ദഅ്‌വ പ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോള്‍ ഓരോ പ്രവര്‍ത്തകനും ശ്രദ്ധിക്കേണ്ടതും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതുമായ പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. ഒന്നാമതായി, ഇതിന്റെ പുണ്യവും പ്രതിഫലവും തിരിച്ചറിയുക, അത് നമ്മെ ഇതിൽ സജീവരാക്കും.
وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَآ إِلَى ٱللَّهِ وَعَمِلَ صَٰلِحًا وَقَالَ إِنَّنِى مِنَ ٱلْمُسْلِمِينَ
അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ ഉത്തമമായ വാക്ക് പറയുന്നവന്‍ ആരുണ്ട്? (ഖുർആൻ:41/33)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരാളെ ഒരു സല്‍പ്രവര്‍ത്തിയിലേക്ക് ക്ഷണിച്ചാല്‍, ആ ക്ഷണം സ്വീകരിക്കുന്നവരുടെ പ്രതിഫലത്തിന് തുല്യമായ പ്രതിഫലം ക്ഷണിക്കുന്നവനും ലഭിക്കും. അതുമൂലം അവരില്‍ ഏതെങ്കിലും ഒരാളുടെ പ്രതിഫലത്തിന് യാതൊരു കുറവും സംഭവിക്കില്ല. (അബൂദാവൂദ് :4609)
അല്ലാഹുവില്‍ ഭരമേല്‍പിച്ചു കൊണ്ടായിരിക്കണം വീട്ടില്‍ നിന്നിറങ്ങുന്നത്.
وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
അല്ലാഹുവിന്‍റെ മേലായിരിക്കട്ടെ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കുന്നത്. (ഖു൪ആന്‍ : 64/13)
അവര്‍ക്ക് ബാധിക്കുന്ന മുഴുവന്‍ കാര്യങ്ങളിലും അവര്‍ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ കാര്യങ്ങളിലും അവര്‍ അവന്റെ മേല്‍ അവലംബിക്കട്ടെ. അല്ലാഹുവിനെ കൊണ്ടല്ലാതെ ഒരു കാര്യവും ശരിയാവുകയില്ല. (തഫ്സീറുസ്സഅ്ദി)
وَتَوَكَّلْ عَلَى ٱللَّهِ ۚ وَكَفَىٰ بِٱللَّهِ وَكِيلًا
അല്ലാഹുവെ നീ ഭരമേല്‍പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി. (ഖു൪ആന്‍ : 33/3)
ഒരു വ്യക്തി യഥാവിധി അല്ലാഹുവിൽ ഭരമേൽപിച്ചാൽ എല്ലാ കാര്യവും എളുപ്പമാകും. (തഫ്സീറുസ്സഅ്ദി)
ആത്മാര്‍ഥമായ പ്രാര്‍ഥനയോടെയും ഏറ്റവും നല്ല നിയ്യത്തോടെയും ആയിരിക്കണം പുറപ്പെടല്‍. നല്ല നിയ്യത്തില്ലാത്ത ഒരു കര്‍മവും അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ല.
عَنْ أَبِي أُمَامَةَ الْبَاهِلِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ لاَ يَقْبَلُ مِنَ الْعَمَلِ إِلاَّ مَا كَانَ لَهُ خَالِصًا وَابْتُغِيَ بِهِ وَجْهُهُ
അബൂഉമാമ അൽബാഹിലിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും ഇഖ്ലാസോടെ (നിഷ്കകളങ്കമായി) അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ചെയ്യുന്ന കർമ്മങ്ങളല്ലാതെ അവൻ സ്വീകരിക്കുകയില്ല. (നസാഇ :3140)
عَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: إنَّمَا الْأَعْمَالُ بِالنِّيَّاتِ،
ഉമര്‍ ഇബ്നു ഖതാബ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: തീര്‍ച്ചയായും പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപെടുക ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകുന്നു .…… (ബുഖാരി: 1 – മുസ്ലിം:1907)
ഇതെന്റെ അവസാനത്തെ നമസ്‌കാരമാണെന്ന ചിന്തയോടെ നമസ്‌കരിക്കുമ്പോള്‍ അതില്‍ ഭയഭക്തി വര്‍ധിക്കുമെന്നതില്‍ സംശയമില്ല. അതേപോലെ ദഅ്‌വാ പ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോഴും ഇതെന്റെ അവസാന ദഅ്‌വത്താണെന്നും ഇതിനിടയില്‍ ഞാന്‍ മരണമടഞ്ഞാല്‍ സ്വര്‍ഗാവകാശിയായി ക്കൊണ്ടായിരിക്കും നാളെ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നുമുള്ള ചിന്തയുണ്ടാകണം. അത് ആത്മാര്‍ഥത വര്‍ധിക്കാന്‍ കാരണമാകും.
ആദ്യമായി ഒരു വീട്ടില്‍ ചെല്ലുമ്പോള്‍ ആ വീട്ടിലെ ആളുകള്‍ എത്തരക്കാരായിരിക്കും, എന്ത് പ്രതികരണമായിരിക്കും അവരില്‍ നിന്നുമുണ്ടാവുക എന്നൊന്നും നമുക്ക് മുന്‍കൂട്ടി അറിയില്ലല്ലോ. ഒരു പ്രബോധകന് പ്രബോധിതന്റെ ശ്രദ്ധയും സ്‌നേഹവും സൗഹൃദവും പിടിച്ചുപറ്റാന്‍ കഴിയേണ്ടതുണ്ട്. മറ്റുള്ളവരെ സത്യത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാനും നരകവക്കില്‍നിന്ന് രക്ഷപ്പെടുത്താനുമുള്ള ആത്മാര്‍ഥമായ ആഗ്രഹമായിരിക്കണം നമ്മെ നയിക്കേണ്ടത്.
നിഷ്‌കളങ്കമായ പുഞ്ചിരി വിശ്വാസിയില്‍ പ്രകടമാകേണ്ടതുണ്ട്. ഒരു വ്യക്തിയുടെ ആകര്‍ഷകമായ ഒരു ഘടകമാണത്.
عَنْ أَبِي ذَرٍّ، قَالَ قَالَ لِيَ النَّبِيُّ صلى الله عليه وسلم : لاَ تَحْقِرَنَّ مِنَ الْمَعْرُوفِ شَيْئًا وَلَوْ أَنْ تَلْقَى أَخَاكَ بِوَجْهٍ طَلْقٍ.
അബൂദര്‍റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നന്മകളില്‍ ഒരുകാര്യവും നിസ്സാരമാക്കാതിരിക്കുക; നിന്റെ സഹോദരനെ പ്രസന്നവദനത്തോടെ കാണുന്നതാണെങ്കിലും ശരി. (മുസ്‌ലിം:2626)
ഒരുപുഞ്ചിരി ശത്രുവിനെ പോലും മിത്രമാക്കാന്‍ കഴിയും എന്ന് സത്യപ്രബോധകര്‍ മറക്കാതിരിക്കുക.
പലപ്പോഴും കോളിംഗ് ബെൽ അടിച്ചുകൊണ്ടോ വീടിന്റെ കതകിൽ മുട്ടിക്കൊണ്ടോ ആയിരിക്കുമല്ലോ അന്യവീട്ടിലേക്ക് കടന്നു ചെല്ലുന്നത്. അതിന് ശേഷം വീട്ടുകാർ ഇറങ്ങി വരുമ്പോൾ അവരെ നേർക്കുനേർ കാണുന്നതരത്തിൽ അവരെ പ്രതീക്ഷിച്ചുകൊണ്ട് വാതിലിന് നേരെ നിൽക്കരുത്. വീട്ടിലേക്ക് കടന്നുചെല്ലുന്നയാൾ അൽപ്പം മാറിയാണ് നിൽക്കേണ്ടത്.
عَنْ هُزَيْلٍ، قَالَ جَاءَ رَجُلٌ – قَالَ عُثْمَانُ سَعْدُ بْنُ أَبِي وَقَّاصٍ – فَوَقَفَ عَلَى بَابِ النَّبِيِّ صلى الله عليه وسلم يَسْتَأْذِنُ فَقَامَ عَلَى الْبَابِ – قَالَ عُثْمَانُ مُسْتَقْبِلَ الْبَابِ – فَقَالَ لَهُ النَّبِيُّ صلى الله عليه وسلم “ هَكَذَا عَنْكَ أَوْ هَكَذَا فَإِنَّمَا الاِسْتِئْذَانُ مِنَ النَّظَرِ ” .
ഹുസയ്ൽ رَضِيَ اللَّهُ عَنْهُ പറയുന്നു: ഒരാൾ കടന്നു വന്ന് നബി ﷺ യുടെ (വീട്ടിന്റെ) വാതിൽക്കൽ നിന്നു. സമ്മതം ചോദിച്ചുകൊണ്ട് അയാൾ വാതിലിനു മുഖമായിതന്നെ നിന്നു. നബി ﷺ അയാളോട് പറഞ്ഞു: താങ്കൾ ഇങ്ങിനെ മാറി നില്‍ക്കണം. അല്ലെങ്കില്‍ ഇങ്ങിനെ നില്‍ക്കണം (ഇടമോ വലമോ മാറി നില്‍ക്കണം). സമ്മതം ചോദിക്കുവാന്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളതുതന്നെ, നോട്ടത്തിന്റെ കാരണത്താലകുന്നു. (അബൂദാവൂദ്:5174 – സ്വഹീഹ് അൽബാനി)
ആ വീട്ടുകാര്‍ക്ക് സലാം പറയുകയും പ്രവേശനത്തിന് അനുമതി ചോദിക്കുകയും വേണം. വീട്ടിലേക്ക് കയറൂ എന്ന് ആതിഥേയൻ പറയാതെ വീട്ടിലേക്ക് പ്രവേശിക്കരുത്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا۟ وَتُسَلِّمُوا۟ عَلَىٰٓ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ ﴿٢٧﴾ فَإِن لَّمْ تَجِدُوا۟ فِيهَآ أَحَدًا فَلَا تَدْخُلُوهَا حَتَّىٰ يُؤْذَنَ لَكُمْ ۖ وَإِن قِيلَ لَكُمُ ٱرْجِعُوا۟ فَٱرْجِعُوا۟ ۖ هُوَ أَزْكَىٰ لَكُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌ ﴿٢٨﴾
ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടിയത്രെ (ഇതു പറയുന്നത്) ഇനി നിങ്ങള്‍ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് സമ്മതം കിട്ടുന്നത് വരെ നിങ്ങള്‍ അവിടെ കടക്കരുത്. നിങ്ങള്‍ തിരിച്ചുപോകൂ എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ തിരിച്ചുപോകണം. അതാണ് നിങ്ങള്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു. (ഖുർആൻ:24/27-28)
ഒരു വീട്ടില്‍, അന്യനു കണ്ടുകൂടാത്ത – അല്ലെങ്കില്‍ കാണുന്നത് അപമാനകരമായിത്തീരുന്ന – പല അവസരങ്ങളും ഉണ്ടാകുമല്ലോ. അകത്തുള്ളവര്‍ ശരിക്ക് വസ്ത്രം ധരിച്ചിട്ടില്ലാത്ത അവസരമുണ്ടായേക്കാം: അന്തസ്സിനു നിരക്കാത്ത വല്ല സംസാരത്തിലോ, പ്രവൃത്തിയിലോ ഏര്‍പ്പെട്ടിരിക്കാം: മറ്റുള്ളവര്‍ കാണുന്നത് അപമാനകരമായേക്കുന്ന ഭക്ഷണം കഴിക്കുന്നുണ്ടാവാം: അങ്ങിനെ പലതും. ഇത്തരം സന്ദര്‍ഭങ്ങള്‍ വീട്ടുകാര്‍ക്ക് മാത്രമല്ല, പ്രവേശിക്കുന്നവര്‍ക്ക് തന്നെയും ലജ്ജയോ അനിഷ്ടമോ വരുത്തിത്തീര്‍ക്കും; ആകയാല്‍, മുന്‍കൂട്ടി സമ്മതം ചോദിക്കുകയും, വ്യക്തമായ സമ്മതം ലഭിക്കുകയും ചെയ്തല്ലാതെ അന്യവീട്ടില്‍ പ്രവേശിക്കരുതെന്നാണ് അല്ലാഹു സത്യവിശ്വാസികളോട് കല്‍പിക്കുന്നത്. (അമാനി തഫ്സീ൪ : ഖു൪ആന്‍:24/27-28 ന്റെ വിശദീകരണത്തില്‍ നിന്ന്)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا وَلاَ تُؤْمِنُوا حَتَّى تَحَابُّوا . أَوَلاَ أَدُلُّكُمْ عَلَى شَىْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ أَفْشُوا السَّلاَمَ بَيْنَكُمْ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസികളാവാതെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. അന്യോന്യം സ്നേഹമുള്ളവരാകാതെ നിങ്ങൾ സത്യവിശ്വാസികളാകുന്നതല്ല. ഞാൻ നിങ്ങൾക്ക് ഒരു കാര്യം അറിയിച്ചു തരട്ടയോ? അത് പ്രാവർത്തികമാക്കിയാൽ നിങ്ങൾ പരസ്പരം സ്നേഹമുള്ളവരായിരിക്കും. നിങ്ങൾക്കിടയിൽ നിങ്ങൾ സലാം വ്യാപിപ്പിക്കുക. (മുസ്‌ലിം: 54)
തന്റെ വാക്കും പ്രവൃത്തിയും ഒന്നാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. അതായത് പറയുന്ന കാര്യം സ്വജീവിതത്തില്‍ പകര്‍ത്തുക. ഇത് ഏതൊരു സത്യവിശ്വാസിക്കും ബാധകമായ കാര്യമാണെന്നോര്‍ക്കണം. പണ്ഡിതനും പാമരനും ഈ വിഷയത്തില്‍ തുല്യമാണ്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لِمَ تَقُولُونَ مَا لَا تَفْعَلُونَ ﴿٢﴾ كَبُرَ مَقْتًا عِندَ ٱللَّهِ أَن تَقُولُوا۟ مَا لَا تَفْعَلُونَ ﴿٣﴾
സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു. (ഖു൪ആന്‍:61/2-3)
{يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لا تَفْعَلُونَ} أَيْ: لِمَ تَقُولُونَ الْخَيْرَ وَتَحُثُّونَ عَلَيْهِ، وَرُبَّمَا تَمَدَّحْتُمْ بِهِ وَأَنْتُمْ لَا تَفْعَلُونَهُ، وَتَنْهَوْنَ عَنِ الشَّرِّ وَرُبَّمَا نَزَّهْتُمْ أَنْفُسَكُمْ عَنْهُ، وَأَنْتُمْ مُتَلَوِّثُونَ مُتَّصِفُونَ بِهِ.
{സത്യവിശ്വാസികളെ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു} നിങ്ങള്‍ നന്മ പറയുകയും അതിന് പ്രേരിപ്പിക്കുകയും ചിലപ്പോള്‍ അതിനെ പ്രശംസിക്കുകയും ചെയ്യുന്നതെന്തിനാണ്; നിങ്ങള്‍ അത് പ്രവര്‍ത്തിക്കുന്നില്ലെന്നിരിക്കെ. തിന്മയെ നിങ്ങള്‍ വിലക്കുന്നു. ചിലപ്പോഴെല്ലാം നിങ്ങള്‍ അതില്‍നിന്ന് നിങ്ങളെ വിശുദ്ധപ്പെടുത്തുന്നു. നിങ്ങളാകട്ടെ, അതിന്റെ അഴുക്ക് പുരണ്ടവരും ആ തിന്മയെ സ്വീകരിച്ചവരുമാണെന്നിരിക്കെ! (തഫ്സീറുസ്സഅ്ദി)
أَتَأْمُرُونَ ٱلنَّاسَ بِٱلْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ تَتْلُونَ ٱلْكِتَٰبَ ۚ أَفَلَا تَعْقِلُونَ
(വേദക്കാരേ) നിങ്ങള്‍ ജനങ്ങളോട് നന്‍മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്) മറന്നുകളയുകയുമാണോ ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത് ? (ഖു൪ആന്‍:2/44)
നാം മറ്റൊരാളെ ഒരു കാര്യം ഉപദേശിക്കുവാന്‍ അര്‍ഹതയുള്ളവരാകുന്നത് നമ്മുടെ ജീവിതത്തില്‍ ആദ്യം ആ കാര്യം പ്രാവര്‍ത്തികമാക്കുമ്പോഴാണ്. ഒരാളില്‍ നമ്മുടെ ഉപദേശം ഫലം ചെയ്യണമെങ്കില്‍ നാം അത് സ്വയം പ്രവൃത്തിക്കുന്നവരായിരിക്കണം. കൃത്യമായി പള്ളിയില്‍ ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാത്തവനെങ്ങനെ ജമാഅത്ത് നമസ്‌കാരത്തിന്റെ പ്രാധാന്യം മറ്റൊരാളെ പറഞ്ഞ് പഠിപ്പിക്കാന്‍ പറ്റും? പലിശ വാങ്ങുന്നവന്‍ പലിശയുടെ കുറ്റത്തെപ്പറ്റി പറയാന്‍ എങ്ങനെ അര്‍ഹനാകും? നെരിയാണിക്ക് താഴെ തുണി വലിച്ചിഴച്ചു നടക്കുന്നവന് മറ്റൊരാളുടെ പാന്റ്‌സ് നേരെയാക്കാന്‍ പറയാന്‍ എന്തവകാശം? നമ്മില്‍ ഇസ്‌ലാമിക വിരുദ്ധമായ വല്ല പ്രവര്‍ത്തനവുമുണ്ടെങ്കില്‍ നമുക്ക് മറ്റൊരാളെ ഉപദേശിക്കാനോ, നേര്‍വഴിയിലാക്കാനോ സാധ്യമല്ല എന്ന് ചുരുക്കം.
ഒരു പ്രബോധകന്റെ വേഷം മികച്ചതും മാന്യവും വൃത്തിയുള്ളതുമായിരിക്കണം. വൃത്തിയുള്ള വസ്ത്രം ധരിച്ച, സുഗന്ധം പൂശിയ, തക്വ്‌വയുള്ള യുവാവിനെയാണ് എനിക്ക് ഇഷ്ടമെന്ന് ഉമര്‍ رَضِيَ اللَّهُ عَنْهُ ഒരിക്കല്‍ പറയുകയുണ്ടായി. ഏതൊരു മനുഷ്യനെയും അവന്റെ വേഷത്തിനനുസരിച്ചായിരിക്കും ആരും വിലയിരുത്തുക എന്നത് ശ്രദ്ധേയമാണ്. വൃത്തിയും വെടിപ്പുമുള്ള ആളുകള്‍ക്കേ സമൂഹത്തില്‍ സ്ഥാനമുണ്ടാവുകയുള്ളൂ. ഒരു പ്രബോധകനുണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട ചില ഗുണങ്ങള്‍ ഈ ക്വുര്‍ആന്‍ വചനത്തില്‍ കാണാം:
يَٰٓأَيُّهَا ٱلْمُدَّثِّرُ ﴿١﴾ قُمْ فَأَنذِرْ ﴿٢﴾ وَرَبَّكَ فَكَبِّرْ ﴿٣﴾ وَثِيَابَكَ فَطَهِّرْ ﴿٤﴾
ഹേ, പുതച്ചു മൂടിയവനേ, എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക. നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും, നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും ചെയ്യുക. (ഖു൪ആന്‍:74/1-4)
സംസാരത്തിലും മാന്യത പുലര്‍ത്തേണ്ടതുണ്ട്. ശബ്ദം കുടാതിരിക്കാന്‍ ശ്രദ്ധിക്കണം.
ﻭَﻗُﻞ ﻟِّﻌِﺒَﺎﺩِﻯ ﻳَﻘُﻮﻟُﻮا۟ ٱﻟَّﺘِﻰ ﻫِﻰَ ﺃَﺣْﺴَﻦُ ۚ ……
നീ എന്റെ ദാസന്‍മാരോട് പറയുക, അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്……..(ഖു൪ആന്‍ :17/53)
عَنْ أَبِى هُرَيْرَةَ عَنْ رَسُولِ اللَّهِ -صلى الله عليه وسلم- قَالَ « مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ – البخاري، مسلم
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ. (ബുഖാരി: 6475 – മുസ്‌ലിം: 47)
ലുക്വ്മാന്‍ عليه السلام തന്റെ മകനെ ഉപദേശിക്കവെ പറഞ്ഞ കാര്യം ക്വുര്‍ആനില്‍ ഇങ്ങനെ കാണാം:
ﻭَٱﻗْﺼِﺪْ ﻓِﻰ ﻣَﺸْﻴِﻚَ ﻭَٱﻏْﻀُﺾْ ﻣِﻦ ﺻَﻮْﺗِﻚَ ۚ ﺇِﻥَّ ﺃَﻧﻜَﺮَ ٱﻷَْﺻْﻮَٰﺕِ ﻟَﺼَﻮْﺕُ ٱﻟْﺤَﻤِﻴﺮِ
നിന്റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക. നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമത്രെ. (ഖു൪ആന്‍ :31/19)
വാക്കുകള്‍ അധികമാവാതെയും എന്നാല്‍ കേള്‍വിക്കാര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുന്ന രൂപത്തിലുമായിരിക്കണം സംസാരിക്കേണ്ടത്. വിഷയം മറന്ന് കാട്കയറി സംസാരിച്ച്‌പോകരുത്. വിഷയങ്ങളില്‍ നിന്ന് വ്യതിചലിച്ച് വാക്‌സാമര്‍ഥ്യം പ്രകടിപ്പിച്ച് നിര്‍ത്താതെ സംസാരിക്കുന്നവരെ കുറിച്ച് നബിﷺ പറഞ്ഞത് ശ്രദ്ധിക്കുക: ”വായാടികള്‍ നശിച്ചത് തന്നെ.” ഈ വാക്യം തിരുമേനി മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കുകയുണ്ടായി (മുസ്‌ലിം).
നാം പറയുന്ന കാര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കഴിയുന്നത്ര സൗമ്യമായും വ്യക്തമായും സംസാരിക്കാന്‍ ശ്രമിക്കേണ്ടതാണ്. ഒരാള്‍ സംസാരിച്ച് കൊണ്ടിരിക്കെ ഇടക്ക് കയറി കൂടെയുള്ള ആള്‍ സംസാരിക്കാനിടവരരുത്. നബിﷺ ഒരാള്‍ സംസാരിച്ചുതീരും വരെ ഇടക്ക് കയറി ഒന്നും പറയുമായിരുന്നില്ല. ഇടക്ക് കയറി സംസാരിച്ചാല്‍ പറയുന്ന ആളുടെ ശ്രദ്ധ തെറ്റും. മാത്രമല്ല, ആരോടാണോ സംസാരിക്കുന്നത് അവര്‍ക്ക് നമ്മോടുള്ള മതിപ്പ് കുറയാനും അത് കാരണമാകും.
സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ അകത്തേക്ക് കയറാതെ പുറത്ത് നിന്ന് തന്നെ സംസാരിക്കലാണ് ഉത്തമം; ഒരു സ്ത്രീ മാത്രമാണുള്ളതെങ്കില്‍ പ്രത്യേകിച്ചും.
എല്ലാവരും പണ്ഢിതൻമാര്‍ ആകണമെന്നില്ല. പണ്ഢിതൻമാരേ സംസാരിക്കാവൂ എന്നുമില്ല. എന്നാൽ പറയുന്ന കാര്യങ്ങളിൽ ശരിയായ അറിവുണ്ടാകണം. ഇനി സംസാരിക്കാൻ കഴിയാത്തവരാണെങ്കിൽ ലഘുലേഖയോ മറ്റോ കൊടുത്ത് തിരിച്ചു പോകുക.
‘ഞങ്ങള്‍ക്ക് നിങ്ങളുടെ ലഘുലേഖ വേണ്ട, നിങ്ങളുടെ സംസാരം കേള്‍ക്കുവാന്‍ താല്‍പര്യവുമില്ല’ എന്ന് പറയുന്നവരോട് പുഞ്ചിരിയോടെ ‘എന്നാല്‍ ശരി’ എന്നു പറഞ്ഞ് മടങ്ങിപ്പോരുകയാണ് വേണ്ടത്. അല്ലാതെ നിര്‍ബന്ധപൂര്‍വം സംസാരം കേള്‍പ്പിക്കുകയല്ല. അങ്ങനെ നിര്‍ബന്ധിക്കല്‍ അവരുടെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമായി അവര്‍ മനസ്സിലാക്കും. അങ്ങനെ നിര്‍ബന്ധിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നുമില്ല.
കോളിംഗ് ബെൽ അടിച്ചിട്ടോ കതകിൽ മുട്ടിയിട്ടോ ശേഷമായാലും, മൂന്ന് തവണ അനുവാദം ചോദിച്ചിട്ട് മറുപടി കിട്ടാത്ത സാഹചര്യത്തിൽ കൈവശമുള്ള ലഘുലേഖയോ മറ്റോ അവിടെ വീട്ടുകാര്‍ കാണത്തക്കവിധം അവിടെ വെച്ചിട്ട് തിരിച്ചുപോകണം. അതല്ലാതെ വീട്ടിനുള്ളിലേക്ക് ജനലിൽ കൂടിയോ മറ്റോ ഒളിഞ്ഞു നോക്കരുത്.
عَنِ ابْنِ شِهَابٍ، أَنَّ سَهْلَ بْنَ سَعْدٍ السَّاعِدِيَّ، أَخْبَرَهُ أَنَّ رَجُلاً اطَّلَعَ فِي جُحْرٍ فِي باب رَسُولِ اللَّهِ صلى الله عليه وسلم وَمَعَ رَسُولِ اللَّهِ صلى الله عليه وسلم مِدْرًى يَحُكُّ بِهِ رَأْسَهُ، فَلَمَّا رَآهُ رَسُولُ اللَّهِ صلى الله عليه وسلم قَالَ ” لَوْ أَعْلَمُ أَنْ تَنْتَظِرَنِي لَطَعَنْتُ بِهِ فِي عَيْنَيْكَ ”. قَالَ رَسُولُ اللَّهِ صلى الله عليه وسلم ” إِنَّمَا جُعِلَ الإِذْنُ مِنْ قِبَلِ الْبَصَرِ ”.
സഹ്ൽ ബ്നു സഅ്ദ് അസ്സാഇദിയ്യ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഒരു മനുഷ്യൻ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ വീടിന്റെ വാതിലിന്റെ ഒരു ദ്വാരത്തിലൂടെ എത്തിനോക്കി, ആ സമയത്ത്, അല്ലാഹുവിന്റെ റസൂൽ ﷺ യുടെ കയ്യിൽ ഒരു ഇരുമ്പ് ചീർപ്പ് ഉണ്ടായിരുന്നു, അതുകൊണ്ട് അവിടുന്ന് തലയിൽ ചൊറിയുകയായിരുന്നു. അയാളെ കണ്ടപ്പോൾ നബി ﷺ പറഞ്ഞു:”നീ എന്നെ (വാതിലിലൂടെ) നോക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നെങ്കിൽ, ഇത് (മൂർച്ചയുള്ള ഇരുമ്പ് ചീർപ്പ്) കൊണ്ട് ഞാൻ നിന്റെ കണ്ണ് കുത്തുമായിരുന്നു.” നബി ﷺ കൂട്ടിച്ചേർത്തു: “ആളുകളുടെ അനുവാദമില്ലാതെ വീട്ടിൽ ഉള്ളത് നിയമവിരുദ്ധമായി നോക്കാതിരിക്കാൻ വേണ്ടിയാണ് പ്രവേശനത്തിന് അനുവാദം ചോദിക്കൽ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.” (ബുഖാരി:6901)
വീട്ടിൽ ആരുമില്ലെന്ന് കണ്ടിട്ടും സിറ്റൗട്ടില്‍ കയറിയിരിക്കുകയോ, ടീപോയില്‍ ഇരിക്കുന്ന പേപ്പര്‍ എടുത്ത് വായിക്കുകയോ, ചെടികളില്‍നിന്ന് പൂപറിക്കുകയോ ഒന്നും ചെയ്യാവുന്നതല്ല. ഇവിടെ ആളൊന്നുമില്ലല്ലോ? അവരൊക്കെ എവിടെപ്പോയിക്കിടക്കുന്നു? എന്നൊക്കെയുള്ള കമന്റു് പറയാതിരിക്കുക. മിക്ക വീടുകളിലും CCTV വെച്ചിട്ടുള്ളത് തിരിച്ചറിയുക. ഇതിലൊക്കെ അശ്രദ്ധ കാണിച്ചാൽ അത് നമ്മെ കുറിച്ചുള്ള മതിപ്പ് കുറയ്ക്കാൻ കാരണമാകും. എല്ലാത്തിനും ഉപരി നാം അല്ലാഹുവിൻറെ നിരീക്ഷണത്തിലാണെന്ന് ഓർക്കുക.
ഒരു വീടിന്റെ അടഞ്ഞ് കിടന്നിരുന്ന ഗേറ്റ് തുറന്ന് നാം അകത്ത് പ്രവേശിച്ചാല്‍ തിരിച്ച് പോരുമ്പോള്‍ തുറന്നിട്ട ഗേറ്റ് അടക്കാതെ അതേപടി വിട്ടേച്ച് തിരിച്ചു പോരുന്നത് മര്യാദകേടാണ്. നാല്‍ക്കാലികള്‍ കയറി അവരുടെ ചെടികളും മറ്റും നശിപ്പിക്കാന്‍ അത് ഇടവരുത്തിയേക്കാം.
ഒരു വീട്ടില്‍ നിന്നും തിരിച്ച ഉടനെ ആ വീട്ടുകാരെപ്പറ്റിയും അവിടെ കണ്ടതിനെയും കേട്ടതിനെയും പറ്റിയും യാതൊരു കമന്റും പാസ്സാക്കാന്‍ പാടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഇക്കാര്യങ്ങളെല്ലാം പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ തൃപ്തിനേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കനുകരിച്ച് അവന്‍ പ്രതിഫലം നല്‍കാതിരിക്കില്ല.
www.kanzululoom.com