്ട് പോയതിന് ശേഷം ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുന്നതാണ്. (ഖുര്‍ആന്‍:21/57)

ഇബ്‌റാഹീം(അ) പ്രയോഗിച്ച തന്ത്രം എന്തായിരുന്നുവെന്ന് ഖുർആൻ തുടർന്ന് പറയുന്നുണ്ട്:

فَجَعَلَهُمْ جُذَٰذًا إِلَّا كَبِيرًا لَّهُمْ لَعَلَّهُمْ إِلَيْهِ يَرْجِعُونَ

അങ്ങനെ അദ്ദേഹം അവരെ (ദൈവങ്ങളെ) തുണ്ടം തുണ്ടമാക്കിക്കളഞ്ഞു. അവരില്‍ ഒരാളെ ഒഴികെ. അവര്‍ക്ക് (വിവരമറിയാനായി) അയാളുടെ അടുത്തേക്ക് തിരിച്ചുചെല്ലാമല്ലോ. (ഖുര്‍ആന്‍:21/58)

വിഗ്രഹങ്ങളില്‍ തന്ത്രം പ്രയോഗിക്കുന്നതിന് മുമ്പായി അദ്ദേഹം പിതാവിനോടും തന്റെ ജനതയോടും പറയുന്നത് കാണുക.

إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَاذَا تَعْبُدُونَ ‎﴿٨٥﴾‏ أَئِفْكًا ءَالِهَةً دُونَ ٱللَّهِ تُرِيدُونَ ‎﴿٨٦﴾‏ فَمَا ظَنُّكُم بِرَبِّ ٱلْعَٰلَمِينَ ‎﴿٨٧﴾‏ فَنَظَرَ نَظْرَةً فِى ٱلنُّجُومِ ‎﴿٨٨﴾‏ فَقَالَ إِنِّى سَقِيمٌ ‎﴿٨٩﴾‏ فَتَوَلَّوْا۟ عَنْهُ مُدْبِرِينَ ‎﴿٩٠﴾‏ فَرَاغَ إِلَىٰٓ ءَالِهَتِهِمْ فَقَالَ أَلَا تَأْكُلُونَ ‎﴿٩١﴾‏ مَا لَكُمْ لَا تَنطِقُونَ ‎﴿٩٢﴾‏ فَرَاغَ عَلَيْهِمْ ضَرْبَۢا بِٱلْيَمِينِ ‎﴿٩٣﴾‏ فَأَقْبَلُوٓا۟ إِلَيْهِ يَزِفُّونَ ‎﴿٩٤﴾‏

തന്റെ പിതാവിനോടും ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്തൊന്നിനെയാണ് നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ? അപ്പോള്‍ ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്? എന്നിട്ട് അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ ഒരു നോട്ടം നോക്കി. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും എനിക്ക് അസുഖമാകുന്നു. അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട് പിന്തിരിഞ്ഞു പോയി. എന്നിട്ട് അദ്ദേഹം അവരുടെ ദൈവങ്ങളുടെ നേര്‍ക്ക് തിരിഞ്ഞിട്ടു പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ? നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ മിണ്ടുന്നില്ലല്ലോ! തുടര്‍ന്ന് അദ്ദേഹം അവയുടെ നേരെ തിരിഞ്ഞു വലതുകൈകൊണ്ട് ഊക്കോടെ അവയെ വെട്ടിക്കളഞ്ഞു. എന്നിട്ട് അവര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് കുതിച്ച് ചെന്നു. (ഖുര്‍ആന്‍:37/86-93).

ലോക പരിപാലകനായ അല്ലാഹുവിനെ വെടിഞ്ഞ് സാങ്കല്‍പിക ദൈവങ്ങളെ സ്വീകരിച്ച് ആരാധിക്കുന്നതിലെ യുക്തിഹീനത മനസ്സിലാക്കിക്കൊടുത്തിട്ടും അവരത് ചെവിക്കൊണ്ടില്ല. അവര്‍ അവരുടെ പാരമ്പര്യ അന്ധവിശ്വാസത്തില്‍ നിലയുറപ്പിച്ചു. അവര്‍ ഒരു ഉത്സവത്തിന് പോകാനുള്ള തയ്യാറെടുപ്പിലാണ്. അദ്ദേഹത്തെയും അവര്‍ അതിന് ക്ഷണിച്ചു. അദ്ദേഹം അതില്‍ നിന്ന് പിന്മാറി. അവരെല്ലാവരും ഉത്സവത്തിന് പോയി. ഈ അവസരത്തിലാണ് അദ്ദേഹം അത് ചെയ്തത്.

അവരുടെ ആരാധ്യ വസ്തുക്കളുടെ നിസ്സഹായത അദ്ദേഹം സ്വയം ഒന്ന് മനസ്സിലാക്കി. മുമ്പിലുള്ള ഭക്ഷണം കഴിക്കുന്നില്ല. അനക്കമില്ല. സംസാരിച്ചു നോക്കി. പ്രതികരണമില്ല. അങ്ങനെ അവരെ ചിന്തിപ്പിക്കുവാനായി ആ തന്ത്രം പുറത്തെടുത്തു. അതായത് ഒന്നൊഴികെ എല്ലാത്തിനെയും തുണ്ടമാക്കിക്കളഞ്ഞു. അവര്‍ക്ക് (വിവരമറിയാനായി) അയാളുടെ അടുത്തേക്ക് തിരിച്ചുചെല്ലാമല്ലോ.

അവര്‍ ഉത്സവം കഴിഞ്ഞു തിരിച്ചെത്തി. തങ്ങളുടെ ആരാധ്യരെല്ലാം നിലംപൊത്തി കിടക്കുന്നതാണ് അവര്‍ കാണുന്നത്. ഇബ്‌റാഹീം(അ) ആണ് ഇത് ചെയ്തതെന്ന് അവിടെയുള്ള ചിലര്‍ പറഞ്ഞു. അദ്ദേഹത്തെ പിടികൂടുവാനായി അവര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ധൃതിപ്പെട്ടു ചെന്നു.

‏ فَأَقْبَلُوٓا۟ إِلَيْهِ يَزِفُّونَ ‎﴿٩٤﴾‏ قَالَ أَتَعْبُدُونَ مَا تَنْحِتُونَ ‎﴿٩٥﴾‏ وَٱللَّهُ خَلَقَكُمْ وَمَا تَعْمَلُونَ ‎﴿٩٦﴾‏

എന്നിട്ട് അവര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് കുതിച്ച് ചെന്നു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്. (ഖുര്‍ആന്‍:37/94-96)

قَالُوٓا۟ ءَأَنتَ فَعَلْتَ هَٰذَا بِـَٔالِهَتِنَا يَٰٓإِبْرَٰهِيمُ ‎﴿٦٢﴾‏ قَالَ بَلْ فَعَلَهُۥ كَبِيرُهُمْ هَٰذَا فَسْـَٔلُوهُمْ إِن كَانُوا۟ يَنطِقُونَ ‎﴿٦٣﴾‏ فَرَجَعُوٓا۟ إِلَىٰٓ أَنفُسِهِمْ فَقَالُوٓا۟ إِنَّكُمْ أَنتُمُ ٱلظَّٰلِمُونَ ‎﴿٦٤﴾‏ ثُمَّ نُكِسُوا۟ عَلَىٰ رُءُوسِهِمْ لَقَدْ عَلِمْتَ مَا هَٰٓؤُلَآءِ يَنطِقُونَ ‎﴿٦٥﴾‏ قَالَ أَفَتَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُكُمْ شَيْـًٔا وَلَا يَضُرُّكُمْ ‎﴿٦٦﴾‏ أُفٍّ لَّكُمْ وَلِمَا تَعْبُدُونَ مِن دُونِ ٱللَّهِ ۖ أَفَلَا تَعْقِلُونَ ‎﴿٦٧﴾‏

അവര്‍ ചോദിച്ചു: ഇബ്‌റാഹീമേ, നീയാണോ ഞങ്ങളുടെ ദൈവങ്ങളെക്കൊണ്ട് ഇതു ചെയ്തത്? അദ്ദേഹം പറഞ്ഞു: എന്നാല്‍ അവരുടെ കൂട്ടത്തിലെ ഈ വലിയവനാണ് അത് ചെയ്തത്. അവര്‍ സംസാരിക്കുമെങ്കില്‍ നിങ്ങള്‍ അവരോട് ചോദിച്ച് നോക്കൂ! അപ്പോള്‍ അവര്‍ സ്വമനസ്സുകളിലേക്ക് തന്നെ മടങ്ങി. എന്നിട്ടവര്‍ (അനേ്യാന്യം) പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ തന്നെയാണ് അക്രമകാരികള്‍. പിന്നെ അവര്‍ തലകുത്തനെ മറിഞ്ഞു. (അവര്‍ പറഞ്ഞു:) ഇവര്‍ സംസാരിക്കുകയില്ലെന്ന് നിനക്കറിയാമല്ലോ. അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ? നിങ്ങളുടെയും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? (ഖുര്‍ആന്‍:21/62-68)

ആരാണ് വിഗ്രഹങ്ങളെ ഇപ്രകാരം ചെയ്തതെന്ന് ചോദ്യം ചെയ്യുവാനാണല്ലോ ഇബ്‌റാഹീം നബി(അ)യെ ജന മധ്യത്തില്‍ ഹാജരാക്കിയത്. എന്നാല്‍ അദ്ദേഹം അവരോട് പറഞ്ഞത്, തകര്‍ന്ന് കിടക്കുന്ന ഈ ആരാധ്യരോടും കോടാലി തോളില്‍ തൂക്കിയിട്ട് നില്‍ക്കുന്ന വലിയ വിഗ്രഹത്തോടും ചോദിക്കൂ എന്നാണ്. അത് അവരില്‍ വലിയ ചിന്തക്ക് കാരണമാക്കി. എന്നാല്‍ വീണ്ടും അവര്‍ അവരുടെ അന്ധവിശ്വാസത്തെ ന്യായീകരിച്ചുകൊണ്ട് അവര്‍ സംസാരിക്കില്ലെന്ന് നിനക്കറിയില്ലേ, പിന്നെ എന്തിനാ നീ ഇങ്ങനെയെല്ലാം ചോദിക്കുന്നത് എന്നായി അവര്‍. ഇബ്‌റാഹീം നബി(അ)യുടെ ചോദ്യത്തിനു മുന്നില്‍ നിസ്സഹായരായ ജനങ്ങള്‍ മറുപടിയില്ലാതെ പതറി. പക്ഷേ, തിരിച്ചടിക്കണമല്ലോ. അത് ഇപ്രകാരം പറഞ്ഞുകൊണ്ടായിരുന്നു:

قَالُوا۟ ٱبْنُوا۟ لَهُۥ بُنْيَٰنًا فَأَلْقُوهُ فِى ٱلْجَحِيمِ

അവര്‍ (അന്യോന്യം) പറഞ്ഞു: നിങ്ങള്‍ അവന്ന് (ഇബ്‌റാഹീമിന്) വേണ്ടി ഒരു ചൂള പണിയുക. എന്നിട്ടവനെ ജ്വലിക്കുന്ന അഗ്‌നിയില്‍ ഇട്ടേക്കുക. (ഖുര്‍ആന്‍:37/97)

പ്രമാണങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കുവാന്‍ കഴിയാതെ വരുമ്പോള്‍ സത്യത്തിന്റെ ശബ്ദം കേള്‍ക്കാതിരിക്കുവാന്‍ പിന്നെയുള്ളതാണ് കയ്യൂക്ക് കാണിക്കല്‍. അത് അദ്ദേഹത്തിനെതിരിലും നടന്നു. ഇത് എല്ലാ കാലത്തും നടന്നതും ഇന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യമാണ്.

അവസാനം അവർ ഇബ്രാഹിം(അ)യെ തീയിലിട്ട് കത്തിച്ച് കരിക്കാൻ വേണ്ടി തീരുമാനിക്കുകയും തീയിലേക്ക് വലിച്ചെറിയുകയും ചെയ്തു. തീയിലേക്ക് എറിയപ്പെട്ട ഇബ്‌റാഹീം നബി(അ)യെ അല്ലാഹു രക്ഷപ്പെടുത്തി. അതോടെ പൂര്‍വാധികം ശക്തിയോടെ പ്രബോധനരംഗത്തിറങ്ങുകയാണ് അദ്ദേഹം ചെയ്തത്, ഭയന്ന്പിന്‍മാറുകയല്ല. ഇബ്‌റാഹീം നബി(അ)യുടെ കാലത്തുള്ള  നാട്ടിലെ രാജാവായ നംറൂദിനോടും യുക്തിഭദ്രമായ രീതിയൽ ദഅ്‌വത്ത് ചെയ്യുന്നത് വിശുദ്ധ ഖുർആൻ എടുത്ത് പറയുന്നുണ്ട്.

لَمْ تَرَ إِلَى ٱلَّذِى حَآجَّ إِبْرَٰهِـۧمَ فِى رَبِّهِۦٓ أَنْ ءَاتَىٰهُ ٱللَّهُ ٱلْمُلْكَ إِذْ قَالَ إِبْرَٰهِـۧمُ رَبِّىَ ٱلَّذِى يُحْىِۦ وَيُمِيتُ قَالَ أَنَا۠ أُحْىِۦ وَأُمِيتُ ۖ قَالَ إِبْرَٰهِـۧمُ فَإِنَّ ٱللَّهَ يَأْتِى بِٱلشَّمْسِ مِنَ ٱلْمَشْرِقِ فَأْتِ بِهَا مِنَ ٱلْمَغْرِبِ فَبُهِتَ ٱلَّذِى كَفَرَ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ ‎

ഇബ്രാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ ? അല്ലാഹു അവന്ന് ആധിപത്യം നല്‍കിയതിനാലാണ് (അവനതിന് മുതിര്‍ന്നത്‌.) എന്റെ നാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന് ഇബ്രാഹീം പറഞ്ഞപ്പോള്‍ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവന്‍ പറഞ്ഞത്‌. ഇബ്രാഹീം പറഞ്ഞു: എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കു നിന്ന് കൊണ്ടു വരുന്നു. നീയതിനെ പടിഞ്ഞാറ് നിന്ന് കൊണ്ടു വരിക. അപ്പോള്‍ ആ സത്യനിഷേധിക്ക് ഉത്തരം മുട്ടിപ്പോയി. അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. (ഖുര്‍ആന്‍:2/258)

ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ് അല്ലാഹു എന്ന് പരിചയപ്പെടുത്തിയപ്പോൾ, അതു രണ്ടും ഞാന്‍ ചെയ്യുന്നുവെന്നായിരുന്നു എന്നായിരുന്നു രാജാവിന്റെ മറുപടി.. അതായത്: ഞാന്‍ പലരെയും കൊലപ്പെടുത്തുകയും, കൊല്ലേണ്ടുന്ന പലരെയും കൊലപ്പെടുത്താതെ വിട്ടയക്കുകയും ചെയ്യുന്നുവല്ലോ എന്നര്‍ത്ഥം. രണ്ടുപേരെ വിളിച്ച് ഒരുവനെ കൊല്ലുകയും, മറ്റേവനെ വിട്ടയക്കുകയും ചെയ്തു കാണിച്ചുവെന്നും പറയപ്പെടുന്നു. ബാലിശമായ ഈ വാദം കണ്ടപ്പോള്‍ ഇബ്രാഹീം(അ) ഒരു മറുകൈ പ്രയോഗിച്ചു: “എന്നാല്‍, എന്റെ റബ്ബ് സൂര്യനെ കിഴക്കുനിന്ന് ഉദിപ്പിക്കുന്നു; താനത് പടിഞ്ഞാറുനിന്നുകൊണ്ടുവരുക” ഇതായിരുന്നു അത്. ഇതില്‍ രാജാവിന്റെ വായടഞ്ഞുപോയി!

അല്ലാഹുവിന്റെ വചനം സാന്ദർഭികമായി ഓർക്കുക:

ٱدْعُ إِلَىٰ سَبِيلِ رَبِّكَ بِٱلْحِكْمَةِ وَٱلْمَوْعِظَةِ ٱلْحَسَنَةِ ۖ وَجَٰدِلْهُم بِٱلَّتِى هِىَ أَحْسَنُ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ ۖ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ

യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്‍റെ മാര്‍ഗം വിട്ട് പിഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ. (ഖുര്‍ആന്‍:16/125)

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *